Articles

ചില അറഫാ ചിന്തകള്‍

ഇതുപോലുള്ള ഒരു ദിവസം, അറഫയില്‍ വെച്ചുള്ള പ്രഭാഷണത്തിലാണ് തിരുമേനി(സ) ഉമ്മത്തിനോട് യാത്ര പറഞ്ഞത്. ഹൃദയസ്പര്‍ശിയായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു: ‘ഈ ദിവസത്തിന്റെ  പരിശുദ്ധിപോലെ, ഈ മാസത്തിന്റെ പരിശുദ്ധി പോലെ, ഈ രാഷ്ട്രത്തിന്റെ പരിശുദ്ധി പോലെ നിങ്ങളുടെ രക്തവും, സമ്പത്തും പരിശുദ്ധമാണ്. ജാഹിലിയ്യത്തിന്റെ എല്ലാ ഇടപാടുകളും എന്റെ ഇരുപാദങ്ങള്‍ക്കിടയില്‍ വെച്ചിരിക്കുന്നു. ജാഹിലിയ്യത്തിലെ രക്തംചിന്തല്‍ അവസാനിപ്പിച്ചിരിക്കുന്നു. നമ്മുടെ രക്തത്തില്‍ നിന്ന് ആദ്യമായി ഞാന്‍ ഇബ്‌നു റബീഇന്റെ -ഹുദൈല്‍ ഗോത്രമായിരുന്നു അദ്ദേഹത്തെ വധിച്ചത്-

രക്തം (പ്രതികാരം) ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. ജാഹിലിയ്യത്തിന്റെ പലിശയിടപാട് അവസാനിച്ചിരിക്കുന്നു. അബ്ദുല്‍ മുത്തലിബിന്റെ മകന്‍ അബ്ബാസിന്റെ പലിശ(അദ്ദേഹത്തിന് ലഭിക്കാനുള്ളവ) ഞാന്‍ ആദ്യമായി ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങള്‍ സ്ത്രീകളുടെ കാര്യത്തില്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹുവിനോടുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളവരെ സ്വീകരിച്ചിരിക്കുന്നത്. അവന്റെ പേരില്‍ ഉച്ചരിച്ച വചനത്തിലാണ് നിങ്ങളവരുടെ ഗുഹ്യസ്ഥാനം ഉടമപ്പെടുത്തിയത്. നിങ്ങള്‍ വെറുക്കുന്ന ആരെയും വിരിപ്പില്‍ സ്വീകരിക്കാതിരിക്കുകയെന്നതാണ് അവര്‍ക്ക് നിങ്ങളോടുള്ള ബാധ്യത. അവരപ്രകാരം ചെയ്താല്‍ മുറിവേല്‍പിക്കാത്ത വിധത്തില്‍ നിങ്ങള്‍ക്കവരെ അടിക്കാം. നാട്ടുനടപ്പ് പ്രകാരമുള്ള വസ്ത്രവും ഭക്ഷണവും അവര്‍ക്ക് നല്‍കണമെന്നത് നിങ്ങള്‍ക്ക് അവരോടുള്ള ബാധ്യതയാണ്. നിങ്ങളില്‍ ഞാന്‍ ഒരു മാര്‍ഗം ഉപേക്ഷിച്ചിരിക്കുന്നു. അത് മുറുകെപിടിക്കുന്ന കാലം നിങ്ങള്‍ വഴിതെറ്റുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമാണ് അത്. എന്നെക്കുറിച്ച് ചോദിക്കുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ മറുപടി? അവര്‍ പറഞ്ഞു ‘താങ്കള്‍ നാഥന്റെ സന്ദേശം എത്തിച്ചുവെന്നും, അത് പൂര്‍ത്തീകരിച്ചുവെന്നും, ഉമ്മത്തിനെ ഉപദേശിച്ചുവെന്നും ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നതാണ്. തന്റെ ചൂണ്ടുവിരല്‍ ആകാശത്തേക്ക് ഉയര്‍ത്തി, ശേഷം ജനങ്ങളിലേക്ക് ചൂണ്ടി തിരുമേനി(സ) പറഞ്ഞു ‘അല്ലാഹുവേ നീ സാക്ഷ്യം വഹിച്ചാലും, സാക്ഷ്യം വഹിച്ചാലും’.

രക്തത്തെയും സമ്പത്തിനെയും കുറിച്ച പ്രവാചക പരാമര്‍ശം അടിമകള്‍ തമ്മിലുള്ള പരസ്പര ബാധ്യതയെയാണ് കുറിക്കുന്നത്. അവയുടെ കാര്യത്തില്‍ അലംഭാവം പുലര്‍ത്തുന്നതും അക്രമം പ്രവര്‍ത്തിക്കുന്നതും സംബന്ധിച്ച് തിരുമേനി(സ) താക്കീതുചെയ്യുന്നു. അറബികളില്‍ പെട്ട ഒരാള്‍ ഉദ്ധരിക്കുന്നു. ഹുനൈന്‍ യുദ്ധ വേളയില്‍ ഞാന്‍ പ്രവാചകന്റെ അടുത്തേക്ക് തിക്കിത്തിരക്കിയെത്തി. എന്റെ കാലില്‍ കനമുള്ള ഒരു ചെരിപ്പാണുണ്ടായിരുന്നത്. ഞാന്‍ അശ്രദ്ധയാല്‍ പ്രവാചകപാദത്തില്‍ ചവിട്ടി. തന്റെ കയ്യിലുണ്ടായിരുന്ന ചാട്ടവാര്‍ കൊണ്ട് എന്നെ അടിച്ച് തിരുമേനി(സ) ഇപ്രകാരം പറഞ്ഞു:’അല്ലാഹുവാണ!നീയെന്നെ വേദനിപ്പിച്ചിരിക്കുന്നു’. അയാള്‍ പറയുന്നു. രാത്രിയില്‍ സ്വയംശപിച്ച് കഴിച്ചുകൂട്ടി ഞാന്‍. പ്രവാചകനെയാണല്ലോ ഞാന്‍ വേദനിപ്പിച്ചത്. നേരം വെളുത്തപ്പോള്‍ പ്രവാചകന്‍(സ) അനുയായികളോട് ആ ആളെക്കുറിച്ച് തിരക്കി. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പുറപ്പെട്ടു. എന്റെ മനസ്സില്‍ ആകെ ഭയമായിരുന്നു. പ്രവാചകന്‍(സ) പറഞ്ഞു ‘താങ്കള്‍ ഇന്നലെ എന്റെ കാലില്‍ ചവിട്ടി വേദനിപ്പിച്ചപ്പോള്‍ ഞാന്‍ താങ്കളെ കയ്യിലുണ്ടായിരുന്ന ചാട്ടവാര്‍ കൊണ്ട് അടിച്ചിരുന്നു. ഇതാ എണ്‍പത് കന്നുകാലികളുണ്ട്. ഇത് താങ്കള്‍ക്കുള്ളവയാണ്. ഒരു അടിക്ക് തിരുമേനി(സ) നല്‍കിയ പ്രായശ്ചിത്തം… എണ്‍പത് കാലികള്‍! പ്രഭാതം മുതല്‍ പ്രദോഷം വരെ ജനങ്ങളുടെ സ്വത്ത് അന്യായമായി ഭുജിക്കുന്നവരുടെ കാര്യം എത്ര കഷ്ടമാണ്?

ജാഹിലിയ്യാ സമ്പ്രദായങ്ങളെത്തൊട്ട് തിരുമേനി(സ) തുടര്‍ന്ന് ജനങ്ങളെ താക്കീതുചെയ്യുകയുണ്ടായി. കാരണം ജാഹിലിയ്യാ സമ്പ്രദായങ്ങളെ അല്ലാഹു വെറുക്കുന്നു. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുള്‍ ചെയ്തു ‘അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ട ജനങ്ങള്‍ മൂന്നുതരക്കാരാണ്. ദൈവനിഷേധിയായ മനുഷ്യന്‍, ജാഹിലിയ്യത്തിന്റെ സമ്പ്രദായങ്ങള്‍ ഇസ്‌ലാമില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവന്‍, അന്യായമായി ഒരാളുടെ രക്തം ചിന്താന്‍ ശ്രമിക്കുന്നവന്‍’.(ബുഖാരി).
മറ്റ് എല്ലാകാര്യങ്ങളിലുമെന്നപോലെ ഹജ്ജിലും  ഇസ്‌ലാമിന് വിരുദ്ധമായ ആചാരമായിരുന്നു ജാഹിലിയ്യത്തില്‍ ഉണ്ടായിരുന്നത്. ശിര്‍ക്കില്‍ അധിഷ്ഠിതമായ തല്‍ബിയത്തായിരുന്നു അവര്‍ ചൊല്ലിയിരുന്നത്. തിരുമേനി(സ) തൗഹീദിന്റെ അടിസ്ഥാനത്തിലുള്ള തല്‍ബിയത്ത് പകരം വെച്ചു. നഗ്നരായി ത്വവാഫ് ചെയ്തിരുന്ന അവരുടെ സമ്പ്രദായത്തെ മാറ്റി, ഇസ്‌ലാമിന്റെ പുതിയ സംസ്‌കാരം പഠിപ്പിച്ചു.

രക്തത്തിന് പകരം രക്തമെന്ന നിലക്ക് പ്രതിക്രിയ നടപ്പാക്കുന്നവരായിരുന്നു ജാഹിലിയ്യാഅറബികള്‍. ഈ സമ്പ്രദായത്തെ പ്രവാചകന്‍(സ) നിരാകരിക്കുകയും, ഇബ്‌നു റബീഅയുടെ രക്തം മുതല്‍ ഇനി പ്രതികാരം വേണ്ടതില്ലെന്ന് അദ്ദേഹം കല്‍പിക്കുകയും ചെയ്തു.
പലിശയിലധിഷ്ഠിതമായ സാമ്പത്തിക വ്യവഹാരത്തെയും തിരുമേനി(സ) നിരോധിച്ചു. അല്ലാഹു യുദ്ധം പ്രഖ്യാപിച്ച വിഭാഗമാണ് പലിശയിടപാടുകാര്‍ എന്നിരിക്കെ തിരുമേനി(സ) എങ്ങനെയാണ് അത് അനുവദിക്കുക.
കുടുംബബന്ധങ്ങളെ നന്നാക്കുന്നതിലേക്കാണ് തിരുമേനി(സ) പിന്നീട് ജനങ്ങളെ ക്ഷണിച്ചത്. സ്ത്രീകളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, അവരോടുള്ള ബാധ്യത കൃത്യമായി നിറവേറ്റണമെന്നും അദ്ദേഹം ഉപദേശിച്ചു. ദാമ്പത്യജീവിതം താളം തെറ്റിയാല്‍ ജീവിതത്തിന്റെ കപ്പല്‍ കരക്കണയുകയില്ലെന്നതിനാലാണ് പ്രസ്തുത നിര്‍ദേശങ്ങള്‍ തിരുമേനി(സ) നല്‍കിയത്.
ചുരുക്കത്തില്‍ തീര്‍ത്തും സാമൂഹികവും, വ്യക്തിപരവും കുടുംബപരവുമായ ബാധ്യതകളെ ഓര്‍മിപ്പിക്കുന്ന, സുന്ദരമായ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ അടിസ്ഥാനങ്ങളായി വര്‍ത്തിക്കുന്ന നിര്‍ദേശങ്ങളായിരുന്നു തിരുമേനി(സ)യുടെ അറഫാ പ്രഭാഷണം.

മഹ്‌റാന്‍ മാഹിര്‍ ഉഥ്മാന്‍ നൂരി