Articles

ജീവിതത്തില്‍ ഹജ്ജ് കര്‍മത്തിന്റെ സുവര്‍ണ അടയാളങ്ങള്‍ പ്രകാശിക്കട്ടെ !

ഉന്നതമായ ലക്ഷ്യങ്ങളും മഹത്തായ യുക്തിയും മുന്‍നിര്‍ത്തിയാണ് അല്ലാഹു ആരാധനകളും മറ്റുകര്‍മങ്ങളും നിയമമാക്കിയിട്ടുള്ളത്. ദൈവിക ബോധം വളര്‍ത്തുകയും, മനസ്സിനെ ശുദ്ധീകരിക്കുകയും, സ്വഭാവശീലത്തെ സംസ്‌കരിക്കുകയും ചെയ്യുകയെന്നതാണ് അവയുടെ ധര്‍മം. വിശ്വാസി നിര്‍വഹിക്കുന്ന ആരാധനാ കര്‍മങ്ങള്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നില്ലെങ്കില്‍ അവയിലൂടെ പ്രതീക്ഷിക്കപ്പെടുന്ന ചൈതന്യം അവന്‍ നേടിയെടുത്തില്ലെന്ന് സാരം. മാത്രമല്ല, ആരാധനകള്‍ കേവലം ചടങ്ങുകളിലേക്കും, പ്രകടനങ്ങളിലേക്കും വഴിമാറുകയാണ് അതിന്റെ പരിണിതഫലം. മനുഷ്യന്റെ ജീവിതത്തിലും ചര്യയിലും യാതൊരു സ്വാധീനവും സൃഷ്ടിക്കാതിരിക്കുകയെന്ന ദൗര്‍ഭാഗ്യാവസ്ഥയാണ് അത്.

ഹജ്ജ് കര്‍മവും ഈ വൃത്തത്തില്‍ നിന്ന് പുറത്തല്ല. അതിനാലാണ് വിശ്വാസി അത് ഏറ്റവും ഉത്തമരീതിയില്‍ നിര്‍വഹിക്കുന്നത്. അവന്‍ അതിന്റെ ലക്ഷ്യം തിരിച്ചറിയുകയും ആശയം മനസ്സിലാക്കുകയും ചെയ്യുന്നു. തന്റെ ഇഹത്തിലും പരത്തിലും അത് നല്ല സ്വാധീനം സൃഷ്ടിക്കുമെന്ന് അവനറിയാം.
തന്റെ ഭവനം സന്ദര്‍ശിക്കാനും, അവിടെ വെച്ച് നിര്‍ബന്ധ കര്‍മം നിര്‍വഹിക്കാനും അല്ലാഹു താങ്കള്‍ക്ക് ഉതവിനല്‍കി ആദരിച്ചിരിക്കുന്നു. അതിനാല്‍ നാം നമ്മുടെ ഹൃദയത്തോട് ചില കാര്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. ആത്മപരിശോധന നടത്തി ജീവിതത്തെ സംസ്‌കരിക്കേണ്ടതുണ്ട്.
അല്ലാഹു നമുക്ക് നല്‍കിയ മഹത്തായ ഔദാര്യങ്ങളേക്കുറിച്ചാണ് നാം ആദ്യമായി ആലോചിക്കേണ്ടത്. ഈ മഹത്തായ നിര്‍ബന്ധ കര്‍മം പൂര്‍ത്തീകരിക്കാന്‍ കഴിവേകിയതിന് നാം അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കണം. ഇത് നിര്‍വഹിക്കാന്‍ കഴിയാത്ത ഒട്ടേറെ പേരുണ്ട് നമുക്കുചുറ്റും. അവരതിനായി കണ്ണിലെണ്ണയൊഴിച്ച് കൊതിയോടെ കാത്തിരിക്കുകയാണ്. അല്ലാഹുവിനുള്ള അനുസരണം കാത്തുസൂക്ഷിക്കുകയും, അവന്റെ മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്യുകയെന്നതാണ് നന്ദിയുടെ പ്രഥമ പടി.
ഹജ്ജിനുശേഷം നാം പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് സ്ഥൈര്യത്തിന്റെയും നൈരന്തര്യത്തിന്റെയും കാര്യത്തിലാണ്. എല്ലാ സന്ദര്‍ഭത്തിലും ദൈവഭക്തി പുലര്‍ത്തുകയും, തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കിലേ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്മാരുടെയും, സദ്‌വൃത്തരുടെയും, രക്തസാക്ഷികളുടെയും കൂട്ടത്തിലെത്താന്‍ സാധിക്കുകയുള്ളൂ.
ഈ വിഷയവുമായി ബന്ധപ്പെട്ട് അല്ലാഹു ജനങ്ങള്‍ക്ക് മുന്നില്‍ ഒരു ഉദാഹരണം സമര്‍പിച്ചിട്ടുണ്ട്. കര്‍മങ്ങള്‍ ചെയ്ത മനുഷ്യന്‍ അത് പാഴാക്കാതിരിക്കാനാണ് അത്. അല്ലാഹു പറയുന്നു:’നിങ്ങളിലാര്‍ക്കെങ്കിലും ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള തോട്ടമുണ്ടെന്ന് കരുതുക. അതിന്റെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കുന്നു. അതില്‍ എല്ലായിനം കായ്കനികളുമുണ്ട്. അയാള്‍ക്കോ വാര്‍ധക്യം ബാധിച്ചിരിക്കുന്നു. അയാള്‍ക്ക് ദുര്‍ബലരായ കുറേ കുട്ടികളുമുണ്ട്. അപ്പോഴതാ തീക്കാറ്റേറ്റ് ആ തോട്ടം കരിഞ്ഞുപോകുന്നു. ഇങ്ങനെ സംഭവിക്കുന്നത് നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. നിങ്ങള്‍ ആലോചിച്ചറിയാന്‍'(അല്‍ബഖറ 266). നന്മ പ്രവര്‍ത്തിക്കുകയും പിന്നീട് പിന്തിരിഞ്ഞുകളയുകയും ചെയ്തവര്‍ക്ക് അല്ലാഹു നല്‍കിയ ഉപമയാണ് അത്. നന്മക്ക് പകരം തിന്‍മയെ നല്‍കിയവരാണ് അവര്‍. ഇബ്‌നു അബ്ബാസ്(റ) ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു:’അല്ലാഹുവിന് വിധേയപ്പെട്ട് ജീവിച്ച ഒരു ധനികന്റെ ഉപമയാണ് ഇത്. പിന്നീട് പിശാച് അവനെ വഴിതെറ്റിച്ചപ്പോള്‍ തിന്മ പ്രവര്‍ത്തിച്ച് തന്റെ മുന്‍കര്‍മങ്ങള്‍ പാഴാക്കുകയായിരുന്നു അവന്‍).

പുണ്യകരമായ ഹജ്ജിന് അടയാളങ്ങളുണ്ട്. അവയില്‍ ഏറ്റവും പ്രകടമായത് നൈരന്തര്യം തന്നെയാണ്. ഹജ്ജ് നിര്‍വഹിച്ചതിന് ശേഷവും നന്മകള്‍ പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം. മുന്‍കാലത്തേക്കാള്‍ കൂടുതല്‍ സുദൃഢമായ ബന്ധമായിരിക്കണം ഹജ്ജിന് ശേഷമുണ്ടായിരിക്കേണ്ടത്. ഹസന്‍ ബസ്വരിയോട് ഇപ്രകാരം പറയപ്പെട്ടു ‘പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമാണ് പ്രതിഫലം’. പരലോകവിജയം കാംക്ഷിച്ച് ഇഹലോകത്തെ പരിത്യജിച്ച് ജീവിക്കുകയാണ് അതിന്റെ തെളിവ്.
നാം ഹജ്ജ് പൂര്‍ത്തിയാക്കിയിരിക്കുന്നു. അതിന്റെ ലക്ഷ്യം വിശ്വാസിയെ സംസ്‌കരിക്കലാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. അല്ലാഹുവിന്റെ കല്‍പനയനുസരിക്കുകയും, നിരോധനങ്ങളില്‍ നിന്നകന്ന് പ്രവാചകചര്യമുറുകെ പിടിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് അവന്‍ മനസ്സിലാക്കിയിരിക്കുന്നു. ഏതെങ്കിലും മാസത്തിലോ, കര്‍മത്തിലോ, സീസണിലോ മാത്രം ബാധകമല്ല ഇവയെന്നും അവന് തികഞ്ഞ ബോധമുണ്ട്. തുടിക്കുന്ന ഹൃദയവും, സംവേദനക്ഷമതയുള്ള തൊലിയുമുള്ള കാലത്തോളം അവ നിറവേറ്റാന്‍ അവന്‍ ബാധ്യസ്ഥനാണ്.
കര്‍മത്തേക്കാള്‍ കൂടുതലായി അവയുടെ സ്വീകാര്യതക്കാണ് നാം മുന്‍ഗണന നല്‍കേണ്ടത്. കാരണം അല്ലാഹു ദൈവബോധമുള്ളവരില്‍ നിന്ന് മാത്രമാണ് കര്‍മങ്ങള്‍ സ്വീകരിക്കുക.
അതിനാലാണ് അറഫയില്‍ നിന്നും മുസ്ദലിഫയില്‍ നിന്നും മടങ്ങുന്ന സമയത്ത് പാപമോചനമര്‍ത്ഥിക്കാന്‍ അല്ലാഹു വിശ്വാസികളോട് കല്‍പിച്ചത്. മഹത്തായ കര്‍മം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ഈ കല്‍പനയെന്ന് നാം മനസ്സിലാക്കണം.’നിങ്ങള്‍ അറഫയില്‍ നിന്ന് മടങ്ങിക്കഴിഞ്ഞാല്‍ മശ്അറുല്‍ ഹറാമിനടുത്തുവച്ച് അല്ലാഹുവെ സ്മരിക്കുക. അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നപോലെ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. ഇതിനുമുമ്പ് നിങ്ങള്‍ വഴിപിഴച്ചവരായിരുന്നല്ലോ. പിന്നീട് ആളുകള്‍ മടങ്ങുന്നതെവിടെനിന്നോ അവിടെനിന്ന് നിങ്ങളും മടങ്ങുക. അല്ലാഹുവോട് പാപമോചനം തേടുക. നിശ്ചയമായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ’.(അല്‍ബഖറ 198-199).
അറഫയില്‍ ചെന്നുനിന്ന് കണ്ണീരൊലിപ്പിച്ച് പ്രാര്‍ത്ഥിച്ചും നഷ്ടപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ചും ഹജ്ജ് പൂര്‍ത്തീകരിക്കുകവഴി അല്ലാഹു നരകമോചനം നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. അതിനാല്‍  നാം ഇനി പാപങ്ങളുടെ ആസുരഭാവങ്ങളിലേക്ക് തിരികെ ചേക്കേറരുത്. അല്ലാഹു നമ്മുടെ പാശ്ചാത്താപം സ്വീകരിച്ചിരിക്കെ ഇനി നാം നരകത്തിലേക്ക് നടന്നടുക്കരുത്.
ഉദ്ദേശ്യം മനസ്സിലുറപ്പിക്കുകയും, ദൃഢനിശ്ചയത്തോടെ മുന്നോട്ടുവരികയും ഇടക്കിടെ ആത്മവിചാരണയിലേര്‍പെടുകയും ചെയ്യുക. നമ്മുടെ കര്‍മത്തിലും, ചര്യയിലും വാക്കുകളിലും ഹജ്ജിന്റെ അടയാളങ്ങള്‍ പ്രകടമാകുന്നുവെന്ന് ഉറപ്പുവരുത്തുക. അല്ലാഹുവുമായി ചേര്‍ന്ന് ജീവിതത്തില്‍ പുതിയൊരു ഏട് നമുക്ക് സൃഷ്ടിക്കാം.