Articles

അറഫയിലെ മനോഹര നിമിഷങ്ങള്‍

ജാബിര്‍(റ) നബിതിരുമേനി(സ)യില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ‘അറഫാദിനത്തില്‍ അല്ലാഹു താഴെ ആകാശത്തേക്ക് ഇറങ്ങി വരികയും വിശ്വാസികളുടെ കാര്യത്തില്‍ മാലാഖമാര്‍ക്ക് മുന്നില്‍ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു  പറയും: ‘എന്റെ അടിമകളിലേക്ക് നോക്കൂ! എല്ലാ ഇടുങ്ങിയ വഴികള്‍താണ്ടി ത്യാഗികളായി പൊടിപുരണ്ട്, പാറിപ്പറന്ന മുടിയുമായി അവര്‍ എന്റെയടുത്ത് വന്നിരിക്കുന്നു. ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നുവെന്നതില്‍ നിങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. അപ്പോള്‍ മാലാഖമാര്‍ അല്ലാഹുവിനോട് പറയും. നാഥാ, ഇന്നയാള്‍ ഇന്നയിന്ന തെറ്റുകള്‍ ചെയ്യുന്നുണ്ടല്ലോ. അപ്പോള്‍ അല്ലാഹു പറയും: ‘ഞാനവന് പൊറുത്തുകൊടുത്തിരിക്കുന്നു’. തുടര്‍ന്ന് തിരുമേനി(സ) കൂട്ടിച്ചേര്‍ത്തു ‘ഏറ്റവും കൂടുതല്‍ പേര്‍ക്ക് നരകമോക്ഷം ലഭിക്കുന്ന ദിനമാണ് അറഫ’.

അനസ്(റ) റിപ്പോര്‍ട്ടുചെയ്യുന്നു: നബിതിരുമേനി(സ) അറഫയില്‍ നിന്നു. സൂര്യന്‍ അസ്തമിക്കാറായപ്പോള്‍ അദ്ദേഹം അരുളി:’ബിലാല്‍, ജനങ്ങളോട് മിണ്ടാതിരിക്കാന്‍ പറയൂ. അപ്പോള്‍ ബിലാല്‍ എഴുന്നേറ്റ് ഇപ്രകാരം പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതര്‍ക്കുവേണ്ടി നിങ്ങള്‍ മിണ്ടാതിരിക്കുക’. ജനങ്ങള്‍ നിശബ്ദരായി. തിരുദൂതര്‍(സ) സംസാരമാരംഭിച്ചു ‘ജനങ്ങളേ, കുറച്ചുമുമ്പ് ജിബ്‌രീല്‍ എന്റെയടുത്ത് വരികയും എന്റെ നാഥനില്‍ നിന്ന്  അഭിവാദ്യം  അറിയിക്കുകയുമുണ്ടായി. അല്ലാഹു അറഫയിലും മശ്അരില്‍ ഹറാമിലും ഉള്ളവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന് ജിബ്‌രീല്‍ എന്നെ അറിയിച്ചിരിക്കുന്നു. ഇതുകേട്ട ഉമര്‍(റ) എഴുന്നേറ്റുനിന്ന് ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ, ഇത് നമുക്ക് പ്രത്യേകമായി ഉള്ളതാണോ? തിരുമേനി(സ) പറഞ്ഞു ‘ഇത് നിങ്ങള്‍ക്കും, നിങ്ങള്‍ക്കുശേഷം അന്ത്യനാള്‍വരെ ഇവിടെ വരുന്നവര്‍ക്കുമുള്ളതാണ്’. ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ഔദാര്യം എത്രയാണ്!
ത്വല്‍ഹത് ബിന്‍ അബ്ദില്ലയില്‍ നിന്ന് മുര്‍സലായി ഇപ്രകാരം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരിക്കുന്നു. തിരുമേനി(സ) അരുള്‍ ചെയ്തു:’ബദ്ര്‍ ദിനം കഴിഞ്ഞാല്‍ പിശാച് ഏറ്റവും നിസ്സാരനും, നിന്ദിതനും, കോപിഷ്ഠനുമായി കാണപ്പെടുന്ന ദിനമാണ് അറഫ. അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങുന്നതിനാലും, അല്ലാഹു വലിയ തെറ്റുകള്‍ പൊറുത്തുകൊടുക്കുന്നതിനാലുമാണ് അത്).
ഈ മഹത്തായ ഔദാര്യങ്ങള്‍ക്ക് സാക്ഷിയാവുന്നതിനാണ് ശേഷിയുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹണം അല്ലാഹു നിര്‍ബന്ധമാക്കിയത്. നിര്‍ബന്ധം പൂര്‍ത്തീകരിച്ചവര്‍ക്ക് അല്ലാഹു അത് ഐഛികമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:’ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്’. (ആലുഇംറാന്‍ 97). അല്ലാഹു മറ്റൊരിടത്ത് പറയുന്നത് ഇപ്രകാരമാണ്’തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം ചെയ്യുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും. അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകും. അല്ലാഹു അവര്‍ക്കേകിയ മൃഗങ്ങളെ ചില നിര്‍ണിത ദിവസങ്ങളില്‍ അവന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കും. ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക’. (അല്‍ഹജ്ജ് 27-28).
തിരുമേനി(സ) വിശ്വാസികളോട് പറഞ്ഞു:’ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക്  ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു, അതിനാല്‍ നിങ്ങളത് നിര്‍വഹിക്കുക’. ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് അത് നിര്‍ബന്ധം, കൂടുതലായി ചെയ്യുന്നത് ഐഛികമാണ്’ എന്ന് കൂടി തിരുദൂതര്‍(സ) വിശദീകരിച്ചു.
മഹത്തായ ആരാധനയാണ് ഹജ്ജ്. അല്ലാഹുവിന്റെ സാമീപ്യത്തിന് കാരണമാകുന്ന ധാരാളം കര്‍മങ്ങളുണ്ട് അതില്‍. അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ വിധേയത്വവും, സ്‌നേഹവുമാണ് അത് അടയാളപ്പെടുത്തുന്നത്. തനിക്കേറ്റവും പ്രിയപ്പെട്ടത് ബലിനല്‍കിയാണ് ആ മഹത്തായ നിമിഷങ്ങള്‍ക്ക് വിശ്വാസി സാക്ഷിയാവുന്നത്. ദീര്‍ഘദൂരം യാത്ര ചെയ്ത് വിഷമങ്ങള്‍ താണ്ടി, കുടുംബത്തെയും ബന്ധുക്കളെയും ഉപേക്ഷിച്ച് അനുഗൃഹീത ഹറമിന്റെ തിരുമുറ്റത്ത് വന്നുനില്‍ക്കുന്നത് അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ സ്‌നേഹം ഒന്നുകൊണ്ടുമാത്രമാണ്. അത് കൊണ്ടാണ് അല്ലാഹു അവനെ ആദരിക്കുന്നതും, അവന്റെ പാപങ്ങള്‍ പൊറുത്തുനല്‍കുന്നതും. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല എന്ന പ്രവാചക വചനം ഇതിന്റെ തുടര്‍ച്ചയാണ്.
തിരുമേനി(സ) മറ്റൊരിക്കല്‍ ഇപ്രകാരം പറഞ്ഞു:’ഇസ്‌ലാമിന്റെ സ്തംഭമാണ് ഈ ഭവനം. ഈ ഭവനത്തെ ഉദ്ദേശിച്ച് പുറപ്പെടുന്നവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. അവന്‍ മരണപ്പെട്ടാല്‍ സ്വര്‍ഗത്തിലാണ്. അവന്‍ മടങ്ങിവന്നാല്‍ പ്രതിഫലവുമായാണ് മടങ്ങിവരുന്നത്).

അബ്ദുല്ലാഹ് ബിന്‍ സ്വാലിഹ് അല്‍ഖസ്വീര്‍