ഇബ്‌റാഹീം(അ) പ്രവാചകനും, മകന്‍ ഇസ്മാഈലു(അ)ം കഅ്ബാലയത്തിന്റെ പണിപൂര്‍ത്തീകരിച്ചു. അതിന്റെ എടുപ്പുകള്‍ മനോഹരമായി സംവിധാനിച്ചു. പരിശുദ്ധഗേഹനിര്‍മാണം പൂര്‍ത്തീകരിച്ചതോടെ അല്ലാഹുവിന്റെ അടുത്ത കല്‍പന അവതരിച്ചു. ‘ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെക്കുറിച്ച് വിളംബരം നടത്തുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തുകയറിയും അവര്‍ നിന്റെയടുത്ത് വന്നുകൊള്ളും. അവര്‍ക്ക് പ്രയോജനകരമായതില്‍ അവര്‍ സന്നിഹിതരാകാനും, അറിയപ്പെടുന്ന ദിനങ്ങളില്‍ അവര്‍ അല്ലാഹുവിന്റെ നാമം സ്മരിക്കുന്നതിനും വേണ്ടിയാണ് അത്’.(അല്‍ഹജ്ജ് 27-28)
അല്ലാഹുവിന്റെ കല്‍പന ഇബ്‌റാഹീം(അ) നടപ്പിലാക്കി. ‘അല്ലാഹു നിങ്ങളോട് ഹജ്ജ് നിര്‍വഹിക്കാന്‍ കല്‍പിച്ചിരിക്കുന്നു, അതിനാല്‍ നിങ്ങളത് ചെയ്യുക’യെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. അദ്ദേഹത്തിന്റെ വിളിയുടെ പ്രതിധ്വനി പ്രപഞ്ചത്തില്‍ അലയടിച്ചു. ലോകത്തിന്റെ എല്ലാ മുക്കുമൂലകളില്‍ നിന്നും വിശ്വാസികള്‍ ആ വിശുദ്ധമന്ദിരത്തിന്റെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തി. ‘അത് വല്ലവനും അല്ലാഹുവിന്റെ അടയാളങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്നും ഉണ്ടാകുന്നതത്രെ’.
കര്‍മത്തെയും, അതിന്റെ സ്ഥലത്തെയും അല്ലാഹു ആദരിച്ചിരിക്കുന്നു. അതില്‍ വരുത്തുന്ന വീഴ്ച അവ രണ്ടിലുമുള്ള വീഴ്ചയാണ്. ഹൃദയത്തില്‍ നിറഞ്ഞ നൊമ്പരവുമായി, ഇബ്‌റാഹീം(അ) പ്രവാചകന്റെ വിളിക്ക് ഉത്തരമേകി വിശ്വാസികള്‍ വര്‍ഷാവര്‍ഷം അവിടെ വന്നണയുന്നു. ‘ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് അത്. അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്നുവരാം’. (ഇബ്‌റാഹീം 37)
വിശ്വാസികളുടെ ഹൃദയത്തില്‍ നിന്നും പറിച്ചെറിയാന്‍ കഴിയാത്ത അഭിലാഷമാണ് അത്. അല്ലാഹു അവരെ വിളിക്കുകയും അവര്‍ ഉത്തരം നല്‍കുകയും ചെയ്തു. നാവിനുമുമ്പ് അവരുടെ ഹൃദയങ്ങള്‍ ലബ്ബൈക ചൊല്ലി.
എത്ര ദുര്‍ബലമായ ശബ്ദമാണെങ്കിലും അത് ആദരിക്കപ്പെട്ടിരിക്കുന്നു. സന്ദേശം അല്ലാഹുവില്‍ നിന്നും, അവ എത്തിക്കല്‍ പ്രവാചകനില്‍ നിന്നും, അതിന് കീഴൊതുങ്ങല്‍ വിശ്വാസിയില്‍ നിന്നുമുള്ളതാണ്. കര്‍മം പൂര്‍ത്തീകരിക്കപ്പെടുകയും, ഹൃദയം ലോകരക്ഷിതാവിനോട് ചേരുകയും ചെയ്താല്‍ നമുക്ക് പ്രതിഫലങ്ങളെക്കുറിച്ച് ചിന്തിക്കാം. അല്ലാഹുവിനെ ഏകനാക്കി അവര്‍ തല്‍ബിയത്ത് ചൊല്ലിയിരിക്കുന്നു. പ്രത്യേകമായ വസ്ത്രം ധരിച്ച് നഷ്ടം പറ്റാത്ത കച്ചവടത്തിനിറങ്ങിയിരിക്കുന്നു അവര്‍. മിനായിലേക്കും, അറഫായിലേക്കും നീങ്ങി, മുസ്ദലിഫയിലൂടെകടന്ന് മുന്നേറുന്നു അവര്‍.
ജീവിതത്തെ സമ്പൂര്‍ണമായി പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള ചലനങ്ങളാണ് അവ. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കിയവരുടെ പ്രാര്‍ഥനക്ക് അവന്‍ ഉത്തരം നല്‍കുന്നു. അനുസരണയോടെ, അല്ലാഹുവിന്റെ കല്‍പനക്ക് ഉത്തരം നല്‍കുന്ന വിശ്വാസി ജീവിക്കുന്നവനെപ്പോലെയും അല്ലാഹുവിനെ നിഷേധിച്ച കാഫിര്‍ ശവശരീരത്തെ പോലെയുമാണ്. ‘നിര്‍ജ്ജീവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ പുറത്തുകടക്കാനാവത്ത വിധം അന്ധകാരത്തില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ?'(അല്‍അന്‍ആം 122)
ഈ അനുസരണവും, വിധേയത്വവും, തല്‍ബിയത്തും പ്രയാസത്തിലും വിഷമത്തിലും, ഉന്മേഷത്തിലും ആലസ്യത്തിലും, അകത്തും പുറത്തും, പരസ്യത്തിലും രഹസ്യത്തിലും ഒരുപോലെ ആവശ്യമുള്ള കാര്യമാണ്. ഹജ്ജില്‍ മാത്രമല്ല, നമസ്‌കാരത്തിലും നോമ്പിലും സകാത്തിലും അത് അനിവാര്യമാണ്. പള്ളിയിലും അങ്ങാടിയിലും, യുദ്ധത്തിലും സമാധാനത്തിലും, രാഷ്ട്രീയത്തിലും സാമ്പത്തികക്രയവിക്രയത്തിലും അത് നിര്‍ബന്ധമാണ്. ‘ഇല്ല, നിന്റെ രക്ഷിതാവാണ് സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നത് വരെ അവര്‍ വിശ്വാസികളാവുകയില്ല’. (അന്നിസാഅ് 65)
അല്ലാഹുവിന് പങ്കുകാരെ കല്‍പിച്ചുകൊണ്ടായിരുന്നു മക്കയിലെ മുശ്‌രിക്കുകള്‍ തല്‍ബിയത് ചൊല്ലിയിരുന്നത്. അവര്‍ എല്ലാ നിലക്കും തങ്ങളുടെ ദൈവത്തെ മോശമാക്കുന്നവരായിരുന്നില്ല. മറിച്ച് അവര്‍ക്ക് ആപത്തുവന്നാല്‍, ദുരിതം ബാധിച്ചാല്‍ അവര്‍ ഏകനായ നാഥനെയായിരുന്നു വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നത്. കഅ്ബയില്‍ വിഗ്രഹങ്ങളെക്കൊണ്ട് നിറച്ചിരുന്നു അവര്‍. എന്നിട്ട് അവര്‍ അതിന് ചുറ്റും നഗ്നരായി ത്വവാഫ് നടത്തുകയും ചെയ്തു. അല്ലാഹുവിനെ ധിക്കരിച്ച വസ്ത്രങ്ങളണിഞ്ഞ് അവന് ഞങ്ങള്‍ എങ്ങനെ ത്വവാഫ് നടത്താനാണ് എന്നായിരുന്നു അവരുടെ ചോദ്യം.
കഴിഞ്ഞുപോയ ഒരു ചരിത്ര ഘട്ടം മാത്രമായിരുന്നില്ല ജാഹിലിയ്യത്ത്. മറിച്ച് അത് ഒരു ജീവിത സങ്കല്‍പവും കാഴ്ചപ്പാടുമായിരുന്നു. അഴിഞ്ഞാട്ടവും, വിദ്വേഷവും, അല്ലാഹു അല്ലാത്തവരോട് വിധി തേടലും, മോശപ്പെട്ട ധാരണകള്‍ വെച്ചുപുലര്‍ത്തലുമായിരുന്നു അവയുടെ അക്കാലത്തെ പ്രകടമായ രീതികള്‍. അവയുടെ വ്യത്യസ്തവും, പുതമയാര്‍ന്നതുമായ രീതികളും, സമ്പ്രദായങ്ങളും നമുക്ക് ചുറ്റും ഇന്നും വിലസുന്നുണ്ട്. അല്ലാഹുവിന് നാം ചൊല്ലുന്ന തല്‍ബിയത്തിനും, വിധേയത്വത്തിനും എതിരാണ് അവയൊക്കെയും.’ഐഹികജീവിതത്തില്‍ നിന്ന് ഉപരിപ്ലവമായത് മാത്രമെ അവര്‍ക്കറിയൂ’. (അര്‍റൂം 7)
തല്‍ബിയത്ത് ഒരു ജീവിത സംസ്‌കാരമാണ്. ഐക്യത്തെയും, ഏകദൈവത്വത്തെയുമാണ് അത് കുറിക്കുന്നത്. ഇബ്‌റാഹീം(അ)ന്റെ ജീവിതവും, യാത്രയും, കരാര്‍പാലനവും ആ തല്‍ബിയത്തിന്റെ യഥാര്‍ത്ഥ പരിഭാഷയായിരുന്നു. അല്ലാഹുവിന്റെ കല്‍പന ശിരസ്സാവഹിച്ച് കുടുംബത്തെ മക്കയില്‍ കൊണ്ടുവന്നാക്കിയതും ഇതേ തല്‍ബിയത്തിന്റെ തന്നെ പൂര്‍ത്തീകരണമായിരുന്നു. അറഫയില്‍ വന്ന് നിന്ന് മുഹമ്മദ്(സ) ഇപ്രകാരം പറഞ്ഞു:’നിങ്ങളുടെ വൈകാരിക പ്രതീകങ്ങളില്‍ നിങ്ങള്‍ നില്‍ക്കുക. നിങ്ങളുടെ പിതാവ് ഇബ്‌റാഹീം(അ)ല്‍ നിന്നുള്ള അനന്തരമാണ് അത്’.
തല്‍ബിയത്തില്‍ ഓരോ പ്രവാചകന്മാരും കാണിച്ച മാതൃക തിരുമേനി(സ) വിശദീകരിക്കുകയുണ്ടായി. ഇപ്രകാരം മൂസാ, ഈസാ(അ) പ്രവാചകന്‍മാരുടെ തല്‍ബിയത്ത് തിരുമേനി(സ) അനുയായികള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.
പ്രവാചകന്മാരുടെ ജീവിതവും, പോരാട്ടവും പ്രസ്തുത തല്‍ബിയത്തിന്റെ ആശയങ്ങളെയായിരുന്നു പ്രതിനിധീകരിച്ചിരുന്നത്. അതിനാല്‍ അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ഹജ്ജ് നിര്‍വഹിച്ച നമ്മുടെ ജീവിതവും അല്ലാഹുവിനുള്ള ഉത്തരം തന്നെ ആയിരിക്കണം. പ്രകൃതിയിലെ ചരാചരങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വചനമാണ് തല്‍ബിയത്. നാം ചൊല്ലുന്ന ഓരോ തല്‍ബിയതും നമുക്ക് ചുറ്റുമുള്ള മരവും, കല്ലും, മറ്റുചരാചരങ്ങളും ഏറ്റുചൊല്ലുന്നു.
ശൈഖ് സഈദ് അബ്ദുല്‍ അളീം
Add Comment