Articles

ഹജ്ജ് കര്‍മം ലോകത്ത് അടയാളപ്പെടുത്തുന്നത് ?

ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളില്‍ പൂര്‍ണമായും സാമൂഹിക മുഖമുള്ള രണ്ട് ആരാധനകളാണ് ഹജ്ജും സകാത്തും. വ്യക്തികള്‍ പരസ്പരവും, സമൂഹത്തോടുമുള്ള ബന്ധത്തെ കൂടി ഇവ അടയാളപ്പെടുത്തുന്നുണ്ട്. മറ്റ് മൂന്ന് ഇസ്‌ലാമിക സ്തംഭങ്ങളും വ്യക്തിക്കും തന്റെ നാഥനും ഇടയിലുള്ള ബന്ധത്തെയാണ് കുറിക്കുന്നത്. ഉസ്താദ് അഹ്മദ് ഹസന്‍ സയ്യാത്ത് പറയുന്നു ‘കാരുണ്യത്തിലും ദയയിലും അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയാണ് സകാത്ത് രൂപപ്പെടുത്തുന്നത്. ഹജ്ജാവട്ടെ, പരസ്പരം മനസ്സിലാക്കുന്നതിനും, ഇണങ്ങുന്നതിനുമുള്ള അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. പരസ്പരമുള്ള വിടവുനികത്തി സാഹോദര്യ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു ആദ്യത്തേത്.

വിവേചനങ്ങള്‍ മാറ്റി വെച്ച് സമത്വം സ്ഥാപിക്കുകയാണ് രണ്ടാമത്തേത് ചെയ്യുന്നത്. സാഹോദര്യവും സമത്വവും ഇസ്‌ലാമിന്റെ ചിഹ്നങ്ങളാണ്. ഇസ്‌ലാം നിലനില്‍ക്കുന്ന അടിസ്ഥാനങ്ങളാണ് അവ. യഥാര്‍ത്ഥ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആത്മാവാണ് അവ.
ഹജ്ജ് അന്നും ഇന്നും ലോകത്തെ ശുദ്ധീകരിക്കുകയാണ് ചെയ്തത്. വികാരങ്ങളുടെയും ഭൗതികാഗ്രഹങ്ങളുടെയും ഭാരങ്ങളെ അത് ഇറക്കിവെക്കുന്നു. ദാഹാര്‍ത്തമായി വന്നണയുന്ന കരളുകള്‍ക്ക് സമാധാനം വര്‍ഷിച്ച ഉറവയായിരുന്നു എക്കാലത്തും ഹജ്ജ് . വലിഞ്ഞു മുറുകിയ ഞരമ്പുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് അവയെ സജീവമാക്കിയിരുന്നത് ഹജ്ജായിരുന്നു.

ഹജ്ജാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് അന്നും ഇന്നും നിര്‍ഭയത്വം പകര്‍ന്നത്, പകര്‍ന്നുകൊണ്ടിരിക്കുന്നത് . ആത്മാവ് ദിവ്യബോധനത്തില്‍ അഭയം തേടുന്ന, മനസ്സ് ആദര്‍ശത്തില്‍ സംതൃപ്തി കണ്ടെത്തുന്ന, വികാരങ്ങളും ബോധവും ദൈവിക പ്രഭയില്‍ പ്രശോഭിതമാവുന്ന അപൂര്‍വം വേളയാണ് അത്.
അഹ്മദ് സയ്യാത്ത് തുടരുന്നു. ‘ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ അറഫയില്‍ സമ്മേളിക്കുന്നു. അകലം മറന്ന് പരസ്പരം ഇണങ്ങുന്നു. തല ഉയര്‍ത്തി, ഹൃദയത്തില്‍ ഭക്തി നിറച്ച്, പ്രാര്‍ത്ഥനാ നിര്‍ഭരമായ നാവുകളുമായി അല്ലാഹുവിന്റെ മുന്നില്‍ സമത്വത്തോടെ അവര്‍ വന്നുനില്‍ക്കുന്നു. വിശ്വാസത്താല്‍ മനോഹരമായ  ഹൃദയങ്ങളില്‍ നിന്നും ദൈവബോധത്തിന്റെ പരിമളം വാനിലേക്ക് ഉയരുന്നു. ദൈവിക സന്ദേശത്തിന്റെ പ്രഥമ വാഹകനായ പ്രവാചകന്‍(സ)യും സത്യത്തിന്റെ സഹായികളായ അനുചരന്മാരും വന്നുനിന്ന് അതേ സ്ഥലത്ത്, സ്ഥാനത്ത് അവര്‍ പാദമുറപ്പിക്കുന്നു. ദിക്‌റുകള്‍ കൊണ്ട് അവര്‍ മഹത്തായ ത്യാഗത്തിന്റെ സ്മരണ പുതുക്കുന്നു. കാഴ്ചയും ചിന്തയും ഏകാഗ്രമാകുന്ന നിമിഷങ്ങളാണ് അവ. പരിമിതമായ ഈ സ്ഥലത്ത് നിര്‍ണിതമായ സമയം അവര്‍ ചെലവഴിക്കുന്നു. ഇവിടെയാണ് ആകാശവും ഭൂമിയും ഒന്നിക്കുന്നത്. ദീന്‍ ദുന്‍യാവിന് മേല്‍ അവതരിക്കുന്നത് ഇവിടെയാണ്. അല്ലാഹു തന്റെ അടിമക്ക് മുന്നില്‍ പ്രകടമാവുന്നത് ഇവിടെയാണ്. വരണ്ടുണങ്ങിയ ഈ മരുഭൂമിയില്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സ്വര്‍ഗീയാരാമങ്ങള്‍ പൂത്തുലയുകയും, മനസ്സും ഹൃദയവും തദ്ഫലമായി പുറത്തുവരികയും ചെയ്യുന്നു.

ഹിജാസിലെ ഓരോ മണല്‍തരികള്‍ക്കും മഹത്തായ പൈതൃകമാണുള്ളത്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ധീരതയുടെയും സാക്ഷികളാണ് അവ. ഹജ്ജ് പ്രതാപത്തെയാണ് അടയാളപ്പെടുത്തുന്നത്. ഔന്നത്യത്തിലേക്ക് കുതിച്ചുചാടിയ, വിമോചനത്തിന് വേണ്ടി പ്രക്ഷോഭം നടത്തിയ, ഐക്യത്തെ ഊട്ടിയുറപ്പിച്ച മഹത്തായ ആരാധനയാണ് അത്. ദൈവിക സന്ദേശം പെയ്തിറങ്ങിയ ഹിറാ ഇവിടെയാണ്. ത്യാഗത്തിന്റെ പ്രതീകമായ അര്‍ഖമിന്റെ വീടും ഇവിടെ തന്നെയാണ്. മഹത്ത്വത്തിന്റെ ഉല്‍ഭവ കേന്ദ്രമായ ഥൗര്‍ ഗുഹയും ഇവിടെ തന്നെയാണ്.
വര്‍ഷംതോറും നടക്കുന്ന ഹജ്ജുകര്‍മം ഈ ഉമ്മത്തിന്റെ മഹത്ത്വത്തെയാണ് കുറിക്കുന്നത്. ഉമ്മത്തിനെ ഒരുമിപ്പിക്കുന്നതിന്, ഐക്യസന്ദേശം ലോകത്ത് പ്രചരിപ്പിക്കുന്നതിന് പരിശുദ്ധ കഅ്ബാലയം നേതൃത്വം നല്‍കുന്നു. ചരിത്രത്തിന്റെ പ്രാരംഭം മുതല്‍ പ്രകാശത്തിന്റെ ഉറവിടയമായ കഅ്ബാലയം, ഈ ഉമ്മത്തിന്റെ പ്രകാശഗോപുരവും, മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദുവും, പ്രതീക്ഷയുടെ ദീപവുമായി പുഞ്ചിരിയോടെ ഇന്നും ഇനിയും നിലകൊള്ളുക തന്നെ ചെയ്യും.

ഡോ. സൈദ് ബിന്‍ മുഹമ്മദ് റുമാനി