സത്യവിശ്വാസികള്‍ സദ്‌വൃത്തരും ഭയഭക്്തരുമായിത്തീരുന്നതിനും അതുവഴി ശാശ്വതമായ സ്വര്‍ഗ്ഗത്തിന് അവകാശികളാകുന്നതിനും വേണ്ടി രക്ഷിതാവായ അല്ലാഹു മനസ്സാ-വാചാ-കര്‍മ്മണാ അവര്‍ നിര്‍വ്വഹിക്കേണ്ട വിവിധ ആരാധനാ ക്രര്‍മ്മങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദിനേന പലപ്രാവശ്യം നിര്‍വ്വഹിക്കേണ്ട നമസ്‌കാരങ്ങളും, വര്‍ഷാന്തം അനുഷ്ഠിക്കേണ്ട വ്രതവും, കാര്‍ഷികവും വ്യാവസായികവും മറ്റുമായി മാര്‍ഗ്ഗേണ സമ്പാദിക്കുന്ന ധനത്തില്‍നിന്നുള്ള സകാത്തും ഇവയില്‍പെടുന്നു.
എന്നാല്‍ ആയുസ്സിലൊരിക്കല്‍ നിശ്്ചിത നിബന്ധനകള്‍ പൂര്‍ത്തിയാകുന്നവര്‍ മാത്രം അനുഷ്ഠിക്കേണ്ട നിര്‍ബ്ബന്ധകര്‍മ്മങ്ങളാണ് ഹജ്ജും ഉംറയും. നബി(സ) പറഞ്ഞു: ‘ ഹജ്ജ് നിര്‍വ്വഹിക്കേണ്ടത് ഒരു പ്രാവശ്യമാണ്. ആര്‍ അതിലധികം ചെയ്യുന്നുവോ അത് ഐഛികമാണ്.’
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) ഞങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പ്രസംഗിച്ചു: ‘ജനങ്ങളെ, നിങ്ങളുടെ മേല്‍ അല്ലാഹു ഹജ്ജ് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യുക. ‘ അപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘ അല്ലാഹുവിന്റെ ദൂതരേ, എല്ലാ വര്‍ഷവും നിര്‍വ്വഹിക്കേണ്ടതുണ്ടോ.?’ നബി മൗനം പൂണ്ടു. അങ്ങനെ അയാള്‍ മൂന്ന് പ്രാവശ്യം തന്റെ ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘ഞാന്‍ ‘അതെ’ എന്ന് ഉത്തരം നല്കുകയാണെങ്കില്‍ അത് നിര്‍ബ്ബന്ധമായിത്തീരുകയും നിങ്ങള്‍ക്ക് നിര്‍വ്വഹിക്കല്‍ അസാദ്ധ്യമായിത്തീരുകുയും ചെയ്യും. എന്നിട്ട് തുടര്‍ന്നു: ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നത് മാത്രം നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ പൂര്‍വ്വികസമുദായങ്ങള്‍ നശിക്കാനുണ്ടായ കാരണം പ്രവാചകന്മാരെക്കുറിച്ചുള്ള അവരുടെ ഭിന്നിപ്പും ആവശ്യത്തില്‍ കൂടുതലുള്ള ചോദ്യങ്ങളുമാണ്. അതിനാല്‍ ഒരു കാര്യം ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചാല്‍ കഴിയുന്നിടത്തോളം അത് അനുസരിക്കുക. ഞാന്‍ വിരോധിക്കുന്നത് വര്‍ജ്ജിക്കുകയും ചെയ്യുക.’ (മുസ്്‌ലിം).
ഹജ്ജും ഉംറയും
ആയുസ്സില്‍ ഒരിക്കല്‍ മാത്രം
നമസ്‌കാരവും നോമ്പും പോലെ നിര്‍ബ്ബന്ധമായി അനുഷ്ഠിക്കപ്പെടേണ്ട ഇസ്്‌ലാമിന്റെ സ്തംഭങ്ങളില്‍ പെട്ടതാണ് ഹജ്ജും ഉംറയും. അത് നിര്‍വ്വഹിക്കുന്നത് മൂലം കൈവരിക്കാന്‍ കഴിയുന്ന നന്മകളുടേയും നേട്ടങ്ങളുടേയും ആധിക്യം പരിഗണിക്കുമ്പോള്‍ അതിന്ന് സാധ്യമാകുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രേഷ്ഠമായ പുണ്യകര്‍മ്മങ്ങളാണവ. ഒന്നിലധികം പ്രാവശ്യം ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നത് സുന്നത്താണ്. പക്ഷേ, സുന്നത്തിനേക്കാള്‍ പ്രാധാന്യം കല്്പിക്കേണ്ട മറ്റു ബാധ്യതകള്‍ നിര്‍വ്വഹിക്കുന്നതിന് ഈ കര്‍മ്മം തടസ്സമായിരിക്കരുത്. വിദൂര നാടുകളില്‍നിന്ന് ഭാരിച്ച ചെലവ് ചെയ്ത് ഹജ്ജും ഉംറയും ആവര്‍ത്തിച്ച് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നവര്‍ അനിവാര്യമായും പുനര്‍വിചാരം നടത്തേണ്ടതുണ്ട്. തങ്ങളുടെ കുടുംബ-ബന്ധുമിത്രാദികളോടും അയല്‍ വാസികളോടും ജീവിക്കുന്ന സമൂഹത്തോടും നിര്‍ബ്ബന്ധമായി നിര്‍വ്വഹിക്കണമെന്ന് ഇസ്്‌ലാം ആജ്ഞാപിച്ച ബാധ്യതകള്‍ നിറവേറ്റുന്നതിനേക്കാള്‍ പ്രാധാന്യം ഐഛികമായി നിര്‍വ്വഹിക്കുന്ന ഹജ്ജിന്നും ഉംറക്കും കല്്പിക്കരുത്.
ഹജ്ജും ഉംറയും നിര്‍ബ്ബന്ധമാവുന്നതെപ്പോള്‍.?
വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഹജ്ജും ഉംറയും സ്ത്രീപുരുഷഭേദമെന്യേ ഓരോ വ്യക്തിക്കും നിര്‍ബ്ബന്ധമാകുന്നത് അഞ്ചുനിബന്ധനകള്‍ പൂര്‍ത്തിയാകുമ്പോഴാണ്.
ഒന്ന്: മുസ്്‌ലിമായിരിക്കുക
ഇസ്്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പെട്ടതാണ് നമസ്‌കാരവും ഹജ്ജുമെല്ലാം. അതിനാല്‍, അത് മുസ്്‌ലിംകളോടാണ് അല്ലാഹു ആവശ്യപ്പെടുന്നത്: ‘ അഞ്ചു കാര്യങ്ങളുടെ മേല്‍ ഇസ്്‌ലാം ഉയര്‍ത്തപ്പെട്ടിരിക്കുന്നു.’ എന്ന നബി വചനം വ്യക്തമാക്കുന്നത് അതാണ്.
രണ്ട്: ബുദ്ധിസ്ഥിരത
ഇസ്്‌ലാമിന്റെ മതപരമായ എല്ലാ ബാധ്യതകളും ബുദ്ധിസ്ഥിരതയും സ്വബോധവുമുള്ളവന്നേ ബാധകമാവുന്നുള്ളൂ. ബുദ്ധിഭ്രംശം വന്നുഭവിക്കുമ്പോഴും ഉറക്കത്തിലും മറവിയിലും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്്‌ലാമിന്റെ വീക്ഷണത്തില്‍ വ്യക്തി ഉത്തരവാദിയാകുന്നില്ല. ‘ ഒരു ശരീരത്തോടും അതിന്റെ കഴിവിന്നതീതമായത് അല്ലാഹു കല്്പിക്കുകയില്ല.’ എന്നും ഖുര്‍ആന്‍ പറയുന്നു.
മൂന്ന്: പ്രായപൂര്‍ത്തി
എല്ലാ ദീനി ബാധ്യതകളെയും പോലെ ഹജ്ജും നിര്‍ബ്ബന്ധമാകുന്നത് വിവേകത്തിന്റെ പ്രായമെന്നറിയപ്പെടുന്ന പ്രായപൂര്‍ത്തിയെത്തുമ്പോഴാണ്. എന്നാല്‍ ആ പ്രായമെത്തുന്നതിനുമുമ്പുള്ള സമയത്ത് പരിശീലനാര്‍ഥം കുട്ടികളോട് അത്തരം കാര്യങ്ങള്‍ കല്‍പിക്കേണ്ടതുണ്ട്. കുട്ടികള്‍ ഏഴ് വയസ്സ് പ്രായമെത്തിയാല്‍ മാതാപിതാക്കള്‍ അവരോട് നമസ്‌കരിക്കാന്‍ കല്‍പിക്കണമെന്നും പത്തു വയസ്സെത്തിയാല്‍ നമസ്‌കരിക്കുന്നില്ലെങ്കില്‍ ശിക്ഷിക്കണമെന്നും പ്രവാചകന്‍ കല്്പിച്ചിട്ടുണ്ട്. പക്ഷേ, നോമ്പിന്റെയും ഹജ്ജിന്റെയും കാര്യങ്ങളില്‍ ഇത്ര കര്‍ശനമായ നിര്‍ദ്ദേശം ഉണ്ടായിട്ടില്ല.
നാല്: കഴിവുണ്ടാകല്‍
‘ കഴിവുള്ളവര്‍ അല്ലാഹുവിന്റെ പുണ്യഗേഹത്തില്‍ പോയി ഹജ്ജ് നിര്‍വ്വഹിക്കേണ്ടതുണ്ട്’ എന്നാല്‍ അല്ലാഹു കല്്പിച്ചിരിക്കുന്നത്. കര്‍മ്മശാസ്ത്രപണ്ഡിതന്മാര്‍ ഈ നിബന്ധന ഒരു വ്യക്തി എപ്പോഴാണ് പൂര്‍ത്തിയാക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നു.
1. ശാരീരികമായ കഴിവ്: ഹജ്ജ് നിര്‍വ്വഹിക്കാനുദ്ദേശിക്കുന്ന വ്യക്തിയുടെ ആരോഗ്യനില ഹജ്ജിന് പുറപ്പെട്ട് തിരിച്ചുവരാനും, അതിന്നിടയില്‍ നിര്‍വ്വഹിക്കേണ്ട കര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാനും, അതിനുവേണ്ടി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും അവിടത്തെ കാലാവസ്ഥയെ നേരിടാനും യോഗ്യമായിരിക്കണം. അവ വേണ്ടരൂപത്തില്‍ നിര്‍വ്വഹിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള രോഗങ്ങളില്‍നിന്ന്് വിമുക്തമായിരിക്കുകയും വേണം.
2. സാമ്പത്തിക കഴിവ്: യോജ്യമായ രീതിയില്‍ ഹജ്ജിന്ന് പോയി മടങ്ങുന്നതിന്നും ഹജ്ജ് വേളയില്‍ ആവശ്യമായി വരുന്ന യാത്ര, ഭക്ഷണം പാര്‍പ്പിടസൗകര്യങ്ങള്‍ തുടങ്ങിയ മറ്റാവശ്യങ്ങള്‍ക്കും ആവശ്യമായ ധനം ഉണ്ടായിരിക്കുകയെന്നതാണത്. അതുപോലെത്തന്നെ ഹജ്ജിന് പോകുന്ന വ്യക്തി ചെലവ് നല്കാന്‍ ബാധ്യതയുള്ള തന്റെ കുടുംബത്തിനും ആശ്രിതര്‍ക്കും യാത്ര കഴിഞ്ഞു തിരിച്ചുവരുന്നതുവരെ മാന്യമായി ജീവിക്കുന്നതിനുള്ള വകയുണ്ടാവുകയെന്നതും ഈ നിബന്ധനയുടെ പരിധിയില്‍ പെടുന്നു.
3. കടബാദ്ധ്യതകള്‍ തീര്‍ക്കുക: ജനങ്ങളോടുള്ള കടങ്ങളും മറ്റു ബാധ്യതകളും വീട്ടിയിട്ടായിരിക്കണം ഹജ്ജിന് പോകേണ്ടത്. ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ ഉപയോഗിക്കുന്ന പണം പരിപൂര്‍ണ്ണമായും ഹലാലായ മാര്‍ഗേണ സമ്പാദിച്ചതായിരിക്കണം. ഇമാം ത്വബ്‌റാനി അബൂഹുറയ്‌റയില്‍ നിന്ന് നിവേദം ചെയ്യുന്നു. നബി(സ) പറഞ്ഞു: ഒരാള്‍ തന്റെ നല്ല സമ്പാദ്യവുമായി ഹജ്ജിന് പുറപ്പെട്ട് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ‘ (നിന്റെ ആഹ്വാനത്തിന് ഞാനുത്തരം നല്കിയിരിക്കുന്നു) എന്ന് പറയുമ്പോള്‍ വാനലോകത്തുനിന്ന് ഒരു പ്രതിശബ്്ദമുണ്ടാകും: ‘ നീ അല്ലാഹുവിന്റെ ആഹ്വാനത്തിനുത്തരം നല്കി, നീ സൗഭാഗ്യവാനായി, നിന്റെ പാഥേയം ഹലാലാണ്. നിന്റെ വാഹനം ഹലാലാണ്. നിന്റെ ഹജ്ജ് സ്വീകരിക്കപ്പെട്ടിരിക്കുന്നു.’
എന്നാല്‍ മറ്റൊരു വ്യക്തി ഹറാമായി സമ്പാദിച്ച സമ്പാദ്യവുമായി ഹജ്ജിന് പുറപ്പെട്ട് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ‘ എന്ന് പറയുമ്പോള്‍, വാനലോകത്ത് നിന്ന് അവന്ന് കിട്ടുന്ന ഉത്തരം: നീ അല്ലാഹുവിന്റെ ആഹ്വാനത്തിനുത്തരം നല്കിയിട്ടില്ല; നീ സൗഭാഗ്യവാനായതുമില്ല. നിന്റെ പാഥേയം ഹറാമാണ്. നിന്റെ സമ്പാദ്യവും ഹറാമാണ്. നിന്റെ ഹജ്ജ് അസ്വീകാര്യമാണ്.’
അഞ്ച്: നിര്‍ഭയത്വം
ഹജ്ജിന് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഉപയോഗിക്കേണ്ടിവരുന്ന വാഹനങ്ങളുടെ സുരക്ഷിതത്വവും യാത്രാമധ്യ ഉണ്ടായേക്കാവുന്ന യുദ്ധം, പ്രകൃതിക്ഷോഭം, രാജ്യാതിര്‍ത്തി അടക്കല്‍, പകര്‍ച്ചവ്യാധി എന്നിവയുടെ ഭീഷണിയില്‍നിന്നുള്ള നിര്‍ഭയത്വമാണ് ഇതിന്റെ വിവക്ഷ.
സംഭാവനകള്‍ പിരിച്ചുകൊണ്ടുള്ള ഹജ്ജ്
ഹജ്ജിന്നും ഉംറക്കും പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന ഓരോ മുസ്്‌ലിമും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്. സ്വന്തം സമ്പാദ്യത്തില്‍ നിന്നോ, അല്ലെങ്കില്‍ നേരായ രൂപത്തില്‍ നിന്നോ അനന്തരാവകാശമായി ലഭിച്ച സ്വത്തില്‍നിന്നോ ചെലവഴിക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ അല്ലാഹു കല്്പിച്ചിട്ടുളളൂ. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുമിത്രാദികളില്‍നിന്നോ, മറ്റു ഔദാര്യവാന്മാരില്‍നിന്നോ സംഭാവന സ്വീകരിച്ചുകൊണ്ട് ഹജ്ജിന്ന് പോകണമെന്ന് ഇസ്്‌ലാം ആവശ്യപ്പെടുന്നില്ല. മറ്റുള്ളവരുടെ ധനം സ്വീകരിക്കുന്നതില്‍ നിന്നും അവരോട് ചോദിച്ചു വാങ്ങുന്നതില്‍ നിന്നും ഹജ്ജിന്ന് പുറപ്പെടാനുദ്ദേശിക്കുന്ന വ്യക്തി മാന്യമായി മാറിനില്‌ക്കേണ്ടതുണ്ട്.
ഹജ്ജ്് യാത്രയെക്കുറിച്ച പരസ്യം.
തങ്ങളുടെ ഹജ്ജ് യാത്രയെക്കുറിച്ച് പത്രങ്ങളില്‍ പരസ്യം ചെയ്യുന്ന ചിലര്‍ അതു മുഖേന സാധാരണക്കാരില്‍നിന്ന് സമ്മാനങ്ങളും സംഭാവനകളും ലഭിക്കണമെന്ന് മോഹിക്കാറുണ്ട്. ഇത്തരം സമ്പ്രദായങ്ങള്‍ ദൈവസാമീപ്യം ഉദ്ദേശിച്ച് ചെയ്യേണ്ട നിഷ്‌കളങ്കമായ ഹജ്ജിന്റെ യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്ന് ബഹുദൂരം അകലെയാണ്. ഹജ്ജ് കര്‍മ്മത്തിലൂടെ പേരും പ്രശസ്തിയും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. പ്രവാചകന്‍ പറയുന്നു: ആര്‍ മാന്യത പുലര്‍ത്തിക്കൊണ്ട് സ്വയം പര്യാപ്്തത ആഗ്രഹിക്കുന്നുണ്ടോ അവരെ അല്ലാഹു സ്വയം പര്യാപ്തരാക്കും. മനുഷ്യരോട് ചോദിച്ചു ശീലിച്ച ഒരാള്‍ ചോദിച്ചുകൊണ്ടിരിക്കും. അങ്ങനെ പുനരുത്ഥാന ദിവസം അവന്‍ ഹാജരാക്കപ്പെടുമ്പോള്‍ മുഖത്ത് മാംസത്തിന്റെ ഒരു കഷ്്ണം പോലും അവശേഷിച്ചിരിക്കുകയില്ല.’ ഇത്തരത്തിലുള്ള ഹജ്ജും ഹാജിമാരും ഹജ്ജിന്റെ പാവനമായ ലക്ഷ്യങ്ങളെ കളങ്കപ്പെടുത്തുകയാണ്. ശത്രുക്കള്‍ക്ക് ഇസ്്‌ലാമിനെ പഴിപറയാന്‍ ഒരു മാര്‍ഗ്ഗം കൂടി തുറന്നുവെക്കുകയാണ് അവര്‍ ചെയ്യുന്നത്. പേരും പ്രശസ്തിയും ഐഹിക നേട്ടങ്ങളും മാത്രം ലക്ഷ്യംവെക്കുന്ന ഇത്തരം ഹാജിമാര്‍ തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൂഷണങ്ങളില്‍നിന്നു വിരമിക്കേണ്ടിയിരിക്കുന്നു.
പുണ്യകരമായ ഹജ്ജ്
ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട ‘ഹജ്ജ് മബ്‌റൂറി’ ന്റെ വിവക്ഷ മഹത്തായ ഈ കര്‍മ്മത്തിന്റെ മൂല്യത്തിന് കോട്ടം തട്ടുന്ന രൂപത്തിലുള്ളതെറ്റുകുറ്റങ്ങള്‍ ഒന്നും സംഭവിക്കാത്ത പുണ്യകരമായ ഹജ്ജ് എന്നത്രെ.
നിഷ്‌കളങ്കനായി അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുകൊണ്ട് മനസാവാചാ കര്‍മ്മണാ ചെറുതും വലുതുമായ പാപങ്ങളില്‍നിന്ന് തീര്‍ത്ഥാടകന്‍ മുക്്തനായിരിക്കണം. ഏഷണി, പരദൂഷണം തുടങ്ങിയവയില്‍നിന്ന് നാവിനെ കടിഞ്ഞാണിടണം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വന്നു ചേരുന്ന തന്റെ സഹോദരന്മാരുടെ അഭിമാനത്തിലും ധനത്തിലും കൈയേറ്റം നടത്തരുത്. അവരോട് സ്്‌നേഹാദരവോടും സഹകരണത്തോടും കൂടി വര്‍ത്തിക്കണം. ഇത്തരത്തില്‍ ഒരു ഭക്തന്‍ നിര്‍വ്വഹിക്കുന്ന ഹജ്ജിന്നാണ് ‘ഹജ്ജ് മബ്‌റൂര്‍’ എന്നു പറയുന്നത്.
Add Comment