ഉമ്മ പ്രസവിച്ച കുഞ്ഞിനെ പോലെ മടക്കം
ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ്. അബൂ ഹുറൈറ (റ) പറയുന്നു: നബി (സ) പറയുന്നതായി ഞാന്‍ കേട്ടു. ‘സ്ത്രീ സംസര്‍ഗത്തിലേര്‍പ്പെടാതെ, കലഹമുണ്ടാക്കാതെ ആര് അല്ലാഹുവിന് വേണ്ടി ഹജ്ജ് നിര്‍വ്വഹിച്ചുവോ, അവന്‍ നവജാത ശിശുവിനെ പോലെയാണ് മടങ്ങുക.’
മറ്റൊരു നിവേദനത്തില്‍ വന്നിട്ടുള്ളത്, സ്ത്രീ പുരുഷ സംസര്‍ഗത്തില്‍ ഏര്‍പ്പെടാതെ, അനാവശ്യ തര്‍ക്ക കോലാഹലങ്ങളുണ്ടാക്കാതെ ആര് ഈ ഭവനത്തില്‍ വന്ന് ഹജ്ജ് നിര്‍വഹിച്ചുവോ, ഉമ്മ പ്രസവിച്ച കുഞ്ഞിനെ പോലെയാണവന്‍ മടങ്ങുക’ എന്നാണ്.
വിശുദ്ധ ഖുര്‍ആനില്‍ ഹജ്ജിനെ സംബന്ധിച്ച് പറയുന്ന, സൂറത്തുല്‍ ബഖറ 197 ാം സൂക്തത്തിന്റെ വിശദീകരണവുമാണ് മേല്‍ ഹദീസ്. ഖുര്‍ആന്‍ വചനം ഇങ്ങനെ: ‘ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസത്തില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗ്ഗമോ ദുര്‍വൃത്തിയോ വഴക്കോ പാടില്ല. നിങ്ങള്‍ ഏതൊരു സല്‍ക്കര്‍മ്മം ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിന് പോകുമ്പോള്‍) നിങ്ങള്‍ യാത്രക്കു വേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോവുക. എന്നാല്‍ യാത്രക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബൂദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ചുജീവിക്കുക’.
അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചു കൊണ്ട്, അഥവാ തന്റെ കര്‍മ്മത്തില്‍ പൂര്‍ണ്ണമായ നിഷ്‌കങ്കതയോടെയും ആത്മാര്‍ത്ഥതയോടെയുമാകണം ഒരാള്‍ ഹജ്ജ് നിര്‍വഹിക്കേണ്ടത്. ഹജ്ജിന് വേണ്ടിയുള്ള അവന്റെ യാത്രയില്‍ മറ്റൊന്നും അവന്‍ ലക്ഷ്യമാക്കിക്കൂടാ. കച്ചവടമോ, മറ്റു താല്‍പര്യങ്ങളോ അവന് ഉണ്ടായിക്കൂടാ. ടൂറോ നാടുകാണലോ അവന്റെ ലക്ഷ്യമായിക്കൂടാ.
പ്രസ്തുത ഖുര്‍ആന്‍ വചനത്തിലെ ‘റഫഥ്’ എന്ന പദത്തിന്റെ അര്‍ത്ഥം മ്ലേച്ഛകരമായ സംസാരമെന്നാണ്. സ്ത്രീ-പുരുഷ സംസര്‍ഗ്ഗമാണവിടെ ഉദ്ദേശ്യമെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
ഉമര്‍ (റ), ഇബ്‌നു അബ്ബാസ് (റ) തുടങ്ങിയവര്‍ സ്ത്രീകളോട് വിവാഹമഭ്യര്‍ത്ഥിക്കുന്നതും ഈ റഫഥിന്റെ പരിധിയില്‍ പെടുമെന്ന് അഭിപ്രായപ്പെടുന്നു. അഥവാ സ്ത്രീ പുരുഷ സംസര്‍ഗം മാത്രമല്ല, ദൈവസ്മരണയില്‍ നിന്ന് ഹാജിയെ/ഹാജയെ തെറ്റിക്കുന്ന എല്ലാം ‘റഫഥി’ല്‍ ഉള്‍പ്പെടും.
നവജാത ശിശുവിനെ പോലെ
അഥവാ പാപങ്ങളൊന്നുമില്ലാത്ത സംശുദ്ധനായ കുട്ടി. ഇവിടെ ഹാജി തന്റെ പാപങ്ങളും തെറ്റുകളുമെല്ലാം പൊറുക്കപ്പെട്ട ഒരു കുട്ടിയെ പോലെ നിര്‍മലനാകുന്നു.
ഫുസൂഖ്- പദാര്‍ത്ഥം ‘പുറപ്പെടുക’ എന്നാണ്. കെട്ടില്‍ നിന്ന് വിട്ടു പോവുക. ഇവിടെ അനുസരണത്തില്‍ നിന്ന് വിട്ടു പോകുന്നവനെയാണ് ‘ഫാസിഖ്’ എന്നു വിളിക്കുന്നത്. അഥവാ തെറ്റുകളിലേക്ക് പുറപ്പെടല്‍ ഇവിടെ ‘ഫുസുഖ്’ കൊണ്ടുദ്ധേശിക്കുന്നതും അല്ലാഹുവിന്റെ കല്‍പ്പനകളെ നിഷേധിക്കലാണ്. സത്യത്തിന്റെ മാര്‍ഗത്തില്‍ നിന്നുള്ള വ്യതിചലനം.
ചുരുക്കത്തില്‍ ഹജ്ജ് അല്ലാഹുവിന്റെ തൃപ്തിയും പ്രീതിയും കരസ്ഥമാക്കാന്‍ കഴിയുന്ന ഒരു വിശിഷ്ഠ ആരാധനാ കര്‍മ്മമാണ്. അതിന്റെ പ്രതിഫലം, അടിമക്ക് അല്ലാഹുവിന്റെ സ്വര്‍ഗം ലഭിക്കുമെന്നതാണ്. അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്‍മാര്‍ക്കും സത്യസന്ധരോടും സച്ചരിതരോടും ശുഹദാക്കളോടുമൊപ്പമാണ് സ്വര്‍ഗ്ഗത്തില്‍ അവന്റെ സ്ഥാനം.
Add Comment