Articles

മക്ക: ചില ചരിത്ര സ്മൃതികള്‍

ഇബ്‌റാഹീം നബി(അ)യുടെ കാലം മുതല്‍ക്കാണ് ഇന്നറിയപ്പെടുന്നവിധം മക്കയുടെ ചരിത്രം ആരംഭിക്കുന്നതെങ്കിലും അതിനുമപ്പുറം അതിപ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചരിത്രദശ കടന്നുപോയിട്ടുണ്ടോ?  അതേപോലെ ഇബ്‌റാഹീം നബി(അ)ക്ക് മുമ്പ് ദൈവാരാധനയ്ക്കായുള്ള പ്രഥമ മന്ദിരത്തിന്റെ വല്ല അസ്ഥിവാരവും അവിടെ ഉണ്ടായിരുന്നുവോ? ഇവ സ്ഥിരീകരിക്കാവുന്ന ഖണ്ഡിതമായ രേഖകളില്ലെങ്കിലും അത്തരം അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പണ്ഡിതന്മാരുണ്ടെന്ന് പഴയ ചില ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ കാണാം. സ്വര്‍ഗ്ഗത്തില്‍നിന്ന്് പുറത്താക്കപ്പെട്ട ആദമും ഹവ്വയും ജിദ്ദയിലാണ് വന്നിറങ്ങിയതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം ആദം സഫായിലും ഹവ്വ മര്‍വ്വയിലുമാണ് ഇറങ്ങിയതെന്ന് അഭിപ്രായപ്പെടുന്നു.

ജിദ്ദയിലെ അസാധാരണ വലുപ്പത്തിലുള്ള ഒരു ഖബ്ര്‍ ഹവ്വായുടേതാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ആദം ഇറങ്ങിയത് ഇന്ത്യയിലോ ശാമിലോ ആണെന്ന അഭിപ്രായക്കാരുമുണ്ട്. ആദം ഇന്ത്യയില്‍നിന്ന് നാല്‍പത് തവണ കാല്‍നടയായി ഹജ്ജ് ചെയ്തിട്ടുണ്ടെന്ന് ‘ ഫത്ഹുല്‍ മുഈന്‍’ പോലുള്ള ഗ്രന്ഥത്തിലും കാണാം. ആദം നബി(അ)ക്ക് പുറമെ ശീസ്, ഇദ്‌രീസ് എന്നീ പ്രവാചകന്മാരും മക്കയില്‍ ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. മാനവനാഗരികതയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് എഴുത്ത്,നെയ്ത്ത്, കൃഷി എന്നീ കലകള്‍ പഠിപ്പിച്ചത് പ്രവാചകനായ ഇദ്‌രീസ് ആണ്.
നൂഹിന്റെ കാലത്തെ മഹാപ്രളയത്തില്‍ തുടച്ചുനീക്കപ്പെടുന്നതുവരെ മക്കയില്‍ ജനവാസവും പ്രഥമദേവാലയവുമുണ്ടായിരുന്നുവെന്നാണ് ഉപര്യുക്ത പണ്ഡിതന്മാരുടെ നിഗമനം.
ഏതായാലും ഇന്ന് നിലവിലുള്ള സ്ഥാനത്ത് കഅ്ബാലയം കെട്ടിപ്പടുത്തത് ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്്മാഈല്‍ നബി(അ)യുമാണെന്നതില്‍ തര്‍ക്കമില്ല. ഖുര്‍ആന്‍ അത് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

നാഗരികതയുടെ ഉറവിടം
അല്ലാഹുവിന്റെ ആജ്ഞപ്രകാരം  ഹ: ഇബ്‌റാഹീം(അ) പത്‌നി ഹാജറിനെയും പുത്രന്‍ ഇസ്്മാഈലിനേയും മക്കാ താഴ്‌വരയില്‍ കൊണ്ടുപോയി താമസിപ്പിക്കുമ്പോള്‍ അവിടെ വെള്ളമോ ഫലവൃക്ഷങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഭീതി ജനകമാംവണ്ണം വിജനമായിരുന്നു ആ പ്രദേശം.
മക്കാ വിടുമ്പോള്‍ ഇബ്‌റാഹീം(അ) ്പ്രാര്‍ത്ഥിച്ചു: ‘ നാഥാ, ഈ രാജ്യത്തെ സമാധാനത്തിന്റെ രാജ്യമാക്കണമേ…, നാഥാ, എന്റെ സന്തതികളില്‍ ചിലരെ കൃഷിയില്ലാത്ത ഈ താഴ് വരയില്‍ നിന്റെ വിശുദ്ധ മന്ദിരത്തിന് സമീപം ഞാന്‍ പാര്‍പ്പിച്ചിരിക്കുന്നു; നാഥാ, അവര്‍ ഇവിടെ മുറപ്രകാരം നമസ്‌കാരം നിര്‍വ്വഹിക്കുന്നതിനു വേണ്ടിയാണത്. അതിനാല്‍ ജനഹൃദയങ്ങളില്‍ അവരോടു സ്‌നേഹവായ്പ് ഉണ്ടാക്കുകയും അവര്‍ക്കാഹാരമായി ഫലവര്‍ഗ്ഗങ്ങള്‍ നല്‍കുകയും ചെയ്യേണമേ’. (ഇബ്‌റാഹീം: 35-57)
അതൊരു മഹത്തായ നാഗരികതയുടെ ബീജാവാപമായിരുന്നു. ചുട്ടുപഴുത്ത മണലാരണ്യത്തില്‍ തപിച്ചുനില്‍ക്കുന്ന ഗിരി നിരകള്‍ മാത്രമുള്ള എങ്ങും അല്‍പം നീരുറവോ പച്ചപ്പുകളോ പറവ ജാതികളോ കാണ്മാനില്ലാത്ത ആ ശൂന്യതാഴ്‌വര പൊടുന്നനവേ മനുഷ്യ ഹൃദയങ്ങളെ മാടിവിളിക്കുന്ന സന്ദര്‍ശനകേന്ദ്രവും അഭയസ്ഥാനവുമായി മാറുന്നു!
കൈവശമുണ്ടായിരുന്ന വെള്ളവും ഭക്ഷണവും തീര്‍ന്നു. പിഞ്ചു പൈതല്‍ വിശപ്പും ദാഹവും കൊണ്ടവശനായി. കൈകാലുകള്‍ നിലത്തിട്ടടിക്കാന്‍ തുടങ്ങി. പരിഭ്രാന്തയായ ഹാജര്‍ അടുത്തുള്ള സഫാ മലയുടെ മുകളില്‍ കയറിനോക്കി. ഒന്നും കാണാനില്ല. അവിടെനിന്നിറങ്ങി നേരെ എതിര്‍വശത്തുള്ള മര്‍വായുടെ മേല്‍ കയറുന്നു. അവിടെയും ഒന്നും കാണാനില്ല. ഏഴുതവണ ഇതാവര്‍ത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നിരാശയായ ഹാജര്‍ കാണുന്നത്് ശിശുവിന്റെ പാദങ്ങള്‍ക്കിടയില്‍നിന്ന് നീരുറവ് പൊട്ടിയൊലിക്കുന്ന അത്ഭുത കാഴ്ചയാണ്! സംസം എന്ന പേരില്‍ പ്രസിദ്ധമായ ആ ജലസ്രോതസ്സ് ലോകചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ഒരു മഹത്തായ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ഉറവിടമായി മാറുമെന്ന്് ആരറിഞ്ഞു!
ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി യമനില്‍നിന്ന് അംറുബ്‌നു മദാദിന്റെ നേതൃത്വത്തില്‍ ഒരു യാത്രാ സംഘം യാദൃഛികമായി അവിടെ വന്നിറങ്ങുന്നു. യമനിലെ ഖഹ്ത്താനി വംശപരമ്പരയില്‍ പെട്ട ബനൂജുര്‍ഹും ഗോത്രക്കാരനായിരുന്നു അവര്‍. ശാമിലെ ഹരിതഭൂമിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന അംറുബ്‌നു മദാദിന് ഈ വരണ്ട താഴ്‌വരയെപ്പറ്റി നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ സ്വപ്‌ന ഭൂമിയിലേക്കുള്ള യാത്ര വേണ്ടെന്നു വെച്ചു. ഹാജറിന്റെ സമ്മതത്തോടെ അവര്‍ സംസം പരിസരത്ത് താമസമാക്കി. അതോടെ മക്കയുടെ മണല്‍ തരികളില്‍ ജീവന്റെ തുടിപ്പുകള്‍ ദൃശ്യമായി തുടങ്ങി.

കഅ്ബയുടെ നിര്‍മ്മാണം
ഇബ്‌റാഹീം (അ) തന്റെ ദൗത്യനിര്‍വഹണത്തില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വിധേയനായി. സ്വന്തം ഓമനപ്പുത്രന്‍ ഇസ്്മാഈലിനെ അല്ലാഹുവിന് വേണ്ടി ബലികഴിക്കണമെന്നത് ആ പരീക്ഷണങ്ങളിലൊന്നായിരുന്നു. ഇന്നറിയപ്പെടുന്ന മധ്യപൗരസ്ത്യ നാടുകളെല്ലാം തന്റെ പ്രവര്‍ത്തനമേഖലയാക്കിയ ആ മഹാ പുരുഷന്‍ എല്ലാ അഗ്നിപരീക്ഷകളെയും വിജയകരമായി തരണം ചെയ്തു. അനന്തരം അല്ലാഹു മാനവകുലത്തിന്റെ നേതാവായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഇബ്‌റാഹീം നബി(അ)യുടെ മഹിതവും മാതൃകായോഗ്യവുമായ ത്യാഗജീവിതത്തിന്റെ അംഗീകാരമായിരുന്നു അത്്. ഖുര്‍ആന്‍ പറയുന്നു: ‘ ഇബ്‌റാഹീമിനെ തന്റെ നാഥന്‍ ചില വചനങ്ങളാല്‍ പരീക്ഷിച്ചത് ഓര്‍ക്കുക. അദ്ദേഹം അവയിലെല്ലാം പൂര്‍ണ്ണമായി വിജയിച്ചു. അപ്പോള്‍ അവന്‍ പ്രഖ്യാപിച്ചു: നാം താങ്കളെ സകലജനത്തിനും നേതാവായി നിശ്ചയിക്കുന്നതാകുന്നു. അദ്ദേഹം ചോദിച്ചു: എന്റെ സന്തതികളോടും ഈ വാഗ്ദത്തമുണ്ടോ? അവന്‍ പറഞ്ഞു: അക്രമികളെ സംബന്ധിച്ചേടത്തോളം എന്റെ വാഗ്ദത്തം സുപ്രാപ്തമല്ല.’ (അല്‍ബഖറ: 124)
മാനവ സമുദായത്തിന് നേതൃത്വം നല്‍കാനും ദൈവികമാര്‍ഗ്ഗത്തില്‍ അവരെ ഏകീകരിക്കാനും ഒരു തീര്‍ത്ഥാടനകേന്ദ്രം ആവശ്യമാണ്. അല്ലാഹുവിന്റെ കല്‍പനപ്രകാരം ഇബ്‌റാഹീം(അ) വിശുദ്ധ കഅ്ബ നിര്‍മ്മിച്ചതോടെ അത് സാക്ഷാല്‍ക്കരിക്കപ്പെട്ടു. ഖുര്‍ആന്‍ പറയുന്നു: ‘ ഈ മന്ദിരത്തെ (കഅ്ബയെ) നാം ജനങ്ങള്‍ക്ക് ഒരു സന്ദര്‍ശനകേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചത് ഓര്‍ക്കുക. ഇബ്‌റാഹീമിന്റെ സ്ഥാനത്തെ നിങ്ങള്‍ നമസ്‌കാര സ്ഥാനമായി സ്വീകരിക്കുവിന്‍.
നാം ഇബ്‌റാഹീമിനോടും ഇസ്മാഈലിനോടും ദൃഢമായി കല്‍പ്പിച്ചു. പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും നമിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നവര്‍ക്കും വേണ്ടി എന്റെ ഭവനത്തെ പരിശുദ്ധമാക്കി വെക്കുക… ഓര്‍ക്കുക. ഈ മന്ദിരത്തിന്റെ ഭിത്തികള്‍ പടുത്തുയര്‍ത്തവെ ഇബ്‌റാഹീമും ഇസ്്മാഈലും പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്ന് ഈ കര്‍മ്മം നീ സ്വീകരിക്കണമേ, നീ സകലതും കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ. ഞങ്ങളുടെ നാഥാ, നീ ഞങ്ങളിരുവരെയും നിന്നോട് അനുസരണമുള്ളവരാക്കണമേ, ഞങ്ങളുടെ സന്തതികളില്‍ നിന്നും നിന്നോടു അനുസരണമുള്ള ഒരു സമൂഹത്തെ എഴുന്നേല്‍പിക്കണമേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ ആരാധനാമുറകള്‍ അറിയിച്ചുതരികയും ചെയ്യേണമേ, നീ ഏറെ മാപ്പരുളുന്നവനും കരുണാവാരിധിയുമാണല്ലോ. ഞങ്ങളുടെ നാഥാ, ഈ ജനങ്ങളില്‍ അവരില്‍നിന്നുതന്നെ, നിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും ഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും അവരുടെ ജീവിതത്തെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നിയോഗിക്കണമേ, നീ സര്‍വ്വശക്തനും യുക്തിജ്ഞാനുമത്രെ.’ (അല്‍ബഖറ: 124-129)
ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ത്ഥന പ്രത്യക്ഷരം യാഥാര്‍ത്ഥ്യമായി പുലരുന്നു. വിജനവും ഭീതിജനകവുമായ ആ മരുഭൂമി ജനസാന്ദ്രവും വിഭവസമൃദ്ധവും ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രവുമായി മാറി. തീര്‍ത്ഥാടകരുടെ ബാഹുല്യവും നൈരന്തര്യവും സാര്‍വ്വദേശീയതയും കൊണ്ട് അതിനോട് കിടപിടിക്കുന്ന മറ്റൊരു ദേവാലയം ഭൂമിയിലില്ല! സര്‍വ്വോപരി താന്‍ നിര്‍മ്മിച്ച ദേവാലയത്തിന്റെ പാവനത്വത്തെ ശാശ്വതമായി നിലനിര്‍ത്തുവാനും മാനവരാശിക്ക് നിത്യസത്യ സന്ദേശമെത്തിക്കുവാനും അല്ലാഹു ഏറ്റവും ശ്രേഷ്ഠനായ പ്രവാചകനെ അവിടെ നിയോഗിക്കുകയും ചെയ്തു.

ഹജ്ജിന് വേണ്ടിയുള്ള ആഹ്വാനം
കഅ്ബയുടെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഹജ്ജിന് വേണ്ടിയുള്ള കല്‍പന വിളംബരം ചെയ്യുവാന്‍ അല്ലാഹു ആജ്ഞാപിച്ചു. ഖുര്‍ആന്‍ പറയുന്നു: ഹജ്ജ് കര്‍മ്മത്തിനായി ജനങ്ങളില്‍ വിളംബരം ചെയ്യുക. വിദൂരനാടുകളില്‍നിന്നും കാല്‍നടയായും ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ടും അവര്‍ താങ്കളുടെ അടുക്കല്‍ എത്തിച്ചേരുന്നതാണ്. ഇവിടെ അവര്‍ക്കായി ഒരുക്കപ്പെട്ട ഗുണങ്ങള്‍ കാണാനും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള മൃഗങ്ങളെ നിര്‍ണ്ണിത ദിനങ്ങളില്‍ അല്ലാഹുവിന്റെ പേര് ഉദ്ധരിച്ചുകൊണ്ട് ബലിയറുക്കാനും വേണ്ടി. അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭുജിച്ചുകൊള്ളുക. ദരിദ്രജനങ്ങളെ ഊട്ടുകയും ചെയ്യുക. അനന്തരം അവര്‍ തങ്ങളുടെ മാലിന്യങ്ങള്‍ ദുരീകരിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയും പുണ്യപുരാതന മന്ദിരത്തെ പ്രദക്ഷിണം ചെയ്യുകയും ചെയ്യട്ടെ.’ (ഇബ്‌റാഹീം: 29)
ഈ ആഹ്വാനത്തോടെ മക്കാനഗരത്തിലേക്ക് തീര്‍ത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാരംഭിച്ചു. അതിന്നും തുടരുകയാണ്. അന്ത്യനാള്‍ വരെ തുടരുകയും ചെയ്യും. മനുഷ്യരെല്ലാം ഒരു സമുദായവും അവരുടെ നാഥന്‍ ഏകദൈവവുമാണ്. അവന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും തലകുനിക്കരുത്. ഇതാണ് ഹജ്ജിന്റെ സന്ദേശം.

അബ്രഹത്തിന്റെ ആക്രമണം
ഹജ്ജ് തീര്‍ത്ഥാടനത്തിലൂടെ മക്കയ്ക്കുണ്ടായ പ്രശസ്തിയും പുരോഗതിയും അന്നത്തെ വന്‍ശക്തികള്‍ക്ക് കണ്ണിലെ കരടായി മാറി തന്മൂലം ചില ആക്രമണങ്ങള്‍ നടന്നു. യമന്‍ കീഴടക്കിയ യൂറോപ്യന്‍ സേനാനായകനായ അബ്രഹത്തിന്റെ അക്രമണമായിരുന്നു അവയില്‍ പ്രധാനമായത്. മക്കയില്‍നിന്ന് അറബ്് തീര്‍ത്ഥാടകരുടെ ശ്രദ്ധ തിരിക്കുവാനും അവരില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുവാനും സന്‍ആയില്‍ അബ്രഹത്ത് അതിമനോഹരമായ ഒരു കനീസ നിര്‍മ്മിച്ചിരുന്നു. യാതൊരു ഭംഗിയും ആകര്‍ഷകത്വവുമില്ലാത്ത മക്കയിലെ കൊച്ചുദേവാലയത്തെ വിട്ടുതീര്‍ത്ഥാടകര്‍ അങ്ങോട്ടു പ്രവേശിക്കുമെന്നായിരുന്നു അബ്രഹത്തിന്റെ കണക്ക് കൂട്ടല്‍. എത്യോപ്യാ ചക്രവര്‍ത്തിയുടെ ആശീര്‍വാദത്തോടെയായിരുന്നു ഇത്. പക്ഷേ, അബ്രഹത്തിന് നിരാശപ്പെടേണ്ടിവന്നു. അതിനിടെ ബനൂകിനാന ഗോത്രക്കാരനായ ഒരാള്‍ കനീസയെ അമേദ്യം കൊണ്ടഭിഷേകം ചെയ്തതായി ആരോപണമുയര്‍ന്നു. കുപിതനായ അബ്രഹത്ത് നിരവധി ആനകളടങ്ങുന്ന ഒരു വന്‍ സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. ചില അറബു ഗോത്രങ്ങള്‍ ഈ സൈന്യവുമായി ഏറ്റുമുട്ടിയെങ്കിലും അവരെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ട് അബ്രഹത്ത് മുന്നേറി.
ത്വാഇഫിലെത്തിയ അബ്രഹത്തിന്റെ മുമ്പില്‍ ബനൂസഖീഫ് ഗോത്രക്കാര്‍ യാതൊരു എതിര്‍പ്പും കൂടാതെ കീഴടങ്ങി. സഖീഫുകാരും ഖുറൈശികളും വ്യാപാരരംഗത്തും നേതൃത്വരംഗത്തും പരസ്പരം മത്സരത്തിലായിരുന്നു. മാത്രമല്ല, ഇരുകൂട്ടരുടെയും മുഖ്യ ദേവതകളും വ്യത്യസ്തമായിരുന്നു. സഖീഫുകാരുടെ പ്രതിഷ്ഠ ലാത്തും കഅ്ബയിലുള്ള ഖുറൈശികളുടെ പ്രതിഷ്ഠ ഹുബ്്‌ലുമായിരുന്നു. അബ്രഹത്തിന്റെ ആക്രമണത്തില്‍, ഹുബ്‌ലിന്റെ ദൈവത്വവും ഖുറൈശികളുടെ നേതൃത്വപദവിയും കഅ്ബയുടെ ഭിത്തികളോടൊപ്പം തകര്‍ന്നുവീഴുന്ന കാഴ്ച അവര്‍ മനസ്സില്‍ കണ്ടാനന്ദിച്ചു. അബ്രഹത്തിന്റെ വഴികാട്ടിയായി അബൂറഗാല്‍ എന്നൊരാളെ കൂടെ അയച്ചു. ഒറ്റുകാരനായ അബൂറഗാല്‍ വഴിമധ്യേ മരണമടഞ്ഞു. അറബികള്‍ അയാളുടെ കുഴിമാടത്തില്‍ കല്ലുകളെറിഞ്ഞു പ്രതികാരം ചെയ്യാറുണ്ടായിരുന്നു.
അബ്‌റഹത്തിന്റെ സൈന്യത്തെ നേരിടാനുള്ള ശക്തി ഖുറൈശികള്‍ക്കുണ്ടായിരുന്നില്ല. അബ്ദുല്‍ മുത്തലിബിന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ പര്‍വ്വതപ്രാന്തങ്ങളില്‍ അഭയം പ്രാപിച്ചു. അബ്‌റഹത്തിന്റെ മുമ്പിലെത്തിയ അബ്ദുല്‍ മുത്തലിബിനോട് താങ്കള്‍ക്ക് വല്ലതും പറയാനുണ്ടോ എന്ന് അയാള്‍ ചോദിച്ചു. ‘ എന്റെ ഇരുനൂറ് ഒട്ടകങ്ങളെ താങ്കളുടെ പട്ടാളക്കാര്‍ ബലമായി പിടിച്ചുകൊണ്ടുവന്നിട്ടുണ്ട്. എനിക്ക് അവ വിട്ടുതരണം’. അബ്ദുല്‍ മുത്തലിബ് പറഞ്ഞു. ‘ ഖുറൈശി നേതാവായ താങ്കളെ കണ്ട മാത്രയില്‍ എന്റെ മനസ്സിലുണ്ടായിരുന്ന ആദരവ് ഇപ്പോള്‍ പമ്പ കടന്നുപോയി. ഞാന്‍ നിങ്ങളുടെ എല്ലാമായ ദേവാലയം തകര്‍ക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി താങ്കളുടെ മുമ്പില്‍ നില്‍ക്കുന്നു. ഗുരുതരമായ ഈ കാര്യത്തെപ്പറ്റി ഒരക്ഷരം ഉരിയാടാതെ താങ്കള്‍ നിസാരമായ ഒട്ടകങ്ങളെപ്പറ്റിയാണ് എന്നോട് സംസാരിക്കുന്നത്. താങ്കള്‍ വല്ലാത്ത നേതാവ് തന്നെ!’ അബ്‌റഹത്ത് അത്ഭുതം കൂറി. അബ്ദുല്‍ മുത്തലിബിന്റെ മറുപടി ഇതായിരുന്നു: ‘ ഒട്ടകങ്ങളുടെ ഉടമസ്ഥന്‍ ഞാനാണ്. അതുകൊണ്ട് അവയെ വീണ്ടെടുക്കേണ്ട ബാധ്യത എനിക്കുണ്ട്. എന്നാല്‍ കഅ്ബാലയത്തിന് അതിന്‍രെ ഉടമസ്ഥനുണ്ട്. അവന്‍ അതിനെ കാത്തുകൊള്ളും.’
ആനക്കാരുടെ അന്ത്യം ശോചനീയമായിരുന്നു. ആകാശത്തുനിന്ന് വന്നിറങ്ങിയ ശിക്ഷ അവരെ നാമാവശേഷമാക്കി. ആദ്യമായി മക്കയില്‍ വസൂരി ബാധയുണ്ടായത് അപ്പോഴാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പിന്തിരിഞ്ഞോടിയ അബ്രഹത്ത് യമനിലെത്തുന്നതിന് മുമ്പ് മരിച്ചുവീണു. അയാളുടെ അവയവങ്ങളെല്ലാം അഴുകി ജീര്‍ണ്ണിച്ച നിലയിലായിരുന്നു. ആനസംഭവത്തോടെ മക്കയുടെ നേരെ അറബികള്‍ക്കുണ്ടായിരുന്ന ആദരവ് ദ്വിഗുണീഭവിച്ചു. ദുരുദ്ദേശ്യത്തോടെ മക്കയുടെ നേരെ ദൃഷ്ടി പതിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ചുറ്റുപാടും അക്രമങ്ങളും കയ്യേറ്റങ്ങളും നടമാടുമ്പോള്‍ മക്ക ശാന്തവും സുരക്ഷിതവുമായിരുന്നു.

മക്ക ശാന്തിയുടെ നഗരം
‘ ഇബ്‌റാഹീം നബി(അ) പ്രാര്‍ത്ഥിച്ചു: ‘ നാഥാ, നീ ഈ നാടിനെ ശാന്തിപൂര്‍ണ്ണമാക്കണമേ! അതിലെ നിവാസികളില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് നീ നാനാവിധ ഫലങ്ങളും ആഹാരമായി നല്‍കേണമേ!’ (അല്‍ ബഖറ: 126)
‘ നാം സമാധാനപൂര്‍ണ്ണമായ ഹറം ഉണ്ടാക്കിയത് അവര്‍ കാണുന്നില്ലേ, അവര്‍ക്ക് ചുറ്റുമുള്ള ജനങ്ങള്‍ റാഞ്ചിയെടുക്കപ്പെട്ടുകൊണ്ടിരിക്കെ.’ (അന്‍കബൂത്ത്: 67)
‘ അവര്‍ പറഞ്ഞു: ‘ നിന്റെ കൂടെ സന്മാര്‍ഗ്ഗം പിന്‍തുടരുകയാണെങ്കില്‍ സ്വദേശത്തുനിന്ന് ഞങ്ങള്‍ റാഞ്ചപ്പെട്ടുപോകും’ എന്ന്. സമാധാനപൂര്‍ണ്ണമായ ഹറമിനെ അവര്‍ക്ക് നാം പാര്‍പ്പിടമാക്കി കൊടുത്തില്ലയോ? എല്ലാ വിധത്തിലുള്ള ഫലങ്ങളും നമ്മുടെ പക്കല്‍ നിന്ന് ആഹാരമായി അവിടെ വന്നു ചേരുന്നു.’ (അല്‍ ഖസ്വസ്വ്: 57)
‘ നിസ്സംശയം – മനുഷ്യര്‍ക്കായി നിര്‍മ്മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതി ചെയ്യുന്നത് തന്നെയാണ്. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗ്ഗദര്‍ശന കേന്ദ്രവുമായിട്ടത്രെ…. ആര്‍ അതില്‍ പ്രവേശിച്ചുവോ അവന്‍ സുരക്ഷിതനാണ്.’ (ആലുഇംറാന്‍: 96,97)
ലോകാരംഭം മുതല്ക്കു തന്നെ മക്കയ്ക്ക് അല്ലാഹു പുണ്യപദവി നല്‍കിയിരിക്കുന്നുവെന്ന് നബി(സ) പറയുന്നു. ഇബ്‌റാഹീം നബി(അ)യാണ് അതിന്റെ സവിശേഷതകള്‍ വിളംബരം ചെയ്തത്. അത് സത്യത്തിന്റെയും സമാധാനത്തിന്റെയും കേന്ദ്രമാണ്. അതിന്റെ പവിത്രതയെ ഹനിക്കുന്ന ഒന്നും അവിടെ പാടുള്ളതല്ല. അവിടെ യുദ്ധം നിരോധിക്കപ്പെട്ടിരിക്കുന്നു. മരങ്ങളും ചെടികളും വെട്ടിമുറിക്കപ്പെട്ടുകൂടാ. വേട്ട അനുവദനീയമല്ല. അതുകൊണ്ട് കാട്ടുമൃഗങ്ങള്‍ക്ക് പോലും നിര്‍ഭയമായി ചുറ്റിത്തിരിയാം. അവിടെ അഭയം പ്രാപിക്കുന്നവരെല്ലാം സുരക്ഷിതരാണ്. സ്വന്തം പിതാവിന്റെ ഘാതകനോട് പോലും ആര്‍ക്കും അവിടെ വെച്ച് പ്രതികാരം ചെയ്തുകൂടാ. മക്കാനഗരത്തെ വലയം ചെയ്തുകിടക്കുന്ന പരിശുദ്ധ ഹറമിന് അങ്ങനെ നിരവധി സവിശേഷതകളുണ്ട്.
സമാധാനത്തിന്റെ പുണ്യസ്ഥലം മാത്രമല്ല, സമാധാനത്തിന്റെ പുണ്യമാസങ്ങളും അല്ലാഹു നിര്‍ണ്ണയിച്ചിരിക്കുന്നു. ആ സ്ഥലത്തെന്ന പോലെ ആ മാസങ്ങളിലും യുദ്ധവും രക്തചൊരിച്ചിലും നിരോധിക്കപ്പെട്ടിരിക്കുന്നു. പുണ്യസ്ഥലത്തിന്റെ പവിത്രത ഹറമിന്റെ പരിധികള്‍ക്കുള്ളില്‍ മാത്രമാണെങ്കിലും പുണ്യമാസങ്ങളുടെ പവിത്രതയ്ക്ക് പരിധികളില്ല. ലോകത്താകമാനം അത് ബാധകമാണ്. ലോകത്ത് എവിടെയാണെങ്കിലും ആ മാസങ്ങളില്‍ യുദ്ധവും രക്തച്ചൊരിച്ചിലും നിഷിദ്ധവും കുറ്റകരവുമാണ്. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിച്ച നാള്‍ തൊട്ടേ അവന്റെ പക്കല്‍, അവന്റെ ഗ്രന്ഥത്തില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം നിരോധിക്കപ്പെട്ടവയാണ്. അതാണ് ശരിയായ ദീന്‍. അതിനാല്‍ ഈ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്.’ (തൗബ: 36)
ഹറമിന്റെ പവിത്രതയെ പ്പോലെ തന്നെ മാസങ്ങളുടെ പവിത്രതയെയും ഇസ്്‌ലാമിന് മുമ്പ് അറബികള്‍ അംഗീകരിച്ചിരുന്നു. റജബ്, ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നിവയാണ് യുദ്ധം നിരോധിക്കപ്പെട്ട പുണ്യമാസങ്ങള്‍. എന്നാല്‍ യുദ്ധക്കൊതിയന്മാരായ അറബികള്‍ കൃത്രിമമായി നീക്കുപോക്കുകള്‍ വരുത്തിക്കൊണ്ട് പലപ്പോഴും അവയുടെ പവിത്രതയെ കളങ്കപ്പെടുത്താറുണ്ടായിരുന്നു. ഈ നടപടിയെ ഖുര്‍ആന്‍ ശക്തിയായി വിമര്‍ശിച്ചുകൊണ്ട് ‘ സത്യനിഷേധത്തില്‍ ഒരു പടി മുന്നോട്ട്’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
സമാധാനവും സമത്വവും നീതിയും നിലനില്‍ക്കുന്ന, മൗലികാവകാശങ്ങള്‍ക്ക് നേരെ കയ്യേറ്റമില്ലാത്ത ഒരു സാമൂഹികജീവിതമാണ് മനുഷ്യന്‍ ജന്മനാ അഭിലഷിക്കുന്നത്. അത് നടപ്പില്‍ വരുത്തുമെന്ന് ഉറപ്പ് നല്‍കാന്‍ കഴിയുന്ന വ്യവസ്ഥിതിക്ക് മാത്രമേ മാനവരാശിയെ ഇന്നകപ്പെട്ടരിക്കുന്ന വിനാശത്തില്‍ നിന്ന് രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. സമാധാനത്തിന്റെയും ഭയരാഹിത്യത്തിന്റെയും വിളനിലമായ പുണ്യഭൂമിയില്‍ സര്‍വ്വാര്‍പ്പണ മനസ്‌കരായി തീര്‍ത്ഥാടനത്തിന് എത്തുന്ന ജനസമൂഹത്തിന് ഈ വസ്തുത നേരില്‍ പഠിപ്പിക്കുകയാണ് ഇസ്്‌ലാം ചെയ്യുന്നത്. ചില പ്രത്യേക സ്ഥലകാലങ്ങള്‍ക്ക് അല്ലാഹു പവിത്രത കല്പിച്ചിട്ടുള്ളത് യഥാര്‍ത്ഥത്തില്‍ മാനുഷികമൂല്യങ്ങളുടെ പവിത്രതയെ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി തന്നെയാണെന്ന് സുതരാം വ്യക്തമാണ്. സ്ഥലകാലങ്ങള്‍ ആരെയെങ്കിലും അക്രമിക്കുകയോ അവകാശങ്ങളുടെ നേരെ കയ്യേറ്റം നടത്തുകയോ ഇല്ല; മറിച്ച് മനുഷ്യനാണ് ദൈവിക ശാസനകളെ ധിക്കരിച്ചു കൊണ്ട് അക്രമങ്ങളും അവകാശ ലംഘനങ്ങളും നടത്തുന്നത്. ഹജ്ജത്തുല്‍ വദാഇലെ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട് നബി(സ) ഈ അടിസ്ഥാന വസ്തുത സംശയരഹീതമായ ഭാഷയില്‍ പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ‘ ജനങ്ങളേ, ഈ ദിവസവും ഈ മാസവും ഈ നാടും എപ്രകാരം പാവനമാണോ നിങ്ങളുടെ രക്തവും ധനവും മാനവും അപ്രകാരം നിങ്ങള്‍ക്ക് പാവനമാകുന്നു.’

ഉമ്മുല്‍ ഖുറാ അഥവാ, കേന്ദ്ര നഗരം
മക്ക, ബക്ക, ബലദുല്‍ ഹറാം, ഉമ്മുല്‍ ഖുറാ എന്നിങ്ങനെ നാലുപേരുകള്‍ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. മക്കയുടെ കേന്ദ്രസ്ഥാനമാണ് ഉമ്മുല്‍ ഖുറാ എന്ന നാമം വ്യക്തമാക്കുന്നത്. നഗരങ്ങളുടെ മാതാവ് എന്നാണ് അതിന്റെ ഭാഷാര്‍ത്ഥം. ലോകത്തിന്റെ വിവിധ നാടുകളില്‍ നിന്ന് ജനങ്ങള്‍ സന്ദര്‍ശനത്തിന്നായി ആ കേന്ദ്രത്തില്‍ എത്തിച്ചേരുന്നു. ലോകത്ത് ഏതുഭാഗത്തായാലും മുസ്്‌ലിംകളുടെ ഖിബ്‌ലയുമാണത്. അവര്‍ ആ ലക്ഷ്യത്തിലേക്ക് മുഖം തിരിച്ചുകൊണ്ട് നമസ്‌കാരം നിര്‍വ്വഹിക്കുന്നു. ഭൂമിശാസ്ത്രപരമായി തന്നെ ഭൂമിയുടെ മധ്യം എന്ന പദവി മക്കയ്ക്കുണ്ട്. അത് വിദൂര പൗരസ്ത്യനാടുകളുടെയും വിദൂര ആഫ്രിക്കന്‍ നാടുകളുടെയും എന്നപോലെ ഉത്തര ദക്ഷിണ ധ്രുവങ്ങളുടെയും മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അല്ലാഹു ഭൂമിയെ സൃഷ്ടിക്കുമ്പോള്‍ ആദ്യം കഅ്ബയുടെ സ്ഥാനം സൃഷ്ടിച്ചുവെന്നും അവിടെനിന്ന് നാനാഭാഗത്തേക്കും വ്യാപിപ്പിച്ചുവെന്നും ചില പൂര്‍വ്വികപണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് കാണാം. ഉമ്മുല്‍ ഖുറായുടെ കേന്ദ്രസ്ഥാനത്തെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: ‘ ഓര്‍ക്കുക: ഈ മന്ദിരത്തെ (കഅ്ബയെ) നാം ജനങ്ങള്‍ക്ക് ഒരു സന്ദര്‍ശന കേന്ദ്രവും അഭയസ്ഥാനവുമായി നിശ്ചയിച്ചിരിക്കുന്നു. (അല്‍ബഖറ: 125)

സംസമിന്റെ പ്രത്യേകത

സംസമിന്റെ ആവിര്‍ഭാവം തന്നെ അതിന്റെ സവിശേഷതയെ വിളിച്ചോതുന്നു. സംസം ജലത്തിന്റെ ശ്രേഷ്ഠതകളെ വിവരിക്കുന്ന ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. സംസം ജലപാനം ഹാജിമാര്‍ക്ക് സുന്നത്താണ്. നബി(സ) കഅ്ബയുടെ നേരെ തിരിഞ്ഞു എഴുന്നേറ്റ് നിന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് സംസം കുടിച്ചിരുന്നത്. നിന്ന് കുടിക്കുന്നത് ശരിയല്ലെന്ന് ധരിച്ച് ഇന്ന് അധികപേരും ഇരുന്നുകൊണ്ടാണ് കുടിക്കുന്നത്. മസ്ജിദുല്‍ ഹറമിന്റെ നവീകരണത്തോടെ ഭൂഗര്‍ഭനിലയത്തിലായ സംസം കിണറിന്റെ ഉള്‍ഭാഗം നേരത്തെ ആര്‍ക്കും കാണാവുന്ന വിധത്തിലായിരുന്നു. ഇപ്പോള്‍ മത്വാഫിന്റെ കിഴക്ക് ഭാഗത്ത്‌നിന്ന് നടകള്‍ ഇറങ്ങിപ്പോയാല്‍ സ്ഫടികക്കൂടുകള്‍ക്കുള്ളിലൂടെ സംസം ഭാഗികമായി കാണാം.
ആറുഇഞ്ച് വരെ വ്യാസമുള്ള പൈപ്പുകളിലൂടെയാണ് വെള്ളം അടിച്ചുകയറ്റിക്കൊണ്ടിരിക്കുന്നത്. ഹറമിന്റെ അകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ അത് ശേഖരിക്കപ്പെടുന്നു. ഹറമിലേക്ക് ദൈനംദിനം നമസ്‌കാരത്തിന് എത്തുന്ന പതിനായിരങ്ങള്‍ ആ വെള്ളമാണ് അംഗസ്‌നാനത്തിന് ഉപയോഗിക്കുന്നത്. ഹജ്ജുകാലത്ത് ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ ഈ പുണ്യജലം കുടിക്കുവാനും കുളിക്കുവാനും നിര്‍ലോഭമായി ഉപയോഗിക്കുന്നു. അതിന് പുറമെ വലിയ ടിന്നുകളിലും പ്ലാസ്റ്റിക് കേനുകളിലുമാക്കി തീര്‍ത്ഥജലമെന്ന നിലയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. എന്നിട്ടും വല്ലപ്പോഴും സംസം കിണറിലെ ഉറവുകള്‍ വരണ്ടുപോയ സംഭവമുണ്ടായിട്ടില്ല. സംസം ഒരു കൊച്ചു കിണറല്ല, അക്ഷയസാഗരം തന്നെ എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവുകയില്ല. ഈ അനുഗൃഹീത ജലത്തെ രാസപരിശോധക്ക് വിധേയമാക്കിയപ്പോള്‍ മറ്റു പ്രദേശങ്ങളിലെ ജലത്തെ അപേക്ഷിച്ചു ഒട്ടേറെ മേന്മകളുള്ളതായി തെളിഞ്ഞിട്ടുണ്ട്.

അനുഗൃഹീത ഭൂമി

അല്ലാഹു മാനവരാശിയുടെ സന്മാര്‍ഗ്ഗ കേന്ദ്രമായി തിരഞ്ഞെടുത്ത ഈ പുണ്യഭൂമിയെ ഒട്ടേറെ ഭൗതികവിഭവങ്ങള്‍കൊണ്ടും അനുഗ്രഹിച്ചിട്ടുണ്ട്. പെട്രോള്‍ ഉല്പാദനത്തിലും വ്യവസായത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സഊദി അറേബ്യ സമ്പദ്ഘടനയുടെ അടിസ്ഥാനമായ സ്വര്‍ണ്ണഖനനത്തിലും പിന്നിലല്ല. എന്നാല്‍ എണ്ണക്കിണറുകള്‍ അക്ഷയമല്ല. കാലക്രമത്തില്‍ എണ്ണക്കിണറുകള്‍ വറ്റിവരണ്ടുപോകുമ്പോള്‍ ആധുനികനാഗരികതയുടെ നിലനില്പിന് വേണ്ടി ഊര്‍ജ്ജത്തിന്റെ പുതിയ ഉറവിടങ്ങള്‍ കണ്ടെത്തേണ്ടിവരും. അല്ലെങ്കില്‍ മനുഷ്യന് ശിലായുഗത്തിലേക്ക് തിരിച്ചുപോവുകയേ നിര്‍വ്വാഹമുള്ളൂ. ആണവ സോളാര്‍ രംഗങ്ങളില്‍ ലോകവ്യാപകമായി ഇന്നു നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ ഊര്‍ജ്ജ പ്രതിസന്ധിയില്‍ നിന്നുള്ള മോചനമാണ് ലക്ഷ്യമാക്കിയിട്ടുള്ളത്.
ആണവനിലയങ്ങളുടെ സ്ഥാപനത്തിന് ശാസ്ത്രീയവും സാമ്പത്തികവുമായ ഘടകങ്ങള്‍ ഒത്തുകൂടിയാല്‍ മതിയെങ്കിലും സൂര്യോര്‍ജ്ജ ഗവേഷണ പരീക്ഷണങ്ങള്‍ക്ക് കാലാവസ്ഥയും അനുകൂലമായിരിക്കേണ്ടതുണ്ട്. അവിടെയാണ് മക്ക-ജിദ്ദ മേഖലയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ലോകത്തില്‍ ഏറ്റവും മേറെ സോളാര്‍ശക്തി സ്ഥിതി ചെയ്യുന്ന കേന്ദ്രം ഈ പ്രദേശമാണത്രെ. സോളാര്‍ പരീക്ഷണരംഗത്ത് സഊദി അറേബ്യ ഏറെ മുന്നേറിയിട്ടുണ്ടെന്നതും പ്രസ്താവ്യമാണ്.
മനുഷ്യന്റെ നിലനില്പിന് വെള്ളവും മൗലിക ഘടകമാണ്. സഊദി അറേബ്യയുടെ ഉപരിതലം മുഖ്യമായും വറ്റിവരണ്ട മരുഭൂമിയാണെങ്കിലും അടുത്ത കാലത്തായി വമ്പിച്ച ഭൂഗര്‍ഭജലശേഖരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവയുടെ അളവ് എത്രയാണെന്നോ? ലോകത്തിലെ മഹാനധികളില്‍ വെച്ചേറ്റവും ദൈര്‍ഘ്യമേറിയ നൈലിലൂടെ 600 വര്‍ഷക്കാലം ഒഴുകുന്ന ജലത്തിന് സമാനം! കൂടാതെ സുലൈമാന്‍ നബിയുടെ ബൃഹത്തായ സ്വര്‍ണ്ണശേഖരം കണ്ടെത്തിയതായി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ‘ ന്യൂസ് വീക്ക്’ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അത് പക്ഷേ, അതേപടി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അന്ന് ലോകത്തുണ്ടായിരുന്ന സ്വര്‍ണ്ണത്തിന്റെ മൂന്നിലൊരു ഭാഗം സുലൈമാന്‍ നബിയുടെ അധീനത്തിലായിരുന്നുവത്രെ.

അബൂബക്കര്‍ നദ്‌വി( യുവസരണി, ഹജ്ജ് സപ്ലിമെന്റ്)