ഹജ്ജിന്റെ ഓരോ അനുഷ്ഠാനങ്ങളിലും അവ നിര്‍വഹിക്കപ്പെടുന്ന ഓരോ സ്ഥലങ്ങളിലും അല്ലാഹുവോടുള്ള അങ്ങേയറ്റത്തെ വിധേയത്വമാണ് പ്രകടമാകുന്നത്. മറ്റു ആരാധനാ കര്‍മങ്ങള്‍ പോലെ തന്നെ ഹജ്ജും അടിമയുടെ ഉടമയോടുള്ള അടിമത്തത്വത്തിന്റെ ഏറ്റവും താഴ്ന്ന പ്രതിഫലനങ്ങളും പ്രകടിപ്പിക്കുന്ന ഒരു ആരാധന കര്‍മമാണ്. ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ ഓരോന്നും തന്റെ സ്രഷ്ടാവിലേക്കുള്ള അടിമയുടെ മടക്കത്തിന്റെ പ്രതീകാത്മകമായ പ്രതിഫലനങ്ങളാണ്.
വസ്ത്രധാരണം, മനുഷ്യന്‍ അവനവന്റെ ഇഷ്ടത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു മേഖലയാണ്. അവന് ഇഷ്ടപ്പെട്ട നിറം, ഫാഷന്‍ തുടങ്ങിയ ഇസ്‌ലാം അനുവദിക്കുന്ന ശറഇന്റെ നിയമ നിര്‍ദ്ദേശങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഒരു വിശ്വാസിക്ക് അവന്റെ ഇഷ്ടങ്ങളും അഭിരുചികളും താല്‍പര്യങ്ങളും പ്രകടിപ്പിക്കാവുന്ന മേഖലയാണത്. എന്നാല്‍ ഇഹ്‌റാമിലൊഴികെയുള്ള മറ്റവസരങ്ങളില്‍ അവന് നല്‍കപ്പെട്ട ഈ സ്വാതന്ത്ര്യം ഇഹ്‌റാമില്‍ അവന്‍ അല്ലാഹുവിന് വേണ്ടി മാറ്റി വയ്ക്കുകയാണ്. ഇവിടെ അല്ലാഹുവിന്റെ താല്‍പര്യത്തിന് വിധേയമായി, അവന്‍ ഒരൊറ്റമുണ്ട് മാത്രമാണ് ധരിക്കുന്നത്.
വിശുദ്ധ കഅ്ബയെ ത്വവാഫ് ചെയ്യുമ്പോഴും അറഫയില്‍ നില്‍ക്കുമ്പോഴും മിനയില്‍ രാപ്പാര്‍ക്കുമ്പോഴും അവന്‍ അല്ലാഹുവിന്റെ സമ്പൂര്‍ണ അടിമത്തത്തില്‍ തന്നെയാണ്. തന്റെ അനുസരണവും അടിമത്വവും, വിധേയത്വവും ഏകനായ ഒരോയൊരു റബ്ബിന് മാത്രമാണെന്നും അതില്‍ മറ്റൊരാള്‍ക്കും യാതൊരു വിധ പങ്കാളിത്തവുമില്ലെന്നും ഉദ്‌ഘോഷിക്കുകയാണ് ഇതിലെ ഓരോ കര്‍മങ്ങളിലൂടെയും അവന്‍.
‘ജിന്നു വംശത്തേയും മനുഷ്യവംശത്തെയും എനിക്ക് ഇബാദത്ത് ചെയ്യുവാനല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല’ (56:57,58)
തിരുമേനി (സ) പറഞ്ഞു. ‘നിനക്ക് സമ്പൂര്‍ണ്ണമായി വിധേയപ്പെട്ടും വഴിപ്പെട്ടും ഹജ്ജുകൊണ്ട് നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു’.
ഹജ്ജിനു വേണ്ടിയുള്ള ഒരു വിശ്വാസിയുടെ യാത്രയും അതിനുവേണ്ടിയുള്ള അവന്റെ പുറപ്പാടും ഒരുക്കങ്ങളും മറ്റൊരു ജീവിതത്തിലേക്കുള്ള തയ്യാറെടുപ്പും ഒരുക്കവും പോലെയാണ്. ഭൗതിക ജീവിതത്തോടും അതിലെ വിഭവങ്ങളോടും അനുരക്തനാകുന്ന അവന്റെ മനസ്സിനെ അത്തരം പ്രലോഭനങ്ങളില്‍ നിന്നു ഗതിമാറ്റി മറ്റൊരു ജീവിതത്തിന് സജ്ജമാക്കുകയാണ് ഹജ്ജ് കര്‍മ്മം.
തന്നെ ബാധിച്ചേക്കാവുന്ന എല്ലാവിധ ഭയാശങ്കകളും പ്രയാസങ്ങളും തട്ടി മാറ്റി, നിര്‍ഭയത്വത്തിന്റെ ഗേഹത്തിലേക്കാണ് ഒരാള്‍ ഹജ്ജിനായി യാത്രപുറപ്പെടുന്നത്. അവന്റെ മനസ്സിന് സ്ഥൈര്യവും നിര്‍ഭയത്വവും നല്‍കുന്നത് ധനമോ അവന്‍ സഞ്ചരിക്കുന്ന വാഹനമോ മറ്റ് ഭൗതിക വിഭവങ്ങളോ അല്ല. തന്റെ മനസ്സില്‍ രൂഢമൂലമായ അല്ലാഹുവിലുള്ള വിശ്വാസവും ബോധവുമാണ്്. ദുനിയാവിലെ ഒരാളും കൂട്ടില്ലാതെ, ഏകനായി അല്ലാഹുവിനെ അഭിമുഖീകരിക്കേണ്ടിവരുമെന്ന ബോധമാണ് അവനുള്ളത്. തഖ്‌വ എന്ന ഉല്‍കൃഷ്ട പാഥേയമാണ് അവന്റെ ഹൃദയത്തിന് സമാധാനം പ്രദാനം ചെയ്യുന്നത്. ഇബ്രാഹിം പ്രാവാചകനിലൂടെ അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിയാണ് വിശ്വാസി മക്കയില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിച്ചേരുന്നത്. ഖബറില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് മഹ്ശറയില്‍ സന്നിഹിതനായ ഒരുവനെപ്പോലെയാണ് ഹാജി.
മഹ്ശറയില്‍ കത്തിയാളുന്ന സൂര്യന് കീഴില്‍ വിയര്‍പ്പില്‍ മുങ്ങിനില്‍ക്കുംപോലെയാണ് അറഫയിലും ഹാജി നില്‍ക്കുന്നത്. അറഫയില്‍ നിന്നുള്ള അവന്റെ വേര്‍പിരിയല്‍, മഹ്ശറയില്‍ തന്റെ വിധി നിര്‍ണയിക്കപ്പെട്ടതിന് ശേഷം പിരിഞ്ഞുപോകുന്നവനെപ്പോലെയാണ്. മുസ്ദലിഫയിലെയും മിനായിലെയും അവന്റെ താമസം, പാപം ചെയ്തവര്‍ മഹ്ശറയില്‍ മറ്റുള്ളവരുടെ ശഫാഅത്തിന് വേണ്ടി കാത്തിരിക്കുന്നത് പോലെയാണ്.
ജംറയില്‍ കല്ലെറിയുമ്പോള്‍ ഹാജി തന്റെ പിതാവ് ഇബ്രാഹിം നബിയെ അനുസ്മരിക്കുന്നു. പൈശാചികതയോടുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെ അവന്‍ ഓര്‍ക്കുന്നു. ദൈവ കല്പന നടപ്പാക്കാന്‍ ഒട്ടും മടിക്കാതെ ഇസ്മാഈലിനെ ബലിയറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിം നബിയെ മാതൃകയാക്കുകയാണ് ഹാജി. ഇസ്മാഈലിനെ ബലിയറുക്കുന്നതിന് പകരം സ്വര്‍ഗത്തില്‍ നിന്ന് ഇറക്കപ്പെട്ട ഒരാട്ടിന്‍ കുട്ടിയെ ബലിയറുക്കുക വഴി, തികവൊത്ത ഉരുവിനെ ബലിയറുക്കുന്ന പാരമ്പര്യം മുഹമ്മദ് നബി(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പ്രപഞ്ച നാഥനായ അല്ലാഹുവിനെ ആരാധിക്കുവാന്‍ വേണ്ടി ആദ്യമായി നിര്‍മിക്കപ്പെട്ട മന്ദിരം, അതിനെ പ്രദക്ഷിണം ചെയ്യുമ്പോള്‍ അത് നിര്‍മിച്ച ഇബ്രാഹിം നബി(അ)യെയും ഇസ്മാഈലിനെയും ഓര്‍ക്കുകയാണ് ഒരോ ഹാജിയും. അതോടൊപ്പം അവരുടെ മഹത്വം എത്രയോ വലുതാണെന്നും തിരിച്ചറിയുകയും ചെയ്യുന്നു.
ത്വവാഫിന്റെ ഓരോ ചുവടുകളിലും അതില്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളിലും അനുഷ്ഠാനങ്ങളിലും ഒരു വിശ്വാസി പ്രവാചകന്‍ തിരുമേനിയെ അതുപോലെ പിന്‍പറ്റുകയാണ്. അങ്ങനെ ചെയ്യുക വഴി, തന്റെ പ്രിയ പ്രവാചകന്‍ അവലംബിച്ച സഹനത്തിന്റെയും ഇശ്ചാ ശക്തിയുടെയും ഇസ്‌ലാമിന്റെ പ്രബോധന മാര്‍ഗത്തില്‍ പ്രവാചകന്‍ സമര്‍പ്പിച്ച ത്യാഗ പരിശ്രമങ്ങളുടെയും മാതൃക ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ക്കും കഴിയേണമേ എന്ന് മന്ത്രിക്കുകയാണ് ഹാജിയുടെ മനസ്സ്.
സഫാ മര്‍വകളില്‍ സഅ്‌യ് നടത്തുന്ന ഹാജിയുടെ അന്തരംഗങ്ങളില്‍ ഹാജറിനെ ക്കുറിച്ചും മകന്‍ ഇസ്മാഈലിന്റെ തീക്ഷ്ണ ദാഹത്തിന്റെ കാഠിന്യവും ഓര്‍ത്തുകൊണ്ടല്ലാതെ ഓടാന്‍ കഴിയുകയില്ല. സര്‍വ്വ ലോകത്തിന്റെയും നാഥനായ അല്ലാഹുവിനെ ഭരമേല്‍പ്പിച്ചാണ് ഇബ്രാഹിം നബി(അ) തന്റെ പിഞ്ചു കുഞ്ഞിനെയും ഭാര്യയേയും വിജനമായ മരുഭൂമിയില്‍ താമസിപ്പിക്കുന്നത്. അല്ലാഹുവിന്റെ കല്പനകള്‍ അനുസരിക്കുന്നതില്‍ ലോകത്തെ ഏതൊരു പിതാവും മാതൃകയാക്കേണ്ടത് ഇബ്രാഹിം നബി(അ)യെയാണ്. ഏതൊരു മാതാവും ഭാര്യയും മാതൃകയാക്കേണ്ടത് ഹാജറിനെയാണ്. ഏതൊരു മകനും മകളും മാതൃകയാക്കേണ്ടത് ഇസ്മാഈല്‍ നബി(അ)യെയാണ്. സ്രഷ്ടാവിനോടുള്ള അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും ഉദാത്തമായ മാതൃക മാലോകര്‍ക്ക് കാട്ടിക്കൊടുത്ത മാതൃകാ കുടുംബം. അവരെ ഒരുപോലെ സ്മരിച്ചാണ് വിശ്വാസി സഅ്‌യ് നിര്‍വഹിക്കുന്നത്.
ഇസ്മാഈലിന് ദാഹജലം തീര്‍ത്ത സംസം, ലോകത്തിലെ കോടാനുകോടി മനുഷ്യമക്കള്‍ക്ക് അണമുറിയാതെ, ത്യാഗോജ്വലമായ സമര്‍പ്പണത്തിന്റെ ഉജ്ജ്വല നിദര്‍ശനമായി, വിശ്വാസത്തിന്റെ തെളിനീര്‍ കുടിപ്പിച്ചുകൊണ്ടിരിക്കുന്നു.
മുടി മുറിക്കലും മുടി കളയലും ഇഹ്‌റാമില്‍ നിന്നുള്ള വിശ്വാസിയുടെ വിടുതലോടെയാണ്. മുടി മുറിച്ച് ഇഹ്‌റാമില്‍ നിന്ന് വിടുതല്‍ വാങ്ങുന്നതോടെ ഹാജി മുന്‍ പാപങ്ങളില്‍ നിന്നും തെറ്റ് കുറ്റങ്ങളില്‍ നിന്നുകൂടിയാണ് വിടുതല്‍ നേടുന്നത്. ഇനിമേലിലുള്ള ജീവിതത്തില്‍ തന്റെ ദേഹേഛകള്‍ക്കും മ്ലേഛ വികാരങ്ങള്‍ക്കും വ്യക്തിതാല്‍പര്യങ്ങള്‍ക്കും ആര്‍ത്തിക്കും വിരാമമിടുകയാണ് വിശ്വാസി.
Add Comment