Hajj Page

നബിയുടെ ഹജ്ജ്

പ്രവാചകന്റെ ഹജ്ജിനെക്കുറിച്ച് ഏറ്റവും പ്രബലമായ റിപ്പോര്‍ട്ട് പ്രമുഖ സ്വഹാബിയായ ജാബിര്‍ ഇബ്‌നു അബ് ദില്ലയില്‍നിന്നുള്ളതാണ്. അദ്ദേഹം പറയുന്നു: ‘ നബി(സ) ഒമ്പത് വര്‍ഷം ഹജ്ജ് ചെയ്യാതെ ജീവിച്ചു. പിന്നീട് പത്താമത്തെ വര്‍ഷത്തില്‍ നബി(സ) ഹജ്ജ്‌ചെയ്യാന്‍ പോവുന്നുവെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രഖ്യാപനമുണ്ടായി. അതോടെ നബി(സ)യുടെ നേതൃത്വത്തില്‍ അവിടന്ന് അനുഷ്ഠിച്ചുകാണിക്കുന്നപോലെ ചെയ്യാനായി ധാരാളം ആളുകള്‍ മദീനയില്‍ എത്തിച്ചേര്‍ന്നു.

ഞങ്ങള്‍ അവിടത്തോടൊപ്പം യാത്രചെയ്തു ദുല്‍ഹുലൈഫയിലെത്തിയപ്പോള്‍ അസ്മാഅ് ബിന്‍ത് ഉമൈസ്, മുഹമ്മദുബ്‌നു അബീബക്കറിനെ പ്രസവിച്ചു. ഇനി എന്തുചെയ്യണമെന്നറിയാന്‍ അവര്‍ തിരുമേനിയുടെ അടുത്തേക്ക് പറഞ്ഞയച്ചപ്പോള്‍ അവിടന്നു പറഞ്ഞു : ‘കുളിച്ചശേഷം രക്തംവരുന്ന ഭാഗങ്ങള്‍ തുണികൊണ്ട് ബന്ധിച്ചുകെട്ടുകയും ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യുക.’

നബി(സ) പള്ളിയില്‍ (രണ്ട് റക്അത്ത്) നമസ്‌കരിച്ച ശേഷം തന്റെ ‘ ഖസ്‌വാഅ് ‘ എന്നുപേരുള്ള ഒട്ടകപ്പുറത്തു കയറി. അങ്ങനെ അവിടന്ന് വിശാലമായ ഒരു പ്രദേശത്തെത്തിയപ്പോള്‍ മുന്നില്‍ എന്റെ ദൃഷ്ടിപഥത്തിലായതാ ആളുകള്‍ നടന്നും വാഹനം കയറിയും യാത്രചെയ്യുന്നു. തിരുമേനിയുടെ വലതുവശത്തും ഇടതുവശത്തും പിന്‍ഭാഗത്തുമുണ്ട് അത്രതന്നെ ആളുകള്‍. ഞങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന തിരുമേനിക്ക് ഖുര്‍ആന്‍ ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ വ്യാഖ്യാനങ്ങള്‍ അവിടത്തേക്കറിയാം. അതനുസരിച്ച് അവിടന്ന് അനുഷ്ഠിച്ച ഒരു കര്‍മ്മവും ഞങ്ങള്‍ അനുഷ്ഠിക്കാതിരുന്നിട്ടില്ല. നബി(സ) ഉച്ചത്തില്‍ ഇങ്ങനെ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക…ലാ ശരീക്കലക്ക -എന്ന ‘തല്‍ബിയ്യത്ത് ‘ ചൊല്ലി.

ജനങ്ങളും തിരുമേനി ചൊല്ലിയതുപോലെ ഏറ്റുചൊല്ലി. അതിലൊന്നും അവിടന്നവരെ തടഞ്ഞില്ല. തിരുമേനി ‘തല്‍ബിയ്യത്ത് ‘ തന്നെ വീണ്ടും ചൊല്ലിക്കൊണ്ടിരുന്നു. ജാബിര്‍(റ) പറയുന്നു: ഞങ്ങള്‍ ഹജ്ജുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. ഉംറഃ ഞങ്ങള്‍ക്കറിയുമായിരുന്നില്ല. അങ്ങനെ ഞങ്ങള്‍ തിരിമേനിയോടൊപ്പം കഅ്ബയെ സമീപിച്ചപ്പോള്‍ കഅ്ബയുടെ മൂല അവിടന്നു തൊട്ടുതടവി. (പിന്നീട് ഏഴ് തവണ പ്രദക്ഷിണംവെച്ചു.) മൂന്നുതവണ സാവധാനത്തില്‍ ഓടുകയും മൂന്നുതവണ നടക്കുകയുമാണ് ചെയ്തത്. പിന്നീട് അവിടുന്ന് മഖാമു ഇബ്‌റാഹീമിലേക്ക് പ്രവേശിച്ചു. അവിടുന്ന് ഇങ്ങനെ ഓതി: (നിങ്ങള്‍ ‘മഖാമുഇബ്‌റാഹീമി ‘ല്‍ നമസ്‌കരിക്കുക). തിരുമേനി മഖാമിനെ തന്റെയും കഅ്ബയുടെയും ഇടയിലാക്കി (അതായത് മഖാമിന്റെ പിന്നില്‍ നിന്ന് രണ്ട് റക്അത്ത് നമസ്‌കരിച്ചു). രണ്ടുറക്അത്തുകളില്‍, സൂറത്തുല്‍ കാഫിറൂനും സൂറത്തുല്‍ ഇഖ്‌ലാസുമാണ് അവിടന്നു ഓതിയത്. പിന്നീട് തിരുമേനി വീണ്ടും കഅ്ബയുടെ മൂല (ഹജറുല്‍ അസ് വദുള്ള ഭാഗം)യിലേക്ക് മടങ്ങി. അത് തൊട്ടുതടവിയശേഷം (സഫാ) വാതിലിലൂടെ സഫായിലേക്ക് പുറപ്പെട്ടു. സഫായോട് അടുത്തപ്പോള്‍ അവിടന്നു ‘സഫയും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ് ‘ എന്ന സൂക്തം ഓതുകയും അല്ലാഹു ആരംഭിച്ചിടത്തുനിന്ന് ഞാനും ആരംഭിക്കുന്നുവെന്നു പറയുകയും ചെയ്തു.

അവിടന്ന് സഫാ മുതല്‍ ആരംഭിച്ചു. അതിന്റെ മുകളില്‍ കയറി. കഅ്ബ കാണാമെന്നായപ്പോള്‍ ഖിബ്‌ലയിലേക്കു തിരിഞ്ഞു അല്ലാഹുവിന്റെ ഏകത്വത്തെയും മഹത്വത്തെയും വാഴ്ത്തി ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാകുന്നു. അവനു പങ്കുകാരില്ല. അവന്നാണ് രാജത്വം. അവന്നാണ് സ്തുതി. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാണ്. തന്റെ വാഗ്ദാനം അവന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. തന്റെ അടിമയെ അവന്‍ സഹായിക്കുകയും ശത്രുവ്യൂഹത്തെ ഏകനായി പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു.’

തിരുമേനി ഇപ്രകാരം മൂന്നുപ്രാവശ്യം പറയുകയും അവക്കിടയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് അവിടെനിന്നിറങ്ങി മര്‍വയിലേക്ക് പുറപ്പെട്ടു. ബത്വനുല്‍വാദി മുതല്‍ ഓടുകയും മര്‍വയിലേക്ക് നടന്നുകയറുകയും ചെയ്തു. മര്‍വയില്‍വെച്ചും സഫയില്‍വെച്ചു ചെയ്തതുപോലെ ചെയ്യുകയുണ്ടായി തിരുമേനി. അങ്ങനെ മര്‍വയില്‍ അവസാനത്തെ പ്രദക്ഷിണത്തിലായപ്പോള്‍ അവിടന്നു പറഞ്ഞു: ‘എനിക്കിപ്പോള്‍ വ്യക്തമായകാര്യം ആദ്യമേ വ്യക്തമായിരുന്നെങ്കില്‍ ഞാന്‍ ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. ഞാനത് ഉംറയാക്കുകയും ചെയ്യുമായിരുന്നു. നിങ്ങളില്‍ ബലിമൃഗത്തെ കൊണ്ടുവരാത്തവര്‍ ഉംറയാക്കി മാറ്റി ഇഹ്്‌റാമില്‍ നിന്ന് ഒഴിവായിക്കൊള്ളട്ടെ.’

ഉടനെ സുറാഖഃബ്‌നുമാലിക് എഴുന്നേറ്റ് ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഇത് ഈ വര്‍ഷത്തേക്കുമാത്രമോ അതല്ല, എല്ലാ കാലത്തേക്കുമോ?’ നബി(സ) തന്റെ ഒരു കയ്യിലെ വിരലുകള്‍ മറ്റേ കൈവിരലുകള്‍ക്കിടയില്‍ കോര്‍ത്തുകൊണ്ട് പറഞ്ഞു: ‘ഉംറ ഹജ്ജില്‍ പ്രവേശിച്ചിരിക്കുന്നു (രണ്ടുതവണ). ഈ വര്‍ഷത്തേക്കു മാത്രമല്ല, എന്നെന്നേക്കും.’

അപ്പോഴാണ് അലി(റ) യമനില്‍നിന്ന് നബി(സ) യുടെ ഒട്ടകവുമായി വന്നത്. ഫാത്തിമ(റ) ഇഹ്‌റാമില്‍നിന്നൊഴിവായി ചായം മുക്കിയ വസ്ത്രം ധരിക്കുകയും സുറുമയിടുകയും ചെയ്തത് കണ്ടപ്പോള്‍ അദ്ദേഹം അവരെ തടഞ്ഞു. അവര്‍ പറഞ്ഞു: ‘എന്റെ പിതാവാണ് എന്നോടിങ്ങനെ ചെയ്യാന്‍ കല്‍പ്പിച്ചത്.’

അലി(റ) ആ സംഭവം ഇറാഖില്‍ വെച്ചു വിവരിക്കുകയുണ്ടായി: ‘ഫാത്തിമ(റ) നബി(സ) യില്‍നിന്ന് പറഞ്ഞതിനെക്കുറിച്ചു ചോദിക്കാന്‍ ഞാന്‍ അവരുടെ മേല്‍ കുറ്റം ചാരിക്കൊണ്ട് തിരുമേനിയുടെ അടുത്തേക്ക് പോയി. ഫാത്തിമ ചെയ്തതിനെക്കുറിച്ചും ഞാന്‍ അവരെ വിലക്കിയതിനെക്കുറിച്ചും തിരുമേനിയോട് പറഞ്ഞപ്പോള്‍ അവിടന്നു പറഞ്ഞു: ‘അവര്‍ പറഞ്ഞത് സത്യം, സത്യം. താങ്കള്‍ ഹജ്ജില്‍ പ്രവേശിച്ചപ്പോള്‍ എന്താണ് പറഞ്ഞത്?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവേ, നിന്റെ പ്രവാചകന്‍ ചെയ്യാന്‍ പ്രതിജ്ഞചെയ്യുന്ന പോലെ ഞാനും പ്രതിജ്ഞ ചെയ്യുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്.’ അവിടന്നു പറഞ്ഞു: ‘എന്റെ കൂടെ ബലിമൃഗങ്ങളുള്ളതിനാല്‍ എനിക്ക് ഇഹ്‌റാമില്‍നിന്ന് ഒഴിവാകാന്‍ പറ്റില്ല.’ റിപ്പോര്‍ട്ടര്‍ പറയുന്നു: ‘അലി(റ) യമനില്‍നിന്ന് കൊണ്ടുവന്നതും നബി(സ) കൊണ്ടുവന്നതും കൂടി 100 ബലിമൃഗങ്ങളുണ്ടായിരുന്നു. അങ്ങനെ നബി(സ)യും ബലിമൃഗങ്ങള്‍ കൈവശമുള്ളവരും ഒഴികെ മറ്റെല്ലാ ജനങ്ങളും ഇഹ്‌റാമില്‍നിന്ന് ഒഴിവാകുകയും മുടിവെട്ടുകയും ചെയ്തു. ദുല്‍ഹജ്ജ് 8 ആയപ്പോള്‍ അവര്‍ മിനയിലേക്ക് പോവുകയും ഹജ്ജിന് ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്തു. നബി(സ) അവിടേക്ക് വാഹനം കയറി. അവിടെവെച്ച് തിരുമേനി സുഹ് റും അസറും മഗ് രിബും ഇശായും സുബ്ഹിയും നമസ്‌കരിച്ചു. പിന്നീട് സൂര്യനുദിക്കുന്നതുവരെ അവിടെത്തന്നെ നിന്നു.ശേഷം ‘നമിറ’യില്‍ തനിക്ക് വേണ്ടി കമ്പളം കൊണ്ട് തമ്പ് കെട്ടാന്‍ കല്‍പ്പിക്കുകയും അവിടെനിന്ന് യാത്രപുറപ്പെടുകയും ചെയ്തു. ഖുറൈശികള്‍ ജാഹിലിയ്യാകാലത്ത് ചെയ്തിരുന്നപോലെ തിരുമേനി അറഫയിലേക്ക് പോകാതെ ‘മശ്അറുല്‍ ഹറാ’ (മുസ്ദലിഫ)മില്‍ നില്‍ക്കുമെന്നായിരുന്നു ഖുറൈശികള്‍ വിചാരിച്ചിരുന്നത്. പക്ഷേ, തിരുമേനി അറഫയിലേക്ക് നീങ്ങി. ‘നമിറ’യിലെത്തിയപ്പോള്‍ അവിടെ തനിക്കുവേണ്ടി ഉണ്ടാക്കിയിരുന്ന തമ്പില്‍ ഇറങ്ങി തിരുമേനി താവളമടിച്ചു. അങ്ങനെ സായാഹ്നമായപ്പോള്‍ ‘ഖസ്വാഇ’നെ കൊണ്ടുവരാന്‍ കല്‍പിക്കുകയും അതിന്റെ പുറത്ത് കയറി ബത്വ്‌നുല്‍വാദിയിലേക്ക് പോവുകയും ചെയ്തു.

ബത്വ്‌നുല്‍വാദി (അറഫാ താഴ്‌വര)യില്‍ തിരുമേനി ജനങ്ങളെ അഭിമുഖീകരിച്ചു പ്രസംഗിച്ചു. അവിടുന്ന് പറഞ്ഞു: ‘നിങ്ങളുടെ രക്തവും നിങ്ങളുടെ ധനവും ഈ നാട്ടില്‍ ഈ മാസത്തില്‍, ഈ ദിവസം ആദരണീയമായപോലെ ആദരണീയമാണ്. അറിയുക, അജ്ഞാനകാലത്തെ എല്ലാ സമ്പ്രദായങ്ങളും എന്റെ പാദങ്ങള്‍ക്കു കീഴില്‍ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ഹാരിസിന്റെ മകന്‍ ഇബ്‌നു റബീഅയുടെ രക്തപ്പകയാണ് നമ്മുടെ രക്തപ്പകയില്‍ ആദ്യമായി ഞാന്‍ ദുര്‍ബലപ്പെടുത്തുന്നത്. ബനൂസഅ്ദ് ഗോത്രത്തില്‍ മുലകുടിക്കുകയായിരുന്നു അവന്‍. അപ്പോള്‍ ഹുദൈല്‍ അവനെ കൊന്നുകളഞ്ഞു. അജ്ഞാനകാലത്തെ പലിശയും (ഇതോടെ) ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അബ്്ദുല്‍ മുത്തലിബിന്റെ മകന്‍ അബ്ബാസിന്റെ പലിശയാണ് പലിശകളില്‍ ആദ്യമായി ഞാന്‍ ദുര്‍ബലപ്പെടുത്തുന്നത്. അതെല്ലാം പൂര്‍ണ്ണമായി ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ സ്ത്രീകളുടെ കാര്യത്തില്‍ അല്ലാഹുവെ സൂക്ഷിക്കുക. കാരണം, അല്ലാഹുവിന്റെ സംരക്ഷണത്തിലാണ് നിങ്ങള്‍ അവരെ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വചനം മുഖേനയാണ് നിങ്ങള്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അനുവദനീയമാക്കിയിരിക്കുന്നത്. നിങ്ങള്‍ ഇഷ്ടപ്പെടാത്ത ആരെയും നിങ്ങളുടെ വിരിപ്പില്‍ ചവിട്ടിക്കാതിരിക്കുകയെന്നത് അവര്‍ക്ക് നിങ്ങളോടുള്ള ബാധ്യതയാണ്. അങ്ങനെ അവര്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ അവരെ മുറിപ്പെടുത്താതെ അടിക്കുക. നീതിപൂര്‍വ്വം അവരുടെ ഭക്ഷണവും വസ്ത്രവും നല്‍കുന്നത് നിങ്ങള്‍ക്കവരോടുള്ള ബാധ്യതയാണ്. നിങ്ങള്‍ മുറുകെ പിടിച്ചാല്‍ വഴിപിഴച്ചു പോകാത്ത ഒന്ന് ഞാന്‍ നിങ്ങളില്‍ ഉപേക്ഷിച്ചിരിക്കുന്നു അല്ലാഹുവിന്റെ ഗ്രന്ഥം. എന്താണ് ഞങ്ങള്‍ പറയേണ്ടതെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നു. പറയുക: ‘താങ്കള്‍ എത്തിക്കുകയും, ചുമതല നിര്‍വ്വഹിക്കുകയും, ഉപദേശിക്കുകയും ചെയ്തതിന് ഞങ്ങള്‍ സാക്ഷികളാണ്. ‘ പിന്നീട് അവിടന്നു തന്റെ ചൂണ്ടുവിരല്‍ ആകാശത്തേക്ക് ഉയര്‍ത്തുകയും ശേഷം ജനങ്ങളിലേക്ക് തിരിക്കുകയും ചെയ്തു കൊണ്ട് പറഞ്ഞു: ‘അല്ലാഹുവേ, നീ സാക്ഷ്യം വഹിക്ക്. അല്ലാഹുവേ, നീ സാക്ഷ്യം വഹിക്ക്. ‘ (മൂന്നുതവണ). പിന്നീട് ബാങ്കും ഇഖാമത്തും കൊടുത്ത് ളുഹ്ര്‍ നമസ്‌കരിച്ചു. അവക്കിടയില്‍ മറ്റൊന്നും നമസ്‌കരിച്ചില്ല. പിന്നീട് തിരുമേനി വാഹനപ്പുറത്ത് കയറി (അറഫാത്തില്‍) നില്‍ക്കുന്ന സ്ഥലത്തേക്ക് പോയി. തന്റെ ‘ഖസ്‌വാഅ്’ എന്ന ഒട്ടകത്തിന്റെ പാര്‍ശ്വം (അറഫാത്തിന്റെ മദ്ധ്യത്തിലുള്ള ‘റഹ്്മത്ത്’ മലയുടെ താഴ്ഭാഗത്തെ) പാറകളിലേക്ക് തിരിച്ചു ജബലുല്‍മശാത്തിന്റെ പിന്നിലായി ഖിബ് ലക്ക് അഭിമുഖമായി നിന്നു. ഈ നില്‍പ് സൂര്യന്റെ മഞ്ഞനിറം ഏറെക്കുറെ മങ്ങി വൃത്തം അപ്രത്യക്ഷമായി അസ്തമിക്കുന്നത് വരെ തുടര്‍ന്നു.

പന്നീട് ഉസാമ(റ) യെ പിന്നിലിരുത്തി അവിടന്ന് യാത്ര തുടങ്ങി. ഒട്ടകത്തിന്റെ ശിരസ്സ് കട്ടിലിന്റെ കാലുകള്‍ വെക്കുന്ന ഭാഗത്ത് മുട്ടാറുള്ള വിധത്തില്‍ അതിന്റെ കടിഞ്ഞാണ്‍ അവിടുന്നു കടിച്ചു പിടിക്കുകയും വലത്തെകൈകൊണ്ട് ‘ജനങ്ങളേ പതുക്കെ, പതുക്കെ’ എന്ന് ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ചെറിയ മണല്‍ കുന്നുകള്‍ വരുമ്പോള്‍ അത് കയറുന്നതുവരെ കടിഞ്ഞാണ്‍ അല്‍പം അയച്ചുകൊടുക്കും. മുസ്ദലിഫയില്‍ എത്തുന്നവരെ ഇങ്ങനെയായിരുന്നു ചെയ്തിരുന്നത്. അവിടെവെച്ചു ഒരു ബാങ്കും രണ്ട് ഇഖാമത്തുമായി മഗ്‌രിബും ഇശായും നമസ്‌കരിച്ചു. അവക്കിടയില്‍ മറ്റൊന്നും നമസ്‌കരിച്ചില്ല. പിന്നീട് പ്രഭാതംവരെ ചെരിഞ്ഞുകിടന്നു. പ്രഭാതോദയമാണെന്ന് ബോധ്യമായപ്പോള്‍ ബാങ്കും ഇഖാമത്തും കൊടുത്ത് സുബ്ഹി നമസ്‌കരിക്കുകയും ശേഷം ഖസ് വാഇന്റെ പുറത്തുകയറി മശ്അറുല്‍ ഹറാമിലേക്ക് പുറപ്പെടുകയും ചെയ്തു. അവിടെ ഖിബ് ലയെ അഭിമുഖീകരിച്ചു പ്രാര്‍ത്ഥിക്കുകയും തക്ബീറും തഹ് ലീലും ചൊല്ലിക്കൊണ്ട് നല്ലവണ്ണം പുലരുന്നതുവരെ നില്‍ക്കുകയും ചെയ്തു. പിന്നീട് ഉദയത്തിന് മുമ്പായി ഫസ് ലുബ്‌നു അബ്ബാസിനെ പിന്നിലിരുത്തിക്കൊണ്ട് യാത്ര തുടര്‍ന്നു. അദ്ദേഹം ഭംഗിയുള്ള മുടിയും വെളുത്ത ശരീരവുമുള്ള സുന്ദരനായ ഒരു മനുഷ്യനായിരുന്നു. തിരുമേനി യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചില സ്ത്രീകള്‍ അടുത്തുകൂടെ നടന്നുപോയി. ഫസലു അവരെ നോക്കാന്‍ തുടങ്ങി. അപ്പോള്‍ തിരുമേനി തന്റെ കൈ അദ്ദേഹത്തിന്റെ മുഖത്തുവെച്ചു. ഉടനെ ഫസ് ല്‍ മറ്റേ ഭാഗത്തേക്ക് മുഖം തിരിച്ചുനോക്കിത്തുടങ്ങി. അപ്പോള്‍ തിരുമേനി തന്റെ കൈ ഫസ് ല്‍ നോക്കുന്ന ഭാഗത്ത് വെച്ച് അദ്ദേഹത്തിന്റെ മുഖം തിരിച്ചു. അങ്ങനെ ബത്വ്‌നു മുഹസ്സിറില്‍ എത്തിയപ്പോള്‍ തിരുമേനി വാഹനത്തെ ഒന്നിളക്കി. പിന്നീട് മധ്യമാര്‍ഗത്തിലൂടെ (പോയമാര്‍ഗ്ഗം ഇതല്ല) വലിയ ജംറ (ജംറത്തുല്‍ അഖബ) യിലേക്ക് തിരിച്ചു. ഒരു വൃക്ഷത്തിന്റെ അടുത്ത് സ്ഥിതിചെയ്യുന്ന ജംറയില്‍ എത്തിയപ്പോള്‍ ബത്വ്‌നുല്‍ വാദിയില്‍ നിന്നുകൊണ്ട് ഏറുകല്ലുപോലുള്ള ഏഴ് (ചെറിയ) കല്ലുകള്‍ അവിടെ എറിഞ്ഞു. ഓരോ കല്ലിന്റെയുംകൂടെ തക്ബീര്‍ ചൊല്ലുകയും ചെയ്തു. പിന്നീട് അറുക്കുന്ന സ്ഥലത്തേക്ക് നീങ്ങി. അവിടന്നു 63 എണ്ണം (ഒട്ടകം) സ്വന്തം കൈകൊണ്ട് അറുത്തശേഷം ബാക്കിയുള്ളത് അറുക്കുവാന്‍ അലി(റ)യെ ഏല്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തെ തന്റെ ബലിയില്‍ പങ്കുചേര്‍ത്തു. പിന്നീട് ഓരോ ഒട്ടകത്തില്‍നിന്നും ഓരോ കഷ്ണം എടുത്ത് ഒരു പാത്രത്തില്‍ വെച്ച് വേവിക്കാന്‍ കല്‍പിച്ചു. രണ്ട് പേരും ആ മാംസം ഭക്ഷിക്കുകയും സൂപ്പ്കുടിക്കുകയും ചെയ്തു. ശേഷം വാഹനം കയറി മക്കയിലേക്ക് പുറപ്പെട്ടു. മക്കയില്‍നിന്ന് ളുഹ് ര്‍ നമസ്‌കരിച്ച ശേഷം തിരുമേനി ബനൂഅബ്ദില്‍ മുത്തലിബ് സംസംവെള്ളം കുടിപ്പിക്കുന്നേടത്തേക്ക് ചെന്നു. അവിടന്നു പറഞ്ഞു: ‘അബ്ദുല്‍ മുത്തലിബിന്റെ മക്കളേ, (ജനങ്ങളേ) കുടിപ്പിക്കുക. ജനങ്ങള്‍ നിങ്ങളെ ഈ കുടിപ്പിക്കുന്ന കാര്യത്തില്‍ അതിജയിക്കുമെന്നു ഭയപ്പെട്ടിരുന്നില്ലെങ്കില്‍ ഞാനും നിങ്ങളുടെ കൂടെ കുടിപ്പിക്കുമായിരുന്നു. പിന്നീട് അവര്‍ ഒരു പാത്രം അവിടുത്തേക്ക് നല്‍കുകയും തിരുമേനി അതില്‍നിന്നു കുടിക്കുകയും ചെയ്തു.

About the author

hajjpadasala

Add Comment

Click here to post a comment