
സര്‍വ്വജഞനും സര്‍വനിയന്താവുമായ അല്ലാഹു മാനവ ലോകത്തിനായി നിശ്ചയിച്ചയക്കുന്ന പദ്ധതികളുടെ എല്ലാ ലക്ഷ്യങ്ങളും കൃത്യമായി നിര്‍ണയിക്കാന്‍ പരിമിതമായ മനുഷ്യബുദ്ധിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല. എങ്കിലും അവയുടെ ചില ലക്ഷ്യങ്ങളെങ്കിലും ഗ്രഹിക്കാന്‍ ശ്രമിക്കലും അതിലൂടെ ആ പദ്ധതിയുടെ യുക്തിയും മഹത്വവും മനസ്സിലാക്കലും ഖുര്‍ആന്റെ അനുയായികളായ മുസ്‌ലിംകളുടെ കടമയാണ്. ഈയടിസ്ഥാനത്തില്‍ മാത്രം മഹത്തായ ഹജ്ജ് കര്‍മത്തിന്റെ ചില ലക്ഷ്യങ്ങളെ സംബന്ധിച്ച് നമുക്കൊരു അവലോകനം നടത്താം.
ലോകത്ത് ഏതുകാലത്തും എല്ലാത്തരം കുഴപ്പങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും കാരണം മനുഷ്യഹൃദയങ്ങളില്‍ ഉടലെടുത്ത ഉച്ചനീചത്വബോധവും അതില്‍ നിന്ന് ഉടലെടുക്കുന്ന വൈരാഗ്യവും,
അസൂയ, അഹംഭാവം, അനീതി മുതലായ ദുഃസ്വഭാവങ്ങളുമാണ്. അതു തുടച്ചു നീക്കുകയാണ് ഹജ്ജിന്റെ പ്രധാന ലക്ഷ്യം. ഹജ്ജില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ എല്ലാവിധ ആഢംബരങ്ങളും ഉപേക്ഷിച്ച് ഒരു മുണ്ട് ഉടുക്കാനും മറ്റൊന്ന് പുതക്കാനും മാത്രം ഉപയോഗിക്കുന്നു. പക്ഷെ, അതിലൊന്നുകൊണ്ടും തല മറക്കാന്‍ പാടില്ല. ധനകനും അഗതിയും രാജാവും പ്രജയും വലിയവനും ചെറിയവനുമെല്ലാം അവിടെ തുല്യരാണ്. ഇരിക്കുകയും കിടക്കുകയും നടക്കുകയും ചെയ്യുന്നിടങ്ങളിലൊന്നും അവര്‍ക്കിടയില്‍ ഒരന്തരവുമില്ല. വസ്ത്രധാരണത്തിലോ അനുഷ്ഠാന കര്‍മ്മങ്ങളിലോ അവര്‍ ഭിന്നരല്ല. ‘അറഫാ മൈതാനത്താണ് ഹജ്ജിന്റെ മുഖ്യ ചടങ്ങ്. നബി (സ) പ്രഖ്യാപിക്കുന്നു: ‘അറഫയത്രെ ഹജ്ജ്’. അറഫയില്‍ വെച്ചാണ് ഹജ്ജിന്റെ പരിപൂര്‍ണ കാഴ്ച്ച കാണുന്നത്. ദൈവദാസന്‍മാര്‍ ആ മൈതാനത്ത് യാതൊരു വ്യത്യാസവും കൂടാതെ നിരന്നിരിക്കുന്നതു കാണുമ്പോള്‍ ഏതു അഹംഭാവിയുടെയും മനസ്സ് തെല്ലൊന്നു ആര്‍ദ്രമാകാതിരിക്കില്ല.
അന്തര്‍ദേശീയ സമ്മേളനം
ഹജ്ജിന്റെ മറ്റൊരു ലക്ഷ്യം അതൊരു അന്തര്‍ദേശീയ മുസ്‌ലിം മഹാസമ്മേളനമാണെന്നതാണ്. മനുഷ്യരാശിയുടെ പുണ്യ കേന്ദ്രമായ ‘മക്ക’ പട്ടണത്തില്‍ ലോക മുസ്‌ലിം പ്രതിനിധികള്‍ ആകമാനം പങ്കെടുക്കുന്ന ഈ മഹാ സമ്മേളനം കൊല്ലം തോറും ചേരുകയും മുസ്‌ലിം സമുദായത്തിന്റെയും മനുഷ്യരാഷിയുടെയും പൊതുനന്മക്കുള്ള മാര്‍ഗങ്ങളെകുറിച്ച് ചിന്തിച്ച് തീരുമാനങ്ങളെടുക്കാന്‍ സൗകര്യം നല്‍കുകയും ചെയ്യുന്നു.
ഉത്തമ ജീവിത പരിശീലനം
മനുഷ്യവര്‍ഗത്തിന് ഒരനുഗൃഹീത ജീവിതവ്യവസ്ഥ സംവിധാനം ചെയ്യുവാനും മാനവ ചരിത്രത്തെ അതിന്റെ പരിപൂര്‍ണതയിലേക്ക് എത്തിക്കുവാനും വേണ്ടി സര്‍വ്വലോക രക്ഷിതാവ് അവതരിപ്പിച്ച പരിപൂര്‍ണവും ശാശ്വതവുമായ ജീവിത പദ്ധതിയാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ക്ക് നല്‍കപ്പെട്ട ഖുര്‍ആന്‍.
ഭാഷ, വര്‍ണം, ദേശം, സാമൂഹിക പദവികള്‍, ധനം, സ്ഥാനമാനങ്ങള്‍, വിദ്യാഭ്യാസം, ബിരുദം മുതലായ എല്ലാവിധ വ്യത്യാസങ്ങള്‍ക്കുമതീതമായി മനുഷ്യരെല്ലാം ഒന്നാണെന്നും ഈ പ്രപഞ്ചത്തിന് സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു കര്‍ത്താവുണ്ടെന്നും അവന്റെ ശാസനകള്‍ക്ക് കീഴ്‌പ്പെട്ടുകൊണ്ട് ജീവിക്കണമെന്നും അതിലാണ് മാനവ സമൂഹത്തിന്റെ ഇഹപര സൗഭാഗ്യമെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. ശക്തിയായി പഠിപ്പിക്കുന്നു. അങ്ങനെ ഏകദൈവ വിശ്വാസവും ഏക ദൈവാധിപത്യവും ഭൂമുഖത്ത് നടപ്പില്‍ വരുത്തുകയും അവന്റെ മാത്രം ദാസന്മാരായി അവന്‍ നല്‍കിയ ജീവിത പദ്ധതിയനുസരിച്ച് ജീവിക്കുകയും പരസ്പരം സ്‌നേഹവും സാഹോദര്യവും പുലര്‍ത്തി മാനവലോകത്തിന് മാതൃക കാണിച്ചു കൊടുക്കുകയും ചെയ്യാന്‍ ഖുര്‍ആന്റെ അനുയായികളെ അത് പഠിപ്പിക്കുന്നു. ഇതിനാവശ്യമായ പരിശീലനങ്ങള്‍ നല്‍കാനായി ചില പദ്ധതികള്‍ മുസ് ലിംകളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അതിലൊന്നത്രെ ഹജ്ജ്.
പരിശുദ്ധ ഹജ്ജ്: ചില പാര്‍ശ്വ വീക്ഷണങ്ങള്‍
സത്യവിശ്വാസികള്‍ സദ്‌വൃത്തരും ഭയഭക്തരുമായിത്തീരുന്നതിനും അതുവഴി അവരെ ശാശ്വതമായ സ്വര്‍ഗത്തിന് അവകാശികളാക്കുന്നതിനും വേണ്ടി അവര്‍ മനസ്സാ-വാചാ-കര്‍മണാ നിര്‍വഹിക്കേണ്ട വിവിധ ആരാധനാ കര്‍മങ്ങള്‍ അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദിനേന പലപ്രാവശ്യം നിര്‍വഹിക്കേണ്ട നമസ്‌കാരം പോലുള്ള ആരാധനാ കര്‍മ്മങ്ങള്‍, വര്‍ഷാന്തം അനുഷ്ഠിക്കേണ്ട വ്രതവും കാര്‍ഷികവും വ്യവസായികവും മറ്റുമായ മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്ന ധനം നിര്‍ണിത പരിധിയെത്തിയാല്‍ നിര്‍ബന്ധമാകുന്ന സക്കാത്തും ഇവയില്‍ പെടുന്നു.
ആയുസ്സിലൊരിക്കല്‍ നിശ്ചിത നിബന്ധനകള്‍ പൂര്‍ത്തിയാകുന്നവര്‍ മാത്രം നിര്‍വഹിക്കേണ്ട കര്‍മങ്ങളാണ് ഹജ്ജും ഉംറയും. നബി (സ) പറഞ്ഞു. ‘ഹജ്ജ് നിര്‍വഹിക്കേണ്ടത് ഒരു പ്രാവശ്യമാണ്. ആര്‍ ഒന്നിലധികം ചെയ്യുന്നുവോ അത് ഐഛികമാണ്’.
അബൂഹുറൈറ (റ) പറയുന്നു. ‘നബി (സ) ഞങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പ്രസംഗിച്ചു. ജനങ്ങളേ, നിങ്ങളുടെമേല്‍ അല്ലാഹു ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ ഹജ്ജ് ചെയ്യുക… അപ്പോള്‍ ഒരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എല്ലാവര്‍ഷവും നിര്‍വഹിക്കേണ്ടതുണ്ടോ? നബി മൗനം പൂണ്ടു. അയാള്‍ മൂന്നു പ്രാവശ്യം ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. ‘ഞാന്‍ ‘അതെ’ എന്ന് ഉത്തരം നല്‍കുകയാണെങ്കില്‍ അത് നിര്‍ബന്ധമായിത്തീരുകയും നിങ്ങള്‍ക്കത് നിര്‍വഹിക്കുവാന്‍ അസാധ്യമായിത്തീരുകയും ചെയ്യും’. അദ്ദേഹം തുടര്‍ന്നു. ‘ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നത് മാത്രം നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ പൂര്‍വിക പ്രവാചകന്‍മാരുടെ സമുദായത്തെ ശിക്ഷിക്കാന്‍ കാരണം അവരുടെ ഭിന്നിപ്പും അമിതമായ ചോദ്യങ്ങളുമാണ്. അതിനാല്‍ ഞാന്‍ ഒരു കാര്യം കല്‍പ്പിച്ചാല്‍ കഴിയുന്നിടത്തോളം അത് അനുസരിക്കുക. ഞാന്‍ വിരോധിക്കുന്നത് വര്‍ജിക്കുകയും ചെയ്യുക’ (മുസ്‌ലിം).
ഹജ്ജും ഉംറയും: ആയുസ്സില്‍ ഒരിക്കല്‍ മാത്രം
നമസ്‌കാരവും നോമ്പും പോലെ നിര്‍ബന്ധമായി അനുഷ്ഠിക്കേണ്ട ഇസ്‌ലാമിലെ സ്തംഭങ്ങളില്‍ പെട്ടതാണ് ഹജ്ജും ഉംറയും. അതുനിര്‍വഹിക്കുന്നതുമൂലം കൈവരിക്കാന്‍ കഴിയുന്ന നന്മകളുടെയും നേട്ടങ്ങളുടെയും ആധിക്യം പരിഗണിക്കുമ്പോള്‍, അതിനു സാധ്യമാകുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രേഷ്ഠകരമായ പുണ്യകര്‍മങ്ങളാണവ. ഒന്നിലധികം പ്രാവശ്യം ഈ കര്‍മം നിര്‍വഹിക്കുന്നത് സുന്നത്താണ്. പക്ഷേ, സുന്നത്തിനേക്കാള്‍ പ്രാധാന്യം കല്‍പിക്കേണ്ട മറ്റു ബാധ്യതകള്‍ നിര്‍വഹിക്കുന്നതിന് ഈ കര്‍മം തടസ്സമായിരിക്കരുത്. വിദൂര നാടുകളില്‍ നിന്ന് വളരെയധികം പണം ചെലവു ചെയ്ത് ഹജ്ജും ഉംറയും കൂടെക്കൂടെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നവര്‍ അനിവാര്യമായും പുനര്‍വിചാരം നടത്തേണ്ടതുണ്ട്. തങ്ങളുടെ കുടുംബ-ബന്ധുമിത്രാതികളോടും സമൂഹത്തോടും നിര്‍ബന്ധമായി നിര്‍വഹിക്കണമെന്ന് ഇസ്‌ലാം ആജ്ഞാപിച്ച ബാധ്യതകള്‍ നിറവേറ്റുന്നതിനേക്കാള്‍ പ്രാധാന്യം ഐഛികമായി നിര്‍വഹിക്കുന്ന ഹജ്ജിനും ഉംറക്കും കല്‍പ്പിക്കരുത്.
ഹജ്ജും ഉംറയും നിര്‍ബന്ധമാകുന്നതെപ്പോള്‍?
വിശുദ്ധ ഖുര്‍ആന്റെയും തിരു സുന്നത്തിന്റെയും വെളിച്ചത്തില്‍ ഹജ്ജും ഉംറയും സ്ത്രീ പുരുഷ ഭേദമന്യേ ഓരോ വ്യക്തിക്കും നിര്‍ബന്ധമാകുന്നത് അഞ്ച് കാര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ്.
ഒന്ന്: മുസ്‌ലിമായിരിക്കുക
ഇസ് ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍പെട്ടതാണ് നമസ്‌കാരവും ഹജ്ജുമെല്ലാം. അതിനാല്‍ അതു മുസ്‌ലിംകളോടാണ് അല്ലാഹു ആവശ്യപ്പെടുന്നത്. ‘അഞ്ചു കാര്യങ്ങളുടെ മേല്‍ ഇസ്‌ലാം ഉയര്‍ത്തപ്പെട്ടിരിക്കുന്നു’ എന്ന നബിവചനം വ്യക്തമാക്കുന്നതതാണ്.
രണ്ട്: ബുദ്ധി സ്ഥിരത
ഇസ്‌ലാമിന്റെ മതപരമായ എല്ലാ ബാധ്യതകളും ബുദ്ധിസ്ഥിരതയും സ്വബോധവുമുള്ളവനെ ബാധകമാകുന്നുള്ളൂ. ബുദ്ധി ഭ്രംശം വന്നു ഭവിക്കുമ്പോഴും ഉറക്കത്തിലും മറവിയിലും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ വ്യക്തി ഉത്തരവാദിയാകുന്നില്ല. ‘ഒരു ശരീരത്തോടും അതിന്റെ കഴിവിന്നതീതമായത് അല്ലാഹു കല്‍പ്പിക്കുന്നില്ല’ എന്ന് ഖുര്‍ആന്‍ പറയുന്നു.
മൂന്ന്: പ്രായപൂര്‍ത്തി
എല്ലാ ദീനി ബാധ്യതകളെയും പോലെ ഹജ്ജ് നിര്‍ബന്ധമാകുന്നത് വിവേകത്തിന്റെ പ്രായമെന്നറിയപ്പെടുന്ന പ്രായപൂര്‍ത്തിയെത്തുമ്പോഴാണ്. ആ പ്രായമെത്തുന്നതിനു മുമ്പുള്ള സമയത്ത് പരിശീലനാര്‍ഥം കുട്ടികളോട് അത്തരം കാര്യങ്ങള്‍ കല്‍പ്പിക്കേണ്ടതാണ്. കുട്ടികള്‍ ഏഴു വയസ്സ് പ്രായമെത്തിയാല്‍ മാതാപിതാക്കള്‍ അവരോട് നമസ്‌കരിക്കാന്‍ കല്‍പ്പിക്കണമെന്നും പത്തു വയസ്സെത്തിയാല്‍ നമസ്‌കരിക്കുന്നില്ലെങ്കില്‍ ശിക്ഷിക്കണമെന്നും പ്രവാചകന്‍ കല്‍പ്പിച്ചിട്ടുണ്ട്. പക്ഷെ, നോമ്പിന്റെയും ഹജ്ജിന്റെയും കാര്യത്തില്‍ ഇത്തരം കര്‍ശനമായ നിര്‍ദേശം ഉണ്ടായിട്ടില്ല.
നാല്: കഴിവുണ്ടാവുക.
‘കഴിവുള്ളവര്‍ അല്ലാഹുവിന്റെ പുണ്യഗേഹത്തില്‍ പോയി ഹജ്ജ് നിര്‍വിഹിക്കേണ്ടതാണ്’ എന്നാണ് അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്. കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ഈ നിബന്ധന ഒരു വ്യക്തി എപ്പോഴാണ് പൂര്‍ത്തിയാക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
1. ശാരീരികമായ കഴിവ്: ഹജ്ജ് നിര്‍വഹിക്കാനുദ്ദേശിക്കുന്ന വ്യക്തിയുടെ ആരോഗ്യനില ഹജ്ജിന് പുറപ്പെട്ട് തിരിച്ച് വരാനും അതിനിടയില്‍ നിര്‍വിഹിക്കേണ്ട കര്‍മങ്ങള്‍ യഥാവിധി നിര്‍വഹിക്കാനും അതിനു വേണ്ടി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനും അവിടങ്ങളിലെ കാലാവസ്ഥ നേരിടാനും പര്യാപ്തമായിരിക്കണം.
2. സാമ്പത്തിക കഴിവ്: യഥാവിധി ഹജ്ജിന് പോയി മടങ്ങുന്നതിനും ഹജ്ജ് വേളയില്‍ ആവശ്യമായി വരുന്ന യാത്ര, ഭക്ഷണ പാര്‍പ്പിട സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ട ധനം ഉണ്ടായിരിക്കണം. ഹജ്ജിന് പോകുന്ന വ്യക്തി ചെലവു നല്‍കേണ്ടതായുള്ള തന്റെ കുടുംബത്തിനും ആശ്രിതര്‍ക്കും തന്റെ യാത്ര കഴിഞ്ഞ് തിരിച്ചു വരുന്നത് വരെ മാന്യമായി ജീവിക്കുന്നതിനുള്ള വകയുണ്ടാവുകയെന്നതും ഇതിലുള്‍പ്പെടുന്നു.
3. കടബാധ്യതകള്‍ തീര്‍ക്കുക: ജനങ്ങളോടുള്ള കടങ്ങളും മറ്റു ബാധ്യതകളും വീട്ടിയിട്ടായിരിക്കണം ഹജ്ജിന് പോകേണ്ടത്. ഹജ്ജും ഉംറയും നിര്‍വിക്കാന്‍ ഉപയോഗിക്കുന്ന പണം പരിപൂര്‍ണമായും ഹലാലായ മാര്‍ഗേണ സമ്പാദിച്ചതായിരിക്കണം. ഇമാം ത്വബറാനി അബൂഹുറൈറയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു. ‘ഒരാള്‍ തന്റെ നല്ല സമ്പാദ്യവുമായി ഹജ്ജിന് പുറപ്പെട്ട് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ (നിന്റെ വിളിക്ക് ഞാനുത്തരം നല്‍കിയിരിക്കുന്നു) എന്നു പറയുമ്പോള്‍ വാനലോകത്തു നിന്ന്് ഒരു പ്രതിശബ്ദമുണ്ടാകും. ‘നീ അല്ലാഹുവിന്റെ ആഹ്വാനത്തിനുത്തരം നല്‍കി, നീ സൗഭാഗ്യവാനായി. നിന്റെ പാഥേയം ഹലാലാണ്. നിന്റെ ഹജ്ജ് സ്വീകരിക്കപ്പെട്ടിരിക്കുന്നു’.
അഞ്ച്: നിര്‍ഭയത്വം: ഹജ്ജിന് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഉപയോഗിക്കേണ്ടി വരുന്ന വാഹനത്തിന്റെ സുരക്ഷിതത്വവും യാത്രാമധ്യേ ഉണ്ടായേക്കാവുന്ന യുദ്ധം, പ്രകൃതിക്ഷോഭം, രാജ്യാര്‍ത്തി അടക്കല്‍, പകര്‍ച്ച വ്യാധി എന്നിവയുടെ ഭീഷണിയില്‍ നിന്നുള്ള നിര്‍ഭയത്വവുമാണ് ഇതിന്റെ വിവക്ഷ.
സംഭാവന പിരിച്ചുകൊണ്ടുള്ള ഹജ്ജ്
ഹജ്ജിനും ഉംറക്കും പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന ഓരോ മുസ്‌ലിമും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്. സ്വന്തം സമ്പാദ്യത്തില്‍ നിന്നോ നേരായ മാര്‍ഗത്തില്‍ അനന്തരാവകാശമായി ലഭിച്ച സ്വത്തില്‍ നിന്നോ ചെലവഴിക്കാന്‍ സാധിക്കുമ്പോള്‍ മാത്രം ഹജ്ജിന് പുറപ്പെടണമെന്നേ അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുള്ളൂ. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുമിത്രാദികളില്‍ നിന്നോ ഉദാരമതികളില്‍ നിന്നോ സംഭാവന സ്വീകരിച്ചുകൊണ്ട് ഹജ്ജിന് പോകണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നില്ല. മറ്റുള്ളവരുടെ ധനം സ്വീകരിക്കുന്നതില്‍ നിന്നും അവരോട് ചോദിച്ചുവാങ്ങുന്നതില്‍ നിന്നും ഹജ്ജിന് പോകാനുദ്ദേശിക്കുന്ന വ്യക്തി മാന്യത പുലര്‍ത്തേണ്ടതുണ്ട്.
ഹജ്ജ് യാത്രയെ കുറിച്ച് പരസ്യം
തങ്ങളുടെ ഹജ്ജ് യാത്രയെ കുറിച്ച് പത്രങ്ങളില്‍ പരസ്യം ചെയ്യുന്ന ചിലര്‍ അത് മുഖേന സാധാരണക്കാരില്‍ നിന്ന് സമ്മാനങ്ങളും സംഭാവനകളും ലഭിക്കണമെന്ന് മോഹിക്കാറുണ്ട്. ഇത്തരം സമ്പ്രദായങ്ങള്‍ ദൈവസാമീപ്യം ഉദ്ദേശിച്ച് ചെയ്യേണ്ട നിഷ്‌കളങ്കമായ ഹജ്ജിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്ന് ബഹുദൂരം അകലെയാണ്. ഹജ്ജ് കര്‍മത്തിലൂടെ പേരും പ്രശസ്തിയും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. പ്രവാചകന്‍ പറയുന്നു: ‘ആര്‍ മാന്യത പുലര്‍ത്തിക്കൊണ്ട് സ്വയം പര്യാപ്തത ആഗ്രഹിക്കുന്നുണ്ടോ അവരെ അല്ലാഹു സ്വയം പര്യാപതരാക്കും. യാചന ശീലമാക്കിയ ഒരാള്‍ എപ്പോഴും ചോദിച്ചു കൊണ്ടേയിരിക്കും. പുനരുത്ഥാന ദിവസം അവന്‍ ഹാജറാക്കപ്പെടുമ്പോള്‍ മുഖത്ത് മാംസത്തിന്റെ ഒരു കഷ്ണം പോലും അവശേഷിക്കുകയില്ല.’ ഇത്തരത്തിലുള്ള ഹജ്ജും ഹാജിമാരും നിഷ്‌കളങ്കമായ ഉദ്ദേശത്തോടെ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് ഒരു അവഹേളനമാണ്. ഇസ് ലാമിന്റെ മഹത്തായ ഒരു ചിഹ്നത്തെ കരിവാരിത്തേക്കുകയും ഇസ് ലാമിന്റെ ശത്രുക്കള്‍ക്ക് പഴിപറയാന്‍ ഒരു മാര്‍ഗം കൂടി തുറന്നു വെക്കുകയുമാണവര്‍ ചെയ്യുന്നത്.
സ്ത്രീകള്‍ക്കു മാത്രമുള്ള നിബന്ധന
സ്ത്രീകള്‍ക്ക് ഹജ്ജും ഉംറയും നിര്‍ബന്ധമാകുവാന്‍ പുരുഷന്‍മാര്‍ക്കില്ലാത്ത ഒരു നിബന്ധ കൂടിയുണ്ട്. സ്ത്രീയോടൊപ്പം വിവാഹം നിഷിദ്ധമായ ഒരു പുരുഷന്‍ ഹജ്ജ് യാത്രയിലുടനീളം അനുഗമിക്കുക എന്നതാണത്. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം. നബി പറഞ്ഞു: ‘ഒരു പുരുഷന്‍ പരസ്ത്രീയോടൊപ്പം അവളെ വിവാഹം കഴിക്കല്‍ നിഷിദ്ധമായ ഒരു പുരുഷന്റെ സാന്നിദ്ധ്യത്തിലല്ലാതെ ഒഴിഞ്ഞിരിക്കരുത്. സ്ത്രീ അവളെ വിവാഹം കഴിക്കല്‍ നിഷിദ്ധമായ ഒരു പുരുഷനോടൊപ്പമല്ലാതെ യാത്ര ചെയ്യുകയുമരുത്. അപ്പോള്‍ ഒരാള്‍ പറഞ്ഞു. ദൈവദൂതരേ, എന്റെ ഭാര്യ ഹജ്ജിനായി പുറപ്പെട്ടിട്ടുണ്ട്. ഞാനാകട്ടെ ഒരു യുദ്ധത്തില്‍ പങ്കെടുക്കേണ്ടവനാണ്. നബി പറഞ്ഞു. എങ്കില്‍ നീ നിന്റെ ഭാര്യയോടൊപ്പം ഹജ്ജ് ചെയ്യുക’. (ബുഖാരി, മുസ് ലിം). അബൂസഈദ് (റ) ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: ഒരു സ്ത്രീ രണ്ടു രാവുകളോ, രണ്ടു പകലുകളോ സഞ്ചരിക്കേണ്ടുന്നത്രെ ദൂരമുള്ള യാത്ര ഭര്‍ത്താവിന്റേയോ അവളെ വിവാഹം കഴിക്കല്‍ അനുവദനീയമല്ലാത്ത പുരുഷന്റെയോ സാന്നിധ്യത്തിലല്ലാതെ ചെയ്യുന്നത് നബി (സ) വിലക്കിയിരിക്കുന്നു. മറ്റൊരു റിപ്പോര്‍ട്ടനുസരിച്ച് നബി (സ) പറഞ്ഞു. ‘അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീ മൂന്ന് ദിവസമോ അതിലധികമോ സമയം സഞ്ചരിക്കേണ്ട യാത്ര പിതാവിന്റെയോ ഭര്‍ത്താവിന്റെയോ, പുത്രന്റെയോ, സഹോദരന്റെയോ അവളെ വിവാഹം കഴിക്കല്‍ നിഷിദ്ധമായ ഒരു പുരുഷന്റെയോ സാന്നിധ്യത്തിലല്ലാതെ ചെയ്യുന്നത് അനുവദനീയമല്ല’.
ഹജ്ജ് സംബന്ധമായി ഖുര്‍ആനിലും സുന്നത്തിലും വന്ന കല്‍പനകള്‍ സ്ത്രീ-പുരുഷഭേദം കൂടാതെ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാകുന്ന രൂപത്തിലാണ് വന്നിട്ടുള്ളത്. അതിനാല്‍ സ്ത്രീകള്‍ക്ക്് പ്രത്യേകമായി ഈ വിഷയത്തില്‍ ഒരു നിബന്ധന കല്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന് ചില പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായമുണ്ട്. അവര്‍ താഴെ പറയുന്ന തെളിവുകള്‍ ഉദ്ധരിക്കുന്നു. ‘കഴിവുള്ള എല്ലാവരും പരിശുദ്ധ ഗേഹത്തില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കേണ്ടത് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു’ (ആലു ഇംറാന്‍ 197). ‘ജനങ്ങളേ, നിങ്ങള്‍ക്ക് അല്ലാഹു ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യുക’. ‘മ്ലേഛമായ വാക്കും പ്രവര്‍ത്തിയും ഉപേക്ഷിച്ചു കൊണ്ട് ഹജ്ജ് ചെയ്ത മനുഷ്യന്‍, മാതാവ് തന്നെ പ്രസവിച്ച ദിവസത്തിലേതെന്ന പോലെ പരിശുദ്ധനായിട്ടാണ് തിരിച്ചു വരിക:’ ‘ആയിശ (റ) വില്‍ നിന്ന് നിവേദനം. അവര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, ജിഹാദ് ഏറ്റവും ശ്രേഷ്ഠകരമായ കര്‍മമായിരിക്കെ, ഞങ്ങള്‍(സ്ത്രീകള്‍)ക്ക് ജിഹാദ് ചെയ്തു കൂടെ? തിരുമേനി പറഞ്ഞു: ഏറ്റവും ശ്രേഷ്ഠകരമായ ജിഹാദ് പുണ്യകരമായ ഹജ്ജാണ്’. യഥാക്രമം മുസ് ലിം, ബുഖാരി എന്നിവര്‍ നിവേദനം ചെയ്ത ഈ ഹദീസുകള്‍ പൊതുവായ രൂപത്തിലല്ലാതെ സ്ത്രീകള്‍ക്ക് പ്രത്യേക നിബന്ധനകളൊന്നും ചുമത്തിയിട്ടില്ല.
ഹജ്ജ് നിര്‍ബന്ധമാക്കിക്കൊണ്ട് വന്നിട്ടുള്ള കല്‍പ്പനകള്‍ സ്ത്രീ പുരുഷ വ്യത്യാസം പരിഗണിക്കാതെ പൊതുവായിട്ടുള്ളതാണെന്ന വാദം ശരിതന്നെ. അതുപോലെ വിവാഹം കഴിക്കല്‍ അനുവദനീയമല്ലാത്ത വ്യക്തി (മഹ്‌റം) കൂടെയില്ലാതെ യാത്ര ചെയ്യരുതെന്ന സ്ത്രീയോടുള്ള ഇസ് ലാമിന്റെ കല്‍പ്പനയും പൊതുവായിത്തന്നെയാണ് വന്നിട്ടുള്ളത്. ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമായിത്തീരുന്നത് അതിന് കഴിവ് (ഇസ്തിതാഅത്) ഉള്ളവര്‍ക്കാണ് എന്ന നിബന്ധനയില്‍ ശാരീരികമായും ധനപരമായും മറ്റുമുള്ള കഴിവുകള്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. സ്ത്രീയെ സംബന്ധിച്ച് അവള്‍ക്ക് കഴിവുണ്ടാകുന്നത് അവളെയും അവളുടെ അഭിമാനം, സമ്പത്ത് എന്നിവയെയും സംരക്ഷിക്കാന്‍ കഴിവുള്ള ഒരു വ്യക്തി കൂടെയുണ്ടാവുമ്പോള്‍ മാത്രമാണ്. ആ നിലക്ക് ഖുര്‍ആനിലെ ആയത്തിനെ വിശദീകരിക്കുക മാത്രമാണ് ഹദീസ് ചെയ്തിട്ടുള്ളത്.
സ്ത്രീക്ക് ഹജ്ജ് നിര്‍ബന്ധമാക്കാനുള്ള നിര്‍ബന്ധമാക്കാനുള്ള നിബന്ധനകളെകുറിച്ച് പരാമര്‍ശിക്കുന്നേടത്ത് ഹനഫീ പണ്ഡിതന്‍മാര്‍ പറയുന്നത്. സ്രത്രീയോടൊപ്പം അവളുടെ ഭര്‍ത്താവോ, ‘മഹ്‌റമോ’ അല്ലെങ്കില്‍ സുരക്ഷിതത്വം നല്‍കുന്ന കൂട്ടുകാരോ ഉണ്ടാവണമെന്നാണ്. അതുപോലെ ദൂരം താണ്ടുവാനുള്ള സുഗമമായ മാര്‍ഗവും ആരോഗ്യവും ഉണ്ടാകണം. യാത്രയിലുടനീളം അവള്‍ക്കും അവളുടെ അഭിമാനത്തിനും പൂര്‍ണ സുരക്ഷിതത്വം ഉണ്ടായിരിക്കണം. ഈ നിബന്ധനകളിലേതെങ്കിലുമൊന്ന് കുറഞ്ഞിട്ടുണ്ടെങ്കില്‍ സ്ത്രീക്ക് ഹജ്ജ് നിര്‍ബന്ധമാകുന്നില്ല.
ശാഫീ പണ്ഡിതന്‍മാര്‍ പറയുന്നത് സ്ത്രീയോടൊപ്പം അവളുടെ ഭര്‍ത്താവോ, മഹ്‌റമോ, അവള്‍ക്ക് വിശ്വാസമുള്ള രണ്ട് അതിലധികമോ സ്ത്രീകളോ ഉണ്ടായിരിക്കണമെന്നാണ്. ഒരു സ്ത്രീമാത്രമേ അവള്‍ക്ക് കൂട്ടിനുള്ളുവെങ്കില്‍ പോലും അവള്‍ക്ക് ഹജ്ജ് നിര്‍ബന്ധമല്ല. എന്നാല്‍ ശാഫി പണ്ഡിതന്‍മാരില്‍ ചിലര്‍ നിര്‍ബന്ധമായ ഹജ്ജും സുന്നത്തായ ഹജ്ജും തമ്മില്‍ വ്യത്യാസം കല്‍പ്പിച്ചിട്ടുണ്ട്. നിര്‍ബന്ധമായ ഹജ്ജാണെങ്കില്‍ യാത്ര നിര്‍ഭയമാണെന്നുറപ്പായാല്‍ അവള്‍ക്ക് തനിയെ പുറപ്പെടാം. അതുപോലെ അവളെ അനുഗമിക്കാന്‍ മഹ്‌റമോ, രണ്ട് സ്ത്രീകളോ ഇല്ലാതെ വന്നാല്‍ തനിക്കു വിശ്വാസമുള്ള ഒരു സ്ത്രീയെ അനുഗമിച്ചു കൊണ്ട് ഹജ്ജിന് പുറപ്പെടാം. എന്നാല്‍ ഹജ്ജ് സുന്നത്താണെങ്കില്‍ ഈ ഇളവുകളൊന്നും അവര്‍ അനുവദിക്കുന്നില്ല. ഹമ്പലീ പണ്ഡിതന്‍മാര്‍ സ്ത്രീയോടൊപ്പം ഹജ്ജ് വേളയിലുടനീളം ഭര്‍ത്താവോ, മഹ്‌റമോ കൂടെയുണ്ടായിരിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഹജ്ജ് മബ്‌റൂറ്
ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട ഹജ്ജ് മബ്‌റൂറിന്റെ വിവക്ഷ, മഹത്തായ ഈ കര്‍മ്മത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള തെറ്റുകുറ്റങ്ങള്‍ ഒന്നും സംഭവിക്കാത്ത പുണ്യകരമായ ഹജ്ജ് എന്നത്രെ.
നിഷ്‌കളങ്കനായി അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുകൊണ്ട് മനസാ-വാചാ-കര്‍മണാ ചെറുതും വലുതുമായ പാപങ്ങളില്‍ നിന്ന് തീര്‍ത്ഥാടകന്‍ മുക്തനായിരിക്കണം. ഏഷണി, പരദൂഷണം തുടങ്ങിയവയില്‍ നിന്ന് നാവിനെ കടിഞ്ഞാണിടണം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വന്നുചെരുന്ന തന്റെ സഹോദരന്‍മാരുടെ അഭിമാനത്തിലും ധനത്തിലും കയ്യേറ്റം നടത്തരുത്. അവരോട് സ്‌നേഹാദരവോടും സഹകരണത്തോടും കൂടി വര്‍ത്തിക്കണം. ഇത്തരത്തിലുള്ള ഒരു ഭക്തന്‍ നിര്‍വഹിക്കുന്ന ഹജ്ജിനാണ് ‘ഹജ്ജ് മബ്‌റൂര്‍’ എന്ന് പറയുന്നത്.
മദീന സന്ദര്‍ശനം
മദീന മുനവ്വറ (പ്രശോഭിത നഗരം) എന്നും ‘മദീനത്തുര്‍റസൂല്‍’ (പ്രവാചകന്റെ നഗരം) എന്നും അറിയപ്പെടുന്ന പട്ടണമാണ് മുഹമ്മദ് നബി (സ) തന്റെ പ്രവര്‍ത്തന കേന്ദ്രമായും ഇസ് ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനമായും തെരഞ്ഞെടുത്തത്. ജന്മ പ്രദേശമായ മക്കാ പട്ടണം തന്റെ അധീനതയില്‍ വന്നിട്ടും, ജേതാവി അവിടെ തിരിച്ചെത്തിയിട്ടും, മക്കയില്‍ താമസിക്കാതെ അദ്ദേഹം മദീനയിലേക്കുതന്നെ തിരിച്ചുപോവുകയാണുണ്ടായത്. നബി പണിത ലോകപ്രസിദ്ധമായ മദീനാ പള്ളിയും പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന ‘മഖ്ബറ’ യും മദീനയുടെ കേന്ദ്രഭാഗത്തു തന്നെ സ്ഥിതിചെയ്യുന്നു.
മദീന സന്ദര്‍ശനം ഹജ്ജിന്റെ കര്‍മത്തില്‍ പെട്ടതല്ല. പക്ഷേ, ലോക പ്രവാചകനായ മുഹമ്മദ് നബി (സ) യുടെ പള്ളിയില്‍വെച്ച് നമസ്‌കരിക്കുകയും അദ്ദേഹത്തിന്റെ ഖബറിനു മുമ്പില്‍നിന്ന് സലാം പറയുകയും ചെയ്യുമ്പോള്‍ പുതിയൊരു ചൈതന്യവും ആവേശവും തീര്‍ത്ഥാടകര്‍ക്ക് അനുഭവപ്പെടുന്നു. ഈ സന്ദര്‍ശനിത്തിന് കാലനിര്‍ണയമില്ല. പക്ഷേ, പുറം നാടുകളില്‍ നിന്നും ഹജ്ജിനായി എത്തുന്നവര്‍ ആ അവസരത്തില്‍ തന്നെ ഇതിനുകൂടെ സമയം കണ്ടെത്തലായിരിക്കും ഉചിതം.
Add Comment