കഅ്ബാ പ്രദക്ഷിണത്തിന് കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുന്നതിനു വേണ്ടി മഖാമു ഇബ്‌റാഹീം ഇപ്പോള്‍ സ്ഥിതിചെയ്യുന്ന ഇടത്തു നിന്നു മസ്ജിദുല്‍ ഹറാമില്‍ തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇസ്‌ലാമിക മീഡിയകളില്‍ നീണ്ട വിവാദം നടക്കുകയുണ്ടായല്ലോ. ഇങ്ങനെ ചെയ്യുന്നതിന് ശര്‍ഇയായ വല്ല തടസ്സവുമുണ്ടോ?
ആദ്യം എന്താണ് ഈ ‘മഖാമു ഇബ്‌റാഹീം’ എന്നു നോക്കാം. ഒരിക്കല്‍ മക്കയില്‍ എത്തിയ ഇബ്‌റാഹീം (അ) നെ പുത്രന്‍ ഇസ്മാഈല്‍ നബി (അ) ന്റെ പത്‌നി സ്വീകരിക്കുകയും ശിരസ്സില്‍ വെള്ളമൊഴിച്ച് കഴുകിക്കൊടുക്കുകയുമുണ്ടായി. അതിനു വേണ്ടി ആ സ്ത്രീ ഒരു ശില കൊണ്ടുവന്നു. വലതുകാല്‍ അതില്‍മേല്‍ ഉയര്‍ത്തിവെച്ച് ഇബ്‌റാഹിം (അ) ശിരസ്സിന്റെ ഒരു പാതി പുത്രപത്‌നിയുടെ നേര്‍ക്ക് തിരിച്ചു വെച്ചു. ആ ഭാഗം കഴുകിയ ശേഷം ശില മറുഭാഗത്തേക്ക് മാറ്റി കാല്‍ അതിലെടുത്തുവെച്ച് ശിരസ്സിന്റെ മറുഭാഗം ചെരിച്ചു. ഈ ശിലയാണ് പിന്നീട് ‘മഖാമു ഇബ്‌റാഹീം’ (ഇബ്‌റാഹീം നിന്ന സ്ഥലം) എന്ന പേരില്‍ അറിയപ്പെട്ടത്. ഇതൊരു നിവേദനം.
മറ്റു ചിലരുടെ അഭിപ്രായം ഇങ്ങനെയാണ്. കഅ്ബ പണിയുകയായിരുന്നു ഇബ്‌റാഹീം. ഇസ്മാഈല്‍ കല്ലുകള്‍ എത്തിച്ചു കൊടുത്തു. ജോലി പുരോഗമിക്കവെ, ഉയര്‍ന്ന ചുമരുകളില്‍ കല്ലുകള്‍ വെക്കാന്‍ ഇബ്‌റാഹീമിന് പൊക്കം പോരാതെ വന്നു. അദ്ദേഹം ഒരു കല്ലില്‍ കയറി നിന്ന് പൊക്കം കൂട്ടി ജോലി തുടര്‍ന്നു…. ഈ സംഭവം ഉദ്ധരിച്ച ശേഷം നിവേദകര്‍ പറയുന്നു. ഈ ശിലയാണ് ‘മഖാമു ഇബ്‌റാഹീം’. ഭൂരിപക്ഷ പണ്ഡിതരും സ്വീകരിക്കുന്ന നിവേദനം ഇതുതന്നെ.
മൂന്നാമത്തെ വീക്ഷണം ഇപ്രകാരമാണ്. ഇബ്‌നു അബ്ബാസ് പറയുന്നു. ഹജ്ജ് കര്‍മ്മം മുഴുവനും ‘മഖാമു ഇബ്‌റാഹീമാണ്’ …..അറഫ ഇബ്‌റാഹീം നിന്ന സ്ഥലമാണ്. കല്ലെറിയുന്നയിടം ഇബ്‌റാഹീം നിന്ന സ്ഥലമാണ്. പ്രദക്ഷിണം, ഓട്ടം തുടങ്ങി ഹജ്ജിലെ ചടങ്ങുകളെല്ലാം ‘മഖാമു ഇബ്‌റാഹീം’ ആണ്. വെളിച്ചം കിട്ടിയ ഒരു ബുദ്ധിയില്‍ നിന്നും വേരുറച്ച ജ്ഞാനത്തില്‍ നിന്നും വരുന്ന നല്ല അഭിപ്രായം.
അല്ലാഹുവിന്റെ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ഇബ്‌റാഹീം എവിടെയെല്ലാം ചരിച്ചുവോ അവയെല്ലാം ഇബ്‌റാഹീമിന്റെ ‘മഖാമു’ കള്‍ തന്നെ. അദ്ദേഹം സ്വപുത്രനോടൊത്ത് മക്കയില്‍ പലായനം ചെയ്‌തെത്തി. ദൈവകല്‍പന പ്രകാരം അദ്ദേഹം അവിടെ ദൈവഭവനം പണിതു. പുത്രനെ ബലി നല്‍കാന്‍ മുതിര്‍ന്നു…അങ്ങനെ എത്രയോ സംഭവങ്ങള്‍. കഅ്ബ പണിയുമ്പോള്‍ അദ്ദേഹം കയറിനിന്ന ഈ ശില ആ മഖാമുകളിലൊന്നാണ്. അതിനാല്‍ അതിനെ മഖാമു ഇബ്‌റാഹീം എന്നു വിളിക്കുന്നു. മുസ്‌ലിം ജാബിറില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം. തിരുദൂതര്‍ ദൈവഭവനം ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ അതിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്നു മൂന്നു തവണ ധൃതിയിലും നാലു തവണ സാവധാനത്തിലും നടന്നു അതിനെ പ്രദക്ഷിണം ചെയ്തു. പിന്നീട് മഖാമു ഇബ്‌റാഹീമിനെ സമീപിച്ചു. ‘മഖാമു ഇബ്‌റാഹീമിനെ നമസ്‌കാര സ്ഥലമാക്കുക’ എന്ന് പാരായണം ചെയ്തു രണ്ട് റക്അത്ത് നമസ്‌കരിച്ചു. അവയില്‍ അല്‍ കാഫിറൂന്‍, അല്‍ ഇഖ്‌ലാസ് എന്നീ അധ്യായങ്ങള്‍ പാരായണം ചെയ്തു.
ഈ ശില മുമ്പ് കഅ്ബയുടെ ചുമരിന് ചേര്‍ന്നാണ് കിടന്നിരുന്നത്. തിരുദൂതരുടെയും അബൂബക്കര്‍ സിദ്ധീഖിന്റെയും കാലത്ത് ഉമറിന്റെ ഭരണ കാലത്തില്‍ അല്പകാലവും അത് അപ്പടി ശേഷിച്ചു. ശിലയുടെ കിടപ്പ് കഅ്ബാ പ്രദക്ഷിണത്തിന് ചെറിയതോതില്‍ വിഷമമുണ്ടാക്കുമെന്നും ജനങ്ങള്‍ക്ക് കഅ്ബയുടെ ചുമരുകളെ സമീപിക്കാന്‍ അത് അസൗകര്യമാണെന്നും പ്രദക്ഷിണം ചെയ്യുന്നവര്‍ മഖാമിന്നടുത്തുവെച്ച് നമസ്‌കരിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്നും കണ്ട ഉമര്‍ അത് തല്‍സ്ഥാനത്ത് നിന്ന് കിഴക്കു ഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചു. ഇന്ന്് കഅ്ബക്ക് ചുറ്റുമുള്ള പ്രദക്ഷിണ വൃത്തം വിശാലമായിട്ടുണ്ട്. മഖാം പ്രസ്തുത പ്രദക്ഷിണവൃത്തത്തിലാണിപ്പോഴുള്ളത്. തന്‍മൂലം പ്രദക്ഷിണം വെക്കുന്നവര്‍ക്ക് അത് അസൗകര്യമാണെന്ന് മാത്രമല്ല, മഖാമിന്നടുത്ത് നമസ്‌കരിക്കുന്നവര്‍ക്ക് പ്രശ്‌നമാവുകയും ചെയ്യുന്നു. നാം ഉമറിനെപ്പോലെ ചിന്തിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നുവെന്നതാണ് ഫലം. അനിവാര്യമായ കാരണങ്ങളാല്‍ ഉമര്‍ മഖാമു ഇബ്‌റാഹീം മാറ്റി സ്ഥാപിച്ചു. അതേ അനിവാര്യത മൂലം നമുക്കും അത് ചെയ്യാമോ?
ഇവിടെ ഒരു വിഭാഗത്തെ സൂക്ഷ്മത കീഴടക്കുന്നു. നാമാര്? ഉമര്‍ ആര്? ഉമര്‍ അങ്ങനെ ചെയ്തുവെന്നത് ശരി. ഉമറിന്റെ പ്രവര്‍ത്തിക്ക് സാക്ഷ്യം വഹിക്കാന്‍ തിരുദൂതരുടെ അനുചരന്‍മാര്‍ ഉണ്ടായിരുന്നു. അവരുടെ പിന്‍ബലമുണ്ടായിരുന്നു. ആരും അദ്ദേഹത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തില്ല. സമുദായം തലമുറകളായി സൂക്ഷ്മതയോടെ സ്വീകരിച്ചംഗീകരിച്ചുപോരുന്ന ഭിന്നാഭിപ്രായമില്ലാത്ത ഒന്നായിരുന്നു അത്. സ്വഹാബികള്‍ തൃപ്തിപ്പെട്ടതും ഇന്നോളം തുടര്‍ന്നുവരുന്നതുമായ ഒരിടത്ത് നിന്ന് മഖാം മാറ്റാന്‍ നമുക്ക് അനുവാദമില്ല. ഇന്നോളമാരും മാറ്റമുദ്ദേശിച്ച് അതു സ്പര്‍ശിച്ചിട്ടുമില്ല. കഅ്ബക്കുപോലും വമ്പിച്ച മാറ്റങ്ങള്‍ സംഭവിച്ചിട്ടും ചിലരുടെ വാദം ഇങ്ങനെയാണ് !
ന്യായമായ ഒരു വാദം തന്നെ. അതിലന്തര്‍ലീനമായ വികാരം സ്തുതിക്കപ്പെടേണ്ടതുമാണ്. പക്ഷെ, ഈയുള്ളവന്‍ ചിലത് പറയാനുദ്ദേശിക്കുന്നു. ഉമര്‍ മഖാം മാറ്റിയത് ന്യായമായ ചില കാരണങ്ങളാലാണ്. അനിവാര്യമായ ഘട്ടത്തില്‍. സ്വഹാബികളെല്ലാം ഉമറിനോട് യോജിച്ചു. ഇന്ന് നിലനില്‍ക്കുന്ന കാരണങ്ങളോ, അന്നത്തേതുതന്നെ. ഉമര്‍ ഇന്ന് ജീവിച്ചിരിക്കുകയും ഈ അനിവാര്യത നേരിടുകയുമാണെങ്കില്‍ മുമ്പ് മാറ്റിയത് പോലെ ഒരിക്കല്‍ കൂടി മാറ്റുന്നതില്‍ തെറ്റു കാണുമോ? സഹാബികളുടെ മാതൃക സ്വീകരിക്കേണ്ട ബാധ്യത നമുക്കില്ലേ? പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ അവര്‍ ചെയ്തതു തന്നെ, അതേ പ്രശ്‌നങ്ങള്‍ നമുക്ക് നേരിട്ടാല്‍ നാമും ചെയ്യണമെന്നല്ലേ അതിന്റെ താല്‍പര്യം?
പ്രദക്ഷിണവൃത്തത്തില്‍ ഇടുക്കം അനുഭവപ്പെടാറുണ്ട് എന്നതില്‍ സംശയമില്ല. ഹജ്ജ് ചെയ്യുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവര്‍ അവിടത്തെ തിക്കും തിരക്കും അനുഭവിച്ചിരിക്കും. അതില്‍പ്പെട്ട് ഉന്തും തള്ളുമേല്‍ക്കേണ്ടി വരുന്ന സ്ത്രീകളുടെ കഷ്ടപ്പാട് അവര്‍ ഓര്‍ക്കുന്നുണ്ടാകും. തിരുദൂതരുടെ ചര്യകളിലൊന്നായ ത്വവാഫിലെ ധൃതിവെച്ച നടത്തം തിരക്കുമൂലം നിഷ്ഫലമായിപ്പോകുന്നതും അവര്‍ മറക്കാനിടയില്ല. അതിനാല്‍ തീര്‍ത്ഥാടകരുടെ സൗകര്യത്തിനും അവരുടെ ക്ലേശം കുറക്കുന്നതിനും തിരുദൂതര്‍ നിശ്ചയിച്ച രൂപത്തില്‍തന്നെ ത്വവാഫ് പൂര്‍ത്തിയാക്കുന്നതിനും പ്രദക്ഷിണവൃത്തം വിശാലമാക്കുന്നത് ഉദാരമായ നമ്മുടെ ദീന്‍ സ്വാഗതം ചെയ്യുമെന്നതില്‍ സംശയമില്ല. പക്ഷെ, പ്രദക്ഷിണവൃത്തം വിശാലമാക്കുമ്പോള്‍ മഖാം അതില്‍പ്പെടും. മഖാം അതില്‍ ശേഷിച്ചാല്‍ ഉറപ്പായും വന്നുചേരുന്ന ഒരപകടത്തിന് നാം സ്വയം വിട്ടുകൊടുക്കുകയാവും ഫലം. ഇബ്‌റാഹീമിന്റെ മഖാമില്‍ വെച്ച് നമസ്‌കരിക്കണമെന്ന് അല്ലാഹുവിന്റെ അരുളപ്പാടുണ്ട്. വിശാലമാക്കപ്പെടുന്ന വൃത്തത്തിലൂടെയുള്ള പ്രദക്ഷിണം ഒന്നുകില്‍ നമസ്‌കരിക്കാനുള്ള ദൈവകല്‍പനയെ നിഷ്ഫലമാക്കും. അല്ലെങ്കില്‍ ഭയഭക്തിയോ അടക്കമോ ഇല്ലാതെ ദ്രുതഗതിയില്‍ നമസ്‌കാരം അനുഷ്ഠിക്കേണ്ടതായി വരും. രണ്ടും ശര്‍ഇന്റെ അംഗീകാരമില്ലാത്ത കാര്യങ്ങള്‍. കൂടുതല്‍ അപകടകാരിയായ ഒരു ദോഷം തടുക്കാനല്ലാതെ രണ്ടും ശരീഅത്ത് അംഗീകരിക്കുന്നില്ല. മഖാമിന്റെ സ്ഥാനം മാറുന്നത് ഹജ്ജിന്റെ കര്‍മ്മങ്ങള്‍ക്ക് ഏതെങ്കിലും നിലയില്‍ ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും സാധ്യവുമല്ല.
ഇവിടെ ശ്രദ്ധേയമായ രണ്ട് കാര്യങ്ങള്‍ ഉണര്‍ത്തട്ടെ.
ഒന്ന്; ഉമര്‍ (റ) മഖാം മാറ്റിസ്ഥാപിക്കുമ്പോള്‍ അത് കഅ്ബയുടെ ചുമരിനോട് ചേര്‍ന്നു കിടക്കുകയായിരുന്നു. ആ സ്ഥാനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. എന്നിട്ടും അദ്ദേഹമത് അവിടെനിന്നും ദൂരേക്ക് മാറ്റി. ഇന്നും നാം ചെയ്യാനുദ്ദേശിക്കുന്ന മാറ്റത്തില്‍ അത്രയും പ്രധാനപ്പെട്ട ഒരു സ്ഥാനം അതിന്ന് നഷ്ടപ്പെടുവാനില്ല.
രണ്ട: മഖാമു ഇബ്‌റാഹീം മാറ്റിസ്ഥാപിക്കാന്‍ ഉമര്‍ തീരുമാനിക്കുമ്പോള്‍ ഇബ്‌റാഹീം (അ) സ്വകരങ്ങള്‍ കൊണ്ട് വെച്ചതും കഅ്ബ നിര്‍മിക്കാന്‍ വേണ്ടി കയറി നിന്നതുമായ യഥാര്‍ത്ഥ സ്ഥാനത്താണ് അതുണ്ടായിരുന്നത്. പവിത്രമായ ചരിത്രസ്മരണകള്‍ ഉറങ്ങിക്കിടന്ന സ്ഥലം. ഉമറാകട്ടെ, ഇബ്‌റാഹീം (അ) നിന്ന സ്ഥാനത്ത് നിന്ന് അദ്ദേഹം നിന്നതല്ലാത്ത ഒരിടത്ത് അത് സ്ഥാപിക്കുകയാണുണ്ടായത്. ഇന്നു നാം അത് ചെയ്യുമ്പോള്‍ അത്തരം ഒരനുഭവം ഉണ്ടാകാനില്ല.
ഇതെല്ലാം കാണിക്കുന്നത് ശിലയുടെ പഴയ സ്ഥാനം, ഇബ്‌റാഹീം നിന്ന സ്ഥാനത്തെ നമസ്‌കാര സ്ഥലമാക്കുക എന്ന ഖുര്‍ആന്‍ സൂക്തം അവതരിക്കുന്നതിനു മുമ്പു തന്നെ, മഖാമു ഇബ്‌റാഹീം എന്ന പേരില്‍ ആളുകള്‍ക്ക് സുപരിചിതമായിരുന്നു എന്നാണ്. സൂക്തം അവതരിച്ചപ്പോള്‍, ശില കിടന്നിരുന്ന കഅ്ബയുടെ ചുവരിനോട് ചേര്‍ന്ന് ആ സ്ഥാനമല്ലാതെ ജനഹൃദയങ്ങളില്‍ തെളിഞ്ഞിരുന്നില്ല. ഒരിക്കല്‍ കഅ്ബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റസൂല്‍ തിരുമേനി പ്രസ്തുത ശിലയെ കടന്നു പോകവെ ഉമര്‍ ചോദിച്ചു. ‘ഇതല്ലേ, നമ്മുടെ പിതാവായ ഇബ്‌റാഹീമിന്റെ മഖാം?’ ‘അതെ’ റസൂല്‍ പറഞ്ഞു. അപ്പോള്‍ ഉമര്‍ ചോദിച്ചു. ‘നമുക്കതിനെ നമസ്‌കാര സ്ഥലമാക്കിക്കൂടേ?’. ഏറെത്താമസിയാതെ തിരുദൂതര്‍ക്ക് ദിവ്യബോധനം ലഭിച്ചു. ‘നിങ്ങള്‍ മഖാമു ഇബ്‌റാഹീം നമസ്‌കാര സ്ഥലമാക്കു……’
ഇതില്‍ നിന്ന് ഖുര്‍ആന്‍ ഈ സ്ഥലത്തെ ‘മഖാമു ഇബ്‌റാഹീം’ എന്ന് വിളിച്ചത്, അത് നിര്‍ണിത അതിരുകളോടും അടയാളങ്ങളോടും കൂടി ജന ഹൃദയങ്ങളില്‍ നേരത്തെ സ്ഥലം പിടിച്ച ഒന്നായതുകൊണ്ടാണ്. അതിനെ നമസ്‌കാരസ്ഥലമാക്കാന്‍ കല്‍പ്പിച്ചപ്പോള്‍, അവര്‍ക്ക് സുപരിചിതമായ ആ സ്ഥലമാണുദ്ദേശിച്ചത്. ആയിടത്താണ് തിരുമേനിയും, അദ്ദേഹത്തിനുശേഷം സഹാബികളും മറ്റുള്ളുവരും നമസകരിച്ചത്. ഇതിന്റെയെല്ലാം അര്‍ത്ഥം, തിരുദൂതര്‍ നമസ്‌കരിച്ചതും വിശുദ്ധ ഖുര്‍ആന്‍ ഉദ്ദേശിച്ചതുമായ ഒരിടത്തുനിന്നാണ് ഉമര്‍ ആ ശില മാറ്റിസ്ഥാപിച്ചത് എന്നത്രെ. ഇന്ന്് നാം അത് മാറ്റുമ്പോള്‍, ഖുര്‍ആന്റെ അവതരണഘട്ടത്തില്‍ ദിവ്യബോധനത്തിലന്തര്‍ലീനമായിരുന്ന ഒരാശയത്തിനെതിരായി ഒന്നും ചെയ്യേണ്ടിവരുന്നില്ല. തിരുദൂതര്‍ നമസ്‌കരിച്ചിരുന്നതല്ലാത്ത ഒരിടത്തു വെച്ച് ഒരിടത്തുവെച്ച് നമസ്‌കരിക്കുവാനിടയാക്കുന്നതിന്റെ ഉത്തരവാദിത്വവും നമ്മില്‍ വന്നു ചേരുന്നില്ല. ആ നിലക്ക് ഉമറിന് അനുവദനീയമായ ഒരു കാര്യം നമുക്ക് നിഷിദ്ധമാകുന്നതെങ്ങനെ?
ഒരുകാര്യം കൂടി. ജാഹിലിയ്യാ കാലത്ത് അറബികള്‍ കഅ്ബ പുതുക്കപ്പണിയുകയുണ്ടായി. അവര്‍ക്ക് പണത്തിന് ക്ഷാമമുണ്ടായിരുന്നു. അതിനാല്‍ അവര്‍ കഅ്ബയുടെ അടിത്തറയിലും വ്യാപ്തിയിലും കുറവു വരുത്താന്‍ നിര്‍ബന്ധിതരായി. മുമ്പ് കഅ്ബയുടെ കവാടം നിലംപറ്റിക്കിടപ്പായിരുന്നു. പുതുക്കിപ്പണിതപ്പോള്‍ അവരത് ഉയര്‍ത്തിവെച്ചു. താഴെ വിട്ട ഭാഗം തുറന്നു തന്നെ കിടന്നു. ഇന്ന് ആ ഭാഗം ‘ഹിജ്ര്‍’ എന്ന പേരിലറിയപ്പെടുന്നു. മുസ്‌ലിം, ആയിശയില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക. ആയിശ പറയുന്നു. ‘കഅ്ബയിലെ ഹിജ്‌റിനെപ്പറ്റി അത് കഅ്ബയില്‍പ്പെട്ടതാണോ എന്ന് ഞാന്‍ തിരുദൂതരോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. അതെ. ഞാന്‍: അവരെന്തുകൊണ്ടത് കെട്ടിടത്തിലുള്‍പ്പെടുത്തിയില്ല? അദ്ദേഹം: നിന്റെ ആള്‍ക്കാരുടെ പക്കല്‍ പണം കുറവായിരുന്നു. ഞാന്‍ : അതിന്റെ കവാടം ഉയര്‍ത്തിവെച്ചതെന്തിന്? അദ്ദേഹം : അവരിച്ചിക്കുന്നവരെ പ്രവേശിപ്പിക്കാനും ഇഛിക്കുന്നവരെ തടയാനും’
‘ഹിജ് ര്‍’ ഉള്‍പ്പെടുത്തി ഇബ്‌റാഹീം പണിതതും ഖുര്‍ആന്‍ പ്രസ്താവിച്ചതുമായ പഴയ അടിത്തറയില്‍ കഅ്ബ പുനര്‍നിര്‍മിക്കണമെന്ന് തിരുദൂതര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ജാഹിലിയ്യാ കാലവുമായുള്ള അടുപ്പം മൂലം ചിലരിലിത് ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലോ എന്ന് അദ്ദേഹം ഭയപ്പെട്ടു. ‘ആയിശാ, നിന്റെ ആള്‍ക്കാരുടെ കുഫ്‌റുമായുള്ള സാമീപ്യം കൊണ്ടല്ലെങ്കില്‍ ഞാന്‍ കഅ്ബ പൊളിച്ച് ഇബ്‌റാഹീമിന്റെ അടിത്തറയില്‍ അത് പുതുക്കി പണിതേനെ’ എന്ന് തിരുദൂതര്‍ പറഞ്ഞത് പ്രസ്തുത ആശങ്കയുടെ പ്രകടനമാണ്. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം. ‘നിന്റെ ജനത ജാഹിലിയ്യാ ഘട്ടവുമായി ബന്ധമുള്ളവരാകയാല്‍ അവര്‍ക്കുണ്ടാകാവുന്ന അപ്രീതി ആശങ്കിച്ചിരുന്നില്ലെങ്കില്‍ ഹിജ്‌റിനെ കഅ്ബയിലുള്‍പ്പെടുത്തുവാനും അതിന്റെ വാതില്‍ നിലത്തോട് ചേര്‍ത്തുവെക്കുവാനും ഞാന്‍ ആലോചിച്ചേനെ’.
ജാഹിലിയ്യാ കാലഘട്ടം കഅ്ബയുടെ ഘടനയില്‍ സുപ്രധാനമായ മാറ്റങ്ങളും പരിഷ്‌കരണങ്ങളും വരുത്തിയതായി തിരുദൂതര്‍ കാണുന്നു. എന്നിട്ടും അതിന്റെ വിശുദ്ധിയും പവിത്രതയും അതേപടി നിലനില്‍ക്കുന്നു. ഈ പരിഷ്‌കരണങ്ങള്‍ അതിന്റെ ഇന്ദ്രിയഗോചരമായ ഘടനയെ മാത്രം ബാധിക്കുന്നതായേ അദ്ദേഹം കരുതുന്നുള്ളൂ. ഒരു വിശ്വാസത്തെയും അത് സ്പര്‍ശിക്കുന്നില്ല. ‘ദൈവഭവനം’ എന്ന അതിന്റെ ഔദ്യോഗിക പദവിയുടെ പവിത്രതക്ക് അതൊട്ടും ഹാനിവരുത്തുന്നില്ല. വാതില്‍ നിലം പറ്റിക്കിടന്നാലും ഉയര്‍ന്നു നിന്നാലും ദൈവഭവനം, ദൈവഭവനം തന്നെ. മുമ്പത്തെ വ്യാപ്തത്തിലല്‍പ്പം കുറഞ്ഞാലുമേറിയാലും ദൈവഭവനം ദൈവഭവനമല്ലാതാകുന്നില്ല. എന്തൊക്കെ പരിഷ്‌കരണങ്ങളതിലുണ്ടായിട്ടും തിരുദൂതര്‍ അതിനെ ദൈവഭവനം എന്നു വിളിച്ചു. ദിവ്യ ബോധനം അത് സ്ഥിരീകരിക്കുകയും ചെയ്തു. അല്ലാഹുവിന്റെ ഭവനം എന്ന ഔദ്യോഗിക പദവി അര്‍ഹിക്കുവാന്‍ അതിന്റെ അവശിഷ്ടഘടന തന്നെ ധാരാളം മതി.
അപ്പോള്‍ കഅ്ബയുടെ മൂല്യം അതിന്റെ ഔദ്യോഗിക പദവി കുറിക്കുന്ന ആശയത്തിലാണ്. അല്ലാഹുവുമായുള്ള ബന്ധമാണതിന്റെ പവിത്രതക്കു നിദാനം. അതുള്‍ക്കൊള്ളുന്ന ‘ബറകത്ത്’ അതിലെ ശിലകളുടെ ആകാരത്തെയോ കെട്ടിടനിര്‍മാണത്തിന്നുപയുക്തമാക്കിയ മറ്റു പദാര്‍ഥങ്ങളെയോ ആശ്രയിച്ചു നില്‍ക്കുന്നതല്ല. മറിച്ച്, അല്ലാഹുവുമായതിനെ ബന്ധപ്പെടുത്തുന്ന ആധ്യാത്മിക ചൈതന്യത്തിന്റെ മഹാത്മത്തെ ആസ്പദിച്ചു നില്‍ക്കുന്ന കാര്യമാണത്. അതിനാല്‍ ജാഹിലിയ്യാ കാലത്ത് കഅ്ബക്ക് സംഭവിച്ച പരിഷ്‌കരണങ്ങള്‍ നീക്കംചെയ്യേണ്ടത് നിര്‍ബന്ധമായ ഒരാവശ്യമായി തിരുദൂതര്‍ കണ്ടില്ല. കാരണം, ഘടനയിലെ മാറ്റം ഒരു വിശ്വാസപ്രമാണത്തെയും ബാധിക്കുന്നതല്ല. കഅ്ബയെ ദൈവഭവനമാക്കുന്ന ആധ്യാത്മിക സത്യങ്ങള്‍ അതുമൂലം അതിന്ന് നഷ്ടമാകുന്നില്ല. ഇക്കാരണങ്ങളാല്‍, ജാഹിലിയ്യത്തുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരു ജനതയുടെ അനുഭാവം നഷ്ടപ്പെടാതിരിക്കുന്നതിന് കഅ്ബക്ക് സംഭവിച്ച ‘ജാഹിലിയ്യാ പരിഷ്‌കാരങ്ങള്‍’ അദ്ദേഹം അപ്പടിനിലനിര്‍ത്തി.
ജാഹിലിയ്യാ കാലത്തെ ബഹുദൈവത്വവുമായും വിഗ്രഹാരാധനയുമായും വിശ്വാസ പ്രമാണങ്ങളുമായും പ്രശ്‌നം വെക്കല്‍, ലക്ഷണം നോക്കല്‍ തുടങ്ങിയ ആചാരങ്ങളുമായും അള്ളിപ്പിടിച്ച ഹൃദയങ്ങളെ മാറ്റിയെടുക്കാനാണ് പ്രവാചകന്‍ നിയുക്തനായതെന്ന വസ്തുത ഇവിടെ ഊന്നിപ്പറയേണ്ടതുണ്ട്. അവയിലെത്രയോ അദ്ദേഹം മാറ്റിയെടുത്തു. അപ്പോഴൊന്നും ജനങ്ങളുടെ അനുഭാവം നഷ്ടപ്പെടുമെന്നതോ അവരുടെ ശത്രുത സമ്പാദിക്കേണ്ടി വരുമെന്നതോ അദ്ദേഹത്തിനു പ്രശ്‌നമായിരുന്നില്ല. ആയിരുന്നെങ്കില്‍ തന്റെ ദൗത്യനിര്‍വഹണത്തില്‍ ഒരടി മുന്നോട്ടു പോകാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. കഅ്ബയുടെ തൂണുകള്‍ക്കും ചുമരുകള്‍ക്കും സത്താപരമായ വല്ല പവിത്രതയും ഉണ്ടായിരുന്നെങ്കില്‍, വിശ്വസവുമായി ബന്ധപ്പെട്ട വല്ല വിശുദ്ധിയും കല്‍പ്പിക്കപ്പെട്ടിരുന്നെങ്കില്‍ ജനങ്ങളുടെ വെറുപ്പും ശത്രുതയും പ്രതിഷേധവും വകവെക്കാതെ ഇബ്‌റാഹീം പണിത അടിത്തറകളില്‍ കഅ്ബ പുനര്‍നിര്‍മിക്കുന്ന ജോലിയുമായി അദ്ദേഹം മുന്നോട്ടു പോകുമായിരുന്നു. പക്ഷെ, അദ്ദേഹം അതു ചെയ്തില്ല. അപായരഹിതമായ ഒരു കാര്യത്തില്‍ അദ്ദേഹം ജനമനസ്സുകളുടെ അനുഭാവത്തിന് മുന്‍ഗണന കൊടുത്തു.
മഖാമു ഇബ്‌റാഹീം എന്നറിയപ്പെടുന്ന ശിലയുടെ വിശുദ്ധി കഅ്ബയുടെ വിശുദ്ധിയോളമില്ലെന്ന കാര്യം തര്‍ക്കമറ്റതത്രെ. കഅ്ബ അല്ലാഹുവിന്റെ ഭവനമാണ്. ജനങ്ങള്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ട ആദ്യ ഭവനമാണ്. കഅ്ബ വിശുദ്ധ ഭവനമാണ്. ഇബ്‌റാഹീം നിന്ന ശിലക്ക് ഈ വിശേഷണങ്ങളൊന്നും നല്‍കപ്പെട്ടിട്ടില്ല. ദൈവഭവനത്തിന്റെ അസ്സല്‍ ഘടന നിലനിര്‍ത്തുന്നതില്‍ തിരുദൂതര്‍ക്ക് പ്രത്യേകം നിര്‍ബന്ധമൊന്നും ഉണ്ടായിരുന്നില്ല എന്നിരിക്കെ, അത്രയും പവിത്രതയും വിശുദ്ധിയും കല്‍പ്പിക്കപ്പെടേണ്ടതില്ലാത്ത ഒന്നിന്റെ കാര്യത്തില്‍ നമുക്കെന്തിനീ ശാഠ്യം?
കഅ്ബ അതിന്റെ പഴയ അടിത്തറകളില്‍ പുനര്‍നിര്‍മിക്കണമെന്ന നിര്‍ബന്ധം തിരുദൂതര്‍ക്കുണ്ടായിരുന്നില്ല എന്നത് അദ്ദേഹം ആയിശയോടു മറ്റൊരിക്കല്‍ പറഞ്ഞത് തെളിവ് നല്‍കുന്നു. മുസ് ലിം ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസില്‍ ഇങ്ങനെ കാണാം. ‘നിന്റെ ജനത ദൈവഭവനത്തിന്റെ നിര്‍മാണത്തില്‍ കുറവു വരുത്തി. അവര്‍ക്ക് ശിര്‍ക്കിനോടുള്ള കാലസാമീപ്യം ഇല്ലായിരുന്നുവെങ്കില്‍ അവര്‍ വിട്ടുകളഞ്ഞത് ഞാന്‍ പൂര്‍ത്തീകരിക്കുമായിരുന്നു. എന്റെ കാലശേഷം അതു പൂര്‍ത്തിയാക്കണമെന്ന് നിന്റെ ജനതക്ക് തോന്നുകയാണെങ്കിലോ, വരൂ! അവര്‍ വിട്ടു കളഞ്ഞ ഭാഗം ഞാന്‍ കാണിച്ചുതരാം…’ അദ്ദേഹം ആയിശക്ക് ആറു മുഴത്തോളം വരുന്ന ഒരു ഭാഗം കാണിച്ചു കൊടുത്തു. ‘എന്റെ കാലശേഷം അതു പൂര്‍ത്തിയാക്കണമെന്ന് നിന്റെ ജനതക്ക് തോന്നുകയാണങ്കിലോ’ എന്ന തിരുമൊഴി അതിലദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നില്ല എന്നു കുറിക്കുന്നു. അക്കാര്യം അദ്ദേഹം സ്വതന്ത്രമായ തീരുമാനത്തിനും തെരഞ്ഞെടുപ്പിനും വിട്ടു കൊടുക്കുകയായിരുന്നു. ആകാരത്തിലെ രൂപഭേദങ്ങള്‍ക്കു സ്വാധീനമില്ലാത്ത ചില ആധ്യാത്മിക സത്യങ്ങളര്‍ന്തര്‍ഭവിച്ച കാര്യമെന്ന നിലയിലാണ് തിരുദൂതര്‍ അതിനെ വീക്ഷിക്കുന്നത്. ഇതേ കാഴ്ച്ചപ്പാടാണ് മഖാമു ഇബ്‌റാഹീം സ്ഥലം മാറ്റുമ്പോള്‍ അതേക്കുറിച്ച് ഉമറിനുണ്ടായിരുന്നത്. ഇബ്‌റാഹീം (അ) മുമായുള്ള ബന്ധത്തെ സ്പര്‍ശിക്കുന്ന വശം അദ്ദേഹം പരിഗണിച്ചില്ല. കഅ്ബയുടെ ചുമരിനോട് ചേര്‍ന്നു കിടന്നാലും, ഒരനിവാര്യ ഘട്ടത്തില്‍ അവിടെ നിന്ന്് അകറ്റേണ്ടി വന്നാലും മഖാമു ഇബ്‌റാഹീം ‘മഖാമു ഇബ്‌റാഹീം’ തന്നെ. ഇനി നാം ഉമറിനെപ്പോലെ ആ ശിലയുടെ ആധ്യാത്മിക മൂല്യം മാത്രം പരിഗണിക്കുകയും പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് വിശാലത നല്‍കുന്നതിനും മഖാമിന്നടുത്തുവെച്ചുള്ള നമസ്‌കാരത്തിന് ഭക്തിയും ഒതുക്കവും കൈവരുത്തുന്നതിനും അനിവാര്യമായ ഒരുപാധിയെന്ന നിലയില്‍ ഉമര്‍ മാറ്റിയവിധം അത് മാറ്റുകയും ചെയ്യുകയാണെങ്കിലും മഖാമു ഇബ്‌റാഹീം അതേ മഖാമു ഇബ്‌റാഹീം തന്നെയായിരിക്കും. അല്ലാഹുവാണേറ്റം അറിയുന്നവന്‍.
Add Comment