Performing

ദുല്‍ഹജ്ജ് ഒമ്പതിലെ കര്‍മങ്ങള്‍

അറഫാദിനം
ദുല്‍ഹജ്ജ് ഒമ്പതിന് സൂര്യോദയത്തിനു ശേഷം ഹാജിമാര്‍ മിനായില്‍നിന്ന് അറഫയിലേക്ക് പുറപ്പെടുന്നു. സൗകര്യപ്പെടുമെങ്കില്‍ ഉച്ചവരെ നമിറയില്‍ ഇറങ്ങിത്താമസിക്കലും അവിടെവെച്ചുതന്നെ സുഹ്‌റും അസ്‌റും നമസ്‌കരിക്കലും സുന്നത്താണ്. അതിനു കഴിയാത്തവര്‍ അറഫയില്‍ പോയി ഇറങ്ങുകയും അവിടെ വെച്ചു തന്നെ സുഹ്‌റും അസ്്‌റും

നമസ്‌കരിക്കുകയും ചെയ്യുന്നതിനു വിരോധമില്ല. ളുഹ്‌റും അസ്്‌റും ളുഹ്‌റിന്റെ സമയത്ത് ഒരു ബാങ്കോടും രണ്ട് ഇഖാമത്തോടുംകൂടി ജംഉം ഖസ്‌റുമായി നമസ്‌കരിക്കുകയാണ് വേണ്ടത്. സുന്നത്ത് നമസ്‌കരിക്കേണ്ടതില്ല

ഹജ്ജിന്റെ അമീര്‍ മസ്ജിദു നമിറയില്‍ വെച്ച് ഹജ്ജിന്റെ പ്രഭാഷണം നടത്തുന്നു.

ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമാണ് അറഫയിലെ നിര്‍ത്തം. ‘ഹജ്ജ് അറഫയാണ്’ എന്ന് നബി(സ) പറുയുകയുണ്ടായി. ളുഹര്‍ അസര്‍ നമസ്‌കാരങ്ങള്‍ക്കു ശേഷമാണ് അറഫയിലെ നില്‍പ് ആരംഭിക്കുന്നത്. തദവസരത്തില്‍ ഖിബ്്‌ലക്കുനേരെ തിരിഞ്ഞുനിന്നുകൊണ്ട് കൈഉയര്‍ത്തി ധാരാളമായി ദിക്‌റും ദുആയും ചെയ്യല്‍ സുന്നത്താണ്. തല്‍ബിയത്തും ഖുര്‍ആന്‍ പാരായണവും ഉത്തമമാണ്.

ചില ആളുകള്‍ അറഫയിലെ ജബലുര്‍റഹ്്മ എന്ന കുന്നിനു മുകളില്‍ കയറി പ്രാര്‍ത്ഥിക്കാറുണ്ട്. അതിന് അടിസ്ഥാനമില്ല. നബി(സ) കുന്നിനു താഴെയുള്ള പാറക്കെട്ടുകള്‍ക്കിടയില്‍നിന്നാണ് പ്രാര്‍ത്ഥിച്ചത്.

ഹാജിമാര്‍ അറഫാദിവസം നോമ്പനുഷ്ഠിക്കുന്നത് ശരിയല്ല. നബി(സ) അത് വിലക്കിയിരിക്കുന്നു.

സൂര്യന്‍ അസ്തമിക്കുന്നതുവരെയാണ് അറഫയില്‍ നില്‍ക്കേണ്ടത്. സൂര്യാസ്തമയത്തിനു മുമ്പ് അറഫയുടെ അതിര്‍ത്തി വിടാന്‍ പാടില്ല.

 മുസ്ദലിഫയില്‍

ഹാജിമാര്‍ അറഫയില്‍നിന്ന് നേരെ മുസ്്ദലിഫയിലേക്കു പോകുന്നു. അറഫയുടെയും മിനായുടെയും ഇടയിലുള്ള സ്ഥലമാണ് മുസ്്ദലിഫ.

മഗ്‌രിബും ഇശായും മുസ്്ദലിഫയില്‍ എത്തിയശേഷമാണ് നമസ്‌കരിക്കേണ്ടത്. മഗ്‌രിബ് മൂന്നു റക്അത്തും ഇശാ രണ്ടു റക്അത്തും ജംഉം ഖസ്‌റുമായി ഒരു ബാങ്കും രണ്ടു ഇഖാമത്തും കൊടുത്തുകൊണ്ട് നിര്‍വഹിക്കണം.

ഹാജിമാര്‍ മുസ്ദലിഫയിലാണ് അന്ന് രാത്രി കഴിച്ചുകൂട്ടേണ്ടത്. പക്ഷേ, സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍ മുതലായ ദുര്‍ബലര്‍ക്ക് അര്‍ധരാത്രിക്കുശേഷം മിനായിലേക്കു പുറപ്പെടാവുന്നതാണ്. മറ്റുള്ളവര്‍ സുബ്ഹ് നമസ്‌കാരം കഴിഞ്ഞ്, നേരം വെളുത്ത ശേഷമാണ് മുസ്ദലിഫയില്‍നിന്ന് പുറപ്പെടേണ്ടത്. സുബ്ഹ് നമസ്‌കാരാനന്തരം ഖിബ്്‌ലക്കുനേരെനിന്ന് കൈഉയര്‍ത്തി ധാരാളം ദിക്‌റും ദുആയും ചെയ്യുന്നത് സുന്നത്താണ്. നബി(സ) ‘മശ്അറുല്‍ ഹറാമി’ ന് അടുത്ത് നിന്നു കൊണ്ടാണ്് പ്രാര്‍ത്ഥിച്ചതെങ്കിലും അവിടെത്തന്നെ നിന്ന് പ്രാര്‍ത്ഥിക്കണമെന്ന് നിര്‍ബന്ധമില്ല.

ജംറത്തുല്‍ അഖബയില്‍ എറിയാനുള്ള ഏഴു കല്ലുകള്‍ മുസ്ദലിഫയില്‍ നിന്ന് എടുക്കാവുന്നതാണ്. മിനായില്‍നിന്നും എടുക്കാം. നബി (സ) മുസ്്ദലിഫയില്‍നിന്ന് പുറപ്പെട്ടശേഷം വഴിയില്‍നിന്നാണ് ജംറത്തുല്‍ അഖബയില്‍ എറിയാനുള്ള ഏഴു കല്ലുകള്‍ എടുത്തുകൊടുക്കാന്‍ അബ്്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വിനോട് കല്‍പിച്ചത്. മറ്റുദിവസങ്ങളില്‍ എറിയാനുള്ള കല്ലുകള്‍ മുഴുവന്‍ നബി(സ) മിനായില്‍ നിന്നാണ് എടുത്തത്.

About the author

hajjpadasala

Add Comment

Click here to post a comment