ദുല്‍ഹിജ്ജയുടെ ആദ്യ പത്തുദിനങ്ങള്‍ മുസ്‌ലിം ലോകത്തേക്ക് കടന്നുവന്നിരിക്കുന്നു. അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ടകരമായ നാളുകളാണ് അവ. മറ്റുദിനങ്ങളില്‍ നിന്ന് വ്യതിരിക്തമായി സല്‍ക്കര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന ദിനങ്ങളാണ് അവ. തിരുദൂതര്‍(സ) പ്രസ്താവിച്ചതായി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു ‘അല്ലാഹുവിന് സല്‍ക്കര്‍മങ്ങള്‍ ഏറ്റവും ഇഷ്ടപ്പെട്ട നാളുകളാണ് ഇവ. ഇതുകേട്ട അനുചരര്‍ ചോദിച്ചു. പ്രവാചകരേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദോ? ദൈവിക മാര്‍ഗത്തിലെ സമരവും അത്രത്തോളം എത്തുകയില്ല. ജീവനും ധനവും കൊണ്ട് പടക്കളത്തിലിറങ്ങുകയും അവയൊന്നും തന്നെ മടങ്ങിവരാതിരിക്കുകയും ചെയ്തവനൊഴികെ’. (ബുഖാരി)
ആ പത്ത് ദിനങ്ങളിലെ മഹത്തായ കര്‍മമാണ് ഹജ്ജ്.
കഴിവും ശേഷിയുമുള്ള എല്ലാ വിശ്വാസിക്കും മേല്‍ അല്ലാഹു ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു.
ഹജ്ജിനെക്കുറിച്ചും, അതിലെ കര്‍മങ്ങളെക്കുറിച്ചും ചിന്തിക്കുന്നവന് അതിനുപിന്നിലെ മഹത്തായ ലക്ഷ്യങ്ങളെക്കുറിച്ചും, അത് നല്‍കുന്ന ഉന്നതമായ സന്ദേശങ്ങളെക്കുറിച്ചും ബോധ്യപ്പെടുന്നതാണ്. വര്‍ണ-വര്‍ഗ-ഭാഷാ വ്യത്യാസമില്ലാതെ ഹജ്ജില്‍ വിശ്വാസികള്‍ ഒരുമിച്ചുചേരുകയും, സവിശേഷമായ വിധത്തില്‍ സവിശേഷമായ സ്ഥലങ്ങളില്‍ വെച്ച് നിര്‍ണിതമായ കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. ഒരു വിഭാഗവും അവിടെ ഇതരവിഭാഗത്തില്‍ നിന്ന് ഭിന്നമാകുന്നില്ല. ‘പിന്നീട് ആളുകള്‍ മടങ്ങുന്നതെവിടെനിന്നോ അവിടെനിന്ന് നിങ്ങളും മടങ്ങുക. അല്ലാഹുവോട് പാപമോചനം തേടുക. നിശ്ചയമായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ’. (അല്‍ബഖറ 199)
ഹൃദയങ്ങള്‍ ഇണങ്ങിച്ചേരുകയും, പരസ്പരം സ്‌നേഹിക്കുകയും ചെയ്യുന്ന മഹത്തായ വേള. അവിടെ ഒത്തുകൂടുന്ന മുസ്‌ലിംകള്‍ ഈ മഹത്തായ ഐക്യബോധം മുറുകെ പിടിച്ചിരുന്നുവെങ്കില്‍ ലോകത്ത് അല്‍ഭുതങ്ങള്‍ വിരിയുമായിരുന്നു.
ഹജ്ജ് പരലോകത്തെയാണ് ഓര്‍മിപ്പിക്കുന്നത്. താന്‍ ജനിച്ചുവളര്‍ന്ന നാടുപേക്ഷിച്ച്്, മൃതദേഹം ഇഹലോകത്തുനിന്ന് വിടപറയുംപോലെ അലങ്കാരങ്ങളുപേക്ഷിച്ച് കഫന്‍പുടവപോലുള്ള തുണി പുതച്ച് യാത്രയാവുന്നു. ബര്‍സഖിലേക്കുള്ള വസ്ത്രമാണ് മയ്യിത്തിനെ സംബന്ധിച്ചിടത്തോളം കഫന്‍പുടവകള്‍. അറഫയിലും മശ്അറുല്‍ ഹറാമിലും ഹജ്ജാജിമാര്‍ സമ്മേളിക്കുന്നു. അന്ത്യനാളില്‍ മനുഷ്യന്‍ പുനര്‍ജീവിപ്പിക്കപ്പെടുകയും ദൈവത്തിന്റെ സന്നിധിയില്‍ ഒരുമിച്ച് കൂടുകയും ചെയ്യുന്നു.’പ്രപഞ്ചനാഥങ്കല്‍ ജനം വന്നു നില്‍ക്കുന്ന ദിനം’. (അല്‍മുത്വഫ്ഫിഫീന്‍-6)
മഹത്തായ പ്രതിഫലമാണ് അല്ലാഹു ഹജ്ജിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലാ ഇലാഹ ഇല്ലല്ലാഹ് പ്രഖ്യാപിച്ച വിശ്വാസിയുടെ ദീനിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് അത്. അത് നിര്‍ബന്ധമായതിന് ശേഷം നിര്‍വഹിക്കാത്തവന്റെ ദീന്‍ പൂര്‍ത്തിയാവുകയില്ല. പക്ഷേ അല്ലാഹു നിര്‍ബന്ധമാക്കിയ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ മടി കാണിക്കുന്നവര്‍ നമുക്കിടയിലുണ്ട്. അതില്‍ വീഴ്ച വരുത്തുന്നവരുമുണ്ട്. ഓരോ വര്‍ഷവും ഹജ്ജ് അവനെ കടന്നുപോകുന്നു. അവന്‍ അതിനെ പരിഗണിക്കുകയോ നിര്‍വഹിക്കുകയോ ചെയ്യുന്നില്ല. ഹജ്ജിനെ അസംഭവ്യമായി കാണിക്കുന്ന, പ്രയാസങ്ങളുടെ മൂര്‍ത്തീഭാവമായി അവതരിപ്പിക്കുന്ന പിശാചിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടവരാണ് അവര്‍. അതിന്റെ വിഷമങ്ങളെയും, കാഠിന്യങ്ങളെയും കുറിച്ചാണ് അവര്‍ ചിന്തിക്കുക. അത് കൊണ്ടുണ്ടാവുന്ന നഷ്ടങ്ങളും ദുരിതങ്ങളുമാണ് കണക്കുകൂട്ടുക. ഹജ്ജ് വല്ല യുദ്ധത്തിനോ, കലഹത്തിനോ ഉള്ള യാത്രയാണ് എന്ന് അവര്‍ ധരിക്കുംപോലെ. വിനോദത്തിനോ, ഭൗതികനേട്ടങ്ങള്‍ക്കോ വേണ്ടി ലോകത്തിന്റെ ഒട്ടുമിക്ക രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും അതിനായി ധാരാളം കാശുചെലവഴിക്കുകയും ചെയ്യുന്നവര്‍ പോലും ഹജ്ജ് നിര്‍വഹിക്കാന്‍ മടി കാണിക്കുന്നു.
തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളുടെ ഗുരുതരാവസ്ഥയെക്കുറിച്ച് ഇവര്‍ക്കറിയാമോ? ഹജ്ജ് നിര്‍ബന്ധമാവുകയും ശേഷം അത് നിര്‍വഹിക്കാതിരിക്കുകയും ചെയ്യുന്നത് സത്യനിഷേധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. ഉമര്‍ ബിന്‍ ഖത്താബ്(റ)ന്റെ സുപ്രസിദ്ധമായ ഒരു വചനമുണ്ട് ‘പട്ടണങ്ങളിലേക്ക് ആളെ അയച്ച്, ഹജ്ജ് നിര്‍ബന്ധമായതിന് ശേഷം അത് നിര്‍വഹിക്കാതിരിക്കുന്നവര്‍ക്ക് മേല്‍ ജിസ്‌യ ചുമത്തിയാലോ എന്ന് ഞാന്‍ ചിന്തിക്കുന്നു. കാരണം അവര്‍ മുസ്‌ലിംകളല്ലല്ലോ’. അലി(റ)യില്‍ നിന്ന് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു:’ഹജ്ജ് നിര്‍ബന്ധമായതിന് ശേഷം അത് നിര്‍വഹിക്കാതെ മരണപ്പെട്ടവന്‍, യഹൂദിയോ, ക്രൈസ്തവനോ ആയി മരണപ്പെട്ടവന് തുല്യമാണ്’.
ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് നിര്‍വഹിക്കുകയെന്നത് ഓരോ മുസ്‌ലിമിന്റെയും അനിവാര്യ ബാധ്യതയാണ്. ശര്‍ത്വുകള്‍ പൂര്‍ത്തിയായാലുടന്‍ അത് നിര്‍വഹിക്കണമെന്നാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം. ശാരീരിക-സാമ്പത്തികശേഷിയുള്ളവരും യാത്രാസൗകര്യങ്ങളുള്ളവരുമാണ് ഇതില്‍ പരിഗണിക്കപ്പെടുന്നത്. മടങ്ങിവരുംവരെ സ്വന്തം കുടുംബത്തിന് കഴിയാനുള്ള സാമ്പത്തിക ശേഷിയുമുണ്ടായിരിക്കണം.
സാമ്പത്തികമായി ഹജ്ജിന് ശേഷിയുണ്ടാവുകയും ശാരീരികമായി സാധിക്കാതെ വരികയും ചെയ്യുന്നപക്ഷം തനിക്കുവേണ്ടി ഹജ്ജ് നിര്‍വഹിക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്. ഖസ്അം ഗോത്രത്തിലെ ഒരു സ്ത്രീ പ്രവാചകന്റെ അടുത്തുവന്ന് പറഞ്ഞു :’അല്ലാഹുവിന്റെ ദൂതരേ, എന്റെ പിതാവിന് ഹജ്ജ് നിര്‍ബന്ധമായിരിക്കുന്നു. അദ്ദേഹം യാത്ര ചെയ്യാന്‍ കഴിയാത്ത വൃദ്ധനാണ്. അദ്ദേഹത്തിന് പകരം ഞാന്‍ ഹജ്ജ് നിര്‍വഹിക്കണമോ? തിരുമേനി(സ) പറഞ്ഞു ‘അദ്ദേഹത്തിന് വേണ്ടി നീ ഹജ്ജ് നിര്‍വഹിക്കുക’. (ബുഖാരി,മുസ്‌ലിം)
ഹജ്ജ് നിര്‍ബന്ധമായശേഷം അത് പിന്തിക്കാന്‍ പാടുള്ളതല്ല. തിരുമേനി(സ) കല്‍പിച്ചത് ഇപ്രകാരമാണ് :’നിങ്ങള്‍ ഹജ്ജിന് ധൃതി കാണിക്കുക. അതിന് എന്തെല്ലാം തടസ്സമാണുണ്ടാവുകയെന്ന് ആര്‍ക്കും അറിയില്ല’. മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം .’ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് ധൃതി കാണിക്കട്ടെ. ഒരു പക്ഷേ അവന്‍ രോഗമോ, മറ്റ് പ്രതിസന്ധികളോ അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ട്’.ഇക്കാര്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം നാം. അവസരം നഷ്ടപ്പെടുന്നതിന് മുമ്പ് നാം അത് നിര്‍വഹിക്കേണ്ടതുണ്ട്. അവസരം പാഴാക്കിയശേഷം ഖേദം പ്രകടിപ്പിക്കുന്നതിലര്‍ഥമില്ല. ഹജ്ജ് നിര്‍വഹിക്കാതെ മരിച്ചുപോയ ബന്ധുക്കളുടെ കാര്യത്തില്‍ ഫത്‌വ ചോദിക്കുന്നവരെ നമുക്കറിയാം. നമുക്കുവേണ്ടി മറ്റുള്ളവര്‍ നിര്‍വഹിക്കുന്നതിന് മുമ്പ് നമുക്കുതന്നെ അത് നിര്‍വഹിക്കാം.
നമ്മുടെ ഹൃദയം അല്ലാഹുവിന്റെ പരിശുദ്ധ ഗേഹത്തെ കാണുന്നതിന് കൊതി കാണിക്കുന്നില്ലേ? തിരുമേനി(സ) ചോദിക്കപ്പെട്ടു: ‘ ഏത് കര്‍മമാണ് ഉത്തമമായത്? അല്ലാഹുവിലും അവന്റെ ദൂതരിലുമുള്ള വിശ്വാസം എന്നായിരുന്നു മറുപടി. പിന്നീട് ഏതാണ് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരമെന്ന് ഉത്തരം. പിന്നീട് ഏതാണെന്ന് വീണ്ടും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ പുണ്യകരമായ ഹജ്ജാണെന്ന് തിരുമേനി(സ) അറിയിച്ചു.
പാപങ്ങള്‍ പൊറുക്കുന്ന, സ്വര്‍ഗം പ്രതിഫലമായി ലഭിക്കുന്ന ഹജ്ജ് നിര്‍വഹിക്കുന്നതില്‍ അലംഭാവം പുലര്‍ത്തുന്നുവെങ്കില്‍ മറ്റേത് കര്‍മമാണ് നമ്മില്‍ ഇതിനേക്കാള്‍ ആവേശമുണ്ടാക്കുക?
Add Comment