പതിനാലാം വയസ്സില്‍ ഹജ്ജ് ചെയ്താല്‍ സ്വീകാര്യമാവുമോ? ഹജ്ജ് ചെയ്തശേഷം ചെയ്യുന്ന പാപകര്‍മങ്ങള്‍ ഹജ്ജിനെ ബാത്വിലാക്കുമോ?
പ്രായപൂര്ത്തിവന്നതായി സ്വപ്നസ്ഖലനത്തിലൂടെ അനുഭവപ്പെട്ടിട്ടില്ലെങ്കില്‍, പതിനാലാം വയസ്സില്‍ ചെയ്യുന്ന ഹജ്ജ് നിര്‍ബന്ധ ഹജ്ജ് ആവില്ല. നിര്‍ബന്ധ ബാധ്യതയുള്ള ഹജ്ജ് പ്രായപൂര്‍ത്തിയായ ശേഷം നിര്‍വഹിക്കേണ്ടതാണ്. ഒന്നുകില്‍ പതിനഞ്ചു വയസ്സായി എന്നുറപ്പുവരുക, അല്ലെങ്കില്‍ സ്ഖലനത്തിലൂടെ അത് സ്ഥിരീകരിക്കപ്പെടുക- ഇതാണ് പ്രായപൂര്‍ത്തിയുടെ മാനദണ്ഡം. പ്രായപൂര്‍ത്തി ഉറപ്പായ ശേഷം ഒരിക്കല്‍ ഹജ്ജ് നിര്‍വഹിച്ചാല്‍ പിന്നീട് അത് ആവര്‍ത്തിച്ച് അനുഷ്ഠിക്കേണ്ടതില്ല.
ഹജ്ജ് നിര്‍വഹിച്ചശേഷം ചെയ്യുന്ന പാപങ്ങള്‍ ഹജ്ജിനെ ബാത്വിലാക്കുന്നതല്ല. കാരണം, പാപകര്‍മങ്ങള്‍ ചെയ്യുന്നതുകൊണ്ട് സത്കര്‍മങ്ങള്‍ നിഷ്ഫലമാവില്ല. എന്നാല്‍, അതിന്റെ പ്രതിഫലത്തില്‍ കുറവ് സംഭവിക്കും. അല്ലാഹു ചെറുതും വലുതുമായ സര്‍വകാര്യങ്ങളും വിചാരണ ചെയ്യും. സത്കര്‍മങ്ങള്‍ തുലാസിന്റെ ഒരു തട്ടിലും ദുഷ്കൃത്യങ്ങള്‍ മറ്റൊന്നിലും. കൂടുതല്‍ ഭാരം ഏതിന്നാണോ അതനുസരിച്ചായിരിക്കും വിധി. ‘ ആര് അണുത്തൂക്കം നന്മ ചെയ്യുന്നുവോ അതവന് കാണും. ആര് അണുത്തൂക്കം തിന്മ പ്രവര്‍ത്തിക്കുന്നുവോ അതും അവന് കാണും. അന്ത്യദിത്തില് നാം നീതിയുടെ തുലാസ് കൊണ്ടുവരും. ഒരാത്മാവിനോടും അശേഷം അക്രമം ചെയ്യുന്നതല്ല. വല്ലവരും ഒരു കടുകുമണിത്തൂക്കം ഹാജരാക്കിയിട്ടുണ്ടെങ്കില്‍ അത് കണക്കാക്കുവാന്‍ മതിയായവനാണ് നാം.’
ഉദ്ദേശ്യശുദ്ധിയോടും ആത്മാര്‍ഥതയോടും കൂടി ഹജ്ജ്കര്‍മം നിര്‍വഹിക്കാനും അതിന്റെ സദ്ഫലം മനസ്സിലും ശരീരത്തിലും പ്രകടമാക്കാനുമാണ് മുസ്്ലിം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. മുമ്പ് അയാള്‍ സ്വശരീരത്തോട് അക്രമം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുകയും പഴയ ജീവിതരീതി ആവര്‍ത്തിക്കാതിരിക്കുകയും വേണം. അയാളുടെ മനസ്സ് ശുദ്ധവും അല്ലാഹുവുമായുള്ള ബന്ധം ദൃഢവുമാകണം. അതാണ് ഉദ്ദേശ്യശുദ്ധിയും ആത്മാര്‍ഥതയുമുള്ള ഹജ്ജിന്റെ സദ്ഫലം. കര്‍ത്താവ് പ്രായപൂര്‍ത്തിക്കു മുമ്പാണ് ഹജ്ജ് കര്‍മം നിര്‍വഹിച്ചതെങ്കില്‍ വീണ്ടും ഹജ്ജുചെയ്തേ മതിയാകൂ.
പതിനാലാം വയസ്സില്‍ ഹജ്ജ്

Add Comment