ഇസ്‌ലാമിലെ ഒന്നാമത്തെ വിശുദ്ധ ദേവാലയമാണ് മക്കയിലെ കഅ്ബ. ഒരു വിശ്വാസിക്ക് തീര്‍ത്ഥാടനം അനുവദിക്കപ്പെട്ട മൂന്ന് വിശുദ്ധ ദേവാലയങ്ങളിലൊന്നാണത്. പ്രസ്തുതകഅ്ബയെ ഇതിവൃത്തമാക്കി അറബിയിലും പാശ്ചാത്യ ഭാഷകളുള്‍പ്പടെ നിരവധി ഭാഷകളില്‍ ചലച്ചിത്രങ്ങളുണ്ടായിട്ടുണ്ട്.പക്ഷേ വിശുദ്ധദേവാലയമായ കഅ്ബയുടെ വിശുദ്ധി സംരക്ഷിക്കാനാവണം കഅ്ബയെ ചലച്ചിത്രഷൂട്ടിങ്ങിന്(സിനിമാ ലൊക്കേഷന്‍) വിട്ടുകൊടുക്കാന്‍ സഊദി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ 2004ല്‍ ഫ്രഞ്ചുകാരനായ ഇസ്മായീല്‍ ഫാറൂഖിയാണ് ആദ്യമായി മക്കയെയും കഅബയെയും അഭ്രപാളിയിലെത്തിക്കുന്നത്. ആദ്യമായി കഅ്ബയെ അഭ്രപാളിയിലെത്തിച്ച സിനിമ എന്ന പേരില്‍ ഇത് പ്രസിദ്ധമായി. ‘ഇതു വരെ സിനിമാ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയാത്ത ഇടം’ എന്നാണ് മാധ്യമങ്ങള്‍ സിനിമയെ വിശേഷിപ്പിച്ചത്.
ദക്ഷിണ ഫ്രാന്‍സില്‍ നിന്ന് മക്കയിലേക്ക് ഹജ്ജിനായി പുറപ്പെടുന്ന പിതാവിന്റയും മകന്റെയും കഥയാണ് ഫാറൂഖി പറഞ്ഞു തരുന്നത്. കോളേജ് പ്രവേശനപരീക്ഷ അടുത്ത സന്ദര്‍ഭത്തില്‍ മകന്‍ പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി വിശുദ്ധ നഗരമായ മക്കയിലേക്ക് തീര്‍ത്ഥ യാത്ര പുറപ്പെടുകയാണ്. കഥയില്‍ മകന്‍ പിതാവിന്റെ ഡ്രൈവറും സഹയാത്രികനുമാകുന്നതിലൂടെ രണ്ടു തലമുറകള്‍ തമ്മിലുള്ള സാംസ്‌കാരികമായ വ്യത്യാസം പ്രതിഫലിപ്പിക്കുന്നുണ്ട്. രണ്ട് കാലഘട്ടങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക സംഘട്ടനങ്ങള്‍ സിനിമയിലൂടെ തന്‍മയത്വത്തോടെ സംവിധായകന്‍ ചിത്രീകരിച്ചിട്ടുണ്ട്. യാത്രയുടെ തുടക്കത്തില്‍ മകന് പഴഞ്ചനായ പിതാവിന്റെ രീതികളെ ഉള്‍ക്കൊള്ളാനാവുന്നില്ല. എല്ലാവരും തന്നെയും തന്റെ പ്രായത്തെയും ബഹുമാനിക്കണമെന്നാണ് പിതാവ് ആഗ്രഹിക്കുന്നത് എന്നാല്‍ അത് നായക കഥാപാത്രമായ റിദക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നായകനായ മകന്റെ വേഷം പ്രമുഖ ഹോളിവുഡ് നടനായ നിക്കോളാസ് കസാലെയും പിതാവിന്റെ വേഷം മുഹമ്മദ് മാജിദും ഭംഗിയായി ചെയ്തിട്ടുണ്ട്. മക്കയിലേക്കുള്ള ഈ യാത്ര ആത്മീയത യുടെ പരിമളം പൊഴിക്കുന്നുണ്ട്. അതോടൊപ്പംതന്നെ ആര്‍ക്കും ഒട്ടുംമുഷിപ്പുതോന്നാത്ത രീതിയില്‍ വിനോദപ്രിയസിനിമയുടെ ഫോര്‍മുലയും സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നു. പിതാവും മകനും തമ്മിലുള്ള ഇടപാടുകള്‍ പലതും നര്‍മംകലര്‍ത്തി അവതരിപ്പിക്കുന്നതിനാല്‍ സാധാരണ ട്രാവല്‍ മൂവികളുടെ പതിവുവിരസത ഈ സിനിമയില്‍ ഇല്ലെന്നുതന്നെ പറയാം.
Add Comment