ഹജ്ജുമായി ബന്ധപ്പെട്ട സാങ്കേതിക ശബ്ദങ്ങളുടെ അര്‍ഥവും വിശദീകരണവുമാണ് ചുവടെ. ഓരോ പദത്തിന്റെയും സാങ്കേതികാര്‍ഥവും ഭാഷാര്‍ഥവും കൊടുക്കുന്നതിനോടൊപ്പം അവ തമ്മിലുള്ള ബന്ധവും ഹ്രസ്വമായി വിശദീകരിച്ചിട്ടുണ്ട്.
ഹജ്ജ്
അല്ലാഹുവിന്റെ പരിശുദ്ധ ഭവനത്തിലെക്ക് നിര്‍ണ്ണിത മാസങ്ങളില്‍, പ്രത്യേകമായ കര്‍മങ്ങള്‍ സവിശേഷമായ ഉപാധികളോടെ നിര്‍വഹിക്കുന്നതിനുവേണ്ടി തീര്‍ഥാടനം നടത്തുന്നതിന് ഹജ്ജ് എന്നു പറയുന്നു.
ഹജ്ജിന്റെ ക്രിയാരൂപമായ ‘ഹജ്ജ -യഹുജു’വിന് ഉദ്ദേശിച്ച് ചെയ്യുക, സന്ദര്‍ശിക്കുക. തീര്‍ഥയാത്ര ചെയ്യുക എന്നിങ്ങനെ അര്‍ഥമുണ്ട്.
ഉംറ
സന്ദര്‍ശനം എന്നര്‍ഥമുള്ള ‘ഇഅ്തിമാര്‍’ എന്ന പദത്തില്‍നിന്നാണ് ഉംറയുടെ നിഷ്പത്തി. ഇഹ്്റാം, ത്വവാഫ്, സഅ്യ്, മുടിവടിക്കുകയോ വെട്ടുകയോ ചെയ്യുക എന്നിവ ഉള്‍ക്കൊള്ളുന്ന ആരാധനാകര്‍മം നിര്‍വഹിക്കുന്നതിനുവേണ്ടി പരിശുദ്ധ കഅ്്ബ സന്ദര്‍ശിക്കുന്നതിന് ഉംറ എന്നുപറയുന്നു. ഇത് സമയനിര്ണിതമല്ല.
ഇഹ്്റാം
ഹജ്ജിനോ ഉംറക്കോ രണ്ടിനും കൂടിയോ ഉള്ള നിയ്യത്തിനാണ് ഇഹ്്റാം എന്ന് സാങ്കേതികമായി പറയുക. നിഷിദ്ധമാക്കുക, നിരോധിക്കുക, അലംഘനീയമായ വിധിവിലക്കുകള്‍ കണിശമായി പാലിക്കുക എന്നീ അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്ന ‘അഹ്്റമ’യാണ് ക്രിയാരൂപം.
മീഖാത്ത്
ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്്റാമില്‍ പ്രവേശിക്കുവാന്‍ നിര്‍ണയിക്കപ്പെട്ട സ്ഥലം.
തല്‍ബിയത്ത്
ഇഹ്്്റാമില് പ്രവേശിച്ചവര്‍ ചൊല്ലുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ഇന്നല് ഹംദ വന്നിഅ്മത്ത ലക്ക വല്‍ മുല്ക, ലാ ശരീക്കലക്ക്’ – ഈ പ്രാര്‍ഥനാ വാക്യമാണ് തല്‍ബിയത്ത്. വിളികേള്‍ക്കുക, വിളിക്കുത്തരം നല്‍കുക എന്നീ അര്‍ഥങ്ങളുള്ള ലബ്ബാ-യുലബ്ബിയാണ് തല്‍ബിയത്തിന്റെ ക്രിയാരൂപം.
ഇഫ്്റാദ്
മീഖാത്തില്‍ നിന്ന് ഹജ്ജിന് മാത്രമായി ഇഹ്്റാമില്‍ പ്രവേശിക്കുന്നതിന് ഇഫ്്റാദ് എന്നുപറയുന്നു. ഒറ്റയാക്കുക എന്നര്‍ത്ഥമുള്ള ‘അഫ്റദ’ യാണ് ക്രിയാരൂപം. ഹജ്ജിന്റെ കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നതുവരെ മുഫ്്രിദ് (ഈ വിധം ഹജ്ജ് ചെയ്യുന്ന ആള്) ഇഹ്്റാമില്‍ തുടരണം.
തമത്തുഅ്
ഹജ്ജ് മാസങ്ങളില്‍ ആദ്യം ഉംറ ചെയ്യുകയും പിന്നീട് അതേ വര്‍ഷത്തില്‍തന്നെ ഹജ്ജുനിര്വഹിക്കുകയും ചെയ്യുന്നതിന് തമത്തുഅ് എന്നുപറയുന്നു. ഇപ്രകാരം ഹജ്ജ് ചെയ്യുന്ന വ്യക്തിയെ ‘മുതമത്തിഅ്’ എന്നാണ് വിളിക്കുക. ആസ്വദിക്കുക, ഉപയോഗപ്പെടുത്തുക എന്നീ അര്‍ഥമുള്ള തമത്തഅഃയാണ് ക്രിയാരൂപം.
ഒരേ വര്‍ഷത്തിലെ ഹജ്ജുമാസങ്ങളില് നാട്ടിലേക്ക് മടങ്ങാതെതന്നെ ഉംറയുടെയും ഹജ്ജിന്റെയും കര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് അവ ഉപയോഗപ്പെടുത്തുന്നതിനാലാണ് ഇതിന് തമത്തുഅ് എന്ന് പേര് പറയാന്‍ ഒരു കാരണം.
മറ്റൊരു കാരണം ആദ്യ ഉംറ നിര്‍വഹിച്ചശേഷം ഇഹ്്്റാമില്നിന്ന് ഒഴിവായി വീണ്ടും ദുല്‍ഹജ്ജ് എട്ടിന് മക്കയില്‍ നിന്ന് ഹജ്ജ്നുവേണ്ടി ഇഹ്്റാമില്‍ പ്രവേശിക്കുകയും ചെയ്യുന്ന ഇടവേളയില്‍ ഇഹ്റാമില്‍ നിഷിദ്ധമായ കാര്യങ്ങളെല്ലാം അനുവഭിക്കുന്നതുകൊണ്ടാണ്.
ഖിറാന്‍
ഒരേ യാത്രയില്‍ മീഖാത്തില്‍ നിന്നും ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്്റാം ചെയ്യുന്നതിന് ഖിറാന്‍ എന്നുപറയുന്നു.
ഇപ്രകാരം ചെയ്യുന്ന വ്യക്തിയാണ് ഖാരിന്. രണ്ട് കാര്യം ഒരേ സമയത്ത് ചെയ്യുക, ഒന്ന് മറ്റൊന്നിനോട് ബന്ധിപ്പിക്കുക, കൂട്ടിച്ചേര്‍ക്കുക എന്നീ അര്‍ഥങ്ങളുള്ള ‘ഖാറന’യാണ് ക്രിയാരൂപം. അതായത് ഹജ്ജും ഉംറയും ഒരുമിച്ച് നിര്‍വഹിക്കുവാന്‍ നിയ്യത്തുചെയ്ത് രണ്ടിനുംകൂടി ഒരു ത്വവാഫും സഅ്യുംകൊണ്ട് മതിയാക്കി രണ്ടിന്റെയും സദ്്്ഫലം ഒരുമിച്ച് കരസ്ഥമാക്കുന്നതുകൊണ്ടാണ് ഇതിന് ഖിറാന്‍ എന്നു പേര് വന്നത്. ഇബ്്നു ഉമറില്‍ നിന്ന് നിവേദനം. പ്രവാചകന് പറഞ്ഞു: ഹജ്ജിനും ഉംറക്കും കൂടി ആരെങ്കിലും ഇഹ്്റാം ചെയ്യുകയാണെങ്കില്‍ അവന്ന് ഒരു ത്വവാഫും സഅ്യും മതിയാവും (തിര്‍മുദി).
ത്വവാഫ്
പരിശുദ്ധ കഅ്്ബയെ പ്രദക്ഷിണം വെക്കുന്നതിന് ത്വവാഫ് എന്നുപറയുന്നു.
ത്വവാഫുല്‍ ഇഫാദ:
ഹജ്ജിന്റെ ത്വവാഫ് (ത്വവാഫുല്‍ ഹജ്ജ്) എന്നിതിനെ വിളിക്കുന്നു. ഇത് ഹജ്ജിന്റെ ഒരു അടിസ്ഥാനഘടകം (റുക്്ന്) ആണ്. ദുല്‍ ഹജ്ജ് 10-ന് ജംറത്തുല്‍ അഖബയില്‍ കല്ലേറും മുടിയെടുക്കലും കഴിഞ്ഞ് മിനയില്‍നിന്നും പിരിഞ്ഞുപോയി നിര്‍വഹിക്കലാണ് ഉത്തമം. ത്വവാഫുല്‍ ഇഫാദ എന്ന നാമകരണം ഇതുമായി ബന്ധപ്പെട്ടുനില്ക്കുന്നു. അത് പിന്തിക്കുന്നതിനും വിരോധമില്ല.
ത്വവാഫുല്‍ ഖുദൂം:
മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ചാലുടന്‍ അഭിവാദ്യസൂചകമായി ചെയ്യുന്ന പ്രദക്ഷിണം എന്നര്‍ഥം. ത്വവാഫുത്തഹിയ്യത്ത് എന്നും ഇതിന് പേരുണ്ട്.
ത്വവാഫുല്‍ വിദാഅ്
പരിശുദ്ധ ദൈവിക ഭവനത്തോടും മക്കയോടും വിടപറയുന്ന ത്വവാഫ് എന്നര്‍ഥം.
ഇള്്തിബാഅ്
പുരുഷന്മാര് ഇഹ്്റാമിന്റെ വസ്ത്രമായ മേല്മുണ്ടിന്റെ മധ്യഭാഗം വലത്തേ കക്ഷത്തിലും അതിന്റെ രണ്ടറ്റങ്ങളും ഇടത്തേ ചുമലിലും വരത്തക്കവിധം ധരിക്കുക. അപ്പോള്‍ വലത്തേ ചുമല് കൈയുള്‍പ്പെടെ നഗ്്നമായിരിക്കും. ഈവിധം വസ്ത്രം ധരിക്കുന്നതിന് ഇള്തിബാഅ് എന്നുപറയുന്നു. ഇത് ത്വവാഫുല്‍ ഖുദൂമില്‍ മാത്രമേ സുന്നത്തുള്ളൂ.
അര്റമ്ല്:
ചുമലുകള്‍ കുലുക്കി കാലുകള്‍ അടുത്തടുത്തവെച്ച് ധൃതിയില്‍ നടക്കുന്നതിന് അര്റമല് എന്നു പറയുന്നു.
സഅ്യ്
സഫാ-മര്‍വകള്‍ക്കിടയില്‍ ഓടുന്നതിന് സഅ്്യ്യ് എന്നു പറയുന്നു. ഓടുക, നടക്കുക, ഉറ്റുശ്രമിക്കുക എന്നീ അര്‍ഥങ്ങളുള്ള ‘സആ’ യാണ് ക്രിയാരൂപം.
ജംറ
ഹജ്ജിന്റെ ഭാഗമായി മിനായില്‍ കല്ലുകള്‍കൊണ്ട് എറിയുവാന്‍ വേണ്ടി തയാറാക്കിയ ലക്ഷ്യസ്ഥാനം എന്നാണ് ജംറയുടെ വിവക്ഷ. ചെറിയ കല്ലുകള്‍ എന്നാണ് ജംറയുടെ ഭാഷാര്‍ഥം. ജിമാര്‍, ജംറാത്ത് എന്നിവ ബഹുവചനരൂപങ്ങളാണ്.
തഹല്ലുല്‍
ഇഹ്്റാമില്‍നിന്ന് ഒഴിവാകുന്നതിന് തഹല്ലുല്‍ എന്നു പറയുന്നു.
തഹല്ലുല്‍ രണ്ട് വിധമുണ്ട്.
ഒന്നാം തഹല്ലുല്‍: ഹാജിമാര്‍ ദുല്‍ഹജ്ജ് പത്തിന് ജംറത്തുല്‍ അഖബയില്‍ കല്ലെറിയുകയും മുടി കളയുകയോ മുറിക്കുകയോ ചെയ്യുന്നതോടുകൂടി ഒന്നാമത്തെ തഹല്ലുല്‍ സംഭവിക്കുന്നു. ഈ അവസ്ഥയില്‍ ഇഹ്്റാമില്‍ നിഷിദ്ധമായ കാര്യങ്ങളില്‍ സ്ത്രീപുരുഷ സംസര്‍ഗ്ഗം ഒഴികെയുള്ളതെല്ലാം അനുവദനീയമാവുന്നു.
രണ്ടാം തഹല്ലുല്‍: ജംറത്തുല്‍ അഖബയില്‍ കല്ലെറിയുക, മുടി കളയുകയോ മുറിക്കുകയോ ചെയ്യുന്നതിനുപുറമെ ത്വവാഫുല്‍ ഇഫാദകൂടി നിര്‍വഹിക്കുമ്പോള്‍ രണ്ടാമത്തെ തഹല്ലുല്‍ സംഭവിക്കുന്നു. ഇതോടെ ഇഹ്്റാംകൊണ്ട് നിഷിദ്ധമായ സ്ത്രീ-പുരുഷ സംസര്‍ഗ്ഗം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും അനുവദനീയമാകുന്നു.
Add Comment