Articles

ഹറമിന്റെ പരിധി, പവിത്രത, പ്രാധാന്യം

മക്കയിലെ ‘കഅ്ബ’യെ കേന്ദ്രമാക്കി അതിന്റെ ചുറ്റുമുള്ള സ്ഥലത്തിനാണ് ‘ഹറം’ എന്ന് പറയുന്നത്. അതിന്റെ പരിധികളെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ധാരാളം ചര്‍ച്ച ചെയ്തതായി നമുക്ക് കാണാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അഭിപ്രായം താഴെ പറയുന്നതാണ്. മക്കയില്‍ നിന്ന് – (1) തന്‍ഈം വരെ 6 കി.മി. (വടക്ക്). (2) വാദി നഖ്‌ല വരെ 14 കി.മി. (വടക്ക് കിഴക്ക്). (3) ജഅ്‌റാന വരെ 16 കി.മി. (കിഴക്ക്). (4) അളാത്‌ലബന്‍ വരെ 12 കി.മി. (തെക്ക്). (5) ഷുമൈസി അഥവാ ഹുദൈബിയ വരെ 15 കി.മി. (പടിഞ്ഞാറ്).
അപ്പോള്‍ മിനാ, മുസ്ദലിഫ എന്നിവ ഹറമിന്റെ പരിധിയില്‍ പെടുന്നതാണ്. എന്നാല്‍ ‘ അറഫ’  ഹറമിന്റെ പരിധിക്ക് പുറത്താണ്. (അത്തഹ്ഖീഖ് വല്‍ ഈളാഹ് – ഇബ്‌നുബാസ്)
എന്നാല്‍ ഡോ. വഹ്ബ അസ്സുഹൈലിയുടെ ‘അല്‍ ഫിഖ്ഹുല്‍ ഇസ്്‌ലാമി വ അദില്ലത്തുഹു’ മൂന്നാം വാള്യം പേജ്: 319-ല്‍ ഹറമിന്റെ പരിധി നിര്‍ണ്ണയിച്ചിരിക്കുന്നത് ഇപ്രകാരമാണ്: (1) മദീനയുടെ ഭാഗത്തേക്ക് (മക്കയില്‍നിന്ന് ബനൂനഫാര്‍വരെ)3 മൈല്‍. (2) യമനിന്റെ ഭാഗത്തേക്ക് – അളാത് ലബന്‍ വരെ 7 മൈല്‍. (3) ഇറാക്കിന്റെ ഭാഗത്തേക്ക് മുന്‍ഖതീഅ് വരെ – 7 മൈല്‍. (4) അറഫയുടെ ഭാഗത്തേക്ക് – 7 മൈല്‍. (5) ജഅ്‌റാനയുടെ ഭാഗത്തേക്ക് – 9 മൈല്‍. (6) ജിദ്ദയുടെ ഭാഗത്തേക്ക് – 10 മൈല്‍. (7) ബത്ന്‍ ഉര്‍നയില്‍ നിന്ന് -11 മൈല്‍. അപ്രകാരം തന്നെ മുഹമ്മദ് ഇബ്‌നു അബ്ദുല്ല അസ്സര്‍ഖശിയുടെ ‘ഇഅ്‌ലാമുസ്സാജിദി ബി അഹ്കാമില്‍ മസാജിദി’ എന്ന ഗ്രന്ഥത്തില്‍ 63,64 പേജുകളിലും ഹാഫിസ് അബൂത്വയ്യിബ് തഖീയ്യുദ്ദീന്റെ ‘ ശിഫാഉല്‍ അറാം ബി അഖ്ബാറില്‍ ബലദില്‍ ഹറാം ഒന്നാം വാള്യം (പേജ്: 85-95)ത്തിലും ഹറമിന്റെ പരിധി സംബന്ധമായി വേറെയും അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ഇന്ന് സഊദി ഗവണ്‍മെന്റ് ഹറമിന്റെ പരിധികള്‍ അവസാനിക്കുന്നിടത്തെല്ലാം വളരെ വ്യക്തമായ ബോര്‍ഡുകള്‍ എഴുതിവെക്കുകയും ഏവര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന വിധത്തിലുള്ള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്.
ആദ്യമായി ഈ പരിധികള്‍ അടയാളപ്പെടുത്തിയത് ജിബ്‌രീല്‍(അ) കാണിച്ചുകൊടുത്തതനുസരിച്ച് ഇബ്‌റാഹീം (അ) ആണ്. പക്ഷെ ‘ഹറം’ അന്ന് വളരെ പുരാതന കാലം മുതലേ പവിത്രമാക്കപ്പെട്ടതാണ്. മക്കാ വിജയ സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു: ഈ നാട് ആകാശഭൂമികളെ സൃഷ്ടിച്ച അന്ന് തന്നെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അതിനാല്‍ അത് അന്ത്യനാള്‍ വരെ പവിത്രമായിരിക്കും. (ബുഖാരി,മുസ്്‌ലിം)
ഇബ്‌റാഹീം(അ) പ്രാര്‍ത്ഥിച്ചു: ‘ നാഥാ, ഈ നാടിനെ നീ നിര്‍ഭയസ്ഥാനമാക്കേണമേ’. ‘ഹറം’ തികച്ചും നിര്‍ഭയം തന്നെ ആയിരുന്നു. ഈ നിര്‍ഭയത്വം തുടരുന്നു. അവിടെവെച്ച് ആരുടെയും രക്തമൊഴുക്കുവാന്‍ പാടില്ല. അവിടെ അക്രമം അനുവദിക്കപ്പെടില്ല. ഇത് ജാഹിലിയ്യാ കാലത്തുപോലും തുടര്‍ന്നുപോന്നിരുന്നതായി നമുക്ക് കാണാം. പരസ്പര ശത്രുത പുലര്‍ത്തുകയും, പ്രതികാരാഗ്നിയുമായി വര്‍ഷങ്ങളോളം നടക്കുകയും ചെയ്യുന്നതില്‍ അറബികള്‍ പ്രസിദ്ധരാണ്. എന്നാലും വര്‍ഷങ്ങളോളം തിരഞ്ഞു നടന്ന ശത്രുവിനെ ‘ ഹറമി’ ന്റെ പരിധിയില്‍ വെച്ചാണ് കണ്ടുമുട്ടുന്നതെങ്കില്‍ അവര്‍ ഒന്നും ചെയ്യുമായിരുന്നില്ല. തേള്‍, പാമ്പ് തുടങ്ങിയ ചില ക്ഷിദ്രജീവികളെ കൊല്ലാന്‍ മാത്രമെ അവിടെ അനുവദിക്കപ്പെട്ടിട്ടുള്ളൂ. (മാത്രമല്ല ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നത് ‘ ഇദ്ഖര്‍’ എന്ന പുര മേയാനും മരുന്നിനും മറ്റും ഉപയോഗിക്കുന്ന ഒരു ചെടി ഒഴികെ മറ്റൊന്നും മുറിക്കാന്‍ പാടില്ല. ഹറമില്‍വെച്ച് ഒരു മൃഗത്തേയും വേട്ടയാടാന്‍ പാടില്ല. അവിടെ വീണുകിടക്കുന്ന വസ്തുക്കള്‍ അത് ഏല്പിക്കപ്പെട്ട ആളുകള്‍ക്കല്ലാതെ എടുക്കാനും പാടില്ല. ‘ശിഫാഉല്‍ അറാം ബി അഖ്ബാരില്‍ ബലദില്‍ ഹറാം’ ഒന്നാം വാള്യം പേജ്: 108-109.
അപ്രകാരം തന്നെ ‘ഹറം’ പവിത്രമാക്കിയതിനെ സംബന്ധിച്ച് അതേ പുസ്തകം പേജ്: 85ല്‍ പ്രതിപാദിക്കുന്നു. ഇതിന് രണ്ട് മൂന്ന് കാരണങ്ങള്‍ പറയപ്പെടുന്നു. (1) അല്ലാഹു ആദം (അ) മിനെ ഭൂമിയില്‍ ഇറക്കിയ സന്ദര്‍ഭത്തില്‍ ‘ശൈത്താനി’ ല്‍ നിന്നും ഭയപ്പെടുകയും അല്ലാഹുവിനോട് ശരണം തേടുകയും ചെയ്തു. തുടര്‍ന്ന് അല്ലാഹു മലക്കുകളെ അയക്കുകയും അവര്‍ മക്കയുടെ നാല് ഭാഗവും വലയം ചെയ്യുകയും ചെയ്തു. ഈ വലയം ചെയ്യപ്പെട്ട സ്ഥലമാണ് ‘ഹറം’  ആയത്. (2) ഇബ്‌റാഹീം(അ) കഅ്ബ നിര്‍മ്മിച്ചപ്പോള്‍ ‘ഹജറുല്‍ അസ്‌വദ്’ അവിടെ സ്ഥാപിച്ചു. അതിന്റെ പ്രകാശം വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഭാഗത്തേക്ക് പരന്നു. ഈ പ്രകാശം എത്തിയ സ്ഥലങ്ങളെയാണ് അല്ലാഹു ഹറമാക്കിയത്. (3) അല്ലാഹു ആകാശഭൂമികളോട് പറഞ്ഞു: ‘ നിങ്ങള്‍ അനുസരിക്കുന്നവരായോ നിര്‍ബ്ബന്ധിതരായോ വരിക. അപ്പോള്‍ അവ പറഞ്ഞു: ഞങ്ങള്‍ അനുസരിക്കുന്നവരായി ഇതാ വന്നിരിക്കുന്നു.’ – ഭൂമിയില്‍ നിന്ന് ഇത് പറഞ്ഞത് ‘ഹറ’മുള്ള സ്ഥലമായിരുന്നു. അതിനാല്‍ അല്ലാഹു അതിനെ പവിത്രമാക്കി.
ഈ പറയപ്പെട്ട അഭിപ്രായങ്ങളെല്ലാം എത്രമാത്രം ശരിയാണ് എന്ന് പഠനവിധേയമാക്കേണ്ടതാണ്. ഏതായാലും ദൈവീകഭവനം, ലോക മുസ്്‌ലിംകളൊട്ടാകെ തിരിഞ്ഞു നമസ്‌കരിക്കുന്ന കേന്ദ്രമായ കഅ്ബ നിലനില്ക്കുന്ന ആസ്ഥാനവും അതിന്റെ ചുറ്റുപാടും അനുഗൃഹീതമാണ്, പവിത്രമാണ്.

അബ്ദുസ്സമദ്, കോടൂര്‍ (യുവസരണി, ഹജ്ജ് സപ്ലിമെന്റ്)