Landmarks and places

അല്‍ബഖീഅ്

പ്രവാചകന്റെ കാലം മുതല്‍ ഇന്നും ശ്മശാനഭൂമിയായി ഉപയോഗിച്ചുവരുന്ന മദീനയിലെ ഏക സ്ഥലമാണ് ബഖീഅ്. ഇവിടെ ഏകദേശം പതിനായിരത്തോളം സ്വഹാബിമാരും താബിഉകളും ഒട്ടനവധി ശ്രേഷ്ഠ വ്യക്തിത്വങ്ങളും മറവ് ചെയ്യപ്പെട്ടിട്ടുണ്ട്.

മദീനയിലെ കിഴക്കുഭാഗത്ത് 150 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയും ഉള്ള ദീര്‍ഘചതുരാകൃതിയിലുള്ള ഒരു പ്രദേശമാണ് ബഖീഅ്. ചുറ്റുഭാഗവും മതിലുകൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം മദീനപള്ളിയുടെ വാതിലുകളില്‍പ്പെട്ട ‘ബാബുല്‍ ജുമുഅ’ യോട് ചേര്‍ന്നാണ് കിടക്കുന്നത്. ചുറ്റുമുള്ള മതില്‍ ഉസ്മാനിയ്യാ ഭരണകാലത്താണ് ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് അത് സുഊദ് ഭരണകൂടം പുതുക്കിപ്പണിതു.

ബഖീഇനോട് ചേര്‍ന്ന് അതിന്റെ വടക്ക് ഭാഗത്തായി ഉസ്മാന്‍(റ) വഖ്ഫ് ചെയ്ത പ്രദേശം പിന്നീട് പള്ളി വിപുലീകരണ കമ്മിറ്റി ഏറ്റെടുത്ത് ചുറ്റു ഭാഗവും കമ്പിവേലി നിര്‍മ്മിച്ചു. ഇതോട് ചേര്‍ന്നുകിടന്നിരുന്ന ‘ഉസ്താദ് അബ്ദുല്‍ ഹഖ് നഖ്ഷബന്തി’യുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രദേശവും പിന്നീട് പള്ളിയുടെ ആവശ്യാര്‍ത്ഥം പണം കൊടുത്ത് വാങ്ങുകയുണ്ടായി. ആദ്യകാലത്ത് മദീനയിലെ ചപ്പുചവറുകള്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. പിന്നീട് അതെല്ലാം നീക്കം ചെയ്ത് ബഖീഇല്‍ ഉള്‍പ്പെടുത്തി. ഇക്കാരണത്താല്‍ ബഖീഅ് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ പ്രവിശാലമാണ്.

നബി തിരുമേനി ഇടക്കിടെ ബഖീഅ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. പരേതാത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. നബിയുടെ ഭാര്യമാരായിരുന്ന ഹ: ആയിശ, ഹ: സൗദ, ഹ: ഹഫ്‌സ, ഹ: സൈനബ്, ഹ: ഉമ്മുസലമ, ഹ: ജുവൈരിയ, ഹ: ഉമ്മു ഹബീബ, ഹ: സ്വഫിയ എന്നിവരുടെയും നബിയുടെ സന്താനങ്ങളായ ഉമ്മുകുല്‍സൂം, റുഖിയ്യ, സൈനബ്, ഇബ്‌റാഹീം, ഫാത്വിമ എന്നിവരുടെയും ഉസ്മാന്‍ ബിന്‍ മദ്ഊന്‍, അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്, സഅദ്ബ്‌നു അബീ വഖാസ്, ഹ: ഉസ്മാന്‍(റ), ഇമാം മാലികി തുടങ്ങിയ മഹാരഥന്‍മാരുടെയും ഖബ്‌റുകള്‍ ബഖീഇല്‍ കാണാം.

(‘ ജന്നത്തുല്‍ ബഖീഅ്’ എന്നത് തെറ്റായ നാമകരണമാണ്. അല്‍ ബഖീഅ് എന്നാണ് ശരി. ചരിത്രത്തില്‍ ഇത്രയുമേ കാണുകയുള്ളൂ.)