Articles

ഇവിടെ ഐക്യം പൂത്തുലയുന്നു

TOPSHOT - Mulism pilgrims perform prayers around the Kaaba, Islam's holiest shrine, at the Grand Mosque in Saudi Arabia's holy city of Mecca on August 7, 2019, prior to the start of the annual Hajj pilgrimage in the holy city. - Muslims from across the world gather in Mecca in Saudi Arabia for the annual six-day pilgrimage, one of the five pillars of Islam, an act all Muslims must perform at least once in their lifetime if they have the means to travel to Saudi Arabia. (Photo by Abdel Ghani BASHIR / AFP)

പരസ്പരം ഒത്തുചേരലും സമ്പത്തുചെലവഴിക്കലുമാണ് വിജയത്തിലേക്കും പ്രതാപത്തിലേക്കുമുള്ള വഴി. ഭിന്നിപ്പും ചിദ്രതയും ദൗര്‍ബല്യത്തിലേക്കും പരാജയത്തിലേക്കുമുള്ള വഴിയാണ്. ഐക്യവും യോജിപ്പും അനുവര്‍ത്തിക്കാതെ ചരിത്രത്തില്‍ ഒരു സമൂഹവും ഔന്നത്യം പ്രാപിക്കുകയോ, പ്രതാപികളാവുകയോ ചെയ്തിട്ടില്ല. ചരിത്രം ഇതിന് ഉത്തമ സാക്ഷിയാണ്. അതിനാലാണ് വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും ഐക്യം മുറുകെപിടിക്കാനും, ഛിദ്രതയില്‍ നിന്ന് അകന്നുനില്‍ക്കാനും അടിക്കടി താക്കീതുചെയ്യുന്നത്.’നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ പരസ്പരം തര്‍ക്കിക്കരുത്.

അപ്പോള്‍ നിങ്ങള്‍ പരാജയപ്പെടുകയും നിങ്ങളുടെ കാറ്റ് പോവുകയും ചെയ്യും. നിങ്ങള്‍ ക്ഷമപാലിക്കുവിന്‍. തീര്‍ച്ചയായും അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ്’. (അന്‍ഫാല്‍ 46). അബൂമസ്ഊദ്(റ) ഉദ്ധരിക്കുന്നു:’നമസ്‌കാരത്തിന് നില്‍ക്കുന്ന ഞങ്ങളുടെ മുതുകില്‍ തലോടിയശേഷം തിരുമേനി(സ) ഇപ്രകാരം പറയാറുണ്ടായിരുന്നു. നിങ്ങള്‍ നേരെ നില്‍ക്കുക, ഭിന്നിച്ചുപോവരുത്, അപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങള്‍ ശിഥിലമായിപോകും’. (മുസ്‌ലിം)
മഹത്തരമായ നിമിഷങ്ങളാണ് ഹജ്ജിലേത്. മുസ്‌ലിം ഉമ്മത്തിന്റെ ഐക്യം ഏറ്റവും മനോഹരമായ വിധത്തില്‍ പൂത്തുലയുന്നത് ഹജ്ജിലാണ്. വിവേചനത്തിന്റെ സകല മാനദണ്ഡങ്ങളെയും മായ്ചുകളഞ്ഞ്, പരസ്പരമുള്ള വിടവുകള്‍ നികത്തി, മതിലുകള്‍ തകര്‍ത്ത് മുസ്‌ലിംകള്‍ മക്കാമരുഭൂവില്‍ ഒത്തുചേരുന്ന, സുവര്‍ണ നിമിഷങ്ങളാണ് അവ. മനസ്സ് സന്തോഷിക്കുന്ന, ഹൃദയത്തില്‍ കുളിരുനിറയുന്ന, ആത്മാവ് പ്രകാശിതമാവുന്ന നിര്‍ണായക നിമിഷങ്ങള്‍.

ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഈ പരിശുദ്ധ ഭവനത്തിന് ചുറ്റും ഒരുമിച്ചുചേരുന്നു. ദിനേന അഞ്ചുനേരം അവര്‍ അവിടേക്ക് മുഖം തിരിച്ചായിരുന്നു നമസ്‌കരിച്ചിരുന്നത്. വിദൂരനാടുകളില്‍ നിന്ന് ഹൃദയവും മുഖവും കൊണ്ട് ലക്ഷ്യമാക്കിയിരുന്ന കഅ്ബാലയത്തിന് ചുറ്റും വിശ്വാസികള്‍ ഇപ്പോള്‍ പരസ്പരം കണ്ടും, ആലിംഗനം ചെയ്തും, സ്‌നേഹിച്ചും അല്ലാഹുവിന് മുന്നില്‍ ഒരുമിക്കുന്നു. തങ്ങളുടെ ശരീരത്തെ അലങ്കരിച്ചിരുന്ന വിവിധ നിറങ്ങളിലും, ഡിസൈനുകളിലുമുള്ള വസ്ത്രങ്ങള്‍ക്ക് പകരം അവര്‍ രണ്ട് തൂവെള്ളത്തുണികള്‍ ശരീരത്തില്‍ പുതച്ചിരിക്കുന്നു. വസ്ത്രങ്ങളുടെ വെളുപ്പും ഹൃദയങ്ങളുടെ ധവളവിശുദ്ധിയും അവിടെ ഒന്നിക്കുന്നു. അകവും പുറവും വിശുദ്ധരായ ജനസഞ്ചയം അവിടെ ഒരുമിച്ചൊഴുകുന്നു.
ആനന്ദകരമായ മുഹൂര്‍ത്തമാണത്. മിനായില്‍ നിന്നും അവര്‍ ഒന്നിച്ചുനടന്ന് നീങ്ങുന്നു. അറഫയില്‍ അവര്‍ സമ്മേളിക്കുന്നു. സ്ഥലവും കാലവും വസ്ത്രവും ലക്ഷ്യവും ഒരുമിപ്പിച്ച ജനതയാണ് അവര്‍.
ഹജ്ജിന് പ്രത്യേകമായ കാലവും സ്ഥലവുമുണ്ട്. മറ്റ് സന്ദര്‍ഭങ്ങളില്‍, മറ്റ് ഇടങ്ങളില്‍ വെച്ച് അത് നിര്‍വഹിക്കാവതല്ല. ‘പ്രസിദ്ധമായ മാസങ്ങളിലാണ് ഹജ്ജ്. ആ മാസങ്ങളില്‍ ഹജ്ജ് നിര്‍ബന്ധമായവന്‍ ഹജ്ജില്‍ ഭാര്യാസംസര്‍ഗത്തിലോ, അധര്‍മപ്രവര്‍ത്തനത്തിലോ, തര്‍ക്കത്തിലോ ഏര്‍പെടാവതല്ല’. (അല്‍ബഖറ 197). ഐക്യത്തെ അടയാളപ്പെടുത്തുന്ന ഹജ്ജിന്റെ സവിശേഷതകളിലൊന്നാണ് ഇത്.

ഒരേ കര്‍മങ്ങളാണ് ഹജ്ജിനെത്തിയ എല്ലാ വിശ്വാസികളും നിര്‍വഹിക്കുന്നത്. ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, അറഫയിലെ നില്‍പ്, മിനായില്‍ രാപ്പാര്‍ക്കല്‍, ജംറയില്‍ കല്ലെറിയല്‍ തുടങ്ങിയവ വിശ്വാസികള്‍ എല്ലാവരും നിര്‍വഹിക്കുന്നു. വിശ്വാസികള്‍ക്കിടയിലെ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ് കര്‍മങ്ങളിലെ ഈ ഏകത്വം.
ഒരൊറ്റ ലക്ഷ്യവും പ്രതീക്ഷയും മനസ്സില്‍ നിറച്ചാണ് മലമ്പാതകള്‍ താണ്ടി, ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിശ്വാസികള്‍ ഹറമിലെത്തുന്നത്. അല്ലാഹുവില്‍ സ്വയം സമര്‍പിച്ച്, അവന്റെ തൃപ്തിയും ഔദാര്യവും ആഗ്രഹിച്ച്, പാപമോചനം അര്‍ത്ഥിച്ച് അവര്‍ അവിടെ സന്നിഹിതരായിരിക്കുന്നു.
ഒരു ഖിബ്‌ലയും ഒരു നാഥനും ഒരു വസ്ത്രവുമാണ് എല്ലാവര്‍ക്കുമുള്ളത്. ഹജ്ജില്‍ മാത്രമാണ് വസ്ത്രങ്ങള്‍ പോലും യോജിക്കുന്നത്. ഐക്യബോധം ഹൃദയത്തില്‍ തളിരിടാന്‍ പര്യാപ്തമായ പ്രകടനങ്ങളാണ് അവ. വിശ്വാസികള്‍ പരസ്പരം പരിചയപ്പെടുകയും, വേദനകളും നൊമ്പരങ്ങളും പങ്കുവെക്കുകയും, ജീവിതമാര്‍ഗത്തില്‍ പരസ്പരം സഹായിക്കുകയും ചെയ്യുന്നു.
ഏതാനും ദിനരാത്രങ്ങളില്‍, ഝടുതിയില്‍കടന്നുപോകുന്ന നിമിഷങ്ങളാണ് ഇവ. വിശ്വാസികള്‍ ഒരുമിക്കുന്ന, അവര്‍ക്കിടയില്‍ ഐക്യം ഇഴതീര്‍ക്കുന്ന, ലോകത്തിന് മുന്നില്‍ ഏകസമൂഹത്തിന്റെ പ്രതിരോധകോട്ടതീര്‍ക്കുന്ന, തങ്ങളുടെ കൈവെള്ളയില്‍ ലോകനേതൃത്വം സമ്മാനിക്കുന്ന മഹത്തായ കര്‍മമാണ് ഹജ്ജ്. അല്ലാഹു തന്നെ പറയട്ടെ:’നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയതുപോലെ തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ടുകൊടുത്ത അവരുടെ ദീനിന് അവന്‍ ആധിപത്യം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം നിര്‍ഭയത്വം പകരം വെക്കുകയും ചെയ്യുന്നതാണെന്ന്. അവര്‍ എന്നെ ആരാധിക്കുകയും എന്നോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍’. (ഹജ്ജ് 55).