ചോദ്യം: സംസം വെള്ളത്തിന് മറ്റ് ജലത്തേക്കാള്‍ എന്ത് പ്രത്യേകതയാണ് ഉള്ളത്? സംസം വെള്ളം കുടിച്ചാല്‍ രോഗ ശമനമുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും നബി വചനമുണ്ടോ? സംസം വെള്ളം കുടിക്കുന്നതിന് മുമ്പ് പ്രത്യേക നിയ്യത്ത് എന്തെങ്കിലും ആവശ്യമുണ്ടോ?
മസ്ജിദുല്‍ ഹറാമിലെ പ്രസിദ്ധമായ ഒരു കിണറിന്റെ പേരാണ് സംസം. കഅ്ബാ ശരീഫിനും ഈ കിണറുമിനിടയില്‍ 38 മുഴം അകലമേയുള്ളൂ. ഇബ്രാഹീം നബി (അ) യുടെ പുത്രന്‍ ഇസ്മാഈല്‍ നബിയുടെ കിണറാണത്. മുലകുടി മാറാത്ത കുഞ്ഞായിരിക്കെ, ദാഹിച്ചു വലഞ്ഞ ഇസ്മാഈലിനെ ഈ കിണറ്റില്‍ നിന്നാണ് അല്ലാഹു കുടിപ്പിച്ചത്. അല്ലാഹുവിന്റെ കല്‍പന പ്രകാരം ഇബ്രാഹീം (അ) പ്രിയ പത്‌നി ഹാജറിനെയും മകന്‍ ഇസ്മാഈലിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ചു. ദാഹിച്ച് കരയുന്ന കുഞ്ഞിന് ഒരിറ്റ് വെള്ളം നല്‍കാന്‍, വെള്ളമന്വേഷിച്ച് നാലുപാടും ഓടിയ ഹാജറിന്് അല്ലാഹുവിന്റെ സഹായമെത്തിയത് സംസം ഉറവ പൊട്ടിയൊലിച്ചാണ്. സംസത്തിന്റെ ചരിത്രം തുടങ്ങുന്നതും അവിടെ നിന്നാണ്.
സംസം വെള്ളം കുടിക്കല്‍
ഹജ്ജും ഉംറയും നിര്‍വ്വഹിക്കാനെത്തുന്നവര്‍ സംസം വെള്ളം കുടിക്കുന്നത് അഭിലഷണീയമാണെന്നാണ് അധിക പണ്ഡിതന്‍മാരുടെയും അഭിപ്രായം. മാത്രമല്ല മുസ്‌ലിംകള്‍ക്ക് പൊതുവായും, ഏതു സന്ദര്‍ഭത്തിലും സംസം വെള്ളം കുടിക്കുന്നത് നല്ലതാണെന്നും നബി (സ) പറഞ്ഞിട്ടുണ്ട്. ‘സംസം വെള്ളം കുടിക്കൂ’ (ബുഖാരി) എന്ന ഹദീസാണതിന് തെളിവ്. അബൂ ദര്‍റുല്‍ ഗിഫാരി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ) സംസം ജലത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതായി കാണാം:’അനുഗൃഹീത ജലമാണത്. രുചിയുള്ള ഭക്ഷണവുമാണത്’. മറ്റൊരു നിവേദനത്തില്‍ ‘രോഗ ശമനമവുമാണത്’ എന്നുമുണ്ട്. അഥവാ ആ വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് തുല്യവും രോഗ ശമനത്തിനുള്ള ഔഷധവുമാണ്. ഈ ഹദീസിനെ സത്യപ്പെടുത്തുന്ന കാര്യമാണ് അബൂ ദര്‍റില്‍ ഗിഫാരിയുടെ പ്രസ്താവന. അദ്ദേഹം ഒരു മാസക്കാലം മക്കയില്‍ താമസിച്ചു. അന്ന് സംസം വെള്ളമല്ലാതെ മറ്റൊന്നും അദ്ദേഹം അക്കാലയളവില്‍ ഭക്ഷിച്ചിട്ടില്ല. അബ്ബാസ് (റ) പറയുകയാണ്. ജാഹിലിയ്യാ കാലത്ത് സംസമിന്റെ കാര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ മേനി നടിക്കുമായിരുന്നു.
അല്ലാമാ ഉബയ്യ് (റ) പറയുന്നു: ‘ഇസ്മാഈല്‍ നബിക്കും അദ്ദേഹത്തിന്റെ മാതാവ് ഹാജറിനും സംസമിനെ അല്ലാഹു ഭക്ഷണവും പാനീയവമാക്കി കൊടുത്തിരിക്കുന്നു.’
നബി (സ) യുടെ ബാല്യത്തില്‍ രണ്ട് മലക്കുകള്‍ തിരുമേനിയുടെ ഹൃദയം പുറത്തെടുത്ത് സംസം വെള്ളം കൊണ്ട് കഴുകി തിരികെ തല്‍സ്ഥാനത്ത് തന്നെ വെച്ചു. ആകാശ ഭൂമികളുടെ ഭരണസംവിധാനവും നരകവും സ്വര്‍ഗവും കാണാന്‍ കഴിയുമാറ് നബിയെ പ്രാപ്തനാക്കുകയിരുന്നു ഇത് വഴി. ഭയത്തെ അകറ്റി ഹൃദയത്തെ ശക്തിപ്പെടുത്തുന്ന ഒരു സവിശേഷ പ്രത്യേകത കൂടിയുണ്ട് സംസമിന്. നബി (സ) യുടെ ഹൃദയം കഴുകിയ സംഭവം അബൂ ദര്‍റുല്‍ ഗിഫാരി (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്: നബി (സ) പറയുന്നു:. ഞാന്‍ മക്കയിലായിരിക്കേ, ജിബ്‌രീല്‍ (അ) ഇറങ്ങി എന്റെ നെഞ്ച് പിളര്‍ത്തി ഹൃദയം പുറത്തെടുത്ത്, സംസം വെള്ളം കൊണ്ട് കഴുകി. എന്നിട്ട് എന്റെ ഹൃദയത്തില്‍ സത്യവിശ്വാസവും യുക്തിജ്ഞാനവും നിറച്ചു, നെഞ്ച് അടച്ചുപൂട്ടി. പിന്നീട് എന്റെ കൈ പിടിച്ച് ഒന്നാനാകാശത്തേക്കുയര്‍ന്നു.
സംസം വെള്ളം വയറ് നിറയെ കുടിക്കുകയെന്നത് സുന്നത്തായി ഗണിക്കപ്പെടുന്നു. സംസം വെള്ളം കുടിക്കുന്നത് ആ വെള്ളത്തോടുള്ള ആദരവ് കൂടിയാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്‍മാരുണ്ട്. കഅ്ബയെ അഭിമുഖീകരിക്കുമ്പോഴും, അതിന്റെ പേര് ഉച്ചരിക്കുമ്പോഴും ഓരോ സന്ദര്‍ഭത്തിലും വെള്ളം കുടിക്കാം. ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ‘ഞാന്‍ നബി (സ) യെ സംസം വെള്ളം കുടിപ്പിച്ചു. അപ്പോള്‍ അദ്ദേഹം നില്‍ക്കുകയായിരുന്നു’ എന്ന ഹദീസ് ഉദ്ധരിച്ച് സംസം വെള്ളം നിന്നു കുടിക്കുന്നത് അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്‍മാരുണ്ട്.
സംസം വെള്ളം കുടിക്കുന്നതിനിടയില്‍ തലയിലും മുഖത്തും നെഞ്ചിലും ഒഴിക്കുന്നത് അഭിലഷണീയമാണെന്ന് പല പണ്ഡിതന്‍മാരും അഭിപ്രയാപ്പെട്ടിട്ടുണ്ട്. സംസം വെള്ളം കുടിക്കുമ്പോള്‍ പ്രാര്‍ത്ഥനകള്‍ അധികരിപ്പിക്കുന്നതും നല്ലതാണ്. സംസം ഇഹലോകത്തേക്കും പരലോകത്തേക്കും വേണ്ടിയാണ് കുടിക്കുന്നത്.
ഇബ്‌നു അബ്ബാസ് സംസം വെള്ളം കുടിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: ‘പ്രയോജനകരമായ വിജ്ഞാനത്തെയും മതിയായ ഭക്ഷണത്തെയും എല്ലാവിധ രോഗങ്ങളില്‍ നിന്നുള്ള ശമനത്തെയും അല്ലാഹുവേ നിന്നോട് ഞാന്‍ ചോദിക്കുന്നു.’
ദീന്‍വരി അല്‍ ഹുമൈദിയില്‍ നിന്ന് ഉദ്ധരിക്കുന്നു. ‘ഞങ്ങള്‍ സുഫ്‌യാനുബ്‌നു ഉയയ്‌നയുടെ അരികിലിരിക്കെ, ‘കുടിപ്പിക്കപ്പെടുന്ന വെള്ളമാണ് സംസം’ എന്ന ഹദീസ് ഞങ്ങള്‍ ഉദ്ധരിച്ചു. അപ്പോള്‍ സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു. സംസം വെള്ളത്തെ കുറിച്ച് പറയപ്പെടുന്ന ആ ഹദീസ് ശരിയാണോ? അപ്പോള്‍ ഉയയ്‌ന പറഞ്ഞു: തീര്‍ച്ചയായും ശരിയാണ്. അപ്പോള്‍ ചോദിച്ചയാള്‍ പറഞ്ഞു: ഞാനിപ്പോള്‍ തന്നെ ഒരു ബക്കറ്റ് സംസം വെള്ളം കുടിക്കുകയാണ്, നൂറ് ഹദീസുകള്‍ നിങ്ങള്‍ പഠിപ്പിച്ച് തരുന്നതിന് പകരമായി. അപ്പോള്‍ സുഫ് യാന്‍ പറഞ്ഞു: നീ അവിടെ ഇരിക്കുക. അയാള്‍ ഇരുന്നു. സുഫ് യാന്‍ ബ്‌നു ഉയയ്‌ന അദ്ദേഹത്തിന് നൂറ് ഹദീസുകള്‍ പറഞ്ഞു കൊടുത്തു.
ഹാജിമാര്‍ സംസം വെള്ളം കുടിക്കുക മാത്രമല്ല, തങ്ങളുടെ നാടുകളിലേക്ക് കൊണ്ടു പോവുന്നതും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതും അഭിലഷണീയമാണന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. സംസം വെള്ളം ശേഖരിച്ച് ആയിശ (റ) രോഗികള്‍ക്ക് കുടിക്കാന്‍ നല്‍കിയിരുന്നവെന്ന റിപ്പോര്‍ട്ടാണ് അതിന് തെളിവ്.
സംസം വെള്ളം സംശുദ്ധമാണന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ സംസം കൊണ്ട് നജസുകള്‍ നീക്കി ശുദ്ധമാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ‘കശാഫുല്‍ ഖിനാഅ്’ എന്ന ഗ്രന്ഥത്തില്‍ അല്ലാമാ ബഹൂതി പറയുന്നത്, സംസം വെള്ളം നജസ് നീക്കാന്‍ വേണ്ടി (ഒരു വസ്തുവിനെ ശുദ്ധീകരിക്കാന്‍ വേണ്ടി) മാത്രം ഉപയോഗിക്കുന്നത് കറാഹത്താണ് എന്നാണ്. എന്നാല്‍ ചെറിയ അശുദ്ധികളില്‍ നിന്ന് മുക്തമാകാന്‍ സംസം വെള്ളം ഉപയോഗിക്കാം. കാരണം അലി (റ) പറഞ്ഞിട്ടുണ്ട്. ‘നബി (സ) ഹജ്ജില്‍ നിന്ന് വിരിമിച്ച ശേഷം ഒരു തോല്‍ പാത്രത്തില്‍ സംസം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് അതില്‍ നിന്ന് അല്‍പ്പം കുടിക്കുകയും ബാക്കികൊണ്ട് വുളുഅ് എടുക്കുകയും ചെയ്തു’.
മഖാസിദുല്‍ ഹസനാതില്‍ ഹാഫിള് സഹാവി പറയുന്നു. ‘സംസം വെള്ളം ആ പ്രദേശത്ത് അതിന്റെ സ്ഥാനത്ത് ആയിരിക്കുമ്പോള്‍ മാത്രമേ അതിന് ശ്രേഷ്ഠതയുള്ളൂ. അതവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കിയാല്‍ അതിനു യാതൊരു ശ്രേഷ്ഠതയുമില്ല. മറ്റേതൊരു വെള്ളം പോലെതന്നെയാണ് സംസവും’. എന്നാല്‍ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന അഭിപ്രായവും ഉണ്ട്. നബി (സ) സുഹൈലുബ്‌നു അംറിന് എഴുതിയ കത്തില്‍ കാണാം. ‘എന്റെ ഈ എഴുത്ത് രാത്രിയാണ് നിങ്ങളുടെ അടുത്ത് എത്തുന്നതെങ്കില്‍, നിങ്ങള്‍ പ്രഭാതമാകാന്‍ കാത്തിരിക്കരുത്. പ്രഭാതത്തിലാണെങ്കില്‍ സായാഹ്നത്തിനും കാത്ത് നില്‍ക്കരുത്. ഈ എഴുത്ത് കിട്ടിയാലുടന്‍ എനിക്ക് സംസം വെള്ളം കൊടുത്ത് വിടുക.’ മക്കാ വിജയത്തിന് മുമ്പ് നബി (സ) മദീനയിലായിരിക്കുമ്പോഴാണ് ഈ കത്തുമായി പ്രവാചകന്‍ ദൂതനെ അയക്കുന്നത്. നബി (സ) മരുന്നായും ഔഷധമായും സംസം വെള്ളം കൊണ്ടു പോയിരുന്നുവെന്നും അവിടുന്ന് രോഗികളെ കുടിപ്പിക്കുകയും അവരില്‍ പുരട്ടുകയും ചെയ്തിരുന്നതായും ആയിശ (റ) പറയുന്നുണ്ട്.
ഒരിക്കല്‍ ഇബ്‌നു അബ്ബാസ് (റ) മക്കയില്‍ അതിഥിയായി എത്തിയപ്പോള്‍ സംസം വെള്ളം കൊണ്ടുപോകാന്‍ ചോദിച്ചു. എന്തിനാണ് സംസം വെള്ളം കൊണ്ടുപോകുന്നതെന്ന് അത്വാഅ് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘നബി (സ) അങ്ങനെ ചെയ്തിട്ടുണ്ട്. നബിയുടെ പൗത്രന്‍മാരായ ഹസനും ഹുസൈനും അങ്ങനെ ചെയ്തിട്ടുണ്ട്’.
ശൈഖ് മുഹമ്മദ് സാലിഹ് അല്‍ മുനജ്ജദ്
Add Comment