അല്ലാഹുവിന്റെ നിയമങ്ങളിലും വിധികളിലും അങ്ങേയറ്റത്തെ യുക്തി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മാനവജീവിതത്തിന് അല്ലാഹു അവതരിപ്പിച്ച ശരീഅത്തിനെക്കുറിച്ച് പഠിക്കുന്ന ഏതൊരാള്‍ക്കും അതിന്റെ പിന്നിലെ ലക്ഷ്യങ്ങളെയും രഹസ്യങ്ങളെയും കുറിച്ച് മനസ്സിലാക്കാവുന്നതാണ്.
ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലാണ് ഹജ്ജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിവും ശേഷിയുമുള്ളവന് അത് നിര്‍ബന്ധവുമാണ്.
ഈ മഹത്തായ കര്‍മം നിര്‍വഹിക്കുന്ന വിശ്വാസിയുടെ മനസ്സില്‍ ലോകത്തിന്റെ നാനാഭാഗത്തും, എന്നുമെന്നും ആരാധിക്കപ്പെടുന്ന അല്ലാഹുവിന്റെ മഹത്ത്വത്തെക്കുറിച്ച അവബോധം രൂപപ്പെടുന്നു. ഒരു ഹാജ്ജിയില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ഓരോ ചലനങ്ങളിലും അല്ലാഹുവിന് മാത്രം ഹൃദയം സമര്‍പിച്ചവര്‍ക്ക് മനസ്സിലാക്കാവുന്ന മഹത്തായ രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഒരു യുക്തിയും ഉള്‍ച്ചേര്‍ന്നിട്ടില്ലാത്ത ഒരു നിയമവും അല്ലാഹു നടപ്പിലാക്കിയിട്ടില്ല. വിവരമുള്ളവര്‍ അവ മനസ്സിലാക്കുകയും അല്ലാത്തവര്‍ അവ അവഗണിക്കുകയും ചെയ്യുന്നു.
ഒരു വിശ്വാസി ഹജ്ജ് നിര്‍വഹിക്കാന്‍ തീരുമാനിക്കുകയും അല്ലാഹുവിന്റെ ഭവനം ലക്ഷ്യമാക്കി യാത്ര തിരിക്കുകയും ചെയ്യുന്നതുമുതല്‍ അവന്റെ മനസ്സ് വിവിധങ്ങളായ ആരാധനകളിലാണ്. ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട എല്ലാ വാചാ-കര്‍മണ ചടങ്ങുകളിലും ഉന്നതമായ യുക്തിയും, ലക്ഷ്യവും അടങ്ങിയിരിക്കുന്നു. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ‘ലബ്ബൈക’ ചൊല്ലുന്ന വിശ്വാസി അല്ലാഹുവിന്റെ മഹത്ത്വവും അവനോടുള്ള തന്റെ കൂറുമാണ് പ്രഖ്യാപിക്കുന്നത്. വിധേയത്വത്തിന്റെയും അനുസരണയുടെയും പൂര്‍ണതയെയാണ് അത് കുറിക്കുന്നത്. ഓരോ വിശ്വാസിയും തന്നോടുതന്നെ ചെയ്ത കരാറിന്റെ പൂര്‍ത്തീകരണമാണ് അത്. ഈ ആരാധനകളുടെ മാധുര്യം അനുഭവിക്കാനും, അതുമുഖേന ഹൃദയശാന്തി കൈവരിക്കാനും വിശ്വാസിക്ക് സാധിക്കുന്നു. ‘ലബ്ബൈക’ വിളിക്കുന്ന ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ സന്തോഷവും ആനന്ദവും അലതല്ലുന്നു. ഹജ്ജ് കര്‍മങ്ങള്‍ക്ക് സാക്ഷിയാവുന്ന അവന്റെ മുഖത്തും ഈ ആത്മാര്‍ത്ഥതയും, ആഹ്ലാദവും പ്രകടമാവുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യാത്രയുടെ പ്രയാസം സഹിച്ച്, നാടും കുടുംബവും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചതാണല്ലോ അവന്‍.
മഹത്തായ ഇസ്‌ലാമിക സംഗമമാണ് ഹജ്ജ്. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് മുസ്‌ലിംകള്‍ കഅ്ബാലയത്തിന് ചുറ്റും തക്ബീര്‍ ചൊല്ലി, അല്ലാഹുവിനെ വാഴ്ത്തി, അവന്റെ വിളിക്ക് ഉത്തരമേകി വന്നണയുന്നു. അവരുടെ മനസ്സില്‍ ഭയവും പ്രതീക്ഷയും കലര്‍ന്ന വികാരമാണുള്ളത്. തങ്ങളുടെ കൈകള്‍ വാനിലേക്കുയര്‍ത്തി അല്ലാഹുവിനോട് പാപമോചനം അര്‍ത്ഥിക്കുകയാണ് അവര്‍.
പാപങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നുമുള്ള മോചനം ഹജ്ജ് നല്‍കുന്ന വലിയ സമ്മാനമാണ്. തിരുമേനി(സ) പറയുന്നു:’ധിക്കാരവും, അധര്‍മവും പ്രവര്‍ത്തിക്കാതെ ഹജ്ജ് ചെയ്തവന്‍ പിറന്നുവീണ കുഞ്ഞിനപ്പോലെയാണ് മടങ്ങിവരുന്നത്’.
പൂര്‍ണമായ രൂപത്തില്‍ നിര്‍വഹിക്കപ്പെട്ട ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗമാണെന്ന് പ്രവാചകന്‍(സ) അരുള്‍ ചെയ്തിരിക്കുന്നു. ‘പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ മറ്റ് പ്രതിഫലമില്ല’.
ഭൗതികവും ആത്മീയവുമായ ധാരാളം നേട്ടങ്ങള്‍ ഹജ്ജ് മുഖേന കരഗതമാവുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സൂചിപ്പിക്കുന്നു. ‘തീര്‍ത്ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും’.(ഹജ്ജ് 27).
വിശ്വാസികളെ പരസ്പരം ബന്ധിപ്പിക്കുന്ന സാഹോദര്യ പാശം കൂടിയാണ് ഹജ്ജ്. വിവിധ വര്‍ഗങ്ങളിലും നാടുകളിലും പെട്ട വിശ്വാസികള്‍ക്കിടയില്‍ സ്‌നേഹവും ഇണക്കവും ഊട്ടിയുറപ്പിക്കാന്‍ അത് വഴിയൊരുക്കുന്നു.ഇസ്‌ലാമിലേക്ക് താല്‍പര്യം ജനിപ്പിക്കുന്ന പല ഉന്നതമായ മൂല്യങ്ങളും അവര്‍ക്കിടയില്‍ പ്രകടമാവുന്നു. തര്‍ക്കവും, കാര്‍ക്കശ്യവുമില്ലാത്ത, നന്മയും ദയയും നിറഞ്ഞൊഴുകുന്ന മഹനീയ അന്തരീക്ഷമാണ് അവിടെ പ്രകടമാവുക. ‘ഹജ്ജ് കാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്‍ണിത മാസങ്ങളില്‍ ആരെങ്കിലും ഹജ്ജില്‍ പ്രവേശിച്ചാല്‍ പിന്നെ സ്ത്രീ പുരുഷ വേഴ്ചയോ, ദുര്‍വൃത്തിയോ വഴക്കോ പാടില്ല’.
സമ്പൂര്‍ണമായ നീതിയും സമത്ത്വവും സാക്ഷാല്‍ക്കരിക്കുന്ന ആരാധന കൂടിയാണ് ഹജ്ജ്. സമ്പന്നനോ ദരിദ്രനോ ഇടയില്‍, നേതാവിനോ അനുയായികള്‍ക്കോ ഇടയില്‍ യാതൊരു വേര്‍തിരിവുമില്ല. ഒരൊറ്റ വസ്ത്രത്തില്‍, ഒരൊറ്റ ലക്ഷ്യത്തില്‍ ജനങ്ങള്‍ തുല്യരായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒന്നിച്ച് അണിനിരക്കുന്നു. വിശ്വാസപരമായ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉന്നതമായ ദൃഷ്ടാന്തങ്ങള്‍ അവിടെ പ്രകടമാവുന്നു.
ഹൃദയത്തിന്റെ ദൈവബോധത്തെ കുറിക്കുന്ന മഹത്തായ പ്രതീകമാണ് ഹജ്ജ്.’കാര്യമിതാണ്, ആരെങ്കിലും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളെ ആദരിക്കുന്നുവെങ്കില്‍ അത് ആത്മാര്‍ത്ഥമായ ഹൃദയഭക്തിയില്‍ നിന്ന് ഉണ്ടാവുന്നതാണ്’. (ഹജ്ജ് 32).
ഹജ്ജിലെ ഓരോ കര്‍മവും നിര്‍വഹിക്കുന്ന വിശ്വാസി അല്ലാഹുവിന്റെ മഹത്ത്വത്തെയാണ് വാഴ്ത്തുന്നത്. വിശിഷ്യാ അല്ലാഹുവിനോട് സംസാരിച്ച് അറഫയില്‍ ചെന്നുനില്‍ക്കുന്ന വിശ്വാസി.
അല്ലാഹുവിന്റെ നാമം സ്മരിക്കുകയാണ് വിശ്വാസി ഹജ്ജില്‍ ചെയ്യുന്നത്. ‘നിങ്ങള്‍ അറഫയില്‍ നിന്ന് മടങ്ങിക്കഴിഞ്ഞാല്‍ മശ്അറില്‍ ഹറാമിനടുത്ത് വെച്ച് അല്ലാഹുവെ സ്മരിക്കുക’. (അല്‍ബഖറ 198). എല്ലാ കാലത്തും സ്ഥലത്തും അല്ലാഹുവിനെ സ്മരിക്കേണ്ടതുണ്ട്. പക്ഷേ ഹജ്ജ് സന്ദര്‍ഭത്തില്‍ അതിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് മാത്രം.
ഹജ്ജില്‍ തിരുമേനി(സ)യെ അനുകരിക്കുകയാണ് വിശ്വാസി ചെയ്യുന്നത്. പ്രവാചകന്റെ മാതൃക പിന്‍പറ്റിയാണ് വിശ്വാസി കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്.
അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി പരിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തുന്ന വിശ്വാസിക്ക് മംഗളം. നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കാന്‍ അവക്ക് മഹത്തായ പ്രതിഫലം ലഭിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം.
ഇബ്‌റാഹീം ബിന്‍ നാസ്വിര്‍ അല്‍ഹമൂദ്
Add Comment