Articles

അല്ലാഹു സ്വീകരിച്ച ഇബ്‌റാഹീമിന്റെ പ്രാര്‍ത്ഥന

അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ് പരിശുദ്ധ കഅ്ബാലയം. നാം അത് നേരില്‍ കാണുകയോ, അതിന് സാധിക്കാത്തവര്‍ മാധ്യമങ്ങളിലൂടെ ദര്‍ശിക്കുകയോ ചെയ്യുന്നു. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വിശ്വാസികള്‍ ആ മന്ദിരത്തെ ലക്ഷ്യമാക്കി യാത്ര തുടങ്ങുന്നു. കുടുംബത്തെ പിരിയുന്ന വേദനയോ, സമ്പത്ത് ചെലവഴിക്കുന്നതിന്റെ അസ്വസ്ഥതയോ ഇല്ല അവരുടെ മുഖങ്ങളില്‍. സന്തോഷവാന്മാരായി, മുഖപ്രസന്നതയോടെ അവര്‍ വീട്ടില്‍ നിന്നുമിറങ്ങുന്നു. അവരുടെ വേര്‍പാടില്‍ ആരും ദുഖിക്കുന്നില്ല. എന്നല്ല അവരെ അഭിനന്ദിക്കുകയും, അവരുടെ  പാത പിന്തുടരാന്‍ ആശിക്കുകയും ചെയ്യുന്നു മറ്റുള്ളവര്‍.

എന്താണ് ഇതിന്റെ രഹസ്യം. നാം ഒരുപാട് ആലോചിച്ചിട്ടുള്ള ഒരു പദമാണ് അതിന്റെ രഹസ്യം. ഇമാം അലി(റ)യോട് ഒരാള്‍ ചോദിച്ചുവത്രെ. ആകാശത്തിനും ഭൂമിക്കുമിടയിലെ അകലം എത്രയാണ്? അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു ‘ഉത്തരം ലഭിച്ച ഒരു പ്രാര്‍ത്ഥനയുടെ ദൂരം’. ആകാശത്തിനും ഭൂമിക്കുമിടയില്‍ കിലോമീറ്ററുകളുടെയോ, മൈലുകളുടെയോ അകലമല്ല ഉള്ളത്. അതിനേക്കാള്‍ അടുത്താണ് അവ രണ്ടും. വിശ്വാസിയുടെ ഹൃദയത്തില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന പ്രാര്‍ത്ഥനയും അതിന് ഉടയതമ്പുരാന്‍ നല്‍കുന്ന ഉത്തരവുമാണ് അത്. വിശ്വാസി തന്റെ അധരങ്ങള്‍ അനക്കുന്ന മാത്രയില്‍ അല്ലാഹു അവന് ഉത്തരം നല്‍കുന്നു. ‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം. തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ച്‌കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി’. (അല്‍അന്‍ഫാല്‍ 9)
കേവലം ഒരു സഹായത്തിന് അല്ലാഹു പൊടുന്നനെ തന്നെ ഉത്തരം നല്‍കുന്നു. അവ മാറ്റിവെക്കുകയോ, പിന്തിക്കുകയോ ചെയ്യുന്നില്ല. കാരണം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് അത്. വിശിഷ്യാ ആ പ്രാര്‍ത്ഥന ദീനീപരമായ വല്ല കാര്യത്തിലുമാണെങ്കില്‍, അതല്ലെങ്കില്‍ ദീന്‍ പിന്‍പറ്റിയത് കാരണം വിശ്വാസികള്‍ അനുഭവിക്കുന്ന പീഡനവും പ്രയാസവും നീക്കുന്നതിന് വേണ്ടിയാണെങ്കില്‍. ഇബ്‌റാഹീം(അ)ന്റെ ജീവിതം ദുസ്സഹമാകുകയും, കുടുംബത്തെ കൂട്ടി അദ്ദേഹം ഹിജ്‌റ നടത്തുകയും, അവരെ വിജനമായ മരുഭൂമിയില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത സന്ദര്‍ഭത്തിലെ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ഇതിന് ഉദാഹരണമാണ്. ഇബ്‌റാഹീം (അ) നടത്തിയ പ്രാര്‍ത്ഥന വിശുദ്ധ ഖുര്‍ആന്‍ സൂറ ഇബ്‌റാഹീമില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. തന്റെ കുടുംബം നമസ്‌കാരം നിലനിര്‍ത്തുന്നതിനും, അല്ലാഹുവിന്റെ അടയാങ്ങളെ മാനിക്കുന്നതിനും വേണ്ടിയാണ് നിഷേധികളെ വിട്ട് മക്കാമരുഭൂമിയില്‍ വന്ന് നില്‍ക്കുന്നതെന്ന് അദ്ദേഹം പ്രാര്‍ത്ഥനക്കിടെ പരാമര്‍ശിക്കുന്നുണ്ട്. ഇബ്‌റാഹീം(അ)ന്റെ എല്ലാ പ്രാര്‍ത്ഥനകളും അല്ലാഹു സ്വീകരിക്കുകയുണ്ടായി.

ജനങ്ങളുടെ ഹൃദയം, അവരുടെ ആഗ്രഹം, അവരുടെ പ്രണയം എല്ലാം കഅ്ബാ മന്ദിരത്തിനോടായിത്തീര്‍ന്നു. ഭൗതിക മോഹങ്ങളല്ല അവരുടെ ആഗ്രഹങ്ങള്‍ക്ക് പിന്നില്‍. ദരിദ്രനായ വ്യക്തിപോലും നാണയത്തുട്ടുകള്‍ ശേഖരിച്ച് വെച്ച് തന്റെ തീര്‍ത്ഥാടന സ്വപ്‌നം പൂര്‍ത്തീകരിക്കുന്നു. എന്തൊരു സന്തോഷമാണ് അയാളുടെ മുഖത്ത് പ്രകടമാകുന്നത്! കാശില്ലാതെ കഷ്ടപ്പെടുമ്പോള്‍, ഉള്ള കാശ് ഒരുമിച്ച് കൂട്ടി തീര്‍ത്ഥാടനത്തിനായി ചെലവഴിക്കുമ്പോള്‍ എങ്ങനെയാണ് സന്തോഷമുണ്ടാവുക? നാടും വീടും വേദനയോട് കൂടിയല്ലാതെ ആരാണ് ഉപേക്ഷിക്കുക? പക്ഷെ അവരുടെ മുഖത്ത് സന്തോഷവും ആനന്ദവും തന്നെയാണ് ഉള്ളത്. കാരണം ഇബ്‌റാഹീമിന്റെ പ്രാര്‍ത്ഥനക്കുള്ള ഉത്തരമാണ് അത്. അല്ലാഹുവിന്റെ സൃഷ്ടികള്‍ക്കുള്ള ഖിബ്‌ലയാക്കി അല്ലാഹു ആ മന്ദിരത്തെ മാറ്റിയിരിക്കുന്നു. ആ ഭവനം സന്ദര്‍ശിക്കാത്തവര്‍ അങ്ങോട്ട് തിരിഞ്ഞ് നമസ്‌കരിച്ച് അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
പച്ചതൊടാത്ത മരുഭൂമിയില്‍ ഫലം നല്‍കി അനുഗ്രഹിക്കണമെന്നതായിരുന്നു ഇബ്‌റാഹീമിന്റെ രണ്ടാമത്തെ ആവശ്യം. പുഴയോ മഴയോ, മരങ്ങളോ വനങ്ങളോ ഇല്ലാത്ത നാട്ടില്‍ ലോകത്തിന്റെ ഏത് ഭാഗത്തും വിളയുന്ന ഫലങ്ങള്‍ ഇന്ന് ലഭ്യമാണ്. കാരണം ലോകത്തിനാവശ്യമായ പ്രകൃതിവാതക വിഭവങ്ങള്‍ നല്‍കി അല്ലാഹു ആ മണലാരുണ്യത്തെ അനുഗ്രഹിച്ചിരിക്കുന്നു. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങളില്‍ ഏറ്റവും മുന്തിയത് ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ന് അറേബ്യയില്‍ ലഭിക്കുന്നു.
അല്ലാഹുവിന്റെ കല്‍പനകള്‍ പാലിച്ച് നാം അല്ലാഹുവിനോട് ചോദിക്കുന്നതിനെ അല്ലാഹു നിരാകരിക്കുകയില്ല. ഇബ്‌റാഹീം(അ)ന് അല്ലാഹു ഉത്തരം നല്‍കിയത് പോലെ എല്ലാ വിശ്വാസികള്‍ക്കും നല്‍കുന്നതാണ്. ‘അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുന്നതാണ്. അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്.’ (അത്ത്വലാഖ് 2-3)
പ്രാര്‍ത്ഥനക്ക് എപ്പോഴാണ് ഉത്തരം നല്‍കപ്പെടുകയെന്ന് തിരുമേനി(സ) വ്യക്തമാക്കിയിട്ടുണ്ട്. സഅ്ദ് ബിന്‍ അബീവഖ്വാസ് തിരുമേനി(സ)യോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ, എന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കണമെന്ന് താങ്കള്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക. തിരുദൂതര്‍(സ) അരുളി: ‘സഅ്ദ്, ഭക്ഷണം നന്നാക്കുക, എങ്കില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.’ വഞ്ചനയോ, മോഷണമോ ഇല്ലാതെ അനുവദനീയമായ മാര്‍ഗത്തില്‍ സമ്പാദിക്കുന്ന ഭക്ഷണമാണ് വിശ്വാസി കഴിക്കേണ്ടത്. എങ്കിലേ അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കുകയുള്ളൂ.
ആകാശത്തേക്ക് കൈ ഉയര്‍ത്തി കണ്ണീരൊലിപ്പിച്ച് പ്രാര്‍ത്ഥിക്കുന്ന     ഒരു മനുഷ്യനെക്കുറിച്ച് തിരുദൂതര്‍(സ) പറഞ്ഞു: ആ മനുഷ്യന്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി നാഥാ, നാഥാ എന്ന് വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. നിഷിദ്ധമായ ഭക്ഷണമാണ് അയാള്‍ കഴിച്ചിട്ടുള്ളത്. നിഷിദ്ധ പാനീയമാണ് അയാള്‍ കുടിച്ചിട്ടുള്ളത്. നിഷിദ്ധ വസ്ത്രമാണ് അയാള്‍ ധരിച്ചിട്ടുള്ളത്. നിഷിദ്ധത്തിലാണ് അയാള്‍ ഊട്ടപ്പെട്ടിട്ടുള്ളത്. പിന്നെ എങ്ങനെയാണ് അയാളുടെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുക?’
അല്ലാഹു ഉത്തരം നല്‍കുമെന്ന പ്രതീക്ഷയോടെ, അവന്‍ കല്‍പിച്ച മുറപ്രകാരം അവനോട് ചോദിക്കുകയാണ് നാം ചെയ്യേണ്ടത്. ഇബ്‌റാഹീമിന്റെ പ്രാര്‍ത്ഥനകള്‍ അല്ലാഹു ഉദ്ധരിക്കുന്നത് ഇക്കാര്യം മുസ്ലിം ഉമ്മത്തിന് പഠിപ്പിക്കുന്നതിന് വേണ്ടിയാണ്.

ഫൗസി മുഹമ്മദ് അബൂസൈദ്