ഹാജിമാര്‍ മക്കയില്‍ എത്തിക്കഴിഞ്ഞാല്‍ ആദ്യമായി നിര്‍വഹിക്കുന്ന കര്‍മ്മമാണ് ത്വവാഫ്. കഅ്ബാ പ്രദക്ഷിണത്തിനാണ് ത്വവാഫ് എന്നുപറയുന്നത്.
ഹജ്ജിലെ ത്വവാഫ് മൂന്നുതരമാണ്:
1. ത്വവാഫുല്‍ ഖുദൂം: ഹാജിമാര്‍ മക്കയില്‍ എത്തിയ ഉടനെ നിര്‍വഹിക്കുന്ന ത്വവാഫാണിത്. ഈ ത്വവാഫ് സുന്നത്താണ്.
2. ത്വവാഫുല്‍ ഇഫാള: ദുല്‍ഹജ്ജ് പത്തിനോ അതിനുശേഷമോ നിര്‍വഹിക്കുന്ന ത്വവാഫാണിത്, ഹജ്ജിന്റെ റുക്‌നായ ഈ ത്വവാഫ് നിര്‍വഹിക്കാതിരുന്നാല്‍ ഹജ്ജ് തന്നെ നഷ്ടപ്പെടുന്നതാണ്.
3. ത്വവാഫുല്‍ വിദാഅ്: ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് മക്കയില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ നിര്‍വഹിക്കുന്ന ത്വവാഫാണിത്. ഇത് നിര്‍ബന്ധമാണെങ്കിലും ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തമായി ഒരു ബലിയറുത്താല്‍ മതി.
ത്വവാഫിനു വേണ്ടി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുമ്പോള്‍ വലത്തേ കാല്‍മുന്തിക്കുകയും താഴെ പറയുന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്യുന്നത് സുന്നത്താണ്:
(അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ പ്രവേശിക്കുന്നു. അല്ലാഹുവിന്റെ ദൂതര്‍ക്ക് അനുഗ്രഹവും രക്ഷയും ഉണ്ടാകുമാറാവട്ടെ! ശപിക്കപ്പെട്ട പിശാചില്‍നിന്ന് മഹാനായ അല്ലാഹുവിലും ബഹുമാന്യമായ അവന്റെ അധികാരത്തിലും ഞാന്‍ അഭയം തേടുന്നു. അല്ലാഹുവേ! നീ എനിക്ക് നിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങള്‍ തുറന്നു തരേണമേ!)
മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ച ഉടനെ ത്വവാഫ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ‘തഹിയ്യത്തുല്‍ മസ്ജിദാ’യി രണ്ടു റക്അത്ത് നമസ്‌കരിക്കേണ്ടതില്ല.
ത്വവാഫുല്‍ ഖുദൂം ആരംഭിക്കുന്നതിനുമുമ്പായി പുരുഷന്‍മാര്‍ അവരുടെ മേല്‍മുണ്ടിന്റെ വലത്തേ അറ്റം വലത്തേ കക്ഷത്തിലൂടെ എടുത്ത് ഇടത്തെ ചുമലിനു മുകളില്‍ ഇടലും വലത്തേ ചുമല്‍ നഗ്‌നമാക്കി വെക്കലും സുന്നത്താണ്. അതിന് അറബിയില്‍ ‘ഇള്ത്വിബാഅ്’ എന്നു പറയുന്നു. കഅ്ബയുടെ, ഹജറുല്‍ അസ്‌വദ് സ്ഥിതിചെയ്യുന്ന മൂലയില്‍നിന്നാണ് ത്വവാഫ് ആരംഭിക്കുന്നത്, സാധിക്കുമെങ്കില്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ സുന്നത്താണ്. സാധിച്ചില്ലെങ്കില്‍ കൈകൊണ്ടോ മറ്റോ അതിനെ തൊട്ടു മുത്തുക. അതിനും സാധ്യമായില്ലെങ്കില്‍ അതിനു നേരെ കൈ ഉയര്‍ത്തി (അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു. അല്ലാഹു ഏറ്റവും വലിയവനാകുന്നു) എന്നു പറഞ്ഞ് ത്വവാഫ് ആരംഭിച്ചാല്‍ മതി. തുടര്‍ന്ന് (അല്ലാഹുവേ! നിന്നില്‍ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്നോടുള്ള കരാര്‍ പാലിച്ചുകൊണ്ടും നിന്റെ ദൂതനായ മുഹമ്മദ് നബി(സ)യുടെ ചര്യ പിന്തുടര്‍ന്നുകൊണ്ടും ഞാന്‍ ആരംഭിക്കുന്നു.) എന്നു പറയലും സുന്നത്താണ്.
കഅ്ബയെ ഇടതുഭാഗത്താക്കിയാണ് ത്വവാഫ് ചെയ്യേണ്ടത്. റുക്‌നുല്‍ യമാനി എന്ന മൂലയിലെത്തിയാള്‍ സാധ്യമെങ്കില്‍ അതിനെ വലതു കൈകൊണ്ട് സ്പര്‍ശിക്കുകയും ‘അല്ലാഹു അക്ബര്‍’ എന്നു പറയുകയും ചെയ്യല്‍ സുന്നത്താണ്. റുക്‌നുല്‍ യമാനിയുടെയും ഹജറുല്‍ അസ്‌വദിന്റെയും ഇടയില്‍ (ഞങ്ങളുടെ നാഥാ! നീ ഞങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും നന്‍മ പ്രദാനം ചെയ്യേണമേ! ഞങ്ങളെ നരകശിക്ഷയില്‍നിന്ന് രക്ഷിക്കുകയും ചെയ്യേണമേ!) എന്നു പ്രാര്‍ത്ഥിക്കലും സുന്നത്താണ്.
ഹജറുല്‍ അസ്‌വദില്‍ തിരിച്ചെത്തുന്നതോടുകൂടി ഒരു പ്രദക്ഷിണം പൂര്‍ത്തിയായി. അങ്ങനെ ഏഴു പ്രദക്ഷിണമാണ് ഒരു ത്വവാഫ്. മക്കയില്‍ എത്തിയ ഉടനെ ചെയ്യുന്ന ത്വവാഫില്‍ ആദ്യത്തെ പ്രദക്ഷിണത്തില്‍ കാലുകള്‍ അടുത്തടുത്ത് വെച്ച് ധൃതിയില്‍ നടക്കുന്നത് പുരുഷന്‍മാര്‍ക്ക് സുന്നത്താണ്. അതിന് ‘റംല്’നടത്തം എന്നു പറയുന്നു.
ത്വവാഫിനിടയില്‍ ഏതു ദിക്‌റും ദുആയും ഖുര്‍ആന്‍ പാരായണവും ആകാവുന്നതാണ്.
കഅ്്ബക്കരികില്‍ അര്‍ധവൃത്താകൃതിയില്‍ കാണുന്ന ഹിജ്‌റ് ഇസ്്മാഈലിനു പുറത്തുകൂടിയാണ് ത്വവാഫ് ചെയ്യേണ്ടത്. ഹിജ്‌റ് ഇസ്്മാഈല്‍ കഅ്ബയുടെ ഒരു ഭാഗമായതിനാല്‍ അതിനുള്ളിലൂടെ ത്വവാഫ് ചെയ്താല്‍ ശരിയാവുകയില്ല.
ത്വവാഫിനു ശേഷം മേല്‍മുണ്ട് വലത്തേ ചുമലുകൂടി മൂടുന്ന രൂപത്തില്‍ ശരിയാക്കി മഖാമു ഇബ്്‌റാഹീമിനു പിന്നില്‍പോയി രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിക്കേണ്ടതാണ്. അതില്‍ ഒന്നാമത്തെ റക്അത്തില്‍ ഫാത്തിഹക്കുശേഷം സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസും ഓതല്‍ സുന്നത്താണ്. മഖാമു ഇബ്‌റാഹീമിനു പിന്നില്‍ സൗകര്യമില്ലെങ്കില്‍ ഹറമിന്റെ ഏതുഭാഗത്തുവെച്ചും പ്രസ്തുത രണ്ട് റക്അത്ത് നമസ്‌കരിക്കാവുന്നതാണ്.
ത്വവാഫിനും നമസ്‌കാരത്തിനും ശേഷം സംസം വെള്ളം കുടിക്കുന്നത് സുന്നത്താണ്.
Add Comment