
ചരിത്രപ്രസിദ്ധമായ ഖന്‍ദഖ് യുദ്ധം നടന്ന സ്ഥലം ഉഹുദില്‍നിന്നും വളരെയകലെയല്ല. ജൂതന്‍മാരും ഖുറൈശികളും മദീനയില്‍ പ്രവാചകന്നും അനുയായികള്‍ക്കുമെതിരെ നടത്തിയ പടനീക്കത്തെ പ്രതിരോധിക്കാന്‍ പ്രമുഖ സഹാബി സല്‍മാനുല്‍ ഫാരിസി നിര്‍ദ്ദേശിച്ചതനുസരിച്ച് മുസ്്‌ലിംകള്‍ ഒരു കിടങ്ങ് കുഴിക്കുകയാണുണ്ടായത്.
രണ്ടേകാല്‍ കിലോമീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയും മൂന്നു മീറ്ററില്‍ കൂടുതല്‍ ആഴവുമുണ്ടായിരുന്നു കിടങ്ങിന്. പക്ഷേ, ഇന്ന് ഈ കിടങ്ങിന്റെ അവശിഷ്ടമോ അടയാളമോ ദൃശ്യമല്ല.
അഹ്‌സാബ് യുദ്ധം എന്നും ഖന്‍ദഖ് യുദ്ധത്തിനു പേരുണ്ട്. പിന്നീട് ഖന്‍ദഖില്‍ 7 പള്ളികള്‍ നിര്‍മ്മിക്കപ്പെട്ടു. മേല്‍ക്കൂരയില്ലാത്ത ഈ പള്ളികള്‍ Mount Selaa യിലാണുള്ളത്. വളരെ ചെറിയ എടുപ്പുകളാണിവ. ‘മസ്ജിദുല്‍ ഫതഹ്’ ഇവയിലൊന്നാണ്.
വിജയം (Victory)എന്നാണ് ഫതഹിന്റെ അര്‍ത്ഥം. യുദ്ധകാലത്ത് നബി തിരുമേനി(സ) കൂടാരമടിച്ച് താമസിച്ചിരിന്നതിവിടെയാണ്. ഇവിടെ വെച്ചാണ് പ്രവാചകന്‍ (സ) സഖ്യകക്ഷികള്‍ക്കെതിരെ വിജയപ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്. ‘ഇന്നാ ഫതഹ്്‌നാ ലക്ക ഫത്്ഹന്‍ മുബീനാ’ എന്നു തുടങ്ങുന്ന സൂറത്തു ഫത്ഹ് അവതരിച്ചതിവിടെയാണെന്ന് കരുതപ്പെടുന്നു. മസ്ജിദുല്‍ ഫത്ഹിന്റെ നാമകരണവുമായി ഈ പശ്ചാത്തലം ബന്ധപ്പെട്ടുകിടക്കുന്നു. മറ്റു പള്ളികളില്‍ അല്പം ഉയര്‍ന്ന സ്ഥലത്താണ് മസ്ജിദുല്‍ ഫത്ഹ് സ്ഥിതി ചെയ്യുന്നത്. ഇതിന്നു താഴെ സല്‍മാനുല്‍ ഫാരിസി(റ)ന്റെ സ്മരണാര്‍ത്ഥമുള്ള പള്ളിയുണ്ട്.
Add Comment