Questions & Answers

മുസ്ദലിഫയിലെ രാപ്പാര്‍ക്കല്‍

ഞാന്‍ എല്ലാ വര്‍ഷവും ഹജ്ജ് ചെയ്യാറുണ്ട്. പക്ഷേ, മുസ്ദലിഫയില്‍ രാത്രി താമസിക്കാറില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ അവിടെ ചെലവഴിക്കും എന്നു മാത്രം. പത്തിനും പന്ത്രണ്ടിനും ഇടക്ക് പ്രായമുള്ള പുത്രിയെ എല്ലാ വര്‍ഷവും കൂടെ കൊണ്ടുപോകാറുണ്ട്. അവള്‍ ഹജ്ജിനും ഉംറക്കും ഇഹ്‌റാം കെട്ടും. രണ്ട് പ്രശ്‌നങ്ങളുടെയും വിധിയെന്താണ്?
മുസ്ദലിഫയിലെ രാപ്പാര്‍പ്പ് സംബന്ധമായി പണ്ഡിതന്‍മാര്‍ക്കിടയില്‍ വിയോജിപ്പുണ്ട്. തിരുദൂതര്‍ ചെയ്തതുപോലെ പുലരുവോളം അവിടെ താമസിക്കല്‍ നിര്‍ബന്ധമുണ്ടോ?

അതോ മഗ്‌രിബും ഇശാഉം ഒന്നിച്ചു നമസ്‌കരിച്ചാല്‍ മാത്രം മതിയോ? ഹമ്പലീ മദ്ഹബ് അനുസരിച്ച് അര്‍ധരാത്രിവരെ മുസ്ദലിഫയില്‍ തങ്ങേണ്ടതുണ്ട്. മാലികീ മദ്ഹബ് പ്രകാരം മഗ്‌രിബും ഇശാഉം ഒന്നിച്ച് നമസ്‌കരിക്കുവാനും അല്പം ഭക്ഷണം കഴിക്കാനും വേണ്ടുന്ന സമയം മാത്രമേ നില്‌ക്കേണ്ടതുള്ളൂ. പിന്നീട് യാത്ര തുടരാം.
മാലികീ വീക്ഷണമാണ് ഏറെക്കുറെ സൗകര്യമെന്നു തോന്നുന്നു. ഇക്കാലത്ത് ഹജ്ജുകര്‍മം സുഗമമാക്കുന്ന കാര്യങ്ങളോടാണ് എനിക്ക് ചായ്‌വ്. ഹജ്ജ് കര്‍മത്തിനെത്തുന്ന ആളുകളുടെ പ്രതിവര്‍ഷം ഏറിയേറിവരുന്ന സംഖ്യ കണക്കിലെടുത്താണിതു പറയുന്നത്. ഏറെക്കുറെ സൗകര്യപ്രദമായ ഈ അഭിപ്രായം സ്വീകരിക്കാതിരിക്കുന്നത് ആളുകള്‍ക്ക് വമ്പിച്ച ക്ലേശങ്ങള്‍ വരുത്തിവെക്കാനിടയാക്കും. മുസ്ദലിഫയിലെത്തുന്ന സര്‍വജനങ്ങളോടും പുലരും വരെ അവിടെത്തന്നെ താമസിക്കുക എന്നു നമുക്ക് പറയാനാവില്ല. കാരണം അരമില്യനിലേറെവരും അവരുടെ സംഖ്യ. വരും വര്‍ഷങ്ങളില്‍ ഇനിയും വര്‍ധിച്ചെന്നുമിരിക്കും. ജനക്കൂട്ടങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി നീങ്ങിപ്പോയില്ലെങ്കില്‍ വളരെ ബുദ്ധിമുട്ടുണ്ടാകും. ഇന്ന് മുസ്ദലിഫയിലനുഭവപ്പെടുന്ന തിരക്ക് നേരിട്ട് കാണാന്‍ ഗതകാല പണ്ഡിതര്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ അവരും നമ്മുടെ ഈ അഭിപ്രായം തന്നെ പറയുമായിരുന്നു. അല്ലാഹുവിന്റെ ദീന്‍ ക്ലേശം ലക്ഷ്യമാക്കുന്നില്ല. ഹജ്ജിലെ ഏതെങ്കിലുമൊരു കാര്യം ആദ്യമോ ഒടുവിലോ സൗകര്യംപോലെ ചെയ്യുന്നത് സംബന്ധിച്ച് ചോദിച്ചാല്‍ തിരുമേനി എപ്പോഴും പറഞ്ഞിരുന്ന മറുപടി, ‘ചെയ്‌തോളൂ, കുഴപ്പമില്ല’ എന്നായിരുന്നു. ജനങ്ങള്‍ക്ക് സൗകര്യം നല്കുവാനായിരുന്നു ഇത്. അന്ന് ഇന്നത്തെ പ്പോലെ ജനത്തിരക്കുണ്ടായിരുന്നില്ല എന്നുകൂടി ഓര്‍ക്കുക.
ഇക്കാരണത്താല്‍ മഗ്‌രിബും ഇശാഉം ഒന്നിച്ചു നമസ്‌കരിക്കുവാനും ഭക്ഷണം കഴിക്കുവാനും വേണ്ട സമയം മാത്രമേ തീര്‍ഥാടകര്‍ മുസ്ദലിഫയില്‍ തങ്ങേണ്ടതുള്ളൂ എന്ന മാലിക്കീ പണ്ഡിതരുടെ അഭിപ്രായം ഞാന്‍ സ്വീകരിക്കുന്നു. ഒപ്പം സ്ത്രീകളും കുട്ടികളുമുണ്ടെങ്കില്‍ വിശേഷിച്ചും. ഈ നിലക്ക് തെണ്ടം ബാധ്യതയാകുന്നില്ല.
അടുത്ത ചോദ്യം: കൂടെയുള്ള പ്രായം തികയാത്ത കുട്ടിക്കുവേണ്ടി ഇഹ്‌റാം കെട്ടുകയും ‘തമത്തുഅ്’ സ്വീകരിക്കുകയുമാണെങ്കില്‍ സാധ്യമായ ബലിനല്‍കേണ്ടതാകുന്നു. പ്രതിഫലം അവള്‍ക്കും ലഭിക്കാന്‍ അത് ആവശ്യമാണ്. തനിക്കുവേണ്ടി ചെയ്യുന്ന മറ്റു കര്‍മങ്ങളെല്ലാം അവള്‍ക്കുവേണ്ടിയും ചെയ്യണം. പക്ഷേ, കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ അവള്‍ ഹജ്ജിന്റെ ബാധ്യതയില്‍നിന്ന് മുക്തയാകുന്നില്ല. അവള്‍ക്കും അവള്‍ക്കുവേണ്ടി ഹജ്ജ് ചെയ്തയാള്‍ക്കും പ്രതിഫലം ലഭിക്കും എന്നുമാത്രം. പെണ്‍കുട്ടിയാണെങ്കില്‍ പ്രായം കൊണ്ടോ ആര്‍ത്തവംകൊണ്ടോ, ആണ്‍കുട്ടിയാണെങ്കില്‍ പ്രായം കൊണ്ടോ സ്വപ്‌നസ്ഖലനം കൊണ്ടോ പ്രായപൂര്‍ത്തിയായെന്ന് ഉറപ്പായ ശേഷം ഹജ്ജ് നിര്‍വഹിച്ചാല്‍ മാത്രമേ ഹജ്ജിന്റെ നിര്‍ബന്ധബാധ്യതയില്‍ നിന്ന് ഒഴിവാകൂ. കുട്ടിയെ കൈയിലേന്തിക്കൊണ്ടൊരു സ്ത്രീ തിരുദൂതരോട് ചോദിച്ചു: ‘ തിരുദൂതരേ! ഇതിന് ഹജ്ജുണ്ടോ?’ പ്രവാചകന്‍(സ) പറഞ്ഞു: ‘ഉണ്ട്, നിങ്ങള്‍ക്ക് പ്രതിഫലവുമുണ്ട്.’