
മഖാമു ഇബ്‌റാഹീം എന്ന അറബി ശബ്ദത്തിന്റെ ഭാഷാര്‍ത്ഥം ഇബ്‌റാഹീം നബി (അ) നിന്ന സ്ഥലം എന്നാണ്. മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ മുറ്റത്ത്, കഅ്ബയുടെ കവാടത്തിന്റെ മുമ്പിലായി, കിഴക്കു വശത്ത്, കഅ്ബയുടെ ചുമരില്‍ നിന്നും 20 മുഴം അകലെയായിട്ടാണ് അതിന്റെ സ്ഥാനം. രണ്ട് കാല്പാടുകള്‍ പതിഞ്ഞ ആ കല്ല് വ്യക്തമായി കാണാവുന്നതാണ്.
വിശുദ്ധ ഖുര്‍ആനില്‍
പരിശുദ്ധ ഖുര്‍ആന്‍ രണ്ടിടങ്ങളില്‍ മഖാമു ഇബ്‌റാഹീമിനെ പരാമര്‍ശിക്കുന്നുണ്ട്. അല്‍ ബഖറ അദ്ധ്യായത്തിലെ 125-ാം ആയത്തില്‍ അത് ഇങ്ങനെ വായിക്കാം.
‘കഅ്ബാ മന്ദിരത്തെ നാം ജനങ്ങള്‍ക്ക് വേണ്ടി ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചതും ഓര്‍ക്കുക. ഇബ്‌റാഹീം നബി (അ) നിന്ന സ്ഥാനത്തെ നിങ്ങള്‍ ഒരു പ്രത്യേക പ്രാര്‍ത്ഥനാ സ്ഥാനമാക്കുവിന്‍ എന്ന് നാം ജനങ്ങളോട് കല്‍പ്പിച്ചിട്ടുണ്ടായിരുന്നു’രണ്ടാമത്തെ പരാമര്‍ശം സൂറത്തു ആലു ഇംറാനിലാണ്. ‘സംശയമില്ല, മനുഷ്യര്‍ക്കായി പണിത പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതി ചെയ്യുന്നതു തന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശന കേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതില്‍ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീം നബി (അ) നിന്ന സ്ഥാനവുമുണ്ട്. ആര്‍ അവിടെ പ്രവേശിച്ചുവോ അവന്‍ അഭയം പ്രാപിച്ചിരിക്കുന്നു’ (ആലു ഇംറാന്‍ 96,97)
അല്‍പം ചരിത്രം
കഅ്ബാ മന്ദിരത്തിലെ ഒരു ദൃഷ്ടാന്തമായി അല്ലാഹു വിശേഷിപ്പിച്ച ആ കല്ലിന്റെ യാഥാര്‍ത്ഥ്യമെന്താണ്? ഇതുസംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം ഇബ്‌റാഹീം നബിയും പുത്രന്‍ ഇസ്മാഈല്‍ നബിയും ചേര്‍ന്ന് കഅ്ബാ മന്ദിരം നിര്‍മ്മിച്ച കഥ നമുക്കറിയാം. നിര്‍മാണ വേളയില്‍, ചുമരിന്റെ പൊക്കം കൂടി വന്നപ്പോള്‍ ഇബ്‌റാഹീം നബി നില്‍ക്കാന്‍ ഉപയോഗിച്ച കല്ലാണിതെന്നതാണ് കൂടുതല്‍ പ്രശസ്തവും പ്രബലവുമായ അഭിപ്രായം. ഇമാം ബുഖാരി ഇബ്‌നു അബ്ബാസില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ,് മഖാമിനെ പരിചയപ്പെടുത്തുന്നത് ഇബ്രാഹീം നബി കഅ്ബാ നിര്‍മാണ വേളയില്‍ ഉപയോഗിച്ച കല്ലെന്നാണ്. ഇസ് മാഈല്‍ നബിയാണ് പിതാവിന് നില്‍ക്കാന്‍ വേണ്ടി ആ കല്ല് കൊണ്ടു വന്നത്. ഇബ്‌റാഹീം നബി പടവിന്ന് വേണ്ടി നില്‍ക്കാന്‍ ഉപയോഗിക്കുകയും ഓരോ ചുമര് തീരുമ്പോഴും അടുത്ത സ്ഥാനത്തേക്ക് ആവശ്യാനുസൃതം നീക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ കാല്പാടുകള്‍ ആ കല്ലില്‍ വ്യക്തമായി കാണുന്ന രൂപത്തില്‍ പതിയുകയുണ്ടായി. ജാഹിലിയ്യാ കാലത്തും ഇസ്‌ലാമിലും അറബികള്‍ക്ക് സുപരിചിതമായ ഒരു ചരിത്ര സ്മാരകമായി ആ കല്ല് നിലകൊണ്ടു.
ഈ കല്ല് മൃദുലമാണ്. ചുവപ്പിന്റെയും മഞ്ഞയുടെയും ഇടയിലായ വര്‍ണം. വെളുപ്പാണെന്ന് തോന്നും. ഇങ്ങനെയാണ് ചരിത്രകാരന്‍മാര്‍ അതിനെ വര്‍ണിച്ചിട്ടുള്ളത്. സമഖ്ശരി തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ മഖാമു ഇബ്‌റാഹീം എന്ന കല്ല് അനേകം ദൃഷ്ടാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉറച്ച പാറക്കല്ലിന്‍മേല്‍ കാല്‍പാടുകള്‍ പതിഞ്ഞത് അല്ലാഹുവിന്റെ ഒരു ദൃഷ്ടാന്തമാണ്. കാലടികള്‍ ഞെരിയാണി വരെ കല്ലില്‍ താഴ്ന്നത് മറ്റൊരു ദൃഷ്ടാന്തം. കല്ലിന്റെ കുറഞ്ഞ ഭാഗത്തെ ഈ രൂപത്തില്‍ മാര്‍ദ്ദവമാക്കിയതും ദൃഷ്ടാന്തം തന്നെ. പ്രവാചകന്‍മാരുടെ ദൃഷ്ടാന്തങ്ങളില്‍ ഇതിനെ ഈ വിധം അവശേഷിപ്പിച്ചത് വേറൊരു തെളിവ്. ബഹുദൈവാരാധകരും വേദക്കാരുമായ അനേകം ശത്രുക്കളില്‍ നിന്നും സഹസ്രാബ്ദങ്ങള്‍ അതിനെ കാത്തു സൂക്ഷിച്ചത് മറ്റൊരു തെളിവാണ്-സമഖ്ശരി വിശദീകരിക്കുന്നു.
മഖാമു ഇബ്‌റാഹീമിന്റെ യഥാര്‍ത്ഥ സ്ഥാനം
പരിശുദ്ധ ഹറമില്‍ മഖാമിന്റെ ശരിയായ സ്ഥാനം എവിടെയാണെന്ന വിഷയത്തില്‍ ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. ചരിത്രം തല്‍സംബന്ധമായി നമുക്ക് ഒരു വിവരവും തരുന്നില്ലെന്നാണ് ഡോക്ടര്‍ മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍ പറയുന്നത്. അതിനാല്‍, അതിന്റെ യഥാര്‍ത്ഥ സ്ഥാനം നിര്‍ണയിക്കുന്നതില്‍ ചില ചരിത്രകാരന്മാര്‍ വളരെ പാടുപെടുന്നതായും അദ്ദേഹം തുടര്‍ന്നു പറയുന്നു. എന്നാല്‍ മഖാമിന്റെ ആദരണീയതയും പവിത്രതയും മുകളില്‍ നാം കണ്ടതു പോലെ, ചരിത്രപരമായും വിശുദ്ധ ഖുര്‍ആനിലൂടെയും സ്ഥിരപ്പെട്ടതു തന്നെ.
ഇബ്‌റാഹീം നബി (അ) ഉപയോഗിച്ച കല്ല് ഇപ്പോള്‍ അത് സ്ഥിതി ചെയ്യുന്ന സ്ഥാനത്തായിരിക്കാന്‍ സാധ്യതയില്ല എന്നാണ് ചിലരുടെ പക്ഷം. കാരണം, അത്രയും അകലെയായിരുന്നെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ അതുപയോഗിക്കാന്‍ പ്രയാസമാണെന്ന് വളരെ വ്യക്തമാണല്ലോ.
മുഹമ്മദ് നബിയുടെ കാലത്ത് മഖാം ഇന്നത്തെ സ്ഥാനത്ത് തന്നെയായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. കഅ്ബയുടെ അടുത്തായിരുന്നു എന്നും അഭിപ്രായമുണ്ട്. ഇബ്‌നു അബ്ബ്ാസ് (റ) പറഞ്ഞതായി ഒരു ഹദീസില്‍ കാണാം: മക്കാ വിജയത്തിന്റെ അവസരത്തില്‍ റസൂല്‍ (സ) ഉസ്മാന്‍ ഇബ്‌നു അബീ ത്വല്‍ഹയില്‍ നിന്ന് താക്കോല്‍ വാങ്ങി…..കഅ്ബയിലായിരുന്ന മഖാമു ഇബ്‌റാഹീം അദ്ദേഹം പുറത്തെടുത്ത് കഅ്ബയുടെ ചുമരില്‍ ചാരിവെച്ചു. അല്‍ ഉസ്താദ് മുഹമ്മദ് ത്വാഹിര്‍ അല്‍ കുര്‍ദി തന്റെ ‘മഖാമു ഇബ്‌റാഹീം’ എന്ന കൃതിയില്‍ ഈ അഭിപ്രായത്തെയാണ് പ്രബലമായി കാണുന്നത്. ‘മസ്വാലിക് അല്‍ അബ്‌സ്വാര്‍’ എന്ന കൃതിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു: ‘ത്വവാഫിനു ശേഷം നബി (സ) രണ്ട് റക്അത്ത്് നമസ്‌കരിക്കുകയും ചെയ്തു. ‘ഇബ്‌റാഹീം നിന്ന സ്ഥാനത്തെ നിങ്ങള്‍ ഒരു പ്രത്യേക പ്രാര്‍ത്ഥനാ സ്ഥാനമാക്കുവിന്‍’ എന്ന ആയത്ത് അല്ലാഹു ഇറക്കുകയും ചെയ്തു. അനന്തരം റസൂല്‍ കരീം മഖാമിനെ ഇപ്പോഴത്തെ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു. അത് കഅ്ബയില്‍ നിന്ന് 20 മുഴം ദൂരത്താണ്’.
വര്‍ഷങ്ങള്‍ കടന്നു പോയി. രണ്ടാം ഖലീഫ ഉമറുബ്‌നല്‍ ഖത്താബിന്റെ കാലം. അന്നൊരിക്കല്‍ ഉണ്ടായ ശക്തമായ വെള്ളപ്പാച്ചിലില്‍ മഖാം ഒലിച്ചു പോയി. ഉമര്‍ (റ) അതിനെ എടുത്തു കൊണ്ടു വന്നു. റസൂല്‍ സ്ഥാപിച്ച അതേ സ്ഥാനത്തുതന്നെ അതിനെ പുനഃസ്ഥാപിക്കാന്‍ അദ്ദേഹം കല്‍പിക്കുകയും ചെയ്തു.
പ്രശസ്ത മുഫസ്സിറായ ഇബ്‌നു കസീര്‍ തന്റെ തഫ്‌സീറിലും ഇതേ അഭിപ്രയമാണ് പറഞ്ഞിട്ടുള്ളത്. ‘മഖാം മുമ്പൊക്കെ കഅ്ബയോട് ഒട്ടിച്ചേര്‍ന്നായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഇന്നതിന്റെ സ്ഥാനം ഏവര്‍ക്കും അറിയാവുന്നതാണ്. കഅ്ബയുടെ കവാടത്തിന്റെ മുമ്പില്‍. കഅ്ബാ നിര്‍മാണത്തില്‍നിന്നും വിരമിച്ചപ്പോള്‍ ഇബ്‌റാഹീം നബി അതിനെ കഅ്ബയോട് ചേര്‍ത്തു വെക്കുകയായിരുന്നു. അമീര്‍ അല്‍ മുഅ്മിനീന്‍ ഉമര്‍ ഇബ്‌നുല്‍ ഖത്താബാണ് ചുമരില്‍ നിന്നും കല്ലിനെ പിന്നിലേക്ക് മാറ്റിയത്.’
അശ്ശൗകാനിയുടെ ഫതഹുല്‍ ഖദീറിലും ഇതുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹിജ്‌റ വര്‍ഷം 17 ലാണ് ഈ സംഭവമെന്ന് ഇബ്‌നു ജരീരും ഇബ്‌നു അസീറും പറഞ്ഞിട്ടുണ്ട്.
ഹജ്ജും മഖാമും
ഹജ്ജിലും ഉംറയിലും ത്വവാഫിനുശേഷം മഖാമിന്റെ പിന്നില്‍ നിന്ന്് രണ്ടുറകഅ്ത്ത് നമസ്‌കരിക്കല്‍ സുന്നത്താണ്. (സുന്നത്തായ ത്വവാഫിനു ശേഷവും രണ്ട് റക്അത്ത് സുന്നത്താണ്). മഖാമിന്റെ നേരെ പിന്നിലോ അതിന്നടുത്തുള്ള സ്ഥലത്തോ നമസ്‌കരിക്കാന്‍ സൗകര്യപ്പെടാതിരുന്നാല്‍, മസ്ജിദുല്‍ ഹറാമില്‍ എവിടെ വെച്ചും അതു നിര്‍വ്വഹിക്കാമെന്നാണ് പണ്ഡിത മതം.
കഅ്ബയുടെയും മഖാമിന്റെയും ഇടയിലായിട്ടാണ് ത്വവാഫ് ചെയ്യേണ്ടത്. ത്വവാഫ് ചെയ്യുന്ന ആളുടെ ഇടതുഭാഗത്ത് കഅ്ബയും വലതുഭാഗത്ത് മഖാമും ആകുന്ന വിധത്തില്‍. എന്നാല്‍ ആള്‍ത്തിരക്കേറുന്ന ഹജ്ജ് വേളയിലും മറ്റും മഖാമിന്റെ പിന്നിലൂടെയും ത്വവാഫ് ചെയ്യാവുന്നതാണ്. ശാഫിഈ മദ്ഹബിലെ ഫുഖഹാക്കള്‍ അത് അനുവദിച്ചിട്ടുണ്ട്.
ഹജ്ജിലാവട്ടെ ഉംറയിലാവട്ടെ, മഖാമു ഇബ്‌റാഹീമിനെ തൊടുകയോ ചുംബിക്കുകയോ ചെയ്യേണ്ടതില്ല.
കഅ്ബക്കും മഖാമു ഇബ്‌റാഹീമിനുമിടയിലുള്ള സ്ഥലം ഇടുങ്ങിയതാണെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഹജ്ജ് കാലത്തും റമദാനിലും ആളുകള്‍ വര്‍ധിക്കുമ്പോള്‍ ത്വവാഫിന്ന്് തിരക്കുകൂടാറുണ്ട്. ആ തിരക്ക് ഒഴിവാക്കാന്‍ മഖാമു ഇബ്‌റാഹീം കുറേകൂടി പിന്നോട്ട് മാറ്റി സ്ഥാപിച്ച് മത്വാഫ് (പ്രദക്ഷിണസ്ഥലം) വിശാലമാക്കുന്നതിനെപ്പറ്റി സഊദി ഭരണകൂടം ആലോചിച്ചിരുന്നു. തല്‍സംബന്ധമായി നടത്തപ്പെട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത പണ്ഡിതന്‍മാര്‍ മഖാമിന്റെ സ്ഥാനചലനത്തെ അനുകൂലിക്കുകയുണ്ടായില്ല. ആദരണീയമായ ഇത്തരം സ്ഥലങ്ങളും ചിഹ്നങ്ങളും പരമ്പരാഗത സ്ഥാനങ്ങളില്‍ തന്നെ നിലനിര്‍ത്തേണ്ടതാണെന്ന് അവര്‍ തറപ്പിച്ച് പറഞ്ഞു. തിരക്ക് ലഘൂകരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം നിശ്ചയിക്കാവുന്നതാണെന്ന് അവര്‍ നിര്‍ദേശിച്ചു. ഉമര്‍ (റ) സ്ത്രീകള്‍ക്ക് പ്രത്യേകം സമയം നിശ്ചയിച്ച ചരിത്രം ഇതിന് തെളിവായി അവരില്‍ ചിലര്‍ ഉദ്ധരിച്ചിട്ടുണ്ട്.
ത്വവാഫും മഖാമും
ത്വവാഫിന്റെ തിരക്ക് ലഘൂകരിക്കാന്‍ മഖാമു ഇബ്‌റാഹീമിന് സ്ഥാനമാറ്റം നടത്താതെ തന്നെ മത്വാഫിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയുണ്ടായി. സംസം കിണറിന്റെ മുകളില്‍ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചു നീക്കി. മഖാമു ഇബ്‌റാഹീമിനു സമീപമുണ്ടായിരുന്ന പഌറ്റ് ഫോറം (പ്രസംഗ വേദി) എടുത്തു മാറ്റി. അതുപോലെ മഖാമു ഇബ്‌റാഹീമിനു മുകളിലുണ്ടായിരുന്ന കെട്ടിടവും പൊളിച്ചു മാറ്റി. 1964 റാബിത്വത്തുല്‍ ആലമില്‍ ഇസ് ലമിയുടെ ഭരണഘടനാ സമിതി ഈ വിഷയം വിശദമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തത്. അന്നത്തെ ഭരണാധികാരി ഫൈസല്‍ രാജാവ് അതംഗീകരിക്കുകയും ചെയ്തു. അപ്രകാരം തന്നെ മഖാമിന്നു സമീപത്തുണ്ടായിരുന്ന ചാപാകൃതിയുള്ള(ആര്‍ച്ച്) വാതിലും പൊളിച്ചു മാറ്റുകയുണ്ടായി.
മാര്‍ബിള്‍ തറയില്‍ നിര്‍മ്മിച്ച സ്റ്റീല്‍ അഴികളുള്ള സ്ഫടികക്കൂട്ടിനുള്ളില്‍ ഇപ്പോള്‍ മഖാമു ഇബ്‌റാഹീം സംരക്ഷിക്കപ്പെടുന്നു. തല്‍ഫലമായി 180 X130സ്ഥലത്ത് മഖാം ഒതുങ്ങി നില്‍ക്കുകയും മത്വാഫ് (ത്വവാഫ് ചെയ്യുന്ന സ്ഥലം) 5 മീറ്റര്‍ കണ്ട് വര്‍ദ്ധിക്കുകയും ചെയ്തു. പുറത്ത് നിന്ന് ഏവര്‍ക്കും മഖാം വീക്ഷിക്കാം.
Add Comment