Articles

വിപ്ലവത്തെ ഗര്‍ഭം ധരിച്ചത് ഹജ്ജ്

ദുല്‍ഖഅ്ദ് മാസത്തിന്റെ ആഗമനത്തോടെ ഹജ്ജ് നിര്‍വഹിക്കാനുള്ള ആഗ്രഹം വിശ്വാസികളുടെ മനസ്സില്‍ പൂവിരിയുന്നു. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും അവര്‍ കടലും കരയും താണ്ടി കഅ്ബാലയം ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. ജനങ്ങള്‍ക്ക് പ്രതിഫലസ്ഥാനവും, നിര്‍ഭയസങ്കേതവുമാക്കി അല്ലാഹു ആ പരിശുദ്ധ ഭവനത്തെ മാറ്റിയിരിക്കുന്നു.
ഈ ദൈവികമായ യാത്രക്കും, കര്‍മത്തിനും മഹത്തായ സ്ഥാനമാണ് വിശ്വാസി തന്റെ  ഹൃദയത്തില്‍ കല്‍പിച്ചുനല്‍കിയിട്ടുള്ളത്.

ഹജ്ജ് നിര്‍വഹിക്കുന്നവന്‍ തന്റെ ഓരോ കര്‍മത്തിലും ചലനത്തിലും അല്ലാഹുവിന്റെ കല്‍പനക്കാണ് വിധേയപ്പെടുന്നത്. തന്റെ ഇഛകളെല്ലാം മാറ്റിവെച്ച് യജമാനന്റെ കല്‍പനക്ക് കാത്തിരിക്കുകയാണ് വിശ്വാസി. തന്നെ കുളിപ്പിക്കാന്‍ വരുന്നവര്‍ക്ക് മുന്നില്‍ മൃതശരീരം അനുസരണയോടെ കിടക്കുംപോലെ. അതിനാല്‍ തന്നെ ഹജ്ജ് ബഹുദൈവത്വത്തിനും, വിശ്വാസികള്‍ക്കും മേലുള്ള വിപ്ലവമാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച്, കര്‍മം അവന് സമര്‍പ്പിച്ച്, അവന്റെ കല്‍പനകള്‍  മാനിച്ച് വിശ്വാസി ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ അത് കറകളഞ്ഞ തൗഹീദിനെയാണ് അടയാളപ്പെടുത്തുന്നത്. അല്ലാഹുവല്ലാത്ത ഒന്നിനോടും കൂറില്ലെന്ന പ്രഖ്യാപനം ഹജ്ജ് നടത്തുന്നു. അതിനാലാണ് ഹജറുല്‍ അസ്‌വദ് ചുംബിച്ചതിന് ശേഷം ഉമര്‍(റ) ഇപ്രകാരം പറഞ്ഞത് ‘ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ ശേഷിയില്ലാത്ത കേവലം ഒരു കല്ലുമാത്രമാണ് നീയെന്ന് എനിക്കറിയാം. പ്രവാചകന്‍(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കുമായിരുന്നില്ല’. അലി(റ) ഹജറുല്‍ അസ്‌വദിനെ ചുംബിച്ചപ്പോള്‍ പറഞ്ഞത് ഇപ്രകാരമാണ് ‘അല്ലാഹുവേ, ഈ കല്ലിനുപകരം നിന്നില്‍ വിശ്വാസമര്‍പിച്ച്, അന്ധവിശ്വാസങ്ങളെ തഴഞ്ഞ് നിന്റെ വേദത്തെ സത്യപ്പെടുത്തി, നിന്നോടുള്ള കരാര്‍ പൂര്‍ത്തീകരിച്ച്, പ്രവാചകമാതൃക പിന്‍പറ്റി ഞാനിത് നിര്‍വഹിക്കുന്നു’.

അല്ലാഹുവിന്റെ ശരീഅത്തിന് വിധേയപ്പെടാതെ, അവന്റെ നിയമങ്ങളെ മുന്‍നിര്‍ത്തി വിധിക്കാതെ ഒരാളും വിശ്വാസിയാവുകയില്ല. ‘എന്നാല്‍ അങ്ങനെയല്ല; നിന്റെ നാഥന്‍ തന്നെ സത്യം! അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെയവര്‍ വിധികര്‍ത്താവാക്കുകയും നീ നല്‍കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ യഥാര്‍ഥ സത്യവിശ്വാസികളാവുകയില്ല; തീര്‍ച്ച’. (അന്നിസാഅ് 65).
അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കിയാണ് വിശ്വാസി ഹറമില്‍ സന്നിഹിതനാവുന്നത്. അല്ലാഹുവിന് പങ്കാളികളില്ലെന്നും, സര്‍വസ്തുതിയും അവനുമാത്രമാണെന്നും വിശ്വാസി പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുന്നു. ഈ ഉത്തരം നല്‍കല്‍ ഹജ്ജിന് മാത്രമല്ല, നമസ്‌കാരത്തിനും, സകാത്തിനും, നോമ്പിനും, ജിഹാദിനുമെല്ലാം ബാധകമാണ്. നമസ്‌കാരത്തിലേക്ക് വരൂ എന്ന വിളിക്ക് ഉത്തരം നല്‍കാത്തവന് ജിഹാദിലേക്കുള്ള വിളിക്ക് ഉത്തരം നല്‍കാനാവില്ല.

പിശാചിനോടുള്ള യുദ്ധപ്രഖ്യാപനത്തില്‍ വിശ്വാസി തന്റെ നയം ശക്തമായി ഉറപ്പിക്കുന്ന വേളയാണ് ഹജ്ജ്. പിശാച് നമ്മുടെ ശത്രുവാണെന്നും, അവനെ ശത്രുവായി സ്വീകരിക്കണമെന്നുമാണ് (ഫാത്വിര്‍ 6) അല്ലാഹുവിന്റെ കല്‍പന. ദേഹേഛകളെ പിന്‍പറ്റാതെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുകയെന്നതാണ് അതിന്റെ പ്രായോഗിക രീതി. പിശാചിനെ ധിക്കരിക്കുമെന്നും, അല്ലാഹുവിനെ അനുസരിക്കുമെന്നുമുള്ള കരാറാണ് ഹജ്ജ് നിര്‍വഹിക്കുന്നതിലൂടെ വിശ്വാസി പൂര്‍ത്തീരിക്കുന്നത്. വിശ്വാസി അല്ലാഹുവിനുവിധേയപ്പെട്ട് ഹജ്ജ് നിര്‍വഹിച്ച് മടങ്ങുന്നതോടെ പിശാചിനെ എറിഞ്ഞോടിക്കുകയോ, പിശാച് അവനെ എറിഞ്ഞാട്ടുകയോ ചെയ്യും. കാരണം രണ്ടുപേരും പര്‌സപര ബന്ധം ഒരിക്കലും ആഗ്രഹിക്കുന്നില്ല. ജംറയിലെ കല്ലേറ് ഇബ്‌റാഹീമിന്റെ പാരമ്പര്യത്തെയാണ് കുറിക്കുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു:’നിങ്ങള്‍ പിശാചിനെ കല്ലെറിയുകയും, നിങ്ങള്‍ പൂര്‍വപിതാവ് ഇബ്‌റാഹീമിനെ പിന്‍പറ്റുകയും ചെയ്യുന്നു’.
മഹത്തായ സംഗമത്തിനാണ് അറഫാദിനത്തില്‍ മക്ക സാക്ഷിയാവുന്നത്. പ്രാര്‍ത്ഥനകള്‍ക്കുത്തരം ലഭിക്കുന്ന, വീഴ്ചകള്‍ പൊറുക്കപ്പെടുന്ന, അല്ലാഹു മാലാഖമാര്‍ക്ക് മുന്നില്‍ മേനി നടിക്കുന്ന അനുഗൃഹീത നിമിഷങ്ങളാണ് അവ. ഈ നിമിഷത്തില്‍ അല്ലാഹുവിലേക്ക് യാത്രയാവുന്നവര്‍ അതേ വസ്ത്രത്തില്‍, അതേ അവസ്ഥയില്‍ തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് പുനര്‍ജീവിപ്പിക്കപ്പെടുന്നു. അറഫയിലെ നോമ്പുകഴിഞ്ഞ് പോയതും വരാനിരിക്കുന്നതുമായ വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുത്തുനല്‍കുന്നു.

വിശ്വാസികളുടെ ഏറ്റവും വലിയ സംഗമമാണ് ഹജ്ജ്. അനൈക്യത്തിനും പിളര്‍പ്പിനും എതിരെയുള്ള വിപ്ലവമാണ് ഹജ്ജ്. വിവിധ വര്‍ഗ-വര്‍ണ-ഭാഷാ വിവേചനങ്ങള്‍ക്കതീതമായി മുസ്‌ലിംകള്‍ ഒരുമിക്കുകയും ഐക്യപ്പെടുകയും ചെയ്യുന്നു. ഒരൊറ്റ റബ്ബിന്റെ മുന്നില്‍ ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തി, ഒരൊറ്റ കിതാബിന്റെ അടിസ്ഥാനത്തില്‍ വിശ്വാസികള്‍ ഒരുമിക്കുന്നു. ഒരേ വസ്ത്രം ധരിച്ച്, ഒരേ കര്‍മം ചെയ്ത്, ഒരു പ്രവാചകനെ പിന്‍പറ്റി, ഒരു ഖിബ്‌ലയിലേക്ക് തിരിഞ്ഞ് ഹജ്ജ് നിര്‍വഹിക്കുന്നു. ‘നിങ്ങളുടെ സമൂഹം ഒരൊറ്റ സമൂഹവും, ഞാന്‍ നിങ്ങളുടെ നാഥനുമാണ്. അതിനാല്‍ നിങ്ങള്‍ എനിക്ക് വഴിപ്പെട്ടാലും’. (അന്‍ബിയാഅ് 92).
അന്യായമായി ഒഴുക്കപ്പെട്ട രക്തത്തുള്ളികള്‍ക്കും, വൃത്തികെട്ട പലിശവ്യവഹാരങ്ങള്‍ക്കുമെതിരിലുള്ള വിപ്ലവമാണ് ഹജ്ജ്. തന്റെ വിടവാങ്ങല്‍ പ്രഭാഷണത്തിലൂടെ അറഫയില്‍ വെച്ച് തിരുമേനി(സ) ലോകത്തിനുനല്‍കിയത് ഈ വിപ്ലവസന്ദേശമായിരുന്നു. ലോകം ഒന്നടങ്കം സാകൂതം ചെവികൂര്‍പിച്ച് നിന്ന വേളയില്‍ പ്രവാചകന്‍(സ) പറഞ്ഞു (ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രവിക്കുവിന്‍, ഈ വര്‍ഷത്തിനുശേഷം നിങ്ങളെ കണ്ടുമുട്ടുമോ എന്നെനിക്കറിയില്ല’. ഇപ്രകാരം തുടങ്ങിയതിന് ശേഷം തിരുമേനി(സ) സുപ്രധാനമായ ചില മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ നടത്തി. ‘ജനങ്ങളേ, നിങ്ങളുടെ രക്തവും സമ്പത്തും ഈ ദിവസത്തിന്റെ മഹത്വം പോലെ, ഈ മാസത്തിന്റെ മഹത്ത്വം പോലെ ആദരിക്കപ്പെട്ടിരിക്കുന്നു. ജാഹിലിയ്യത്തിലെ എല്ലാ സമ്പ്രദായങ്ങളും എന്റെ കാല്‍കീഴില്‍ ചവിട്ടിയരച്ചിരിക്കുന്നു’. ജാഹിലിയ്യത്തിലെ പ്രതിക്രിയ അവസാനിപ്പിച്ചിരിക്കുന്നുവെന്നും, പലിശയിടപാട് നിര്‍ത്തലാക്കിയിരിക്കുന്നുവെന്നും തിരുമേനി(സ) തുടര്‍ന്ന് വ്യക്തമാക്കി. ഒരു നാഗരികതയെ രൂപപ്പെടുത്താനോ, സമൂഹത്തെ ഉണര്‍ത്താനോ, അവയ്ക്ക് സാധിക്കുകയില്ലെന്നും തിരുമേനി(സ) പഠിപ്പിക്കുകയുണ്ടായി.

നാം നമ്മുടെ ഹജ്ജിനെക്കുറിച്ച് പൊതുവായും പ്രവാചകന്റെ അറഫാ പ്രഭാഷണത്തെക്കുറിച്ച് പ്രത്യേകമായും പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. നമ്മുടെ ജീവിതത്തിന്റെ ഭരണഘടനയാണ് അതിലടങ്ങിയിരിക്കുന്നത്. നമ്മുടെ രക്ഷയുടെ മാര്‍ഗമാണ് അത് കാണിച്ചുതരുന്നത്. പ്രവാചകന്മാരുടെ മാതൃക പിന്‍പറ്റി, ദൈവബോധത്തെ പാഥേയമാക്കി ഹജ്ജ് കൊണ്ട് നമുക്കൊരു നവലോകത്തെ കെട്ടിപ്പടുക്കാം.