ഏറ്റവും ശ്രേഷ്ഠകരമായ ആരാധനയേതെന്ന കാര്യത്തില്‍ ഇമാം അബൂഹനീഫക്ക് സന്ദേഹമുണ്ടായിരുന്നുവത്രെ. ജീവിതത്തില്‍ ആദ്യമായി ഹജ്ജ് നിര്‍വഹിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞുവത്രെ ‘ഏറ്റവും ശ്രേഷ്ഠകരമായ ആരാധന ഹജ്ജാണെന്ന് എനിക്കിപ്പോള്‍ ഉറപ്പായിരിക്കുന്നു’.
ഹജ്ജിന്റെ ഏറ്റവും മഹത്തായ വശം അത് ദൈവികപദ്ധതിയുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നതാണ്. ഇബ്‌റാഹീം നബി(അ) തുടങ്ങിവെച്ച് മുഹമ്മദ്(സ) പൂര്‍ത്തീകരിച്ച കര്‍മപദ്ധതിയാണ് അത്. ഹജ്ജില്‍ വിശ്വാസി നിര്‍വഹിച്ച് കൊണ്ടിരിക്കുന്ന വിവിധങ്ങളായ ചടങ്ങുകള്‍ ഈ ദൈവിക പദ്ധതിയുടെ വിവിധ ഘട്ടങ്ങളെ പ്രതീകവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. വിശ്വാസി ഹജ്ജ് ചെയ്യാനായി തന്റെ നാടും വീടും ഉപേക്ഷിച്ച് പരിശുദ്ധ കഅ്ബാലയത്തിലേക്ക് യാത്രയാവുന്നു. മഹാനായ ഇബ്‌റാഹീം പ്രവാചകന്‍(സ) ഇറാഖില്‍ നിന്ന് കഅ്ബാലയത്തിലേക്ക് ഹിജ്‌റ ചെയ്തതിനെയാണ് ഇത് കുറിക്കുന്നത്.
തന്റെ സാധാരണ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് രണ്ട് വെള്ളത്തുണിയാണ് അണിയുന്നത്. ഇബ്‌റാഹീംനബിയും മകന്‍ ഇസ്മാഈലും ധരിച്ചിരുന്ന വളരെ ലളിതമായ വസ്ത്രത്തെയാണ് അത് പ്രതീകവത്കരിക്കുന്നത്. മക്കയിലെത്തി കഅ്ബാ പ്രദിക്ഷിണം നടത്തുന്നത് വഴി ഇബ്‌റാഹീം നബി(അ)യുടെയും മകന്‍ ഇസ്മാഈല്‍(അ)ന്റെയും മാതൃക തന്നെയാണ് വിശ്വാസി പിന്തുടരുന്നത്. സ്വഫാ-മര്‍വക്കിടയില്‍ ഏഴ് തവണ ഓടുന്ന വിശ്വാസി മരുഭൂമിയില്‍ വെള്ളം തേടി അലഞ്ഞ ഹാജറിന്റെ സ്മരണ പുതുക്കുകയാണ് ചെയ്യുന്നത്.
മിനായില്‍ ചെന്ന് ബലിയറുക്കുമ്പോള്‍ ഇബ്‌റാഹീം നബി(അ) തന്റെ മകനെ ബലി നല്‍കാന്‍ സന്നദ്ധമായതിന്റെ മാതൃകയാണ് സമര്‍പിക്കുന്നത്. തന്നെ വഴിപിഴപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞോടിച്ച ഇസ്മാഈല്‍(അ)ന്റെ പാരമ്പര്യമാണ് ജംറയിലെ കല്ലേറിലൂടെ വിശ്വാസി മുറുകെ പിടിക്കുന്നത്. ശേഷം എല്ലാ ഹാജിമാരും അറഫയില്‍ സംഗമിക്കുന്നു. ഹാജിമാര്‍ ഉരുവിടുന്ന ലബ്ബൈകയുടെ പരിപൂര്‍ണവും, ഒടുവിലത്തെതുമായ രൂപമാണ് അത്. തുറന്ന മൈതാനത്ത് അല്ലാഹുവിനോട് സംഘം ചേര്‍ന്ന് കരാറെടുക്കുകയാണ് അവര്‍. ആരുടെ പാവനസ്മരണയുടെ അടിസ്ഥാനത്തിലാണോ ഹജ്ജ് നിര്‍വഹിക്കുന്നത്, ആ മഹാന്മാരായ പ്രവാചകന്‍മാരുടെ പാരമ്പര്യം പിന്‍പറ്റി വരാനിരിക്കുന്ന ജീവിതത്തെ ദൈവിക നിയമങ്ങള്‍ക്ക് വിധേയപ്പെടുത്തി ക്രമീകരിക്കുമെന്ന കരാറാണ് അത്. ഹജ്ജിലെ കര്‍മങ്ങളെ വിശുദ്ധ ഖുര്‍ആന്‍ ചിഹ്നങ്ങള്‍ അഥവാ അടയാളങ്ങള്‍ എന്നാണ് വിശേഷിപ്പിച്ചത്. അല്ലാഹുവിന്റെ പദ്ധതി പ്രയോഗവത്കരിക്കുമ്പോള്‍ ഇബ്‌റാഹീം(അ)ഉം കുടുംബവും അഭിമുഖീകരിച്ച ഓരോ ഘട്ടങ്ങളാണ് അവ. അവയെ പ്രതീകാത്മകമായി നിറവേറ്റുന്നത് മുഖേന വിശ്വാസിയും പ്രസ്തുത ചരിത്രത്തിന്റെ ഒരു ഭാഗമായിത്തീരുകയാണ്.
വരാനിരിക്കുന്ന ജീവിതത്തില്‍ ദൈവിക മാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുമെന്നും, പൈശാചികമായ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും എറിഞ്ഞോടിക്കുമെന്നും, അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുന്നതിനായി തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ബലി നല്‍കാന്‍ തയ്യാറാണെന്നും വിശ്വാസി ഹജ്ജിലൂടെ പ്രഖ്യാപിക്കുന്നു.
ഇറാഖില്‍ നിന്ന് മക്കയിലേക്കുള്ള ഇബ്‌റാഹീമിന്റെ യാത്രയും, അതിലൂടെ അദ്ദേഹത്തിനും കുടുംബത്തിനുമുണ്ടായ അനുഭവങ്ങളും മഹത്തായ ദൈവികമായ പദ്ധതികളുടെ ഭാഗമായിരുന്നു. മനുഷ്യ മനസ്സിന് മേല്‍ ബഹുദൈവ വിശ്വാസ സങ്കല്‍പം അധീശത്വം സ്ഥാപിച്ച ചരിത്രഘട്ടമായിരുന്നു അത്. ജീവിതത്തിലെ എല്ലാ മേഖലകളിലും അതിന്റെ സ്വാധീനം പ്രകടമായിരുന്നു. തലമുറകളായി അവര്‍ കൈമാറിയിരുന്ന ജീവിത വീക്ഷണമായിരുന്നു അത്. അക്കാലത്ത് പിറന്നുവീഴുന്ന ഓരോ കുഞ്ഞും അനന്തരമെടുക്കപ്പെട്ടതും വളര്‍ന്നതും പ്രസ്തുത വിശ്വാസ സങ്കല്‍പത്തിന്മേലായിരുന്നു.
ശിര്‍ക്കിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ദൈവികമായ പദ്ധതി രൂപപ്പെടാനുണ്ടായ സാഹചര്യം ഇതായിരുന്നു. മനുഷ്യവാസമില്ലാത്ത ഒരു പ്രദേശമായിരുന്നു അതിന് ആദ്യമായി വേണ്ടിയിരുന്നത്. അതിനാല്‍ തന്നെ വരണ്ടുണങ്ങിയ, ലോകത്തുനിന്ന് ഒറ്റപ്പെട്ട അറേബ്യന്‍ മരുഭൂമിയെ അല്ലാഹു തെരഞ്ഞെടുത്തു.
ഈ വിജനമായ മരുപ്രദേശത്ത് ജീവിക്കാന്‍ സന്നദ്ധനായ വ്യക്തിയായിരിക്കണം അവിടത്തെ സന്ദേശവാഹകന്‍. അവിടത്തെ ജീവിതം വളരെ പ്രയാസകരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ് അതിനെ സ്വീകരിക്കുന്നവനായിരിക്കണം അയാള്‍. അങ്ങനെയാണ് ഇബ്‌റാഹീം(അ) തന്റെ മകനെ ബലിയറുക്കുന്നതായി സ്വപ്‌നം കാണുന്നത്. ദൈവികമായ പദ്ധതിയിലേക്ക് ഇബ്‌റാഹീമിനെ തെരഞ്ഞെടുത്തിരിക്കുന്നു എന്നത് സംബന്ധിച്ച സൂചനയായിരുന്നു അത്. സ്വന്തം കുടുംബവുവമായി അന്നത്തെ ഹിജാസില്‍ താമസിക്കുന്നതിനായി യാത്ര പുറപ്പെട്ടു ഇബ്‌റാഹീം(അ). മരണമുഖത്ത് ജീവിക്കുന്നതിന് തുല്യമായിരുന്നു അന്ന് ആ മരുഭൂമിയില്‍ ജീവിക്കുകയെന്നത്.
വെള്ളവും പച്ചപ്പുമില്ലാത്തതിനാല്‍ ആരും താമസിക്കാത്ത പ്രദേശമായിരുന്നു അത്. കൂടെ ബഹുദൈവ വിശ്വാസ സങ്കല്‍പത്തിന്റെ സ്വാധീനത്തില്‍ നിന്നും അത് മുക്തമായിരുന്നു. ഇത് തന്നെയായിരുന്നു ഒരു പുതുതലമുറക്ക് തുടക്കം കുറിക്കുന്നതിനുള്ള സ്ഥാനമായി അതിനെ തെരഞ്ഞെടുക്കാനുള്ള യോഗ്യതയും. തന്റെ മകനെ ബലിയറുക്കാന്‍ തയ്യാറായ ഇബ്‌റാഹീം(അ) കത്തി അവന്റെ കഴുത്തില്‍ വെച്ചു, തന്റെ ത്യാഗ സന്നദ്ധത പ്രഖ്യാപിച്ചു. അതിനാലാണ് അല്ലാഹു അവരെ രണ്ടുപേരെയും ഈ മഹത്തായ ഉദ്യമത്തിന് തെരഞ്ഞെടുത്തത്.
ഇസ്മാഈലിന്റെ പരമ്പരയില്‍ നിന്നും ഒരു പ്രവാചകനെ നിയോഗിക്കണമെന്ന ഇബ്‌റാഹീമി(അ)ന്റെ പ്രാര്‍ത്ഥനക്കുള്ള ഉത്തരമായിരുന്നു മുഹമ്മദ്(സ). പക്ഷേ ആ പ്രാര്‍ത്ഥനക്കും അതിന്റെ ഉത്തരത്തിനുമിടയില്‍ 2500 വര്‍ഷത്തിന്റെ വിടവുണ്ടായിരുന്നുവെന്ന് മാത്രം. ബഹുദൈവ വിശ്വാസ സങ്കല്‍പത്തിന്റെ സ്വാധീനമില്ലാത്ത ഒരു പുതുതലമുറയെ ഒരുക്കുകയായിരുന്നു ഇക്കാലമത്രയും. പ്രവാചകന്റെ കൂടെ നിലകൊള്ളാനും, സന്ദേശത്തിന്റെ പൂര്‍ത്തീകരണത്തിന് അദ്ദേഹത്തെ സഹായിക്കാനും പറ്റിയ വിധത്തില്‍ ‘മരുഭൂമിയന്‍ പരിശീലനം’ നല്‍കുകയായിരുന്നു അവര്‍ക്ക്. അതിനാലാണ് ആ സംഘത്തെ അല്ലാഹു ഉത്തമ സമൂഹം എന്ന് പേരുവിളിച്ചത്. ചരിത്രത്തിലെ തീര്‍ത്തും അപൂര്‍വവും, അല്‍ഭുതകരവുമായ സമൂഹമായിരുന്നു അത്.
മക്കയില്‍ വളര്‍ന്നുവന്ന ഈ തലമുറയില്‍ സാമ്പ്രദായിക ബഹുദൈവത്വ സ്വാധീനം പ്രകടമായിരുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ പരിശുദ്ധമായ തലമുറ തന്നെയായിരുന്നു. പ്രവാചകനോട് ശത്രുത കാണിച്ചിരുന്നവരെല്ലാം അജ്ഞത കാരണത്താലായിരുന്നു അപ്രകാരം ചെയ്തിരുന്നത്. മുഹമ്മദ്(സ) യഥാര്‍ത്ഥ പ്രവാചകനാണെന്ന് അറിഞ്ഞ മാത്രയില്‍ അവര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തിന് ചുറ്റും ഊര്‍ജ്ജസ്വലരായി അണിനിരക്കുകയും ചെയ്തു.
ഇബ്‌റാഹീം(അ) ഒരുക്കിയെടുത്ത തലമുറയുടെ സവിശേഷത കാര്യങ്ങളെ സ്വതന്ത്രമായി വീക്ഷിക്കുന്നവരായിരുന്നു അവരെന്നതാണ്. അതിനാല്‍ തന്നെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ പൂര്‍ണയോഗ്യരായിരുന്നു അവര്‍. ഈ യാഥാര്‍ത്ഥ്യം ഊട്ടിയുറപ്പിക്കുന്ന മൂന്ന് വിഭാഗങ്ങളെ പറയാം. സത്യസന്ദേശം ലഭിച്ചയുടനെ തന്നെ അത് സ്വീകരിച്ചവരാണ് ഒരുകൂട്ടര്‍. ആദ്യകാലത്ത് സത്യത്തെ നിഷേധിക്കുകയും പിന്നീട് ബോധ്യപ്പെട്ടപ്പോള്‍ സ്വീകരിക്കുകയും ചെയ്തവരാണ് രണ്ടാമത്തേത്. തങ്ങളുടെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വിശ്വാസത്തില്‍ നിന്ന് അകന്നുകഴിഞ്ഞവരാണ് മൂന്നാമത്തെ വിഭാഗം.
ഖാലിദ് ബിന്‍ സഈദ് ബിന് ആസ്വ്(റ) പ്രവാചകനില്‍ ആദ്യം വിശ്വസിച്ചവരുടെ കൂട്ടത്തിലായിരുന്നു. ഒരു ദിവസം ഖാലിദ് തിരുമേനി(സ)യുടെ അടുത്തുവന്നു ചോദിച്ചു ‘മുഹമ്മദ്, താങ്കളെന്തിലേക്കാണ് ക്ഷണിക്കുന്നത്? അദ്ദേഹം പറഞ്ഞു: ‘അല്ലാഹു ഏകനാണ്, അവന് പങ്കുകാരില്ല, മുഹമ്മദ് അവന്റെ അടിമയും ദൂതനുമാണ്, നീ ആരാധിക്കുന്ന കേള്‍ക്കുകയോ കാണുകയോ ഉപകരിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യാത്ത കല്ലുകളെ അവന്‍ ഉപേക്ഷിച്ചിരിക്കുന്നു’. ഇത്രയും കേട്ട ഖാലിദ് കലിമ ചൊല്ലി ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഇസ്‌ലാമില്‍ പ്രവാചകന് അങ്ങേയറ്റത്തെ സന്തോഷമുണ്ടായി. തന്റെ മകന്‍ ഇസ്‌ലാം സ്വീകരിച്ച വിവരമറിഞ്ഞ സഈദ് ബിന് ആസ്വ് അവനെ പിടിച്ചുകൊണ്ട് വരാന്‍ മറ്റുമക്കളെ അയച്ചു. അവരദ്ദേഹത്തെ പിടിച്ചുകൊണ്ടുവന്ന് മര്‍ദ്ദിച്ചവശനാക്കി. ‘നീ മുഹമ്മദിനെ പിന്‍പറ്റുകയോ? അദ്ദേഹത്തിന്റെ സമൂഹം മുഴുവന്‍ അയാള്‍ക്കെതിരാണ്.’ എന്നതായിരുന്നു പിതാവിന്റെ ന്യായം. ഖാലിദ് മറുപടി പറഞ്ഞത് ഇപ്രകാരമാണ് ‘അല്ലാഹുവാണ, അദ്ദേഹം പറഞ്ഞത് സത്യമാണ്.. ഞാന്‍ അദ്ദേഹത്തെ പിന്‍പറ്റിയിരിക്കുന്നു’. (ത്വബഖാത്ത് ഇബ്‌നു സഅ്ദ് 4/94).
ഇസ്‌ലാമിന്റെ ശത്രുക്കളുടെ നേതാവായിരുന്ന സുഹൈല്‍ ബിന്‍ അംറ് രണ്ടാമത്തെ വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഹുദൈബിയ സന്ധി രേഖപ്പെടുത്തുമ്പോള്‍ ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള നേതാവ് അദ്ദേഹമായിരുന്നു. തിരുമേനി(സ)യുടെ വിശേഷണമായി അല്ലാഹുവിന്റെ ദൂതന്‍ എന്ന് എഴുതിയപ്പോള്‍ അത് മായ്ച്ചുകളയണമെന്ന് ശഠിച്ചയാളാണ് അദ്ദേഹം.
എന്നാല്‍ ചരിത്രം നമുക്ക് വിവരിച്ചുതരുന്നത് സുഹൈല്‍ ബിന്‍ അംറ് തന്റെ വിശ്വാസത്തില്‍ നൂറുശതമാനം സത്യവാനായിരുന്നുവെന്നാണ്. തന്റെ അജ്ഞത കാരണം മാത്രമാണ് അദ്ദേഹം ഇസ്‌ലാമിനെ എതിര്‍ത്തത്. മുഹമ്മദ്(സ) സത്യവാനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ജീവിതം മുഴുവന്‍ ആ മാര്‍ഗത്തില്‍ ഉഴിഞ്ഞുവെക്കുകയും ചെയ്തു. പ്രവാചക വിയോഗത്തെ തുടര്‍ന്ന് ചിലര്‍ ദീനില്‍ നിന്ന് പുറത്തുപോയപ്പോള്‍ തന്റെ വിശ്വാസദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് സുഹൈല്‍ ബിന്‍ അംറ് ചെയ്തത്.
ഇബ്‌റാഹീം(അ)ല്‍ നിന്ന് തുടങ്ങി മുഹമ്മദ്(സ)യില്‍ അവസാനിച്ച ദൈവിക പദ്ധതിയുടെ ഫലമായിരുന്നു ഈ ഉത്തമ തലമുറ. മക്ക കേന്ദ്രീകരിച്ചായിരുന്നു അല്ലാഹു തന്റെ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ആ ചരിത്രത്തിന്റെ പ്രതീകാത്മക പുനരവതരണമാണ് ഓരോ വര്‍ഷത്തേയും ഹജ്ജ്. മറ്റൊരു ഭാഷയില്‍പറഞ്ഞാല്‍, ഇബ്‌റാഹീം(അ) തുടങ്ങി വെച്ച, മുഹമ്മദ്(സ) പൂര്‍ത്തീകരിച്ച വിശ്വാസ ചരിത്രത്തെ പ്രതീകാത്മകമായി പുനരവതരിപ്പിക്കാനുള്ള ശ്രമമാണ് നമ്മുടെ ഹജ്ജ്.
Add Comment