ഹജ്ജ് കര്‍മ്മത്തിന്റെ ശ്രേഷ്ഠതയും അത് നിര്‍വഹിച്ചാലുള്ള മഹത്തായ പ്രതിഫലത്തെയും സൂചിപ്പിക്കുന്ന നിരവധി നബി വചനങ്ങളുണ്ട്. ബുഖാരിയുടെ ഒരു ഹദീസില്‍ ‘മബ്‌റൂറായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല’ എന്ന് കാണാം. ആയതിനാല്‍, ഒരു വിശ്വാസി ശരിയായി ഹജ്ജ് നിര്‍വ്വഹിക്കേണ്ടത് എങ്ങനെയെന്നും അതിന്റെ ശ്രേഷ്ഠതകള്‍ എന്തൊക്കൊയെന്നും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഹജ്ജില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏവ? വര്‍ജിക്കേണ്ട കാര്യങ്ങള്‍ ഏവ തുടങ്ങി വിശ്വാസി മനസ്സിലാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
ഹജ്ജിന്റെ നിര്‍വഹിക്കുന്ന കാര്യത്തില്‍ വിശ്വാസികള്‍ പല തട്ടിലാണ്. കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ അവര്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. ‘അല്‍ ഹജ്ജുല്‍ മബ്‌റൂര്‍’ എന്നതു കൊണ്ട് ഉദ്ധേശിക്കുന്നത് ഹജ്ജിന്റെ നിയമ വിധികള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടുള്ള ഹജ്ജാണെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹു വിശ്വാസികളോട് കല്‍പ്പിച്ച ഹജ്ജിന്റെ മുഴുവന്‍ നിബന്ധനകളും പൂര്‍ത്തീകരിച്ച ഹജ്ജാണത്.
‘ഹജ്ജുല്‍ മബ്‌റൂര്‍’ ആയിത്തീരുന്നതിന്റെ പ്രഥമ ഉപാധി ആത്മാര്‍ത്ഥതയാണ്. അല്ലാഹുവിന്റെ അടുക്കല്‍ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന്റെ അടിസ്ഥാനം, നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായ കര്‍മ്മങ്ങളാചരിക്കുക എന്നതാണ്. അല്ലാഹുവിന്റെ തൃപ്തി മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ളതും മറ്റു ഉദ്ധേശ്യങ്ങളേതുമില്ലാത്തതുമായ കര്‍മ്മങ്ങളാണ് അവന്റെ അടുക്കല്‍ സ്വീകരിക്കപ്പെടുക. അതിനാല്‍ ഹജ്ജിന് ഉദ്ദേശിക്കുന്ന വിശ്വാസി ആദ്യമായി ചെയ്യേണ്ടത് അവന്റെ നിയ്യത്ത് ശരിയാണോ എന്ന് പരിശോധിക്കലാണ്. അവന്റെ ഉദ്ദേശ്യത്തിലെ പൊടികളും മാലിന്യങ്ങളും ശുദ്ധീകരിക്കേണ്ടത് അവന്റെ പ്രഥമ ബാധ്യതയാണ്. തന്റെ ആത്മാര്‍ത്ഥതയെ മലിനപ്പെടുത്തുന്നതും കര്‍മ്മങ്ങളെ പാഴാക്കുന്നതും, പ്രതിഫലത്തെ ശിക്ഷയാക്കി മാറ്റി മറിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ പേരും സ്ഥാന മാനങ്ങളും നേടാനുള്ളതുമായ എല്ലാതരം ഉദ്ധേശ്യങ്ങളില്‍ നിന്നും അവന്‍ മോചിതനാകേണ്ടതുണ്ട്.
നബി (സ) ഹജ്ജ് ചെയ്തത് നാല് ദിര്‍ഹമിന് തുല്യമായ ഭക്ഷണ സാധനസാമഗ്രികളുമായാണ് പ്രവാചക തിരുമേനി യാത്ര ചെയ്തത്. എന്നിട്ട് റസൂല്‍ പറഞ്ഞു. അല്ലാഹുവേ, ഈ ഹജ്ജില്‍ പൊങ്ങച്ചവും ലോക മാന്യതയും പ്രശസ്തിയുമില്ല.
രണ്ടാമത്തെ കാര്യം, ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ പ്രവാചക തിരുമേനിയുടെ സുന്നത്തു പോലെ അനുഷ്ഠിക്കുക എന്നതാണ്. ഹജ്ജിന്റെ കര്‍മ്മങ്ങളും ചടങ്ങുകളും പഠിച്ചാലല്ലാതെ, അവ യഥാവിധി നിര്‍വ്വഹിക്കാന്‍ സാധ്യമല്ല. നബി തിരുമേനിയുടെ ഹജ്ജ് കര്‍മ്മങ്ങള്‍ അതേപടി പഠിക്കുവാന്‍, തിരുമേനി വിശ്വാസികളെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ജാബിര്‍ (റ) നിവേദനം ചെയ്യുന്നു. ‘ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിങ്ങള്‍ എന്നില്‍ നിന്നും പഠിച്ചു കൊള്ളുക. ഈ ഹജ്ജിന് ശേഷം ഇനിയൊരു ഹജ്ജുചെയ്യാന്‍ എനിക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല.’
ഹജ്ജ് സ്വീകാര്യമായിത്തീരാന്‍ ഒരു ഹാജി ശ്രദ്ധിക്കേണ്ട മൂന്നാമത്തെ കാര്യം, ഹജ്ജിന് മുമ്പ് തന്നെ തന്റെ ആത്മാവിനെ അതിന് വേണ്ടി സജ്ജമാക്കുകയെന്നതാണ്. ആത്മാര്‍ത്ഥമായ തൗബ, ഹലാലായ മാര്‍ഗത്തില്‍ ധന വിനിയോഗം, സൗഹൃദം, സമസൃഷ്ടികളുടെ അവകാശങ്ങള്‍ വക വെച്ചു കൊടുക്കല്‍ തുടങ്ങിയ എല്ലാം ഹജ്ജിന് മുന്‍പ് ഒരു ഹാജി നിര്‍വ്വഹിക്കേണ്ട മര്യാദകളില്‍ പെട്ടതാണ്.
സ്വീകാര്യമായ ഹജ്ജിന്റെ അനിവാര്യ താല്‍പര്യങ്ങളില്‍ പെട്ടതാണ് സല്‍പെരുമാറ്റം, നല്ല സഹവാസം, നന്മകളില്‍ ശാരീരികമായും സാമ്പത്തികമായും ഏര്‍പ്പെടുക, ജനങ്ങള്‍ക്ക് നന്മയുണ്ടാകുന്ന വ്യത്യസ്തമായ കാര്യങ്ങളില്‍ പങ്കാളിയാകുക, കുറഞ്ഞ പക്ഷം, ജനങ്ങളോട് നല്ല വാക്ക് സംസാരിക്കുക. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഇബ്‌നു ഉമര്‍ (റ) പറയാറുണ്ടായിരുന്നു. ‘പുണ്യം ചെയ്യല്‍ എളുപ്പമുള്ള കാര്യമാണ്. പ്രസന്നമായ മുഖവും മൃദുലമായ സംസാരവുമാണത്’.
ഒരു ഹാജിക്ക് ഇത്തരം സല്‍സ്വഭാവങ്ങളെല്ലാം ഉണ്ടായിരിക്കേണ്ടത്. നബി തിരുമേനി ഉപദേശിച്ചിട്ടുണ്ട്. ‘നന്മകളില്‍ ഒന്നിനെയും നിങ്ങള്‍ നിസാരമായി കാണരുത്. ബന്ധിക്കാന്‍ ഒരു കയര്‍ നല്‍കുകയാണെങ്കിലും, ചെരുപ്പിന്റെ വള്ളി നല്‍കിയാണെങ്കിലും, ജനങ്ങള്‍ക്ക് ഉപദ്രവമുണ്ടാകുന്ന കാര്യങ്ങള്‍ വഴിയില്‍ നിന്ന് നീക്കം ചെയ്യലും തന്റെ സഹോദരനെ പുഞ്ചിരിക്കുന്ന മുഖവുമായി അഭിമുഖീകരിക്കുന്നുതും സഹോദരന് സലാം പറയലും, ഭൂമിയിലെ ക്ഷുദ്ര ജീവികളെ ഇണക്കുന്നതു പോലുള്ള കാര്യങ്ങള്‍ പോലും നന്മയാണ്. അവയെ അവഗണിക്കരുത്.
അല്ലാഹുവിന് ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകുന്നതും ഹജ്ജുല്‍ മബ്‌റൂറിന്റെ അനിവാര്യ താല്‍പര്യങ്ങളില്‍ പെട്ടതാണ്. ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളോട് അല്ലാഹു നന്മകള്‍ വര്‍ധിപ്പിക്കുവാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ‘നിങ്ങള്‍ ഏതൊരു സല്‍പ്രവര്‍ത്തി ചെയ്്തിരുന്നാലും അല്ലാഹു അറിയുന്നതാണ്’ (അല്‍ ബഖറ: 187) . തിരുമേനി (സ) പറഞ്ഞു. ‘സ്ത്രീ സംസര്‍ഗത്തില്‍ ഏര്‍പ്പെടാതെ, വഴക്കുണ്ടാകാതെ ആര് ഈ ഭവനത്തില്‍ വന്ന്് ഹജ്ജ് നിര്‍വഹിക്കുന്നുവോ, അവന്‍ ഉമ്മ പ്രസവിച്ച കുഞ്ഞിനെ പോലെയാണ് മടങ്ങുക’. ‘റഫഥ്’ എന്ന പദത്തിന്റെ അര്‍ത്ഥം സ്ത്രീ പുരുഷ സംസര്‍ഗം മാത്രമല്ല, അതിലേക്ക് നയിക്കുന്ന സംഭാഷണങ്ങളും പ്രവര്‍ത്തികളും കൂടിയാണ്. അതും വര്‍ജിക്കേണ്ടതാണ്. ‘ഫുസൂഖ്’ എന്നാല്‍ ഇബ്‌നു അബ്ബാസ് (റ) പറയുന്നു. എല്ലാ തരത്തിലുള്ള തെറ്റുകളും ഇതില്‍ പെടും. അനാവശ്യമായ സംസാരങ്ങള്‍, തര്‍ക്കങ്ങള്‍ എല്ലാം ഇതില്‍ പെടും’. ഒരു ഹാജി തന്റെ മുഴു സമയവും ദൈവ സാമീപ്യം സിദ്ധിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് മുഴുകേണ്ടത്. പ്രാര്‍ത്ഥനകള്‍, ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍ ചൊല്ലല്‍ തുടങ്ങി ദൈവ സ്മരണ നില നിര്ത്തുന്ന പ്രവര്‍ത്തനങ്ങളാകണം ഹജ്ജിന്റെ വേളകളില്‍ മുഴുവനും, ഹാജിയുടെ കണ്ണും കാതും നാവുമെല്ലാം അല്ലാഹു വിലക്കിയ കാര്യങ്ങളില്‍ നിന്ന് തടയണം.
മറ്റൊരു പ്രധാന കാര്യം, ഹജ്ജിന്റെ കര്‍മ്മാനുഷ്ഠാനങ്ങളുടെ യഥാര്‍ത്ഥ ഉദ്ധേശ്യമെന്താണെന്നും അതിന്റെ യുക്തിയും മനസ്സിലാക്കുക എന്നതാണ്.
ഹജ്ജിലെ അനുഷ്ഠാനങ്ങളുടെയും ഹജ്ജ് ചിഹ്നങ്ങളുടെയും കര്‍മ്മങ്ങളനുഷ്ഠിക്കുന്ന സ്ഥലങ്ങളുടെയും പ്രത്യേകതകളും കര്‍മ്മങ്ങളടങ്ങിയിരിക്കുന്ന രഹസ്യങ്ങളും അറിയാത്ത ഒരാളുടെ ഹജ്ജും അതറിയുന്ന ഒരാളുടെ ഹജ്ജും തമ്മില്‍ വലിയ അന്തരമുണ്ട്. പ്രവാചകന്‍മാരുടെയും അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെയും കാലടികള്‍ പതിഞ്ഞ മണ്ണിലാണ് താനും നില്‍ക്കുന്നതെന്ന ബോധമില്ലാതെ മക്കയില്‍ നില്‍ക്കുമ്പോള്‍, ഒരിക്കലും ഹജ്ജിന്റെ ആത്മാവിനെ യഥാവിധി തൊട്ടറിയാന്‍ സാധ്യമല്ല. അങ്ങനെയുള്ളവര്‍ക്ക്് കേവലം തന്റെ മേല്‍ ബാധ്യതയായ ഒരു നിര്‍ബന്ധ കര്‍മ്മം നിര്‍വഹിക്കുന്നുവെന്ന തോന്നല്‍ മാത്രമേ ഉണ്ടാകൂ. കേവലം ഒരു വിനോദ യാത്രയില്‍ സ്ഥലങ്ങള്‍ കാണുന്ന ലാഘവത്തോടെ മാത്രമേ കഅ്ബയെയും മസ്ജിദുല്‍ ഹറാമിനെയും അവര്‍ക്ക് സമീപിക്കുവാനാകൂ.
ഹജ്ജുല്‍ മബ്‌റൂര്‍ ആകുവാന്‍ വേണ്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ഹജ്ജിന് ശേഷവും അല്ലാഹുവിന്റെ അനുസരണത്തില്‍ നിന്ന് വഴുതി മാറാതെ ജീവിക്കാന്‍ കഴിയുക എന്നതാണ്. ഹജ്ജിലൂടെ നേടിയെടുത്ത പുണ്യത്തെ നശിപ്പിച്ചു കളയുന്ന തരത്തിലുള്ള ഒരു ജീവിതമായിക്കൂടാ ഒരിക്കലും ഒരു വിശ്വാസിക്കുണ്ടാവേണ്ടത്. പൂര്‍വ്വ സൂരികള്‍ പറയാറുണ്ട്, മബ്‌റൂറായ ഹജ്ജിന്റെ അടയാളങ്ങളിലൊന്നാണ്, ഹജ്ജ് നിര്‍വഹിച്ച് വന്ന ശേഷം പുണ്യങ്ങള്‍ അധികരിപ്പിക്കുന്നവനാകുകയെന്നത്. അവന്‍ മടങ്ങി വന്ന ശേഷം തിന്മയുടെ മാര്‍ഗത്തിലേക്ക് മടങ്ങുകയില്ല. ഹസനുല്‍ ബസ്വരി പറഞ്ഞു. ‘ദുന്‍യാവിലേക്ക് വിരക്തനായി മടങ്ങുകയെന്നതാണ് ഹജ്ജുല്‍ മബ്‌റൂറിന്റെ അടയാളം’
ഒരു ഹാജിക്ക് തന്റെ ഹജ്ജിനെ പരിപൂര്‍ണ്ണമായി സ്വീകരിക്കപ്പെടുന്നതും അന്യൂനവുമായ ഒരു ഹജ്ജ് കര്‍മ്മമായി മാറ്റണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കാനാവില്ല.
www.islam.maktoob.com
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്
ഹജ്ജ് സ്വീകാര്യമാകുന്നതെങ്ങനെ?

Add Comment