‘നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തീകരിക്കുക’ എന്നതാണ് വിശുദ്ധ ഖുര്‍ആന്റെ കല്‍പന. ഇസ്‌ലാമിക നിയമങ്ങളില്‍ വ്യക്തമായ പരാമര്‍ശിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ നിശ്ചയിക്കപ്പെടുന്നത്. ഇളവുകള്‍ നല്‍കപ്പെടാത്തവ അതുപോലെ തന്നെ പൂര്‍ത്തീകരിക്കാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. തിരുമേനി(സ) നിര്‍വഹിച്ചത് പോലെ തന്നെ നിര്‍വഹിക്കുകയെന്നതാണ് പൂര്‍ത്തീകരണത്തിന്റെ മാനദണ്ഡം. അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്’. (അല്‍അഹ്‌സാബ് 21)
അല്ലാഹുവിന്റെ ദൂതര്‍ തന്നെ ഇക്കാര്യം വിശദീകരിക്കുന്നു:’കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ട വിധം നിങ്ങള്‍ എന്നില്‍ നിന്നും സ്വീകരിക്കുക’ അതായത് ഞാന്‍ നിര്‍വഹിച്ചത് പോലെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്ന് ചുരുക്കം.
വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും പിന്‍ബലത്തിലുള്ള പണ്ഡിതാഭിപ്രായമാണ് നാം സ്വീകരിക്കേണ്ടത്. അല്ലാതെ നമ്മുടെ താല്‍പര്യവും ആഗ്രഹവും തോളോടുതോള്‍ചേരുന്നവയല്ല നാം തെരഞ്ഞെടുക്കേണ്ടത്. ഇസ്‌ലാമിക ശരീഅത്തിന്റെ തെളിവുകള്‍ അസ്ഥാനങ്ങളില്‍ നാം സ്വീകരിക്കരുത്. ചില കര്‍മങ്ങള്‍ മുന്തിക്കുന്നതിനെയും പിന്തിക്കുന്നതിനെയും കുറിച്ച് ചോദിച്ചപ്പോള്‍ നല്‍കിയ ‘നീ പ്രവര്‍ത്തിക്കുക, കുഴപ്പമില്ല’ എന്ന പ്രവാചക മറുപടി തെളിവായി സ്വീകരിച്ച് ഹജ്ജിലെ ഏതുകര്‍മവും മുന്തിക്കുകയും പിന്തിക്കുകയും ചെയ്യാമെന്ന വിലയിരുത്തല്‍ ഈയര്‍ത്ഥത്തിലുള്ളതാണ്. ചിലര്‍ ഹജ്ജിലെ ചില നിര്‍ബന്ധ കര്‍മങ്ങള്‍ ഉപേക്ഷിക്കാന്‍ വരെ ഇത് തെളിവെടുത്തിരിക്കുന്നു. അല്ലാഹുവും അവന്റെ ദൂതനും നിര്‍ണയിച്ചതുപോലെ കര്‍മങ്ങള്‍ നിര്‍വഹിക്കാത്ത പക്ഷം നമ്മുടെ ഹജ്ജ് പൂര്‍ണമാവുകയില്ല. പ്രവാചക വചനത്തിന്റെ സമയവും സന്ദര്‍ഭവും പരിഗണിക്കാതെ എല്ലാ കാലത്തേക്കും, സന്ദര്‍ഭത്തിലേക്കും അതിനെ പ്രതിഷ്ഠിക്കുന്നത് ശരിയായ സമീപനമല്ല. അറഫയില്‍ നിന്ന് സൂര്യാസ്തമയത്തിന് മുമ്പ് മടങ്ങിയവരോട് ‘നീ ചെയ്യുക, കുഴപ്പമില്ല’ എന്ന് തിരുമേനി(സ) പറഞ്ഞോ? അറഫയില്‍ നില്‍ക്കാതെ നമിറയില്‍ വന്നുനിന്നവരോട് തിരുമേനി അപ്രകാരം പറഞ്ഞുവോ? തശ്‌രീഖ് ദിനങ്ങളില്‍ സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നതിന് മുമ്പ് കല്ലെറിഞ്ഞവരോട് തിരുമേനി(സ) അപ്രകാരം പറഞ്ഞുവോ? അര്‍ധരാത്രിക്ക് മുന്‍പെ മുസ്ദലിഫയില്‍ നിന്ന് പിരിഞ്ഞവരോട് പ്രവാചകന്‍(സ) അപ്രകാരം പറഞ്ഞുവോ? മിനായിലോ, മുസ്ദലിഫയിലോ രാപ്പാര്‍ക്കാന്‍ കഴിവുണ്ടാവുകയും എന്നിട്ട് അപ്രകാരം ചെയ്യാതിരിക്കുകയും ചെയ്തവരോടും പ്രവാചകന്‍(സ) ഇത് തന്നെയാണോ പറഞ്ഞത്? ശുദ്ധിയില്ലാതെ കഅ്ബാലയത്തെ ത്വവാഫ് ചെയ്യുന്നവരോടും ഇത് തന്നെയാണോ തിരുമേനി(സ) പറഞ്ഞത്?
ഹജ്ജ് ദൈവിക മാര്‍ഗത്തിലെ സമരമാണെന്ന കാര്യം നാം വിസ്മരിക്കരുത്. അതിനാല്‍ തന്നെ കുറച്ച് വിഷമവും പ്രയാസവും അതില്‍ സഹിക്കേണ്ടി വരും. ഇത് വിനോദയാത്രയല്ല. പ്രസ്തുത കര്‍മം നിര്‍വഹിക്കാന്‍ അല്ലാഹു വിശാലമായ സമയവും, സ്ഥലവും ഒരുക്കിയിരിക്കുന്നു. നടന്നുകൊണ്ടും വാഹനപ്പുറത്തും തിരുമേനി(സ) ത്വവാഫ് നടത്തിയിട്ടുണ്ട്. ഇഫാളയുടെ ത്വവാഫ് പെരുന്നാള്‍ രാവില്‍ അര്‍ധരാത്രി മുതല്‍ എപ്പോഴും നിര്‍വഹിക്കാവുന്നതാണ്. അഖബയുടെ കല്ലേറ് അന്നേദിനം അര്‍ധരാത്രി മുതല്‍ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളോളം നീളുന്നു. മിനായില്‍ താമസത്തിന് വിശാലമായ ഇടം തന്നെയുണ്ട്. ശരിയായ രൂപത്തില്‍ കൈകാര്യം ചെയ്യുന്നുവെങ്കില്‍ യാതൊരു പ്രയാസവും കൂടാതെ അത് നിര്‍വഹിക്കാവുന്നതാണ്.
‘ഹജ്ജും ഉംറയും നിങ്ങള്‍ അല്ലാഹുവിനായി പൂര്‍ത്തീകരിക്കുക’ എന്ന ഖുര്‍ആനിക സന്ദേശമാണ് നാം ജനങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കേണ്ടത്. ‘നീ പ്രവര്‍ത്തിക്കുക, പ്രശ്‌നമില്ല’ എന്നത് പെരുന്നാള്‍ ദിനത്തില്‍ ഹജ്ജ് കര്‍മങ്ങളില്‍ മുന്തിക്കുന്നതിനെയും പിന്തിക്കുന്നതിനെയും കുറിച്ച് പറഞ്ഞതാണ്. കല്ലേറ്, ബലി, മുടികളയല്‍, ത്വവാഫ്, സഅ്‌യ് തുടങ്ങിയ വിഷയങ്ങളിലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. അല്ലാതെ ഏത് കാര്യവും എപ്പോഴും നിര്‍വഹിക്കാമെന്ന ലാഘവത്തോടുള്ള സമീപനത്തെയല്ല അത് സൂചിപ്പിക്കുന്നത്.
Add Comment