Articles

സുന്നത്തായ ഹജ്ജും ഇസ് ലാമിക സേവനരംഗവും

ഹജ്ജുകാലത്ത് തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരണമടയുന്നുവെങ്കിലും പ്രതിവര്‍ഷം ഹജ്ജിന്നുപോകാനും എല്ലാ റമദാനിലും ഉംറ ചെയ്യുവാനും വ്യഗ്രത കാണിക്കുന്ന ചിലരുണ്ട്. അത്തരക്കാര്‍ ഹജ്ജിനും ഉംറക്കും വേണ്ടി ചെലവഴിക്കുന്ന പണം ദരിദ്രരെയും അഗതികളെയും സഹായിക്കുവാനും സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ധര്‍മസ്ഥാപനങ്ങള്‍ക്കും ഇസ്്‌ലാമിക സ്ഥാപനങ്ങള്‍ക്കും സംഭാവന നല്കുവാനും വിനിയോഗിക്കുന്നതല്ലേ ഉത്തമം?  അതല്ല, ഏറെത്തവണ ഹജ്ജും ഉംറയും ചെയ്യുന്നതാണോ ദൈവമാര്‍ഗത്തില്‍, ഇസ് ലാമിക സേവന രംഗത്ത് പണം ചെലവു ചെയ്യുന്നതിനേക്കാള്‍ പുണ്യം?
…………………………………
മതത്തില്‍ നിര്‍ബന്ധാനുഷ്ഠാനങ്ങളുടെ നിര്‍വഹണം മുസ്്‌ലിമിന്റെ പ്രഥമ ബാധ്യതയാണെന്നതില്‍ തര്‍ക്കമില്ല. അത് ദീനിന്റെ അടിസ്ഥാന കാര്യമാവുമ്പോള്‍ വിശേഷിച്ചും. അതേസമയം ഐഛിക കാര്യങ്ങള്‍ സ്വമേധയാ ചെയ്യുന്നത് അല്ലാഹുവിന് ഏറെ പ്രിയമുള്ളതാണ്. അത് ദൈവദാസനെ ദൈവതൃപ്തിയിലേക്ക് അടുപ്പിക്കുന്നു. ബുഖാരി ഉദ്ധരിച്ച ഖുദ്‌സിയ്യായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘ ഞാന്‍ നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ക്ക് തുല്യമായ മറ്റൊന്നുകൊണ്ടും ഒരു ദാസന് ദൈവസാമീപ്യം സിദ്ധിക്കുന്നില്ല. എന്നാല്‍ ഐഛിക കാര്യങ്ങളുടെ അനുഷ്ഠാനംമൂലം ഞാനവനെ സ്‌നേഹിക്കുവോളം അവന്‍ എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കും.

ഞാനവനെ സ്‌നേഹിച്ചുകഴിഞ്ഞാല്‍ ഞാനവന്റെ കണ്ണും കാതും ആയിത്തീരും.’ ഇതോടൊപ്പം ഇസ്്‌ലാമിക നിമയവ്യവസ്ഥയുടെ ചില അടിസ്ഥാനങ്ങളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. അവ ചുവടെ കൊടുക്കുന്നു:

ഒന്ന്: നിര്‍ബന്ധാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാതെ അല്ലാഹു ഐച്ഛിക കാര്യങ്ങള്‍ സ്വീകരിക്കുന്നതല്ല. തദടിസ്ഥാനത്തില്‍ നിര്‍ബന്ധമായ സകാത്ത് മുഴുവനായോ ഭാഗികമായോ നല്കാന്‍ ലുബ്ധുകാണിക്കുന്ന ചില ആളുകള്‍ നിര്‍വഹിക്കുന്ന ഐച്ഛികമായ ഹജ്ജുകളും ഉംറകളും തിരസ്‌കരിക്കപ്പെടുന്നതായിരിക്കും. പണം ഹജ്ജിനും ഉംറക്കും വേണ്ടി വിനിയോഗിക്കുന്നതിനുമുമ്പ് തനിക്ക് ബാധ്യതയുള്ള സകാത്ത് അടച്ചുതീര്‍ക്കുകയാണ് വേണ്ടത്. അതുപോലെ പണം നല്കുന്നതിന് അവധി നിശ്ചയിച്ചുകൊണ്ട് വ്യാപാരം നടത്തുകയോ പണം കടം വാങ്ങുകയോ ചെയ്ത ഒരാള്‍ നിശ്ചിത അവധി കഴിഞ്ഞിട്ടും കടംവീട്ടാതെ ഐച്ഛികമായ ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നത് സാധുവല്ല.

രണ്ട്: ഒരു നിഷിദ്ധകര്‍മത്തിലേക്ക് നയിക്കുന്ന ഐച്ഛികമായ അനുഷ്ഠാനം അല്ലാഹു സ്വീകരിക്കുകയില്ല. കാരണം, ഐച്ഛിക കര്‍മം ചെയ്ത് പ്രതിഫലം നേടുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് നിഷിദ്ധത്തിന്റെ പാപത്തില്‍നിന്ന് രക്ഷനേടുന്നതിനാണ്. അപ്പോള്‍ ഐച്ഛിക ഹജ്ജുകര്‍മത്തിനെത്തുന്നവരുടെ ആധിക്യം മൂലമാണ് മറ്റനേകം മുസ്്‌ലിംകള്‍ക്ക് ഉപദ്രവം-ദുസ്സഹമായ ക്ലേശം, രോഗപ്പകര്‍ച്ച, നിലത്തു ബോധരഹിതരായി വീഴുന്നവരെ അറിയാതെയോ അറിഞ്ഞാല്‍തന്നെ മറ്റു പോംവഴികളില്ലാത്തതിനാലോ ചവിട്ടിത്തേച്ചുപോവുക തുടങ്ങിയവക്ക് കാരണമാകുന്ന തിക്കും തിരക്കും-ഉണ്ടാകുന്നതെങ്കില്‍ സാധ്യമായ വിധം തിരക്കു കുറയ്ക്കല്‍ നിര്‍ബന്ധമാണ്. അതിനുള്ള ഒരു വഴി നിര്‍ബന്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടില്ലാത്തവരുടെ സൗകര്യം പരിഗണിച്ച്, പല തവണ ഹജ്ജു ചെയ്തവര്‍ ഹജ്ജിനെത്തുന്നത് വിലക്കുക എന്നതത്രേ.

ഇമാം ഗസ്സാലി(റ) തീര്‍ഥാടകര്‍ പാലിക്കേണ്ടുന്ന ചില വ്യവസ്ഥകളെ ക്കുറിച്ച് പറയുന്നു: ‘ അവര്‍ സ്വന്തം ധനം ചുങ്കമായി നല്‍കിക്കൊണ്ട് അല്ലാഹുവിന്റെ ശത്രുക്കളെ-അല്ലാഹുവിന്റെ ഭവനത്തെ വിലങ്ങുന്ന മക്കയിലെ ഭരണാധികാരികളും വഴിയില്‍ പതിയിരിക്കുന്ന മരുഭൂവാസികളായ അറബികളും-സഹായിക്കരുത്. അവര്‍ക്ക് പണം നല്‍കുന്നത് അക്രമത്തിനു കൂട്ടുനില്‍ക്കലും അവരുടെ വഴി സുഗമമാക്കിക്കൊടുക്കലുമാണ്. സ്വയം അക്രമം ചെയ്യുന്നതിന് തുല്യമാണത്. അതിനാല്‍, രക്ഷപ്പെടാന്‍ എന്തെങ്കിലും തന്ത്രം കരുതിക്കൊള്ളട്ടെ. അതു സാധിച്ചില്ലെങ്കില്‍ ഐഛികമായ ഹജ്ജ് ഉപേക്ഷിച്ച് വഴിക്കുവെച്ച് മടങ്ങുന്നതാണ് അക്രമത്തിനു കൂട്ടുനില്‍ക്കുന്നതിനേക്കാളുത്തമം എന്ന് ചില കര്‍മശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞിട്ടുണ്ട്. അവര്‍ പറഞ്ഞതില്‍ തെറ്റില്ല. തന്നില്‍നിന്ന് അത് നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കുകയാണല്ലോ എന്ന് വാദിക്കുന്നതിലര്‍ഥമില്ല. അയാള്‍ വീട്ടില്‍ ഇരിക്കുകയോ വഴിക്കുവെച്ച് മടങ്ങുകയോ ആണെങ്കില്‍ അയാളില്‍നിന്ന് ഒന്നും പിടിച്ചെടുക്കപ്പെടുകയില്ലല്ലോ. ഒരു നിര്‍ബന്ധിത സാഹചര്യത്തിലേക്ക് അയാളെ കൊണ്ടുപോവുന്നത് അയാള്‍ തന്നെയാണ്.’

ഈ ഉദ്ധരണിയില്‍ നിന്ന് നമുക്ക് ഗ്രഹിക്കാവുന്നത് ഇതാണ്: ഐഛികമായ ഹജ്ജ് നിര്‍വഹണത്തിന്റെ പേരില്‍ നിഷിദ്ധം പ്രവര്‍ത്തിക്കേണ്ടിവരുകയോ പരോക്ഷമായെങ്കിലും അതിന് സഹായിയായിത്തീരുകയോ ചെയ്യുന്ന സാഹചര്യത്തില്‍ സ്വനാഥന്റെ സാമീപ്യം നേടാന്‍ ശ്രമിക്കുന്ന മുസ്്‌ലിമിന് അതുപേക്ഷിക്കലാണുത്തമം.

മൂന്ന്: ദൂഷ്യം തടയുന്നതിനാണ് സുകൃതം ചെയ്യുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത്. ദൂഷ്യം സാമൂഹിക വ്യാപ്തിയുള്ളതും സുകൃതം വ്യക്തിയില്‍ പരിമിതപ്പെട്ടതുമാവുമ്പോള്‍ വിശേഷിച്ചും. നിരവധി തവണ തീര്‍ഥാടനം നിര്‍വഹിക്കുന്നതില്‍ വ്യക്തിക്ക് ഗുണമുണ്ടാകാം. പക്ഷേ, അതുമൂലം ലക്ഷക്കണക്കില്‍ തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കുന്ന സാമൂഹിക വ്യാപ്തിയുള്ള ദൂഷ്യമുണ്ടെങ്കില്‍, അത് തടയപ്പെടേണ്ടതുണ്ട്. പ്രസ്തുത ദൂഷ്യത്തിന് കാരണമാകുന്ന ജനബാഹുല്യം തടയുക വഴി അതു സാധിക്കാം.

നാല്: ഐഛിക കര്‍മങ്ങള്‍ ചെയ്ത് പുണ്യം നേടാവുന്ന മേഖല വളരെയേറെ വിശാലമാണ്. അതില്‍ അല്ലാഹു സ്വദാസന്‍മാര്‍ക്ക് ഇടുക്കം സൃഷ്ടിച്ചിട്ടില്ല. ഉള്‍ക്കാഴ്ചയുള്ള വിശ്വാസി അവയില്‍ നിന്ന് സന്ദര്‍ഭത്തിനിണങ്ങിയതും കാലം ആവശ്യപ്പെടുന്നതും തെരഞ്ഞെടുക്കുന്നു. ഐഛിക ഹജ്ജ് കര്‍മം മറ്റു മുസ്്‌ലിംകള്‍ക്ക് വിഷമവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുവെങ്കില്‍ അല്ലാഹു സ്വദാസന്‍മാര്‍ക്ക് സൃഷ്ടിച്ചുകൊടുത്തിട്ടുള്ള വിശാലമായ ഇതരമേഖലകളുണ്ട്. അതുപയോഗിച്ച് പരദ്രോഹം ചെയ്യാതെ തന്നെ ദൈവസാമീപ്യം തേടാവുന്നതാണ്.

ദരിദ്രര്‍ക്കും അഗതികള്‍ക്കും ദാനം ചെയ്യുക എന്നത് അവയിലൊന്നാണ്- വിശിഷ്യാ സ്വകുടുംബങ്ങളും ബന്ധുക്കളുമായ ദരിദ്രര്‍ക്ക്. തിരുദൂതര്‍ പറയുന്നു: ‘ അഗതിക്ക് ദാനം നല്‍കുന്നത് പുണ്യമാണ്. രക്തബന്ധുക്കള്‍ക്ക് ദാനം ചെയ്യുന്നതില്‍ രണ്ട് പുണ്യമുണ്ട്: ദാനത്തിന്റെയും സ്വകുടുംബബന്ധം ചാര്‍ത്തിയതിന്റെയും.’ ബന്ധുക്കള്‍ ദരിദ്രരും താന്‍ ധനികനുമായിരിക്കുമ്പോള്‍ അവര്‍ക്ക് ദാനം നല്‍കല്‍ നിര്‍ബന്ധമായിത്തീരും. മറ്റൊരു കൂട്ടരാണ് ദരിദ്രരായ അയല്‍വാസികള്‍. മുസ്്‌ലിംകള്‍ എന്നതിനു പുറമേ അയല്‍വാസികള്‍ എന്ന നിലയിലും അവര്‍ക്ക് അവകാശമുണ്ട്. അവരെ സഹായിക്കുക എന്നത് പലപ്പോഴും നിര്‍ബന്ധത്തിന്റെ പദവിയിലേക്ക് ഉയരാം. അപ്പോള്‍ അതില്‍ വീഴ്ച വരുത്തുന്നത് കുറ്റകരമായിരിക്കും. ഇതുകൊണ്ടാണ് ‘ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ സത്യവിശ്വാസിയല്ല.’ എന്ന് തിരുദൂതര്‍ പറഞ്ഞത്.

ദീനീ സംഘടനകള്‍, ഇസ്്‌ലാമിക കേന്ദ്രങ്ങള്‍, ഖുര്‍ആന്‍ പാഠശാലകള്‍, ഇസ്്‌ലാമിക സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹിക സാംസ്‌കാരിക സ്ഥാപനങ്ങള്‍ തുടങ്ങി ധാരാളം രംഗങ്ങളുണ്ട്. പണത്തിന്റെ കമ്മി നിമിത്തം അവയില്‍ പലതും ഇഴഞ്ഞുനീങ്ങുകയാണ്. അതേസമയം ക്രൈസ്തവ മിഷനറികള്‍ ലക്ഷങ്ങളും കോടികളും മുടക്കി അവയ്‌ക്കെതിരെ ഗൂഢതന്ത്രങ്ങള്‍ പയറ്റുന്നു. അവ ഇസ്്‌ലാമിനെതിരെ ഹീനമായ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുകയും മുസ്്‌ലിംകളെ ഇസ്്‌ലാമില്‍ നിന്നകറ്റാനും മുസ്്‌ലിംകളുടെ ഐക്യം തകര്‍ക്കാനും ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്്‌ലാമിക പ്രവര്‍ത്തനത്തെ ബാധിക്കുന്ന മാന്ദ്യഹേതു മുസ്്‌ലിംകളുടെ സാമ്പത്തിക പരാധീനതയല്ല. ഇസ്്‌ലാമിക രാഷ്ട്രങ്ങളില്‍ പലതുമിന്ന് അതിസമ്പന്നങ്ങളാണ്. അവിടെ ഉദാരരും ധര്‍മിഷ്ഠരുമായ മുസ്്‌ലിംകള്‍ ഇല്ലാത്തതുമല്ല കുഴപ്പം. മുസ്്‌ലിംകള്‍ ധാരാളമായി സത്കാര്യങ്ങളില്‍ ചെലവഴിക്കുന്നവരാണ്, പക്ഷേ, അവയിലേറെയും അസ്ഥാനത്ത് വിനിയോഗിക്കപ്പെടുന്നുവെന്നതാണ് പ്രശ്‌നം.

വര്‍ഷംതോറും ഹജ്ജും ഉംറയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകള്‍ അതില്‍ വിനിയോഗിക്കുന്ന പണം ഇസ്്‌ലാമികമായ വല്ല പദ്ധതിയും ആരംഭിക്കുവാനോ നിലവിലുള്ള പദ്ധതികളെ സാഹിയക്കുവാനോ അവയുടെ പ്രവര്‍ത്തനം വ്യവസ്ഥാപിതമാക്കുവാനോ നീക്കിവെച്ചിരുന്നെങ്കില്‍ അത് മുസ്്‌ലിംകള്‍ക്ക് പൊതുവില്‍ ഗുണകരമായ കാര്യമാകുമായിരുന്നു. മാത്രമല്ല. മിഷനറികള്‍, കമ്യൂണിസ്റ്റുകള്‍ തുടങ്ങി സര്‍വകാര്യങ്ങളിലും പരസ്പരം ഭിന്നിക്കുകയും യഥാര്‍ഥ ഇസ്്‌ലാമിക ശക്തികളെ എതിര്‍ക്കുകയും അതിന്റെ മുന്നേറ്റം തടയുകയും സര്‍വമാര്‍ഗേണയും മുസ്്‌ലിം സമൂഹത്തെ ശിഥിലമാക്കുകയും ചെയ്യുന്നതില്‍ മാത്രം ഒന്നിക്കുകയും ചെയ്യുന്ന പാശ്ചാത്യവും പൗരസ്ത്യവുമായ സര്‍വ മതവിരുദ്ധശക്തികളുടെയും മുമ്പില്‍ പിടിച്ചുനില്‍ക്കാനുള്ള മനക്കരുത്ത് ഇസ്്‌ലാമിക പ്രബോധന രംഗത്ത് ആത്മാര്‍ഥ സേവനമനുഷ്ഠിക്കുന്ന ധര്‍മഭടന്‍മാര്‍ക്ക് പ്രദാനം ചെയ്യാനും അത് ഉതകിയേനെ.
ഹജ്ജും ഉംറയും ആവര്‍ത്തിച്ചാവര്‍ത്തിച്ചനുഷ്ഠിക്കുന്നതില്‍ ഉത്സുകരായ, കറയറ്റ മതഭക്തി പുലര്‍ത്തുന്ന സഹോദരങ്ങളോട് എനിക്കുള്ള ഉപദേശം ഇതാണ്. ഇനി, ഒന്നിലേറെ ഹജ്ജും ഉംറയും നിര്‍വഹിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടെങ്കിലത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ എന്ന തോതില്‍ ആയിക്കൊള്ളട്ടെ. അതുവഴി രണ്ട് വന്‍നേട്ടങ്ങളുണ്ട്. ഒന്ന്: അതില്‍നിന്ന് ലഭിക്കുന്ന പണം സാമൂഹിക സേവനത്തിന്റെയും ഇസ്്‌ലാമിക പ്രബോധനത്തിന്റെയും മാര്‍ഗത്തില്‍ വിനിയോഗിക്കാവുന്നതാണ്. ഇസ്്‌ലാമിക രാഷ്ട്രങ്ങളില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലെ മര്‍ദിത മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും അതു പ്രയോജനപ്പെടും.

രണ്ട്: അതുവഴി തങ്ങളുടെ മേല്‍ നിര്‍ബന്ധ ബാധ്യതയായിത്തീര്‍ന്ന ഹജ്ജ്കര്‍മം നിര്‍വഹിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഇതര മുസ്്‌ലിംകള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുവാന്‍ സാധിക്കും. ഈ വിഭാഗത്തിന് സൗകര്യം ചെയ്തുകൊടുക്കുകയും തീര്‍ഥാടകര്‍ക്ക് പൊതുവേതന്നെ അനുഭവപ്പെടുന്ന തിക്കുംതിരക്കും കുറയ്ക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഐഛികമായ ഹജ്ജ്കര്‍മം ഉപേക്ഷിക്കുന്നത് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്ന ത്യാഗമാണെന്നതില്‍ മതവിജ്ഞാനമുള്ളവരാരും ശങ്കിക്കുകയില്ല. ‘ ഓരോ മനുഷ്യന്നും തന്റെ ഉദ്ദേശ്യമനുസരിച്ചാണ് പ്രതിഫലം നല്‍കപ്പെടുന്നത്.’