ഇസ്്‌ലാമിലെ ‘ഇബാദത്തി’ ന്റെ നാലാമത്തെ ഘടകമാണ് ഹജ്ജ്. ‘ ഉദ്ദേശിക്കുക’ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. അറേബ്യാ രാജ്യത്തെ മക്കാ പട്ടണത്തില്‍ പോയി അവിടെ ഹസ്രത്ത് ഇബ്്‌റാഹീമിനാല്‍ നിര്‍മ്മിതമായ കഅ്്ബാ ദേവാലയത്തെ പ്രദക്ഷിണം നടത്തുകയും മക്കാ പരിസരത്തുള്ള വിവിധ പുണ്യ സ്ഥലങ്ങളില്‍ സന്നിഹിതനായി ഏതാനും കര്‍മ്മങ്ങളും അനുഷ്്ഠാനങ്ങളും നിര്‍വ്വഹിക്കുകയാണ്, അതുദ്ദേശിച്ചു പുറപ്പെടുകയാണ് അതുകൊണ്ടുള്ള വിവക്ഷ.
ബലി ഇബ്‌റാഹീമി മില്ലത്തിന്റെ അന്തസ്സത്ത
വിശുദ്ധ ഖുര്‍ആനും തൗറാത്തും വ്യക്തമാക്കുന്നുണ്ട്, ഇബ്്‌റാഹീമി മില്ലത്തിന്റെ മൗലികാടിസ്ഥാനം ബലിയായിരുന്നുവെന്ന്. ഇബ്്‌റാഹീ (അ) മിന്റെ പ്രവാചകീയവും ആത്മീയവുമായ ജീവിതത്തിന്റെ മൗലിക സവിശേഷത അതേ ബലി തന്നെ. ആ ത്യാഗത്തിന്നും പരീക്ഷണത്തിന്നും പൂര്‍ണ്ണമായും സന്നദ്ധമായപ്പോഴാണ് അദ്ദേഹത്തിന്റെയും സന്തതികളുടെയും മേല്‍ സര്‍വ്വവിധ അനുഗ്രഹങ്ങളും ആശിസ്സുകളും വര്‍ഷിക്കപ്പെട്ടത്.
എന്നാല്‍ എന്തായിരുന്നു ആ ബലി.? അത് കേവലം രക്തത്തിന്റെയും മാംസത്തിന്റെയും ബലിയായിരുന്നില്ല. ആത്മാവിന്റെയും ഹൃദയത്തിന്റെയും ബലിയായിരുന്നു. ദൈവേതരമായ സകലതിനോടുമുള്ള സ്‌നേഹത്തെ ദൈവമാര്‍ഗ്ഗത്തില്‍ ബലിയര്‍പ്പിക്കലായിരുന്നു. തനിക്കേറ്റവും പ്രിയങ്കരമായതിനെ ദൈവ സവിധത്തില്‍ സമര്‍പ്പിക്കലായിരുന്നു. ദൈവത്തോടുള്ള അനുസരണത്തിന്റെ, അവനുള്ള അടിമത്തത്തിന്റെ- പൂര്‍ണ്ണമായ അടിമത്തത്തിന്റെ – നിരുപമമായ പ്രകടനമായിരുന്നു അത്. ദൈവാഭീഷ്ടത്തിനു മുമ്പില്‍ തന്റെ മുഴുവികാരങ്ങളും ആഗ്രഹങ്ങളും അഭിലാഷങ്ങളും കയ്യൊഴിക്കുക, ദൈവത്തിന്റെ ആജ്ഞക്കു മുമ്പില്‍ തന്റെ എല്ലാവിധ ഉദ്ദേശ്യങ്ങളും താല്്പര്യങ്ങളും പരിത്യജിക്കുക – ഇതായിരുന്നു ആ ബലി. ആ ആന്തരികഭാവത്തിന്റെ പ്രതീകാത്മക രൂപമാണ് പ്രത്യക്ഷത്തിലുള്ള മൃഗബലി.
ഇസ്്‌ലാം ബലിയര്‍പ്പണം തന്നെ
‘ സ്വന്തത്തെ മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുക, അനുസരണത്തിനും അടിമത്തത്തിന്നും ശിരസ്സ് കുനിക്കുക’ – ഇതാണ് ഇസ്്‌ലാമിന്റെ അര്‍ത്ഥം. ഇതേ തത്ത്വമാണ് ഇബ്്‌റാഹീമി(അ) ന്റെയും ഇസ്്മാഈലി (അ) ന്റെയും ത്യാഗത്തിലും ബലിയര്‍പ്പണത്തിലും പ്രകടമായിക്കാണുന്നതും. ആ പിതാവും പുത്രനും പ്രകടിപ്പിച്ച അനുസരണത്തിന്റെയും ആജ്ഞാനുവര്‍ത്തിത്വത്തിന്റെയും വികാരത്തെ വിശുദ്ധ ഖുര്‍ആന്‍ ‘ ഇസ്്്‌ലാം’ എന്ന പദം കൊണ്ടാണ് വിവരിച്ചിരിക്കുന്നത്. (അവരിരുവരും മുസ്്‌ലിമാവുകയും (കീഴ്‌വഴങ്ങുകയും) പിതാവ് പുത്രനെ നെറ്റിയില്‍ കമഴ്ത്തിക്കിടത്തുകയും ചെയ്തപ്പോള്‍). തന്നത്താന്‍ ദൈവത്തിലര്‍പ്പിക്കുകയും അവന്റെ ആസ്ഥാനത്ത് ശിരസ്സ് കുനിക്കുകയും ചെയ്കയെന്ന അതേ ‘ഇസ്്‌ലാം’ ആണ് ഇബ്്‌റാഹീമി മാര്‍ഗ്ഗത്തിന്റെ അന്തസ്സത്ത. ഇസ്്‌ലാമിന്റെ ആന്തരാര്‍ത്ഥവും അതുതന്നെ.
ഹജ്ജ്- ഇബ്്‌റാഹീമിന്റെ സ്മാരകം
പുത്രനെ ബലികൊടുക്കുന്നുവെന്ന് ഇബ്്‌റാഹീം(അ)മിന്ന് സ്വപ്‌നദര്‍ശനമുണ്ടായി. അതിനെ സ്വാഗതം ചെയ്തുകൊണ്ട് വിദൂരസ്ഥമായ മക്കയിലെ കുന്നിന്‍ പ്രദേശത്ത് വച്ച് ഓമനപുത്രന്റെ കണ്ഠനാളത്തില്‍ കത്തിയമര്‍ത്താന്‍ തുനിഞ്ഞപ്പോള്‍ അദ്ദേഹം ഒരശരീരി കേട്ടു: ‘ ഓ ഇബ്്‌റാഹീം! താങ്കള്‍ സ്വപ്്‌നം സത്യസാക്ഷാല്‍ക്കരിച്ചിരിക്കുന്നു. ഇപ്രകാരമാണ് സുകൃതവാന്മാര്‍ക്ക് നാം പ്രതിഫലം നല്കുക… മഹത്തായ ഒരു ബലി നല്കി അദ്ദേഹത്തെ (ഇസ്്മാഈലിനെ) നാം വീണ്ടെടുത്തു.’
പുത്രനെ ദൈവമന്ദിരത്തിന്റെ പരിചരണത്തിന്നും തൗഹീദിന്റെ പ്രബോധനത്തിനുമായി സമര്‍പ്പിക്കുക; തദ്വാരാ ആ ഭവനം ഭൂമുഖത്ത് ദൈവാരാധനയുടെ കേന്ദ്രമായി വാഴുക – ഇതായിരുന്നു സ്വപ്്‌നത്തിന്റെ സാക്ഷാല്‍ താല്പര്യമെന്ന് ഇബ്്‌റാഹീം(അ)മിന്നു ബോധ്യമായി.
ജനശൂന്യവും ഫലശൂന്യവും ജലശൂന്യവുമായിരുന്നു ആ സ്ഥലം. അതിനാല്‍ ഹസ്രത്ത് ഇബ്്‌റാഹീം (അ) ദൈവത്തോട് ഇപ്രകാരം പ്രാര്‍ഥിച്ചു: ‘ അല്ലാഹുവേ! ഇവിടെ, നിന്റെ പരിശുദ്ധ മന്ദിരത്തിന്റെ പരിസരത്ത്, എന്റെ സന്താനങ്ങളെ ഞാന്‍ പാര്‍പ്പിച്ചിരിക്കുന്നു. അവര്‍ക്ക് ആഹാരമേര്‍പ്പെടുത്തിയാലും! ജനഹൃദയങ്ങളെ അങ്ങോട്ടാകര്‍ഷിച്ചാലും.’ ആ സ്ഥലത്തും ആ ഭവനത്തിലും അതിന്റെ പരിസരത്തിലും ഇബ്്‌റാഹീം(അ)മിന്റെ പല സ്മാരക ചിഹ്നങ്ങളുമുണ്ട്.
അദ്ദേഹം നില്ക്കുകയും നമസ്‌കരിക്കുകയും ചെയ്ത സ്ഥലമുണ്ട്; ബലിയറുത്ത ഇടമുണ്ട്. അതിനാല്‍ ജനലക്ഷങ്ങള്‍ ദൂരദിക്കുകളില്‍നിന്ന് അവിടെച്ചെന്ന് ആ പൗരാണിക ദേവാലയത്തെ പ്രദക്ഷിണം നടത്തുകയും ഇസ്്മാഈലി(അ)നെ അനുസ്മരിച്ചുകൊണ്ട് ബലിയറുത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യുകയും വേണം. അക്കാലത്തവര്‍ ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകങ്ങളായിരിക്കണം. ആര്‍ക്കുനേരെയും ആയുധമേന്തുകയോ ഒരുറുമ്പിനെപ്പോലും ഉപദ്രവിക്കുകയോ അരുത്. സുഖാനുഭൂതികളും അലങ്കാരാര്‍ഭാടങ്ങളും പരിവര്‍ജ്ജിക്കണം.
ചുരുക്കത്തില്‍ കുറച്ചു ദിവസങ്ങള്‍ ഇബ്്‌റാഹീ(അ)മിന്റെ സ്്മാരകങ്ങളുമായി ഇടപഴകി ഇബ്്‌റാഹീമി ജീവിതംനയിച്ച്, ഇബ്്‌റാഹീമീ മാര്‍ഗ്ഗമനുസരിച്ച് ദൈവത്തെ സ്മരിക്കണം. ഇതാണ് ഹജ്ജിന്റെ യാഥാര്‍ത്ഥ്യം.
ഹജ്ജിന്റെ സ്തംഭങ്ങള്‍
ഹജ്ജ് രൂപംകൊള്ളുന്ന ഘടകങ്ങളേവയെന്നും അവ നിശ്ചയിച്ചതിലടങ്ങിയ യുക്തിയും ഫലങ്ങളുമെന്തെന്നും സാമാന്യമായൊന്നു പരിശോധിക്കാം.
ഇഹ്്‌റാം
എല്ലാ കര്‍മ്മങ്ങളും ഉദ്ദേശ്യത്തെ ആസ്പദിച്ചാണിരിക്കുന്നതെങ്കിലും ഉദ്ദേശം കര്‍മ്മത്തിലൂടെയാണ് പ്രകടിപ്പിക്കപ്പെടുക. നമസ്‌കാരത്തില്‍ ‘ തക്്ബീറത്തുല്‍ ഇഹ്്‌റാം’ അതിനുള്ള ഉദ്ദേശ്യത്തിന്റെ പ്രഖ്യാപനമാണ്. ഹജ്ജിന്റെ ‘ഇഹ്്‌റാമും’ അപ്രകാരം തന്നെ. ഇഹ്്‌റാമോടു കൂടി മനുഷ്യന്‍ സാധാരണ ജീവിതം വിട്ട് ഒരു പ്രത്യേകമായ സുഖാനന്ദങ്ങള്‍ക്കും അലങ്കാരാര്‍ഭാടത്തിനും ഉന്മേഷോല്ലാസത്തിനും ഉപാധികളായ സര്‍വ്വവസ്തുക്കളും അവന്നു നിഷിദ്ധമായിത്തീരുന്നു. ഇഹ്്‌റാം കെട്ടിയാല്‍ നായാട്ട് പാടില്ല; കാരണം, ജീവികളെ വധിക്കുന്നത് കേവലം സ്വാര്‍ത്ഥപ്രേരണ കൊണ്ടാണ്. ഭാര്യയുമായി സംസര്‍ഗ്ഗം നിഷിദ്ധമാണ്. എന്തുകൊണ്ടെന്നാല്‍, ശാരീരികവും വൈകാരികവുമായ അനുഭൂതികളില്‍നിന്ന് പരിശുദ്ധമായിരിക്കേണ്ട സന്ദര്‍ഭമാണത്. തയ്പിച്ച വസ്ത്രങ്ങള്‍ ധരിച്ചുകൂടാ – അന്തസ്സിന്റെയും പ്രൗഢിയുടെയും ചിഹ്നമാണത്. അതുകൊണ്ടായിരുന്നു അറബികള്‍ നഗ്നരായി പ്രദക്ഷിണം നടത്തിയിരുന്നത്. ദൈവത്തിന്റെ സവിധത്തില്‍ അതൊരപമര്യാദയും സംസ്‌കാരശൂന്യതയുമായിരുന്നതിനാല്‍ ഇസ്്‌ലാം അതനുവദിച്ചില്ല. ഇഹ്്‌റാമോടുകൂടി, രാജാവും യാചകനുമെല്ലാം താന്താങ്ങളുടെ തുന്നിയ വസ്ത്രങ്ങളഴിച്ചുവച്ച് മാനവന്റെ പ്രാഥമിക ദശയിലെ തുന്നാത്ത വസ്ത്രം ധരിക്കണം. രണ്ടു തുണി മാത്രം – ഒന്ന്, അരക്ക് കീഴ്‌പോട്ടും മറ്റൊന്ന് തലമറയാതെ, ചുമലിലൂടെ വലതുകൈ പുറത്തായിരിക്കത്തക്ക വിധം താഴോട്ടും തൂക്കിയിടണം. ഇബ്്‌റാഹീമി (അ) ന്റെ കാലഘട്ടത്തിലെ വസ്ത്രത്തിന്റെ പ്രതിരൂപമാണിത്. ആ അനുഗൃഹീത കാലഘട്ടത്തിലെ വസ്ത്രത്തിന്റെ പ്രതിഛായ നമ്മുടെ പ്രത്യക്ഷ വേഷവിധാനത്തിലൂടെ പ്രകടമാവുന്നതിനു വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. പ്രപഞ്ച മഹാരാജാവിന്റെ ദര്‍ബാറില്‍ ഹാജറാവുമ്പോഴുള്ള യൂനിഫോറമെന്നോണം അത് കേവലം സാധാരണവും അകൃത്രിമവും നിരാര്‍ഭാടവും അലങ്കാര രഹിതവുമായിരിക്കണമെന്നു നിശ്ചയിച്ചിരിക്കുന്നു.
ത്വവാഫ്, അഥവാ പ്രദക്ഷിണം
ഹ: ഇബ്‌റാഹീ (അ) മിന്റെ കാലഘട്ടത്തില്‍ വഴിപാടും ബലിയും നടത്തിയിരുന്നത് ബലിവേദിക്ക് ചുറ്റു പ്രദക്ഷിണം നടത്തിക്കൊണ്ടായിരുന്നു. കഅ്ബാ പ്രദക്ഷിണവും പ്രദക്ഷിണ വേളയിലെ പ്രാര്‍ത്ഥനയും മുഖേന ആ ആചാരമാണ് നാം അനുഷ്ഠിക്കുന്നത്. ഹജ്ജ് ചെയ്യുന്ന മനുഷ്യന്‍ തന്നെത്താന്‍ ബലി വേദിയിലേക്കുയര്‍ത്തുകയാണ്. അഥവാ ആ മാനസികാവസ്ഥയിലാണയാള്‍. അതിനാല്‍ ബലിവേദിക്ക് ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ട് അല്ലാഹുവിനോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്നു: നാഥാ! ഞങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും നല്ലത് വരുത്തണമേ! നരക ശിക്ഷയില്‍നിന്ന് ഞങ്ങളെ രക്ഷിക്കേണമേ!’ എന്നത് അപ്പോഴുള്ള പ്രാര്‍ത്ഥനയുടെ ഒരു പ്രസക്ത ഭാഗമത്രെ.
ത്വവാഫ് (പ്രദക്ഷിണം) ഒരു രൂപത്തിലുള്ള ഇബ്‌റാഹീമി നമസ്‌കാരമാണ്. ആ പൗരാണിക കാലഘട്ടത്തിന്റെ സ്മാരകമെന്ന നിലയില്‍. അതുകൊണ്ടാണ് നബിതിരുമേനി(സ) ഇപ്രകാരം അരുള്‍ചെയ്തത്: ‘ തവാഫ് നമസ്‌കാരം തന്നെയാണ്. പക്ഷേ, അതില്‍ സംസാരം അനുവദിച്ചിരിക്കുന്നു വെന്ന വ്യത്യാസമുണ്ട്. എന്നാല്‍ നല്ലതല്ലാതെ ഒന്നും സംസാരിച്ചുപോകരുത്.’ ത്വവാഫിനെപ്പറ്റി ഖുര്‍ആന്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.: ‘ ആ പൗരാണിക മന്ദിരത്തെ അവര്‍ പ്രദക്ഷിണം നടത്തുകയും ചെയ്യട്ടെ.’
ഹജറുല്‍ അസ്‌വദ്
‘ കറുത്ത കല്ല് ‘ എന്നാണ് ഹജറുല്‍ അസ്‌വദിന്റെ പദാര്‍ത്ഥം. കറുത്ത വര്‍ണ്ണത്തിലുള്ള ഒരു കല്ലാണിത്. കഅ്ബാ മന്ദിരത്തിന്റെ ചുമരിന്റെ ഒരു മൂലയില്‍ ആളുയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. കഅ്്ബ ദശക്കണക്കിന് പ്രാവശ്യം പൊളിക്കുകയും പുനര്‍നിര്‍മിക്കുകയുമുണ്ടായി. ചിലപ്പോള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടു; മറ്റു ചിലപ്പോള്‍ അഗ്നിബാധക്കിരയായി. അങ്ങനെ ഹ: ഇബ്്‌റാഹീം(അ) പണിത അസ്തിവാരത്തിന്റേതായ ഒരു കല്ലും അവശേഷിച്ചിരുന്നില്ല, ഈയൊരു കല്ലൊഴിച്ച്. ആ പൗരാണിക ഘട്ടത്തിന്റെ സ്മാരകമായി അത് മാത്രമേ അവശേഷിച്ചുള്ളൂ. അറബികള്‍ ജാഹിലീ കാലത്ത് വളരെ ശ്രദ്ധാപൂര്‍വ്വം അത് സംരക്ഷിച്ചുപോന്നു. പതിനാലു നൂറ്റാണ്ടു കാലത്തെ ഇസ്്‌ലാമിക ഘട്ടത്തിലും അത് അതേപടി നിലകൊള്ളുന്നു. (ഹി: 318 ല്‍ ‘ബാത്തിനി’ കള്‍ അല്്പദിവസത്തേക്ക് പുറത്തെടുത്തുകൊണ്ടുപോയെങ്കിലും യഥാസ്ഥാനത്ത് തന്നെ കൊണ്ടുവന്നുവച്ചു.) ഹജറുല്‍ അസ്‌വദ് നിലകൊള്ളുന്ന ചുമരിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നിന്നാല്‍ ബൈത്തുല്‍ മഖ്്ദിസ് നമ്മുടെ മുന്‍ ഭാഗത്തായിരിക്കും – ആ വിധത്തിലാണത് സ്ഥാപിച്ചിരിക്കുന്നത്. അതിനാല്‍ ഹജറുല്‍ അസ്‌വദിന്ന് അഭിമുഖമായി നില്ക്കുന്ന ഭാഗത്തിന്ന് ‘റുക്്‌ന് ശാമീ’ എന്നാണ് പേര്‍. ബൈത്തുല്‍ മഖ്്ദിസിന്റെ ഭാഗത്തേക്കുള്ള സൂചനയായിരിക്കാനാണ് അത് അവിടെ തന്നെ സ്ഥാപിച്ചിരിക്കുന്നത്. കഅ്്ബാ പ്രദക്ഷിണം തുടങ്ങുന്നതിന്നും അവസാനിപ്പിക്കുന്നതിനും ഒരടയാളമുണ്ടായിരിക്കുകയെന്നതാണ് ഈ ശില സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം. ഓരോ പ്രദക്ഷിണമവസാനിക്കുമ്പോഴും അതിനെ മുത്തുകയോ, ഹൃദയഭാഗം കൊണ്ട് സ്്പര്‍ശിക്കുകയോ, കൈകൊണ്ടോ വടികോണ്ടോ മറ്റു വല്ലതും കൊണ്ടോ സ്പര്‍ശിച്ച് അതിനെ മുത്തുകയോ ആവാം. അതൊന്നും സാധ്യമായില്ലെങ്കില്‍ ആ ഭാഗത്തേക്ക് ആംഗ്യം കാണിച്ചാലും മതി. കേവലം ഒരു സാധാരണ കല്ലാണിത്. യാതൊരു ദൃശ്യശക്തിയും ദിവ്യതേജസ്സും അതിലില്ല. ഒരു സ്മാരകശിലമാത്രമാണിത്. വികാരഭരിതനായ ഒരു സന്ദര്‍ശകന്റെ ഹൃദയാന്തരാളത്തില്‍ മഹത്തായ പല സ്്മരണകളും അതുണര്‍ത്തുന്നുവെന്ന് മാത്രം: വിദൂരഭൂതത്തില്‍ ഹ: ഇബ്്‌റാഹീം(അ) മുതല്‍ മുഹമ്മദ് മുസ്്തഫാ(സ) വരെയുള്ള പ്രവാചകവര്യന്മാരുടെ പവിത്രമായ അധരങ്ങളുടേയും അനുഗൃഹീതമായ കരങ്ങളുടേയും സ്പര്‍ശനമേറ്റ ശിലയാണിത്; ഖുലഫാഉര്‍റാശിദുകള്‍, സഹാബാകിറാം, സലഫുസ്സാലിഹുകള്‍ തുടങ്ങിയ മഹാന്മാരുടെ ചുംബനമേറ്റ ശിലയാണിത് – അങ്ങനെ പല ചിന്തകളും നമ്മുടെ മനസ്സിലൂടെ കടന്നു പോവുന്നു. അത് നമ്മുടെ ഹൃദയങ്ങളിലും നയനങ്ങളിലും തീവ്രമായ വികാരത്തിന്റെ അസാധാരണമായ അലകള്‍ സൃഷ്ടിക്കും. പക്ഷേ, മുസ്്‌ലിംകളായ നമുക്ക് ദൃഢബോധ്യമുണ്ട്, അതൊരു കല്ല് മാത്രമാണ്; അതിന്നു യാതൊരു കഴിവുമില്ലെന്ന്. തൗഹീദിന്റെ കാവല്‍ഭടനായിരുന്ന ഉമര്‍ ഫാറൂഖ്(റ) അതിനെ ചുംബിക്കുമ്പോള്‍ പറഞ്ഞവാക്കുകള്‍ ഇസ്്‌ലാമിക വിശ്വാസത്തിന്റെ വെട്ടിത്തുറന്ന പ്രഖ്യാപനമാണ്: ‘ ഹജറുല്‍ അസ്‌വദ്, നീ കേവലം ഒരു സാധാരണ കല്ലാണെന്നെനിക്കറിയാം. ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ നിനക്ക് കഴിയില്ല. മുഹമ്മദ് (സ) നിന്നെ മുത്തുന്നത് കണ്ടതു കൊണ്ട് മാത്രമാണ് ഞാന്‍ നിന്നെ മുത്തുന്നത്.’ ചുരുക്കത്തില്‍ ആ ചുംബനസ്പര്‍ശനങ്ങള്‍ ബഹുമാനാദരത്തിന്റെയല്ല, ഇബ്‌റാഹീം (അ) മിന്റെയും ഇസ്്മാഈലിന്റെയും ആത്മീയ സന്തതികള്‍ക്ക് അവരോടുള്ള സ്‌നേഹത്തിന്റെ പ്രകടനം മാത്രമാണ്. അതിനെ മുത്തിയില്ലെങ്കിലും ഹജ്ജിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല. അത്രയേ അതിന്ന് പ്രാധാന്യമുള്ളൂ.
‘ സ്വഫാ’ , ‘ മര്‍വാ’
‘ കഅ്ബാ’യുടെ പ്രാന്തങ്ങളിലുള്ള രണ്ടു മലകളാണ് ‘സ്വഫാ’യും ‘മര്‍വാ’യും. ഇബ്്‌റാഹീം (അ) യാത്ര ചെയ്തിരുന്ന കഴുതയേയും ഭൃത്യന്മാരെയും ഇറക്കിയതു ‘സ്വഫാ’ യിലായിരുന്നു. അവിടെനിന്നു ഇസ്്മാഈലി(അ)നെ കുട്ടി ആല്്പം അകലെ പോയി, അദ്ദേഹത്തെ അറുക്കാനൊരുമ്പെട്ടപ്പോള്‍ അശരീരി കേട്ട് നിറുത്തി വെക്കുകയും ഒരാടിനെ ബലി കൊടുക്കുകയും ചെയ്തു. ആ സ്ഥലമാണ് മര്‍വാ. ഹ: ഹാജറ ഇസ്്മാഈലിനെ എടുത്തുകൊണ്ടു ഇവിടെ വരികയും ദാഹവിവശയായപ്പോള്‍ വെള്ളമന്വേച്ച് സഫക്കും മര്‍വാക്കുമിടയില്‍ ഓടുകയും അവസാനം ‘സംസം’ നീരുറവ കണ്ടെത്തുകയും ചെയ്തുവെന്നു റിപ്പോര്‍ട്ടുണ്ട്. ഹാജറിന്റെ അസ്വസ്ഥമായ ആ ഓട്ടത്തിന്റെ സ്മാരകമാണ് ഹജ്ജിലുള്ള സഫാ-മര്‍വക്കിടയിലെ ‘ സഅ്‌യ്’. ഏതായാലും ആദ്യം സ്വഫായിലും പിന്നീട് മര്‍വായിലും കയറി കഅ്്ബായുടെ നേരെ തിരിഞ്ഞുനിന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുകയെന്നത് ഹജ്ജ് കര്‍മങ്ങളില്‍ പെട്ടതാണ്. ഹ: ഇബ്്‌റാഹീം(അ) മിന്നും ഹ: ഹാജറിനും ദൈവിക ശക്തിയുടെ അത്ഭുത തേജസ്സ് അനുഭവപ്പെട്ട രണ്ട് സ്ഥലങ്ങളാണിവ. ഖുര്‍ആന്‍ അതെപറ്റി പ്രസ്താവിക്കുന്നത് നോക്കുക: ‘ നിശ്ചയം, സ്വഫായും മര്‍വായും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതത്രെ. ദൈവമന്ദിരത്തെ ഹജ്ജോ ഉംറയോ ചെയ്യുന്നവര്‍ അവ രണ്ടും പ്രദക്ഷിണം ചെയ്യുന്നതില്‍ തെറ്റില്ല.’
അറഫാത്ത്
ദുല്‍ഹജ്ജ് ഒമ്പതിന് ഹാജിമാര്‍ മുഴുവന്‍ അറഫായില്‍ ചെന്നു നില്ക്കുകയും ഉച്ച മുതല്‍ അസ്തമയം വരെ പ്രാര്‍ത്ഥനയിലും കീര്‍ത്തനങ്ങളിലുമായിക്കഴിയുകയും വേണം. ഹജ്ജിന്റെ സര്‍വ്വപ്രധാനമായ ഘടകമാണിത്. അവിടെ കണ്ണെത്താ ദൂരത്തില്‍ നാനാ വര്‍ണ്ണക്കാരും ഭാഷക്കാരും വേഷക്കാരുമായ ജനലക്ഷങ്ങള്‍ ഒരേ യൂനിഫോമില്‍ പരന്ന് നിരന്നു നിന്ന് പാപമോചനത്തിന്നായി തങ്ങളുടെ നാഥനോട് യാചിച്ചു വിലപിക്കുന്നതും അല്ലാഹുവുമായി പുതിയ പ്രതിജ്ഞയിലേര്‍പ്പെടുന്നതുമായ കാഴ്ച ഹൃദയാവര്‍ജ്ജകവും അവിസ്മരണീയവുമത്രെ. അവിടെയുള്ള ‘ജബലുര്‍റഹ്്മത്തി’ ന്റെ സമീപത്ത് നിന്നുകൊണ്ട് മുസ്്‌ലിം ലോകനേതാവ് ഭൂഗോളത്തിന്റെ നാനാ ഭാഗത്തുനിന്നും വന്നെത്തിയ പ്രതിനിധികളോട് പൊതുപ്രഭാഷണം നടത്തുന്നു; അവരുടെ കര്‍ത്തവ്യങ്ങള്‍ അനുസ്മരിപ്പിക്കുന്നു. അറഫാത്തിലെ ഈ നില്‍പ് ഒരു വശത്ത് ഇസ്്‌ലാമിന്റെ ശക്തിയുടെയും പ്രഭാവത്തിന്റെയും ഉജ്ജ്വലമായ പ്രകടനമത്രെ. മറുവശത്ത് പുനരുത്ഥാനനാളിലെ പ്രപഞ്ചമഹാസമ്മേളനത്തിന്റെ അനുസ്്മരണവുമാണത്. ഇതുകൊണ്ടാണ് ഹജ്ജ് സൂറഃ അന്ത്യദനത്തെക്കുറിച്ച പരാമര്‍ശത്തോടെ ആരംഭിച്ചത്.
അറഫാത്തിലെ മഹാ സമ്മേളനവും അവിടത്തെ അഭൂതപൂര്‍വ്വമായ ദൃശ്യങ്ങളും ഹൃദയങ്ങളില്‍ പശ്ചാത്താപത്തേയും ദിവ്യകാരുണ്യത്തേയും സംബന്ധിച്ച പ്രളയസമാനമായ വികാരം ഉളവാക്കുന്നു. ഓരോ വ്യക്തിയും മുന്നിലും പിന്നിലും ഇടതുവശത്തും വലതു വശത്തും കണ്ണെത്താത്ത ദൂരത്തില്‍ ഈ മഹാദൃശ്യം കാണുമ്പോള്‍ വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത ഒരു വികാരവേലിയേറ്റം അവനിലുണ്ടാവുന്നു. ജീവിതത്തിലൊരിക്കലും അത് വിസ്്മരിക്കാന്‍ അവന്ന് സാധ്യമാവുകയില്ല.
മുസ്ദലിഫഃ
നടത്തത്തിന്റെയും ഓട്ടത്തിന്റെയും തിരക്കിന്റെയും പ്രവാഹത്തിന്റെയും നിമിഷങ്ങളാണ് ഹജ്ജ്. അറബികള്‍ സൂര്യാസ്തമയശേഷമായിരുന്നു അറഫയില്‍നിന്നു പുറപ്പെട്ടിരുന്നത്. അതിനാല്‍ മിനായിലേക്കു അതേപടി പുറപ്പെടുന്ന പക്ഷം തിരക്ക് കൊണ്ട് വഴി താറുമാറാവും. അതിനാല്‍ അല്്പം വിശ്രമവും അവധാനവും ലഭിക്കാനായി അവര്‍ ‘ മുസ്ദലിഫ’ യെ ഒരിടവേളയായി നിശ്ചയിച്ചിരുന്നു. അവിടെ ‘മശ്അറുല്‍ ഹറാം’ എന്നൊരു പള്ളിയുണ്ട്. അതിനാല്‍ ഇസ്്‌ലാമും ഈ സമ്പ്രദായം നിലനിറുത്തി. ഇബാദത്തിന് സവിശേഷ പ്രാധാന്യമുള്ള ഒരു സ്ഥലമാണിത്. അതിനാല്‍ അറഫയില്‍ നിന്ന് വൈകുന്നേരം തന്നെ പുറപ്പെട്ട് രാത്രി മുഴുവന്‍ അവിടെ താമസിക്കുകയും പ്രഭാതോദയത്തോടെ കുറച്ചു നേരം ആരാധനയില്‍ കഴിച്ചു കൂട്ടുകയും വേണമെന്ന് ഇസ്്്‌ലാം നിശ്ചയിച്ചു. ‘ അറഫായില്‍നിന്ന് പുറപ്പെട്ടാല്‍ ‘ മശ്്അറുല്‍ ഹറാ’മിന്റെ അടുത്തുവെച്ച് നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. അവനെ നിങ്ങള്‍ സ്മരിക്കുക അവന്‍ നിങ്ങളെ നേര്‍ മാര്‍ഗ്ഗത്തിലാക്കിയപോലെ. നിങ്ങള്‍ മുമ്പ് വഴി പിഴച്ചവരായിരുന്നു.’
മിനായിലെ താമസം
ബലിയുടെ യഥാര്‍ത്ഥ സ്ഥലം ‘മര്‍വാ’ മലയാകുന്നു. അവിടെ വെച്ചാണ് ഇബ്‌റാഹീം(അ) ബലി നടത്തിയത്. അതിനാല്‍ റസൂല്‍(സ) തിരുമേനി ഇപ്രകാരം അരുള്‍ ചെയ്തു: ‘ മര്‍വാ’ യാണ് ബലി സ്ഥലം. പിന്നെ മക്കയിലെ എല്ലാ വീഥികളും’. പില്ക്കാലത്ത് ജനസംഖ്യ ക്രമപ്രവൃദ്ധമായി വര്‍ദ്ധിച്ചു. ഹജ്ജിന്റെ വൃത്തം വിശാലമായി. ബലിസീമാതീതമായി വര്‍ദ്ധിച്ചു. മര്‍വയിലെയും മക്കയിലെയും മൈതാനമെല്ലാം ജനനിബിഡമായ പട്ടണത്തിന്റെ രൂപം കൈക്കൊണ്ടു. അതിനാല്‍ പട്ടണത്തില്‍ നിന്ന് അല്പം അകലെ ഒരു സ്ഥലം ഈയാവശ്യാര്‍ത്ഥം തിരഞ്ഞെടുക്കപ്പെട്ടു. അതാണ് മിന. ഇവിടെ ഹാജിമാര്‍ മുഴുവന്‍ രണ്ടുമൂന്നു ദിവസം താമസിക്കുകയും പരസ്പരം ഇടപഴകുകയും പരിചയപ്പെടുകയും ചെയ്യുന്നു. പരസ്പരം സല്ക്കാരങ്ങള്‍ നടത്തുന്നു. ഇവിടെ വെച്ചാണ് ബലികൊടുക്കുന്നത്. ചന്തയും കച്ചവടവും ഇവിടെ വെച്ചു നടക്കുന്നു.
ജാഹിലിയ്യാ കാലത്ത് അറബികള്‍ ഇവിടെ സമ്മേളിച്ച് ഓരോ ഗോത്രക്കാരും താന്താങ്ങളുടെ പ്രപിതാക്കന്മാരുടെ മഹത്വങ്ങള്‍ വര്‍ണ്ണിച്ച് ഊറ്റം കൊള്ളാറുണ്ടായിരുന്നു. മിക്കവാറും അത് യുദ്ധത്തിലും കലഹത്തിലും ചെന്നവസാനിക്കുകയും ചെയ്തിരുന്നു. ആ നിരര്‍ത്ഥമായ ആചാരത്തെ തടയുന്നതിന്ന് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമെന്ന നിലയില്‍ അല്ലാഹുവിനെ സ്തുതിക്കുവാനും അവനെ ആരാധിക്കുവാനും ഇസ്്‌ലാം അനുശാസിച്ചു. ഗോത്രങ്ങളുടെയും സമുദായങ്ങളുടെയും ദുരഭിമാനത്തിന്റെയും ആത്മപ്രശംസയുടെയും പ്രകടനരംഗമാവുന്നതിനു പകരം പരസ്പരം പരിചയപ്പെടലിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും രംഗമായി ഇസ്്‌ലാം ‘മിനാ’ യെ നിശ്ചയിച്ചു. അല്ലാഹു ആജ്ഞാപിക്കുന്നു: ‘ ചില നിശ്്ചിത ദിവസങ്ങളില്‍ അല്ലാഹുവിനെ സ്മരിക്കുക!’.
മൃഗബലി
ഹ: ഇസ്്മാഈലി (അ) ന്റെ ബലിയുടെ സ്മാരകവും അദ്ദേഹത്തിന്റെ ആത്മീയബലിയുടെ പ്രതീകവുമാണ് ഹജ്ജ് കാലത്തെ മൃഗബലി. മിനായിലെ ത്രിദിന താമസക്കാലത്ത് ജനങ്ങള്‍ വിപുലമായ തോതില്‍ പൊതുസല്‍ക്കാരങ്ങള്‍ നടത്തുകയും ബന്ധുമിത്രാദികള്‍ക്കും സാധുക്കള്‍ക്കും അശരണര്‍ക്കും ആഹാരം നല്കുകയും ചെയ്യുകയാണ് ബലി കൊണ്ടുള്ള ഫലം. ‘ അല്ലാഹു അവര്‍ക്ക് പ്രദാനം ചെയ്ത മൃഗങ്ങളുടെ മേല്‍ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിക്കാന്‍ വേണ്ടിയത്രെ, അത് – ആ മൃഗമാംസത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവശനായ ദരിദ്രനെ ഭക്ഷിപ്പിക്കുകയും ചെയ്യുക.’
ചില സന്ദര്‍ഭങ്ങളില്‍ മൃഗബലി നടത്താന്‍ കഴിഞ്ഞില്ലെന്നുവരാം. എങ്കില്‍ പത്തു ദിവസം വ്രതമനുഷ്ഠിക്കണം. – മൂന്നു ദിവസം ഹജ്ജ് കാലത്തും ഏഴ് ദിവസം മടങ്ങിവന്ന ശേഷവും. എന്തുകൊണ്ടെന്നാല്‍ വ്രതവും ആത്മാര്‍പ്പണത്തിന്റെ ഒരു പ്രതിരൂപമത്രെ.
തലമുണ്ഡനം
ബലികൊടുത്ത ശേഷം മിനായില്‍ വെച്ച് ഹാജി തലമുടി മുണ്ഡനം ചെയ്യുകയോ വെട്ടിക്കുകയോ ചെയ്യുന്നു. നേര്‍ച്ചനേര്‍ന്നവന്‍ നേര്‍ച്ച പൂര്‍ത്തീകരിക്കുമ്പോള്‍ മുണ്ഡനം ചെയ്യുന്ന പൗരാണികാചാരത്തെ അനുസ്മരിപ്പിക്കുകയാണിത്. മറ്റൊരു പൗരാണിക സ്മാരകത്തിലേക്കുള്ള സൂചനകൂടി ഒളിഞ്ഞിരിക്കുന്നുണ്ട് ഈ ആചാരത്തില്‍. നാഗരികതയുടെ പ്രാരംഭഘട്ടത്തില്‍ ഒരാളെ അടിമത്തത്തില്‍നിന്ന് സ്വതന്ത്രനാക്കുമ്പോള്‍ തല മുണ്ഡനം ചെയ്യുക പതിവായിരുന്നു. അടിമത്തത്തിന്റെ ചിഹ്നമായിട്ടാണത് ഗണിക്കപ്പെട്ടിരുന്നത്. ഹജ്ജ് അല്ലാഹുവിന്നുള്ള നിരന്തരമായ അടിമത്തവും കീഴ്‌വണക്കവുമായതിനാല്‍ ആ പുരാതനാചാരത്തെ അതേ പടി നിലനിര്‍ത്തിയിരിക്കയാണ്. ‘ തല മുണ്ഡനം ചെയ്തവരായും മുടി വെട്ടിച്ചവരായും കൊണ്ട്. ‘
ജംറകള്‍
മിനാ മൈതാനത്ത് കല്ലുകൊണ്ടുള്ള മൂന്ന് സ്തൂപങ്ങളുണ്ട്. ഹ: ഇബ്‌റാഹീം(അ) തന്റെ പുത്രന്‍ ഇസ്്മാഈലി(അ)നെ ബലി കൊടുക്കാന്‍ പോയപ്പോള്‍ ആ മൂന്നിടങ്ങളില്‍വെച്ച് പിശാച് അദ്ദേഹത്തെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പിശാചിനെ കല്ലെറിഞ്ഞുവെന്നും പറയപ്പെടുന്നു.
മുമ്പ് കാലത്ത് ശാപം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു കല്ലേര്‍. ഇത്‌കൊണ്ടാണ് പിശാചിനെ ‘റജീം’ എന്ന് വിളിക്കുന്നത്. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും പ്രകീര്‍ത്തനം ചെയ്തുകൊണ്ടും പ്രസ്തുത മൂന്നുസ്തൂപങ്ങളിലേക്ക് കല്ലെറിയണം. പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്ന് അഭയം തേടുകയും വേണം. കല്ലെറിയല്‍ പ്രത്യക്ഷത്തില്‍ ഒരു നിരര്‍ത്ഥ ജോലിയായി തോന്നാനിടയുള്ളതുകൊണ്ട് നബി(സ) ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: ‘ അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്തുകമാത്രമാണ് കല്ലെറിയുന്നതിന്റെ ഉദ്ദേശ്യം.’ വിശുദ്ധ ഖുര്‍ആനും ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കിയിട്ടുണ്ട്: ‘ ഹജ്ജ്കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍, നിങ്ങളുടെ പ്രപിതാക്കന്മാരെ നിങ്ങള്‍ (മുമ്പ്) സ്മരിച്ചിരുന്ന പോലെയോ അതിലും അധികമായോ അല്ലാഹുവിനെ സ്മരിക്കുക.’
ജംറകളിലെ കല്ലേറോടെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുന്നു.
ഈ ചടങ്ങുകള്‍ എന്തിന്.?
പൗരാണിക കലാത്തെ ആരാധനാ സമ്പ്രദായത്തിന്റെ ചിഹ്നങ്ങളാണ് ഹജ്ജിലെ മുഴുവന്‍ ചടങ്ങുകളുമെന്ന് ഉപര്യുക്ത വിശദീകരണങ്ങള്‍ വ്യക്തമാക്കുന്നു. മനുഷ്യ വംശത്തിന്റെ ആത്മീയ വളര്‍ച്ചയുടെ ആരംഭദശ എന്നെന്നും നമ്മുടെ കണ്‍മുമ്പില്‍ രൂപപ്പെട്ട് നിലകൊള്ളുവാനും അതെപ്പറ്റിയുള്ള സ്മരണ നമ്മുടെ ഈമാനിക വികാരങ്ങളേയും ദിവ്യാനുഭൂതികളേയും ചൂടുപിടിപ്പിക്കുവാനുമാണ് അങ്ങനെ നിശ്ചയിച്ചിരിക്കുന്നത്. നിരന്തരമായ ദൈവസ്മരണ, പാപങ്ങളെ ക്കുറിച്ച കുറ്റബോധം, പശ്ചാത്താപം, മേലില്‍ നല്ല ജീവിതം നയിക്കാനുള്ള നിശ്്ചയം – ഇതെല്ലാം ഹജ്ജിന്റെ മുമ്പുള്ള ജീവിതത്തിന്റെയും ശേഷമുള്ള ജീവിതത്തിന്റെയുമിടയില്‍ ആത്മപരിശുദ്ധിയുടെയും സ്വയം നന്നാവലിന്റെയും ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. നബി തിരുമേനി(സ) എത്രയും സ്പഷ്ടമായി പ്രഖ്യാപിക്കുന്നത് കാണുക: ‘ജംറകളില്‍ കല്ലേറു നടത്തുക, സഫാ മര്‍വാക്കിടയില്‍ ഓടുക, കഅ്ബയെ ത്വവാഫ് ചെയ്യുക – ഇത് കൊണ്ടെല്ലാമുള്ള ഉദ്ദേശ്യം ദൈവസ്മരണ നിലനിറുത്തുക മാത്രമാണ്.’
പ്രവാചക പ്രഭാവത്തിന്റെയും ദൈവിക ചിഹ്നങ്ങളുടെയും ഉജ്ജ്വല രംഗങ്ങളാണ് ഹജ്ജിന്റെ സ്ഥലങ്ങളെല്ലാം. അവിടെയെത്തുന്നതോടെ, അവ കാണുന്നതോടെ ദൈവികാനുഗ്രഹങ്ങളെക്കുറിച്ച സ്മരണകള്‍ സ്മൃതിപഥത്തിലുയരുകയായി. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവയെ ദൈവ ചിഹ്നങ്ങള്‍, അല്ലാഹുവിന്റെ സങ്കേതങ്ങള്‍) എന്നെല്ലാം വിളിച്ചിരിക്കുന്നത്. ആ ചിഹ്നങ്ങളെയും സ്ഥലങ്ങളെയും സന്ദര്‍ശിക്കലും ആദരിക്കലുമാണ് മൊത്തത്തില്‍ ഹജ്ജ്.
ഹജ്ജിന്റെ മുറകള്‍
ഇഹ്്‌റാം ചെയ്തതു മുതല്‍ വിരമിക്കുന്നത് വരെ നന്മയുടെയും പരിശുദ്ധിയുടെയും ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായിരിക്കണം ഓരോ ഹാജിയും. കലഹവും ശണ്ഠയും ബഹളവും ഉണ്ടാക്കരുത്. ആരെയും ബുദ്ധിമുട്ടിക്കരുത്. ഒരു ഉറുമ്പിനെപ്പോലും ഉപദ്രവിക്കരുത്. സ്്‌നേഹസൗഹൃദവും ശാന്തിസമാധാനവുമാണ് ഹജ്ജിന്റെ ആകത്തുക. ഈ ഉദ്ദേശ്യത്തിന്ന് വിപരീതമായി വല്ലതും സംഭവിച്ചാല്‍ പ്രായശ്ചിത്തം നല്‌കേണ്ടതാണ്.
ഏകീകരണ കേന്ദ്രം
മുഹമ്മദ് മുസ്തഫാ(സ) ഏതൊരു ശരീഅത്തിന്റെ പൂര്‍ണ്ണരൂപമായിരുന്നുവോ അതിന്റെ ഏറ്റവും പ്രകടമായ സവിശേഷതയാണ് ഇഹലോകത്തെയും പരലോകത്തെയും അതു കൂട്ടിയിണക്കുന്നുവെന്നത് അതിന്റെ ഓരോ അക്ഷരവും നന്മകള്‍ കൊണ്ടും യുക്തികള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു.
ദൈവികാനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന സ്ഥലമാണ് കഅ്ബ. സത്യത്തോടുള്ള സ്‌നേഹം ഉറഞ്ഞൊഴുകി ലോകത്തിന് ദാഹശമനം വരുത്തിയ നീരുറവയാണത്. വിവിധ നാടുകളില്‍, വിവിധ വന്‍കരകളില്‍ വസിക്കുന്ന ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ കണ്ണിയും വിശ്വസാഹോദര്യത്തിന്റെ ഉജ്ജ്വലരംഗവുമാണത് – എല്ലാ സമുദായങ്ങളിലും എല്ലാ നാടുകളിലും പെട്ട ജനങ്ങള്‍, മനുഷ്യ നിര്‍മ്മിതമായ കൃത്രിമ അതിര്‍വരമ്പുകളെ ഭേദിച്ചു, ഒരേ സമയത്ത് ഒരേ സ്ഥലത്ത് സമ്മേളിച്ച് ഏകജനതയും, ഏക കുടുംബവുമെന്ന നിലയില്‍തോളുരുമ്മിനിന്ന് ഏകസ്വരത്തില്‍ ഏക നാഥനുമായി സംസാരിക്കുന്നു. കലഹത്തിന്നും യുദ്ധത്തിനും കാരണമാക്കുന്ന എല്ലാ ഭൗതിക വിവേചനങ്ങളും അപ്രത്യക്ഷമാക്കാന്‍ പോന്നതാണ് ഐക്യത്തിന്റേതായ ആ മഹനീയദൃശ്യം. അതിനാല്‍ ദൈവികഭവനം സമാധാനഗേഹമായിരിക്കുന്നത് എത്രയും ആവശ്യമത്രെ. അവിടെ അനീതിയും അക്രമവും രക്തച്ചൊരിച്ചിലുമില്ലെന്ന നിലക്ക് മാത്രമല്ല. ലോകജനതകളുടെ ഒരു സാഹോദര്യബന്ധം നിലനിറുത്തുകയും അസമാധാനത്തിന് കാരണമാക്കുന്ന എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കുകയും ചെയ്യുന്ന സമാധാനകേന്ദ്രമെന്ന നിലക്കും കൂടിയാണത്.
ദേശീയ സാമുദായിക സങ്കുചിതത്വങ്ങളുടെ സ്ഥാനത്ത് മനുഷ്യ സാഹോദര്യത്തിന്റെ വിശാല വീക്ഷണം ജനതകളില്‍ സ്വാധീനം ചെലുത്തിക്കാണാന്‍ ആഗോളജനത വെമ്പല്‍ കൊള്ളുകയാണിന്ന്. എന്നാല്‍ ഹ: ഇബ്‌റാഹീം(അ)മും മുഹമ്മദ് മുസ്തഫാ(സ)യും ആയിരത്താണ്ടുകള്‍ക്ക് മുമ്പുതന്നെ അത് വിഭാവനം ചെയ്യുകയും പ്രയോഗവല്ക്കരിക്കുകയും ചെയ്തിരുന്നു. ലോകജനതകള്‍ക്കുപൊതുവായ ഒരു നീതിന്യായപീഠം സ്ഥാപിക്കാന്‍ പാടുപെടുകയാണ് ആധുനിക മനുഷ്യന്‍. ആ നീതിപീഠത്തിന്റെ ശാസനകളെ ജനങ്ങളെക്കൊണ്ടംഗീകരിപ്പിക്കാന്‍ പോരുന്ന ഒരു ശക്തി അവനൊട്ട് കണ്ടെത്തിയിട്ടുമില്ല.
മുസ്്‌ലിം ജനതക്കാകട്ടെ വളരെ മുമ്പുതന്നെ അങ്ങനെയൊരു നീതിപീഠമുണ്ടായിക്കഴിഞ്ഞിരുന്നു. ‘ അഹ്്കമുല്‍ ഹാകിമീന്‍’ (നീതിജ്ഞരില്‍ നീതിജ്ഞന്‍) ആയ അല്ലാഹുവാണ് അവിടെ ന്യായാധിപതി. നൂറ്റമ്പത് വര്‍ഷത്തോളം മുസ്്‌ലിംകള്‍ ഒരു ഭരണത്തിന്റെയും ഒരു ഖിലാഫത്തിന്റെയും കീഴില്‍ നിലകൊണ്ടു. ഹജ്ജ് സമ്മേളനം അവരുടെ രാഷ്ട്രീയവും ഭരമപരവുമായ കാര്യനിര്‍വ്വഹണത്തിന്റെ ഏറ്റവും പ്രധാന ഘടകമായി വര്‍ത്തിച്ചു. ഭരണ സംബന്ധമായ എല്ലാ സുപ്രധാനപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന കാലമായിരുന്നു ഹജ്ജ് കാലം. സ്‌പെയിന്‍ മുതല്‍ സിന്ധ് വരെയുള്ള വ്യത്യസ്ത രാജ്യങ്ങളിലെ ഭരണത്തലവന്മാരും ഗവര്‍ണ്ണര്‍മാരും സമ്മേളിച്ച് ഖലീഫയുടെ മുമ്പാകെ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും കര്‍മ്മപരിപാടി ആവിഷ്‌കരിക്കുകയും ചെയ്തുപോന്നിരുന്നു. നാനാ രാജ്യങ്ങളിലെ പ്രജകള്‍ തങ്ങളുടെ ഭരണകര്‍ത്താക്കളെക്കുറിച്ചുള്ള ആവലാതികള്‍ ഖലീഫക്ക് ബോധിപ്പിക്കുകയും നീതിവകവെച്ചു വാങ്ങുകയും ചെയ്തിരുന്നു.
ഇന്നത്തെപ്പോലെയുള്ള ഗതാഗത സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലത്ത് ഇസ്്‌ലാമിന്റെ നിയമങ്ങളും പ്രശ്‌നങ്ങളും പരിഹാരങ്ങളും വര്‍ഷംപ്രതി, നിമിഷംപ്രതി ദൂരദൂര ദിക്കുകളില്‍ പ്രചരിച്ചുകൊണ്ടിരുന്നുവെങ്കില്‍ അത് ഹജ്ജ് വാര്‍ഷിക സമ്മേളനം വഴി മാത്രമായിരുന്നു. റസൂല്‍ കരീം(സ) തന്റെ അവസാന ഹജ്ജില്‍ അതിന്നടിത്തറ പാകി. പില്ക്കാലത്ത് ഖുലഫാഉര്‍റാശിദുകളും സഹാബിവര്യന്മാരും ഇമാമുകളും വര്‍ഷംതോറും അവിടെ സമ്മേളിച്ച് ഇസ്്‌ലാമിക നിയമങ്ങളുടെ പ്രബോധന കൃത്യം നിര്‍വഹിച്ചുപോന്നു. അങ്ങനെ നവം നവങ്ങളായ സംഭവങ്ങളേയും പ്രശ്‌നങ്ങളേയും സംബന്ധിച്ചുള്ള ഇസ്്‌ലാമിന്റെ വിധികളും പരിഹാര നിര്‍ദ്ദേശങ്ങളും ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ യഥാവസരം എത്തിക്കൊണ്ടിരുന്നു.
സാധാരണക്കാരില്‍ സാധാരണനായ മനുഷ്യന്കൂടി തന്റെ നാട്ടിന് പുറത്തുള്ള ലോകം സ്വല്പമെങ്കിലും കാണാനും കാലത്തിന്റെ വര്‍ണ്ണഭേദം മനസ്സിലാക്കാനും രാഷ്ട്രീയപ്രശ്‌നങ്ങളെക്കുറിച്ച് ബോധവാനാവാനും ഇടവരികയെന്നതും, മുസ്്‌ലിംകളധിവസിക്കുന്ന ഏതൊരു കോണിലും നടക്കുന്ന സംഭവങ്ങളില്‍ പ്രത്യേക താല്പര്യവും അവിടത്തെ സ്ഥിതി ഗതികളറിയാനുള്ള ഉല്‍ക്കണ്ഠയും സംജാതമാവുകയെന്നതും ആ സംയോജന കേന്ദ്രത്തിന്റെ നേട്ടങ്ങളാണ്. ലോകത്തിന്റെ ഭൂമിശാസ്ത്രപരമായ വിജ്ഞാനം വര്‍ദ്ധിപ്പിക്കാനും പുരോഗതിപ്പെടുത്താനും ഹജ്ജ് യാത്ര വളരെ സഹായകമായിട്ടുണ്ട്.
ഹജ്ജിന്നായി പുറപ്പെട്ട്, അവസാനം ആ യാത്രയെ ലോകസഞ്ചാരമായി രൂപാന്തരപ്പെടുത്തിയ ഒട്ടേറെ ശാസ്ത്ര വിദഗ്ധരും സഞ്ചാരികളും ഇസ്്‌ലാമിക ചരിത്രത്തിലുണ്ടായിട്ടുണ്ട്. യാഖൂത്ത് റൂമി തന്റെ ഭൂമിശാസ്ത്ര ഗ്രന്ഥമായ ‘തഖ്‌വീമുല്‍ ബുല്‍ദാനി’ന്റെ മുഖവുരയില്‍ ഹജ്ജ് യാത്രയെ മുസ്്‌ലിംകളുടെ ഭൂമിശാസ്ത്രപരമായ വിജ്ഞാനപുരോഗതിക്ക് ഒരു പ്രധാന കാരണമായി എടുത്തുകാട്ടിയിരിക്കുന്നു.
ഉപജീവനപ്രശ്‌നം
മക്കാ ഭൂമിയെ ജനവാസയോഗ്യമാക്കുന്നതിനും അങ്ങനെ നിലനിറുത്തുന്നതിനും ആ വിജന പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ആഹാരസമ്പാദനത്തിനും വല്ല മാര്‍ഗ്ഗവും കാണേണ്ടതുണ്ടായിരുന്നു. അതിനാല്‍ ഹ: ഇബ്്‌റാഹീം(അ) അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ‘ നാഥാ! ഞാനെന്റെ സന്താനങ്ങളെ ഫലശൂന്യമായ ഈ താഴ്്‌വരയില്‍, നിന്റെ പരിപാവന മന്ദിരത്തിന്റെ പരിസരത്ത്, പാര്‍പ്പിച്ചിരിക്കുന്നു. ജനഹൃദയങ്ങളെ അങ്ങോട്ടാകര്‍ഷിച്ചാലും!അവര്‍ക്കാഹാരമേകിയാലും!’ അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു. സകാത്ത്, ദാനധര്‍മ്മങ്ങള്‍ ആദിയായവയില്‍ നിന്ന് ഒരു തുക അവര്‍ക്ക് പ്രത്യേകമായി നല്കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടല്ല ആ പ്രശ്‌നം പരിഹരിച്ചത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍, അതവരുടെ സ്വഭാവ്ത്താഴ്ചക്കും മാനസികാധഃപതനത്തിന്നും കാരണമാകുമായിരുന്നു. അവര്‍ ലോകരുടെ ദൃഷ്ടിയില്‍ നിന്ദ്യരും നിസ്സാരരുമായിത്തീരുന്നതിന്നിടയാകുമായിരുന്നു. അതിന്ന് പകരം അല്ലാഹു അവരില്‍ വ്യാപാരവാഞ്ഛ വളര്‍ത്തുകയും അതവരുടെ ഉപജീവനമാര്‍ഗ്ഗമാക്കിത്തീര്‍ക്കുകയും ചെയ്തു. തൗറാത്തി (പഴയ നിയമം) ല്‍ പലേടത്തും അറേബ്യന്‍ വ്യാപാരികളെക്കുറിച്ച പരാമര്‍ശങ്ങള്‍ കാണാം. ഖുറൈശികള്‍ തങ്ങളുടെ കാലത്തെ ഏറ്റവും വലിയ വണിഗ്വരന്മാരായിരുന്നു.’ ലി ഈ ലാഫഇി ഖുറൈശിന്‍’ എന്നു തുടങ്ങുന്ന അദ്ധ്യായത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അതെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഒരു വശത്ത് യമന്‍, എത്യോപ്യ എന്നിവിടങ്ങളിലേക്കും മറുവശത്ത് സിറിയ, ഈജിപ്ത്, റോം എന്നിവിടങ്ങളിലേക്കും അറേബ്യയില്‍ നിന്ന് കച്ചവടസംഘങ്ങള്‍ പോയിക്കൊണ്ടിരുന്നു.
പക്ഷേ, ഈ വാണിജ്യം കൊണ്ട് മാത്രം മക്കയില്‍ എല്ലാ ചെറുതിന്റെയും വലുതിന്റെയും ഉദരപൂരണം സാധ്യമായിരുന്നില്ല. അതിനാല്‍ മക്കയെ, ഹജ്ജിന്റെ കേന്ദ്രത്തെ, വ്യാപാരകേന്ദ്രം കൂടിയാക്കേണ്ടത് ഒരാവശ്യമായിരുന്നു. ഇസ്്‌ലാമിന്ന് മുമ്പ് അറബികള്‍ക്ക് വലിയൊരു മേളയായിരുന്നു ഹജ്ജ്. അവര്‍ ഉക്കാസ് തുടങ്ങിയ വലിയ കമ്പോളങ്ങള്‍ നടത്തിയിരുന്നു. ഇസ്്‌ലാമും അതവശേഷിപ്പിച്ചുനിര്‍ത്തി. ഇബ്്‌റാഹീം നബി(അ)യുടെ പ്രാര്‍ത്ഥനയുടെ പുലര്‍ച്ചയായിരുന്നു അത് – വിജനവും ഫലശൂന്യവുമായിരുന്ന ആ മരുക്കാട്ടില്‍ വസിക്കുന്നവര്‍ക്കൊരു ഉപജീവന മാര്‍ഗ്ഗം. ഇസ്്‌ലാമികാധിപത്യത്തിന്നു ശേഷം ലോകമെങ്ങുമുള്ള മുസ്്‌ലിംകള്‍ വര്‍ഷം തോറും അവിടെ വന്നുതുടങ്ങി. അങ്ങനെ കച്ചവടവും വ്യാപാരവും നടത്തി മൂന്നു മാസംകൊണ്ട് അവര്‍ ഒരു വര്‍ഷത്തെ ആഹാരത്തിന്നുള്ള വക സമ്പാദിക്കും. മക്കയില്‍നിന്നു മദീനയിലേക്കുള്ള വഴികളിലെല്ലാം ഉല്പന്നങ്ങള്‍ കൊണ്ടുവന്നു വില്പന നടത്തും. ഹജ്ജ് കാലത്ത് ലക്ഷക്കണക്കിനാളുകള്‍ ഭക്ഷണം, വാഹനം, മറ്റ് അത്യാവശ്യ വസ്തുക്കള്‍ – ഇതെല്ലാം വാങ്ങുന്നത് മക്കയില്‍നിന്നും പരിസരത്തുനിന്നുമാണ്. അതിന്നവര്‍ വില നല്കുന്നു. ഈ വിനിമയമാണ് മക്കക്കാരുടെ ശാശ്വത ഉപജീവനമാര്‍ഗ്ഗം.
ബലിയുടെ സാമ്പത്തിക വശം
ആ നാട്ടില്‍ പ്രകൃതിദത്തമായ ഉല്പന്നം വല്ലതുമുണ്ടെങ്കില്‍ അത് മൃഗമാണ്. ആ നിലക്ക് മൃഗബലി നിര്‍ബ്ബന്ധമാക്കുക വഴി, അന്നാട്ടുകാര്‍ക്ക് ഉപജീവനം നേടുവാനുള്ള മാര്‍ഗ്ഗം തുറന്നിടുകയാണ് ചെയ്തിരിക്കുന്നത്. ഓരോ ഹജ്ജിലും മിക്കവാറും ദശലക്ഷം ഹാജിമാര്‍ ബലിയറുക്കുന്നു. ചിലര്‍ വളരെയെണ്ണം ബലിയറുക്കും. ആ കണക്കിന്ന് വര്‍ഷംപ്രതി ഇരുപത് ലക്ഷത്തില്‍ പരം മൃഗബലിയുണ്ടാവും. അങ്ങനെ നന്നെച്ചുരുങ്ങിയത് പത്ത് കോടിയില്‍ പരം ഉറുപ്പിക മൃഗങ്ങളുടെ വില്പന വഴി ഗ്രാമീണ അറബികള്‍ക്ക് ലഭിക്കുന്നു. ഫലശൂന്യമായ ആ മരുപ്രദേശത്ത് വസിക്കുന്നവര്‍ക്ക് അത് വലിയൊരനുഗ്രഹമാണ്. (വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ ലേഖനമാണിത്).
വ്യാപാരം
വിശുദ്ധ ഖുര്‍ആനിന്റെ പ്രയോഗങ്ങളില്‍ ‘ ദൈവാനുഗ്രഹം അന്വേഷിക്കുക’ എന്നതുകൊണ്ടുദ്ദേശ്യം കച്ചവടവും ആഹാരസമ്പാദനവുമത്രെ. അതും അല്ലാഹു ഹജ്ജിന്റെ ഉദ്ദേശ്യങ്ങളിലൊന്നായി നിശ്ചയിച്ചിരിക്കുന്നു.
വ്യാപാരം ഭൗതിക കാര്യമാണ്, മത സംബന്ധമായ ഒരു തീര്‍ത്ഥാടനത്തില്‍ അത് സംഗതമല്ല എന്ന ആശങ്ക ശരിയല്ല. എന്തു കൊണ്ടെന്നാല്‍ ഒന്നാമതായി, ‘ആഹാരസമ്പാദനം’ സ്വന്തം നിലക്ക് ഇസ്്‌ലാമില്‍ ഇബാദത്തും സുകൃതവുമാണ്. രണ്ടാമതായി, ഹ: ഇബ്്‌റാഹീ(അ) മിന്റെ പ്രാര്‍ത്ഥന പ്രകാരം ഹജ്ജിന്റെ ഉദ്ദേശ്യങ്ങളില്‍ പെട്ടതാണത്. മക്കാമരുഭൂമിയിലെ ജനതയുടെ വികാസത്തിന്നും നിലനില്പിന്നും അത്യന്താപേക്ഷിതമാണ്. കഅ്ബയുടെ സംരക്ഷണത്തിന്നും പരിപാലനത്തിനും ആ നഗരത്തിന്റെ ജനവാസവും പ്രഭാവവും നിലനില്ക്കണം. അതിന്നുള്ള മാര്‍ഗ്ഗം കച്ചവടമാണ്. അത്‌കൊണ്ട് തന്നെ അതും ഹജ്ജിന്റെ ഒരുദ്ദേശ്യമായി. മുസ്്‌ലിംകളുടെ ദേശാന്തരീയ വാണിജ്യകേന്ദ്രവും ഇസ്്‌ലാമിക രാഷ്ട്രങ്ങളുടെ വര്‍ഷിക വ്യവസായ പ്രദര്‍ശന രംഗവുമായി രൂപംകൊള്ളുന്നു മക്ക. എന്നാല്‍ ഇന്ന് മുസ്്‌ലിംകള്‍ ഹജ്ജിന്റെ ഈ പ്രധാന തത്വം വസ്മരിച്ചിരിക്കുന്നു. ഇസ്്‌ലാമിക രാഷ്ട്രങ്ങളുടെ വാണിജ്യ കേന്ദ്രമാകേണ്ടിയിരുന്ന മക്ക യൂറോപ്യന്‍ സാധനങ്ങളുടെ മാര്‍ക്കറ്റായി മാറിയിരിക്കുന്നു.
ചരിത്ര പരത
ഇസ്്‌ലാമിക ചരിത്രത്തിന്റെ പ്രാരംഭ ബിന്ദുവാണ് പരിശുദ്ധഹറം. ആദം(അ)തൊട്ട് ഹ: ഇബ്്‌റാഹീം(അ) വരെയും ഇബ്്‌റാഹീം (അ) മുതല്‍ മുഹമ്മദ് മുസ്ത്വഫ(സ) വരെയുള്ള സംഭവങ്ങള്‍ പരിശുദ്ധ ഹറമിലെ മണ്ണും കല്ലും മലകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇബ്‌റാഹീമീ മാര്‍ഗ്ഗത്തിന്റെ മൂലശില സ്ഥിതി ചെയ്യുന്നതവിടെയാണ്. ഇസ്്‌ലാമിക സൂര്യന്‍ ഉദയം കൊണ്ടതവിടെയാണ്. അവിടത്തെ ഓരോ മണ്‍തരിയും ഇസ്്‌ലാമിക ചരിത്രത്തിലെ ഓരോ ഏടിന്റെ കഥ പറയും. ദൈവികാനുഗ്രഹത്തിന്റെ ശീതളച്ഛായ പതിഞ്ഞ ആയിടങ്ങളിലും സ്ഥലങ്ങളിലും പാദമൂന്നുന്ന ഓരോ സന്ദര്‍ശകന്റെയും ശിരസ്സ് കുനിയുന്നു; കണ്ണുകള്‍ നിറയുന്നു; ഹൃദയത്തില്‍ വികാരത്തിന്റെ തള്ളിക്കയറ്റമുണ്ടാവുന്നു; നാവ് സ്‌തോത്രകീര്‍ത്തനങ്ങളില്‍ വ്യാപൃതമാവുന്നു. ഈമാനിന്ന് നവജീവന്‍ നല്കാനും, ആദര്‍ശത്തെ സുദൃഢവും ദൈവിക ചിഹ്നങ്ങളോടുള്ള ആദരത്തെ ഊര്‍ജ്ജസ്വലമാക്കാനും ഉതകുന്ന അനുഭൂതി വിശേഷങ്ങളാണ് അപ്പോള്‍ ഉളവാവുക.
ഹജ്ജിന്റെ ആത്മാവ്
പശ്ചാത്താപവും അല്ലാഹുവിലേക്കുള്ള മടക്കവുമാണ് യഥാര്‍ത്ഥത്തില്‍ ഹജ്ജ് . ഇഹ്‌റാം ചെയ്യുന്നതോടെ ‘ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ (അല്ലാഹുവേ, കല്പനപോലെ, കല്പന പോലെ) എന്ന അനുസരണഗീതി അവന്റെ കണ്ഠത്തില്‍ നിന്ന് നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ത്വവാഫില്‍, സഅ്‌യില്‍, സഫായില്‍, മര്‍വായില്‍, അറഫാത്തില്‍, മുസ്ദലിഫയില്‍, മിനായില്‍ എല്ലാം അത് മാറ്റൊലി കൊള്ളുന്നു. അവിടങ്ങളില്‍ വെച്ചുള്ള പ്രാര്‍ത്ഥനയുടെ സിംഹ ഭാഗം പശ്ചാത്താപവും പാപമോചനത്തിന്നുള്ള അര്‍ത്ഥനയുമാണ്. സകലപാപങ്ങളും പൊറുത്തുകിട്ടാന്‍ അവന്‍ ഉല്‍ക്കടമായി ആഗ്രഹിക്കുന്നു. കഅ്ബയും അറഫാത്തും മാത്രമല്ല, ഹജ്ജിന്റെ എല്ലാ സ്ഥലങ്ങളും ചിഹ്നങ്ങളും, വേറെ ധാരാളം ഫലങ്ങളും അനുഗ്രഹങ്ങളുമുള്ളതോടൊപ്പം ആത്മാര്‍ത്ഥമായ പശ്ചാത്താപത്തിന് ഏറ്റവും പറ്റിയ രംഗങ്ങള്‍കൂടിയാണ്. ആ സ്ഥലങ്ങളുടെ മഹാത്മ്യത്തെയും പവിത്രതയെയും കുറിച്ച ബോധം അവന്റെ ഹൃദയത്തില്‍ അഗാധമായ പ്രതിഫലനമുളവാക്കുന്നു. പ്രാര്‍ത്ഥിക്കുന്നതിനും അത് ഹൃദയത്തില്‍ പ്രതിഫലിക്കുന്നതിന്നും പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുന്നതിന്നും ഏറ്റവും അര്‍ഹമായ ഇടങ്ങളാണവ. ശിലാ ഹൃദയനായ മനുഷ്യന്‍ പോലും ആ അവസ്ഥകളുടെയും ദൃശ്യങ്ങളുടെയും നടുവില്‍ ഹിമം പോലെ ഉരുകി അലിയുന്നു.
മഹത്തരവും സുപ്രധാനവുമായ ഒരു മാറ്റത്തിന്ന് വേണ്ടി ജീവിതത്തിന്റെ ഒരു നിര്‍ണ്ണായക സന്ദര്‍ഭം പ്രതീക്ഷിച്ചിരിക്കുകയെന്നത് മനുഷ്യന്റെ മനശ്ശാസ്ത്രപരമായ ഒരവസ്ഥയാണ്. ഭൂതകാല ജീവിതത്തിന്നും ഭാവി ജീവിതത്തിന്നും മദ്ധ്യേ ഒരു നിര്‍ണ്ണായക വേളയെയും, ജീവിതത്തിന്റെ സൂചി സംസ്‌കാരത്തിന്റെയും നന്നാവലിന്റെയും ഭാഗത്തേക്ക് തിരിച്ചുനിര്‍ത്തുന്ന ഒരവസരത്തെയും പ്രദാനം ചെയ്യുന്നു ഹജ്ജ്. ആ അനുഗൃഹീത സ്ഥാനങ്ങളില്‍, പ്രവാചക പ്രവരന്മാരുടെയും മഹാത്മാക്കളുടെയും പാദസ്പര്‍ശനമേറ്റ ആ ഇടങ്ങളില്‍ സന്നിഹിതനായി, ദൈവിക മന്ദിരത്തെ അഭിമുഖീകരിച്ചുകൊണ്ട്, ഭൂതകാല ജീവിതത്തില്‍ സംഭവിച്ച പാപങ്ങളെപ്പറ്റി ഒന്നൊന്നായി ഖേദിച്ച് മാപ്പിരക്കുകയും ഭാവിയില്‍ പൂര്‍ണ്ണമായും അല്ലാഹുവെ അനുസരിച്ചുജീവിച്ചുകൊള്ളാമെന്ന് ദൃഢനിശ്്ചയം ചെയ്യുകയും ചെയ്ത ഈ അവസ്ഥാവിശേഷം തിന്മയില്‍നിന്ന് നന്മയിലേക്കും നന്മയില്‍നിന്ന് കൂടുതല്‍ നന്മയിലേക്കും ജീവിതത്തിന്റെ ഗതി തിരിച്ചുവിടുന്നു. ജീവിതത്തിന്റെ പഴയ വാതിലടഞ്ഞ് പുതിയവാതില്‍ തുറക്കുന്നു. ഇഹലോകത്തിന്റെയും പരലോകത്തിന്റെയും നന്മകള്‍ മേളിച്ച, ഇരുലോക വിജയങ്ങള്‍ അന്തര്‍ലീനമായ ഒരു പുതിയ ജീവിതം, ഒരു പുതിയ ചൈതന്യം, ഒരു പുതിയ ഘട്ടം ആരംഭിക്കുന്നു.
ചുരുക്കത്തില്‍ കേവലം മതപരമായ ഒരാചാരമല്ല ഹജ്ജ്. ഇസ്്‌ലാമിന്റെ ധാര്‍മ്മിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിന്റെ സകലവശങ്ങളെയും ചൂഴ്ന്ന, മുസ്്‌ലിംകളുടെ സാര്‍വലൗകിക നിലപാടിന്റെ ഏറ്റവും സമുന്നതമായ മിനാരമാണ് ഹജ്ജ്.
(യുവസരണി ഹജ്ജ് സപ്ലിമെന്റ്)
Add Comment