
വിമാനത്തിലോ, കാറിലോ, കാല്‍നടയായോ ഹജ്ജിന്നു പോകേണ്ടത്? ഏതാണ് ശ്രേഷ്ഠം? പാകിസ്ഥാനില്‍നിന്ന് ചിലര്‍ കാല്‍നടയായി ഹജ്ജിന്നെത്തുകയുണ്ടായി. തങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലം കിട്ടുമെന്നവര്‍ പറയുന്നു. ശരിയാണോ?
ആരാധനകള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത്, അതിന്നു വേണ്ടി വരുന്ന ക്ലേശത്തെ മാത്രം ആധാരമാക്കിയല്ല. മറ്റു പല പരിഗണനകളുടെയും ഉപാധികളുടെയും അടിസ്ഥാനത്തിലാണ്. ആത്മാര്‍ത്ഥതയും ഉദ്ദേശ്യശുദ്ധിയുമാണവയില് പ്രധാനം. ആരാധനാ കര്‍മത്തിന്റെ മര്യാദകളും നിയമങ്ങളും സൂക്ഷ്മമായി പാലിക്കുന്നതും അതില്‍ പെടുന്നു. ആരാധനക്ക് ആവശ്യമായി വരുന്ന ക്ലേശം അതിന്നു ശേഷമേ വരുന്നുള്ളൂ.
അനുഷ്ഠാനകര്‍മങ്ങളുടെ നിര്‍വഹണത്തിന്ന് ഒരാള്‍ സഹിക്കുന്ന വമ്പിച്ച ക്ലേശങ്ങള്‍ അല്ലാഹു ഒരിക്കലും പാഴാക്കുന്നതല്ല. അത് പക്ഷേ, കൃത്രിമമായി ഉണ്ടാക്കുന്ന ക്ലേശങ്ങളാകരുത്. ഒരാളുടെ വീടിനു സമീപത്തു തന്നെ പള്ളിയുണ്ടെന്നു സങ്കല്പിക്കുക. അതിലേക്കുള്ള ദൂരം അധികരിപ്പിക്കുന്നതിന്നും തദ്വാരാ പ്രതിഫലം വര്‍ധിപ്പിക്കുന്നതിന്നും വേണ്ടി അയാള്‍ ചുറ്റിക്കറങ്ങി വരണമോ? ഒരിക്കലും വേണ്ടതില്ല. മറിച്ച്, വീട് സ്വാഭാവികമായും പള്ളിയില്‍ നിന്നകലെയാണെങ്കില് പള്ളിയിലെത്താനുദ്ദേശിച്ച് അയാള്‍ വെക്കുന്ന ഓരോ ചുവടിനും പ്രതിഫലം ലഭിക്കുന്നു. ഒരിക്കല്‍ സലമ ഗോത്രം മദീനയുടെ പ്രാന്തത്തിലുള്ള ഭവനങ്ങളുപേക്ഷിച്ച് പള്ളിയുടെ സമീപത്തേക്ക് താമസം മാറ്റുവാനൊരുങ്ങി. പക്ഷേ, തിരുദൂതര്‍ അതനുവദിച്ചില്ല. പള്ളിയിലെത്താനുദ്ദേശിച്ച് ചവിട്ടുന്ന ഓരോ ചുവടിന്നും പ്രതിഫലം ലഭിക്കുമെന്ന് പ്രവാചകന് അവരെ ഉദ്ബോധിപ്പിച്ചു. എന്നാല്‍, പ്രതിഫലം ഉദ്ദേശിച്ച് കൂടുതല്‍ ചുവടുവെയ്ക്കുകയും കൂടിയ വഴിദൂരം സഞ്ചരിക്കുകയും ചെയ്യണമെന്ന് ഇതിന്നര്‍ഥമില്ല.
വിമാനത്തില്‍ സഞ്ചരിക്കാന്‍ ധനശേഷിയില്ലാത്തതു കാരണം കാല്‍നടയായോ മൃഗങ്ങളുടെ പുറത്തോ കപ്പലിലോ വരുന്നവര്‍ക്ക് ഒട്ടും ക്ലേശം അനുഭവിക്കാതെ ഒന്നോ രണ്ടോ മണിക്കൂറിനകം ലക്ഷ്യസ്ഥാനത്തെത്തുന്നവരെക്കാള് കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നതില്‍ സംശയമില്ല. ക്ലേശം കൃത്രിമമായി ഉണ്ടാക്കിയതാവാതിരിക്കുക എന്നതാണ് പ്രധാനം. വിമാനത്തിലോ, കാറിലോ, ബസ്സിലോ വരാന്‍ ധനശേഷിയുള്ളവര്‍ കാല്‍നടയായിവന്ന് കൃത്രിമ ക്ലേശങ്ങള്‍ അനുഭവിക്കുന്നത് ശരിയല്ല. മറ്റു നിവൃത്തിയില്ലാത്തതിനാല്‍ നേരിടേണ്ടിവരുന്ന ക്ലേശങ്ങള്ക്കാണ് പ്രതിഫലം നല്കപ്പെടുന്നത്.
Add Comment