ഹജ്ജ് അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ, ദുര്‍വൃത്തിയോ, വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അറിയുന്നതാണ്. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൗതികാനുഗ്രങ്ങള് നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല. അറഫയില്‍ നിന്ന് നിങ്ങള്‍ പുറപ്പെട്ട് കഴിഞ്ഞാല്‍ മശ്അറുല്‍ ഹറാമിനടുത്ത് വെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍.
അവന് നിങ്ങള്‍ക്ക് വഴികാണിച്ച പ്രകാരം നിങ്ങളവനെ ഓര്‍ക്കുവിന്‍. ഇതിന് മുമ്പ് നിങ്ങള്‍ പിഴച്ചവരില്പെട്ടവരായിരുന്നാലും. എന്നിട്ട് ആളുകള്‍ എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്ന് തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു (അല്‍ബഖറ 197-199)
പരിശുദ്ധ കഅ്ബാലയത്തില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് അല്ലാഹു തന്റെ അടിമകള്‍ക്ക് മേല്‍ നിര്‍ബന്ധമാക്കിയ കാര്യമാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാണ് അത്. ഇബ്റാഹീം പ്രവാചകന്റെ കാലത്തായിരുന്നു ഹജ്ജ് കര്‍മത്തിന്റെ പ്രാരംഭം. അദ്ദേഹമാണ് ഈ ഭവനം പണിപൂര്‍ത്തിയാക്കിയത്. ജനങ്ങളെ പ്രസ്തുത ഭവനത്തിലേക്ക് ക്ഷണിക്കാന്‍ അല്ലാഹു അദ്ദേഹത്തോട് കല്പിച്ചു: ഇബ്റാഹീമിന് ആ ഭവനത്തിന്റെ സ്ഥാനം നാം സൗകര്യപ്പെടുത്തിക്കൊടുത്ത സന്ദര്‍ഭം. യാതൊരു വസ്തുവിനെയും എന്നോട് നീ പങ്ക് ചേര്‍ക്കരുത് എന്നും ത്വവാഫ് ചെയ്യുന്നവര്‍ക്ക് വേണ്ടിയും നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കി വെക്കണം. ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്ന് കൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നു കൊള്ളും. അവര്‍ക്ക് പ്രയോജനകരമായതില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്ക്കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ച് കൊണ്ട് ബലി കഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. പിന്നെ അവര്‍ തങ്ങളുടെ അഴുക്ക് നീക്കിക്കളയുകയും തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുകയും പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്യട്ടെ. (അല്‍ഹജ്ജ് 26-28)
ഇബ്റാഹീം(അ) ഹജ്ജ് വിളംബരം നടത്തുകയും ജനങ്ങള്‍ അതിന് ഉത്തരം നല്കുകയുമുണ്ടായി. അവര്‍ സംഘങ്ങളായും ഒറ്റക്കും ആ ഭവനത്തെ ലക്ഷ്യം വെച്ച് യാത്ര തുടങ്ങി. കഠിനമായ ഉഷ്ണത്തില്‍ വെന്തുരുകിയിരുന്ന ആ ഭവനവും, പ്രദേശവും ലോകമുസ്ലിംകളുടെ ഹൃദയങ്ങള്‍ക്കുള്ള അഭയകേന്ദ്രമായി മാറി. ഇബ്റാഹീം(അ) പ്രവാചകന്റെ പ്രാര്‍ത്ഥനക്കുള്ള ഉത്തരമായിരുന്നു അത്: ‘ഞങ്ങളുടെ രക്ഷിതാവെ, എന്റെ സന്തതികളില്‍ നിന്ന് കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്വരയില് നിന്റെ പവിത്രമായ ഭവനത്തിന്റെ അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവെ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ്. അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്വുള്ളതാക്കുകയും അവര്‍ക്ക് കായ്കനകളില് നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്ന് വരാം’ (ഇബ്റാഹീം 37)
അന്ന് മുതല്‍ ജനങ്ങള്‍ ഹൃദയങ്ങള്‍ ആഗ്രഹിച്ച, ആശിച്ച സ്ഥാനമായി മാറി പരിശുദ്ധ കഅ്ബാലയം. എന്ന് മാത്രമല്ല, ലോകമുസ്ലിംകളുടെ സംഗമകേന്ദ്രമായി മാറി അതിന്റെ തിരുമുറ്റം. നന്മകല് പ്രസരിക്കുന്ന, അനുഗ്രഹീത ഭവനമായി അല്ലാഹു അതിനെ എടുത്തുയര്‍ത്തി. ഇബ്റാഹീം(അ) കാണിച്ച് കൊടുത്ത മാതൃകയില്‍ വര്‍ഷങ്ങളോളം ഹജ്ജ് നിര്‍വഹിക്കപ്പെട്ടു. പിന്നീട് കാലാന്തരത്തില്‍ അവ സല്പന്ഥാവില് നിന്ന് വ്യതിചലിക്കുകയും ശേഷം പ്രവാചകന് മുഹമ്മദ്(സ) അവയെ ഇസ്ലാമിക രീതിയില്‍ തന്നെ പുനര്‍പ്രതിഷ്ഠിക്കുകയും ചെയ്തു.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും വ്യക്തമാക്കുന്നത് പോലെ കഴിവും ശേഷിയുമുള്ളവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമാണ്. അത് നിര്ബന്ധമായാല് പിന്നെ പിന്തിക്കാന്‍ പാടുള്ളതല്ല എന്നതാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം. അല്ലാഹുവിനെ ഭയപ്പെടുന്ന, അവനെ കണ്ട് മുട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വിശ്വാസി കഴിവുണ്ടായിരിക്കെ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുകയോ, കാരണമില്ലാതെ പിന്തിക്കുകയോ ഇല്ല. അല്ലാഹുവിന്റെ കോപം വിശ്വാസി ഒരിക്കലും ആഗ്രഹിക്കുകയില്ലല്ലോ.
ഭാവിയില്‍ എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് ഒരു മനുഷ്യനും അറിയില്ല. അല്ലാഹുവിനോടുള്ളള ബാധ്യത പൂര്‍ത്തീകരിക്കാത്ത പക്ഷം ഭാവിയില്‍ അത് നിര്‍വഹിക്കാന്‍ കഴിയുമെന്ന് അവന് ഉറപ്പുമില്ല. സാമ്പത്തികമായോ, ശാരീരികമായോ, മറ്റ് ഏതെങ്കില് തരത്തിലോ അവന് മുന്നില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടേക്കാം. അതിനാലാണ് ഹജ്ജ് നിര്‍വഹിക്കുന്നതില്‍ ധൃതി കാണിക്കണമെന്ന് തിരുമേനി(സ) വ്യമാക്കിയത്.
ഇസ്ലാമിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണ് ഹജ്ജ്. ജിബ്രീലിന് മുന്നില്‍ അനുചരന്മാര്ക്കിടയില് വെച്ച് ഇസ്ലാമിനെ വിശദീകരിക്കവെ പ്രത്യേകം എടുത്ത് പറഞ്ഞ കാര്യമാണ് അത്. അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ശ്രേഷ്ഠകരമായ കര്‍മമാണ് ഹജ്ജെന്ന് തിരുമേനി(സ)യില്‍ നിന്ന് മറ്റൊരു റിപ്പോര്‍ട്ട് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു ശ്രേഷ്ഠമാക്കിയ, അല്ലാഹുവിന് പ്രിയപ്പെട്ട കര്‍മങ്ങള്‍ ചെയ്യുവാനാണ് വിശ്വാസി ആഗ്രഹിക്കുക. അതിനാല്‍ ഹജ്ജ് കര്‍മത്തെ മാറ്റി വെച്ച് എന്ത് ശ്രേഷ്ഠതയാണ് നാം നേടാന്‍ ശ്രമിക്കുന്നത്?
ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ അതിനുള്ള അവസരമൊരുക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടതാണ്. എന്നാല്‍ മാത്രമെ ആ മഹത്തായ കര്‍മത്തിന്റെ പ്രതിഫലം നേടാന്‍ വിശ്വാസിക്ക് സാധിക്കുകയുള്ളൂ. തിരുമേനി(സ)യില്‍ നിന്ന് ഇബ്നു മസ്ഊദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്: നിങ്ങള്‍ ഹജ്ജും ഉംറയും തുടര്ത്തുക. അവ രണ്ടും ദാരിദ്ര്യത്തെയും, പാപങ്ങളെയും അകറ്റുന്നു. കൊല്ലന്റെ ഉല ഇരുമ്പിന്റെ മാലിന്യങ്ങളെ കളയുന്നത് പോലെ.
ഈ മഹത്തായ കര്‍മം വിശ്വാസിയില്‍ ചെലുത്തുന്ന സ്വാധീനത്തെയാണ് തിരുമേനി(സ) വ്യക്തമാക്കിയത്. ഒരു വിശ്വാസിയുടെ ഇഹ-പര ലോകങ്ങളില്‍ വളരെ പ്രാധാന്യമുള്ള കാര്യങ്ങളാണ് അവ.
പുണ്യകരമായ ഹജ്ജിന് ഏറ്റവും കുറഞ്ഞ പ്രതിഫലം സ്വര്‍ഗമാണെന്ന് തിരുദൂതര്‍(സ) പറയുന്നു. സ്വര്‍ഗത്തേക്കാള്‍ മഹത്തരമായ മറ്റെന്തുണ്ട്? സ്വര്‍ഗത്തേക്കാള്‍ വലിയ എന്ത് സമ്മാനമാണ് വിശ്വാസി ആഗ്രഹിക്കുന്നത്?
അല്ലാഹുവിന്റെ അടുത്ത് ആദരിക്കപ്പെടുന്ന വിഭാഗമാണ് ഹജ്ജിന് വേണ്ടി പുറപ്പെടുന്ന വിശ്വാസികള്‍ എന്നത് മതി അവര്‍ക്ക് പ്രതാപവും മഹത്വവും ലഭിക്കാന്‍. റസൂല്‍(സ) അരുള്‍ ചെയ്യുന്നു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടപൊരുതുന്നവനും, ഉംറക്ക് വേണ്ടി പുറപ്പെട്ടവരും അല്ലാഹുവിന്റെ പ്രതിനിധി സംഘങ്ങളാണ്. അല്ലാഹു അവരെ വിളിക്കുകയും അവര്‍ ഉത്തരം നല്‍കുകയും ചെയ്തു. അതിനാല്‍ അവര്‍ അവരോട് ചോദിക്കുന്നതെന്തും അവന് അവര്‍ക്ക് നല്‍കുന്നതാണ്.
ആ പരിശുദ്ധമായ മന്ദിരത്തിലേക്ക് കറകളഞ്ഞ ഹൃദയവും അനുവദനീയ മാര്‍ഗത്തില്‍ സമ്പാദിച്ച ധനവുമായി പുറപ്പെടുകയും ഹജ്ജ് നിര്‍വഹിക്കുകയും അല്ലാഹുവിലേക്ക് പശ്ചാതപിക്കുകയും, അവന്റെ മുന്നില്‍ ഇരക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു എങ്ങനെ പൊറുത്ത് കൊടുക്കാതിരിക്കും? അതല്ല, അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഇറങ്ങിത്തിരിച്ച വിശ്വാസി ഹജ്ജിനിടയില്‍ മരണപ്പെടുന്നുവെങ്കില്‍ അത് അല്ലാഹു നല്കുന്ന മഹത്തായ ആദരവ് കൂടിയാണ്. വിശ്വാസി എങ്ങനെയാണോ മരിച്ചത് അത് പോലെയാണ് പുനര്ജീവിക്കപ്പെടുക. ഇഹ്റാം കെട്ടി, തല്‍ബിയത്ത് ചൊല്ലി അന്ത്യനാളില്‍ എഴുന്നേല്പിക്കപ്പെടുകയെന്നതിനേക്കാള് ഉന്നതമായ സൗഭാഗ്യം മറ്റെന്തുണ്ട്? ഹജ്ജിനിടയില്‍ മരണപ്പെട്ട വ്യക്തിയെക്കുറിച്ച് തിരുമേനി(സ) പറഞ്ഞു (വെള്ളവും താളിയുമുപയോഗിച്ച് നിങ്ങളയാളെ കുളിപ്പിക്കുകയും, ആ രണ്ട് വസ്ത്രത്തില്‍ കഫന്‍ ചെയ്യുകയും ചെയ്യുക. അദ്ദേഹത്തിന് സുഗന്ധം പൂശുകയോ, തല മറക്കുകയോ ചെയ്യരുത്. അദ്ദേഹം അന്ത്യനാളില്‍ തല്‍ബിയത്ത് ചൊല്ലുന്നവനായി എഴുന്നേല്‍പിക്കപ്പെടുന്നതാണ്).
അബ്ദുല്‍ അസീസ് ബിന്‍ ത്വാഹിര്‍ ബിന്‍ ഗൈസ്
Add Comment