Articles

ഹജ്ജിലെ വൈകാരിക നിമിഷങ്ങള്‍

‘എനിക്ക് വഴിപ്പെടാനല്ലാതെ ഞാന്‍ ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചിട്ടില്ല’ എന്ന് അല്ലാഹു വിശുദ്ധ വേദത്തില്‍ അരുളിയിരിക്കുന്നു. അല്ലാഹുവിന് ഇബാദത്ത് ചെയ്യാനുള്ള വികാരം അല്ലാഹു പ്രകൃത്യാ തന്നെ മനുഷ്യമനസ്സില്‍ നിക്ഷേപിച്ചിരിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. ബാഹ്യലോകം മാത്രമല്ല, അവന്റെ പ്രകൃതിയുടെ തേട്ടവുമാണ് അല്ലാഹുവിന് കീഴ്‌പെടാന്‍  അവനോട് ആവശ്യപ്പെടുന്നതെന്ന് ചുരുക്കം. മനുഷ്യപ്രകൃതിയുടെ ആകെ സത്തയാണ് അല്ലാഹുവിന് ഇബാദത്ത് അര്‍പ്പിക്കുകയെന്നത്.

മനുഷ്യ മനസ്സില്‍ ശാന്തിയും സമാധാനവും വര്‍ഷിക്കാന്‍ ആരാധനകളെപ്പോലെ വഴിയൊരുക്കുന്ന മറ്റൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ‘അറിയുക, ദൈവസ്മരണ കൊണ്ടേ ഹൃദയങ്ങള്‍ക്ക് ശാന്തി കൈവരികയുള്ളൂ’.(അര്‍റഅ്ദ് 28).
നവജാതശിശു പ്രകൃത്യാ തന്നെ മാതാവിലേക്ക് അഭയം തേടുന്നതുപോലെ മനുഷ്യന്‍ സ്വാഭാവികമായി അല്ലാഹുവിലേക്ക് അഭയം തേടുന്നു. തന്റെ ആന്തരിക വികാരത്തെ മാറ്റി അവിടെ മറ്റൊന്ന് പ്രതിഷ്ഠിക്കാന്‍ മനുഷ്യന് സാധിക്കുകയില്ല എന്നതാണ് സത്യം.
ആധുനിക മനുഷ്യശാസ്ത്രം സ്ഥിരപ്പെടുത്തിയ യാഥാര്‍ത്ഥ്യമാണ് ഇത്. ആധുനിക സാമൂഹിക ശാസ്ത്ര വിദഗ്ദര്‍ ഇക്കാര്യം നിരീക്ഷിക്കുകയും, എത്ര തന്നെ പുരോഗതിയും വികസനവും കൈവരിച്ചാലും മനുഷ്യന്‍ ദൈവത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുക തന്നെ ചെയ്യുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. ദൈവത്തിലുള്ള വിശ്വാസം മനുഷ്യപ്രകൃതിയില്‍ നിന്ന് അറുത്തുകളയാന്‍ കഴിയാത്തതാണ്. അമേരിക്കന്‍ എന്‍സൈക്ലോപീഡിയിയില്‍ നിന്നുള്ള ഏതാനും വരികളാണ് താഴെ.

ആധുനിക മാനവശാസ്ത്ര ഗവേഷണങ്ങള്‍
‘ചില ചില്ലറ ഏറ്റവ്യത്യാസങ്ങളോടെയാണെങ്കിലും മാനവചരിത്രത്തിന്റെ ഉല്‍ഭവം മുതല്‍ മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. ഒരു ദൈവത്തിലോ, ഒട്ടേറെ ദൈവങ്ങളിലോ വിശ്വസിക്കുകയും, അവയോട് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു അവര്‍. ചില സന്ദര്‍ഭങ്ങളില്‍ മരം കൊണ്ടോ, കല്ലുകൊണ്ടോ നിര്‍മിച്ചവയായിരുന്നു അവ. മറ്റുചില സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളുടെയോ, ഇതരജീവജാലങ്ങളുടെയോ രൂപത്തിലും ജനങ്ങള്‍ ദൈവത്തെ സങ്കല്‍പിക്കുകയുണ്ടായി. ദൈവങ്ങള്‍ ഏതുരൂപത്തിലായിരുന്നാലും ശരി, ജനങ്ങള്‍ അവയെ ആരാധിച്ചിരുന്നു. കാരണം മനുഷ്യപ്രകൃതിയില്‍ നിന്ന് പറിച്ചെറിയാനാകാത്തതാണ് ദൈവവും മതവും.’
യഥാര്‍ത്ഥത്തില്‍ ദൈവത്തെക്കുറിച്ച ബോധം മനുഷ്യന്റെ മനസ്സില്‍ പ്രകൃത്യാ ഉണ്ട്. ശരിയായ ദൈവത്തെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോള്‍ സ്വയം അവരോധിക്കുന്ന ദൈവങ്ങളിലേക്ക് മടങ്ങുകയാണ് മനുഷ്യന്‍ ചെയ്യുന്നതെന്നുമാത്രം. അല്ലാഹുവിനെ മാത്രം ആരാധിക്കുമ്പോള്‍, അവന്റെ സന്ദേശവാഹകരുടെ കല്‍പനകള്‍ അനുസരിക്കുമ്പോള്‍ മറ്റെങ്ങും ലഭിക്കാത്ത ആനന്ദവും ആത്മവിശ്വാസവും സംതൃപ്തിയുമാണ് മനുഷ്യന് ലഭിക്കുന്നത്.
മനുഷ്യന്റെ അഭയകേന്ദ്രം ഏകനായ, സ്രഷ്ടാവായ, രാജാധിരാജനായ അല്ലാഹുവാണ്. ആ അടിസ്ഥാന ലക്ഷ്യം അവന്റെ പ്രകൃതിയില്‍ തന്നെ ആണ്ടിറങ്ങിയ ബോധവുമാണ്. മനുഷ്യന്‍ തന്റെ പ്രകൃതിയെ സശ്രദ്ധം നിരീക്ഷിച്ചാല്‍ അവന്‍ ഏകനായ അല്ലാഹുവിലേക്ക് എത്തിച്ചേരുന്നതാണ്. തന്റെ ഹൃദയത്തുടിപ്പുകളിലൂടെ അവനത് തിരിച്ചറിയാനാകും. ഇത് കേവലം ഒരു ബോധമല്ല, മറിച്ച് അവന്റെ ശുദ്ധപ്രകൃതിയുടെ ഭാഗമാണ്.
സവിശേഷമായ സൃഷ്ടിയാണ് മനുഷ്യന്‍. ചില സന്ദര്‍ഭങ്ങളില്‍ അദൃശ്യജ്ഞാനം മതിയാകുകയില്ല ദൈവത്തിലേക്ക് എത്തിച്ചേരാന്‍. മറിച്ച്, ദൈവത്തെ അനുഭവജ്ഞാനത്തിലൂടെ അവന് ബോധ്യപ്പെടേണ്ടി വരും. പക്ഷേ പരലോകത്തിന് മുമ്പ് അല്ലാഹുവിനെ അനുഭവിച്ചറിയാന്‍ മനുഷ്യന് സാധിക്കുകയില്ല എന്നതാണ് സത്യം. അന്ത്യനാളില്‍ മനുഷ്യന്‍ അല്ലാഹുവിനെ ദര്‍ശിക്കുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. ‘ചില മുഖങ്ങള്‍ അന്ന് പ്രശോഭിതമായിരിക്കും. അവ തങ്ങളുടെ നാഥനിലേക്ക് ഉറ്റുനോക്കുകയായിരിക്കും’. (അല്‍ഖിയാമ 22,23).
പൂര്‍ണനിലാവുള്ള രാവില്‍ ചന്ദ്രനിലേക്ക് നോക്കി പ്രവാചകന്‍(സ) ഇപ്രകാരം പറഞ്ഞു ‘ഈ പൂര്‍ണ ചന്ദ്രനെക്കാണുന്ന പോലെ നിങ്ങള്‍ നിങ്ങളുടെ നാഥനെ കാണുന്നതാണ്.’
അല്ലാഹുവിനെ അന്ത്യനാളില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും അവന്റെ സാമീപ്യം നേടാന്‍ മനുഷ്യന്‍ കൊതിച്ചുകൊണ്ടേയിരിക്കും. അതിന്നായി അല്ലാഹു നല്‍കിയ സംവിധാനങ്ങളാണ് അവനുള്ള ചിഹ്നങ്ങള്‍. ‘തീര്‍ച്ചയായും സ്വഫായും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളില്‍പെട്ടവയാണ്. അതിനാല്‍ അല്ലാഹുവിന്റെ ആദരണീയ ഭവനത്തിങ്കല്‍ ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നവര്‍ അവയ്ക്കിടയില്‍ പ്രയാണം നടത്തുന്നത് കുറ്റകരമാകുന്ന പ്രശ്‌നമേയില്ല. സ്വയം സന്നദ്ധരായി സുകൃതം ചെയ്യുന്നവര്‍ മനസ്സിലാക്കട്ടെ: അല്ലാഹു എല്ലാം അറിയുന്നവനും നന്ദിയുള്ളവനുമാണ്’. (അല്‍ബഖറ 158).
ചരിത്രപരമായ പ്രാധാന്യം കാരണം അല്ലാഹു ചില വസ്തുക്കളെ തന്റെ അടയാളമായി സ്വീകരിച്ചിരിക്കുന്നു. അവ പരിഗണിക്കാനും അവയെ ആദരിക്കാനും സവിശേഷമായ സമയവും സന്ദര്‍ഭവും നിശ്ചയിച്ചിരിക്കുന്നു. തനിക്ക് കാണാന്‍ കഴിയാത്ത അതുല്യശക്തിയുടെ അടയാളമായി മനുഷ്യന്‍ അതിനെ മനസ്സിലാക്കുന്നു. അല്ലാഹുവിന്റെ അടയാളങ്ങളെ ആദരിച്ച് അല്ലാഹുവിന്റെ സാമീപ്യം തേടാന്‍ മനുഷ്യന്‍ പരിശ്രമിക്കുന്നു.
ഉദാഹരണമായി സ്വഫായും മര്‍വയും. മക്കയില്‍ അല്ലാഹുവിന്റെ ഭവനത്തോട് ചേര്‍ന്ന രണ്ടുമലകളായിരുന്നു. 500 അടി ദൂരമായിരുന്നു അവ രണ്ടിനുമിടയില്‍ ഉണ്ടായിരുന്നത്. ഇബ്‌റാഹീം(അ) തന്റെ ഭാര്യയെയും കുഞ്ഞിനെയും അവിടെ ഉപേക്ഷിച്ചുപോകുമ്പോള്‍ അവിടെ ജനവാസമുണ്ടായിരുന്നില്ല. തന്റെ കയ്യിലുണ്ടായിരുന്ന വെള്ളം തീര്‍ന്നപ്പോള്‍, വെള്ളം അന്വേഷിച്ച് ഈ രണ്ട് മലകള്‍ക്കിടയില്‍ ഹാജര്‍ ഏഴുതവണ ഓടുകയുണ്ടായി. ഈ ചരിത്രത്തെ പുതുക്കിയാണ് വിശ്വാസികള്‍ ഇവ രണ്ടിനുമിടയില്‍ സഅ്‌യ് നടത്തുന്നത്.
ഈ സംഭവത്തെ അല്ലാഹു തൃപ്തിപ്പെട്ടു. അതിനാല്‍ സ്വഫയെയും മര്‍വയെയും തന്റെ അടയാളങ്ങളാക്കി മാറ്റി. അല്ലാഹുവിനുള്ള വിധേയത്വത്തിന്റെ പാവനസ്മരണയാണ് അവ. സ്വഫാ-മര്‍വ കാണുന്നതോടെ ആ മഹനീയ ചരിത്രം പൂര്‍ണമായി വിശ്വാസി സ്മരിക്കുന്നു.
ഇപ്രകാരം തന്നെയാണ് കഅ്ബയും, ഹജറുല്‍ അസ്‌വദും ഹജ്ജിലെ മറ്റ് സ്ഥാനങ്ങളും. ഇവയെല്ലാം അല്ലാഹുവിന്റെ അടയാളങ്ങളാണ്. അവയിലേക്ക് നോക്കുന്നവന് അല്ലാഹുവിന്റെ മഹത്ത്വം ബോധ്യപ്പെടുകയും അല്ലാഹുവിന്റെതായ അന്തരീക്ഷത്തില്‍ ജീവിക്കുകയും ചെയ്യുന്നു.
ഹജറുല്‍ അസ്‌വദിനെ സ്പര്‍ശിക്കുന്ന വിശ്വാസിയുടെ ആത്മീയ വികാരങ്ങള്‍ സജീവമാകുന്നു. അവന്റെ ഹൃദയത്തില്‍ ആനന്ദമുണ്ടാവുന്നു. അല്ലാഹുവിന്റെ ഭവനം വലയം വെക്കാനുള്ള ആഗ്രഹം അവനില്‍ നാമ്പിടുന്നു.
സ്വഫാ-മര്‍വക്കിടയില്‍ സഅ്‌യ് നടത്തുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി ദൈവിക മാര്‍ഗത്തില്‍ തുടരാനുള്ള പ്രചോദനമെന്നോണം വിശ്വാസിയുടെ ഹൃദയത്തില്‍ വളരുന്നു. ഇപ്രകാരം ഹജ്ജിലെ ഓരോ അടയാളങ്ങളും മനുഷ്യ മനസ്സില്‍ വിശ്വാസപരവും ആത്മീയവുമായ വികാരങ്ങള്‍ സൃഷ്ടിക്കുന്നു. അല്ലാഹുവിനോട് അനുഭവവേദ്യമായ ബന്ധം സ്ഥാപിക്കാന്‍ അവയൊക്കെ മനുഷ്യനെ സഹായിക്കുന്നു.
വഴി തെറ്റിയ മനുഷ്യന്‍ ദൈവത്തെ ഇഹലോകത്തുവെച്ചുതന്നെ കാണാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ ദൈവത്തിന്റെ മുന്നില്‍ ആരാധനകള്‍ അര്‍പിക്കാമല്ലോ. ഈ വികാരത്തെ ശമിപ്പിക്കാന്‍ അവന്‍ ദൈവത്തിന്റെ രൂപം കല്ലിലോ, മരത്തിലോ കൊത്തിയുണ്ടാക്കുന്നു. ദൈവത്തിന്റെ രൂപമെന്ന നിലക്ക് അവനതിന് മുന്നില്‍ ആരാധനകള്‍ അര്‍പ്പിക്കുന്നു. എന്നാല്‍ ഈ സങ്കല്‍പത്തെ ശക്തവും നിശിതവുമായി വിമര്‍ശിക്കുകയാണ് അല്ലാഹു ചെയ്തത്. അല്ലാഹുവിന്റെ സാന്നിധ്യത്തിന് വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് ഏറ്റവും യോജിച്ച ശമനമാണ് അല്ലാഹുവിന്റെ അടയാളങ്ങള്‍. മനുഷ്യര്‍ക്ക് പ്രതിരൂപമുണ്ടാക്കുന്നത് പോലെയല്ല അല്ലാഹുവിന് പ്രതിരൂപമുണ്ടാക്കുന്നത്. കാരണം വ്യക്തിയെ കാണുകയും അറിയുകയും ചെയ്തശേഷമാണ് അയാളുടെ പ്രതിരൂപമുണ്ടാക്കുന്നത്. എന്നാല്‍ അല്ലാഹുവിനെ കാണാത്ത വ്യക്തി, വിശാലമായ കഴിവും ശേഷിയുമുള്ള അല്ലാഹുവിനെ പരിമിതപ്പെടുത്തുന്ന പ്രതിരൂപമുണ്ടാക്കുകയെന്നത് തീര്‍ത്തും അക്രമവും കുറ്റകരവുമാണ്.
ഈയര്‍ത്ഥത്തിലുള്ള എല്ലാ കര്‍മവും യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ്. അല്ലാഹുവിനോടുള്ള ധിക്കാരവും, അനീതിയുമാണ് അത്. ഇത്തരം വികലമായ മനസ്സിനുള്ള ചികിത്സകൂടിയാണ് ഹജ്ജ്. നിങ്ങള്‍ അല്ലാഹുവിനെ അന്വേഷിച്ച് അവന് പ്രതിരൂപമുണ്ടാക്കുകയല്ല വേണ്ടത്. മറിച്ച് അവന്റെ ചിഹ്നങ്ങളെയും അടയാളങ്ങളെയും ദര്‍ശിക്കുകയും അവയെ ആദരിക്കുകയുമാണ് വേണ്ടത് എന്ന സന്ദേശമാണ് ഹജ്ജ് നല്‍കുന്നത്.
അല്ലാഹുവിന് മാത്രം വിധേയപ്പെട്ട് ജീവിച്ച മഹാന്മാരായ പ്രവാചകന്മാരുടെ ശേഷിപ്പുകളാണ് അല്ലാഹുവിന്റെ അടയാളങ്ങള്‍. അവയില്‍ നിന്ന് അകന്നുനില്‍ക്കുകയെന്നത് അല്ലാഹുവിങ്കല്‍ നിന്ന് അകലുന്നതിന് സമാനമാണ്. അവയുമായി ബന്ധം സ്ഥാപിക്കുകയെന്നത് അല്ലാഹുവുമായി ബന്ധം സ്ഥാപിക്കലാണ്. വിശ്വാസി പരമമായ യാഥാര്‍ത്ഥ്യത്തെ കണ്ടെത്തുന്ന വേളയാണ് ഹജ്ജെന്ന് ചുരുക്കം. തന്റെ ലോകത്തുനിന്ന് അല്ലാഹുവിന്റെ ലോകത്തേക്കാണ് ഹജ്ജിന് പുറപ്പെടുന്ന വിശ്വാസി യാത്രയാവുന്നത്.
അറഫാ മൈതാനം അല്‍ഭുതകരമായ കാഴ്ചയാണ്. അല്ലാഹുവിന്റെ അടിമകള്‍ നാനാഭാഗത്തുനിന്നും കൂട്ടംകൂട്ടമായി അവിടെ വന്നുചേരുന്നു. വളരെ ലളിതമായ വസ്ത്രം ധരിച്ച്, വിനയാന്വിതരായി ലബ്ബൈക ചൊല്ലുന്നു.
‘കാഹളത്തില്‍ ഊതപ്പെടും. അപ്പോഴിവര്‍ കുഴിമാടങ്ങളില്‍നിന്ന് തങ്ങളുടെ നാഥങ്കലേക്ക് കുതിച്ചോടും’ എന്ന ഖുര്‍ആനിക വചനമാണ് ആ കാഴ്ച നമ്മെ ഓര്‍മിപ്പിക്കുക. മഹ്ശറയിലെ സംഗമത്തിനെക്കുറിച്ച സന്ദേശമാണ് അറഫാസമ്മേളനം നല്‍കുന്നത്. പരലോകത്തെ കുറിക്കുന്ന ഇഹലോകത്തെ അടയാളമാണ് അത്. അതിനാലാണ് അറഫ തന്നെയാണ് ഹജ്ജ് എന്ന് തിരുമേനി(സ) അരുള്‍ ചെയ്തത്