Articles

സംസമിന്റെ ചരിത്രം

ഹജ്ജ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള സമ്മേളനമാണ്. അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കുന്ന വിശ്വാസികളുടെ വര്‍ഷാവര്‍ഷങ്ങളിലുള്ള ഒത്തു ചേരല്‍. അല്ലാഹു നല്‍കിയ ധനവും ആരോഗ്യവും മാര്‍ഗ്ഗവുമുപയോഗിച്ച് അവന്റെ ഗേഹത്തിലേക്കുള്ള പ്രയാണം. ഈ വര്‍ഷാന്ത സമ്മേളനത്തില്‍ ഭൂമിയുടെ എല്ലാ കോണില്‍ നിന്നും വിശ്വാസികള്‍ പങ്കെടുക്കുന്നു. ഹജ്ജ് കഴിയുന്നതോടെ ആത്മീയമോക്ഷവും ദൈവ കൃപയും നേടി യാത്രതിരിക്കുന്ന ഹാജിമാര്‍ ഉറ്റവര്‍ക്കായി കൊണ്ടു പോകുന്ന സംസം ചരിത്രത്തിലൂടെ ഒരനശ്വര ദൈവിക ദൃഷ്ടാന്തമായി ഇന്നും നിലനില്‍ക്കുന്നു. ഇങ്ങനെ ഹാജിമാര്‍ വഴി ലോകമഖിലവുമൊഴുകുന്ന സംസമിന്റെ ചരിത്രം രസകരവും വിസ്മയകരവുമാണ്.
ഇബ്‌റാഹീം (സ) ശാമില്‍ നിന്നും മക്കയിലേക്ക് യാത്ര തിരിക്കുകയാണ്. കൂടെ പത്‌നി ഹാജറും കൈകുഞ്ഞ് ഇസ്മാഈലുമുണ്ട്. മക്കയാകട്ടെ വെള്ളമോ സസ്യങ്ങളോ ഇല്ലാത്ത ഊഷര ഭൂമിയും.
മക്കയിലെത്തിയ ഇബ്‌റാഹീം (അ) ഹാജറിനെയും ഇസ്മാഈലിനെയും അവിടെ താമസിപ്പിച്ചിട്ട് ശാമിലേക്ക് തന്നെ മടങ്ങുന്നു. ഹാജറിന് ഒരു കൊട്ട കാരക്കയും ഒരു കുടം വെള്ളവും നല്‍കിയാണ് മടക്ക യാത്ര. ഭീതിപ്പെടുത്തുന്ന ശൂന്യതയില്‍ തുടിക്കുന്ന ഹൃദയത്തോടെ ഹാജറ ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തി ചോദിക്കുകയാണ്. ‘ജീവന്റെ കണിക പോലുമില്ലാത്ത ഈ ശൂന്യതയില്‍ ഞങ്ങളെ ഉപേക്ഷിച്ച് അങ്ങ് പോകുകയാണോ? പലവുരു ഇതാവര്‍ത്തിച്ച ഇബ്‌റാഹീം (അ) ന്റെ മറുപടി ‘അല്ലാഹുവിനെ ഏല്‍പ്പിച്ചു കൊണ്ട്’ എന്നായിരുന്നു. ‘അവന്റെ കല്‍പ്പനയാലാണോ ഈ മടക്കം’ ഹാജറ തിരക്കുന്നു. ‘അതെ’ ഇബ്‌റാഹീം (അ) പ്രതിവചിക്കുന്നു. ‘എങ്കില്‍ അവന്‍ ഞങ്ങളെ കൈവെടിയില്ല’- ഹാജറ സമാധാനിക്കുന്നു.
മടക്കയാത്ര ആരംഭിച്ച ഇബ്‌റാഹീം (അ) ഏറെ വ്യാകുലനായിരുന്നു. തന്റെ അസാന്നിധ്യം ഹാജറിനും ഇസ്മാഈലിനും ഏറെ വിഷമകരമായിരിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിനാല്‍ ഇരു കൈകളും ആകാശത്തേക്ക് ഉയര്‍ത്തി അദ്ദേഹം പ്രാര്‍ത്ഥിക്കുന്നു. ‘നാഥാ, എന്റെ സന്തതികളെ ഞാന്‍, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ ഗേഹത്തിനരികില്‍ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ നമസ്‌കാരം മുറപ്രകാരം നിലനിര്‍ത്തുന്നതിനാകുന്നു ഞാനിത് ചെയതിട്ടുള്ളത്. അതിനാല്‍ നീ ജനഹൃദയങ്ങളില്‍ അവരോട് അനുഭാവമുണ്ടാക്കണമേ! അവര്‍ക്കാഹരിക്കാന്‍ ഫലങ്ങള്‍ നല്‍കേണമേ! അവര്‍ നന്ദിയുള്ളവരായേക്കാം’ (ഇബ്‌റാഹീം-37)
ഏറെ കഴിയുന്നതിനു മുമ്പു തന്നെ ഹാജറിനെയും ഇസ്മാഈലിനെയും വിശപ്പും ദാഹവും അലട്ടാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന കാരക്കയും വെള്ളവും തീര്‍ന്നു. ഹാജറിന്റെ മുലപ്പാല്‍ വറ്റി. മകന്‍ വിശപ്പും ദാഹവും കൊണ്ട് പുളയുന്നത് വേദനയോടെ നോക്കിനില്‍ക്കാനേ അവര്‍ക്ക് കഴിയുന്നുള്ളൂ. അപ്പോള്‍, പരിസരത്ത് എവിടെയെങ്കിലും ഒരു സഹജീവിയെ കാണാന്‍ കഴിഞ്ഞേക്കുമോ എന്ന പ്രതീക്ഷയില്‍ അടുത്തുകണ്ട സ്വഫാ മലയിലേക്ക് ഓടിക്കയറുന്നു. നിരാശയായി സ്വഫായില്‍ നിന്നിറങ്ങിയ ഹാജറ എതിരെ കണ്ട മര്‍വയിലേക്കും അതേ വേഗതയില്‍ ഓടിക്കയറുന്നു. അവിടെ നിന്നും നിരാശയായി വീണ്ടും സ്വഫായിലേക്കും പിന്നെ മര്‍വയിലേക്കും. ഇങ്ങനെ മാറി മാറി ഏഴ് വട്ടം നിസ്സഹായയായി, പരിഭ്രാന്തിയോടെ പ്രതീക്ഷാ നിര്‍ഭരതയോടെ ഓടുകയാണ്. ഏഴാം വട്ടം മര്‍വയില്‍ എത്തിയപ്പോള്‍ എവിടെ നിന്നോ ശബ്ദം കേള്‍ക്കുന്നു! ശബ്ദം കേട്ട ഭാഗത്തേക്ക് കാതോര്‍ത്ത് വീണ്ടും ശ്രദ്ധിച്ചപ്പോള്‍ കേട്ടത് ശരിയായിരുന്നു. കുറച്ചകലെ നീരുറവ നിര്‍ഗളിക്കുന്ന ശബ്ദം. ഓടിച്ചെന്ന് കൈ കുമ്പിളില്‍ കോരി വേണ്ടുവോളം കുടിച്ചു. വെള്ളം കുടിച്ച് ദാഹം തീര്‍ത്തപ്പോള്‍ മുലയില്‍ പാല്‍ ചുരത്തുകയായി. ഉടനെ മകനെ വാരിയെടുത്ത് പാല്‍ കൊടുക്കുന്നു. സ്വസ്ഥത തിരിച്ചുകിട്ടിയ ഹാജര്‍ അല്ലാഹുവെ സ്തുതിച്ച് കൊണ്ട് വിശ്രമിക്കവെ ഒരശരീരി കേള്‍ക്കുകയാണ്. ‘ഭയപ്പെടാതിരിക്കുക. ഇവിടെ അല്ലാഹുവിന്റെ ഭവനം ഇബ്‌റാഹീമും ഇസ്മാഈലും കൂടി നിര്‍മിക്കും. അല്ലാഹു അവന്റെ നല്ലവരായ അടിമകളെ കൈ വെടിയുകയില്ല.
ഉറവ പൊട്ടി പരിസരമാകെ വ്യാപിച്ചത് കണ്ട ഹാജര്‍ വെള്ളം നഷ്ടപ്പെട്ടു പോകുമോ എന്ന് ഭയന്ന് ചുറ്റു ഭാഗത്തു നിന്നും മണല്‍ വാരി കെട്ടി നിര്‍ത്താന്‍ ശ്രമിച്ചു. ‘കൈ കെട്ടി നിര്‍ത്തി എന്നര്‍ത്ഥത്തിലുള്ള സംസം എന്ന പേര്‍ അങ്ങനെയാണുണ്ടായത്. ആ നീരുറവ കെട്ടിനിര്‍ത്താതെ ഒഴുകാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ അതൊരു വലിയ നദിയാകുമായിരുന്നെന്ന് പ്രവാചകന്‍ പറഞ്ഞതായി ഹദീസുകള്‍ വന്നിട്ടുണ്ട്. ഇബ്‌നു അബ്ബാസ് പറയുന്നു: ഉമ്മു ഇസ്മാഈലിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. സംസമിനെ അവര്‍ കെട്ടി നിര്‍ത്താതെ ഉപേക്ഷിച്ചുരുന്നുവെങ്കില്‍ ഒഴുകുന്ന ഒരു നദിയാകുമായിരുന്നു സംസം’.
സംസം ഉറവയില്‍ നിന്നും വെള്ളം ഒഴുകിയപ്പോള്‍ പറവകള്‍ അതിനടുത്ത് കൂടു കെട്ടാനും അന്തരീക്ഷത്തില്‍ വട്ടമിട്ട് പറക്കാനും തുടങ്ങി. അങ്ങനെ ഇസ്മാഈലിനും മാതാവിനും കൂട്ടായി കിളികള്‍ അവിടെ വന്നു കളിച്ചു. അക്കാലത്ത് ശാമിലേക്ക് കച്ചവടാവശ്യാര്‍ത്ഥം പോയിരുന്ന ജുര്‍ഹൂം ഗോത്രക്കാര്‍ മക്കയുടെ ഓരത്തു കൂടെയായിരുന്നു യാത്ര ചെയ്തിരുന്നത്. ഒരിക്കല്‍ കച്ചവടം കഴിഞ്ഞ് ശാമില്‍ നിന്നും നാട്ടിലേക്ക് തിരിക്കവെ ഊഷരമായ മക്കാഭൂവില്‍ പക്ഷികളുടെ കളകളനാദം കേട്ട് അവര്‍ അത്ഭുതപ്പെട്ടു. ഈ വഴിക്ക് പലവുരു യാത്ര ചെയ്ത അവര്‍ക്ക് മക്കയെ നല്ല പരിചയമായിരുന്നു. ചെറുകുന്നുകളും അതില്‍ നിറയെ പാറക്കല്ലുകളും മാത്രമുള്ള തരിശായ മക്കയായിരുന്നു അവര്‍ക്ക് പരിചയമുണ്ടായിരുന്നത്. ‘ഈ തരിശ് ഭൂമിയില്‍ പറവകള്‍ ജീവിക്കുകയോ?! അവര്‍ അത്ഭുതം കൂറി. ‘ഈ പരിസരത്തെവിടെയോ വെള്ളംകെട്ടി നില്‍ക്കുന്നുണ്ട്. ഈ പറവകള്‍ ദേശാടന കിളികളല്ല തന്നെ’. അവര്‍ പരസ്പരം പറഞ്ഞു. സംശയനിവാരണത്തിനായി അവിടെ അവര്‍ അന്വേഷണം തുടങ്ങുന്നു. വെള്ളത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവരെ സ്വഫയിലെത്തിച്ചു. സ്വഫയില്‍ കയറി എതിര്‍ ചെരിവിലേക്ക് നോക്കിയപ്പോള്‍ ഹാജറിനെയും കുഞ്ഞിനെയും അവര്‍ കണ്ടു. അവര്‍ക്കടുത്തായി ഉറവ പൊട്ടുന്നു ഒരു ചെറുകിണറുമുണ്ട്. ഉടനെ അവര്‍ താഴ് വാരത്തേക്കിറങ്ങുകയായി. ഹാജറിന്റെ അടുത്തെത്തി അവര്‍ ആ കിണറിന് പരിസരത്ത് അവരോടൊപ്പം തങ്ങുവാന്‍ അനുവാദം ചോദിക്കുന്നു. ഹാജര്‍ അതിനനുവദിക്കുകയും ചെയ്തു. അതോടെ അവിടെ ജുര്‍ഹൂം ഗോത്രക്കാരുടെ ആവാസകേന്ദ്രമായി മാറി. മക്കാ മരുഭൂമിയില്‍ ജനങ്ങള്‍ പെരുകാന്‍ തുടങ്ങി. ക്രമേണ അറേബ്യന്‍ മരുഭൂമിയിലെ പ്രധാന കച്ചവട കേന്ദ്രമായി തീര്‍ന്നു മക്ക.
സംസം കാലക്രമത്തില്‍ നാശത്തിന് വിധേയമായതായി ചരിത്രം പറയുന്നു. ജുര്‍ഹൂം ഗോത്രക്കാര്‍ ഹറമിനെ അവഗണിച്ചതാണത്രെ കാരണം. കഅ്ബയെ അവര്‍ നിന്ദിച്ചതിനാലും. വിശുദ്ധ ഗേഹത്തിലേക്ക് വരുന്ന ഹാജിമാരെ അവര്‍ കൊള്ളയടിച്ചു. അതിന് ശിക്ഷയായി അല്ലാഹു അവര്‍ക്ക് നല്‍കിയത് സംസമിന്റെ ഉറവ വറ്റിക്കലായിരുന്നു.
ചരിത്രം ഇങ്ങനെ കൂടി പറയുന്നു. മക്കയിലെ ഒരു വംശനേതാവായ ‘മദാദ് ബിന്‍ അംറ്’ ചില ജുര്‍ഹൂം ഗോത്രക്കാര്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ടു. ഫലം മദാദിന്റെ പരാജയമായിരുന്നു. ശത്രുക്കള്‍ തന്നെ മക്കയില്‍ നിന്ന് ആട്ടിയോടിക്കുമെന്ന് ഭയന്ന മദാദ്, രാത്രി സംസം കിണറിനടുത്ത് ചെന്ന് തന്റെ അമൂല്യമായതൊക്കെയും അതിലിട്ട് മൂടി. കിണറിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കി. മറ്റൊരിക്കല്‍ വന്ന് തന്റെ സമ്പത്ത് എടുക്കാമെന്ന പ്രതീക്ഷയോടെ മദാദ് യമനിലേക്ക് രക്ഷപ്പെട്ടു. പക്ഷെ, അതിന് ശേഷമുണ്ടായ സംഭവങ്ങള്‍ അയള്‍ക്കത് സാധ്യമാക്കിയില്ല. ശേഷം ജുര്‍ഹൂം ഗോത്രക്കാരുടെയും ഖുസാഅഃ ഗോത്രത്തിന്റെ കൈകളില്‍ വന്നു.
സംസം നിലച്ചതോടെ മക്കാ നിവാസികള്‍ക്ക് വെള്ളത്തിനായി പുതിയ തലങ്ങള്‍ അന്വേഷിക്കേണ്ടിവന്നു. അബ്ദുല്‍ മുത്തലിബ് വഴി സംസമിന് പുനര്‍ജന്മം നല്‍കുന്നതു വരെ മക്കക്ക് പുറത്തു നിന്നായിരുന്നു അവര്‍ വെള്ളം ശേഖരിച്ചിരുന്നത്.
ഇബ്‌റാഹീമിന്റെ വിളിക്കുത്തരമായി ദൈവഗേഹത്തിലേക്ക് ദൂരെദിക്കുകളില്‍ നിന്ന് വര്‍ഷം തോറും എത്തിച്ചേരുന്ന ഹാജിമാര്‍ക്ക് പാനം നല്‍കുക അബ്ദുല്‍ മുത്തലിബിന്റെ ജോലിയായി. ഹാജി സേവകനായ അദ്ദേഹം മകനോടൊപ്പം മക്കക്ക് പുറത്തുനിന്ന് ഒട്ടകപ്പുറത്ത് വലിയ തളങ്ങളില്‍ അവ ശേഖരിക്കും. വര്‍ഷങ്ങള്‍ തുടര്‍ന്ന ഈ സേവനത്തിന് പ്രതിഫലമായി അല്ലാഹു അദ്ദേഹത്തിന് സംസം നല്‍കുന്നു. സംസം സ്വപനം കണ്ട അബ്ദുല്‍ മുത്തലിബ് ആദ്യം അതത്ര കാര്യമാക്കിയില്ല. പക്ഷെ, വീണ്ടും അതുതന്നെ ആവര്‍ത്തിക്കുകയും സംസമിന്റെ സ്ഥാനം കൂടി ദര്‍ശിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം മകനെയും കൂട്ടി അവിടേക്ക് പോകുന്നു…..രണ്ടു പേരും കുഴിവെട്ടുന്നത് കണ്ട് അത്ഭുതം കൂറിയ മക്കക്കാര്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ ജോലി തുടര്‍ന്നു. അതോടെ മറ്റൊരിക്കല്‍ കൂടി സംസം പൂര്‍വ്വസ്ഥാനത്തു നിന്ന്് ഉറന്നൊഴുകി. പഴയപോലെ ഹാജിമാര്‍ക്ക് തീര്‍ത്ഥമായി. സംസം കിണര്‍ മഖാമു ഇബ്‌റാഹീമില്‍ നിന്നും തെക്കുഭാഗത്തും ഹജറുല്‍ അസ്‌വദില്‍നിന്നും 18 മീറ്റര്‍ കിഴക്കും സ്ഥിതി ചെയ്യുന്നു.
സംസമിന്റെ പ്രഭവസ്ഥാനങ്ങള്‍
പ്രധാനമായും രണ്ട് ഉത്ഭവ കേന്ദ്രങ്ങളാണ് സംസമിനുള്ളത്. ഒന്ന് തെക്കുകിഴക്കായി അബൂഖുബൈസ് പര്‍വതത്തില്‍ നിന്ന്, മറ്റൊന്ന് കഅ്ബ നിലകൊള്ളുന്ന കിണറിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും. ഇതില്‍നിന്നാണ് കിണറിലേക്ക് കൂടുതല്‍ വെള്ളം പ്രവഹിക്കുന്നത്. ഇരുപത്തൊന്നോളം ചെറുപ്രഭവങ്ങള്‍ (ഉറവകള്‍) വേറെയുമുണ്ട്.
നീണ്ട നൂറ്റാണ്ടുകള്‍ അജ്ഞാതമായി കിടന്ന സംസം അബ്ദുല്‍ മുത്തലിബിന്റെ പരിചരണത്തില്‍ പുനര്‍ജനിച്ചതിന് ശേഷം ഇസ് ലാമിന്റെ ഉദയത്തോടെയാണ് കൂടുതല്‍ പരിചരിക്കപ്പെട്ടതും പരിഗണിക്കപ്പെട്ടതും.
ഇസ് ലാമിന്റെ ഖലീഫമാര്‍ സംസം കിണര്‍ വൃത്തിയാക്കുന്നതിലും അതിനടുത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിലും കൂടുതല്‍ ശ്രദ്ധിച്ചു. ഉമര്‍ (റ) ന്റെ കാലത്ത് കിണര്‍ ശുദ്ധിയാക്കാനും ആഴം കൂട്ടാനും വേണ്ടി ഒരു സമിതിയുണ്ടാക്കിയിരുന്നു.
ഹിജ്‌റ 223-ാം വര്‍ഷം സംസമിന്റെ ജല നിരപ്പ് പെട്ടെന്ന് താഴ്ന്നപ്പോള്‍ കിണറിന് ആഴം കൂട്ടാനായി ഖലീഫ ഒരു ടീമിനെ ചുമതലപ്പെടുത്തുകയും അവരുടെ ശ്രമഫലമായി ജലനിരപ്പ് ഒമ്പത് മുഴത്തോളം ഉയര്‍ത്തുകയും ചെയ്തു.
അബൂ ജഅ്ഫര്‍ മന്‍സൂറിന്റെ കാലത്ത് ആദ്യമായി സംസം കിണറിന് മാര്‍ബിള്‍ കൊണ്ട് പടവുകള്‍ കെട്ടുകയും അതിനുമേല്‍ മിനാരമുണ്ടാക്കുകയും ചെയ്തു.
ഖലീഫ മഹ്ദിയുടെ കാലത്ത് പുതിയ പല മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുത്തി. ഹാജിമാര്‍ വെള്ളം കുടിക്കാന്‍ വരുന്ന വഴി വിശാലമാക്കുകയും കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കുകയും ചെയ്തു.
സുഊദ് രാജവംശത്തിന്റെ കീഴില്‍
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏറ്റവും കൂടുതല്‍ മാറ്റങ്ങളും സൗകര്യങ്ങളും വരുത്തിയത് സുഊദ് രാജവംശം നിലവില്‍ വന്നതിന് ശേഷമാണ്. അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് തന്നെ പല പുതിയ മാറ്റങ്ങളും വരുത്തി. കിണറിന്റെ മേല്‍പ്പുര പൊളിച്ചു മാറ്റുകയും ചുറ്റു മതില്‍ താഴ്ത്തുകയും ചെയ്തു. കിണറിനടുത്ത് സംഘം കുടിക്കാനുള്ള സൗകര്യങ്ങളും ഉണ്ടാക്കി.
അടുത്ത കാലത്തായി ജനത്തിരക്ക് കൂടിയത് കാരണം മത്വാഫ് (പ്രദിക്ഷിണ സ്ഥലം) കൂടുതല്‍ വിപുലപ്പെടുത്തേണ്ടിവരികയും സംസമിന്റെ വിതരണം കൂടുതല്‍ വിപുലമാക്കേണ്ടി വരികയും ചെയ്തു. സംസം കിണര്‍ അടക്കമുള്ള അണ്ടര്‍ ഗ്രൗണ്ട് 135 മീറ്റര്‍ സമചതുരത്തില്‍ നിന്നും 1450 സമചതുരം വരെ പ്രവിശാലമാക്കി. ഇപ്പോള്‍ അകലെ നിന്നു തന്നെ കിണര്‍ കാണാന്‍ കഴിയുന്നതാണ്. കിണറിനടുത്തേക്ക് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ വഴികളുണ്ടാക്കി കൂടുതല്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
സംസമിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ധാരാളം നബി വചനങ്ങളുണ്ട്. ‘ഭൂമുഖത്ത് ഏറ്റവും നല്ല പാനീയം സംസമാകുന്നു’ എന്നത് അതിലൊന്നത്രെ.