അല്‍ഭുതകരങ്ങളായ ആന്തരാര്‍ത്ഥങ്ങളുടേയും ഉള്‍പ്പൊരുളുകളുടേയും കലവറയാണ് വിശുദ്ധ ഹജ്ജ്. തീര്‍ത്ഥാടനത്തിനു പോകുന്ന ആള്‍ ഹജ്ജിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊള്ളുന്നുവെങ്കില്‍ തീര്‍ച്ചയായും ആ ഹജ്ജ് അത്യന്തം ധന്യാത്മകവും സുന്ദരാനുഭവവുമായിരിക്കും.
ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ അനുഷ്ഠാനങ്ങളില്‍പെട്ട, ചൈതന്യം ചോര്‍ന്ന് മുനയൊടിഞ്ഞ പല ആരാധനകളുടെയും കൂട്ടത്തില്‍ ഹജ്ജും പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇബ്‌റാഹീമീ മില്ലത്തിന്റെ കാവല്‍പടയാളികളാകുന്നതിനു പകരം സ്വേഛാധിപത്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമായ നംറൂദിന്റെ പോറ്റുമക്കള്‍ക്ക് ഉണര്‍ത്തുപാട്ടുപാടുന്നവരായി പലപ്പോഴും നാം തരംതാണിരിക്കുന്നു
. ഹജ്ജിന്റെ വിധാതാവ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഇബ്‌റാഹീം(അ) ഒരേ ദിശയും ഒരേ മുദ്രാവാക്യവും ഒരേ നേതൃത്വവും മാത്രമേ മുസ്‌ലിംകള്‍ക്ക് പാടുള്ളൂവെന്ന് പഠിപ്പിച്ചു. പക്ഷേ, ഇന്നിപ്പോള്‍ തൗഹീദിന്റെ ഈ ഉമ്മത്തിന് അല്ല, ഓരോരുത്തര്‍ക്കും തന്നെ വേറെവേറെ ഖിബ്്‌ലകളും മിമ്പറുകളും മുദ്രാവാക്യങ്ങളുമായി. അങ്ങനെ അറ്റമില്ലാത്ത നിത്യദുരിതത്തിന്റെ കൊടുംകയത്തില്‍ എറിയപ്പെട്ടിരിക്കുകയാണ് ഇബ്‌റാഹീമിസ്റ്റുകള്‍. ഇതിന്റെ കാരണം പരതുമ്പോള്‍ മഹാനും വിപ്ലവകാരിയുമായ ഇബ്‌റാഹീമിന്റെ ജീവിതദര്‍ശനങ്ങളേയും മൗലികഭാവങ്ങളെയും അര്‍ത്ഥ ഗംഭീരമായി അനാവരണം ചെയ്യുന്ന ഹജ്ജിലെ വ്യത്യസ്ത പ്രതീകങ്ങളുടെ മുമ്പില്‍ നമുക്ക് നില്‌ക്കേണ്ടി വരുന്നു. നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവയെ അപേക്ഷിച്ച് ഹജ്ജിലെ പ്രതീകങ്ങള്‍ കൂടുതലാണ്. ഈ പ്രതീകങ്ങളിലെ യുക്തിബന്ധുരത പലര്‍ക്കും പെട്ടെന്ന് പിടികിട്ടിയെന്നും വരില്ല. എന്നു വെച്ച് അപ്രാപ്യങ്ങളായ നിഗൂഢതകളും ദുര്‍ഗ്രാഹ്യങ്ങളായ ആശയങ്ങളുമാണ് ഹജ്ജിലുള്ളതെന്ന് പറയുന്നത് വിവരക്കേടായിരിക്കും.
വ്യക്തിയുടേതും കുടുംബത്തിന്റേയും സമൂഹത്തിന്റേയും രാഷ്ട്രത്തിന്റെ തന്നേയും ജീവിത വ്യാപാരങ്ങളില്‍ വിശുദ്ധ തൗഹീദിന്റെ അനുഗൃഹീത ഭൂമിക പുനഃസ്ഥാപിച്ചെടുക്കാനുള്ള വഴിയും വെളിച്ചവുമാണ് ഹജ്ജ്. ആദര്‍ശത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിശ്വാസി ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ യാതൊരു വിധ പ്രീണനത്തിനും പ്രകോപനത്തിനും വഴങ്ങരുതെന്നും അവന്‍ സദാ കര്‍മകുശലനും ആര്‍ജവത്വമുള്ളവനും ആയിരിക്കണമെന്നും ഹജ്ജ് പഠിപ്പിക്കുന്നു. എന്നാല്‍ മുമ്പോട്ടുള്ള ഓരോ കാല്‍വെപ്പിലും എളിമയും താഴ്മയും അര്‍പ്പണവും പരലോകചിന്തയും ദൈവഭയവും മുറുകെപ്പിടിക്കാന്‍ പരിശീലനം നല്‍കുന്ന ഒന്നാന്തരമൊരു ട്രൈനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് കൂടിയാണ് ഹജ്ജ്.
നോക്കൂ, ഈ പുണ്യകര്‍മ്മത്തിന് തീരുമാനിച്ച നിമിഷം മുതല്‍ നവചൈതന്യത്തിന്റെ ഒരു കുളിര്‍ക്കാറ്റ് നമ്മെ തലോടുകയായി. അതിന്റെ വശ്യസുന്ദരമായ പരിമളം നമ്മുടെ ജീവിതബന്ധങ്ങളില്‍ പുതിയ വസന്തം വിരിയിക്കുന്നു. വസിയ്യത്ത് ചെയ്യല്‍, കടം വീട്ടല്‍, ദാനം ചെയ്യല്‍, അമാനത്തുകള്‍ തിരിച്ചേല്‍പ്പിക്കല്‍, വിട്ടേച്ചുപോയവര്‍ക്ക് ചെലവിന് വകകാണല്‍, മാപ്പപേക്ഷിക്കല്‍, നിരന്തരം പ്രാര്‍ത്ഥിക്കല്‍ തുടങ്ങി എന്തൊക്കെ ഒരുക്കങ്ങളാണ് ഹാജി ചെയ്തുകൊണ്ടിരിക്കുന്നത്. യാത്രക്കുള്ള ഹാവഭാവങ്ങള്‍ കാണുമ്പോള്‍ തിരിച്ചുവരാത്ത ഒരു മരണയാത്രയുടെ പ്രതീതി. ദൈവസ്മരണയാല്‍ പച്ചപിടിച്ച മനസ്സോടെ തുടര്‍ന്നു മീഖാത്തിലെത്തുമ്പോള്‍ കുളിച്ചൊരുങ്ങി ഇഹ്‌റാമിന്റെ നിശ്ചിത വേഷമായ വെള്ളവസ്ത്രങ്ങളണിഞ്ഞ് ഹാജി ഔദ്യോഗികമായി തന്റെ കര്‍മ്മത്തില്‍ പ്രവേശിക്കുന്നു. ഇത് കാണുമ്പോള്‍ ശവപ്പുടവ ധരിച്ച് അന്ത്യയാത്രക്ക് തയ്യാറെടുത്തു നില്ക്കുന്ന ഒരു നിഷ്‌കപടനായ ഒരു വിശ്വാസിയുടെ സുമോഹന ചിത്രം നമ്മുടെ മനസ്സില്‍ തെളിഞ്ഞുവരുന്നില്ലേ? എത്ര നല്ല പ്രതീകം. അതോടൊപ്പം മക്കയിലെ മസ്ജിദുല്‍ ഹറാം എന്ന ബിന്ദുവിനെ ഉന്നം വെച്ച് ഒന്നില്‍നിന്ന് ഒന്നിലൂടെ ഒന്നിലേക്ക് നീങ്ങുന്ന ഈ ശവപ്പുടവ ധാരികള്‍ നമുക്ക് വിശാല മാനവികതയുടെയും വിശുദ്ധതൗഹീദിന്റെയും ശീതളഛായയിലൂടെ നീങ്ങുന്ന ഒരു സാര്‍ത്ഥ വാഹക സംഘത്തെ കാഴ്ചവെക്കുന്നു. നീണ്ട കാലമായി ജീവിതത്തിലലിഞ്ഞു ചേര്‍ന്നിരുന്ന എല്ലാ ശൈലീ ശീലങ്ങളെയും തട്ടിമാറ്റിക്കൊണ്ട് ഏതു തരം പ്രതികൂലസാഹചര്യങ്ങളെയും അതിജീവിക്കാന്‍ തയ്യാറാണെന്നും ത്യാഗത്തിലൂടെയല്ലാതെ വിജയം അനായാസം വെള്ളിത്താലത്തില്‍ നല്കപ്പെടില്ലെന്നുമുള്ള ഉറച്ച പ്രഖ്യാപനത്തെക്കൂടി ഇഹ്‌റാം പ്രതീകവത്ക്കരിക്കുന്നു.
സ്വാര്‍ത്ഥ, സങ്കുചിത, കപട, കുടില ചിന്തകളെയൊന്നടങ്കം വലിച്ചെറിഞ്ഞ് ‘ കഅ്ബ’ എന്ന സര്‍ക്കിളിലേക്ക് ‘ ലബ്ബൈക്ക’ ഉച്ചരിച്ച് നീങ്ങാനൊരുങ്ങിനില്ക്കുന്ന പുണ്യതീര്‍ത്ഥാടകരുടെ മനസ്സ് ഗ്രന്ഥകാരനും ചിന്തകനുമായ അലി ശരീഅത്തി ഇങ്ങനെ വായിക്കുന്നു: ‘മീഖാത്തില്‍ നിങ്ങള്‍ നിങ്ങളുടെ വംശവും ഗോത്രവും തുടങ്ങിയവയെല്ലാം ഉപേക്ഷിക്കുന്നു. നിങ്ങള്‍ ചെന്നായ അല്ലാതാവുന്നു. നിങ്ങള്‍ എലി അല്ലാതാവുന്നു. കുറുക്കന്‍ അല്ലാതാവുന്നു. ചെമ്മരിയാട് അല്ലാതാവുന്നു.’ പരാമര്‍ശിക്കപ്പെട്ട ചെന്നായ വന്യതയുടെയും മര്‍ദ്ദനത്തിന്റെയും പ്രതീകമായും എലി കാപട്യത്തിന്റെ പ്രതീകമായും കുറുക്കന്‍ വഞ്ചനയുടെ പ്രതീകമായും ചെമ്മരിയാട് അടിമയുടെ പ്രതീകമായുമാണ് അലി ശരീഅത്തി കാണുന്നത്. അതെ, ശുദ്ധ മാനുഷികതയുടേയും ആത്മീയതയുടേയും ഉന്നതശ്രേണിയിലേക്കുള്ള അഭൂതപൂര്‍വ്വമായ ഒരാരോഹണം തന്നെ.
മീഖാത്ത് വിട്ട തീര്‍ത്ഥാടകര്‍ തന്റെ ജീവിതസ്വപ്‌നമായ കഅ്ബ ദര്‍ശിക്കുമ്പോള്‍ അനിര്‍വചനീമായ ആനന്ദനുഭൂതിയില്‍ വിലയം പ്രാപിക്കുന്നു. മനസ് നിറയെ മോഹവും കണ്ണ് നിറയെ സ്‌നേഹവും സ്വദേശത്തായിരുന്നപ്പോള്‍ ദിവസത്തില്‍ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും അഭിമുഖീകരിക്കുകയും മനക്കണ്ണുകൊണ്ട് കാണുകയും ചെയ്ത ദൈവഭവനമാണ് നേരെ മുമ്പില്‍. നിത്യശാന്തിയുടെ നിദര്‍ശനമായ ബാബുസ്സലാമിലൂടെ കഅ്ബയുടെ സമീപത്തെത്തുമ്പോള്‍ അതിരറ്റ സന്തോഷത്തിലും നന്ദിയിലും ചാലിച്ചെടുത്ത ചുടുബാഷ്പം കവിള്‍ത്തടത്തിലൂടെ ചാലിട്ടൊഴുകുന്നു. ചുണ്ടില്‍ ലോകത്തെ വാഴുന്ന സര്‍വ്വശക്തനെ വാഴ്ത്തിക്കൊണ്ട് പ്രകീര്‍ത്തനത്തിന്റെ തക്ബീര്‍ ധ്വനികളും. മഹാരാജാവിന്റെ തിരുമുറ്റത്ത് കാലുകുത്താന്‍ കഴിഞ്ഞതിലുള്ള ആമോദത്തില്‍ വിശ്വാസി കൃതജ്ഞതാ പൂര്‍വ്വം, അത്യാദരവോടെ അവന്റെ പടിവാതില്‍ക്കല്‍ ഒരു തിരുമുല്‍ക്കാഴ്ച സമര്‍പ്പിക്കുന്നു. അതിനെ നമുക്ക് ത്വവാഫ് എന്ന് വിളിക്കാം.
കഅ്ബയെ ഏഴുതവണ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ത്വവാഫ് ഹജ്ജിലെ ശ്രദ്ധേയങ്ങളായ നിരവധി പ്രതീകങ്ങളില്‍ ഒന്നത്രെ. ഒരു പ്രത്യേക ബിന്ദുവില്‍ മുഴുശ്രദ്ധയും കേന്ദ്രീകരിച്ചുകൊണ്ട് വിനയവും ധീരതയും അടിമത്തവും സ്വാതന്ത്ര്യവാഞ്ഛയും അര്‍പ്പണബോധവും ഇഛാശക്തിയും ഭക്തിയും പ്രാര്‍ത്ഥനയും തുളുമ്പി നില്‍ക്കുന്ന മനസുമായി നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ആദര്‍ശപാര്‍ട്ടിയാണ് മുസ്്‌ലിംഉമ്മ എന്ന വസ്തുതക്ക് അടിവരയിടുന്നു ത്വവാഫ്.
മക്കയിലെത്തുമ്പോള്‍ നമ്മുടെ ഓര്‍മ്മകള്‍ക്ക് ഒരായിരം പൊന്‍ചിറകുകള്‍ മുളക്കുന്നു. ഏകാധിപത്യവും പൗരോഹിത്യവും കൈകോര്‍ത്തു തീര്‍ത്ത തോന്നിവാസത്തിനും അവകാശധ്വംസനത്തിനുമെതിരെ ഒറ്റയാനായി നിന്നുകൊണ്ട് വെണ്‍മഴുവെറിഞ്ഞ, ശിര്‍ക്കിന്റെ ആളിപ്പടരുന്ന കാട്ടുതീ തച്ചുകെടുത്തിയ ഖലീലുല്ലാഹി ഇഹ്‌റാഹീമിന്റെ(അ) സംഭവ ബഹുലമായ ജീവിത ചരിത്രം പഠിക്കുമ്പോള്‍ നടേ പറഞ്ഞ ചലനാത്മകതയുടെ പൊരുള്‍ നമുക്ക് എളുപ്പം ബോധ്യപ്പെടും.
ഹജ്ജിലെ മറ്റൊരു സുപ്രധാനകര്‍മ്മമാണ് സഫാ-മര്‍വാകുന്നുകള്‍ക്കിടയിലെ ഓട്ടം. ആഫ്രിക്കയിലെ നീഗ്രോ അടിമയായിരുന്ന ഹാജര്‍ എന്ന ഒരു ഭക്ത സ്ത്രീയിലേക്കാണ് ഈ കര്‍മ്മത്തിന്റെ പശ്ചാത്തലസംഭവ വേരുകള്‍ ചെന്നുചേരുന്നത്. ഒരുനാള്‍, പൈതലായിരുന്ന ഇസ്്മാഈലിനെയും മാതാവ് ഹാജറിനെയും മക്കയിലെ മലഞ്ചെരുവില്‍ തനിയേ വിട്ടേച്ചുകൊണ്ട് ഭര്‍ത്താവ് ഇബ്‌റാഹീം എവിടേക്കോ യാത്ര തിരിച്ചു. മീതെ തെളിഞ്ഞ ആകാശം. കീഴെ മൊട്ടക്കുന്നുകളും വരണ്ടൊട്ടിയ താഴ് വരകളും മാത്രം. അവിടെ ജലമില്ല, ജനമില്ല. ഹാജറിലെ മാതാവ് അസ്വസ്ഥയായി. ദാഹവിവശനായ കുഞ്ഞിന്റെ കാര്യമോര്‍ത്ത് ഹാജര്‍ നന്നെ പരവശയായി. നില്ക്കപ്പൊറുതിയില്ലാതെ ആ മാതാവ് തൊട്ടടുത്ത കുന്നുകള്‍ക്കിടയില്‍ (സഫാ, മര്‍വഃ) പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി പലതവണ ഓടി. ഒടുവിലതാ കുട്ടി കാലിട്ടടിച്ചിടത്ത് ഒരു കൊച്ചു നീരുറവ. അതീവ ഹൃദ്യവും ശുദ്ധവും നിര്‍മ്മലവുമായ വെള്ളം കൂടുതല്‍ ശക്തിയായി പുറത്തേക്കു തള്ളാന്‍ തുടങ്ങിയപ്പോള്‍ ഹാജര്‍ പറഞ്ഞു: സംസം: നില്‍ക്കൂ വെള്ളമേ. തീരേ പതറാതെ ഭാരങ്ങളത്രയും അല്ലാഹുവില്‍ മാത്രം ഭരമേല്‍പ്പിച്ചപ്പോള്‍ ചെങ്കടല്‍ തീരത്ത് മൂസായേയും ഫലസ്തീനില്‍ ഈസയേയും സൗര്‍ഗുഹയില്‍ മുഹമ്മദിനേയും (അല്ലാഹു അവരെ അനുഗ്രഹിക്കുമാറാകട്ടെ) രക്ഷിച്ച അല്ലാഹു ഹാജറിനെയും തുണക്കുകയായിരുന്നു. മുട്ടുവിന്‍ തുറക്കപ്പെടുമെന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന സഅ്‌യ് നിഷ്‌ക്രിയത്വത്തെ താലോലിക്കുന്ന ആധുനിക മുസ്്‌ലിം സമൂഹത്തിന് വിജയത്തിന്റെ സാക്ഷാല്‍ നിദാനം എവിടെയെന്നു ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.
ദുല്‍ഹജ്ജ് എട്ടിന് കൂട്ടം കൂട്ടമായി മിനായിലേക്ക് നീങ്ങുന്ന തീര്‍ത്ഥാടകര്‍ അന്നവിടെ രാപാര്‍ത്തശേഷം ഒമ്പതാം നാള്‍ ഉച്ചയോടെ അറഫഃയിലെത്തുന്നു. ഹജ്ജ് കര്‍മ്മത്തിലെ ഏറ്റവും ഗൗരവമാര്‍ന്നതും പുണ്യവത്തുമായ മുഹൂര്‍ത്തം അറഫയിലെനില്‍പു തന്നെ. ഒരു കുഞ്ഞിളം പൈതലിന്റെ വിശുദ്ധിയിലേക്കുയരാന്‍ ഉടയതമ്പുരാന്‍ അവന്റെ ഉത്തമദാസര്‍ക്ക് കനിഞ്ഞരുളിയ സുവര്‍ണ്ണാവസരം. പാപക്കറ വീണ് കരുവാളിച്ച ജീവിതത്തെ സംശുദ്ധീകരിക്കാന്‍ വേണ്ടി ഇവിടെ ഹാജി തൗബയുടെ മുഴുവന്‍ വാതിലുകളും മുട്ടുന്നു. ആ സവിശേഷനിമിഷത്തില്‍ തന്നെ തൊട്ടുരുമ്മി നില്ക്കുന്ന ആത്്മ സുഹൃത്തിന്റെ സാന്നിധ്യം പോലും അയാള്‍ അറിയുന്നില്ല. അതെ ഓരോരുത്തനും സ്വയം ആത്മപരിശോധനയിലും ഖേദപ്രകടനത്തിലും ഉള്ളുരുകുന്ന പ്രാര്‍ത്ഥനയിലും നിരതരാണ്. നേതാവും നീതരും പണക്കാരനും പണ്ഡിതനും സ്ത്രീയും പുരുഷനും യുവാവും വൃദ്ധനും… എല്ലാവരും ആകപ്പാടെ നോക്കുമ്പോള്‍ പരലോകത്തിലെ മഹ്ശറയെ സജീവമായി ഓര്‍മിപ്പിക്കുന്ന ഒരുജ്ജ്വല പ്രതീകമാണ് അറഫ.
ഭൂമിയിലെ ഈ മഹ്ശറയില്‍ ഭാഷ- വര്‍ഗ്ഗ- വര്‍ണ്ണ- ജാതി- ലിംഗ പരിഗണനകളേതുമില്ലാതെ ഒരുമിച്ചുകൂടുന്ന പുണ്യതീര്‍ത്ഥാടകരുടെ വേഷം ഇഹ്‌റാമിന്റേതാണ്. ആശയം ഇബ്‌റാഹീമിന്റേതും. പ്രവിശാലമായ അറഫാ മരുപ്പറമ്പില്‍ സര്‍വ്വരുടേയും കൈകള്‍ നീണ്ടിരിക്കുന്നത് ഭൂമിയുടെ ആകാശത്തേക്ക് വരുന്ന ദയാമയനായ അല്ലാഹുവിന്റെ നേരെ. മണിക്കൂറുകള്‍ മാത്രം നീണ്ടുനില്ക്കുന്ന അറഫയിലെ അവാച്യമായ ആത്മീയാനുഭൂതികള്‍ ആവോളം നുകര്‍ന്ന ശേഷം കരഞ്ഞു തെളിഞ്ഞ കണ്ണുകളുമായി, വളരെ അകലെയല്ലാത്ത മുസ്ദലിഫയിലേക്കു പുറപ്പെടുമ്പോള്‍ അറഫ ഒരു തിരിച്ചറിവില്‍ അവനെ കൊണ്ടെത്തിക്കുന്നു. പ്രപഞ്ചത്തോളം വിശാലമായ മാനവികതയില്‍ ഊന്നിനില്ക്കുന്ന ഇസ്്‌ലാം മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല, ആളുകളെ അളക്കേണ്ടത് അവരുടെ കര്‍മ്മധര്‍മ്മം നോക്കിമാത്രം. ഭൗതികഭ്രമത്തിന്റെ അഴുക്കുചാലില്‍ മുഖം കുത്തിവീണ ആധുനികലോകത്തിന് ഇന്നേറ്റവും അത്യാവശ്യമായ ഒരു തിരിച്ചറിവ്. (അറഫഃയെന്ന പദം തിരിച്ചറിവ് എന്ന ആശയത്തെ ദ്യോതിപ്പിക്കുന്നു.)
തിരിച്ചറിവിന്റെ പ്രതീകമായ അറഫയിലെ, മനുഷ്യാവകാശചട്ടങ്ങള്‍ ചരിത്രത്തിലാദ്യമായി പ്രഖ്യാപിക്കപ്പെട്ട അറഫയിലെ, ഖുര്‍ആനിന്റെ അവതരണസമാപ്തിക്ക് സാക്ഷ്യം വഹിച്ച അറഫയിലെ ധന്യപൂര്‍ണ്ണമായ നിമിഷങ്ങള്‍ അയവിറക്കിയും എല്ലാറ്റിനും ഉതവിയേകിയ സ്രഷ്ടാവിന് സ്തുതിഗീതങ്ങള്‍ അര്‍പ്പിച്ചും നേരം ഇരുട്ടുന്നതോടെ മുസ്ദലിഫയിലെത്തുന്ന സത്യത്തിന്റെ ഖാഫില മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ ജംഉം ഖസ്‌റുമാക്കി നമസ്‌കരിച്ച് നേരെ വിശ്രമത്തില്‍ പ്രവേശിക്കുന്നു. ഉസ്താദ് സയ്യിദ് സാബിഖ് പറയുന്നു: ‘ഈ രാത്രിയില്‍ തിരുമേനി ഉറങ്ങാതെ രാത്രി മുഴുവന്‍ ജീവത്താക്കിയതായി തെളിഞ്ഞിട്ടില്ല.’
പിറ്റേന്ന് ദുല്‍ഹജ്ജ് പത്ത്, ഹജ്ജ് തീര്‍ത്ഥാടകനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമത്രെ. ഒട്ടു വളരെ സുപ്രധാനങ്ങളായ കല്ലേറ്, മുടി വടിക്കല്‍ തുടങ്ങി പലതും ഹാജിക്ക് നിര്‍വഹിക്കേണ്ടത് അന്നാണ്. മിനയില്‍ പിറ്റേന്ന് ചെയ്യാനിരിക്കുന്ന ശ്രമകരങ്ങളായ ജോലിയെ മുന്‍ നിര്‍ത്തിയാവാം മുസ്ദലിഫയിലെ രാപ്പാര്‍പ്പില്‍ വിശ്രമത്തിന് ഊന്നല്‍ നല്കിയത്.
ഇസ്്‌ലാമിക ദാര്‍ശനികനായ ഇമാം ഗസ്സാലിയുടെ നിഗമനത്തില്‍ തീര്‍ത്ഥാടകരുടെ മുസ്ദലിഫയിലുള്ള രാപ്പാര്‍പ്പും ഉറക്കവും നമ്മുടെ മരണാനന്തരമുള്ള ഖബര്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഉജ്ജ്വല പ്രതീകമാണ്.
മറ്റൊരു വിധം പറഞ്ഞാല്‍ മുസ്ദലിഫയിലെ വിശ്രമം, അതിശക്തനായ ആജന്‍മശത്രുവിന്നെതിരെ അഴിച്ചുവിടുന്ന അത്യുഗ്രന്‍ ആക്രമണത്തിനു തൊട്ടുമുമ്പ് സൈന്യം മാനസിക ഏകാഗ്രതയും ശാരീരികമായ സ്വസ്ഥതയും ലഭിക്കാന്‍ വേണ്ടി തല്ലിട വിശ്രമിക്കുന്നതിന്റെ പ്രതീകമായും കാണാവുന്നതാണ്.
ദുല്‍ഹജ്ജ് പത്താം നാളില്‍ മിനയില്‍ ആരംഭിക്കുന്ന ജംറയിലെ ഏറുകളിലൂടെ ഹാജിമാര്‍ ഒരു മഹത്തായ യുദ്ധമാണ് തുടങ്ങുന്നത്. മനുഷ്യവംശത്തെ ഒന്നടങ്കം അപഭ്രംശത്തിലാക്കാന്‍ ശപഥം ചെയ്തു ടക്കുന്ന ഇബ്്‌ലീസുമാര്‍ക്കെതിരിലുള്ള സന്ധിയില്ലാ സമരം. മിനയില്‍ നാട്ടിയിട്ടുള്ള മൂന്ന് ജംറകളും ഭാവിഭൂത വര്‍ത്തമാന കാലങ്ങളിലെ സകലമാന ശൈത്താന്‍മാരുടേയും പ്രതീകമാകുന്നു. ആ ശൈത്താന്‍മാര്‍ വെളുത്തതോ ചുകന്നതോ മഞ്ഞയോ പച്ചയോ കറുത്തതോ തവിട്ടുനിറമുള്ളതോ അറബിയോ അനറബിയോ ബൂര്‍ഷ്വാസിയോ പ്രോലിറ്റാരിയനോ എന്നെതൊന്നും ഹാജിക്ക് പ്രശ്‌നമല്ല. ഓരോ ഏറുകല്ലും അതീവജാഗ്രതയോടെ അവന്‍ തൊടുത്തു വിടുന്ന ഓരോ ഏറും ഹിരോഷിമയിലും നാഗസാക്കിയിലും ബാഗ്ദാദിലും വര്‍ഷിച്ച ബോംബുകളേക്കാള്‍ ആയിരം മടങ്ങ് ശക്തവും ആപല്‍ക്കരവുമാണ്.
കഅ്ബയെ പ്രദക്ഷിണം വെക്കുമ്പോള്‍ ഒരു കല്ലിനെ-ഹജറുല്‍ അസ് വദിനെ- മുത്തംചാര്‍ത്തി അഭിവാദനം ചെയ്യുന്നത് പോലെയല്ല ഇവിടെ മിനായില്‍ നാട്ടിനിര്‍ത്തിയ കല്ലിനെ -ജംറയെ- അഭിവാദനം ചെയ്യുന്നത്. ഇവിടെ വെടിയുണ്ട കൊണ്ടാണ് നേരിടല്‍. കാരണം, മിനയിലേത് സര്‍വതിന്‍മകളുടേയും പ്രതീകമാണ്. എന്നാല്‍, മുത്തം കൊടുത്ത് ആദരിക്കുന്ന കഅ്ബയിലെ ഹജറുല്‍ അസ്‌വദ് എല്ലാ വിധ നന്മകളുടേയും പ്രതീകവും.
യുദ്ധത്തിനിറങ്ങിയ പോരാളിയുടെ മനോഗതി പരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ചില സംവിധാനങ്ങളാണ് മുടിയെടുക്കലും ബലിയറുക്കലും. ഏതുതരം ജീവിതശീലങ്ങളേയും വ്യക്തിതാല്‍പര്യങ്ങളേയും ത്യജിക്കാന്‍ ഹാജിക്ക് കഴിയുമെന്ന് മുടിയെടുക്കലിലൂടെ തെളിയിക്കപ്പെടുമ്പോള്‍ സ്വയം അര്‍പ്പണത്തിന് താന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും താല്പര്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമ്പോള്‍ അല്ലാഹുവിന്റെ ഇഷ്ടത്തിനു മാത്രമേ വില കല്‍പിക്കുകയുള്ളൂവെന്നും ബലിയിലൂടെ പ്രതിജ്ഞ ചെയ്യുന്നു. ഇബ്‌റാഹീം എന്ന പ്രോജ്ജ്വല വിപ്ലവകാരി മിനയില്‍ ഓമനമകന്‍ ഇസ്്മാഈലിന്റെ കഴുത്തില്‍ കത്തിയിറക്കാന്‍ മുന്നോട്ടുവന്നത് ഈ സല്‍വികാരത്തിന്റെ ശക്തമായ ഉള്‍തുടിപ്പുകൊണ്ടായിരുന്നു.
ഇബ്‌റാഹീം(അ) ഇസ്്മാഈലിനെ(അ) അറുക്കാന്‍ തയ്യാറായി. പിന്നാലെ വരുന്ന ഇബ്‌റാഹീമിസ്റ്റുകള്‍ എന്തുവേണം? നമുക്കറുക്കേണ്ട ഇസ്്മാഈല്‍ എവിടെ? സ്വന്തം മനസ്സിനോട് ചോദിക്കുക, ഇസ്്മാഈലുമാരെ കണ്ടെത്തും. കച്ചവടം, കൃഷി, വ്യവസായം, ഉദ്യോഗം, ശമ്പളം, ആരോഗ്യം, സൗന്ദര്യം, ഭാര്യാസന്തതികള്‍, ബന്ധുമിത്രങ്ങള്‍, ഭാഷ, വര്‍ണ്ണം, ജാതി, ഭരണം, നേതൃത്വം തുടങ്ങി പലതരം പേരുകളിലും വേഷങ്ങളിലുമുള്ള ഇസ്്മാഈലുമാരുടെ പട്ടിക നീണ്ടുപോകുന്നു. ഇവയില്‍ ഏതെങ്കിലും നമ്മുടെ മനസ്സില്‍ അള്ളിപ്പിടിച്ചു നില്ക്കുന്നുണ്ടെങ്കില്‍ അവയുടെ കണ്ഠനാളത്തില്‍ തന്നെ ആഞ്ഞുവെട്ടാന്‍ നമുക്കു സാധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് ബലികര്‍മ്മത്തിന്റെ പ്രതീകാത്മകതയോട് നീതി പുലര്‍ത്താനും യഥാര്‍ത്ഥ ഇബ്‌റാഹീമിസ്റ്റാവാനും നമുക്ക് സാധിക്കുക.
ഹജ്ജിലെ ചില പ്രതീകങ്ങളിലൂടെ ഒരു മിന്നലോട്ടം നടത്തിയപ്പോള്‍ തെളിഞ്ഞുവന്ന ഏതാനും ചിന്തകള്‍ വായനക്കാരുമായി പങ്കിട്ടിരിക്കുകയാണ്. ഇനിയും ഹജ്ജിന്റെ പ്രതീകങ്ങളിലൂടെ ഒരു അദ്ധ്യയനയാത്ര നടത്തുകയാണെങ്കില്‍ എന്തൊക്കെ നിധികള്‍ നമുക്ക് കിട്ടാനിരിക്കുന്നു.! പക്ഷേ, ആരും ആ അറിവിന്റെ പാരാവാരത്തിലേക്ക് ഊളിയിട്ടു ചെല്ലുന്നില്ല. തീര്‍ത്ഥാടനത്തിന് തയ്യാറെടുത്ത ഹാജിമാര്‍ പോലും. അതുകൊണ്ട് തന്നെ ഹജ്ജ് ഇന്ന് പലര്‍ക്കും ഒരു പിക്‌നിക്കോ ബിസിനസ്സോ മാത്രം. കവിയും പ്രതിഭാധനനുമായ ഇഖ്ബാല്‍ ചോദിക്കുന്നു: ‘ ഹിജാസില്‍നിന്നും വരുന്നോരേ, നിങ്ങള്‍ ഞങ്ങള്‍ക്കായി സംസം കുപ്പിയല്ലാതെ മറ്റൊന്നും കൊണ്ടു വന്നിട്ടില്ലേ?’
Add Comment