Articles

സ്വഫായിലേക്കും മര്‍വയിലേക്കും ഓടിയതെന്തിന് ?

പ്രപഞ്ചനാഥനായ അല്ലാഹു സ്രഷ്ടാവും സംഹാരകനുമാണ്(സംഹാരം യഥാര്‍ഥത്തില്‍ സൃഷ്ടികര്‍മമാണെന്നതാണ് വാസ്തവം). സ്രഷ്ടാവിന്റെ ഭൂമിയിലെ മനുഷ്യസൃഷ്ടിപ്പില്‍ മനുഷ്യന് അജ്ഞാതമായ ഒട്ടേറെ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. ഖിലാഫത്താ(ദൈവികപ്രാതിനിധ്യം)ണ്  ഖുര്‍ആന്‍ നമ്മോട് വെളിപ്പെടുത്തിയ ഒരു രഹസ്യം. ഭൂമിയിലെ  പ്രസ്തുതപ്രാതിനിധ്യത്തിന്റെ നൈരന്തര്യം ലോകാവസാനംവരെ ഉറപ്പുവരുത്താനാണ് അവനെ ഇണതുണയോടെ സൃഷ്ടിച്ചത്.  അത്തരത്തില്‍ സൃഷ്ടിപ്പിന്റെ, ജന്‍മം കൊടുക്കലിന്റെ ജൈവികാവിഷ്‌കാരമാണ് ഭൂമുഖത്തെ ജന്തുജാലങ്ങളില്‍ നാം കാണുന്നത്.

ഭൂമിയുടെയെന്നല്ല പ്രപഞ്ചത്തിന്റെ നിലനില്‍പിന് സൃഷ്ടിപ്പ്(ജന്‍മംകൊടുക്കല്‍) അനിവാര്യമാണെന്ന് നാം മനസ്സിലാക്കുന്നു. തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലം വരേയ്ക്കും ഓരോ ജീവിവര്‍ഗവും നിലനില്‍കണമെങ്കില്‍ വംശവര്‍ധന ഉണ്ടായേ തീരൂ. പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു ജീവിവര്‍ഗത്തിന്റെ അന്ത്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം(അപഭ്രംശം) കടുത്തതായിരിക്കുമെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം.( ദുരമൂത്ത വികസനവാദികളെ പ്രതിരോധിക്കാന്‍ മതിയായ സംഘങ്ങളുടെ അഭാവം  ആഗോളതാപനത്തിനും പ്രകൃതിദുരന്തങ്ങള്‍ക്കും വഴിയൊരുക്കിക്കഴിഞ്ഞു). അതിനാല്‍ പ്രാപഞ്ചികവ്യവസ്ഥിതിയില്‍,  ഓരോ ജീവിവര്‍ഗത്തിനും ജന്‍മംകൊള്ളാനുള്ള അവസരം  നല്‍കുന്ന മഹത്തായ പ്രക്രിയയാണ് നിര്‍മാണം. ഉല്പാദനം മഹത്തായ നിര്‍മാണപ്രക്രിയയാണെന്ന് കമ്പോളവത്കൃത-വ്യവസായയുഗത്തില്‍ പ്രത്യേകം ബോധ്യപ്പെടുത്തേണ്ടതില്ല.

ഇസ് ലാമില്‍ ഹജ്ജിനുള്ള പ്രാധാന്യം ഏവര്‍ക്കുമറിയാം. ന്യൂനതകള്‍ പരിഹരിച്ച്, നിഷ്‌കളങ്കമായി ഹജ്ജുചെയ്തവന്ന് സ്വര്‍ഗമാണ് പ്രതിഫലമായി ലഭിക്കുന്നത്. ഹജ്ജിന്റെ റുക്‌നുകളില്‍ ഒന്നാണ് സ്വഫാ- മര്‍വ കുന്നുകള്‍ക്കിടയിലുള്ള സഅ്‌യ്. ഭൗതികവീക്ഷണമനുസരിച്ച് രണ്ടുകുന്നുകള്‍ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും സഅ്‌യ് നടത്തുന്നതില്‍ പ്രത്യേകിച്ച് നേട്ടമെന്തെങ്കിലും ഉള്ളതായി തോന്നുകയില്ല. പക്ഷേ , വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രസ്തുതകര്‍മം നിര്‍വഹിക്കുമ്പോള്‍, പ്രവാചകപത്‌നി ഹാജറിന്റെ കൈക്കുഞ്ഞ് ഇസ് മാഈലിന്  ഒരിറ്റുദാഹജലം കിട്ടുമോയെന്നന്വേഷിച്ചുള്ള ആ പരിഭ്രാന്തമായ ഓട്ടം അവരുടെ മനസ്സിലേക്കോടിയെത്തും.  ഒരു കൈക്കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമോയെന്ന കേവലമാതൃ ആശങ്കകള്‍ക്കപ്പുറത്തായിരിക്കണം ഭാവിപ്രവാചകനായ ഇസ് മാഈലിന്റെ ജീവനെക്കുറിച്ച ഹാജറിന്റെ അപ്പോഴത്തെ മനോവികാരങ്ങള്‍ എന്നാണ് മനസ്സിലാക്കാനാകുന്നത്.
പത്‌നി ഹാജറിനെയും കൈക്കുഞ്ഞ് ഇസ്മാഈലിനെയും ആരോരുമില്ലാത്ത തരിശുമണലാരണ്യത്തില്‍ ഇബ്‌റാഹീംനബി(അ) കൊണ്ടുവന്നുതാമസിപ്പിച്ചത് ഖുര്‍ആന്‍ നമ്മോടുപറയുന്നുണ്ട്: ‘ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ് വരയില്‍ നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്'(ഇബ്‌റാഹീം-37). [ചിലര്‍ വിചാരിക്കുംപോലെ മരുഭൂമിയില്‍ കൊണ്ടുതള്ളിയതല്ല]. തന്റെ വരുംതലമുറയെ അല്ലാഹുവിന്റെ സ്മരണകളില്‍ അഭിരമിക്കുന്നവരാക്കുവാന്‍-നമസ്‌കാരം നിലനിറുത്തുന്നവന്‍- നഗരജീവിതത്തിന്റെ ബഹളമയങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തിയതാണ് ഇബ്‌റാഹീം(അ). തന്റെ പ്രിയതമന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ നെഞ്ചേറ്റിയ പ്രിയപത്‌നിയായിരുന്നു ഹാജര്‍. അതിനാലാണ് വിശുദ്ധഗേഹത്തിനടുത്ത്-അന്ന് അസ്ഥിവാരത്തിന്റെ അവശിഷ്ടമേ ഉണ്ടായിരുന്നുള്ളൂ- ആരോരും വസിക്കാത്ത, ജലസാന്നിധ്യമില്ലാത്ത ആ മണലാരണ്യത്തില്‍ താമസിക്കാന്‍ വിമുഖത കാണിക്കാതിരുന്നത്. വിശ്വാസികള്‍ക്ക് ഇതില്‍ പാഠമുണ്ട്. തങ്ങളുടെ സന്താനങ്ങളെ  എന്ത് ഉദ്ദേശ്യലക്ഷ്യം വെച്ചാണ് വളര്‍ത്തേണ്ടതെന്ന് അത് വ്യക്തമാക്കുന്നു. നമസ്‌കാരം ക്രമപ്രകാരം  നിലനിര്‍ത്തിക്കൊണ്ട്  അല്ലാഹുവിനെ സ്മരിക്കുന്ന സംസ്‌കാരസമ്പന്നരായ തലമുറയെ വളര്‍ത്തിയെടുക്കാനാണ് മനുഷ്യന്‍ ശ്രമിക്കേണ്ടത്. അതിലേക്കാണ്  ജനങ്ങളെ ക്ഷണിക്കാനുള്ളത്. ‘തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക'(അല്‍ ഹജ്ജ് 27)

ഒരു ഉത്തമമാതാവെന്ന നിലയില്‍ ഹാജര്‍ തന്റെ പിഞ്ചുപൈതലിനെ അതിയായി ശ്രദ്ധിച്ചു. ഭാവിപ്രവാചകനാണ് തന്റെ പൊന്നോമന പൈതലെന്ന കാര്യം ആ മഹതിക്കറിയാമായിരുന്നു. അതിനാല്‍ കുടിവെള്ളം തീര്‍ന്നപ്പോള്‍, കുഞ്ഞ് ദാഹിച്ചവശനായി  ഒരിറ്റുകുടിനീരിന്നായി കരഞ്ഞപ്പോള്‍ ഹാജര്‍(റ) പരിഭ്രാന്തയായി. മൈലുകള്‍ക്കപ്പുറത്തുകൂടി ഏതെങ്കിലും സാര്‍ഥവാഹകസംഘങ്ങള്‍ പോകുന്നുണ്ടെങ്കില്‍ അവരെ കാണാനാകുംവിധം കുന്നിന്‍മുകളിലേക്കുകയറി. അവിടെ ആരെയും കാണാതെവന്നപ്പോള്‍ അടുത്ത കുന്നിന്‍മുകളില്‍കയറി. രക്ഷയില്ല ദാഹിച്ചവശനായി കൈകാലിട്ടടിച്ചുകരയുന്ന കുഞ്ഞിന്റെയടുക്കലെത്ത. മാതാവിനാണെങ്കില്‍ മുലപ്പാലുമില്ല. വാപിളര്‍ത്തിക്കരയുന്ന കുഞ്ഞിന്റെ ദയനീയാവസ്ഥ കണ്ടുനില്‍ക്കാനാകാതെ വീണ്ടും കുന്നിന്‍മുകളിലേക്കോടി തളര്‍ന്ന് അടുത്ത കുന്നിലേക്കും. സ്വഫാ, മര്‍വ എന്നീ പേരുകളിലറിയപ്പെട്ട ആ രണ്ടുകുന്നുകള്‍ക്കുമേലെ പല പ്രാവശ്യം ഓടിക്കയറുമ്പോഴും ഹാജര്‍ തന്റെ പ്രിയതമനെ ഒരിക്കല്‍പോലും പഴിപറഞ്ഞില്ല, വെറുത്തില്ല, ശപിച്ചില്ല. തന്റെ ദുര്യോഗമോര്‍ത്ത് കണ്ണീര്‍വാര്‍ത്തില്ല. ഹാജറിന്റെ ക്ഷമയെ പരീക്ഷിച്ച അല്ലാഹു അവരില്‍ സംപ്രീതനായി ഇസ് മാഈലിന് സംസം എന്ന ശുദ്ധജലനീരുറവ ഉണ്ടാക്കിക്കൊടുത്തു. അതില്‍നിന്ന് വെള്ളം നിലക്കാതെ ഒഴുകിത്തുടങ്ങിയപ്പോള്‍ ഇതെങ്ങാനും വെള്ളപ്പൊക്കത്തിന് കാരണമായേക്കുമോയെന്ന പരിഭ്രാന്തി കാരണമായിരിക്കാം സംസം എന്നുപറഞ്ഞ് അതിനെ തടുത്തുനിറുത്താന്‍ ശ്രമിച്ചതെന്നുതോന്നുന്നു.
ഹാജറിന്റെ ജീവിതം പ്രത്യേകിച്ചും സ്വഫാ-മര്‍വയ്ക്കിടയിലൂടെയുള്ള ആ ഓട്ടം കുടുംബിനികള്‍ക്ക് , ഉമ്മമാര്‍ക്ക് മാതൃകയാണ്. മക്കളെ വളര്‍ത്തുമ്പോള്‍ അവരുടെ മനസ്സിലുണ്ടാകേണ്ട ചേതോവികാരമെന്തായിരിക്കണമെന്ന് അത് കൃത്യമായി വരച്ചുകാട്ടുന്നു. ആദര്‍ശബന്ധിതമായിരിക്കണം ദാമ്പത്യവും മാതൃത്വവും കുടുംബപരിപാലനവും എന്നതാണ് അതിലൂടെ തെളിഞ്ഞുകാണുന്നത്. ഭൗതികവിഭവങ്ങളുടെ പൂര്‍ത്തീകരണം ആദര്‍ശകുടുംബത്തെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഉപാധിയല്ല. അതുകൊണ്ടാണല്ലോ അന്നത്തെ ഗോത്രസംസ്‌കൃതിയിലുണ്ടായിരുന്ന വര്‍ത്തക പാരമ്പര്യത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്ന അങ്ങാടികള്‍ക്കടുതത് തന്റെ കുടുംബത്തെ ഇബ്‌റാഹീം (അ) താമസിപ്പിക്കാതിരുന്നത്. ഹാജറാകട്ടെ, തന്റെ പ്രിയതമന്‍ വിദൂരദിക്കുകളില്‍ പ്രബോധനത്തിനും മറ്റുമായി പോകുന്നതുകൊണ്ട് തങ്ങളുടെ ഭക്ഷണത്തിനാവശ്യമായ ഗോതമ്പും വെണ്ണയും എളുപ്പത്തില്‍ കിട്ടാവുന്ന മാര്‍ക്കറ്റിനടുത്ത് താമസിക്കാമെന്ന് വാശിപിടിച്ചുമില്ല. ആധുനികയുഗത്തിലെ ഉമ്മമാര്‍ക്ക് ഒരുപാട് പാഠങ്ങളുണ്ടിതില്‍. കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാാനുള്ള സമ്പത്ത് വാരിക്കൂട്ടാനായി തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ വിദൂരനാടുകളിലേക്ക് ജോലിക്കുപറഞ്ഞുവിടുന്നവര്‍, പരസ്പരബന്ധമോ, പ്രകൃതിപരിചയമോ ഇല്ലാതാക്കുംവിധമുള്ള ഫഌറ്റ് സംസ്‌കാരത്തില്‍ ചേക്കേറുന്ന ദമ്പതികള്‍, ജോലിനഷ്ടപ്പെടുമോയെന്ന് ഭയന്ന് പ്രസവത്തിന്റെ ഏതാനും മാസങ്ങള്‍ക്കുശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുന്നവര്‍ തുടങ്ങി കുട്ടികളെ ശരിയാംവണ്ണം പാലൂട്ടി, മാതൃവാത്സല്യങ്ങള്‍ചൊരിഞ്ഞ് വളര്‍ത്തുന്ന ഉമ്മമാര്‍ അന്യംനിന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമുള്ളത്. ഓര്‍ക്കണം! ഹാജര്‍ ഓടിയത് ജോലിസ്ഥലത്തേക്കായിരുന്നില്ല, കുട്ടിക്ക് മുന്തിയസ്ഥാപനത്തില്‍ അഡ്മിഷന്‍ തരപ്പെടുത്താനായിരുന്നില്ല. ഭൗതികവിഭവങ്ങളുടെ അതിപ്രസരമില്ലാത്ത, ഇതരമദാലസ സംസ്‌കൃതികളുടെ വശീകരണങ്ങളില്ലാത്ത എംടിവി-റിയാലിറ്റിഷോയുടെ ബഹളമയങ്ങളില്ലാത്ത ആ നാട്ടില്‍ സ്ഥിരതാമസമാക്കാനായിരുന്നു. ഒന്നുമില്ലാത്ത ഗ്രാമത്തില്‍നിന്ന് നഗരത്തിലേക്കോ, ഫഌറ്റിലേക്കോ, പ്രൊഫഷനിലേക്കോ അല്ല ഓടിയത് ആദര്‍ശനിഷ്ഠയുള്ള കുട്ടിയായി വളര്‍ത്താനുള്ള കുടിനീരിനായാണ്.

ഇന്ന് നാം മുസ്‌ലിംലോകത്തേക്ക് കണ്ണോടിക്കുക. ഫലസ്തീനിലും സിറിയയിലുംലബനാനിലും കിടപ്പാടമില്ലാതെ അഭയാര്‍ഥികളെന്നോണം കഴിയുന്ന മില്യണ്‍കണക്കിന് മുസ്‌ലിംകളുടെ അവസ്ഥയെന്താണ്? അവരില്‍  വര്‍ഷങ്ങളായി അഭയാര്‍ഥികളായി കഴിയുന്നവരുണ്ട്, ഇന്നലെ അഭയാര്‍ഥികളായവരുണ്ട്.അവരുടെ ആ അവസ്ഥാന്തരങ്ങള്‍ക്ക് ശത്രുവിന്റെ ഡ്രോണ്‍-ബോംബാക്രമണത്തിന്റെ സമയത്തിന്റെ പ്രശ്‌നമേ ബാക്കിയുണ്ടായിരുന്നുള്ളൂ(മറ്റുചിലപ്പോള്‍ പ്രകൃതിക്ഷോഭങ്ങള്‍). നാളെ നമുക്കും അത്തരം അവസ്ഥവന്നുകൂടായ്കയില്ല.മാത്രമല്ല, ഖുര്‍ആന്റെ ഒരു നടപടിയെപ്പറ്റി അല്‍ഇസ്‌റാഅ് അധ്യായം പതിനാറാം സൂക്തത്തില്‍ പറയുന്നുണ്ട്.’ഒരു നാടിനെ നശിപ്പിക്കണമെന്ന് നാമുദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപരോട് നാം കല്‍പിക്കും. അങ്ങനെ അവരവിടെ അധര്‍മം പ്രവര്‍ത്തിക്കും. അതോടെ അവിടം ശിക്ഷാര്‍ഹമായിത്തീരുന്നു.’ അതുകൊണ്ട് ഇനിയുള്ള നമ്മുടെ ഓട്ടം സ്വഫായിലേക്കുംമര്‍വയിലേക്കുമാകട്ടെ. ഇന്നിന്റെ ഹാജറിനെ അതിലൂടെ നമുക്ക് പുനഃസൃഷ്ടിക്കാം. ഉപഭോഗം ഒരുതരം സംഹാരമാണെന്നറിയുക! ആദര്‍ശനിഷ്ഠയുള്ള സമൂഹത്തിന്റെ ബീജാവാപം നിര്‍മാണമാണെന്നും. അതിനാലാണ് ഹാജറിന്റെ ഓട്ടത്തെ തന്റെ അടയാളമായി അല്ലാഹു സ്വീകരിച്ചതെന്ന് തിരിച്ചറിയുക. അപ്പോള്‍പിന്നെ മാതാവിന്റെ കാല്‍ക്കീഴിലല്ലാതെ വരുമോ സ്വര്‍ഗം?!