
ലോക മുസ്‌ലിംകളുടെ പുണ്യ ഗേഹങ്ങളിലൊന്നാണ് മക്കയിലെ വിശുദ്ധ കഅ്ബാലയം. അഞ്ചുനേരങ്ങളിലും കഅ്ബയിലേക്ക് തിരിഞ്ഞാണ് മുസ്‌ലിംകള്‍ നമസ്‌കരിക്കുന്നത്. മക്കയുടെ ഹൃദയമായി കഅ്ബ വിശേഷിപ്പിക്കപ്പെടുന്നു. ചതുരാകൃതിയുള്ള ഒരു കെട്ടിടമാണത്. ദൈവത്തിന്റെ കല്‍പ്പനയനുസരിച്ച് ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും ചേര്‍ന്നാണ് കഅ്ബ നിര്‍മ്മിച്ചത്.
കറുത്ത പട്ടുവിരി കൊണ്ട് കഅ്ബ മൂടപ്പെട്ടിരിക്കുന്നു. കഅ്ബയെ പുതപ്പിച്ചിരിക്കുന്ന വിരിക്ക് അറബിയില്‍ ‘ഖില്ല’ എന്നും പറയുന്നു. കഅ്ബയുടെ ചരിത്രമെന്ന പോലെ ഖില്ലയുടെ ചരിത്രവും അത്ഭുതകരമാണ്.
തബഅ് അബൂകറബ് അസ്അദ് എന്ന യമനീ രാജാവാണ് കഅ്ബയെ ഖില്ലയണിയിച്ചതെന്ന് പ്രസിദ്ധ ചരിത്രകാരനായ ഇബ്‌നു ഹിശാം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റയുടെ 220 വര്‍ഷം മുമ്പ് സ്വപ്‌നസാക്ഷാല്‍ക്കാരമായാണ് തബഅ് ഖില്ലയണിയിച്ചതെന്ന് അദ്ദേഹം പറയുന്നു. അതോടൊപ്പം കഅ്ബക്ക് ഒരു വാതില്‍ നിര്‍മ്മിക്കുകയും താഴിടുകയും ചെയ്തു. യമനിലെ വിലപിടിപ്പുള്ള തുണികൊണ്ടാണ്് തബഅ് ഖില്ല നിര്‍മ്മിച്ചത്.
തബഇന്റെ പിന്‍ഗാമികളായ യമനീ രാജാക്കന്‍മാര്‍ ഇതേ രീതി തുടര്‍ന്നു പോന്നു. തുകല്‍, വിലപിടിച്ച ഈജിപ്ഷ്യന്‍ പരുത്തി എന്നിവയും ഖില്ല നിര്‍മാണത്തിന് അവര്‍ ഉപയോഗിച്ചിരുന്നു. ഭരണാധികാരികള്‍ക്കു പുറമെ പ്രജകളും ഖില്ല സംഭാവനയായി നല്‍കിയിരുന്നു. ഇങ്ങനെ വന്നുചേരുന്ന ഖില്ലകളുടെ ആധിക്യത്താല്‍ ഒന്നിനു മീതെ ഒന്നായാണ് പുതപ്പിച്ചിരുന്നത്.ദൈവ പ്രീതിക്ക് വേണ്ടി കഅ്ബയെ ഖില്ല അണിയിക്കല്‍ ജാഹിലിയ്യാ കാലത്ത് പതിവായിരുന്നു. ഗോത്രത്തലവന്‍മാരാണ് അക്കാലത്ത് ഖില്ലയുടെ ചുമതല വഹിച്ചിരുന്നതെങ്കിലും എല്ലാവര്‍ക്കും ഖില്ലയണിയിക്കാനുള്ള അവകാശം ലഭിച്ചു.
നബി (സ) യുടെ പിതൃവ്യന്‍ ഖുസയ്യ് ബ്‌നു കിലാബ് മക്കയുടെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തപ്പോള്‍ ഖില്ല നിര്‍മ്മാണത്തിനായി ഓരോ ഗോത്രങ്ങളില്‍ നിന്നും നിശ്ചിത സംഖ്യ ഈടാക്കി. അദ്ദേഹത്തിനു ശേഷം പിന്‍ഗാമികളും ഈ രീതി തന്നെയാണ് സ്വീകരിച്ചത്. ഇതുമൂലം ഖില്ല നിര്‍മ്മാണത്തില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ലഭിച്ചു.
ഖാലിദ്ബിന്‍ ജഅ്ഫര്‍ ബിന്‍ കിലാബാണ് ആദ്യമായി പട്ടുകൊണ്ട് ഖില്ല നിര്‍മ്മച്ചത്. അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്തലിബിന്റെ ഉമ്മ നുതൈലയും അപ്രകാരം ചെയ്തിട്ടുണ്ട്. അബ്ബാസിനെ ഒരിക്കല്‍ കാണാതായപ്പോള്‍ കണ്ടുകിട്ടുവാന്‍ കഅ്ബയെ ഖില്ല അണിയിക്കുമെന്ന് നേര്‍ച്ച ചെയ്തിരുന്നുവത്രെ.
ഇസ് ലാമിനു ശേഷം
ഇസ്‌ലാമിന്റെ ഉദയം വരെ ഈ രീതിയാണ് തുടര്‍ന്നുപോന്നത്. മക്കാവിജയത്തോടെയാണ് കഅ്ബയുടെ ആധിപത്യം മുസ്‌ലിംകള്‍ വീണ്ടെടുക്കുന്നത്. തുടര്‍ന്ന് പ്രവാചകന്‍ (സ) പഴയ ഖില്ല നീക്കം ചെയ്യുകയും പുതിയത് അണിയിക്കുകയും ചെയ്തു. ഈജിപ്തിലും യമനിലും നിര്‍മ്മിച്ച തുണികള്‍ കൊണ്ട് നബി (സ) കഅ്ബയെ ഖില്ല അണിയിച്ചതായി ഇബ്‌നു ഹിശാം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവാചകനുശേഷം ഖലീഫമാരും അബ്ദുല്ലാഹിബ്‌നു സുബൈറും ഖില്ല അണിയിച്ചിട്ടുണ്ട്. അമവീ ഭരണകൂടത്തിന്റെ സ്ഥാപകന്‍ മുആവിയാ ബിന്‍ അബീസുഫ്‌യാന്‍ വര്‍ഷത്തില്‍ രണ്ടുതവണ ഖില്ല അണിയിച്ചിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികളും തുടര്‍ന്ന് വന്ന അബ്ബാസികളും അങ്ങനെ ചെയ്തു. പഴയ ഖില്ല നീക്കം ചെയ്യാതെ അതിനു മുകളില്‍ പുതിയത് അണിയിക്കുകയായിരുന്നു അവരുടെ പതിവ്. ഇങ്ങനെ ചെയ്യുന്നത് മൂലം കഅ്ബാലയത്തിനു നാശം സംഭവിക്കാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ ഓരോ വര്‍ഷവും പഴയത് നീക്കം ചെയ്ത് പുതിയത് അണിയിക്കാന്‍ അബ്ബാസി ഖലീഫ മഹ്ദി കല്‍പ്പിച്ചു.
അബ്ബാസിയാ ഭരണകൂടം ക്ഷയിച്ചു തുടങ്ങിയപ്പോള്‍ മറ്റു മുസ്‌ലിം ഭരണകൂടങ്ങള്‍ ഖില്ലയുടെ ചുമതല ഏറ്റെടുത്തു. ഈജിപ്തും യമനുമായിരുന്നു മുഖ്യമായും ഈ ചുമതല നിര്‍വ്വഹിച്ചിരുന്നത്.
ഈജിപ്തിന്റെ പങ്ക്
ഹിജ്‌റ 362 മുതല്‍ (എ.ഡി. 972) ഈജിപ്തിലെ ഫാത്തിമിയ്യാ ഭരണകര്‍ത്താവായ അല്‍ മുഇസ്സ് ലിദീനില്ലായാണ് ഖില്ല കൊടുത്തയച്ചിരുന്നത്. ചുവന്ന പട്ടുകൊണ്ട് നിര്‍മ്മിച്ചതും ചതുരാകൃതിയുള്ളതുമായ ഖില്ലക്ക് 144 ചാണ്‍ വീതിയുണ്ടായിരുന്നു. സ്വര്‍ണ്ണനൂല്‍, വിലപിടിച്ച രത്‌നങ്ങള്‍ എന്നിവ കൊണ്ടുള്ള അലങ്കാര പണികള്‍ ഖില്ലക്ക് ഭംഗി പകര്‍ന്നു. പ്രശസ്ത സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ‘മിസ്‌റില്‍ നിന്നും കൊണ്ടുവരുന്ന ഖില്ല ബലി പെരുന്നാള്‍ സുദിനത്തിലാണ് കഅ്ബയെ അണിയിക്കുക.അത് പട്ടുകൊണ്ട് നിര്‍മ്മിച്ചതും തിളങ്ങുന്നതുമായിരുന്നു. ഖില്ലയുടെ ഏറ്റവും മുകളിലായി ‘പരിശുദ്ധ ഗേഹമായ കഅ്ബാലയത്തെ അല്ലാഹു ജനങ്ങള്‍ക്ക് (സാമൂഹ്യ ജീവിതത്തിന്റെ) നിലനില്‍പ്പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു’ എന്ന അല്‍മാഇദയിലെ 97-ാം സൂക്തം ആലേഖനം ചെയ്യപ്പെട്ടിരുന്നു. മിസ്‌റില്‍ നിന്നും വരുന്ന ഖില്ല ഹറമിന്റെ പരിപാലന ചുമതലയുള്ള ശൈബിയാക്കളുടെ തലവനാണ് ഏറ്റുവാങ്ങുക. ഖില്ല പുതപ്പിക്കുന്ന ചടങ്ങിനും നേതൃത്വം നല്‍കിയിരുന്നതും ശൈബിയാക്കളായിരുന്നു’.
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഈജിപ്തില്‍ നിന്നാണ് ഖില്ല കൊണ്ടുവന്നിരുന്നത്. ഖില്ല നിര്‍മാണത്തിന് ഈജിപ്തില്‍ പ്രത്യേകം സംവിധാനം ഉണ്ടായിരുന്നു. 15 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുള്ള എട്ടുകഷ്ണങ്ങളായാണ് നിര്‍മ്മിക്കുന്നത്. കറുത്ത പട്ടു വസ്ത്രമാണ് ഇതിനുപയോഗിക്കുന്നത്. ഖൈറോവിലായിരുന്നു ഖില്ല നിര്‍മ്മിച്ചത്. അക്കാലത്ത് 4550 ജുനൈഹ് ഇതിന് ചെലവുവന്നിട്ടുണ്ട്.
സഊദി അറേബ്യയുടെ ഖില്ല
ഹിജ്‌റ വര്‍ഷം 1344 മുതല്‍ സഊദി അറേബ്യ ഖില്ല നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും 1381 നു ശേഷമാണ് നിര്‍മാണം സഊദിയില്‍ മാത്രം പരിമിതമായത്. എ.ഡി. 1924 ല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഈജിപ്ത് ഖില്ല അയക്കാതിരുന്നപ്പോള്‍ അന്നത്തെ സഊദി രാജാവായ അബ്ദുല്‍ അസീസ് ആലു സഊദ് മക്കയില്‍ തന്നെ ഖില്ല നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല അല്‍ സുലൈമാന്‍ അല്‍ഹമദാനെയായിരുന്നു ഇതിന്റെ ചുമതല ഏല്‍പ്പിച്ചത്.
ഹിജ്‌റ 1346 ല്‍ മക്കയിലുള്ള മുഹല്ല അല്‍ ജിയാദില്‍ ഒരു ഖില്ല നിര്‍മ്മാണ ഫാക്ടറി സ്ഥാപിച്ചു. ഹിജാസിലെ ഇത്തരത്തിലുള്ള ആദ്യ ഫാക്ടറിയാണിത്.
ഖില്ല നിര്‍മാണത്തിനുള്ള അസംകൃത പദാര്‍ത്ഥങ്ങള്‍ സഊദിയില്‍ ലഭ്യമാകാതിരുന്നതിനാല്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു. ധനമന്ത്രി ശൈഖ് അബ്ദുല്ല, ഇന്ത്യ ഹജ്ജ് കാര്യ തലവന്‍ അബ്ദുല്‍ റഹ്മാന്‍ മസ്ഹര്‍, ഇന്ത്യന്‍ പണ്ഡിതനായ ശൈഖ് ഇസ്മാഈല്‍ അല്‍ ഖസ്‌നവി എന്നിവരാണ് ഖില്ല നിര്‍മാണത്തിന്റെ മേല്‍ നോട്ടം വഹിച്ചിരുന്നത്.
ഇന്ത്യയില്‍ നിന്നും ഖില്ല നിര്‍മാണത്തിനാവശ്യമായ നാടന്‍ യന്ത്രസാമഗ്രികളും പട്ടുതുണികളും ഇറക്കുമതി ചെയ്തിരുന്നു. അറുപതോളം നിര്‍മ്മാണ തൊഴിലാളികളും ഇന്ത്യയില്‍ നിന്നാണ് എത്തിയത്. ഇവരുടെ ശ്രമഫലമായി 4 മാസം കൊണ്ട് ഇവിടെ നിന്ന് പ്രഥമ ഖില്ല നിര്‍മ്മിക്കാന്‍ കഴിഞ്ഞു.
ഹിജ്‌റ 1355 മുതല്‍ ഈജിപ്തും സഊദി ഭരണകൂടവും തമ്മിലുണ്ടായ കരാറിന്റെ അടിസ്ഥാനത്തില്‍ ഈജിപ്ത് വീണ്ടും ഖില്ല അയക്കാന്‍ തുടങ്ങിയെങ്കിലും 1381 ലുണ്ടായ ചില രാഷ്ട്രീയ ഭിന്നത കാരണം സഊദി അറേബ്യ ഈജിപ്തിന്റെ ഖില്ല നിരസിച്ചു. ഇതോടെ ഈജിപ്ത് നിര്‍മ്മാണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.
1971 ല്‍ അന്നത്തെ ഭരണാധികാരിയായ ഫൈസല്‍ രാജാവ് ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ഒരു ഫാക്ടറിയുടെ നിര്‍മ്മാണം തുടങ്ങി. 1977 ല്‍ ഖാലിദ് രാജാവിന്റെ കാലത്താണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
മക്കയിലെ ഉമ്മുല്‍ ജൂദിലുള്ള ഈ ഫാകടറിയില്‍ നിന്നാണ് ഇസ് ലാമിക കാലിഗ്രഫിയുടെ കമനീയത വിളിച്ചറിയിക്കുന്ന ഖില്ലകള്‍ ഇപ്പോഴും നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ നിന്നും ഖില്ല നിര്‍മ്മിച്ചു കൊണ്ടുപോകുകയുണ്ടായി.
ഖില്ലയുടെ തുണി
ശുദ്ധമായ പട്ടുകൊണ്ടാണ് ഖില്ല നിര്‍മ്മിക്കുന്നത്. 5670 കിലോഗ്രാം പട്ട് ഇതിനായി ഉപയോഗിക്കുന്നു. 720 കിലോ ചായവും മറ്റു രാസ പദാര്‍ത്ഥങ്ങളും ഉപയോഗിച്ച് തുണിക്ക് കറുത്ത നിറം നല്‍കുന്നു. ഇതിന്‍മേല്‍ കറുത്ത പട്ടുനൂല്‍ കൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹു, സുബ്ഹാനല്ലാഹ്, വബിഹംദിക സുബ്ഹാനല്ലാഹില്‍ അളീം, യാ ഹന്നാന്‍ യാ മന്നാന്‍’ എന്നിങ്ങനെ ആലേഖനം ചെയ്തിട്ടുണ്ട്.
കഅ്ബയുടെ ബെല്‍ട്ട്
മേത്തരം പട്ടുകൊണ്ട് പതിനാറ് കഷ്ണങ്ങളായാണ് ബെല്‍ട്ട് നിര്‍മ്മിക്കുന്നത്. കഅ്ബയുടെ ഓരോ ഭാഗത്തും നാല് കഷ്ണങ്ങള്‍ വീതം ചേര്‍ത്ത് കെട്ടുന്നു. 45 മീറ്റര്‍ നീളവും 95 സെ. മീ വീതിയുമുള്ള ബെല്‍ട്ട് അയ്യായിരം കിലോഗ്രാം സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്ത മിശ്രിതം കൊണ്ടാണ് നിര്‍മ്മിക്കുന്നത്. എട്ടര മില്യണ്‍ റിയാല്‍ ഇതിന് ചെലവുവരുന്നു. നിരപ്പില്‍ നിന്നും ഒമ്പത് മീറ്റര്‍ മുകളിലായി ഖില്ലയുടെ പുറത്താണ് ബെല്‍ട്ട് കെട്ടുന്നത്. അതില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.
കഅ്ബയുടെ വാതില്‍വിരി
അഞ്ച് കഷ്ണങ്ങള്‍ ചേര്‍ത്താണ് വാതില്‍ വിരി നിര്‍മ്മിക്കുന്നത്. സ്വര്‍ണനൂല്‍ കൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള വാതില്‍വിരിക്ക് ഏഴര മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുണ്ട്.
ദുല്‍ഹജ്ജ് എട്ടിന് ഖില്ല എത്തുന്നു
മക്കയിലുള്ള ഖില്ല നിര്‍മ്മാണശാലയില്‍ ഹജ്ജ്മാസം ഒഴികെ മറ്റെല്ലാ മാസങ്ങളിലും നിര്‍മ്മാണം നടക്കുന്നുണ്ട്. ഒരു ഖില്ല നിര്‍മ്മിക്കാന്‍ 17 മില്യണ്‍ റിയാല്‍ ചെലവ് (14 കോടിയലധികം രൂപ). അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെ വിലക്കയറ്റം, തൊഴിലാളികളുടെ വേതന വര്‍ദ്ധനവ് എന്നിവയനുസരിച്ച് ചെലവ് കൂടിക്കൊണ്ടിരിക്കും.
ദുല്‍ഹജ്ജ് എട്ടിനാണ് പുതിയ ഖില്ല കഅ്ബയിലേക്ക് കൊണ്ടുവരുന്നത്. കഅ്ബ പരിപാലന ചുമതലയുള്ള ശൈബിയാക്കളുടെ നേതാവ് ഏറ്റുവാങ്ങുകയും ഒമ്പതിന് അണിയിക്കുകയും ചെയ്യുന്നു. പഴയ ഖില്ല നീക്കം ചെയ്ത് പനിനീരും മറ്റ് സുഗന്ധങ്ങളും ഉപയോഗിച്ച് കഅ്ബ കഴുകിയ ശേഷമാണ് പുതിയത്് അണിയിക്കുന്നത്.
കഅ്ബ ശുചീകരണം
മക്കാവിജയത്തെതുടര്‍ന്ന് മസ്ജിദുല്‍ ഹറാം ഏറ്റെടുത്ത പ്രവാചകനും ശിഷ്യന്‍മാരും അതിനെ വിഗ്രഹങ്ങളില്‍ നിന്നു മുക്തമാക്കുകയും സംസ ജലം കൊണ്ട് കഴുകി വൃത്തിയാക്കുകയുമുണ്ടായി. ഈ ചരിത്ര സംഭവം അനുസ്മരിച്ചു കൊണ്ട് എല്ലാ വര്‍ഷവും ദുല്‍ഹജ്ജ് ഏഴാം നാളില്‍ കഅ്ബ ശുചീകരണം തുടര്‍ന്നു വരുന്നു. സഊദി രാജാവിന്റെ ആഗമനത്തോടെയാണ് ഇന്ന് കഅ്ബാശുചീകരണം ആരംഭിക്കുന്നത്. മസ്ജിദുല്‍ ഹറാമിലെത്തുന്ന രാജാവ് കഅ്ബാ പ്രദക്ഷിണം ചെയ്യുകയും ഹജറുല്‍ അസ്‌വദ് ചുംബിക്കുകയും ഇബ്‌റാഹീം മഖാമില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അനന്തരം അദ്ദേഹം ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള മുസ്‌ലിം നേതാക്കളോടൊപ്പം കഅ്ബയില്‍ പ്രവേശിക്കുന്നു. കഅ്ബയുടെ ഉള്‍വശം കഴുകുകയും ഈത്തപ്പനയോലയുടെ ചൂലുപയോഗിച്ച് തൂത്തുവാരുകയും ചെയ്യുന്നു. സംസം ജലമാണ് കഴുകാനുപയോഗിക്കുന്നത്. ഈ കഅ്ബാശുചീകരണം പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ വീക്ഷിച്ചുകൊണ്ടിരിക്കും.
അമൂല്യ ഉപഹാരം
ഓരോ വര്‍ഷവും നീക്കം ചെയ്യപ്പെടുന്ന പഴയ ഖില്ല മക്കാ ഭരണാധികാരികളും ശൈബിയ്യാക്കളും വീതിച്ചെടുക്കുകയായിരുന്നു പതിവ്. ശൈബിയാക്കള്‍ക്ക് കിട്ടുന്ന വിഹിതം അവര്‍ ഹുജ്ജാജുമാര്‍ക്ക് വില്‍ക്കും. ഇങ്ങനെ വില്‍ക്കുന്നത് കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ ശരിവെച്ചിട്ടുണ്ട്. എന്നാല്‍, 1957 മുതല്‍ ഖില്ല വില്‍ക്കുന്നത് പണ്ഡിതന്‍മാര്‍ വിലക്കി. ഇതിനുപകരമായി ശൈബിയാക്കള്‍ക്ക് വര്‍ഷം തോറും ഒരു സംഖ്യ ഗവണ്‍മെന്റെ് നല്‍കിവരുന്നു. പഴയ ഖില്ല കഷ്ണങ്ങളാക്കി മുസ് ലിം രാഷ്ട്രത്തലവന്മാര്‍, മുസ് ലിം അംബാസിഡര്‍മാര്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ക്ക് ഉപഹാരമായി നല്‍കുന്നു. ന്യൂയോര്‍ക്കിലുള്ള യു.എന്‍ കേന്ദ്രത്തിന് ഖില്ല വിരി ഉപഹാരമായി നല്‍കിയിട്ടുണ്ട്. മനോഹരമായ വാതില്‍ വിരിയാണ് അസംബ്ലി മന്ദിരത്തിന്റെ ചുമരില്‍ തൂങ്ങിക്കിടക്കുന്നത്. യു.എന്‍ അംഗങ്ങള്‍ കേന്ദ്രത്തിന് നല്‍കിയതിന് നല്‍കിയതില്‍ ഏറ്റവും വിലപിടിപ്പുള്ള ഉപഹാരമായ ഇത് കണക്കാക്കപ്പെടുന്നു. 1983 ജനുവരിയില്‍ അന്നത്തെ ജനറല്‍ സെക്രട്ടറി പെരസ് ദിക്വെയറാണ് ഇതേറ്റു വാങ്ങിയത്.
കഅ്ബയുടെ അകവിരി
അബ്ബാസിയ്യാ ഭരണകാലത്താണ് ആദ്യമായി കഅ്ബയെ അകവസ്ത്രം അണിയിക്കുന്നത്. വല്ലപ്പോഴും മാത്രമേ അകവിരി അണിയിക്കാറുള്ളൂ. ഹിജ്‌റ 1227 ല്‍ അബ്ബാസിയ്യാ ഭരണാധികാരിയായ സുല്‍ത്താന്‍ അബ്ദുല്‍ അസീസ് അകവസ്ത്രം അണിയിച്ച ശേഷം 1355ല്‍ അസീസ് രാജാവിന്റെ കാലത്താണ് പുതിയ വസ്ത്രം അണിയിക്കുന്നത്. ബാഹ്യ സമ്മര്‍ദ്ദങ്ങളേറ്റ് കേട് സംഭവിക്കാത്തതുകൊണ്ട് ഇടക്കിടെ മാറ്റേണ്ട ആവശ്യം നേരിടുന്നില്ല.
1403 ല്‍ (എ.ഡി. 1982) ഫഹദ് രാജാവ് അകവിരി മാറ്റുകയുണ്ടായി. ഖാലിദ് രാജാവിന്റെ കാലത്ത് നിര്‍മ്മിച്ചതായിരുന്നു ഇത്. ഇപ്പോള്‍ മക്കയിലുള്ള ഫാക്ടറിയില്‍ പുതിയ അകവിരി നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു.
മേത്തരം പട്ടുകൊണ്ട് 64 കഷ്ണങ്ങളായാണ് അകവിരി നിര്‍മ്മിക്കുന്നത്. ഓരോ കഷ്ണവും 10 മീറ്റര്‍ നീളവും 9 സെ.മീ വീതിയുമുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള അകവിരി കാഴ്ചയ്ക്ക് മനോഹരമാണ്.
Add Comment