ഹജ്ജിന്റെ ആരംഭം ജ്ഞാനമത്രെ. ദീനില്‍ ഹജ്ജിനുള്ള പ്രാധാന്യം സംബന്ധിച്ച ബോധം. പിന്നെ യഥാക്രമം അതിനോടുള്ള പ്രേമം. ദൃഢ നിശ്ചയം, തടസ്സ നിര്‍മാര്‍ജ്ജനം, ഇഹ്‌റാം, പുടവ വാങ്ങല്‍, പാഥേയ സംഭരണം, വാഹന സമ്പാദനം, പുറപ്പാട്, പ്രയാണം, ഹജ്ജ് ചടങ്ങുകളുടെ അനുഷ്ഠാനം.
ജ്ഞാനം: ഭൗതികേഛകളില്‍ നിന്നു മുക്തനാകാതെ, അനിവാര്യമായതില്‍ കവിഞ്ഞ ജഡിക സുഖങ്ങള്‍ വെടിയാതെ, ചലന സ്തംഭങ്ങളിലഖിലം അല്ലാഹുവിനെ ലക്ഷ്യമാക്കാതെ, പരിശുദ്ധനും അത്യുന്നതനുമായ അല്ലാഹുവിലേക്കെത്തിച്ചേരുക സാധ്യമല്ലെന്നറിയുക… സൃഷ്ടികള്‍ ദേഹേഛകളെ അനുധാവനം ചെയ്യുകയും അല്ലാഹുവിന്നു മാത്രമായി ഇബാദത്തു ചെയ്യുന്നത്
ഉപേക്ഷിക്കുകയും അവനില്‍നിന്ന് അകലുകയും ചെയ്തപ്പോള്‍, പരലോക മാര്‍ഗത്തിലേക്കു വെളിച്ചം കാണിക്കുന്നതിന്നും പ്രവാചക പുംഗവന്‍മാരുടെ ചര്യകളും സ്വഭാവങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിന്നും അല്ലാഹു മുഹമ്മദ് നബി(സ)യെ നിയോഗിച്ചയച്ചു. അങ്ങനെ അല്ലാഹു ഈ സമുദായത്തെ, ഹജ്ജ് അവര്‍ക്ക് ഒരു സന്ന്യാസമായരുളി അനുഗ്രഹിച്ചു. പുണ്യപുരാതനമായ വിശുദ്ധ ഗേഹത്തെ തന്റേത് എന്നു വിശേഷിപ്പിച്ച് മഹത്ത്വപ്പെടുത്തി. അതിനെ ഗേഹനാഥനോട് വിനയവും അവന്റെ പ്രൗഢിയുടെയും പ്രതാപത്തിന്റെയും മുന്നില്‍ വണക്കവും താഴ്മയും പതിതത്വവും കാണിക്കുന്ന, സകലമാന മരുഭൂമികളും മലയിടുക്കുകളും താണ്ടുന്ന, ജട പിടിച്ച, പൊടിപുരണ്ട സന്ദര്‍ശകരുടെ ലക്ഷ്യമായ രാജധാനിക്കു തുല്യമാക്കി. ഒരു മന്ദിരത്തിന്നോ നാട്ടിന്നോ ഉള്‍ക്കൊള്ളാവുന്നതിന്നതീതനാണവനെന്നംഗീകരിച്ചുകൊണ്ട് തന്നെ അവരെല്ലാം അവിടെ എത്തിച്ചേരുന്നത് തങ്ങളുടെ ദാസ്യവും അടിമത്തവും ഏറ്റവും ഉജ്ജ്വലമായി പ്രകടിപ്പിക്കുന്നതിന്നാണ്. അതിനാല്‍ മനസ്സിനിണങ്ങാത്തതും ബുദ്ധിക്ക് ഉള്‍ക്കൊള്ളാത്തതുമായ ചില കര്‍മ്മങ്ങള്‍ അവിടെ നിശ്ചയിക്കപ്പെട്ടു. കല്ലേറ്, സഫാ മര്‍വകള്‍ക്കിടയിലുള്ള ആവര്‍ത്തന സഞ്ചാരം തുടങ്ങിയവ ഉദാഹരണങ്ങള്‍.
ഇത്തരം കര്‍മ്മങ്ങളിലൂടെ പൂര്‍ണ്ണമായ ദാസ്യവും അടിമത്തവും പ്രകടമാക്കപ്പെടുന്നു. സകാത്തിന്റെ ന്യായം സുഗ്രാഹ്യമാണ്. അതു യുക്തിസഹവുമാണ്. ദൈവശത്രുവിന്റെ ആയുധമായ കാമലോഭാതി ജഡികവികാരങ്ങളെ ക്ഷയിപ്പിച്ച്, ലൗകിക വ്യാപാരങ്ങളില്‍ നിന്നകന്ന് ഇബാദത്തില്‍ നിമഗ്നമാവുകയാണ് വ്രതാനുഷ്ഠാനം. വിനയത്തിന്റെയും വണക്കത്തിന്റെയും ചേഷ്ടകളിലൂടെ അല്ലാഹുവിന്നോട് അനുസരണവും വിധേയത്വവും പ്രകടിപ്പിക്കുകയാണ് നമസ്‌കാരത്തിലെ റുകൂഉം സുജൂദും. അല്ലാഹുവിനെ വണങ്ങുന്നതു മനോരഞ്ജകമാണ്. എന്നാല്‍ സഅ്‌യ്, കല്ലേറ് പോലുള്ള ചടങ്ങുകള്‍ മനസ്സിനപരിചിതമാണ്. യുക്തിക്കതീതമാണ്. കേവലമായ ദൈവഹിതവും കല്പിക്കപ്പെട്ടത് എന്ന നിലക്കു മാത്രമുള്ള അനുസരണോദ്ദേശ്യവുമല്ലാതെ അവയ്ക്കു മറ്റൊരു പ്രേരകവുമില്ല. ബുദ്ധി അതില്‍ വ്യാപരിക്കുന്നതില്‍ നിന്നകന്നു നില്ക്കുന്നു. മനസ്സും പ്രകൃതിയും അതിനോടിണങ്ങുന്നില്ല. ബുദ്ധികൊണ്ട് അര്‍ത്ഥം കണ്ടെത്തുന്ന ഏതു സംഗതിയോടും മനുഷ്യപ്രകൃതി ഇണങ്ങിച്ചേരും. ആ ഇണക്കം ആജ്ഞയുടെ നിര്‍ണ്ണായക ശക്തിയും അതോടൊപ്പം അത് പ്രവര്‍ത്തിക്കുന്നതിന്നുള്ള പ്രേരകവുമായിത്തീരുന്നു. അവിടെ സമ്പൂര്‍ണ്ണമായ വണക്കവും അടിമത്തവും പ്രകടമാവുകയില്ല. അതുകൊണ്ടാണ് നബി(സ) ഹജ്ജില്‍ ഇപ്രകാരം പറഞ്ഞത്: ‘അല്ലാഹുവേ, അടിമത്തത്താലും ദാസ്യത്താലും സത്യസന്ധമായ ഹജ്ജുകൊണ്ട് ഞങ്ങള്‍ വിളികേള്‍ക്കുന്നു. ‘ നമസ്‌കാരത്തിലോ മറ്റു ഇബാദത്തുകളിലോ അവിടുന്ന് അപ്രകാരം പറഞ്ഞിട്ടില്ല.
സൃഷ്ടികളുടെ വിജയം, അവരുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ജന്‍മവാസനകള്‍ക്കെതിരാകുന്നതിലും അതിന്റെ കടിഞ്ഞാണ്‍ ശരീഅത്തിന്റെ ഹസ്തത്തിലാകുന്നതിലും അതിലൂടെ അവര്‍ വിധേയത്വചര്യയെയും അടിമത്തത്തിന്റെ താല്പര്യത്തെയും സ്വാംശീകരിക്കുന്നതിലും ബന്ധപ്പെട്ടതായിരിക്കുക അല്ലാഹുവിന്റെ യുക്തിയുടെ താല്പര്യമാകുന്നു. അതിനാല്‍ അര്‍ത്ഥമറിയാത്ത ചടങ്ങുകള്‍, ആത്മ സംസ്‌കരണത്തിനും ആത്മാവിനെ ജഡിക താല്‍പര്യങ്ങളിലേക്കു നയിക്കുന്നതിലും എറ്റവും ശക്തമായ ഇബാദത്തുകളായിത്തീരുന്നു. ഈ യാഥാര്‍ത്ഥ്യം ഗ്രഹിച്ചു കഴിഞ്ഞാല്‍ ഇത്തരം കര്‍മ്മങ്ങളില്‍ ആത്മാവിനുണ്ടാകുന്ന അത്ഭുതത്തിന്റെ ഉറവിടം കേവലം ഇബാദത്തുകളുടെ രഹസ്യങ്ങളെ സംബന്ധിച്ച അവയുടെ അജ്ഞതയാണെന്നു എളുപ്പത്തില്‍ മനസ്സിലാക്കാം. ഹജ്ജിന്റെ യാഥാര്‍ഥ്യം ഗ്രഹിക്കാന്‍ ഇത്രയും മതി ഇന്‍ശാ അല്ലാഹ്.
ഹജ്ജ് പ്രേമം: ഹജ്ജിന്റെ യാഥാര്‍ത്ഥ്യം ഗ്രഹിച്ച് കഅ്ബ അല്ലാഹുവിന്റെ ഗേഹമാണെന്ന് തിരിച്ചറിയുന്നവന്‍ അല്ലാഹുവിനെ ലക്ഷ്യമാക്കുന്നവനും സന്ദര്‍ശിക്കുന്നവനുമാണെന്നും ബോധ്യപ്പെട്ട ശേഷമാണ് അതിനോട് പ്രേമം ഉടലെടുക്കുന്നുത്.. അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള വെമ്പല്‍ അനിവാര്യമായും ആ കണ്ടുമുട്ടലിനുള്ള ഉപാധികള്‍ സംഘടിപ്പിക്കുന്നതിലേക്കു ത്വരിപ്പിക്കുന്നു. അതോടൊപ്പം സ്‌നേഹിക്കുന്നവന്‍ തന്റെ സ്‌നേഹഭാജനത്തോട് ചേര്‍ന്നതെല്ലാം ഇഷ്ടപ്പെടുന്നു. കഅ്ബാ മന്ദിരം അല്ലാഹുവിലേക്കു ചേര്‍ക്കപ്പെട്ടതാണ്. അതിനാല്‍ അതുമൂലം ലഭ്യമാകുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട മഹത്തായ പ്രതിഫലങ്ങള്‍ കാംക്ഷിക്കുന്നതിനു പുറമെ, അല്ലാഹുവിലേക്കു ചേര്‍ക്കപ്പെട്ടത്് എന്നതുകൊണ്ടു മാത്രം തന്നെ കഅ്ബാ സന്ദര്‍ശനം അഭികാമ്യമാകുന്നു.
ദൃഢ നിശ്ചയം: വീടും കുടുംബവും ദേശവും വിട്ടകലാനും ഭൗതികമോഹങ്ങളും രസങ്ങളും വെടിയാനും ദൃഢനിശ്ചയം ചെയ്ത് അല്ലാഹുവിന്റെ ഗേഹം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചവനാണ് താന്‍ എന്ന ബോധ്യം അയാള്‍ക്കുണ്ടായിരിക്കണം. ദിവ്യ ഗേഹത്തിന്റെയും അതിന്റെ നാഥന്റെയും മഹത്വത്തെ അയാള്‍ മനസ്സുകൊണ്ടു വന്ദിക്കണം. താന്‍ അതിമഹത്തായ സംരംഭത്തിനാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് അയാള്‍ മനസ്സിലാക്കട്ടെ. മഹത്തായതിനെ തേടുന്നവന്‍ മഹിത കാര്യങ്ങള്‍ ചിന്തിക്കുന്നു. പ്രശസ്തിയുടെയും ലോകമാന്യത്തിന്റെയും മോഹങ്ങളില്‍ നിന്നകന്ന്, ദൈവ പ്രീതിക്കുള്ള നിഷ്‌കളങ്കകാംക്ഷയാകട്ടെ അയാളുടെ സുനിശ്ചിതമായ ഉന്നം. ശുദ്ധമായ ഉദ്ദേശ്യവും കര്‍മവും മാത്രമേ അവന്‍ സ്വീകരിക്കൂ എന്ന് അയാള്‍ നന്നായി അറിഞ്ഞിരിക്കണം. അല്ലാഹുവല്ലാത്തവരെ ഉദ്ദേശിച്ച് അവന്റെ ഗേഹത്തിലേക്കും ഹറമിലേക്കും സഞ്ചരിക്കുന്നത് നീചാല്‍ നീചതരമത്രെ. അതിനാല്‍ ഉദ്ദേശ്യം ശോധന ചെയ്യേണ്ടതനിവാര്യമാകുന്നു. ആത്മാര്‍ത്ഥതയാണ് ഉദ്ദേശ്യത്തിന്റെ വിശുദ്ധി. പ്രകടനാത്മകതയും പ്രശംസാ മോഹവും ഉള്‍ക്കൊള്ളുന്ന എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുന്നതിലൂടെയാണ് ആത്മാര്‍ത്ഥത സ്ഫുടമാവുക. കര്‍മങ്ങള്‍ ഉന്നതമായ പുണ്യമാകുന്നതിനു പകരം വിലകെട്ട കോപ്രായമായിപ്പോകുന്നതു സൂക്ഷിക്കുക.
തടസ്സ നിര്‍മാര്‍ജ്ജനം: അന്യരുടെ അവകാശങ്ങള്‍ പിടിച്ചു വച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം തിരിച്ചു കൊടുത്ത് പാപങ്ങളില്‍നിന്നെല്ലാം പശ്ചാത്തപിക്കുകയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ഓരോ അവകാശഹനനവും ഓരോ തടസ്സമാണ്. ഓരോ തടസ്സവും അവധിയെത്തിയ കടമുള്ള ഉത്തമര്‍ണ്ണനെപ്പോലെയാകുന്നു. അധമര്‍ണ്ണന്റെ തുണിത്തുമ്പില്‍ പിടികൂടികൊണ്ട് അയാള്‍ വിളിച്ചു ചോദിക്കുന്നു: എങ്ങോട്ടാണ് നീ പോകുന്നത്? രാജാധിരാജന്റെ കൊട്ടാരത്തിലേക്കു പുറപ്പെട്ടിരിക്കുകയാണോ? നിന്റെ ഈ വീട്ടില്‍ അവന്റെ ആജ്ഞയെ പാഴിലാക്കിക്കൊണ്ടും അവനെ നിന്ദിച്ചുകൊണ്ടും അവഗണിച്ചുകൊണ്ടും? ഒരു ധിക്കാരിയായ അടിമയായിക്കൊണ്ട് അവന്റെ മുമ്പില്‍ ചെല്ലാനും എന്നിട്ട് യാതൊന്നും സ്വീകരിക്കപ്പെടാതെ നീ തിരിച്ചോടിക്കപ്പെടാനും ഇടവരുന്നതില്‍ നിനക്കു ലജ്ജയില്ലെന്നോ? നിന്റെ സന്ദര്‍ശനം സ്വീകരിക്കപ്പെടണമെങ്കില്‍ നീ അവന്റെ കല്പനകള്‍ നടപ്പിലാക്കുക. അവകാശങ്ങള്‍ തിരിച്ചേല്പിക്കുക, ആദ്യമായി പശ്ചാത്തപിക്കുക. നിന്റെ പിന്നിലുള്ളതിലേക്കു തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുന്ന ഹൃദയ ബന്ധങ്ങളെ അറുത്തുകളയുക; നിന്റെ മുതുക് നിന്റെ വീട്ടിലേക്കഭിമുഖമായതു പോലെ മനസ്സ് അല്ലാഹുവിലേക്കഭിമുഖമായിരിക്കണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിന്റെ യാത്രയുടെ തുടക്കം ക്ലേശവും പാരവശ്യവും ഒടുക്കം തിരസ്‌കാരവും ബഹിഷ്‌കരണവും മാത്രമേനിനക്കു നേടിത്തരൂ.
പാഥേയം: തികച്ചും അനുവദനീയമായ മാര്‍ഗ്ഗത്തിലൂടെയാണ് അത് സംഭരിക്കേണ്ടത്. പാഥേയം ലക്ഷ്യത്തിലെത്തും മുമ്പ് കേടുവരാതെയും തീര്‍ന്നുപോകാതെയും യാത്രയിലുടനീളം ശേഷിക്കുമാറ് അധികരിപ്പിക്കുന്നതിന്നു വ്യഗ്രത തോന്നുന്നുവെങ്കില്‍ ഓര്‍ക്കുക, ഇതിലും എത്രയോ സുദീര്‍ഘമാണ് പരലോക യാത്ര. അതിലെ പാഥേയം തഖ്‌വ മാത്രമാകുന്നു. അതല്ലാത്ത എല്ലാ പാഥേയങ്ങളും മരണവേളയില്‍ മനുഷ്യനെ വഞ്ചിച്ചു പിന്‍മാറിക്കളയും; ഈര്‍പ്പമുള്ള ഭക്ഷ്യവസ്തുക്കള്‍ ദീര്‍ഘയാത്രയുടെ ഒന്നാം ഘട്ടത്തില്‍ തന്നെ നശിച്ചുപോകുന്നതുപോലെ. അങ്ങനെ അവശ്യസന്ദര്‍ഭത്തില്‍ സഞ്ചാരി ഗത്യന്തരമില്ലാതെ പരിഭ്രാന്തനാകുന്നു. പാരത്രിക യാത്രയിലെ പാഥേയങ്ങളായ കര്‍മ്മങ്ങള്‍ മരണാന്തരം അവശേഷിക്കാതെ, ഇതുപോലെ നശിച്ചു പോകുന്നതു സൂക്ഷിച്ചുകൊള്ളുക. കാപട്യത്തിന്റെ കറകളും കുറവുകളുടെ കലര്‍പ്പുകളുമാണതിനെ നശിപ്പിക്കുക.
വാഹനം: അതു ലഭിച്ചു കഴിഞ്ഞാല്‍, തനിക്കുവേണ്ടി ക്ലേശം പേറാന്‍ അതിനെ വിധേയമാക്കിത്തന്ന അല്ലാഹുവിന്നു നന്ദി പറയുക. വഹിക്കപ്പെട്ട ഒരു ശവമഞ്ചമാകുന്നു അത്. ഹജ്ജ് യാത്ര ഒരര്‍ഥത്തില്‍ പരലോക യാത്രക്കു തുല്യമത്രെ. ആ വാഹനം തന്റെ യാത്രയില്‍ ഒരു പാഥേയമാക്കി സഞ്ചരിക്കാന്‍ പറ്റിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അത് അവനോട് എന്തു മാത്രം സമീപസ്ഥമാണ്! മരണം അടുത്തുവോ എന്ന് ആര്‍ക്കും അറിയുകയില്ലല്ലോ. വാഹനത്തില്‍ കയറുംമുമ്പ് ഹാജി ശവമഞ്ചത്തില്‍ കയറിയിട്ടുണ്ടാവണം. ശവമഞ്ചത്തിലെ സവാരി സുനിശ്ചിതവും അനിവാര്യവുമാണല്ലോ. മറ്റു യാത്രാ നിമിത്തങ്ങളുടെ സൗകര്യം സംശയാസ്പദവും. എന്നിരിക്കെ സംശയാസ്പദമായ യാത്രയുടെ പാഥേയങ്ങളൊരുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും സുനിശ്ചിതവും അനിവാര്യവുമായ യാത്രയുടെ കാര്യത്തില്‍ അലംഭാവം കാണിക്കുകയും ചെയ്യുന്നതെങ്ങനെയാണ?്.
അയാള്‍ ഇഹ്‌റാമിന്റെ വസ്ത്രം വാങ്ങുമ്പോള്‍, താന്‍ ശവപ്പുടവ സജ്ജീകരിക്കുകയാണെന്നും അതില്‍ പൊതിയപ്പെടുമെന്നും ഓര്‍ത്തുകൊള്ളട്ടെ. ഒരുപക്ഷേ, അയാള്‍ ദൈവമന്ദിരം ചെന്നെത്തിിയില്ലെന്നും വരും. ദൈവിക ഗേഹത്തിനടുത്തുവെച്ച് അവന്‍ ഇഹ്‌റാമിന്റെ രണ്ടു വസ്ത്രങ്ങള്‍ കൊണ്ട് മുണ്ടുടുക്കുകയും പുതക്കുകയും ചെയ്യുന്നു. ശവപ്പുടവയാല്‍ പൊതിയപ്പെട്ടവനായാണ് മനുഷ്യന്‍ അല്ലാഹുവിനെ കണ്ടുമുട്ടുകയെന്നത് തീര്‍ച്ച. അതുപോലെ പതിവില്‍ നിന്നു ഭിന്നമായ വേഷത്തിലും രൂപത്തിലുമാണവന്‍ അല്ലാഹുവിന്റെ ഗേഹത്തെയും കണ്ടുമുട്ടുക. മരണാനന്തരം അല്ലാഹുവിന്റെ സമക്ഷമണയുമ്പോഴുള്ള വേഷം ഇഹത്തിലെ വേഷങ്ങളില്‍ നിന്നു ഭിന്നമാണല്ലോ. ഇഹ്‌റാമിന്റെ പുടവക്ക് ശവപ്പുടവയോട് അടുത്ത സാമ്യമുണ്ട്. ശവപ്പുടവയെന്ന പോലെ ഇഹ്‌റാമിന്റെ പുടവയും തുന്നപ്പെടുന്നില്ല.
നാട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍, താന്‍ നാടും കുടുംബവും പിരിഞ്ഞ് അല്ലാഹുവിനെ ലക്ഷ്യമാക്കി പുറപ്പെടുകയാണെന്നും തന്റെ യാത്ര ഇതര ഐഹികയാത്രകളോട് സാദൃശ്യമില്ലാത്തതാണെന്നും അവന്‍ അറിഞ്ഞിരിക്കട്ടെ. എന്താണ് തന്റെ ഉദ്ദേശ്യമെന്നും എങ്ങോട്ടാണ് യാത്രയെന്നും ആരെ സന്ദര്‍ശിക്കാനാണ് പുറപ്പെടുന്നതെന്നും അവന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കണം. രാജാധിരാജനെ മുഖം കാണിക്കാനാണ് പോകുന്നത്; അവനെ സന്ദര്‍ശിക്കുന്ന സജ്ജനങ്ങളോടൊപ്പം അവന്‍ വിളിച്ചപ്പോള്‍ വിളി കേട്ടവരും പ്രേരിപ്പിച്ചപ്പോള്‍ പ്രേരിതരായവരും ഉണര്‍ത്തിയപ്പോള്‍ ഉണര്‍ന്നവരുമാണവര്‍. അവര്‍ സംസാര ബന്ധങ്ങള്‍ മുറിച്ചിരിക്കുന്നു. സൃഷ്ടികളെ വേര്‍പിരിഞ്ഞിരിക്കുന്നു. അത്യുന്നതനും അതിമഹാനും പരമശക്തനുമായ നാഥന്റെ ഗേഹം സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടിരിക്കുകയാണവര്‍; ഗൃഹനാഥനെ ദര്‍ശിക്കുന്നതിനു പകരം ഗൃഹം സന്ദര്‍ശിച്ചു സായുജ്യമടയാന്‍.
അവന്റെ മനസ്സില്‍ ലക്ഷ്യത്തിലെത്തുമെന്നും സ്വീകരിക്കപ്പെടുമെന്നുമുള്ള ശുഭപ്രതീക്ഷനിറഞ്ഞു നില്‍ക്കട്ടെ; കുടുംബ ധനാദികളെ പിരിഞ്ഞു യാത്ര ചെയ്യുക എന്ന പ്രവൃത്തികൊണ്ടല്ല മറിച്ച്് , അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും അല്ലാഹുവിന്റെ ഗേഹം സന്ദര്‍ശിക്കുന്നവരോടുള്ള വാഗ്ദാനങ്ങള്‍ അലംഘ്യമാണെന്ന അറിവുകൊണ്ടും ലക്ഷ്യത്തിലെത്താതെ വഴിക്കുവെച്ചു മരണമടഞ്ഞാല്‍ താന്‍ നേരിട്ടു അല്ലാഹുവിങ്കലേക്കു എത്തിയെന്നാശിച്ചു കൊള്ളണം. അല്ലാഹു പറഞ്ഞു; ഒരുവന്‍ അല്ലാഹുവിങ്കലേക്കും അവന്റെ ദൂതങ്കലേക്കും പലായനം ചെയ്യുന്നവനായി തന്റെ വസതിയില്‍നിന്നു പുറപ്പെടുകയും എന്നിട്ടു മരിച്ചുപോവുകയും ചെയ്താല്‍ അവന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ സുനിശ്ചിതമായിരിക്കുന്നു.’ (4: 100)
ദുര്‍ഘടങ്ങള്‍ തരണം ചെയ്തു മീഖാത്തുവരെ സഞ്ചരിക്കുന്നത്, മരണത്തിലൂടെ ഇസ്്‌ലാമില്‍ നിന്നു പുറപ്പെട്ടു ഖിയാമത്തുനാളാകുന്ന മീഖാത്തുവരെയുള്ള യാത്രയിലെ ആവശ്യങ്ങളും കഷ്ടതകളും ഭീകരതകളും സ്മരിച്ചുകൊണ്ടായിരിക്കണം. പിടിച്ചുപറിക്കാരുടെ നിഷ്ഠൂരതകളെ സംബന്ധിച്ച് ഭീതിതനാകുമ്പോള്‍ മുന്‍കര്‍-നകീറിനെ ഓര്‍ക്കുക. ഹിംസ്രജന്തുക്കളുടെ ആക്രമണം പേടിക്കുമ്പോള്‍ ഖബറിലെ പുഴുക്കളെയും തേളുകളെയും വിഷസര്‍പ്പങ്ങളെയും പെരുമ്പാമ്പുകളെയും ഓര്‍ക്കുക. ഇഷ്ട ജനങ്ങളില്‍നിന്നുള്ള ഏകാന്തതയില്‍ ഖബറിലെ ഏകാന്തതയും ക്ലേശങ്ങളുമോര്‍ക്കുക. അവന്‍ ഈ അപകടമേഖലകളില്‍ നിന്നെല്ലാം തന്റെ കര്‍മ്മങ്ങളിലൂടെയും വചനങ്ങളിലൂടെയും ഖബ്‌റിലെ അപകടമേഖലകളിലേക്കുള്ള പാഥേയങ്ങള്‍ ഒരുക്കിക്കൊള്ളട്ടെ.
(ഇഹ് യാ ഉലൂമിദ്ദീനില്‍ നിന്ന്)
Add Comment