
ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. ഇംഗ്ലീഷും ഉറുദുവും ഒരുപോലെ അനായാസം കൈകാര്യം ചെയ്യുന്ന ശംസുദ്ദുഹാ ഒരു സ്‌പോട്‌സ്മാനാണ്. കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ ഒന്നു രണ്ടു തവണ എറണാകുളത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു. അത് തെളിയിക്കാനെന്നോണം കോഴിമുട്ട, തക്കാളി എന്നിങ്ങനെ ചില സാധനങ്ങളുടെ പേരുകള്‍ നല്ല ഉച്ചാരണ ശുദ്ധിയോടെ പറയുകയും ചെയ്തു.
എന്റെ യാത്രാലക്ഷ്യത്തെ കുറിച്ച് സംശയപ്രകടനം നടത്തിയ ശംസുദ്ദുഹായെ കുറ്റപ്പെടുത്തിക്കൂടാ.
1971 അവസാനത്തിലും 1972 ആദ്യത്തിലുമായാണ് ഈ ഹജ്ജ് യാത്ര സംഭവിക്കുന്നത്. ഏതാണ്ട്് 38 വര്‍ഷം മുമ്പ്. അന്നെന്റെ പ്രായം 21′ കടക്കുന്നേയുള്ളൂ. വിവാഹം കഴിച്ചിട്ടില്ല. അക്കാലത്ത് ആ പ്രായത്തില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെടുന്നവര്‍ വളരെ വിരളം. മധ്യവയസ്സ് പിന്നിട്ടവരും വൃദ്ധന്മാരുമായിരുന്നു സഹയാത്രികരില്‍ ഏറെയും. ആ നിലക്ക് മീശ കുരുക്കാത്ത ഒരു ചെറുക്കനെ കൂട്ടത്തില്‍ കാണുമ്പോള്‍ ഉല്ലാസ യാത്രക്കാരനായി സംശയിക്കപ്പെടുക സ്വാഭാവികമായിരുന്നു.
മുന്‍കൂട്ടിയുള്ള ഒരുക്കത്തോട് കൂടിയ ഒരു യാത്രയായിരുന്നില്ല അത്. സത്യം പറഞ്ഞാല്‍ പിതാവ് (അദ്ദേഹത്തിന് അല്ലാഹു അനുഗ്രഹം ചൊരിഞ്ഞു കൊടുക്കട്ടെ) ആയിരുന്നു ആ യാത്രക്ക് നിമിത്തം. അന്ന് ഞാന്‍ ‘പ്രബോധനം’ വാരികയില്‍ ജോലിക്ക് ചേര്‍ന്ന് ഒരു വര്‍ഷം തികയുന്നേയുള്ളൂ. കോഴിക്കോട് വരുമ്പോഴൊക്കെ ഒരു പുണ്യസ്ഥാനമെന്നോണം പ്രബോധനം’ സന്ദര്‍ശിക്കാറുള്ള പിതാവ് ഒരു ദിവസം ഹജ്ജിന് പോവുന്നോ എന്ന് ചോദിക്കുകയായിരുന്നു. ഹജ്ജിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള മുഗള്‍ ലൈന്‍സി’ന്റെ പരസ്യം പ്രബോധനം’ വാരികയില്‍ വന്നിട്ടുണ്ടായിരുന്നു. പ്രബോധന’ത്തില്‍ വര്‍ഷത്തിലൊരിക്കല്‍ കിട്ടാറുള്ള ഒരേയൊരു മുഴുപ്പേജ് പരസ്യം. ഇന്നത്തെ പോലെ വായുമാര്‍ഗേണയുള്ള ഹജ്ജ് യാത്ര വ്യാപകമായിരുന്നില്ല അന്ന്. ആ വര്‍ഷം വിമാനത്തില്‍ ഹജ്ജിന് വന്ന ഒരു മലയാളിയെ മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. മലപ്പുറത്തെ കിളിയമണ്ണില്‍ തറവാട്ടിലെ ഒരു ധനാഢ്യന്‍. മക്കയിലും അറഫയിലുമൊക്കെ ഹോട്ടലിലായിരുന്നു അയാളുടെ താമസം. അന്ന് ഹജ്ജില്‍ പങ്കെടുത്ത ബാഫഖി തങ്ങള്‍ പോലും കപ്പലിലായിരുന്നു യാത്ര.
മുഗള്‍ ലൈന്‍സിന്റെ’ കപ്പലുകളായിരുന്നു അക്കാലത്ത് ഹജ്ജ് യാത്രക്ക് സജ്ജമാക്കപ്പെട്ടിരുന്നത്. എസ്.എസ് അക്ബര്‍ എന്ന കപ്പലിലാണ് ഞങ്ങള്‍ അപ്പോള്‍. അക്ബറിന്റെ കന്നിയാത്രയായിരുന്നു അത്. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ചതായതിനാല്‍ പതിവിലും വേഗത്തിലാണ് സഞ്ചാരം. സാധാരണ പത്ത് ദിവസത്തോളമെടുക്കുന്ന കടല്‍ യാത്ര അഞ്ച് ദിവസങ്ങള്‍ക്കകം ജിദ്ദയിലെത്തും വിധമാണു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഡെക്കിലിരുന്ന് കടലിലേക്ക് കണ്ണ് പായിച്ചാല്‍ തിരമാലകള്‍ കീറി മുറിച്ചുകൊണ്ടുള്ള കപ്പലിന്റെ സഞ്ചാരവേഗം മനസ്സിലാക്കാം.
നിലാവിന്റെ സ്പര്‍ശലഹരിയില്‍ പ്രേമഗാനമാലപിക്കുന്ന നീലസാഗരത്തില്‍ കണ്ണു നട്ടു ഞാനും ശംസുദ്ദുഹായും പലതും സംസാരിച്ചു. മതബോധമുള്ള ആ നര്‍മപ്രിയന്‍ വളരെ വേഗം എന്റെ സുഹൃത്തായി. സാഹോദര്യത്തിന്റെ പുതിയ കണ്ണികള്‍ കൂടിയാണല്ലോ തീര്‍ഥാടനത്തിന്റെ മൂല്യവത്തായ സാഫല്യം. സംസാരിച്ചുകൊണ്ടിരിക്കെ പ്രഭാത പ്രാര്‍ഥനയുടെ ബാങ്കൊലി മുഴങ്ങി. നമസ്‌കാരാനന്തരം ഒരു മൗലാന അല്‍പനേരം പ്രസംഗിച്ചു. തുടര്‍ന്ന് അയാളുടെ നിര്‍ദേശപ്രകാരം നാലഞ്ചാളുകള്‍ വട്ടമിട്ടിരുന്ന് തല്‍ബിയത്ത്’ ചൊല്ലാന്‍ തുടങ്ങി.
പ്രാര്‍ഥനാനന്തരം ഞാന്‍ ബങ്കിലേക്ക് മടങ്ങി. കടലിനകത്തെ കപ്പലിന്റെ ആമാശയം. ശരിക്കും കടലിന്റെ ഉള്ളിലാണു ഞങ്ങള്‍. കിടക്കാന്‍ താഴത്തും മുകളിലുമായി തീവണ്ടിയിലെ പോലെ ടു ടയര്‍ സംവിധാനം. ബങ്കില്‍ അപ്പോള്‍ മുസ്‌ല്യാക്കന്മാര്‍ തമ്മില്‍ ഒരു തര്‍ക്കം നടക്കുകയാണ്. ‘തമത്തുഅ്’ സ്വീകരിച്ച ശേഷം മദീനയില്‍ പോയി മടങ്ങി വരവെ ഹജ്ജിന് ഇഹ്‌റാം ചെയ്താല്‍ ബലി നല്‍കേണ്ടതില്ല എന്ന ഒരു വിഭാഗത്തിന്റെ വാദം. ഒറ്റക്കാണെങ്കിലും മറ്റൊരു മുസ്‌ല്യാര്‍ ശക്തിയായി അതിനെ എതിര്‍ക്കുന്നുണ്ട്. ഇമാം നവവിയുടെ ‘ഈദാഹിലെ’ ഒരു വാചകത്തിന്‍മേല്‍ കിടന്നാണ് ഈ കടിപിടികള്‍. ശ്രോതാക്കളില്‍ പലര്‍ക്കും ബലിവേണ്ടാ വാദക്കാരോടാണ് അനുഭാവം. ലാഭചിന്ത! ഹജ്ജിലെ തമാശകളില്‍ ചിലതാണ് ഇത്തരം തര്‍ക്ക വിതര്‍ക്കങ്ങള്‍.
ഈ തര്‍ക്കം നടന്നുകൊണ്ടിരിക്കെ താഴെ, തബ്‌ലീഗ് നേതാവായ മൗലാനാ രിയാസ് അഹ്മദ് സാഹിബിന്റെ ഉഗ്രന്‍ പ്രസംഗം നടക്കുകയായിരുന്നു. കപ്പലിനകത്തെ ഏകതാനമായ വിരസതയില്‍ ആ പ്രസംഗം ആത്മീയമായൊരു ഉണര്‍വ് പകര്‍ന്നു.
നാലാം ദിവസം കപ്പല്‍ ‘സുഖുത്വറ’ കടലില്‍ പ്രവേശിച്ചു. പ്രക്ഷുബ്ധ മേഖല. ചാഞ്ചാട്ടം അനുഭവപ്പെട്ടെങ്കിലും കേള്‍ക്കാറുള്ള കടല്‍ചൊരുക്ക് യാത്രയിലെങ്ങും അനുഭവപ്പെടുകയുണ്ടായില്ല. ഉത്തരേന്ത്യക്കാരില്‍ ചിലര്‍ കടല്‍ ജലം കോരിയെടുക്കുന്ന തിരക്കിലാണ്. സുഖുത്വറയിലെ ജലം സര്‍വ രോഗ സംഹാരിയാണെന്നാണ് അവരുടെ വിശ്വാസം! പിറ്റേന്ന് കപ്പല്‍ യലംലമിന്റെ ഭാഗത്ത് പ്രവേശിച്ചു. ഇവിടെയാണ് ഇഹ്‌റാമിന്റെ മീഖാത്ത്. എല്ലാവരും കുളിച്ചു ശുദ്ധിയായി. ‘ഇഹ്‌റാമി’ന്റെ വസ്ത്രമണിഞ്ഞു. ഒരേ വേഷം. അരയുടുപ്പും മേല്‍മുണ്ടും മാത്രം. ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…” നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ശബ്ദം അന്തരീക്ഷത്തില്‍ നിറഞ്ഞൊഴുകി. അതേവരെ ഒരു അഭിസാരികയെപോലെ കൊഞ്ചിക്കുഴഞ്ഞിരുന്ന കടല്‍ പോലും അപ്പോള്‍ ഒരു ഭക്തയായി മാറിയപോലെ. കടല്‍ക്കാറ്റിന്റെ ചുണ്ടില്‍ അതൊരു ആത്മീയ ഹര്‍ഷഗാനമായി പാറി നടന്നു. തിരമാലകള്‍ അതിന് സിംഫണി തീര്‍ത്തു. അകലെ ഘനമൗനികളായ ഏഡന്‍ പര്‍വതങ്ങളുടെ ശബ്ദനാളത്തില്‍ അതിന്റെ അനുരണനങ്ങള്‍ നൃത്തം വെച്ചു. ആത്മാവിന്റെ സംഗീത ശില്‍പത്തില്‍ വിരിയുന്ന അനുഭൂതിയുടെ ഗാനസൂനങ്ങള്‍.
ബംഗ്ലാദേശ്, ബംഗ്ലാദേശ്
അഞ്ചരദിവസത്തെ യാത്രക്ക് ശേഷം കപ്പല്‍ ജിദ്ദാ തുറമുഖത്ത് നങ്കൂരമിട്ടു. മരത്തിന്റെ ചവിട്ടു പടികളുള്ള നൂലേണിയിലൂടെ കപ്പലില്‍ നിന്ന് താഴേക്കിറങ്ങുമ്പോള്‍ ഹൃദയം ഭയന്ന് മിടിക്കുന്നുണ്ടായിരുന്നു. വലിയ ചൂടിവലയില്‍ സാധനങ്ങള്‍ തൂക്കിയെടുത്ത െ്രെകന്‍ വന്‍ ശബ്ദത്തോടെ നിലത്തേക്ക് തള്ളി. ഇരുമ്പിന്റെ വലിയ ട്രങ്ക് അവിടവിടെ ചുക്കിച്ചുളിഞ്ഞാണ് കിട്ടിയത്. നല്ല വിശാലമായ പോര്‍ട്ട്. പറയത്തക്ക പ്രയാസങ്ങളൊന്നുമില്ലാതെ കസ്റ്റംസ് പരിശോധന കഴിഞ്ഞു. ഹാജിമാരില്‍ ചിലര്‍ ഹറം ശരീഫില്‍ വഖഫ് ചെയ്യാന്‍ കൊണ്ടുവന്ന മുസ്ഹഫുകള്‍ കസ്റ്റംസ് അധികാരികള്‍ കണ്ടുകെട്ടുകയുണ്ടായി. ഖുര്‍ആന്റെ വ്യാജപ്രതികളുടെ സാധ്യതകള്‍ക്കെതിരെയുള്ള ജാഗ്രത.
ജിദ്ദക്കാരന്‍ മുതവ്വിഫിന്റെ ഏജന്റ് സ്വീകരിക്കാനെത്തിയിരുന്നു. മക്കയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയ മലബാരി പരമ്പരയിലെ ഉമര്‍ മലബാരി മക്കയിലെ പോസ്‌റ്റോഫീസ് ജീവനക്കാരനാണ്. ഹജ്ജ് സീസണില്‍ മുതവ്വിഫിന്റെ ഏജന്റായി അധിക വരുമാനം ഉണ്ടാക്കുന്നു. അയാളുടെ മലയാള ഉച്ചാരണം കേട്ടാല്‍ ചിരി വരും. പോയ നൂറ്റാണ്ടിലെ ഉമ്മൂമ്മമാരുടെ ശൈലി. 75ന് എഗ്ഗത്തഞ്ചേ അയാളുടെ നാവിന് വഴങ്ങൂ.
ജിദ്ദയിലെ നടപടികളൊക്കെ പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. ഞങ്ങള്‍ ഏതാനും പേര്‍ ചേര്‍ന്ന് ‘ഓത്തോ ബീസ്’ എന്നറിയപ്പെടുന്ന ഒരു ടെംപോ വാന്‍ വാടകക്കെടുത്തു. വഴിമധ്യേ രണ്ടു സൗദി യുവാക്കള്‍കൂടി ഞങ്ങളോടൊപ്പം ചേര്‍ന്നു. ഞാനവരെ പരിചയപ്പെട്ടു. മക്കയിലെ ശരീഅ ഫാക്കല്‍ട്ടി വിദ്യാര്‍ഥികളാണ്. ഞങ്ങള്‍ ഇന്ത്യയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ബംഗ്ലാദേശിന് ജന്മം നല്‍കിയ, ആ വര്‍ഷം നടന്ന ഇന്ത്യാപാക് യുദ്ധത്തിലേക്ക് സംഭാഷണം നീങ്ങി. ‘ലാ ഹര്‍ബ ഫിശ്ശഹ്‌രില്‍ ഹറാം’ (ഹജ്ജ് കാലത്ത് യുദ്ധം പാടില്ല) എന്ന പ്രമാണം ഉദ്ധരിച്ചപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു. എങ്കിലും അവര്‍ വിട്ടില്ല. ലാ, ലാ… സര്‍രിഹില്‍ ഖൗല്‍ അനില്‍ ഹര്‍ബി ബൈനല്‍ ഹിന്ദ് വല്‍ ബാകിസ്താന്‍’ (പറ്റില്ല, പറ്റില്ല ഇന്ത്യ പാക് യുദ്ധത്തെക്കുറിച്ച് വ്യക്തമായി പറയൂ) എന്നായി അവര്‍. അവസാനം യുദ്ധത്തിന്റെ പശ്ചാത്തലവും വിശദാംശങ്ങളും പറഞ്ഞു കൊടുക്കാന്‍ നിര്‍ബന്ധിതനായി.
യുദ്ധകാലത്തെക്കുറിച്ച് പറഞ്ഞതൊന്നും അവര്‍ക്ക് ദഹിച്ചതായി തോന്നിയില്ല. ‘ഹല്‍ തുഹിബ്ബു വത്വനക്?’ (ശരിക്കും നിനക്ക് സ്വന്തം നാടിനോട് സ്‌നേഹമുണ്ടോ?) സിഗരറ്റ് പാക്ക് നീട്ടിക്കൊണ്ട് അടുത്ത ചോദ്യം. ‘ത്വബഅന്‍’ (തീര്‍ച്ചയായും) ഞാന്‍ പറഞ്ഞു: നിങ്ങള്‍ക്കുള്ള പോലെ തന്നെ. എന്റെ സര്‍ക്കാറിന്റെ രാഷ്ട്രീയ നയങ്ങളോട് എനിക്ക് വിയോജിപ്പുണ്ടാകാം. എന്നാല്‍ സര്‍ക്കാറിനെതിരെ അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്. നിങ്ങള്‍ക്കോ? ‘ജലാലത്തുല്‍ മലിക്കിന്നെതിരെ എന്തെങ്കിലും പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?”
സൗദിയില്‍ പത്രസ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനും വലിയ കൂച്ചുവിലങ്ങുകളാണ്. അന്ന് മദീനാ യൂണിവേഴ്‌സിറ്റിയിലെ ഒരു പാകിസ്താനി പ്രൊഫസറെ സൗദിയില്‍ നിന്ന് പുറത്താക്കിയ ഒരു കഥ കേട്ടിരുന്നു. തന്റെ പുസ്തകത്തില്‍ ഫൈസല്‍ രാജാവിനാല്‍ പുറത്താക്കപ്പെട്ട രാജാവ് നടപ്പിലാക്കിയ പരിഷ്‌കരണങ്ങളെ വാഴ്ത്തിപ്പറഞ്ഞതായിരുന്നുവത്രെ അദ്ദേഹം ചെയ്ത രാഷ്ട്രീയ കുറ്റം! പറഞ്ഞു കേട്ടതിനെ സാധൂകരിക്കുന്നതായിരുന്നു പിന്നീടുണ്ടായ ചില അനുഭവങ്ങള്‍. സൗദിയില്‍ നിന്ന് വാങ്ങിയ പുസ്തകങ്ങളില്‍ പലതും പേജുകള്‍ പറിച്ചു നീക്കപ്പെട്ട നിലയിലായിരുന്നു. കഷ്ടം തോന്നും ഈ പുസ്തകപ്പേടി കാണുമ്പോള്‍. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ ലോക ഭൂപടത്തിലെ ഇസ്രായേല്‍ മാപ്പ് കരിമഷിയിലാണ്. ഇസ്രായേലിനെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കാന്‍ കഴിഞ്ഞില്ലെങ്കിലും പുസ്തകത്തില്‍ നിന്നെങ്കിലും തുടച്ചു നീക്കാന്‍ കഴിഞ്ഞല്ലോ! സൗദി വിദ്യാര്‍ഥികള്‍ എന്റെ ചോദ്യത്തിന് മുമ്പില്‍ മുട്ടുകുത്തുമെന്നായിരുന്നു എന്റെ ഗര്‍വ്. പക്ഷേ, അതിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. എന്റെ ചോദ്യത്തോട് അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. ‘എന്നിട്ടും വര്‍ഗീയ കലാപങ്ങളില്‍ എത്ര മുസ്‌ലിംകളാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. ജീവിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തിടത്ത് അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് എന്ത് വിലയാണുള്ളത്?”
മുഖത്തടിക്കുന്നതുപോലെയുള്ള ഈ പ്രതികരണത്തെ നേരിടുമ്പോള്‍ എന്റെ മനഃസാക്ഷിയുടെ മുന്നിലൂടെ റൂര്‍ക്കലയും റാഞ്ചിയും അഹ്മദാബാദും ആ വര്‍ഷം നടന്ന തലശ്ശേരി കലാപവും ചോദ്യചിഹ്നങ്ങള്‍ കുത്തിവരച്ചു കൊണ്ട് കടന്നുപോയി.
സംസാരിച്ചുകൊണ്ടിരിക്കെ ഞങ്ങള്‍ ഹറമിന്റെ അതിര്‍ത്തിയില്‍ പ്രവേശിച്ചു. ജിദ്ദമക്കാ റോഡില്‍, മക്കയില്‍ നിന്ന് ഇരുപത് നാഴിക അകലെ സ്ഥിതിചെയ്യുന്ന ഹുദൈബിയയില്‍ നിന്ന് ഹറമിന്റെ അതിര്‍ത്തി തുടങ്ങുന്നു. അതിന്റെ അടയാളമായി രണ്ട് സ്തംഭങ്ങള്‍ നാട്ടിയിട്ടുണ്ടായിരുന്നു അവിടെ. മക്കയുടെ മറ്റ് നാലു ഭാഗങ്ങളിലും തന്‍ഈം, ജഅ്‌റാനിയ, അറഫ, ഇദാഅ ഇത്തരം അതിര്‍ത്തി സ്തംഭങ്ങളുള്ളതായി സഹയാത്രികരായ സൗദി വിദ്യാര്‍ഥികള്‍ പറഞ്ഞു. സംസാരത്തിനിടെ അവര്‍ ഇടക്കിടെ ഉരുവിട്ടുകൊണ്ടിരുന്ന ഒരു വാക്ക് എന്നെ വല്ലാതെ കുഴക്കി എന്നതാണ് രസകരമായ മറ്റൊരു സംഗതി. അവര്‍ ‘ശുവൈ, ശുവൈ’ എന്നു പറയുമ്പോഴൊക്കെ കമ്മ്യൂണിസം എന്നര്‍ഥമുള്ള ‘ശയൂഇയ്യ’ എന്നാണ് ഞാന്‍ കേള്‍ക്കുന്നത്. സംസാര സന്ദര്‍ഭമാണെങ്കില്‍ കമ്മ്യൂണിസവുമായി പൊരുത്തപ്പെടുന്നുമില്ല. ശൈഅ് എന്ന പദത്തിന്റെ ന്യുനീകരണ രൂപ (തസ്ഗീര്‍)മാണതെന്ന് മനസ്സിലാകുന്നത് പിന്നീട് മദീനാ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥികളില്‍ നിന്നാണ്. കുറച്ച് കുറച്ച് എന്നര്‍ഥം.
താമസിയാതെ മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ കണ്ടു തുടങ്ങി. വാഹനത്തിനുള്ളില്‍ തല്‍ബിയ്യത്തിന്റെ ആരവം പൂര്‍വാധികം ഉച്ചത്തിലായി. മുത്വവ്വിഫിന്റെ വീട്ടില്‍ ചെന്ന് സാമാനങ്ങള്‍ ഇറക്കി വെച്ച ശേഷം ത്വവാഫിനും സഅ്‌യിനുമായി ഹറമിലേക്ക് തിരിച്ചു. ബാബുസ്സലാമിലൂടെ പ്രവേശിച്ച ഞങ്ങള്‍ കഅ്ബയുടെ നേരെ നീങ്ങി. സ്വര്‍ണ നൂലുകളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്ത കറുത്ത പട്ടുപുടവയാല്‍ ആഛാദിതമായ വിശുദ്ധാലയം. ചുറ്റും ഭിത്തിയുടെ പ്രഭാതാരള്യം. പ്രദക്ഷിണം ചെയ്യുന്ന സഹസ്രങ്ങളുടെ പ്രാര്‍ഥനാരവം.മുല്‍തസ’മിന്റെ സമീപം പശ്ചാത്താപ വിവശമായ ഹൃദയങ്ങളുടെ ഏങ്ങലടികള്‍. അതിനിടയില്‍ അനേകായിരങ്ങളുടെ കാലടികള്‍ക്കിടയില്‍ ഞങ്ങളുടെ കാലടിയും കൂടിക്കുഴഞ്ഞു. കഅ്ബയുടെ ഒരു മൂലയില്‍ വെള്ളിക്കമ്പികള്‍ കൊണ്ട് ഭദ്രമായി ഉറപ്പിച്ചു നിര്‍ത്തിയ കറുത്ത ശിലാഖണ്ഡത്തില്‍ നിന്ന് ഞങ്ങള്‍ പ്രദക്ഷിണം ആരംഭിച്ചു. പാപികളുടെ കറ ഏറ്റുവാങ്ങിയതിനാലാണ് ആ ശില കറുത്തുപോയതെന്ന് പറഞ്ഞ ആളുടെ കാവ്യഭാവനയെ ഞാന്‍ നമിച്ചു.
ക്രി. 1630ലെ ഒരു വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉസ്മാനിയാ (ഒട്ടോമന്‍) സുല്‍ത്താന്മാരില്‍ ഒരാളായ സുല്‍ത്താന്‍ മുറാദ് പുനര്‍നിര്‍മാണം നടത്തിയ കഅ്ബ ഇന്നും പറയത്തക്ക മാറ്റമൊന്നും കൂടാതെ നിലനില്‍ക്കുന്നു. അതേ സമയം ഹറം മസ്ജിദ് വളരെ അധികം വിപുലീകൃതമായിട്ടുണ്ട്. ഞങ്ങള്‍ ഹജ്ജിനെത്തിയ കാലത്ത് ഏതാണ്ട് മൂന്ന് ലക്ഷം ആളുകള്‍ക്ക് സുഖമായി പ്രാര്‍ഥന നിര്‍വഹിക്കാന്‍ മാത്രം സൗകര്യപ്രദമായിരുന്നു മസ്ജിദ്. അന്നത്തേക്ക് ഹറം വികസനത്തിന് സൗദി സര്‍ക്കാര്‍ രണ്ടു കോടി ഡോളര്‍ ചെലവഴിച്ചതായാണ് കണക്ക്. ഇന്നും ഹറം വികസനം സൗദി ബജറ്റിന്റെ സ്ഥിരം ഇനമാണ്. ബിന്‍ ലാദന്‍ കമ്പനിക്കായിരുന്നു പില്‍ക്കാലത്ത് അതിന്റെ കരാര്‍. അന്ന് ശബര്‍ അലി എന്ന സൗദി പ്രഭുവായിരുന്നു കോണ്‍ട്രാക്ടര്‍. സ്വന്തം വിഭവശേഷി ഫലപ്രദമായി ചൂഷണം ചെയ്യാനുള്ള സാമര്‍ഥ്യമോ താല്‍പര്യമോ അറബികള്‍ക്കില്ല. നിത്യോപയോഗ സാധനങ്ങളടക്കം എല്ലാം ഇറക്കുമതി ചെയ്യുകയാണ്. കലിമത്തു തൗഹീദ്’ ആലേഖനം ചെയ്ത തസ്ബീഹ് മാലപോലും ചൈനീസ് നിര്‍മിതം. മഖ്ഹ’ (കാപ്പിക്കട)കളില്‍ ടിവിയുടെയും ചതുരംഗ പലകകളുടെയും ഹുക്കകളുടെയും മുന്നില്‍ ദിനരാത്രങ്ങള്‍ തള്ളി നീക്കുന്ന അറേബ്യന്‍ അലസ ജീവിതം കണ്ടപ്പോള്‍ മുഹമ്മദ് അസദ് റോഡ് റ്റു മക്ക’യിലെഴുതിയ ഒരനുഭവം ഓര്‍ത്തുപോയി. തന്റെ അറേബ്യന്‍ യാത്രാനുഭവങ്ങള്‍ ശക്കീബ് അര്‍സ്‌ലാന് വിവരിച്ച് കൊടുത്ത കൂട്ടത്തില്‍ മുഹമ്മദ് അസദ് ബൈഗാന്‍ താഴ്‌വരയെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി. ശാസ്ത്രീയ സമ്പ്രദായങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ ഹിജാസിന് ആവശ്യമായ ഗോതമ്പ് മുഴുവന്‍ അവിടെ വിളയിക്കാന്‍ സാധിക്കുമെന്ന് അസദ് അഭിപ്രായപ്പെട്ടു. പക്ഷേ അതിന് പത്ത് വര്‍ഷം എടുക്കുമെന്ന് കേട്ടപ്പോള്‍ ഇബ്‌നു സുഊദിന്റെ പ്രതികരണം ഇതായിരുന്നു: പത്ത് വര്‍ഷം! പത്ത് വര്‍ഷം വളരെ ദീര്‍ഘമാണ്. ഞങ്ങള്‍ ബദവികള്‍ക്ക് ഒരു കാര്യം മാത്രമേ അറിയൂ കയ്യില്‍ കിട്ടുന്നത് വായിലെത്തിക്കുക.”
പില്‍ക്കാലത്ത് ചില കാര്‍ഷിക പദ്ധതികളൊക്കെ സൗദി സര്‍ക്കാര്‍ പരീക്ഷിച്ചതായാണ് അറിവ്. എങ്കിലും സൗദി അറേബ്യയുടെ മുഖമുദ്രയായ ആലസ്യം പറ്റെ വിട്ടുപോയെന്ന് പറയാറായിട്ടില്ല. എണ്ണപ്പാടങ്ങളിലെ വന്‍ വരുമാനവും ഹജ്ജ് കാലത്തെ വ്യാപാര വേളകളിലെ നാണ്യസമ്പത്തുമെല്ലാം സുഖലോലുപതയില്‍ ധൂര്‍ത്തായി പോകുന്നു. ഹജ്ജ് സീസണ്‍ കഴിഞ്ഞാല്‍ അടുത്ത ഹജ്ജുകാലം വരെ മുത്വവ്വിഫുമാരില്‍ പലരും പാരീസിലും ലണ്ടനിലും മറ്റും ചെന്ന് സുഖിക്കുകയാണ് പതിവെന്ന് പറഞ്ഞു കേള്‍ക്കുകയുണ്ടായി.
ഇബ്രാഹിം മഖാമും സഫാമര്‍വയും
ത്വവാഫിന് ശേഷം മഖാമു ഇബ്രാഹീമിനു സമീപം ഞങ്ങള്‍ രണ്ടു റക്അത്ത് നമസ്‌കരിച്ചു. ഇബ്രാഹീം നബി കഅ്ബ കെട്ടിപ്പൊക്കിയത് ഇവിടെ നിന്നുകൊണ്ടായിരുന്നു. പക്ഷേ, കഅ്ബയിലേക്ക് കയ്യെത്താവുന്ന അകലത്തല്ല മഖാമിന്റെ ഇപ്പോഴത്തെ നില്‍പ്. ഇത്ര അകലെ നിന്നുകൊണ്ട് എങ്ങനെയാണ് ഇബ്രാഹീം നബി കഅ്ബ പടുത്തുയര്‍ത്തിയതെന്ന് അവിടെ നിന്നിരുന്ന ഒരു പോലീസുകാരനോട് ചോദിച്ചപ്പോള്‍ അയാള്‍ ഉടനെ മറുപടി പറഞ്ഞു: ‘ബി ഖുദ്‌റത്തില്ലാ’. (ദൈവിക ശക്തി കൊണ്ട്) പില്‍ക്കാലത്ത് സൗകര്യാര്‍ഥം മാറ്റി പ്രതിഷ്ഠിച്ചതാകാം. ഒരു ഗ്ലാസ് കൂടിനകത്താണ് മഖാം ഇബ്രാഹീം. അതില്‍ പലരും തങ്ങളുടെ ഫോട്ടോകളും വിലാസവും നിക്ഷേപിച്ചതായി കണ്ടു.
സംസം ജലം പാനം ചെയ്ത ശേഷം ഞങ്ങള്‍ സ്വഫാ മര്‍വയിലേക്ക് നീങ്ങി. ആ കുന്നുകള്‍ നമ്മുടെ ഹൃദയത്തില്‍ മാത്രമേ ഇന്നുള്ളൂ. മിനുമിനുത്ത തറയിലൂടെയാണ് നമ്മള്‍ അവിടെ ഓടുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് കര്‍മം ചെയ്യാന്‍ അത് ഏറെ സൗകര്യപ്രദമാണ്. എങ്കിലും മാര്‍ദവമേറിയ ആ തറനിരപ്പിലൂടെ നടക്കുമ്പോള്‍ ഒരു നഷ്ടപ്രതീതി അനുഭവപ്പെട്ടു. ആധുനികമായ ഈ സംവിധാനങ്ങള്‍ നല്‍ക്കുന്ന സൗകര്യങ്ങള്‍ സ്വഫാ മര്‍വയുടെ പ്രാ ചീനമായ ആത്മസത്തയെ അപഹരിച്ചോ എന്ന തോന്നല്‍.
ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുത്വവ്വിഫിന്റെ ആതിഥ്യം സ്വീകരിച്ച് അന്ന് രാത്രി ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലുറങ്ങി.
കടപ്പാട്-ആരാമം മാസിക
Add Comment