Articles

ഹജ്ജ് ദാരിദ്ര്യ-പാപ മോചനത്തിന്

അല്ലാഹുവിന്റെ കല്‍പന പാലിക്കുകയെന്നത് അവനോടുള്ള ഭക്തിയുടെ നിദര്‍ശനമാണ്. അല്ലാഹു തന്റെ വേദത്തില്‍ നല്‍കിയ കല്‍പന ഇപ്രകാരമാണ് ‘ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് അല്ലാഹുവോടുള്ള മനുഷ്യരുടെ ബാധ്യതയാണ്. ആരെങ്കിലും അതിനെ ധിക്കരിക്കുന്നുവെങ്കില്‍ അറിയുക: അല്ലാഹു ലോകരിലാരുടെയും ആശ്രയമാവശ്യമില്ലാത്തവനാണ്’. (ആലുഇംറാന്‍ 97). ജനങ്ങള്‍ക്കിടയില്‍ പ്രഭാഷണത്തിനായി എഴുന്നേറ്റുനിന്ന് ദൈവദൂതര്‍ ഇപ്രകാരം അരുളി:’ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യുക’.( മുസ്ലിം). അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹത്തെയും കാരുണ്യത്തെയുമാണ് ഹജ്ജ് അടയാളപ്പെടുത്തുന്നത്. ഹജ്ജ് നിര്‍വഹിക്കുകയെന്നത് ദൈവിക ദര്‍ശനത്തിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാക്കി മാറ്റിയിരിക്കുന്നു നാഥന്‍. പ്രവാചകന്‍(സ) പറയുന്നു: ‘അഞ്ച് കാര്യങ്ങളിന്‍മേലാണ് ഇസ്‌ലാം കെട്ടിപ്പടുത്തിരിക്കുന്നത്. ശഹാദത് കലിമയും, നമസ്‌കാരവും, സകാത്തും, ഹജ്ജും നോമ്പുമാണ് അവ’. (ബുഖാരി, മുസ്‌ലിം).

ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് അല്ലാഹു നമുക്കുമേല്‍ ഹജ്ജ് നിര്‍ബന്ധമാക്കിയത്. നബിതിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു:’ജനങ്ങളേ, നിങ്ങള്‍ക്ക് മേല്‍ ഹജ്ജ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. ഇതുകേട്ട അഖ്‌റഅ് ബിന്‍ ഹാബിസ് ചോദിച്ചു. എല്ലാ വര്‍ഷവുമാണോ പ്രവാചകരേ? അദ്ദേഹം പറഞ്ഞു. ഞാനപ്രകാരം പറഞ്ഞാല്‍ അങ്ങനെയാകുമായിരുന്നു. അവ എല്ലാ വര്‍ഷവും നിര്‍ബന്ധമായാല്‍ നിങ്ങളത് അനുഷ്ഠിക്കുകയില്ല. നിങ്ങള്‍ക്കതിന് സാധിക്കുകയുമില്ല. ഹജ്ജ് ഒരിക്കല്‍ മാത്രമാണ് നിര്‍ബന്ധം. കൂടുതല്‍ ചെയ്താല്‍ അത് ഐഛികമാണ്’.(അഹ്മദ്)

ഹജ്ജിനെ പാപമോചനത്തിനുള്ള മാര്‍ഗമാക്കി അല്ലാഹു മാറ്റിയിരിക്കുന്നു. തിരുമേനി(സ) പറഞ്ഞു: ‘ഭാര്യാസംസര്‍ഗത്തിലോ, അധര്‍മ പ്രവര്‍ത്തിനത്തിലോ ഏര്‍പെടാതെ ഈ ഭവനത്തില്‍ വന്ന് ഹജ്ജ് നിര്‍വഹിച്ചവന്‍ മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെയാണ് മടങ്ങിപോകുന്നത്’.
സ്വര്‍ഗപ്രവേശനത്തിനുള്ള വഴിയായി അല്ലാഹു ഹജ്ജിനെ പരിഗണിച്ചിരിക്കുന്നു. തിരുമേനി(സ) പറയുന്നു:’പുണ്യകരമായ ഹജ്ജിന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം’.(ബുഖാരി, മുസ്‌ലിം)
നരകമോക്ഷത്തിനുള്ള കാരണമായി തിരുമേനി(സ) ഹജ്ജിനെ എണ്ണിയിരിക്കുന്നു. റസൂല്‍ കരീം(സ) പറഞ്ഞു:’അറഫാ ദിനത്തേക്കാള്‍ കൂടുതലായി അല്ലാഹു മറ്റേതൊരു ദിനത്തിലും നരകത്തില്‍ നിന്ന് അടിമകളെ മോചിപ്പിക്കുന്നില്ല. അല്ലാഹു താഴേക്കുവന്ന്, മാലാഖമാര്‍ക്ക് മുന്നില്‍ അഭിമാനിക്കുന്ന ദിനമാണ് അത്.'(മുസ്‌ലിം)
ദൈവികമാര്‍ഗത്തിലെ സമരത്തോടാണ് അല്ലാഹു ഹജ്ജിനെ ചേര്‍ത്തുവെച്ചിരിക്കുന്നത്. ആഇശ(റ) പരാതിയുമായി പ്രവാചകന്റെ(സ) സമീപത്തെത്തി. ‘അല്ലാഹുവിന്റെ ദൂതരേ, ജിഹാദാണല്ലോ ഏറ്റവും ശ്രേഷ്ഠകരമായ കര്‍മം. ഞങ്ങള്‍ ജിഹാദ് ചെയ്യട്ടെ? തിരുമേനി(സ) അവരോടുപറഞ്ഞു ‘വേണ്ട, ഏറ്റവും ഉത്തമമായ ജിഹാദ് പുണ്യകരമായ ഹജ്ജാണ്’.(ബുഖാരി).
ഹജ്ജ് കര്‍മം നിര്‍വഹിക്കല്‍ ധനസൗഭാഗ്യത്തിനും, ഭൗതിക വിഭവങ്ങള്‍ക്കും കാരണമാകുമെന്ന് തിരുമേനി(സ) പഠിപ്പിച്ചു.’നിങ്ങള്‍ ഹജ്ജും ഉംറയും ഇടവിട്ട് നിര്‍വഹിക്കുക. ദാരിദ്ര്യത്തെയും, പാപങ്ങളെയും അത് കഴുകിക്കളയുന്നതാണ്. കൊല്ലന്റെ ഉല ഇരുമ്പിന്റെ ചെളി കളയുന്നത് പോലെ’. (നസാഈ)
ഇതിനേക്കാള്‍ വലിയ എന്തു വാഗ്ദാനമാണ് നമുക്ക് വേണ്ടത്? ഇതിനേക്കാള്‍ വലിയ ആദരവെന്തുണ്ട്? എത്ര മഹത്തരമായ പ്രതിഫലമാണ് അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അല്ലാഹു പറഞ്ഞത് തീര്‍ത്തും സത്യമത്രെ:’പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം’.(യൂനുസ് 58).