ഏകതയുടെ പ്രതീകമാണ് പരിശുദ്ധ കഅ്ബ. അത് അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്നു. ഒപ്പം മനുഷ്യരാശിയുടെയും. അതിന്റെ ക്ഷണം മുഴുവന്‍ മനുഷ്യരെയുമാണ് എല്ലാവിധ വിഭാഗീയതകള്‍ക്കും വേര്‍തിരിവുകള്‍ക്കും അതീതം. അതിന്റെ സ്ഥാനനിര്‍ണയം പോലും അതിരുകള്‍ക്ക് അതീതനായ സ്രഷ്ടാവിന്റെതത്രെ. ‘ ഇബ്‌റാഹീമിന്ന് നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണ്ണയിച്ചുകൊടുത്ത സന്ദര്‍ഭം സ്മരണീയം. യാതൊന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന ശാസനയും അതോടൊപ്പമുണ്ട്. പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും പ്രണമിക്കുന്നവര്‍ക്കുമായി എന്റെ മന്ദിരത്തെ ശുദ്ധീകരിക്കുക. ഹജ്ജിന് ജനങ്ങളില്‍ പൊതുവിളംബരം ചെയ്യുക. ദൂരെദിക്കുകളില്‍ നിന്നൊക്കെയും കാല്‍ നടക്കാരായും ഒട്ടകങ്ങളില്‍ സവാരി ചെയ്യുന്നവരായും അവര്‍ താങ്കളുടെ അടുക്കല്‍ എത്തിച്ചേരും.’
വിശ്വാസികളെ ഏകീകരിക്കുന്ന ബിന്ദുവാണ് വിശുദ്ധ കഅ്ബ. അവര്‍ എവിടെയായാലും അവരുടെ മുഖവും നെഞ്ചും തിരിയുന്നത് അതിന്റെ നേരെയാണ്. നന്നെച്ചുരുങ്ങിയത് ദിനേന അഞ്ചുനേരം. തങ്ങള്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ മുഖം അതിന്റെ ഭാഗത്തേക്കാകണമെന്ന മോഹം അവര്‍ക്കൊക്കെയുണ്ട്. പിന്നിട്ട നൂറ്റാണ്ടുകളില്‍ പരലോകം പ്രാപിച്ച പരകോടികളുടെ മുഖം തിരിച്ചുവക്കപ്പെട്ടതും അതിന്റെ നേരെത്തന്നെ. അതിനാല്‍ ലോകത്തിലെ ഏറ്റം ശ്രദ്ധേയമായ ഭവനം വിശുദ്ധ കഅ്ബയത്രെ.
കഅ്ബ ലാളിത്യത്തിന്റെ പ്രതീകമാണ്. അത് താജ്മഹല്‍ പോലെ മനോഹരമല്ല; കുത്തബ്മിനാര്‍ പോലെ ഉത്തുംഗമല്ല; പിരമിഡുകള്‍ പോലെ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ നിദര്‍ശനവുമല്ല. നാല്പത് അടിനീളവും മുപ്പത്തഞ്ച് അടിവീതിയും അന്‍പത് അടി ഉയരവുമുള്ള ചതുരാകൃതിയില്‍ ഒരു സാധാരണകെട്ടിടം. ചുറ്റുമുള്ള മലകളില്‍ നിന്ന് ശേഖരിച്ച ചാരനിറത്തിലുള്ള പരുപരുത്തകല്ലുകള്‍ അടുക്കിവെച്ച് വിടവകുളില്‍ കുമ്മായം തേച്ചിരുന്നു. അതീവ ലളിതമായ നിര്‍മ്മാണം. അകമോ ശൂന്യവും അതില്‍ ശില്പഭംഗിയില്ല. നിര്‍മ്മാണചാതുരിയില്ല. കലകളോ കൊത്തുപണികളോ ഇല്ല. എന്നിട്ടും അതുല്യമായ ആകര്‍ഷണീയതയുണ്ട്. അസാധാരണമായ ഗാംഭീര്യവും കാഴ്ചക്കാരിലൊക്കെ അത് കൗതുകമുണര്‍ത്തുന്നു. വിടര്‍ന്ന കണ്ണുകളോടെയല്ലാതെ ആര്‍ക്കുമത് നോക്കി നില്ക്കാന്‍ സാധ്യമല്ല. എത്ര കണ്ടാലും കൊതിതീരില്ല. നഗ്്‌നനേത്രങ്ങള്‍ക്കൊണ്ടത് കാണാത്തവരും അകകണ്ണ് കൊണ്ട് കാണുന്നു. അന്ധന്‍മാര്‍ക്കുപോലും അത് ഗോചരമത്രെ. അലൗകികമായ സൗന്ദര്യം അതിനുചുറ്റും നിറഞ്ഞുനില്ക്കുന്നു.
കഅ്ബപോലെത്തന്നെ അതിനെ കേന്ദ്രീകരിച്ചുള്ള ഹജ്ജും ലാളിത്യത്തിന്റെ വിളംബരമാണ്. അതില്‍ പണക്കാരന്‍ പ്രൗഡി പ്രകടിപ്പിക്കാന്‍ അവസരമില്ല. ഹജ്ജില്‍ ധനികനെ ദരിദ്രരില്‍ നിന്ന് വേര്‍തിരിക്കുന്ന വകഭേദങ്ങളൊക്കെ വകഞ്ഞുമാറ്റപ്പെടുന്നു. ആര്‍ക്കും വിലപിടിച്ച പാന്റ്‌സും ഷര്‍ട്ടുമില്ല. ടൈയും ഷൂസും കോട്ടുമില്ല. എല്ലാവര്‍ക്കും ഒരേ വസ്ത്രം. അതിന്റെ വര്‍ണ്ണം ശുഭ്രം. അതോ കഫന്‍ പുടവയെ ഓര്‍മ്മിപ്പിക്കുന്നതും. അത് ധരിക്കുന്നതുപോലും എല്ലാവരും ഒരു പോലെ.
കഅ്ബയില്‍ എല്ലാവരും സമാവകാശികളാണ്. അത് അവരുടെ നാഥന്റെതാണ്. അത് സന്ദര്‍ശിക്കാനെത്തുന്നവര്‍ അല്ലാഹുവിന്റെ അതിഥികളും കഅ്ബ അല്ലാഹുവിന്റെ മന്ദിരമായതുകൊണ്ടുതന്നെ എല്ലാവരുടെയും വീടാണ്. അമേരിക്കയിലെ വെളുത്തവനും ആഫ്രിക്കയിലെ കറുത്തവനും അഫ്ഗാനിസ്ഥാനിലെ ആജാനുബാഹുവിനും തിബത്തിലെ കുറിയവനും അതില്‍ സമാവകാശികളാണ്. അത് എല്ലാവരുടെയും അഭയകേന്ദ്രം. സ്വഭവനംപോലെ സുരക്ഷിതം നിര്‍ഭീതവും.
ഹാജിമാര്‍ നാടുകളില്‍ വിട്ടേച്ചുവന്ന വീടുകള്‍ വിവിധയിനം. അവയില്‍ പടുകൂറ്റന്‍ കൊട്ടാരങ്ങളുണ്ട്. കൊച്ചുകുടിലുകളും. ഓടിട്ടവീടുകളുണ്ട്. സിമന്റ് സൗധങ്ങളും. അവയുടെ രൂപഭവങ്ങളിലും വൈവിധ്യമുണ്ട്. സാമ്പത്തികാവസ്ഥകള്‍ക്കും ദേശീയസാഹചര്യങ്ങള്‍ക്കും കാലാവസ്ഥാവ്യത്യാസങ്ങള്‍ക്കും അനുസൃതമായ വൈവിധ്യം. പക്ഷേ, ഇപ്പോള്‍ അവരുടെ ഭവനം ഒന്നാണ്. ലാളിത്യം വിളംബരം ചെയ്യുന്ന വിശുദ്ധ കഅ്ബ.
ഹാജിമാര്‍ ഉരിഞ്ഞുവെച്ച വസ്ത്രങ്ങള്‍ വ്യത്യസ്ഥങ്ങളാണ്. വളരെ വിലകൂടിയവയുണ്ട്. കുറഞ്ഞവയുണ്ട്. മിനുമിനുത്തതുണ്ട്. പരുപരുത്തതും. പാന്റസും ഷര്‍ട്ടുമുണ്ട്. കൂര്‍ത്തതും പൈജാമയുമുണ്ട്. ധന, ദേശ, പ്രദേശിക വ്യത്യാസങ്ങള്‍ക്കനുസൃതമായ വകഭേദങ്ങള്‍. മനുഷ്യരെ വേര്‍തിരിക്കുന്നതില്‍ വസ്ത്രത്തിന് വമ്പിച്ച പങ്കുണ്ട്. വ്യക്തികളുടെ വ്യതിരിക്തകളുടെ നിദാന ഘടകങ്ങളിലൊന്ന് അതാണല്ലോ. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഹജ്ജില്‍ എല്ലാവേര്‍തിരിവുകളും അവസാനിച്ചിരിക്കുന്നു. സകല വ്യത്യാസങ്ങളും മാഞ്ഞുമറഞ്ഞിരിക്കുന്നു. ആര്‍ക്കും നാടും വീടും ദേശവും ഭാഷയുമില്ല. അമേരിക്കക്കാരനും ആഫ്രിക്കക്കാരനും ഇന്ത്യക്കാരനും ചൈനക്കാരനും റഷ്യക്കാരനും ജര്‍മ്മന്‍കാരനുമില്ല. വെറും മനുഷ്യരേയുള്ളൂ. ദൈവദാസന്‍മാര്‍മാത്രം. നാടും വീടുംകുലവും ഗോത്രവുമില്ലാത്ത തനി മനുഷ്യര്‍. എല്ലാവരും അല്ലാഹുവിന്റെ അടിമകള്‍! അവന്റെ ക്ഷണം സ്വീകരിച്ചെത്തിയ അവന്റെ അതിഥികള്‍!
ഹജ്ജിന് പുറപ്പെടുന്നതിനുമുമ്പ് അവര്‍ പലരും ആയിരുന്നു. രാജാക്കന്മാര്‍, പ്രധാനമന്ത്രിമാര്‍, പ്രസിഡണ്ടുമാര്‍, ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, കര്‍ഷകര്‍, കൂലിപ്പണിക്കാര്‍, പണക്കാര്‍, പാവങ്ങള്‍ അങ്ങനെ പലരും. പക്ഷേ, ഇപ്പോള്‍ എല്ലാവരും ഒന്നാണ്. എല്ലാവരുടെയും മനസ്സ് ഒന്ന്. ലക്ഷ്യം ഒന്ന്; കര്‍മ്മവും തഥൈവ. ത്വവാഫില്‍ മുന്നില്‍ ശിപായി; പിന്നില്‍ കലക്ടര്‍; മന്ത്രിയോട് തൊട്ടുരുമ്മി റിക്ഷവലിക്കാരന്‍. ഇവിടെ സ്ഥാനവസ്ത്രമില്ലാത്തതുപോലെ അവസ്ഥാവ്യത്യാസവുമില്ല. എല്ലാവരും യാചകരാണ്. ദാതാവ് ദൈവം മാത്രം. നാട്ടില്‍ അവരുടെ ഭാഷ വ്യത്യാസം. ഇവിടെ എല്ലാവരുടേതും ഒന്ന്. മന്ത്രം ഒന്ന്; മുദ്രാവാക്യം ഒന്ന്. പാനീയം ഒന്ന്; എല്ലാവരും കുടിക്കുന്നത് സംസം! ഹാജറിന്റെ ഹൃദയമുരുകി കണ്ണുകളിലൂടെ ഒഴുകി ഭൂമിയില്‍ പതിച്ച് കനിവിന്റെ കിനിവായി പൊട്ടിയൊഴുകിയ കാരുണ്യത്തിന്റെ നിരുറവ്.
സഫാ-മര്‍വകള്‍ക്കിടയില്‍ നടക്കുമ്പോള്‍ ഹാജിമാരെല്ലാം കണ്ണുകള്‍ കഴിയുന്നത്ര തുറന്നുവെക്കുന്നു. ഹാജറിനെ പോലെ. അവര്‍ മകനെ കുടിപ്പിക്കാന്‍ നീരുറവ തേടി. ഹാജിമാര്‍ ദിവ്യകാരുണ്യം തേടുന്നു. പാപത്തിന്റെ ചുമട് ഇറക്കിവെക്കാന്‍ അത്താണി അന്വേഷിക്കുന്നു. അനുഭവിക്കുന്ന വിഹ്വലതയില്‍ പോലും സമാനത. പാദചലനങ്ങളിലും തുല്യത. അവിടെ ‘ഞാന്‍’ എന്ന അവസ്ഥ എല്ലാവരും വിസ്മരിക്കുന്നു. ഓരോരുത്തരും അവന്‍ സമൂഹത്തിന്റെ ഭാഗമായിമാറുന്നു. എന്റെ നാട്, എന്റെ വീട്, എന്റെ വര്‍ഗം, എന്റെ വര്‍ണ്ണം, എന്റെ ഭാഷ, എന്റെ താല്പര്യം എന്നതൊക്കെ അപ്രത്യക്ഷമാവുന്നു. എല്ലാവരും ഒരു മഹാപ്രവാഹത്തിലെ കണികകളായി മാറുന്നു. ത്വവാഫിലും സംഭവിക്കുന്നത് അതുതന്നെ. ഹജ്ജ് വൈയക്തികതയില്‍ നിന്ന് സാമൂഹികതയിലേക്കുള്ള പ്രയാണമത്രെ. എല്ലാ വിധ സങ്കുചിത തത്വങ്ങളില്‍നിന്നും പക്ഷപാതിത്വങ്ങളില്‍ നിന്നുമുള്ള മോചനം!
മിനാ പ്രത്യാശയുടെ ഇടമാണ്. പോരാട്ടത്തിന്റെയും. അവിടെ എല്ലാവരും പ്രതിയോഗിയെ പരാജയപ്പെടുത്താനുള്ള ബദ്ധപ്പാടിലാണ്. തന്നെ നന്‍മയില്‍നിന്നും സത്യത്തില്‍നിന്നും തടയുന്ന പിശാചിനെ എറിഞ്ഞോടിക്കാനുള്ള തീരുമാനത്തിലും. അവിടെ ജീവിതം നന്നെ ലളിതമാണ്. എല്ലാവരും ഒരേ പോലുള്ള തമ്പുകളില്‍ താമസിക്കുന്നു. അവ തീര്‍ത്തും താല്ക്കാലികങ്ങളാണ്. ഭൂമിയിലെ മനുഷ്യ ജീവിതംപോലെ. അത് ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല.
അഹങ്കാരമാണല്ലോ എല്ലാ തിന്മകളുടെയും തായ് വേര്. ആദിപാപത്തിന്റെ ഹേതുവും അതുതന്നെ. നംറൂദും ഫിര്‍ഔനും ഖാറൂനും അബൂജഹലും അബൂലഹബും ഉള്‍പ്പെടെ എല്ലാ ധിക്കാരികളെയും നയിച്ചത് അഹങ്കാരമത്രെ. മിനായിലെ ലാളിത്യവും വിനയം വളര്‍ത്തുന്ന ജീവിതരീതിയും അഹങ്കാരത്തില്‍ നിന്ന് ഹാജിയെ മോചിപ്പിക്കുന്നു.
അറഫയാണ് കൂടുതല്‍ ചേതോഹരം. ഹജ്ജിന്റെ മര്‍മ്മവും അതത്രെ. ഏകദിനനഗരമാണ് അറഫ. വര്‍ഷത്തിന്റെ മറ്റെല്ലാ ദിവസവും അവിടെ വിജനമാണ്. ദുല്‍ഹജ്ജ് ഒമ്പതിന് അതൊരു ലോകമായി മാറുന്നു. അല്ല; ലോകം അവിടെ ഒതുങ്ങുന്നു. മുഴുവന്‍ നാട്ടുകാരും അന്ന് അറഫയില്‍ മേളിക്കുന്നു. അവരുടെ വേഷം ഒന്ന്; ഭാഷ ഒന്ന്, ലക്ഷ്യം ഒന്ന്, പാതയും തഥൈവ. മനസ്സും മന്ത്രവും ഒന്ന്. അന്ന് എല്ലാ ചുണ്ടുകളും പാപമോചനം തേടുന്നു. മുഴുവന്‍ മനസ്സുകളും പ്രപഞ്ചനാഥനിലേക്ക് പശ്ചാത്തപിച്ചുമടങ്ങുന്നു. അസമത്വത്തിന്റെയോ അന്യഥാബോധത്തിന്റെയോ അകല്‍ച്ചയുടെയോ നേരിയ അടയാളംപോലും അവിടെ ദൃശ്യമല്ല. ആരുടെയും അന്തഃരംഗത്ത് അമര്‍ഷമോ അസൂയയോ അഹിതവികാരങ്ങളോ അശേഷമില്ല. അവിടെ മനുഷ്യരാശി ഒന്നാകുന്നു. ‘ നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായമാകുന്നു. ഞാന്‍ നിങ്ങളുടെ നാഥനും. അതിനാല്‍ എന്നെ വഴിപ്പെടുക.’ (അല്‍ അമ്പിയാഅ്: 92)
ലോക ഇസ്്‌ലാമിക സമൂഹത്തിന്റെ കൊച്ചു രൂപമാണ് അറഫ. ലോകമെങ്ങുമുള്ള വിശ്വാസ വ്യൂഹത്തിന്റെ ചേതോഹരമായ പരിഛേദം. ഹജ്ജ് ലോകമുസ്്‌ലിംകളുടെ ഒത്തുചേരലാണല്ലോ. ഒരര്‍ത്ഥത്തില്‍ ഒരന്താരാഷ്ട്ര ഇസ്്‌ലാമിക സമ്മേളനം. ഓരോ മുസ്്‌ലിമിന്നും താന്‍ വിശാലമായ ഇസ്്‌ലാമിക സമൂഹഗാത്രത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് നല്‍കുന്ന പുണ്യകര്‍മ്മം. വിശ്വാസിയെ ദേശ, ഭാഷ, വര്‍ഗ്ഗ, വര്‍ണ്ണ, കുടുംബ, ഗോത്ര വിഭാഗീയതകളില്‍ നിന്നെല്ലാം സ്വതന്ത്രനാക്കുന്ന മഹല്‍കൃത്യം! അല്ലാഹുവിന്റെ ഏകത്വം പോലെ മാനുഷികത്തിന്റെ ഏകത്വവും അത് വിളംബരം ചെയ്യുന്നു.
ലോകം മുഴുവന്‍ മക്കയില്‍

Add Comment