Articles

ഹജ്ജെന്ന പാഠശാലയില്‍ നിന്ന് ജീവിതത്തിലേക്ക്

ഹജ്ജുകര്‍മങ്ങള്‍ അവസാനിച്ചിരിക്കുന്ന വേളയില്‍ അവയില്‍ നിന്ന് നാം നേടിയ ഗുണപാഠങ്ങളെക്കുറിച്ച് ഓര്‍ക്കുന്നത് ഉത്തമമാണ്. നന്മയുടെ സവിശേഷ മാസങ്ങളും ദിനങ്ങളും നമ്മുടെ പൊതുജീവിതത്തില്‍ നിന്ന് വേര്‍പെടാന്‍ പാടില്ല. കാരണം ‘എന്റെ നമസ്‌കാരവും, ആരാധനകളും, ജീവിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാണ്’ എന്ന് പ്രഖ്യാപിച്ചവരാണ് നാം.  നമ്മുടെ ജീവിതം മുഴുവന്‍ അല്ലാഹുവിന് ആരാധന നിര്‍വഹിക്കാനുള്ളതാണ്. ഹജ്ജും നമസ്‌കാരാവും, പ്രാര്‍ത്ഥനയും മുഖേന അല്ലാഹു നമ്മെ വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.
ഭൗമബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രനായി അല്ലാഹുവിനുള്ള വിധേയത്വത്തിലേക്ക് വിശ്വാസിയുടെ ഹൃദയം നടത്തുന്ന വിശ്വാസയാത്രയാണ് ഹജ്ജ്.

എത്രതന്നെ ദീര്‍ഘവും പ്രയാസം നിറഞ്ഞതുമായ യാത്രയാണെങ്കിലും വിശ്വാസിയുടെ ഹൃദയത്തിന് ആശ്വാസമാണ് പ്രസ്തുത യാത്ര. ഹജ്ജുനിര്‍വഹിച്ച്,  കഅ്ബാലയത്തെ ദര്‍ശിച്ച് മടങ്ങി വന്നവരുടെ വിവരണങ്ങളിലും, ദൃഷ്ടികളിലും ശ്രദ്ധ പതിപ്പിച്ചാല്‍ നമുക്കിത്  ബോധ്യപ്പെടുന്നതാണ്. അവരുടെ നിറഞ്ഞൊഴുകുന്ന വികാരങ്ങളെയും, കഅ്ബയോടുള്ള അടങ്ങാത്ത അഭിലാഷത്തെയും ഇടറിയ വാക്കുകളും ഉറ്റിവീഴുന്ന കണ്ണുനീരുകളുമാണ് അടയാളപ്പെടുത്തുക.

തീര്‍ത്തും മനോഹരമായ സംവിധാനമാണ് നമ്മുടെ ഹജ്ജ്. വിശ്വാസികള്‍ക്കിടയിലെ സാഹോദര്യവും പരസ്പര മുന്‍ഗണനയും വേണ്ടുവോളം പ്രകടമാകുന്ന വേദിയാണ് അത്. ഇസ്‌ലാമിക നിയമങ്ങളിലെ പരിജ്ഞാനം ബോധ്യപ്പെടുന്ന, ഓരോ നിമിഷവും സുകൃതങ്ങള്‍ക്കായി മുതലെടുക്കുന്ന സന്ദര്‍ഭം. തന്റെ മാതൃക പിന്‍പറ്റിയാണ് ഹജ്ജ് നിര്‍വഹിക്കേണ്ടതെന്ന് തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു. വിശ്വാസിയുടെ ഹജ്ജ് പരിപൂര്‍ണമായി പ്രവാചക മാതൃകയിലായിരിക്കണം നിര്‍വഹിക്കേണ്ടത്. ഓരോ കര്‍മത്തിലും പ്രവാചകനെ കൃത്യമായി അനുകരിക്കുകയെന്ന ബാധ്യത ഹജ്ജാജിക്കുണ്ട്. ഹജ്ജില്‍ മാത്രമല്ല, ജീവിതത്തില്‍ മുഴുക്കെ ഈ മാതൃക പിന്‍പറ്റാന്‍ കൂടി വിശ്വാസി ബാധ്യസ്ഥനാണ്. ജീവിതം മുഴുക്കെ അല്ലാഹുവിന് സമര്‍പിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനം കുറിക്കുന്നത് പ്രസ്തുത ഉത്തരവാദിത്തത്തെയാണ്. വിശ്വാസിയുടെ മഹത്തായ ദൗത്യത്തെക്കുറിക്കുന്ന ദൈവികവചനമാണ് അത്. നാം ജീവിതത്തില്‍ തീര്‍ത്തും അശ്രദ്ധ കാണിക്കുന്ന കാര്യം കൂടിയാണ് അത്. ആരാധനകള്‍ അല്ലാഹുവിന്റെ കല്‍പനക്കനുസരിച്ച് നിര്‍വഹിക്കുന്നതുപോലെ ജീവിതരീതിയും അതിനനുസരിച്ച് ക്രമപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൂടി നാം പ്രവാചകനെ മാതൃകയാക്കുമ്പോഴെ നമ്മുടെ അനുധാവനം പൂര്‍ണമാവുകയുള്ളൂ. സാമ്പത്തിക ഇടപാടുകള്‍ക്ക് മറ്റൊരു മാതൃകയും, കുടുംബസംവിധാനത്തിന് വേറൊരു മാതൃകയും സ്വീകരിക്കാന്‍ വിശ്വാസിക്ക് കഴിയില്ല. അല്ലാഹുവിനായി ഏതാനും ചില സുജൂദുകളും, ആത്മാവുനഷ്ടപ്പെട്ട നോമ്പുകളും, ലക്ഷ്യബോധമില്ലാത്ത ഹജ്ജും സമര്‍പിച്ച് തന്നിഷ്ടപ്രകാരം ജീവിക്കാന്‍ വിശ്വാസിക്ക് അനുവാദമില്ല. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് വിശ്വാസിയുടെ ജീവിതത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന ജീവിതരീതിയായിരിക്കണം.
ഉയര്‍ന്ന പെരുമാറ്റശീലവും, വ്യക്തിശുദ്ധിയും വളര്‍ത്തുകയെന്നതും ഹജ്ജ് നമ്മില്‍ നിര്‍വഹിക്കുന്ന മഹത്തായ സംസ്‌കരണ പ്രവര്‍ത്തനമാണ്. അല്ലാഹു പറയുന്നു:’അറിയപ്പെടുന്ന മാസങ്ങളാണ് ഹജ്ജ്. അവയില്‍ ഹജ്ജ് നിര്‍ബന്ധമായവന്‍ ഭാര്യാസംസര്‍ഗത്തിലോ, അധര്‍മപ്രവര്‍ത്തനത്തിലോ, തര്‍ക്കങ്ങളിലോ ഹജ്ജില്‍ ഏര്‍പെടാവതല്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന നന്മകളത്രയും അല്ലാഹു അറിയുന്നുണ്ട്’ (അല്‍ബഖറ 197). വളരെ നിസ്സാരമായ തര്‍ക്കങ്ങള്‍ പോലും മാറ്റിവെച്ച് നിര്‍വഹിക്കേണ്ട ഉത്തമ കര്‍മമാണ് ഹജ്ജെന്ന് ചുരുക്കം.

മുസ്‌ലിം ഉമ്മത്ത് സാക്ഷാല്‍ക്കരിക്കേണ്ട ഐക്യബോധത്തെ സൃഷ്ടിച്ചെടുക്കുന്നുവെന്നത് ഹജ്ജിന്റെ മറ്റൊരു നേട്ടമാണ്. വിശ്വാസികളുടെ ഹൃദയത്തില്‍ വിരിയേണ്ട, ജീവിതത്തില്‍ പ്രായോഗികമാക്കേണ്ട അടിസ്ഥാനമാണ് ഐക്യമെന്നത്. കറുത്തവരും വെളുത്തവരും, ധനികരും ദരിദ്രരും, അറബിയും അനറബിയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്ന് ചേര്‍ന്ന് ഒരൊറ്റ വസ്ത്രം ധരിച്ച്, ഒരേ മുദ്രാവാക്യം ഉയര്‍ത്തി, ഒരു നാഥന്റെ കാരുണ്യവും പ്രതീക്ഷിച്ച് പ്രാര്‍ത്ഥിക്കുന്നു.

ഭൂഖണ്ഡങ്ങള്‍ താണ്ടി, വിഷമങ്ങള്‍ സഹിച്ച്, സമ്പത്ത് ചിലവഴിച്ച് മാസങ്ങളോളം തന്റെ കുടുംബത്തെ അകന്ന്, എല്ലാവിധ അലങ്കാരങ്ങളും അഴിച്ചുവെച്ച് ഏതാനും ദിനങ്ങള്‍ വിനയത്തോടെ, പ്രതാപവും പ്രൗഢിയുമില്ലാതെ ഇഹ്‌റാമിന്റെ വസ്ത്രത്തില്‍ നിര്‍വഹിക്കുന്ന ഈ കര്‍മം വിശ്വാസിയുടെ മനസ്സിനെ സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.
ത്യാഗമാണ് ഹജ്ജ് നല്‍കുന്ന ഏറ്റവും വലിയ പാഠം. ത്യാഗമില്ലാത്ത ആരാധനകള്‍ക്ക് ആത്മാവില്ല. ഹജ്ജ് യാത്രക്ക് പുറപ്പെടുന്ന വിശ്വാസിക്ക് അതുവരെ പുലര്‍ത്തിയിരുന്ന ദിനചര്യകളിലൊക്കെ മാറ്റം വരുത്തേണ്ടി വരുന്നു. ഉറക്കവും, വസത്രവും, ഭക്ഷണവുമെല്ലാം മാറ്റം മാറ്റത്തിന് വിധേയമാകുന്നു. ക്ഷമിക്കുകയും സഹിക്കുകയും ചെയ്യേണ്ട ഘട്ടമാണ് ഇത്. ഐഹികലോകം സന്തോഷവും സന്താപവും, സുഭിക്ഷതയും പട്ടിണിയും, ആഘോഷവും വിലാപവും ഉള്‍ക്കൊള്ളുന്ന സങ്കേതമാണെന്ന ബോധം അത് വിശ്വാസിയില്‍ സൃഷ്ടിക്കുന്നു.

വേദന അനുഭവിക്കാത്തവനായി ആരുണ്ട്?  പരീക്ഷണങ്ങളില്‍ നിന്നും ദുഖങ്ങളില്‍ നിന്നും രക്ഷപ്പെട്ടവനായി ആരുണ്ട്? ജീവിതം പരിപൂര്‍ണമാവുകയും എല്ലാ സ്വപ്‌നങ്ങളും പൂവണിയുകയും ചെയ്ത എത്ര പേരുണ്ട്? ഇല്ല അത് അസംഭവ്യമാണ്. അതിനാലാണ് വിശ്വാസി ക്ഷമയും സഹനവും പരിശീലിക്കുന്നത്. ഖുര്‍ആനില്‍ തൊണ്ണൂറിലേറെ സ്ഥലങ്ങളില്‍ ക്ഷമാലുക്കള്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച് അല്ലാഹു സൂചിപ്പിക്കുന്നുണ്ട്. ‘ക്ഷമാലുക്കള്‍ക്ക് നാം അവര്‍ പ്രവര്‍ത്തിച്ചതിന് ഏറ്റവും നല്ല പ്രതിഫലം നല്‍കുന്നത് തന്നെയാണ്’. (അന്നഹ്ല്‍ 96)
കണക്കുകളില്ലാത്ത പ്രതിഫലമാണ് ക്ഷമിക്കുന്നവര്‍ക്കുള്ളതെന്ന് മറ്റൊരു വചനത്തില്‍ (അസ്സുമര്‍ 10) അല്ലാഹു സൂചിപ്പിക്കുന്നു.

ദൈവികസഹായത്തെക്കുറിച്ച് ഉത്തമബോധ്യമുള്ള വിശ്വാസിക്ക് ആദര്‍ശത്തിന്റെ തെളിമയും, വിശ്വാസത്തിന്റെ പ്രഭയും നഷ്ടപ്പെടുകയില്ല. എന്നാല്‍ ഭയചകിതനായ മനുഷ്യന്‍ ക്ഷമിക്കാന്‍ തയ്യാറാവുകയില്ല. എല്ലാ പരീക്ഷണങ്ങളിലും അവന്‍ പരാജയപ്പെടുകയും തലകുനിച്ച് മടങ്ങുകയും ചെയ്യുന്നതാണ്.
ഹജ്ജ് കര്‍മം വിശ്വാസിയുടെ ഹൃദയത്തില്‍ മഹത്തായ സ്വാധീനമാണ് ചെലുത്തുന്നത്. വിശ്വാസിക്ക് വ്യവസ്ഥയും, ക്ഷമയും, വിനയവും, വിട്ടുവീഴ്ചയും പഠിപ്പിക്കുന്നു അത്. സാംസ്‌കാരികവും ധാര്‍മികവുമായ പരിശീലന പാഠശാലയാണ് ഹജ്ജ്. പാപങ്ങളില്‍ നിന്ന് മടങ്ങിവന്ന വിശ്വാസി അവയിലേക്ക് ഇനി തിരിഞ്ഞുനടക്കുകയില്ല എന്ന പ്രതിജ്ഞ കൂടി ചെയ്യേണ്ടതുണ്ട്.

ഡോ. ഖാലിദ് അല്‍ഹലീബി