Articles

വേറിട്ട ഒരു ഹജ്ജ് ഗ്രന്ഥം

വിശുദ്ധ ഹജ്ജും ഉംറയും സംബന്ധിച്ച് ധാരാളം പുസ്തകങ്ങളുണെ്ടങ്കിലും ഹജ്ജും അനുബന്ധകാര്യങ്ങളും അതിന്റെ ചരിത്രവും ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ കുറവാണ്.  ഈ കുറവു നികത്താനുതകുന്നതാണ് സൗദിയില്‍ പത്രപ്രവര്‍ത്തന മേഖലയില്‍ പരിചയസമ്പന്നനായ ഹസന്‍ ചെറൂപ്പ തയ്യാറാക്കിയ ഹജ്ജ് ഉംറ: മക്കയും മലയാളിപ്പെരുമയും.
മുമ്പ് അറബ് ന്യൂസ്- മലയാളം ന്യൂസ് ശൃംഖലയിലും ഇപ്പോള്‍ സൗദി ഗസറ്റിലും ജോലി ചെയ്യുന്ന ഹസന്‍ ചെറൂപ്പ ഒന്നര പതിറ്റാണ്ടായി ജിദ്ദയിലിരുന്ന് ഭൂഗോളത്തിന്റെ എല്ലാ ദിക്കുകളില്‍നിന്നു പുണ്യഭൂമിയിലേക്കു വരുകയും പോവുകയും ചെയ്യുന്ന തീര്‍ത്ഥാടകരെ സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ്. ആ നേരറിവുകളും അനുഭവങ്ങളും പകര്‍ത്തി മലയാളിവിശ്വാസികള്‍ക്കു സമ്മാനിക്കാന്‍ സാധിച്ചത് തീര്‍ച്ചയായും ഹജ്ജ്കര്‍മം പോലെ പുണ്യം നിറഞ്ഞതാണ്.
ഹജ്ജിന്റെയും ഉംറയുടെയും അനുഷ്ഠാനങ്ങളും കര്‍മശാസ്ത്രപരവും ചരിത്രപരവുമായ വിശകലനങ്ങളും എന്നതിലൊതുങ്ങുന്നില്ല ഈ ഗ്രന്ഥത്തിന്റെ സവിശേഷത. ഗ്രന്ഥകര്‍ത്താവ് തത്ത്വശാസ്ത്രങ്ങള്‍ പറയുകയല്ല, തീര്‍ത്ഥാടകനോടൊപ്പം സഞ്ചരിക്കുകയാണ്. കര്‍മശാസ്ത്രത്തിന്റെ തൊലിപ്പുറമേയുള്ള വക്കാണങ്ങളിലല്ല ഗ്രന്ഥത്തിന്റെ ഫോക്കസ്. അനുദിനം വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ഹറമിന്റെ നവീകരണങ്ങളുടെ മനോഹരമായ ആവിഷ്‌കാരങ്ങളും ഏറ്റവും പുതിയ വിവരങ്ങളും പുസ്തകത്തെ സമ്പന്നമാക്കുന്നു. പുരാതനകാലം തൊട്ടേ മക്കയും മലയാളിയും തമ്മിലെന്ത് എന്ന അന്വേഷണം പുസ്തകത്തെ സാധാരണ ഹജ്ജ് ഗ്രന്ഥങ്ങളില്‍നിന്നു വേറിട്ടു നിര്‍ത്തുന്നു.
ഇഹ്‌റാമില്‍ പ്രവേശിക്കും മുമ്പേ വായിച്ചാല്‍ ഹജ്ജ് തീര്‍ത്ഥാടകരില്‍ പ്രത്യേക അനുഭൂതി സൃഷ്ടിക്കാന്‍ പര്യാപ്തമാണ് പുസ്തകം. ഹജ്ജ് അനുഷ്ഠാനങ്ങളിലേക്കു കടക്കുമ്പോള്‍ എല്ലാവരും ചിന്തിക്കുന്നത് ഓരോന്നിന്റെയും
ചരിത്രപശ്ചാത്തലമായിരിക്കും. എന്നാല്‍, കൃത്യമായി അതെന്താണെന്നു മനസ്സിലാക്കാനുള്ള സാവകാശമോ സ്രോതസ്സുകളോ കണ്ടെത്തുക പ്രയാസം. ഓരോ പുണ്യകര്‍മത്തിന്റെയും അകംപൊരുള്‍ ഈ ഗ്രന്ഥം വിശദീകരിക്കുന്നു. പ്രകടവും ആത്മീയവുമായ ഹജ്ജിന്റെ ദ്വിമുഖങ്ങളെക്കുറിച്ചുമുള്ള സാമാന്യധാരണ ഹാജിക്കു കൈവരാന്‍ ഈ വായന ധാരാളമാണ്.
പടച്ചവന്റെ വിരുന്നുകാരിലാണ് പുസ്തകം തുടങ്ങുന്നത്. ആത്മീയവും മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ എന്തൊക്കെയെന്ന വിശദീകരണം, ഇഹ്‌റാം, മീഖാത്ത്, ഉംറ, സഅ്‌യ്, മക്കയിലെ രാവുകള്‍, ആരോഗ്യം, കഅ്ബാലയത്തിന്റെ തണല്‍, അതിന്റെ ചരിത്രം, ഹറമിന്റെ വിശുദ്ധി, ഹജ്‌റുല്‍ അസ്‌വദ്, മുല്‍തസം, ഹിജറ് ഇസ്മാഈല്‍, മഖാമു ഇബ്രാഹീം തുടങ്ങി എല്ലാം വിവിധ ശീര്‍ഷകങ്ങളിലായി പ്രതിപാദിക്കുന്നു. ഹജ്ജിനെത്തുമ്പോള്‍ നാം വിമാനമിറങ്ങുന്നത് ആദമിന്റെയും ഹവ്വയുടെയും പവിത്രദേശമായ ജിദ്ദ(മുത്തശ്ശി
എന്നര്‍ഥം)യിലേക്കാണെന്ന് അറിയുന്നവര്‍ വിരളമായിരിക്കും. അതിന്റെ ചരിത്രപശ്ചാത്തലവും ഗ്രന്ഥകാരന്‍ പറഞ്ഞു വയ്ക്കുന്നു.
സഫ-മര്‍വ പ്രാധാന്യം തൊട്ട് ദുല്‍ഹജ്ജ് 8, (തര്‍വിയത്ത് ദിനം) 9 അറഫാദിനം, 10 ബലിദിനം, 11, 12, 13 അയ്യാമുത്തശ്‌രീഖ്, മിനാ, അറഫാ സംഗമം, അതിന്‍ പൊരുളുകള്‍, ജബലുര്‍റഹ്മ(ആദം-ഹവ്വ സംഗമ വേദി), നമിറ മസ്ജിദ് തുടങ്ങിയ പുണ്യകേന്ദ്രങ്ങളുടെ സവിശേഷ വിശദീകരണത്തോടൊപ്പം അറഫയില്‍ ഈയിടെ തണലിനായി വച്ചുപിടിപ്പിച്ച ലക്ഷക്കണക്കിന് ആര്യവേപ്പ് മരങ്ങളെക്കുറിച്ചുപോലും ഗ്രന്ഥം പറയുന്നു. മുസ്ദലിഫ, വാദിമുഹസ്സില്‍ എന്നിവയ്ക്കു പുറമെ ബലിയറുക്കല്‍ എളുപ്പമാക്കുന്നതെങ്ങനെയെന്നും പുസ്തകം വ്യക്തമാക്കിത്തരുന്നു. കല്ലേറിന്റെ പ്രത്യയശാസ്ത്രവും രീതികളും കൂടാരങ്ങളുടെ മഹാനഗരിയായ മിനായുടെ കാഴ്ചപ്പാടും ഹസന്‍ നമ്മെ തെര്യപ്പെടുത്തുന്നു. സംസം നീരുറവയെക്കുറിച്ച് സാമാന്യം ദീര്‍ഘിച്ച വിശദീകരണം തന്നെ ഇതില്‍ വായിക്കാം.
ഹിറാഗുഹ, മദീനാമുനവ്വിറ, ഖുബാമസ്ജിദ്, ഉഹ്ദ്മല എന്നിവയ്‌ക്കൊപ്പം ഹജ്ജ് പ്രാര്‍ഥനകളും തരുന്ന പുസ്തകം ഇവിടത്തെ സന്നദ്ധസംഘടനകളെയും പരിചയപ്പെടുത്തുന്നു. മക്കയിലെ ഘടികാരഗോപുരവും അതിന്റെ പണിയില്‍ സഹായിച്ച മാപ്പിള ഖലാസികളും വരെ പ്രദിപാദിക്കുന്ന പുസ്തകത്തില്‍ പക്ഷേ, ഒരു കുറവുള്ളതായി അനുഭവപ്പെടുന്നത് മദീന പള്ളിയിലെ ഒന്നാം നിലയിലെ ബൃഹത് ലൈബ്രറിയെക്കുറിച്ച് സ്പര്‍ശിക്കാന്‍ വിട്ടതു മാത്രമാണ്, മക്കാ-മദീനയുടെ സര്‍വചരിത്രവും അവിടെ ലഭ്യം.

ഹജ്ജ് ഉംറ: മക്കയും മലയാളിപ്പെരുമയും 
ഹസന്‍ ചെറൂപ്പ, വചനം ബുക്‌സ്, കോഴിക്കോട്

അവലംബം:thejasnews.com