പാപങ്ങള്‍ പൊറുക്കപ്പെടുന്ന, വീഴ്ചകള്‍ പരിഹകരിക്കപ്പെടുന്ന, ധാരാളമായി പ്രതിഫലം നല്‍കപ്പെടുന്ന ജീവിതത്തിലെ മുഹൂര്‍ത്തങ്ങളെ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പരിമിതമായ വര്‍ഷങ്ങളുടെ ആയുസ്സും, എണ്ണപ്പെട്ട ദിനങ്ങളുമാണ് നമുക്കുള്ളത്.
നാമെത്ര സന്തോഷവാന്മാരാണ് ഇന്ന്. വളരെയധികം ആഹ്ലാദത്തോടും, ആനന്ദത്തോടും കൂടിയാണ് ഇന്ന് നാമിവിടെ കൂടിയിരിക്കുന്നത്. ‘അറഫാദിനവും, ബലിദിനവും, മിനാദിനവും നമ്മുടെ പെരുന്നാളാണ്’ എന്ന് തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു.
അല്ലാഹു പറയുന്നു: ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക’ (അത്തൗബ 35).
ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ഇമാം ഇബ്‌നു കഥീര്‍ പറയുന്നു: ‘തുടര്‍ച്ചയായ മൂന്ന് മാസങ്ങളും ശേഷം ഒറ്റപ്പെട്ട ഒരു മാസവും അടക്കം നാല് മാസങ്ങളായിരുന്നു യുദ്ധം നിഷിദ്ധമാക്കപ്പെട്ടവ. ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിന് വേണ്ടിയായിരുന്നു അത്. ഹജ്ജിന്റെ മാസത്തിന് മുമ്പുള്ള മാസം അഥവാ ദുല്‍ഖഅ്ദയില്‍ അല്ലാഹു യുദ്ധം നിഷിദ്ധമാക്കി. ഹജ്ജിന്റെ കര്‍മങ്ങളില്‍ മുഴുകുന്ന, അവ നിര്‍വഹിക്കുന്ന ദുല്‍ഹിജ്ജയിലും യുദ്ധം വിലക്കി. ഹജ്ജ് നിര്‍വഹിച്ച് ലോകത്തിന്റെ നാനാഭാഗത്തുള്ള നാടുകളില്‍ നിര്‍ഭയരായി എത്തിച്ചേരുന്നതിനായി ഹജ്ജിന് ശേഷമുള്ള മുഹര്‍റമിലും അല്ലാഹു യുദ്ധം നിഷിദ്ധമാക്കി. വര്‍ഷത്തിന്റെ പകുതിയില്‍ റജബിലാണ് ശേഷം യുദ്ധം വിലക്കപ്പെട്ടത്. അല്ലാഹുവിന്റെ ഭവനം സന്ദര്‍ശിക്കാനും, അവിടെ ചെന്ന് ഉംറ നിര്‍വഹിക്കാനും ശേഷം സ്വന്തം നാടുകളിലേക്ക് നിര്‍ഭയത്വത്തോടെ മടങ്ങിപ്പോകാനുമാണ് അത്. ‘നിങ്ങള്‍ ആ മാസങ്ങളില്‍ നിങ്ങളോട് അക്രമം പ്രവര്‍ത്തിക്കരുത്’ എന്ന വചനം വിശദീകരിച്ച് കൊണ്ട് അദ്ദേഹം പറയുന്നു: ‘ആ മാസങ്ങളുടെ വിശുദ്ധി ലംഘിക്കുന്നത് കഠിനകരമായ കുറ്റമാണ്. വിശുദ്ധ ദേശത്ത് വെച്ച് അതിക്രമം പ്രവര്‍ത്തിക്കുന്നതും, വിശുദ്ധ മാസങ്ങളില്‍ നിര്‍വഹിക്കുന്നതും ഗുരുതമായ പാപമാണ്.
ഈ ആയത്തിനെ വിശദീകരിച്ച് ഇബ്‌നു അബ്ബാസ്(റ) പറയുന്നു ‘പന്ത്രണ്ട് മാസങ്ങളിലും അതിക്രമം പാടില്ല എന്നത് തന്നെയാണ് ശരി. അവയില്‍ നാല് മാസങ്ങള്‍ പ്രത്യേകമാക്കിയിരിക്കുന്നുവെന്ന് മാത്രം. അവയില്‍ തിന്മ പ്രവര്‍ത്തിക്കുന്നത് ഗുരുതമായ കുറ്റമാകുന്നു. അവയിലെ സല്‍ക്കര്‍മങ്ങള്‍ക്ക് മഹത്തായ പ്രതിഫലവുമുണ്ട്.
വിശിഷ്ട മാസങ്ങളില്‍ രക്തം ചിന്തല്‍ നിഷിദ്ധമാക്കിയ അല്ലാഹു തന്റെ അടിമകളോട് എത്ര വലിയ കാരുണ്യമാണ് കാണിച്ചിരിക്കുന്നത്. എന്നിട്ടും ലോകത്തിന്റെ നാനാഭാഗങ്ങളിലും അല്ലാഹുവിന്റെ അടിമകള്‍ അക്രമിക്കപ്പെട്ട് കൊണ്ടേയിരിക്കുന്നു. അല്ലാഹുവില്‍ വിശ്വസിച്ചുവെന്നത് മാത്രമാണ് അവര്‍ ചെയ്ത തെറ്റുകള്‍. അതിന്റെ പേരില്‍ അവരുടെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയും, വീടുകള്‍ തകര്‍ക്കപ്പെടുകയും അഭിമാനം പിച്ചിച്ചീന്തപ്പെടുകയും അവരുടെ കുഞ്ഞുങ്ങള്‍ അനാഥരാക്കെപ്പടുകയുമുണ്ടായി. തങ്ങളുടെ വിശപ്പ് മാറ്റാന്‍ വേണ്ട ഉരുളകളോ, നാണം മറക്കാനാവശ്യമായ തുണിക്കീറുകളോ, ഉഷ്ണമകറ്റാന്‍ വേണ്ട ഓലപ്പുരയോ അവര്‍ക്ക് ലഭിച്ചില്ല.
നാം അല്ലാഹു മഹത്തരമാക്കിയ ഈ മാസങ്ങളില്‍ അവനെ പ്രകീര്‍ത്തിക്കേണ്ടതുണ്ട്. അക്രമത്തില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടതുണ്ട്. തിന്മകള്‍ പ്രവര്‍ത്തിക്കുകയോ, വെറുക്കപ്പെട്ടത് സമ്പാദിക്കുകയോ അരുത്. അല്ലാഹു നിര്‍ബന്ധമാക്കിയ ആരാധനകള്‍ ഉപേക്ഷിക്കരുത്. അല്ലാഹുവിന്റെ ചില ഇടപെടലുകളുണ്ട്. അക്രമികളെ നശിപ്പിക്കാന്‍ അവ മതി. അതിനാല്‍ നാം ആ ഇടപെടലുകളെ സൂക്ഷിക്കുക. ജനങ്ങളോട് അക്രമം പ്രവര്‍ത്തിക്കുകയോ, അവരുടെ സമ്പത്ത് അന്യായമായി ഭുജിക്കുകയോ, അവരെ വാക്ക് കൊണ്ടോ, പ്രവര്‍ത്തി കൊണ്ടോ ഉപദ്രവിക്കുകയോ ചെയ്യുന്നവരെയാണ് അല്ലാഹു നശിപ്പിക്കുക. വിശ്വാസിക്ക് അല്ലാഹുവിന്റെ അടുത്ത് മഹത്തരമായ സ്ഥാനമാണ് ഉള്ളത്. മര്‍ദിതന്റെ പ്രാര്‍ത്ഥനക്കും അവനുമിടയില്‍ യാതൊരു മറയുമില്ല.
അറഫാ ദിനത്തിന്റെ മഹത്വം നാം മനസ്സിലാക്കേണ്ടതുണ്ട്. ഉമര്‍ ബിന്‍ ഖത്താബ്(റ)ല്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. യഹൂദികളില്‍പെട്ട ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞുവത്രെ ‘അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ വേദത്തിലെ ഒരു വചനം അത് ഞങ്ങള്‍ യഹൂദികള്‍ക്കാണ് അവതരിച്ചിരുന്നത് എങ്കില്‍ ആ ദിവസത്തെ ഞങ്ങള്‍ പെരുന്നാളായി സ്വീകരിക്കുമായിരുന്നു. ഏത് വചനമാണ് അതെന്ന് ഉമര്‍(റ) അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു’ (മാഇദ 3). ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു: (ആ ആയത്ത് ഇറങ്ങിയ ദിവസവും, സ്ഥലവും എനിക്ക് നന്നായറിയാം. അറഫാ ദിനത്തില്‍ പ്രവാചകന്‍(സ)ക്ക് മേലാണ് ഈ വചനം അവതരിച്ചത്’
ഈ ദീനിന്റെ പൂര്‍ണത പ്രഖ്യാപിച്ച മഹത്തായ വചനം അവതരിച്ചത് ഇതു പോലുള്ള ഒരു അറഫാ ദിനത്തിലായിരുന്നു. ഈ ദീനല്ലാത്ത മറ്റൊരു ദര്‍ശനവും അല്ലാഹു സ്വീകരിക്കുകയില്ല. ഇതിലേക്ക് മടങ്ങാത്തവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് മാത്രമല്ല, നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുകയുമില്ല.
അറഫാ ദിനം മുസ്ലിംകളുടെ അഭിമാനദിനമാണ്. ലോകത്തിന്റെ ഏത് ഭാഗത്തും ഏത് പ്രദേശത്തും ഏത് നിമിഷത്തിലും ഇത്രയധികം മുസ്ലിംകള്‍ ഇത്രയധികം വിധേയത്വത്തോടെ ഒരുമിച്ച് കൂടുകയില്ല. അല്ലാഹുവിന്റെ അപാരമായ കഴിവിനെക്കുറിക്കുന്ന മഹത്തായ ദൃഷ്ടാന്തമാണ് അത്. വിവിധ വര്‍ണത്തിലും, വര്‍ഗത്തിലും, ഗോത്രത്തിലും പെട്ട മുസ്ലിംകള്‍ ഒരേ പ്രാര്‍ത്ഥനയുമായി, ഒരൊറ്റ വസ്ത്രത്തില്‍ അല്ലാഹുവിന്റെ മുന്നില്‍ വന്ന് നില്‍ക്കുന്ന മുഹൂര്‍ത്തമാണ് അത്.
അറഫാദിനം നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന ദിനമാണ്. അല്ലാഹു തന്റെ മാലാഖമാര്‍ക്ക് മുന്നില്‍ അഭിമാനം കൊള്ളുന്ന സന്ദര്‍ഭമാണത്. നബിതിരുമേനി(സ) അരുള്‍ ചെയ്യുന്നു: അല്ലാഹു തന്റെ അടിമകളില്‍ ഏറ്റവും കൂടുതല്‍ പേരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നത് അറഫാദിനത്തിലാണ്. അല്ലാഹു ആകാശത്തിലേക്ക് അടുത്ത് വന്ന് മാലാഖമാരോട് ഇപ്രകാരം പറയും ഇവര്‍ എന്താണ് ഉദ്ദേശിക്കുന്നത്?) അല്ലാഹു അവന്റെ മുന്നില്‍ വന്ന് നില്‍ക്കുന്നവര്‍ക്കും അവനോട് പശ്ചാത്തപിക്കുന്നവര്‍ക്കും അന്ന് പൊറുത്ത് കൊടുക്കുന്നതാണ്.
ഭക്തിയുടെയും ഭയത്തിന്റെയും ദിനമാണ് അറഫ. വിശ്വാസികള്‍ അല്ലാഹുവിന്റെ മുന്നില്‍ വിധേയത്വത്തോടെ വന്ന് നില്‍ക്കുന്ന ദിനം. അല്ലാഹുവിനോടുള്ള കൂറ് പ്രഖ്യാപിച്ച്, അവനില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് വന്ന് ചേര്‍ന്നവരാണ് അവര്‍.
ലോകത്തിന്റെ പലഭാഗങ്ങൡ നിന്നായി അന്ന് നോമ്പെടുക്കുന്നവര്‍ക്ക് അല്ലാഹു കഴിഞ്ഞ് പോയ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ പൊറുത്ത് നല്‍കുന്നു.
പൂര്‍വസൂരികള്‍ക്ക് അറഫാദിനത്തില്‍ മനോഹരമായ ചരിതങ്ങളുണ്ട്. സല്‍ക്കര്‍മിയായ ഒരു മനുഷ്യന്‍ അറഫയില്‍ വന്നപ്പോള്‍ താന്‍ ചെയ്ത തിന്മകളിലുള്ള ലജ്ജ അദ്ദേഹത്തെ പ്രാര്‍ത്ഥനകളില്‍ നിന്ന് തടഞ്ഞു. താങ്കളെന്താണ് പ്രാര്‍ത്ഥിക്കാത്തതെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ നാണം കൊണ്ടാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘ഇത് പാപമോചനത്തിന്റെ ദിനമാണ്. താങ്കള്‍ക്ക് ചോദിക്കാവുന്നതാണ്’ എന്ന് അദ്ദേഹത്തോട് പറയപ്പെട്ടു. അദ്ദേഹം പ്രാര്‍ത്ഥിക്കാനായി കയ്യുയര്‍ത്തുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു.
മിത്വ്‌റഫ് ബിന്‍ അബ്ദില്ലയും ബക്‌റുല്‍ മുസ്‌നിയും അറഫയില്‍ വന്ന് നിന്നു. അവരിലൊരാള്‍ പ്രാര്‍ത്ഥിച്ചു ‘അല്ലാഹുവെ, എന്റെ കാരണത്താല്‍ (സമ്പാദിച്ച തിന്മകള്‍) ഇവിടെ കൂടിയവരുടെ പ്രാര്‍ത്ഥന നീ തള്ളരുതേ. മറ്റേയാള്‍ പ്രാര്‍ത്ഥിച്ചത് ഇപ്രകാരമായിരുന്നു ‘ഞാന്‍ ഇവിടെ ഇല്ലായിരുന്നുവെങ്കില്‍ എത്ര മഹത്തരമായ സ്ഥാനവും, പ്രതീക്ഷാനിര്‍ഭരമായ നിമിഷവും ആകുമായിരുന്നു ഇത്.’
അറഫാദിനത്തില്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന, അവന്റെ മുന്നില്‍ കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ കണ്ട ഫുദൈല്‍ ബിന്‍ ഇയാദ് ഇപ്രകാരം പറഞ്ഞു: ഈ ആളുകള്‍ ഒരാളുടെ അടുത്ത് ചെന്ന് പത്ത് പൈസ ചോദിച്ചാല്‍ അയാള്‍ കൊടുക്കാതിരിക്കുമോ? മുന്നിലുള്ളവര്‍ ‘അതെ’ കൊടുക്കുക തന്നെ ചെയ്യും എന്ന് മറുപടി പറഞ്ഞു. അല്ലാഹുവിന് തന്റെ അടിമകള്‍ക്ക് പൊറുത്ത് കൊടുക്കുകയെന്നത് ഇതിനേക്കാള്‍ നിസ്സാരമാണ്.
അറഫാ രാവില്‍ സുഫ്‌യാന്‍ ഥൗരിയുടെ അടുത്ത് ചെന്ന ഇബ്‌നു മുബാറക് ഞെട്ടിത്തരിച്ച് പോയി. സുജൂദില്‍ കിടന്ന് പൊട്ടിക്കരയുന്ന സുഫ്‌യാന്‍ ഥൗരിയെയാണ് അദ്ദേഹം കണ്ടത്. അദ്ദേഹം സുഫ്‌യാനോട് ചോദിച്ചു ‘ഇതിനേക്കാള്‍ ദുഖകരമായ അവസ്ഥ ആര്‍ക്കാണുള്ളത്? അദ്ദേഹം പറഞ്ഞു ‘അല്ലാഹു തനിക്ക് പൊറുത്ത് തരികയില്ലെന്ന് കരുതുന്നവന്‍’.
ബഹ്ജത് ബിന്‍ യഹ്‌യാ അമൂദി
Add Comment