Articles

ഹജ്ജും ദഅ്‌വത്തും

ഹജ്ജ് ചെയ്യുവാന്‍ ‘ജനങ്ങളെ’ യാണ് ഇബ്‌റാഹീം നബി ക്ഷണിച്ചത്. ‘മുസ്്‌ലിംകളേ’ എന്നായിരുന്നില്ല അദ്ദേഹത്തിന്റെ അഭിസംബോധന. അല്ലാഹു ആജ്ഞാപിച്ചതും അതായിരുന്നു. ‘ ഹജ്ജ് ചെയ്യുവാന്‍ ജനങ്ങളില്‍ വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍ നിന്നൊക്കെയും കാല്‍ നടക്കാരായും ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ടും അവര്‍ താങ്കളുടെ അടുക്കല്‍ എത്തിച്ചേരുന്നതാകുന്നു.’ (അല്‍ഹജ്ജ്: 27)
ഈ സംഭവത്തിന് നാലായിരം വര്‍ഷം പഴക്കമുണ്ട്. വിരലിലെണ്ണാവുന്ന ഇബ്‌റാഹീം കുടുംബാംഗങ്ങളാണ് അന്ന് കഅ്ബാ പരിസരത്ത് അധിവസിച്ചിരുന്ന മുസ്്‌ലിംകള്‍. ജൂത-ക്രൈസ്തവ സമുദായങ്ങള്‍ ഉല്‍ഭവിച്ചിട്ടുമില്ല. ഭൂപടത്തിലാകട്ടെ, ഇന്നറിയപ്പെടുന്ന ചില വന്‍കരകള്‍ പോലുമില്ല.

ദൂരദിക്കുകളിലുള്ള ജനങ്ങളുമായി ബന്ധപ്പെടാന്‍ വാര്‍ത്താ മാധ്യമങ്ങളുമില്ല. പുറംനാടുകളില്‍ കഴിഞ്ഞുകൂടിയിരുന്നവരാകട്ടെ മുപ്പത്തിമുക്കോടി ദൈവങ്ങളെ പൂജിക്കുന്നവരുമായിരുന്നു.
ഹജ്ജ് ചെയ്യുവാന്‍ ജനങ്ങളില്ലാത്ത ഒരു കാലഘട്ടത്തിലാണ് കഅ്ബാ പുനര്‍നിര്‍മാണം നടക്കുന്നത്. അതും അല്ലാഹുവിന്റെ ആജ്ഞപ്രകാരംതന്നെ ഇബ്‌റാഹീം നബി നിര്‍വ്വഹിച്ചു. അനന്തരം അവിടം ഹജ്ജ് ചെയ്യുവാന്‍ മാനവജനതയെയഖിലം ക്ഷണിക്കാനാണ് അല്ലാഹുവിന്റെ കല്പന- ഇബ്‌നു അബ്ബാസ് പറഞ്ഞു: ‘ ഇബ്‌റാഹീം ചോദിച്ചു: ആരുണ്ട് നാഥാ എന്റെ വിളികേള്‍ക്കാന്‍? അല്ലാഹു പറഞ്ഞു: വിളിച്ചേ തീരൂ. കേള്‍പ്പിക്കേണ്ടത് എന്റെ ബാധ്യത. അങ്ങനെ ഇബ്‌റാഹീം അബൂഖുബൈസ് മലമുകളിലേറി അത്യുച്ചത്തില്‍ വിളിക്കുകയായി: ഹേ, മാനവസമൂഹമേ! ഏകദൈവമായ അല്ലാഹുവിനെ ആരാധിക്കാനായി ഈ ഭവനത്തിങ്കല്‍ വന്നു ഹജ്ജ് ചെയ്യുവാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു. പരദൈവങ്ങളെ ആരാധിക്കുന്നവര്‍ക്ക് പാപമോചനവും നരകമുക്തിയും സ്വര്‍ഗപ്രവേശനവും ലഭിപ്പാന്‍ ഇവിടം വന്നു ഹജ്ജുചെയ്യൂ.’
ഏക ദൈവാരാധനക്ക് ഏറെ മാനങ്ങള്‍ വേറെയുണ്ട്. വിശ്വാസത്തില്‍ നിന്നാണല്ലോ ആരാധനയും മതവും സംസ്‌കാരവും സദാചാരവും എന്നല്ല ജാതിയും ഉപജാതികളുമെല്ലാം ഉയിരെടുക്കുകയും ഉയര്‍ത്തിരിയുകയും ചെയ്യുക. ജനങ്ങള്‍ ഏകദൈവത്തെ ആരാധിക്കുന്നതോടെയും ആരാധനകളിലെ ഏകതാഭാവത്തോടെയും അവര്‍ക്കിടയില്‍ ഐക്യം സംജാതമാവുകയായി. അസഹിഷ്ണുത, അസ്വസ്ഥത, അസൂയ, അക്രമം, അനീതി, യുദ്ധം, കലാപം എന്നിവക്ക് അതോടെ അറുതിയുമായി. അങ്ങനെ മനുഷ്യന്‍ ലോകത്തിന്റെ ഏത് ദിക്കിലോ മുക്കിലോ കുടിയിരുന്നാലും ഏകനായ ദൈവത്തിന്റെ മാത്രം ആജ്ഞാനുവര്‍ത്തിയായി പരിവര്‍ത്തിക്കപ്പെടുകയാണ് ഇബ്‌റാഹീമിന്റെ വിളിയിലടങ്ങിയ പൊരുള്‍. ഒരു ജാതി, ഒരു ദൈവം; ഇതായിരുന്നു അതിലടങ്ങിയ തത്ത്വം.
വിവിധ ഗോത്രങ്ങളുടെയും വര്‍ണ്ണങ്ങളുടെയും ഭാഷകളുടെയും വക്താക്കളായ മാനവജനതക്ക് അവരുടെ ഇഹപര സുഖത്തിനും സമാധാനത്തിനും വേണ്ടി മതം, കര്‍മ്മം, സംസ്‌കാരം, ചിന്ത, വീക്ഷണം എന്നിവയിലൊക്കെ ഏകത്വം കൈവരുത്തുകയും അങ്ങനെ ഭൂലോകമനുഷ്യരെയഖിലം ഏകോദരസഹോദരന്മാരാക്കി ഒരു ചരടില്‍ കോര്‍ത്തിണക്കുകയുമാണ് ഹജ്ജ്. വര്‍ണ്ണാശ്രമവും ഉച്ചനീചത്വവും ദേശഭാഷാ സങ്കുചിതത്വവും പ്രയോഗികരംഗത്ത് ഉഛാടനം ചെയ്യപ്പെടുകയാണ് ഹജ്ജില്‍. ഇഹ്‌റാമിന്റെ വസ്ത്രത്തിലെ ഏകീഭാവം വളണ്ടിയര്‍മാരുടെ യൂനിഫോമിന് തുല്യമാണ്. രാജാവും പ്രജയും വെളുത്തവനും കറുത്തവനും സ്വദേശിയും വിദേശിയും അറബിയും അനറബിയുമെല്ലാം അവിടെ സമം.
മനുഷ്യന്‍ സങ്കല്പിച്ചുണ്ടാക്കിയ എല്ലാ കുട്ടിദൈവങ്ങളെയും കൃത്രിമ മതങ്ങളെയും വര്‍ണാശ്രമങ്ങളെയും ഉഛനീചത്വങ്ങളെയും താന്‍പോരിമകളെയും അവരൊന്നടങ്കം കല്ലെടുത്തു എറിഞ്ഞാട്ടുകയാണ് ഹജ്ജില്‍. എകദൈവാരാധനക്കും മാനവ ഐക്യത്തിനും നിദാനമായി നിലകൊള്ളുന്ന ദിവ്യഭവനമായ കഅ്ബയെ വിവേചന പരിഗണനകളേതുമില്ലാതെ അവര്‍ പ്രദക്ഷിണം ചെയ്യുന്നു. ഇസ്്‌ലാമിലെ മറ്റു ആരാധനകളിലും അന്തര്‍ഭവിച്ചു കിടക്കുന്ന ഈ പരമതത്ത്വം മനസ്സിലും ചുണ്ടിലും ഒരളവോളം കര്‍മ്മത്തിലും ഒതുങ്ങിനില്ക്കുകയാണെങ്കില്‍ ഹജ്ജിലൂടെ അവരതിന് കൂട്ടായി കര്‍മ്മസാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്. നമസ്‌കാരവും സകാത്തും നോമ്പും അനുഷ്ഠിച്ചാല്‍ പോരാ, സാധ്യതയുള്ളവരെല്ലാം ഹജ്ജും ചെയ്‌തേ തീരൂവെന്ന് ഇസ്്‌ലാം നിഷ്‌ക്കര്‍ഷിക്കുന്നു.
ഹജ്ജ് ഇസ്്‌ലാമിലെ അനുഷ്ഠാനകര്‍മ്മങ്ങളില്‍ അഞ്ചാമത്തേതാണ്. ഇസ്്‌ലാമില്‍ പ്രവേശിച്ച ഒരാളെ സംബന്ധിച്ചിടത്തോളം അത് കണിശമായ ഒരു ക്രമനിശ്ചയമല്ലെങ്കിലും മാനവതയുടെ പൂര്‍ത്തീകരണം അതുള്‍ക്കൊള്ളുന്നുണ്ട്. ഇബ്‌റാഹീം നബി ഹജ്ജിന്റെ വിളംബരം നടത്തുമ്പോഴാവട്ടെ നടേ പറഞ്ഞപോലെ ഇസ്്‌ലാമിന്റെ അനുയായികളായി ആളുകളധികമില്ലതാനും. പിന്നെ അദ്ദേഹം ആരെ എന്തിന് വിളിച്ചുകൂട്ടുന്നു? വിളിച്ചേപറ്റൂയെന്നും, കേള്‍പ്പിക്കേണ്ടത് ഞാനാണെന്നും അല്ലാഹു തറപ്പിച്ചുപറയുകയും ചെയ്യുന്നു. വിളികേള്‍ക്കാന്‍ ആളുണ്ടോ ഇല്ലേ എന്നതല്ല ഏകദൈവത്വം യഥാതഥാ അംഗീകരിക്കുന്നതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലികണക്കെ പരിഹാരമാകുമെന്നതാണ് അല്ലാഹുവിന്റെ നിശ്ചയം.
വിളിപ്പാടകലെ നിലകൊള്ളുന്നവരത്രയും വിവിധ ദൈവ-മതവിശ്വാസികളായ അറബികള്‍; വിദൂരദിക്കുകളില്‍ അതിലേറെയും. ഉദാഹരണമായി ഇന്ത്യക്കാരായ നമുക്ക് നമ്മുടെതന്നെ അവസ്ഥ പരിചിന്തനമാക്കാം. ഇവിടെ ദൈവങ്ങള്‍ മുപ്പത്തിമുക്കോടി. മുസ്്‌ലിംകളായി ആരുമില്ല. ജനങ്ങള്‍ അസംഖ്യം ജാതികളായി പരസ്പരം പുറം തിരിഞ്ഞുനില്‍ക്കുന്നു. ഇപ്പോഴാണ് ഇബ്‌റാഹീമിന്റെ വിളി. ഇബ്‌നു അബ്ബാസ് തന്നെ പറയട്ടെ: ‘ വിളികേട്ടെത്തിയവര്‍ അക്കാലത്തെ ജനങ്ങളായിരുന്നില്ല. അവരിലെ പുരുഷന്‍മാരുടെ മുതുകുകളിലൂടെയും സ്ത്രീകളുടെ ഗര്‍ഭാശയങ്ങളിലൂടെയും പില്ക്കാലത്ത് പിറന്ന തലമുറയാണ് വിളികേട്ടെത്തിയത്.’ വ്യത്യസ്ത ജാതി മതസ്ഥരായ ഇവരുടെ പിന്‍ഗാമികളാണ് ഇന്ന് ഇന്ത്യയിലെ പതിനഞ്ച് കോടി മുസ്്‌ലിംകള്‍, വെളിയില്‍ നാല്‍പതോളം രാഷ്ട്രങ്ങള്‍. മൊത്തം ലോകജനസംഖ്യയില്‍ നാലിലൊരു ഭാഗം അവരെല്ലാമാകട്ടെ ഭൂപരമായ ഒട്ടേറെ പരിഛേദനകള്‍ക്കൊപ്പം ഒരേ മതവും ഒരേ സംസ്‌കാരവും ഒരേ ചിന്താകര്‍മ്മവീക്ഷണം പുലര്‍ത്തുന്നവരും. അല്ലാമാ ഇഖ്ബാലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘അമ്പലത്തിന് കാവല്‍ നിന്നവര്‍ കഅ്ബ: യുടെ കാവല്ക്കാരായിമാറി. ‘ ഖാദിമുല്‍ഹറമും ഖുദ്ദാമുല്‍ ഹുജ്ജാജുമൊക്കെയായി.
മക്കയിലെ അബൂഖുബൈസ് മലയിലേറി ‘ജനങ്ങളേ’ എന്ന് ഉച്ചത്തില്‍ വിളിക്കുമ്പോള്‍ ഇബ്‌റാഹീം നബി ഇസ്്‌ലാമിന്റെ സര്‍വ്വജനീനത അരക്കിട്ടുറപ്പിക്കുകയായിരുന്നു. സര്‍വ്വ ജനത്തിനും നേതാവായി താങ്കളെ ഞാന്‍ വാഴിക്കുകയാണെന്ന് അല്ലാഹു പറയുകയും ചെയ്യുന്നു. കഴിവുണ്ടായിട്ടും ഹജ്ജ് നിര്‍വഹിക്കാത്തവര്‍ ജൂതരോ ക്രൈസ്തവരോ ആയാണ് മരണം വരിക്കുന്നതെന്ന നബിവചനം ഇവിടെ ഏറെ പ്രസക്തിയര്‍ഹിക്കുന്നു. ജൂത-ക്രൈസ്തവര്‍ ഹജ്ജ് അനുഷ്ഠിക്കുകയില്ലെന്ന് മാത്രമല്ല, അവരിലെ കടുത്ത ധിക്കാരികള്‍ ഇസ്്‌ലാമിന്റെയും ഹജ്ജിന്റെയും കഅ്ബയുടെയുമൊക്കെ ബദ്ധവൈരികള്‍ കൂടിയായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവര്‍ കടുത്ത ധിക്കാരികള്‍ (കാഫിറുകള്‍) ആണെന്ന ഖുര്‍ആന്‍ ഭാഷ്യവും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
ദഅ്‌വത്ത് അഥവാ, വിളി എന്നര്‍ത്ഥം വരുന്ന ഇസ്്‌ലാമിക പ്രബോധനം എന്നാല്‍ മുസ്്‌ലിംകളെയല്ല അമുസ്്‌ലിംകളെയാണ് ലക്ഷ്യമാക്കുന്നത്. പ്രവാചകന്‍മാരുടെ നടപടിക്രമവും ഖുര്‍ആന്റെ സ്വരശൈലിയും അതു വ്യക്തമാക്കുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) പ്രബോധനരംഗത്ത് പ്രത്യക്ഷപ്പെടുമ്പോള്‍ മുസ്്‌ലിംകളായി രംഗത്താരുമില്ല. തിരുമേനിയുടെ വിളികേട്ട് ഹജ്ജിനായി മക്കയില്‍ ഓടിയെത്തിയ ലക്ഷത്തില്‍ പരം ജനങ്ങളും ആദ്യമാദ്യം അമുസ്്‌ലിംകളായിരുന്നുവല്ലോ. അവരോട് അവശേഷിച്ച വരെ കൂടി വിളിക്കാനേല്പിക്കുകയായിരുന്നു ഹജ്ജിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ തിരുമേനി(സ).
പ്രവാചകനായ മുഹമ്മദ് നബി(സ)യുടെ വിയോഗത്തോടെ പ്രവാചകത്വശൃംഖല അവസാനിച്ചു. തൗഹീദിന്റെ ദീപസ്തംഭമായ കഅ്ബ, മുഴുലോകജനതക്കും ദിവ്യവെളിച്ചം തേടി എത്തിച്ചേരാന്‍ പാകത്തില്‍ ഭൂമിയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. ജനങ്ങളെ അങ്ങോട്ടാനയിക്കേണ്ടത് ഇനി മുസ്്‌ലിംകളുടെ ബാധ്യതയാണെന്ന് ഖുര്‍ആനും പ്രവാചകനും ഉല്‍ഘോഷിച്ചു. ഒരു പ്രത്യേക കുലത്തിലേക്കല്ല മുഴുവന്‍ മാനുഷ്യകത്തിനും വേണ്ടിയാണ് പ്രവാചകന്‍ നിയുക്തനായതെന്ന് പ്രഖ്യാപിച്ച ഖുര്‍ആന്‍,മുസ്്‌ലിംകളുടെ മാര്‍ഗദര്‍ശനത്തിനും സംസ്‌കാരത്തിനും വേണ്ടിയാണെന്നും ആ ബാധ്യത നിര്‍വഹിക്കുന്നതോടെ അവര്‍ പ്രവാചകന്‍മാരെപ്പോലെത്തന്നെ, ലോകജനസമൂഹങ്ങളില്‍ ഉത്തമസമൂഹമായിത്തീരുകയാണെന്നും പറയുന്നു.
അമുസ്്‌ലിംകളില്‍ ഹജ്ജിന്റെ സ്വാധീനത്തെക്കുറിച്ചാണല്ലോ പറഞ്ഞുവരുന്നത്; ഖുര്‍ആന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘മനുഷ്യരില്‍’. ഇത് കൊണ്ടാവാം ഹജ്ജ്,  ഖിബ്‌ല, കഅ്ബ എന്നിവയുടെ പ്രതിപാദനങ്ങളോടൊപ്പം മുസ്്‌ലിംകള്‍ എന്നോ മുഅ്മിനുകള്‍ എന്നോ പേരെടുത്തുപറയാതെ മനുഷ്യര്‍ എന്ന് പ്രയോഗിക്കാന്‍ അല്ലാഹു തീരുമാനിച്ചത്. കഅ്ബയെ കുറിച്ച പ്രതിപാദനങ്ങളില്‍ ഇങ്ങനെ കാണാം: ‘ നിസ്സംശയം, മനുഷ്യര്‍ക്കായി നിര്‍മ്മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതിചെയ്യുന്നത് തന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശനകേന്ദ്രവുമായിട്ടത്രെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അതില്‍ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുണ്ട്….(3: 96,97). ‘ പരിശുദ്ധഗേഹമായ കഅ്ബാലയത്തെ അല്ലാഹു ജനങ്ങള്‍ക്ക് (സാമൂഹികജീവിതത്തിന്റെ)നില നില്പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു.’ (5: 97). ‘ ഈ മന്ദിരത്തെ (കഅ്ബയെ) നാം ജനങ്ങള്‍ക്ക് വേണ്ടി ഒരു കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചതും ഓര്‍ക്കുക’ (2: 125).
ഹജ്ജ് ഇസ്്‌ലാമിലെ നിര്‍ബന്ധ കര്‍മ്മമാണെന്നതിന് ഏറെ ഉദ്ധരിക്കപ്പെടാറുള്ള ഖുര്‍ആന്‍ വചനവും ശ്രദ്ധിക്കുക: ‘……. ആ മന്ദിരത്തിലേക്ക് എത്തിച്ചേരുവാന്‍ കഴിവുള്ളവര്‍ അവിടെ തീര്‍ത്ഥാടനം ചെയ്യുവാന്‍, മനുഷ്യര്‍ക്ക് അല്ലാഹു വിനോട് കടമയുണ്ട്. ഈ വിധി ധിക്കരിക്കുന്നവര്‍ മനസ്സിലാക്കിക്കൊള്ളട്ടെ, അല്ലാഹു സര്‍വ്വലോകരില്‍നിന്നും നിരാശ്രയനാകുന്നു’ (3: 97). ഹജ്ജിലെ അനുഷ്ഠാന കര്‍മ്മങ്ങള്‍, മസ്ജിദുല്‍ ഹറാം, ഹജ്ജിന്റെ സമയനിബന്ധന, പ്രാര്‍ത്ഥന, പ്രവാചകന്‍മാരുടെ നിയോഗം, ലോകജനതയില്‍ മുസ്്‌ലിം സമൂഹത്തിന്റെ സ്ഥാനം, ഖുര്‍ആന്റെ അവതരണലക്ഷ്യം എന്നിവയുടെ പ്രതിപാദനങ്ങളോടനുബന്ധിച്ചും ഈ പദപ്രയോഗം തന്നെയാണ് ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ളത്. ആണ്ട്‌തോറും കഅ്ബ വിളിക്കുന്നതാരെ എന്ന് ഇനി പറയേണ്ടതില്ല.
ഇബ്‌റാഹീം നബി, അല്ലാഹുവിന്റെ ആജ്ഞ പ്രകാരം കഅ്ബാ നിര്‍മാണത്തിനൊരുങ്ങുമ്പോള്‍ സ്ഥാനം നിര്‍ണയിച്ചുകൊടുത്തത് അല്ലാഹുവാണെന്ന് ഖുര്‍ആനില്‍ പ്രത്യേകം പ്രസ്താവിക്കപ്പെട്ടിട്ടുമുണ്ട്. ഖിബ് ലയുടെ സ്ഥാനനിര്‍ണ്ണയത്തില്‍ അഹിതം കാണുന്നവരെ മൂഢജനം എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്. ഹജ്ജിന് എത്തിപ്പെടാന്‍ തരപ്പെടാത്തവര്‍ക്കും തൗഹീദിന്റെ സ്ഥിരം സിരാകേന്ദ്രവും ദിവ്യഭവനവുമായ കഅ്ബയുടെ ആഭിമുഖ്യം അനിവാര്യമാണെന്ന് വിവക്ഷ. ദിനേന അഞ്ച് തവണ മുസ്്‌ലിംകള്‍ നമസ്‌കാരത്തിലൂടെ ആ ആഭിമുഖ്യം പ്രകടമാക്കണം.
അമുസ്്‌ലിംകള്‍ അംഗീകരിക്കട്ടെ, അംഗീകരിക്കാതിരിക്കട്ടെ അല്ലാഹു അവന്റെ ന്യായം സമര്‍ത്ഥിക്കുന്നത് കാണുക: ‘ താങ്കള്‍ ഏതുവഴിക്കു സഞ്ചരിച്ചാലും (അവിടെ നിന്ന് നമസ്‌കാരസമയത്ത്) മസ്ജിദുല്‍ ഹറാമിനെ അഭിമുഖീകരിക്കുക.
എന്തുകൊണ്ടെന്നാല്‍, അത് താങ്കളുടെ രക്ഷിതാവിന്റെ തികച്ചും ന്യായമായ തീരുമാനമാകുന്നു. അല്ലാഹു നിങ്ങളുടെ കര്‍മ്മങ്ങളെക്കുറിച്ച് അശ്രദ്ധനല്ല. താങ്കള്‍ എവിടെ സഞ്ചരിച്ചാലും താങ്കളുടെ മുഖം മസ്ജിദുല്‍ ഹറാമിന്റെ ദിക്കിലേക്ക് തന്നെ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ ദിക്കിലേക്ക് തിരിഞ്ഞുനമസ്‌കരിക്കുക. അങ്ങനെ നിങ്ങള്‍ക്കെതിരില്‍ ജനത്തിന് ഒരു ന്യായവും ലഭിക്കാതിരിക്കട്ടെ. എന്നാല്‍, അവരിലെ അധര്‍മ്മകാരികള്‍ ഒരിക്കലും നാവടക്കുകയില്ല. അവരെ നിങ്ങള്‍ ഭയപ്പെടരുത്. എന്നെ ഭയപ്പെടുവിന്‍. ഇത് എന്റെ അനുഗ്രഹം നിങ്ങളില്‍ പൂര്‍ത്തീകരിക്കേണ്ടതിന്നാകുന്നു. എന്റെ ഈ വിധി പിന്തുടരുക വഴി നിങ്ങള്‍ക്ക് സന്‍മാര്‍ഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം. എവ്വിധമെന്നാല്‍ നിങ്ങള്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിത്തരികയും നിങ്ങളെ സംസ്‌കരിക്കുകയും ഗ്രന്ഥജഞാനവും തത്വജ്ഞാനവും പഠിപ്പിക്കുകയും നിങ്ങള്‍ക്കജ്ഞാതമായിരുന്ന പല കാര്യങ്ങളും അറിയിക്കുകയും ചെയ്യുന്ന ഒരു പ്രവാചകനെ നിങ്ങളില്‍നിന്നു തന്നെ നാം നിങ്ങളില്‍ നിയോഗിച്ചതുപോലെ. അതുകൊണ്ട് നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍. ഞാന്‍ നിങ്ങളെയും സ്മരിക്കാം. എന്നോട് നന്ദി കാണിക്കുക. കൃതഘ്‌നത കാണിക്കാതിരിക്കുക.’ (അല്‍ബഖറ: 149-152)
കഅ്ബ ഖിബ്‌ലയായതിന്റെ വിവക്ഷയും കഅ്ബയുടെ സന്ദേശവും മറ്റൊന്നല്ല