എന്റെ വേരുകള്‍ അമേരിക്കയിലാണ്. പിതാവ് വഴിയുള്ള എന്റെ പൂര്‍വ്വ പിതാക്കളില്‍ ചിലര്‍ 1909 ല്‍ വെര്‍ജീനിയാ കോളനിയിലേക്ക് പലായനം ചെയ്തു. മാതാവ് വഴിക്കുള്ള പൂര്‍വ്വ പിതാക്കളുടെ കൂട്ടത്തില്‍ വാഷിങ്ടന്റെയും ലിങ്കന്റെയും കൂട്ടത്തില്‍ സമരം ചെയ്തവരുണ്ട്. എന്റെ ഒരു മുതുമുത്തച്ചന്‍ കേളികേട്ട കുതിര സവാരിക്കാരനായിരുന്നു. പതിനാറു വയസ്സു വരെ തീര്‍ത്തും അമേരിക്കന്‍ ശൈലിയിലാണ് ഞാന്‍ വളര്‍ത്തപ്പെട്ടത്. ഒരു മധ്യ പാശ്ചാത്യന്‍, മധ്യ വര്‍ഗ്ഗ, പ്രൊട്ടസ്റ്റന്റ്. മിഷിഗണിലെ ബേ നഗരത്തില്‍ ഞാന്‍ വളര്‍ന്നു. എപിസ്‌കോപല്‍ ചര്‍ച്ചുകാരിയായ ഞാന്‍ സണ്‍ഡേ സ്‌കൂളില്‍ പോവുകയും ചര്‍ച്ച് ഗായക സംഘത്തില്‍ പാടുകയും ചെയ്തു.
പതിനാറാം വയസ്സില്‍ പക്ഷെ, ഞാന്‍ ഖുര്‍ആനിനെ കണ്ടെത്തി. മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഒരു ജേര്‍ണലിസം സെമിനാറില്‍ പങ്കെടുക്കവെ, ഇറാഖില്‍ നിന്നുള്ള ചില വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടി. എങ്ങനെയോ ഞങ്ങള്‍ ഖുര്‍ആനിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഖുര്‍ആനിന്റെ പിരഭാഷ വായിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു സായാഹ്നത്തില്‍ ഖുര്‍ആന്റെ ആദ്യത്തെ അധ്യായം എന്റെ മുന്നില്‍ തുറന്നു വെച്ചു. ‘സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവിന് മാത്രമാണ് സ്തുതി. പരമകാരുണികനും കരുണാവാരിധിയുമായവന്‍. നിനക്കു മാത്രം ഞങ്ങള്‍ ഇബാദത്തു ചെയ്യുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. നേരായ വഴിയില്‍ നീ ഞങ്ങളെ നയിക്കേണമേ. നീ അനുഗ്രഹിച്ചവരുടെ വഴിയില്‍. കോപത്തിനിരയായവരുടെതും ദുര്‍മാര്‍ഗ്ഗികളുടേതുമല്ലാത്ത വഴിയില്‍’.
ഋജുവും ലളിതവുമായ ഈ വാക്കുകള്‍ എന്നെ ഹഠാദാകര്‍ഷിച്ചു. മുമ്പേ എനിക്കുണ്ടായിരുന്ന ആശയങ്ങളായിരുന്നു അവ പ്രകാശിപ്പിച്ചത്. പെട്ടെന്ന് തന്നെ ആ വാക്കുകള്‍ ഞാന്‍ ഹൃദിസ്തമാക്കാന്‍ തുടങ്ങി. അവ ഇസ്‌ലാമിലേക്ക് എന്നെ പിടിച്ചുവലിച്ചു. ഓരോ മനുഷ്യനും മുസ്‌ലിമായാണ് ജനിക്കുന്നതെന്നും (മുസ്‌ലിമെന്നാല്‍ ദൈവത്തെ അനുസരിക്കുന്നവന്‍ എന്ന് പദാര്‍ത്ഥം-വിവ) മാതാപിതാക്കളാണ് പിന്നീടവനെ ജൂതനോ ക്രൈസ്തവനോ ആക്കുന്നതെന്നുമുള്ള പ്രവാചക വചനത്തിന്റെ ഒരുദാഹരണമായിക്കാം ഒരു പക്ഷെ ഞാന്‍.
അന്ന് മുതല്‍ ഞാനെന്റെ ജീവിതത്തെ മക്കയുടെ നേരെ തിരിച്ചു നിര്‍ത്തി. മൗണ്ട് ഹോളിയോക്ക് കോളേജില്‍ നിന്ന് ഇസ്‌ലാമിക ചരിത്രം പഠിച്ചു. 1961 ലെ വേനല്‍ക്കാലം ബൈറൂത്തിലെ ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ കൂടെയാണ് ഞാന്‍ ചെലവഴിച്ചത്. ബൈറൂത്തിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്തു. വിവാഹിതയാവുകയും, ലബനാനിലെ ശെംലാന്‍ ഗ്രാമത്തില്‍ വേരുറപ്പിക്കുകയും ചെയ്തു. അങ്ങനെ ഒടുവില്‍, 1967 ഡിസംബറിലെ ഒരു സുപ്രഭാതത്തില്‍, പ്രവാചക കുടുംബത്തിലെ ഒരു പിന്മുറക്കാരനെ സാക്ഷി നിര്‍ത്തിക്കൊണ്ട് ഇസ്‌ലാമിനോടുള്ള വിധേയത്വം ഞാന്‍ ഔപചാരികമായി പ്രഖ്യാപിച്ചു.
ആ നിമിഷം തൊട്ട്, എല്ലാ മുസ്‌ലിംകളെയും പോലെ ഞാനും തത്വത്തില്‍, മക്കയിലേക്കുള്ള പാതയില്‍ പ്രവേശിച്ചു. ഹജ്ജ് യാത്ര പെട്ടെന്നു തന്നെ നടത്താന്‍ എനിക്ക് ആലോചനയില്ലായിരുന്നു.1973 ല്‍ മക്കയിലേക്ക് പോകാനുള്ള അവസരം അപ്രതീക്ഷിതമായി വന്നുചേര്‍ന്നപ്പോള്‍ ഞാന്‍ ഒട്ടും തയ്യാറെടുത്തിരുന്നില്ല. എവിടെയാണ് ഇഹ്‌റാം വാങ്ങാന്‍ കിട്ടുക, താമസ സൗകര്യങ്ങള്‍ക്കു എവിടെ ബുക്ക് ചെയ്യണം. മുതവ്വിഫിനെ എങ്ങനെ ഏര്‍പ്പാട് ചെയ്യും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ എനിക്ക് കണ്ടെത്തേണ്ടതുണ്ടായിരുന്നു. മുമ്പ് ഹജ്ജ് ചെയ്ത ബന്ധുക്കളും സുഹൃത്തുക്കളും ഉദ്യോഗസ്ഥന്‍മാര്‍ പോലും തെറ്റായ വിവരങ്ങള്‍ മാത്രം നല്‍കാനാണ് ഉപകരിച്ചത്. എയര്‍ലൈന്‍സിലെ ബുക്കിംഗ് ക്ലാര്‍ക്കുമാര്‍ പറഞ്ഞത് വിമാനത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നാണ്. എന്നാല്‍ ഹജ്ജിന്റെ മൂന്നാഴ്ച്ച മുമ്പ് എനിക്കറിയാന്‍ കഴിഞ്ഞു; സീറ്റുകളൊക്കെ തീര്‍ന്നുപോയിട്ടുണ്ടെന്നും ഒരു സീറ്റ് കിട്ടാന്‍ വളരെ പ്രയാസമാണെന്നും. ഇസ്‌ലാമാശ്ലേഷിച്ചപ്പോള്‍ അറബി നാമം സ്വീകരിച്ചിട്ടില്ലാത്തതു കൊണ്ട് ഹജ്ജിന് പോകാനേ കഴിയുകയില്ലെന്നാണ് വിവരമുണ്ടെന്ന് ഞാന്‍ ധരിച്ചിരുന്ന ഒരാള്‍ എന്നോട് പറഞ്ഞത്. ഇത് വളരെ നിരാശാജനകമായിരുന്നു. കാരണം, മീക്കായീല്‍ എന്ന എന്റെ പേര് ഖുര്‍ആനില്‍ വന്നിട്ടുണ്ട്. (സൂറ: 11-സൂക്തം 91) ഞാനൊരിക്കലും ഒരു ‘കണ്‍വെര്‍ട്ടായി’ (മതം മാറിയവള്‍) സ്വയം ഗണിച്ചിട്ടുമില്ല. അവകാശപ്പെട്ട ഗേഹം കണ്ടെത്തിയ ഒരുവളായി മാത്രമേ ഞാനെന്നെ കരുതിയിട്ടുള്ളൂ. (അറബി നാമം സ്വീകരിക്കുകയെന്നത് ഒരു സമ്പ്രദായമാണെന്നും നിര്‍ബന്ധമല്ലെന്നും പിന്നീട് ഞാന്‍ മനസ്സിലാക്കി).
മക്കയിലേക്കുള്ള എന്റെ യാത്ര യഥാര്‍ത്ഥത്തില്‍ ആരംഭിച്ചത് 1393 ദുല്‍ഹജ്ജ് 5 നു (1973 ഡിസംബര്‍ 29 നു) ബൈറൂത്ത് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നാണ്. ഏഴാം തീയതി ഉച്ചക്ക് മാത്രമാണ് ഇഹ്‌റാം വാങ്ങിയതും ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള വഴിക്ക് പ്രവേശിച്ചതും. റോഡ് നിറയെ തീര്‍ത്ഥാടകരെ നിറച്ച ബസ്സുകളും കാറുകളും ട്രക്കുകളുമായിരുന്നു. തീര്‍ത്ഥാടകരൊന്നായി ഹജ്ജിന്റെ തല്‍ബിയത്ത് ഉരുവിട്ടു കൊണ്ടിരുന്നു.
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്, ഇന്നല്‍ ഹംദ വന്നിഅ്മത ലക വല്‍മുല്‍ക്, ലാ ശരീക ലക ലബ്ബൈക്.
ഞാനിതാ ഇവിടെ, നിന്റെ കല്‍പ്പന കേള്‍ക്കാന്‍! നിനക്കു പങ്കാളികളില്ല. സ്തുതിയും അനുഗ്രഹവും അധികാരവും നിന്റെ വരുതിയില്‍. ഇതാ ഞാനിവിടെ!.
(മീക്കായീല്‍ ജാന്‍സന്‍ ഇസ് ലാം സ്വീകരിച്ച അമേരിക്കന്‍ വനിതയാണ്. ഒരു ഹജ്ജ് യാത്രാനുഭവം അനുസ്മരിക്കുകയാണ് അവരിവിടെ)
Add Comment