മദീനാ പള്ളിയില്‍ നബി(സ)യുടെ വീടിന്റെയും മിമ്പറിന്റെയും ഇടക്കുള്ള സ്ഥലത്തിനാണ് റൗദാ ശരീഫ് എന്നു പറയുന്നത്. പ്രവാചകന്‍ (സ) ‘സ്വര്‍ഗ്ഗാരാമം’ എന്ന് വിശേഷിപ്പിച്ച ഈ സ്ഥലത്തിന് 22 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുണ്ട്. റൗദയുടെ പരിധി പള്ളിയുടെ ഇതര ഭാഗങ്ങളില്‍ നിന്നും വേര്‍തിരിച്ചു മനസ്സിലാക്കുന്നതിന് പ്രത്യേകം അടയാളപ്പെടുത്തിയ 8 തൂണുകള്‍ കാണാം. നബിയുടെ പള്ളിക്ക് പ്രസ്തുത സ്ഥാനങ്ങളിലുണ്ടായിരുന്ന ഈന്തതൂണുകള്‍ക്ക് പകരം നിര്‍മ്മിക്കപ്പെട്ടതാണിവ. ഇവയോരോന്നിന്റെയും ചരിത്ര പ്രാധാന്യം സ്വയം വിളംബരം ചെയ്യുന്ന നാമങ്ങള്‍ അവക്ക് നല്‍കപ്പെടുകയും പ്രസ്തുത നാമങ്ങള്‍ ഓരോ തൂണിലും കുറിച്ചിടുകയും ചെയ്തിരിക്കുന്നു. പ്രവാചകന്റെ ഖബ്‌റിന്റെയും വീടിന്റെയും വിശദീകരണം ഇവിടെ നല്‍കാം:
മോടിയില്‍ നിര്‍മ്മിച്ച ചെമ്പുമറക്ക് കണ്ണം ചിരട്ടയുടെ മുഖവട്ടത്തോളം പോരുന്ന രണ്ടുദ്വാരങ്ങള്‍. ദ്വാരത്തിലൂടെ എത്തിനോക്കുമ്പോള്‍ തറയില്‍ വൃത്താകൃതിയിലുള്ള മൂന്നു അടയാളങ്ങള്‍. ആ അടയാളങ്ങള്‍ വിശുദ്ധ ഖബ്‌റുകളുടെ സ്ഥാനങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യത്തെ അടയാളത്തിന് നേരെ തിരുമേനി(സ)യുടെയും ശേഷം യഥാക്രമം ഹ: അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെയും ഖബറുകള്‍. ഒഴുക്കിനു തടസമാവും വിധം കൂടുതല്‍ തങ്ങാനോ എന്തെങ്കിലും അനാചാരങ്ങള്‍ കാണിക്കാനോ അവിടെ അനുവദിക്കപ്പെടുന്നില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൗമ്യമായി സന്ദര്‍ശകരെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. ഈ ഖബ്‌റുകള്‍ കഴിഞ്ഞ് വലത്തോട്ട് നീങ്ങുമ്പോള്‍ ഹ: ഫാത്തിമ(റ)യുടെ വീടു നിന്നിരുന്ന സ്ഥലം കാണാം. അതും അടച്ചിട്ടിരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള ചെമ്പുജനലിന്റെ തുളയിലൂടെ എത്തിനോക്കുന്ന സന്ദര്‍ശകനു അകത്തെ ഖബറുകള്‍ കാണാനാവുകയില്ല. എങ്ങനെയാണ് ഖബ്‌റുകളുടെ കിടപ്പ് ? നബി(സ) തിരുമേനി പള്ളി പണിതപ്പോള്‍ അതേ നിര്‍മ്മാണ രീതിയവലംബിച്ചു പള്ളിയോടു ചേര്‍ന്നു രണ്ടു മുറികള്‍ കൂടി പണി കഴിപ്പിച്ചു. തിരുപത്‌നിമാരായ ഹ: സൗദ(റ)യെയും ഹ: ആയിശ(റ)യെയും ഉദ്ദേശിച്ചായിരുന്നു ഇത്. അന്നു തിരുമേനിക്ക് ഭാര്യമാരായി ഇവര്‍ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹ: ആയിശ(റ)യുമായി ദാമ്പത്യജീവിതം ആരംഭിച്ചിട്ടുമുണ്ടായിരുന്നില്ല. ശേഷം തിരുമേനി വിവാഹിതനായപ്പോഴെല്ലാം പള്ളിക്ക് ചുറ്റും ഇതേ മാതൃകയില്‍ ഓരോ മുറികള്‍ പണിതുകൊണ്ടിരുന്നു. മൊത്തം ഒന്‍പത് മുറികളാണ് ഉണ്ടായിരുന്നത്. പള്ളിയുടെ കിഴക്കും തെക്കും വടക്കും ഭാഗങ്ങളിലായിരുന്നു ഇവ. ഹ: ആയിശ(റ)യുടെ വീടിന്റെ വടക്കുഭാഗത്തായിരുന്നു. ഹ:ഹഫ്‌സ(റ)യുടെ മുറി. ഒരു നടവഴി മുറികളെ വേര്‍തിരിച്ചിരുന്നുവെങ്കിലും സ്വന്തം മുറികളിലിരുന്നു അവര്‍ക്ക് പരസ്പരം സംസാരിക്കാമായിരുന്നു. ഹ: ആയിശ(റ)യുടെ വീടാണ് തിരുമേനിയുടെ വീടെന്നപേരില്‍ വിശ്രുതമായത്. രണ്ടുവാതിലുകളോടുകൂടിയ ഒരു മുറി. നിലത്ത് ചരല്‍ക്കല്ലുകള്‍. മുകളില്‍ ഈന്തയോല. ഈ പന്തലിനു കയ്യെത്താവുന്ന ഉയരം. ഇതില്‍ കൂടുതലൊന്നും നബി(സ) തിരുമേനിയുടെ ‘അരമന’യെ വര്‍ണ്ണിക്കാനില്ല.
നബി(സ) പരലോക പ്രാപ്തനായപ്പോള്‍ വീടിന്റെ ഒരു വശത്ത് തിരുശരീരം മറവ് ചെയ്തു. ഒന്നാം ഖലീഫ ഹ: അബൂബക്കര്‍(റ) തിരുമേനിയുടെ വശത്തായി മറവ് ചെയ്യപ്പെട്ടു. രണ്ടാം ഖലീഫ ഉമര്‍(റ) തിരുഗൃഹത്തിന്റെ ഭിത്തികള്‍ പുനര്‍നിര്‍മ്മിച്ചു. ഹ: ഉമര്‍(റ)വിനെ മറവ് ചെയ്തതോടെ ഹ: ആയിശ വീടിന്റെ മദ്ധ്യത്തില്‍ ഒരു ഭിത്തി പണിതു. ഇതോടെ തിരുമേനിയുടെ വീടിനു രണ്ടുമുറികളായി. ഖബറുകളുള്ള ഒരു മുറി. ഹ: ആയിശ(റ) താമസിച്ചു പോന്ന ഒരു മുറിയും.
ഹിജ്‌റ വര്‍ഷം 85-ല്‍ അമവി ഭരണാധികാരി വലീദിന്റെ ഉത്തരവുപ്രകാരം ഉമര്‍ രണ്ടാമന്‍ പള്ളി വികസിപ്പിച്ചപ്പോള്‍ നബി പത്‌നിമാരുടെ മുറികള്‍ പൊളിച്ചു പള്ളിയോടു ചേര്‍ത്തു. തദവസരത്തില്‍ അദ്ദേഹം നബി(സ) തിരുമേനിയുടെ വീടു പുനര്‍നിര്‍മ്മിച്ചു. നബി തിരുമേനി നിര്‍മ്മിച്ച അതേ അളവില്‍ കരിങ്കല്ലു കൊണ്ടു ഭിത്തികെട്ടി. പതിനഞ്ചു മുഴം ഉയരത്തില്‍ പണിത ഭിത്തികളിലൊരിടത്തും ജനലുകളോ വാതിലുകളോ പിടിപ്പിക്കുകയുണ്ടായില്ല. മാത്രമല്ല, വീടിനു ചുറ്റും ആറര മീറ്റര്‍ ഉയരത്തില്‍ ഒരു ചുറ്റുമതിലും പണിയുകയുണ്ടായി. കഅ്ബയുമായി രൂപസാദൃശ്യം ഉണ്ടായിപ്പോകുമെന്നു ഭയന്നു പഞ്ച കോണാകൃതിയിലാണ് ഈ ചുറ്റുമതില്‍ പണിതിട്ടുള്ളത്. ഇതിനു മരം കൊണ്ടു നിര്‍മ്മിച്ച ഒരു കൊച്ചു വാതായനമുണ്ട്. പടിഞ്ഞാറുഭാഗത്ത് വീടിന്റെ ഭിത്തിയോടുചേര്‍ന്നും കിഴക്കും തെക്കും ഭാഗങ്ങളില്‍ ഭിത്തിയില്‍നിന്നു അരമീറ്റര്‍ അകന്നുമാണ് ഈ ചുറ്റുമതില്‍ സ്ഥിതി ചെയ്യുന്നത്. ഈ രൂപത്തിനു ഇന്നും മാറ്റമൊന്നും വന്നിട്ടില്ല.
ഹിജ്‌റ വര്‍ഷം 557-ല്‍ സുല്‍ത്താന്‍ നൂറുദ്ദീന്‍ സന്‍കി നബി(സ) തിരുമേനിയുടെ വീടിനുചുറ്റും വെള്ളം കാണുവോളം കിടങ്ങ് കീറുകയും കിടങ്ങില്‍ ഈയം ഉരുക്കി നിറച്ചു ഒരു ഭിത്തി പണിയുകയും ചെയ്തു. ഈ ഭിത്തി ഭുവിതാനത്തില്‍ നിന്നു ഒരു മീറ്റര്‍ ഉയരം കാണാം. ഇസ്്‌ലാമിന്റെ ശത്രുക്കള്‍ തിരുശരീരം മോഷ്ടിക്കാന്‍ ഭൂമിക്കടിയിലൂടെ തുരങ്കം നിര്‍മ്മിച്ചു വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പ്രസ്തുത ലോഹഭിത്തി പണിതതെന്നാണ് കഥ. ഇതു സംബന്ധമായി ഒരു സംഭവം ഉദ്ധരിക്കപ്പെടുന്നു ഇതിന്റെ വിശ്വാസ്യതയില്‍ സംശയം തോന്നുന്നു.
ഉമര്‍ രണ്ടാമന്‍ പണിത ചുറ്റുമതിലിനു പുറത്ത് വന്നുനിന്നിരുന്ന സന്ദര്‍ശകര്‍ക്ക് വീടിനകത്തെ ഖബറുകള്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവയുടെ ഒന്നര മീറ്റര്‍ അടുത്തുവരെ പോകാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഹിജ്‌റ വര്‍ഷം 668 ല്‍ ഈജിപ്തിലെ ഭരണാധികാരി അല്‍ ദാഹിര്‍ ബൈബറസ് ചുറ്റുമതിലിനു പുറത്ത് വടക്കു ഭാഗത്തുള്ള പള്ളിത്തൂണുകള്‍ ക്കിടയില്‍ മരം കൊണ്ടു അഴികള്‍ നിര്‍മ്മിച്ചു ബന്ധിച്ചു. ഇതിന് ‘മഖ്‌സൂറത്തുന്നബവിയ്യ’ എന്നു പറയുന്നു. ഹ: ഫാത്വിമ(റ) യുടെ വീട് നബി തിരുമേനിയുടെ വീടിനോട് ചേര്‍ന്നാണല്ലോ ഉള്ളത്. അതിനും ഇതേ രൂപത്തില്‍ മഖ്‌സൂറ നിര്‍മ്മിക്കുകയുണ്ടായി. ‘മഖ്‌സൂറതു ഫാത്വിമ’ എന്ന പേരിലാണിത് അറിയപ്പെടുന്നത്. രണ്ട് മഖ്‌സൂറകള്‍ക്കുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും പ്രവേശിക്കാന്‍ പാകത്തില്‍ രണ്ടു വാതിലുകളുണ്ട്. ബൈബറസ് പണിത അഴികള്‍ക്ക് രണ്ടര മീറ്ററേ ഉയരമുണ്ടായിരുന്നുള്ളൂ. ഹിജ്‌റ വര്‍ഷം 694 ല്‍ അല്‍ ആദില്‍ സൈനുദ്ദീന്‍ ഇവ ഉയര്‍ത്തി പള്ളിയുടെ മേല്‍തട്ടിനോടു മുട്ടിച്ചു. എന്നാല്‍ ഇന്നു കാണുന്ന വിധം ചെമ്പു തകിടുകൊണ്ട് മഖ്‌സൂറ മനോഹരമായി പണിതത് അശ്‌റഫ് ഖയ്തബായി ആണ്. മഖ്‌സൂറയുടെ ചെമ്പുജനലിന്റെ തുളയിലൂടെയാണ് ഇപ്പോള്‍ സന്ദര്‍ശകര്‍ അകത്തേക്ക് എത്തിനോക്കുന്നത്. സ്വാഭാവികമായും അവരുടെ ദൃഷ്ടി ഹരിതകമ്പളം കൊണ്ടലങ്കരിച്ച അകത്തെ ചുറ്റുമതിലില്‍ ചെന്നുമുട്ടുന്നു. നബി(സ) തിരുമേനിയുടെ മഖ്‌സൂറക്ക് തെക്ക്- വടക്കായി 16 മീറ്റര്‍ നീളവും കിഴക്ക് പടിഞ്ഞാറ് 15 മീറ്റര്‍ വീതിയുമുണ്ട്. ആറു വാതിലുകളാണ് മഖ്‌സൂറക്കുള്ളത്. ഈ വാതിലുകള്‍ സാധാരണ സന്ദര്‍ശകര്‍ക്കായി തുറക്കപ്പെടാറില്ല.
ഹ: ആയിശ(റ)യുടെ വിയോഗാനന്തരം ഹിജ്‌റ 9-ാം നൂറ്റാണ്ടിനിടയ്ക്ക് മൂന്നു പ്രാവശ്യം മാത്രമേ ആരെങ്കിലും നബിതിരുമേനിയുടെയും തിരുമേനിയുടെ ഉത്തരാധികാരികളുടെയും ഖബ്‌റുകള്‍ കാണുകയുണ്ടായിട്ടുള്ളൂവെന്നാണ് ചരിത്രകര്‍ത്താക്കള്‍ പറയുന്നത്. ഉമര്‍ രണ്ടാമന്‍ വീടു പുനര്‍നിര്‍മ്മിച്ചപ്പോഴും ഹിജ്‌റ 548-ല്‍ അകത്തേക്ക് തകര്‍ന്നുവീണ ഭിത്തിക്കഷ്ണം എടുത്തുമാറ്റിയപ്പോഴും ഹിജ്‌റ 554ല്‍ വീടു പൂര്‍ത്തിയാക്കി സുഗന്ധം പൂശിയപ്പോഴുമായിരുന്നു ഇത്. അബ്ദുല്‍ അസീസ് രാജാവ് വീടിനകത്ത് പ്രവേശിച്ച് നേരിയ തോതില്‍ കാണപ്പെട്ട കേടുപാടുകള്‍ തീര്‍ത്തുവെന്നും തദവസരത്തില്‍ താനും കൂടെയുണ്ടായിരുന്നുവെന്നും രാത്രിസമയത്ത് ജോലികള്‍ തീര്‍ത്തുവെന്നും ഉസ്താദ് അലി ഹാഫിസ് രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രസാരഥികള്‍ക്കും സമുന്നത വ്യക്തികള്‍ക്കും അത്യപൂര്‍വ്വമായി മഖ്‌സൂറയുടെ അകത്തേക്ക് മാത്രം പ്രവേശനമനുവദിക്കുന്ന പതിവാണ് ഇന്നുള്ളത്.
Add Comment